news-details
കവർ സ്റ്റോറി

ലൗദാത്തോ സി' യ്ക്ക് എന്തു സംഭവിച്ചു?

 ഏറെ ദീര്‍ഘവീക്ഷണത്തോടും വിപുലമായ ശാസ്ത്രീയ പഠനങ്ങള്‍ക്കും ശേഷം തയ്യാറാക്കിയ ചാക്രിക ലേഖനമായിരുന്നു. ഫ്രാന്‍സിസ് മാര്‍പ്പാപ്പായുടെ 'ലൗദാത്തോ സി.' 'മുഷ്യന്‍ ഭൂമിയുടെ അധിപനാണ്' എന്ന തിരുവചന സങ്കല്‍പ്പം ആവോളം വ്യാഖ്യാനിച്ചു ദുര്‍വ്യാഖ്യാനിച്ചും ഭൂമിയെയും അതിലുള്ള സകല ചരാചരങ്ങളെയും തന്‍റെ സ്വാര്‍ത്ഥതയ്ക്കും ആര്‍ത്തിയ്ക്കും ഇരയാക്കുന്നതിനെതിരെയുള്ള പ്രവാചക ശബ്ദമായിരുന്നു പ്രസ്തുത ചാക്രിക ലേഖനം. മനുഷ്യന് ഭൂമിയിലുള്ള അധികാരം സഹജീവികളെ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വമാണെന്ന് മാര്‍പ്പാപ്പാ ഓര്‍മ്മിപ്പിക്കുന്നു. 2015 ജൂണ്‍ 8 ന് പുറത്തിറങ്ങിയ ലൗദാത്തോ സി. യുടെ ക്രിയാത്മക അനുരണനങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല എന്നത് പ്രതീക്ഷയ്ക്ക് വക നല്‍കുന്നതാണ്. എങ്കിലും നമ്മുടെ ഭവനമായ ഭൂമിയെ വിഴുങ്ങാന്‍ തയ്യാറെടുത്തു നില്‍ക്കുന്ന പല പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കു മുന്നില്‍ 'ലൗദാത്തോ സി' യില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കേണ്ടവര്‍പോലും നിഷ്ക്രിയരാകുന്നു എന്നത് അത്ര ശുഭകരമല്ല. 2015 ജൂണിനുശേഷമുള്ള ഒന്നരവര്‍ഷംകൊണ്ട് ലൗദാത്തോ സി യ്ക്ക് എന്തു സംഭവിച്ചു?

ഷൗക്കത്ത് അലി ഈറോത്ത് - എന്‍റെ ജീവിതം മാറ്റിമറിച്ച അവധൂതനായിരുന്നു ആന്‍റപ്പന്‍. സമാനതകളില്ലാത്ത ഒരു പ്രതിഭാസം. തികച്ചും സാധാരണ രീതിയില്‍ ഒഴുകിക്കൊണ്ടിരുന്ന എന്‍റെ  ജീവിതത്തെ പരിസ്ഥിതി പ്രവര്‍ത്തനത്തിലേക്കും സാമൂഹിക പ്രവര്‍ത്തനത്തിലേക്കും പരിപൂര്‍ണ്ണമായി ചുവടുറപ്പിച്ചതിന്‍റെ പിന്നിലെ നിമിത്തം ആന്‍റപ്പനായിരുന്നു. കേരളത്തിലെ ചെറുതും വലുതുമായ അമ്പതോളം പരിസ്ഥിതി സംഘടനകളെ ഗ്രീന്‍ കമ്മ്യൂണിറ്റിയില്‍ പങ്കെടുപ്പിക്കാന്‍ അദ്ദേഹത്തിനായി. ആന്‍റപ്പനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് എന്‍റെ ഭാഗ്യമായിരുന്നു.


ജിനോ എം. സ്കറിയ - കിടന്നുറങ്ങാത്ത മനുഷ്യന്‍: കേരള പരിസ്ഥിതി ഉച്ചകോടിയുടെ സംഘാടനത്തിനായി കേരളം മുഴുവന്‍ ആന്‍റപ്പനോടൊപ്പം സഞ്ചരിച്ചപ്പോള്‍ എനിക്കു കാണാന്‍ സാധിച്ചത് കിടന്നുറങ്ങാന്‍ കൂട്ടാക്കാത്ത ആന്‍റപ്പനെയാണ്. കിടന്നുറങ്ങിയാല്‍ കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാന്‍ സാധിക്കുകയില്ല എന്നുപറഞ്ഞ് ഇരുന്നുറങ്ങി നേരം വെളുപ്പിച്ച് യാത്ര തുടരുമായിരുന്നു. എടത്വാ ക്യാമ്പില്‍ ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍മുതല്‍ ഈ ശീലം ഞാനദ്ദേഹത്തില്‍ കണ്ടിട്ടുണ്ട്. വളരെ അപൂര്‍വ്വം ദിവസങ്ങളില്‍ മാത്രമാണ് അദ്ദേഹം കിടന്നുറങ്ങി കണ്ടിട്ടുള്ളത്. അവസാനമായി ഞാനദ്ദേഹത്തെ കാണുമ്പോള്‍ റെയില്‍വേസ്റ്റേഷനില്‍ എന്നെ കാത്തിരുന്ന് ഉറങ്ങുന്ന ആന്‍റപ്പനെയാണ് കാണാന്‍ സാധിച്ചത്

 ഭൂമി നമ്മുടെയെല്ലാം ഭവനമാണെന്നും ദൈവത്തോടും സഹോദരനോടുമുള്ള ബന്ധം പോലെ തന്നെ പ്രാധാന്യമുള്ളതാണ് ഭൂമിയോടുള്ള അവന്‍റെ ബന്ധമെന്നുമുള്ള ഓര്‍മ്മപ്പെടുത്തലായിരുന്നു 'ലൗദാത്തോ സി'

'ലൗദാത്തോ സി' യുടെ ചുവടുപിടിച്ച് ലോകത്തിന്‍റെ പല ഭാഗങ്ങളിലും ധാരാളം സെമിനാറുകളും ക്ലാസ്സുകളും സംഘടിപ്പിക്കപ്പെട്ടു. കാലാവസ്ഥാ വ്യതിയാനവും മനുഷ്യന്‍റെ പ്രകൃതിയോടുള്ള സമീപനവും മുമ്പെങ്ങുമില്ലാത്ത വിധം ചര്‍ച്ചാവിഷയങ്ങളായി. യു.എസ്. സെനറ്ററായിരുന്ന Edward Markey യുടെ വാക്കുകളില്‍ നിന്ന് ഇത് വ്യക്തമാണ്. 'മാര്‍പ്പാപ്പയുടെ ചാക്രിക ലേഖനം ഞങ്ങളുടെ തന്നെ പല നിലപാടുകളും പുനര്‍വിചിന്തനം ചെയ്യാന്‍ സഹായകമായി. ഇന്ന് കാണുന്ന പല പ്രശ്നങ്ങളും മനുഷ്യന്‍ തന്നെ വരുത്തി വച്ചതാണ്. അത് തിരുത്താനുള്ള ബാദ്ധ്യതയും അവനുണ്ട്.'

ലോകരാഷ്ട്രങ്ങളുടെ നേതാക്കളില്‍ ഭൂരിഭാഗവും മാര്‍പ്പാപ്പയുടെ വാക്കുകളെ സ്വാഗതം ചെയ്യുകയും പല ക്ഷേമപദ്ധതികള്‍ക്കും മുന്‍കൈ എടുക്കുകയും ചെയ്തതായി ഐക്യരാഷ്ട്രസഭയിലെ നിരീക്ഷകനും മുപ്പതു വര്‍ഷത്തോളം പെറുവില്‍ മിഷണറിയുമായിരുന്ന Fr,Daniel Le Blane. വത്തിക്കാന്‍ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. എങ്കിലും സാക്ഷര കേരളത്തിന്‍റെ പശ്ചാത്തലത്തില്‍ എന്ത് സംഭവിച്ചു എന്നത് ചിന്തനീയമാണ്.

ഓരോ ദേശത്തിനും സംസ്കാരത്തിനും അനുസൃതരായി അവിടുത്തെ പ്രകൃതി വിഭവങ്ങളുടെ വൈവിധ്യവും അവയ്ക്കു നേരിട്ടുകൊണ്ടിരിക്കുന്ന വിപത്തുക്കളും വ്യത്യസ്തമായിരിക്കും. അതറിഞ്ഞുകൊണ്ട് തന്നെയാണ് പരിസ്ഥിതിയുടെ സംരക്ഷണം കാര്യക്ഷമമായി നടത്തേണ്ടത് അതാത് പ്രാദേശിക സഭകളാണെന്ന് മാര്‍പ്പാപ്പ ഊന്നിപ്പറഞ്ഞത്. നമ്മുടെ ആരാധനാ ഇടങ്ങളില്‍ പരിസ്ഥിതി എന്ന വാക്ക് എത്ര തവണ കടന്നു വരുന്നുണ്ടെന്ന് ചിന്തിച്ചാല്‍ മാത്രം മതി നമ്മള്‍ ഈ വിഷയത്തിന് കൊടുക്കുന്ന ഗൗരവം (അഥവാ അവഗണന) മനസ്സിലാക്കാന്‍. ആഘോഷമായ 'മരം നടീല്‍' പോലുള്ള ചില പ്രവര്‍ത്തനങ്ങള്‍ ഇടയ്ക്ക് നടക്കാതിരിക്കുന്നില്ല, എങ്കിലും നമ്മുടെ മജ്ജയിലേക്ക് പരിസ്ഥിതി എന്ന വാക്ക് പ്രവേശിച്ചിട്ടില്ല എന്നത് സങ്കടകരമാണ്. ചില സെമിനാറുകളും സംവാദങ്ങളും സംഘടിപ്പിക്കപ്പെട്ടു എന്നതിനപ്പുറം നമ്മുടെ അനുദിന ജീവിതത്തെ കാര്യമായി ബാധിക്കാന്‍ 'ലൗദാത്തോ സീ' യെ നാം അനുവദിച്ചില്ല. "മതേതര ഇടങ്ങളില്‍ പോലും മാര്‍പാപ്പായ്ക്ക് കൂടുതല്‍ സ്വീകാര്യത കിട്ടി" എന്നുള്ള ചില 'തൊലിപ്പുറ ചര്‍ച്ചകളില്‍' മാത്രം മുഴുകി 'ലൗദാത്തോ സീ' യുടെ ആത്മാവിനെ നാം ഇരുട്ടറയില്‍ തന്നെ തളച്ചിടുന്നു.

"പ്രകൃതിയെയും ജീവജാലങ്ങളെയും അവഗണിക്കുന്നവര്‍ ദൈവത്തിന്‍റെ പ്രവൃത്തികളെത്തന്നെയാണ് അവഗണിക്കുന്ന"തെന്ന മാര്‍പാപ്പയുടെ വാക്കുകള്‍ ഇവിടെ പ്രസക്തമാണ്. ജീവജാലങ്ങള്‍ പോലും വേണ്ടത്ര ശ്രദ്ധ അര്‍ഹിക്കാത്ത നമ്മുടെ പ്രാര്‍ത്ഥനകളിലും 'ആത്മീയ' ജീവിതശൈലികളിലും അചേതന വസ്തുക്കളും തന്‍റെ സാഹോദര്യവലയത്തിലാണെന്ന് തിരിച്ചറിഞ്ഞ അസീസിയിലെ ഫ്രാന്‍സിസ് ഇന്ന് അന്യനാണ്. അത്ഭുതസിദ്ധികളും അസാധ്യകാര്യലബ്ധിയുമായി ചേര്‍ത്ത് വായിക്കപ്പെടാത്തതു കൊണ്ടാകണം അദ്ദേഹത്തിന്‍റെ പേരില്‍ അധികം നൊവേനകള്‍ പോലും പ്രത്യക്ഷപ്പെടാത്തത്. ക്രിസ്തുവിന്‍റെയും 'രണ്ടാം ക്രിസ്തു' വിന്‍റെയും ജീവിതശൈലി പത്തായത്തിലിരിക്കട്ടെ! ചില അത്ഭുതങ്ങളും അനുഗ്രഹങ്ങളും മാത്രം മതി നമുക്ക് സുഖമായി ജീവിക്കാന്‍! മാര്‍പാപ്പ മുന്നോട്ടു വച്ച പ്രകൃതിയുടെ ദൈവശാസ്ത്രവും തത്വശാസ്ത്രവും അനുദിന ജീവിതത്തിന്‍റെ ഭാഗമാകാതെ നാം നടത്തുന്ന പ്രകൃതിസേവനങ്ങള്‍ക്ക് സ്ഥായിയായ നിലനില്‍പ്പുണ്ടാകില്ല. ക്രമേണ ബാഹ്യമോടികളില്‍ മാത്രം ഒതുങ്ങുന്ന Cosmetic environmentalism എന്ന ചതിക്കുഴിയില്‍ അറിയാതെ തന്നെ നാം നിപതിക്കുന്നു. വിത്തു വിതരണങ്ങള്‍ക്കും മരംനടലുകള്‍ക്കും എല്ലാം അപ്പുറം ചില നിലപാടുകളെടുക്കാന്‍ നാം മറന്നുപോകുന്നു. അല്ലെങ്കിലും ഒരു മരം നടാന്‍ വേണ്ടി മാത്രമല്ലല്ലോ മാര്‍പ്പാപ്പ ചാക്രിക ലേഖനമെഴുതിയത്. വരും തലമുറകള്‍ക്കു വേണ്ടി ചില കരുതലുകള്‍ എന്തുകൊണ്ട് നമുക്കു സ്വീകരിക്കാനാവുന്നില്ല? പള്ളി പെരുന്നാളുകള്‍ വിളിച്ചറിയിച്ചു കൊണ്ടുള്ള ഫ്ളെക്സുകളെ പോലും ഇനിയുമെങ്ങനെ നമുക്ക് ന്യായീകരിക്കാനാകും?

പരിസ്ഥിതിയും പ്രകൃതിയുമാണ് ഇവിടെ ഏറ്റവും വലിയ സംഭവം എന്നൊന്നുമല്ല. ഭൂമിയില്‍ മനുഷ്യനുള്ള പ്രാധാന്യം കുറച്ചു കാണുകയുമല്ല. അവന്‍ സൃഷ്ടിയുടെ മകുടമാണെന്നുള്ള ഓര്‍മ്മിപ്പിക്കലാണിത്.

ആന്‍റപ്പന്‍ അമ്പിയായം ഫൗണ്ടേഷന്‍
ഡോ. ജോണ്‍സണ്‍ വി. ഇടിക്കുള ചെയര്‍മാനായി എടത്വായില്‍ സ്ഥാപിതമായ ഈ പ്രസ്ഥാനം ആന്‍റപ്പന്‍റെ സന്ദേശം വരുംതലമുറക്കു കൈമാറാനുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്ക്കരിക്കുന്നു. ആന്‍റപ്പന്‍ സ്മൃതിഭവനം, ആന്‍റപ്പന്‍ അമ്പിയായം ജലോത്സവം തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ജയന്‍ ജോസഫ് പുന്നപ്ര, അഡ്വ. വിനോദ്, റാംസെ തുടങ്ങി ആന്‍റപ്പന്‍റെ നിരവധി സുഹൃത്തുക്കള്‍ ഇതില്‍ പ്രവര്‍ത്തിക്കുന്നു
.

പരിസ്ഥിതി ഒരു ധാര്‍മ്മിക വിഷയമാകുന്നത് അതില്‍ അന്തര്‍ലീനമായിരിക്കുന്ന ധാര്‍മ്മിക പ്രശ്നങ്ങളെ നാം അടുത്തറിയുമ്പോഴാണ്. ധാര്‍മ്മിക ദൈവശാസ്ത്രജ്ഞനായിരുന്ന ഡോ. ഫെലിക്സ് പൊടിമറ്റം ഇത് കൃത്യമായി വരച്ചു കാണിക്കുന്നുണ്ട്. "ഭൂമിയോടുള്ള നീതി ദരിദ്രനോടുള്ള നീതിയില്‍ നിന്ന് വേര്‍തിരിക്കാനാവില്ല. പ്രകൃതി ചൂഷണം ചെയ്യപ്പെടുമ്പോഴൊക്കെ ദരിദ്രനും ക്ഷതമേല്‍ക്കുന്നു. പ്രകൃതി ഏറ്റവും മലിനമാക്കപ്പെടുന്ന ഇടങ്ങളില്‍ വസിക്കേണ്ടി വരുന്നത് ദരിദ്രരാണ്. മലിനമായ നദിക്കരകളിലും ചതുപ്പു നിലങ്ങള്‍, ക്വാറികള്‍, അഴുക്കുചാലുകള്‍ എന്നിവയ്ക്കരികില്‍ നാം കാണുന്നത് ഒരിക്കലും ധനാഢ്യരുടെ കൊട്ടാരങ്ങളല്ല, ദരിദ്രന്‍റെ കൂരകളാണ്. അങ്ങനെ നോക്കുമ്പോള്‍ ദരിദ്രന്‍റെ വിമോചനം അവനെ ചുറ്റിപ്പറ്റിയുള്ള ആവാസവ്യവസ്ഥയുടെ കൂടി വിമോചനമാണ്. മലിനമായ വായുവില്‍ നിന്നും ജലത്തില്‍ നിന്നും വിഷലിപ്തമായ ഭക്ഷണത്തില്‍ നിന്നുമുള്ള അവന്‍റെ വിമോചനം" (ഡോ. ഫെലിക്സ് പൊടിമറ്റം, ദരിദ്രന്‍റെ വിമോചനം പ്രകൃതിയുടെ വിമോചനം - "ഈശ്വരന്‍ പാര്‍ക്കുന്ന മണ്ണ്")

ഈയര്‍ത്ഥത്തില്‍, കേരളമിന്നനുഭവിക്കുന്ന ഏറ്റവും വലിയ ധാര്‍മ്മിക പ്രശ്നം പരിസ്ഥിതിയുമായി ബന്ധപ്പെട്ടതാണ്. ജലത്തിന്‍റെ ദൗര്‍ലഭ്യത, കാലാവസ്ഥാ വ്യതിയാനം, മാലിന്യകൂമ്പാരങ്ങള്‍, കുടിയൊഴിപ്പിക്കലുകള്‍ എന്നിവ നമ്മുടെ സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നു. മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കണക്ക് പ്രകാരം തന്നെ 1572 ഹെക്ടര്‍ ഭൂമി വികസന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി മാത്രം കേരളത്തില്‍ കുടിയൊഴിപ്പിക്കപ്പെട്ടു. കുടിയൊഴിപ്പിക്കപ്പെട്ടവരില്‍ 44% പേരും അതിനു ശേഷം ദാരിദ്ര്യത്തിലേക്ക് വഴുതി വീണു. ജീവിതം ദുസ്സഹമാകുന്നതോടൊപ്പം തൊഴില്‍ സാധ്യതകളും അവര്‍ക്ക് ദുര്‍ലഭമായി. ആതിരപ്പിള്ളി ജല വൈദ്യുത പദ്ധതിയും ആളിയാര്‍ പറമ്പിക്കുളം പദ്ധതികളും മൂലം കുടിയിറക്കപ്പെടാന്‍ പോകുന്ന ആദിവവസികളുടെ ദയനീയ ചിത്രം ഈയടുത്തകാലത്ത് നാം കണ്ടതാണ്. ജലദൗര്‍ലഭ്യത മറ്റൊരു പ്രധാന പ്രശ്നമാണ്. The Hindu റിപ്പോര്‍ട്ടു ചെയ്യുന്നതനുസരിച്ച് 2021 ആകുമ്പോഴേക്കും ലഭ്യമായ ജലം ആവശ്യമുള്ള ജലത്തിന്‍റെ അളവിനേക്കാള്‍ 1268 ബില്യണ്‍ ലിറ്റര്‍ കുറവായിരിക്കും.

വളരെ കാര്യക്ഷമമായ പ്രവര്‍ത്തനം അത്യന്താപേക്ഷിതമായിരുന്ന ഇത്തരം സന്ദര്‍ഭങ്ങളില്‍ ലൗദാത്തോ സീ പ്രസിദ്ധീകരിച്ചതിന് ഒന്നര വര്‍ഷങ്ങള്‍ക്കിപ്പുറവും സഭയുടെ നേതൃത്വത്തില്‍ എന്തെല്ലാം ചെയ്തു എന്ന ചോദ്യം നമുക്ക് ഇനിയും കണ്ടില്ലെന്ന് നടിക്കാനാകുമോ? കണ്ണു തുറക്കാന്‍ ഇനിയുമൊരു കന്മഴ വേണോ?

കുറച്ചു പേരുടെ മാത്രം ഉത്തരവാദിത്വമല്ല ഇതെന്നുള്ളത് നിസ്തര്‍ക്കമാണ്. ഭൂമിയിലെ ഓരോ വ്യക്തിയും ദൈവത്തിന്‍റെ സൃഷ്ടിയെ കോട്ടം തട്ടാതെ സംരക്ഷിക്കേണ്ടതിന്‍റെ ബാധ്യത ചൂണ്ടിക്കാണിക്കാനാണ് ഈ ചാക്രിക ലേഖനം ഭൂമിയിലെ ഓരോ വ്യക്തിക്കുമുള്ള ആഹ്വാനമാണെന്ന് മാര്‍പാപ്പ പറയുന്നത്. വ്യക്തിപരമായി ഞാനും ഈ അവസ്ഥയ്ക്ക് ഉത്തരവാദിയാണെന്നുള്ള തിരിച്ചറിവില്‍ നിന്നായിരിക്കണം ഒരു ബദല്‍ ജീവിത ശൈലിയിലേക്കുള്ള നമ്മുടെ ചുവടുമാറ്റം സംഭവിക്കേണ്ടത്. ഉപഭോഗ സംസ്കാരത്തിനുമപ്പുറം ഒരു തരം ആര്‍ത്തിയുടെ സംസ്കാരം നമ്മെയാകെ ഗ്രസിച്ചുകൊണ്ടിരിക്കുന്നു. ശ്വാസവും വായുവും ഇനിയില്ലെന്നു പോലും തിരിച്ചറിയാനാകാത്ത വിധം മാധ്യമങ്ങളുടെ മായാക്കാഴ്ചകളില്‍ നമ്മുടെ കണ്ണുടക്കിയിരിക്കുന്നു. കൈയ്യിലുള്ള മൊബൈല്‍ ഫോണ്‍ outdated ആയി, ധരിച്ചിരിക്കുന്ന പാദരക്ഷകള്‍ ബ്രാന്‍റഡ് അല്ല, അവധിക്കാലം ചെലവഴിക്കാന്‍ ഇനി പുതിയ സ്ഥലങ്ങളില്ല, വീടിന് വേണ്ടത്ര മോടിയില്ല, ദൈവാലയം മറ്റുള്ളവരുടേതിനേക്കാള്‍ ഗംഭീരമാക്കണം തുടങ്ങിയവ മാത്രമായി മാറിയിരിക്കുന്നു നമ്മെ അലട്ടുന്ന പ്രശ്നങ്ങള്‍. ഏതൊരു വസ്തു വാങ്ങുന്നതിനു മുമ്പും 'എനിക്കത് ഇഷ്ടമായോ?' എന്നതിനു പകരം മറ്റ് ചില ചോദ്യങ്ങള്‍ കൂടി നമ്മുടെ മനസ്സിലുയരട്ടെ. 'ആരെയെങ്കിലും പ്രീതിപ്പെടുത്താനാണോ ഞാനിത് വാങ്ങുന്നത്? ഞാനിത് എത്ര തവണ ഉപയോഗിക്കും? കുറഞ്ഞ കാലത്തിനുള്ളില്‍ തന്നെ ഫാഷന് ഇണങ്ങാത്തതിന്‍റെ പേരില്‍ ഞാന്‍ ഇത് പുറന്തള്ളുമോ? ഇതിന്‍റെ നിര്‍മ്മാണവും ഉപയോഗവും പ്രകൃതിക്ക് ദോഷകരമാണോ? പ്രകൃതിവിഭവങ്ങളുടെ അനിയന്ത്രിതമായ ഉപഭോഗം ഞാന്‍ മൂലം ഉണ്ടാകുന്നുണ്ടോ? ഇത് നന്നാക്കി ഉപയോഗിക്കാവുന്നതാണോ?' തുടങ്ങിയ ചോദ്യങ്ങള്‍ നമ്മുടെ മനസ്സില്‍ ഉപഭോഗ സംസ്കാരം വേരു പിടിക്കാതിരിക്കാന്‍ സഹായകമാകും.

2009 സെപ്തംബറില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാവ്യതിയാനത്തെപ്പറ്റി നടന്ന അസംബ്ലിയില്‍ ഉത്തര്‍ പ്രദേശില്‍ നിന്നുള്ള യുഗാര്‍ത്ഥന ശ്രീവാസ്തവ എന്നു പേരുള്ള 12 വയസ്സുകാരിയായ പെണ്‍കുട്ടി, ലോകമെങ്ങുമുള്ള 300 കോടി കുട്ടികളെ പ്രതിനിധീകരിച്ചു കൊണ്ട് ഇങ്ങനെ പറഞ്ഞു: "എന്തൊരു തരം ഭൂമിയാണ് നിങ്ങള്‍ മുതിര്‍ന്നവര്‍ ഞങ്ങള്‍ക്കുവേണ്ടി അവശേഷിപ്പിക്കുന്നത്? എങ്ങും പരിസ്ഥിതി പ്രശ്നങ്ങള്‍. ലക്ഷക്കണക്കിനാളുകള്‍ക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമല്ലാതാകുന്നു. ജീവനു നേരേയുള്ള ഇത്രയും ഭീതിദമായ ഒരവസ്ഥക്കെതിരെ നിങ്ങള്‍ നടപടി സ്വീകരിക്കേണ്ടിയിരിക്കുന്നു. ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോള്‍ നിങ്ങളതു ചെയ്യും? നിങ്ങളല്ലെങ്കില്‍ പിന്നെ മറ്റാരത് ചെയ്യും? ശീതീകരിച്ച മുറിയിലിരുന്ന് നിങ്ങള്‍ തീരുമാനങ്ങളെടുക്കുമ്പോള്‍ പുറത്ത് സൂര്യാതപത്തില്‍ കരിഞ്ഞ കുരുന്നിന്‍റെ മുഖവും നിങ്ങളുടെ മനസ്സിലുണ്ടായിരിക്കട്ടെ."

ഒടുവില്‍, നമുക്കതെങ്കിലും ചെയ്യാം. നമ്മുടെ കുഞ്ഞുങ്ങളെയെങ്കിലും ഭൂമിയില്‍ നിന്ന് പറിച്ചു മാറ്റാതിരിക്കാം. കൃത്രിമ പൂക്കളും പൂമ്പാറ്റകളും നല്‍കി അവരുടെ ബാല്യങ്ങളെ കബളിപ്പിക്കാതിരിക്കാം. അവര്‍ പുറത്തിറങ്ങട്ടെ. അവരുടെ കുഞ്ഞിക്കാലുകള്‍ ഭൂമിയെ ചുംബിക്കട്ടെ. അവരുടെ കൈവെള്ള മണ്ണിനെയും പുല്‍ച്ചാടിയെയും സ്പര്‍ശിക്കട്ടെ. നനുത്ത മഴത്തുള്ളികളില്‍ അവര്‍ കുളിരണിയട്ടെ. അവര്‍ പൂക്കളെ തലോടട്ടെ. കിളികളെ പ്രണിയിക്കട്ടെ. ആകാശം നോക്കി അത്ഭുതം തൂകട്ടെ. നക്ഷത്രങ്ങള്‍ അവരുടെ മനസ്സില്‍ കൂടു കെട്ടട്ടെ. സൂര്യോദയത്തിന്‍റെയും അസ്തമയത്തിന്‍റെയും കാഴ്ചകള്‍ അവരുടെ ജീവിതത്തെ സാന്ദ്രമാക്കട്ടെ. പുഴയും ഋതുക്കളും അവരുടെ ഗുരുക്കന്മാരാകട്ടെ. 'അങ്ങനെ, ഭൂമിയെ സംരക്ഷിക്കുക' (ഉല്‍പത്തി 2:5) എന്ന ദൈവപ്രമാണം അവരുടെ സിരകളില്‍ നിര്‍ഗമിച്ചുകൊണ്ടിരിക്കട്ടെ. 

You can share this post!

കുടുംബം ഒരു ദേവാലയം

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
അടുത്ത രചന

പുസ്തകങ്ങളും വായനയും അതിജീവനത്തിന്‍റെ പാഠങ്ങള്‍

വി. ജി. തമ്പി
Related Posts