news-details
സാമൂഹിക നീതി ബൈബിളിൽ

"എന്നേക്കുമായി ഞാന്‍ നിന്നെ പരിഗ്രഹിക്കും. നീതിയിലും സത്യത്തിലും സ്നേഹത്തിലും കാരുണ്യത്തിലും ഞാന്‍ നിന്നെ സ്വീകരിക്കും. വിശ്വസ്തതയില്‍ ഞാന്‍ നിന്നെ സ്വന്തമാക്കും. കര്‍ത്താവിനെ നീ അറിയും" (ഹോസി 2, 19).

വ്യക്തമായ പ്രബോധനങ്ങളോ, നിശിതമായ വിമര്‍ശനങ്ങളോ, സ്നേഹാര്‍ദ്രമായ ആഹ്വാനങ്ങളോ, വാത്സല്യപൂര്‍ണ്ണമായ ഉപദേശങ്ങളോ മനുഷ്യനെ നീതി പ്രവര്‍ത്തിക്കാന്‍ പ്രാപ്തനാക്കുന്നില്ല, അധര്‍മ്മത്തിനറുതി വരുത്താന്‍ പര്യാപ്തനാക്കുന്നുമില്ല എന്ന ആഴമേറിയ അവബോധം മിക്കവാറും എല്ലാ പ്രവാചകന്മാരും വ്യക്തമാക്കുന്നുണ്ട്. തെറ്റുകളും കുറ്റങ്ങളും എടുത്തുകാട്ടി വിധി പ്രസ്താവിക്കുമ്പോഴും ആ ശിക്ഷാവിധികളും മനുഷ്യമനസ്സിലോ സമൂഹത്തിലോ, കാതലായ മാറ്റം വരുത്തുന്നില്ല എന്ന അവബോധമാണ് മറ്റൊരു ദിശയിലേക്ക് ചിന്തകളെ തിരിച്ചുവിടുന്നത്. ദൈവം തന്നെ നേരിട്ട് ഇടപെട്ടാലേ പാപപങ്കിലമായ മാനവചരിത്രത്തിന്‍റെ ദിശ മാറുകയുള്ളൂ. പ്രവാചകന്മാര്‍ വിമര്‍ശകരും ഉപദേഷ്ടാക്കളും പ്രബോധകരും എന്ന നിലയില്‍ നിന്നു ഭാസുരമായ ഭാവിയെ സ്വപ്നം കാണുന്ന ദാര്‍ശനികരായി മാറുന്നു. ഇവിടെ പ്രവാചകത്വം വെളിപാടു സാഹിത്യത്തിന് (apocalyptics) വഴി തുറക്കുകയും വഴിമാറുകയും ചെയ്യുന്നതായി കാണാം.

~ഒരു നാള്‍ വരും! ഇതാണ് പ്രവാചക ദര്‍ശനം അഥവാ പ്രവാചക സ്വപ്നം. ദൈവം എല്ലാ അനീതിയും തുടച്ചു നീക്കി - അധര്‍മ്മത്തിനറുതി വരുത്തി, നീതി ഈ ഭൂമിയില്‍ പുനഃസ്ഥാപിക്കുക തന്നെ  ചെയ്യും. അങ്ങനെ "എല്ലാം വളരെ നന്നായിരുന്നു" (ഉല്‍പ 1, 31) എന്നു കണ്ട ആ ആദ്യ അവസ്ഥയിലേക്ക് പ്രപഞ്ചത്തെ തിരിയെ കൊണ്ടുവരും. അതു മനുഷ്യപ്രയത്നത്തിന്‍റെ ഫലമല്ല, ദൈവത്തിന്‍റെ പ്രവൃത്തി തന്നെ ആയിരിക്കും; നേരിട്ടോ അല്ലെങ്കില്‍ നീതിയുടെ പുനഃസ്ഥാപനത്തിനായി അയയ്ക്കുന്ന രക്ഷകനിലൂടെയോ ആയിരിക്കും ഇതു സംഭവിക്കുക എന്ന് പ്രവാചകന്മാരിലൂടെ അറിയിച്ചു. ഇതൊരു ദര്‍ശനമാണ്; ദൈവത്തിന്‍റെ വാഗ്ദാനത്തില്‍ അടിയുറച്ച ഭാവിയെ സംബന്ധിച്ച സ്വപ്നം. എല്ലാ അക്രമങ്ങളും അവസാനിക്കും; എല്ലാ അനീതിയും അസ്തമിക്കും. എല്ലാവരും ദൈവമക്കളുടെ സ്വാതന്ത്ര്യത്തിലേക്കും അനന്തമായ സമാധാനത്തിലേക്കും ഒരിക്കലും ഒളിമങ്ങാത്ത സന്തോഷത്തിലേക്കും പ്രവേശിക്കുന്ന ഒരു നാള്‍ വരും. ഇതാണ് നീതിയെ സംബന്ധിച്ച പ്രവാചക സ്വപ്നം. ഹോസിയാ മുതല്‍ മലാക്കി വരെ അനേകം പ്രവാചകന്മാര്‍ ഈ സ്വപ്നം കണ്ടവരാണ്; ഈ വിശ്വാസവും പ്രത്യാശയും പങ്കുവച്ചവരാണ്. അവരില്‍ അഗ്രഗണ്യനായി ഹോസിയായെ കാണാനാവും.

ദൈവസ്നേഹത്തിന്‍റെ പ്രവാചകന്‍ എന്നറിയപ്പെടുന്ന ഹോസിയായുടെ ദര്‍ശനം നീതിനിഷ്ഠമായൊരു സമൂഹത്തിന്‍റെ സവിശേഷതകളും സമൂഹ നിര്‍മ്മിതിയുടെ രൂപരേഖകളും വ്യക്തമാക്കുന്നുണ്ട്. ഭാര്യാ-ഭര്‍തൃസ്നേഹത്തിന്‍റെ ആര്‍ദ്രതയും വഞ്ചനയുടെ കാഠിന്യവും അത് മനുഷ്യഹൃദയത്തില്‍ സൃഷ്ടിക്കുന്ന അതിരൂക്ഷമായ സംഘര്‍ഷങ്ങളും സ്വന്തം ജീവിതത്തില്‍ അനുഭവിച്ചറഞ്ഞ പ്രവാചകനായിരുന്നു ഹോസിയാ. ഗാഢമായി പ്രേമിച്ച്, ഭാര്യയായി സ്വീകരിച്ച ഗോമര്‍ തന്നെ ഉപേക്ഷിച്ച് ജാരന്മാരുടെ പിന്നാലെ പോയി വേശ്യയായി അധഃപതിച്ചതില്‍ ഹൃദയം തകര്‍ന്ന പ്രവാചകന്‍, അഗാധമായ സ്നേഹത്തോടെ അവളെ തേടി കണ്ടെത്തി, അടിമത്തത്തില്‍ നിന്നു മോചിപ്പിച്ച് വീണ്ടും തന്‍റെ ഭാര്യയായി സ്വീകരിച്ചു കഴിഞ്ഞപ്പോള്‍ (ഹോസി 1, 1-3,5) ഹോസിയായുടെ പ്രവാചകമനസ്സില്‍ തെളിഞ്ഞതാണ് ഒരിക്കലും അസ്തമിക്കാത്ത സ്നേഹത്തിന്‍റെ ഉറവിടമായ ദൈവത്തിന്‍റെ ചിത്രം. സ്വന്തം അനുഭവത്തിലൂടെ ഹോസിയാ തന്‍റെ ജനത്തിന്‍റെ ചിത്രം ഒരു കണ്ണാടിയിലെന്ന പോലെ കണ്ടു. ജനത്തിനു ദൈവം നല്കാന്‍ പോകുന്ന ഭാസുരമായ ഭാവി അദ്ദേഹം ആലങ്കാരികമായി ചിത്രീകരിച്ചു.
കരുത്തുറ്റ കരം നീട്ടി ഈജിപ്തിനെ പ്രഹരിച്ച്, അടിമകളായിരുന്ന ഇസ്രായേല്‍ ജനത്തെ മോചിപ്പിച്ച്, മരുഭൂമിയിലൂടെ ദൈവം നയിച്ച പുറപ്പാടിന്‍റെ കാലഘട്ടം പ്രവാചകന്മാരുടെ കാഴ്ചപ്പാടില്‍ രക്ഷാചരിത്രത്തിലെ സുവര്‍ണ്ണ ദശയായിരുന്നു.  അന്ന് ദൈവം അവരെ കണ്ണിലുണ്ണി പോലെ കാത്തുപരിപാലിച്ചു; പിതാവു മകനെ എന്ന പോലെ സംരക്ഷിച്ചു. അനുസരണയുള്ള ഭാര്യ ഭര്‍ത്താവിനെ എന്ന പോലെ ജനം അനുഗമിച്ചു. ആ അവസ്ഥയിലേക്ക് ദൈവം തന്നെ ജനത്തെ വീണ്ടും നയിക്കും എന്ന വാഗ്ദാനത്തോടെയാണ് ഹോസിയാ തന്‍റെ സ്വപ്നം അവതരിപ്പിക്കുന്നത്.

"ഞാന്‍ അവളെ വശീകരിച്ച് വിജനപ്രദേശത്തേക്കു കൊണ്ടുവരും... അവളുടെ യുവത്വത്തിലെന്ന പോലെ, ഈജിപ്തില്‍ നിന്ന് അവള്‍ പുറത്തു വന്നപ്പോഴെന്ന പോലെ, അവിടെ വച്ച് അവള്‍ എന്‍റെ വിളി കേള്‍ക്കും....! അന്നു നീ എന്നെ പ്രിയതമന്‍ എന്നു വിളിക്കും" (ഹോസി 2, 14-15). വിവാഹ ജീവിതത്തിന്‍റെ സ്നേഹോഷ്മളമായ ആദ്യ നാളുകളിലെന്നതുപോലെ ഒരു രണ്ടാം മധുവിധുവിലേക്കു ദൈവം ജനത്തെ നയിക്കും. വഴിതെറ്റിയലഞ്ഞ്, ഈജിപ്തിലേതിനേക്കാള്‍ നികൃഷ്ടമായ അടിമത്തത്തില്‍ പെട്ടുപോയവരെ വീണ്ടും വിമോചിപ്പിച്ച് തന്‍റെ പ്രിയജനമായി വളര്‍ത്തും. സ്വന്തം ശക്തിയാല്‍ അസാധ്യമായ ഒരു തിരിച്ചുവരവിനുള്ള വരം ദൈവം തന്നെ അവര്‍ക്കു നല്‍കും. വരന്‍ വധുവിനു നല്‍കുന്ന സ്ത്രീധനം പോലെ ആയിരിക്കും ആ തിരുവരം. അതിലൂടെ നീതിനിഷ്ഠമായ ഒരു സമൂഹം സംജാതമാകും - ഇതാണ് ഹോസിയായിലൂടെ ഇതള്‍ വിടരുന്ന ദര്‍ശനം.

സ്ത്രീധനമായി അഞ്ചു കാര്യങ്ങളാണ് പ്രവാചകന്‍ എടുത്തു പറയുന്നത്. 1. നീതി 2. സത്യം 3. സ്നേഹം 4. കാരുണ്യം 5. വിശ്വസ്തത. ഈ വരങ്ങള്‍ നല്കി പുനഃസ്ഥാപിക്കുന്ന വിവാഹബന്ധം ശാശ്വതമായിരിക്കും. അതിന്‍റെ ഫലം യഥാര്‍ത്ഥ ദൈവജ്ഞാനമായിരിക്കും: "എന്നേക്കുമായി ഞാന്‍ നിന്നെ പരിഗ്രഹിക്കും. നീതിയിലും സത്യത്തിലും സ്നേഹത്തിലും കാരുണ്യത്തിലും ഞാന്‍ നിന്നെ സ്വന്തമാക്കും. കര്‍ത്താവിനെ നീ അറിയും" (ഹോസി 3, 19).

കര്‍ത്താവില്‍ നിന്ന് അകന്നുപോയതാണ് ഇസ്രായേല്‍ അനുഭവിക്കുന്ന സകല ദുരിതങ്ങളുടെയും കാരണം. ഉടമ്പടിയുടെ പ്രമാണങ്ങള്‍ ലംഘിച്ചതാണ് ഈ അകല്‍ച്ചയ്ക്കു കാരണമായത്. ഉടമ്പടി ലംഘിക്കാന്‍ പ്രേരകമായത് തങ്ങളുടെ കര്‍ത്താവും വിമോചകനുമായ ദൈവത്തെ അറിയാതെ പോയതാണ്. കാലക്രമത്തില്‍ കര്‍ത്താവിന്‍റെ സ്ഥാനത്ത് മറ്റു പലരെയും, മറ്റു പലതിനെയും പ്രതിഷ്ഠിച്ച. അവിശ്വസ്തതരുടെ പര്യായമാണ് വിഗ്രഹാരാധന. അതിനെ പരസംഗമായും വ്യഭിചാരമായും വേശ്യാവൃത്തിയായും പ്രവാചകന്‍ ചിത്രീകരിച്ചു. ഇനി മടങ്ങിവരണം. ദൈവം ഉപേക്ഷാപത്രം കൊടുത്ത് പറഞ്ഞയച്ചവളെ ദൈവം തന്നെ തിരിച്ചു വിളിക്കും. അതിനു പ്രാപ്തയാക്കുന്നതാണ് ദൈവം ദാനമായി നല്‍കുന്ന സ്ത്രീധനത്തിലെ അഞ്ചു കാര്യങ്ങള്‍.

1. നീതി - സ്ദാഖാ എന്നാണ് ഹീബ്രു മൂലം. ധര്‍മ്മനിഷ്ഠ എന്നു വിവര്‍ത്തനം ചെയ്യുന്നതാണ് കൂടുതല്‍ ഉചിതം. താന്‍ വധുവായി വീണ്ടും സ്വീകരിക്കുന്ന ജനത്തിന് ദൈവം നല്കുന്ന ആദ്യസമ്മാനമാണത്. ഉടമ്പടിയുടെ പ്രമാണങ്ങള്‍ അനുസരിച്ച്, സ്വന്തം ധര്‍മ്മം നിറവേറ്റി, ദൈവത്തിനു സ്വീകാര്യവും പ്രീതികരവുമായ ഒരു ജീവിതം നയിക്കാന്‍ ജനത്തെ പ്രാപ്തരാക്കുന്നതു ദൈവം തന്നെ ആയിരിക്കും. അടിമകളെ മോചിപ്പിക്കാന്‍ നല്കുന്ന തുക മോചനദ്രവ്യം എന്നാണറിയപ്പെടുന്നത്. ആദ്യ ഭര്‍ത്താവായ കര്‍ത്താവിനെ ഉപേക്ഷിച്ച് ബാലിന്‍റെ അടിമയായിത്തീര്‍ന്ന ഇസ്രായേലിനു വേണ്ടി ദൈവം നല്കുന്ന മോചനത്തുകയുടെ ആദ്യഭാഗമാണ് ധര്‍മ്മനിഷ്ഠ. അത് അവരുടെ ജീവിത വീക്ഷണങ്ങളിലും ജീവിതശൈലിയിലും കാതലായ മാറ്റങ്ങള്‍ വരുത്തും.

2. സത്യം - മിഷ്പാത്ത് എന്ന് ഹീബ്രുമൂലം. "നീതി" എന്നതാണ് മെച്ചമായ വിവര്‍ത്തനം. നിയമനിര്‍മ്മാണവും കാര്യനിര്‍വ്വഹണവും വിധി പ്രസ്താവനകളും വഴി ഉറപ്പു വരുത്തേണ്ട, എല്ലാവര്‍ക്കും ലഭ്യമാകേണ്ട "നീതി"യാണ് രണ്ടാമത്തെ ദാനം. ഉരുള്‍പൊട്ടിയൊഴുകുന്ന മലവെള്ളം പോലെ അപ്രതിഹതമായൊരു പ്രവാഹമായിരിക്കണം ഇതെന്ന് ആമോസ് ആഹ്വാനം ചെയ്തു. മനുഷ്യന് അസാധ്യമായ ഈ നീതി നിര്‍വ്വഹണം ദൈവം തന്നെ നടത്തും. അതാണ് സ്ത്രീധനത്തുകയായി ഉറപ്പു നല്‍കുന്നത്.

3. സ്നേഹം - ഹെസെദ് എന്ന് ഹീബ്രു മൂലം. ഒരിക്കലും കുറയാത്ത, അസ്തമിക്കാത്ത, അചഞ്ചല സ്നേഹമാണിവിടെ വിവക്ഷ - ഉടമ്പടിയിലൂടെ ദൈവം തന്നെ ഉറപ്പു നല്കിയിരിക്കുന്ന സ്ഥിരസ്നേഹം. ഇതു ദൈവത്തിനു ജനത്തോടുള്ള സ്നേഹം മാത്രമല്ല, ജനം ദൈവത്തിനു നല്കുന്ന മറുപടിയും ഉള്‍ക്കൊള്ളുന്നു. ഇപ്രകാരം സ്നേഹിക്കാന്‍ ദൈവം തന്നെ ശക്തി നല്‍കും. ജനത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളും ഈ സ്നേഹത്താല്‍ പ്രേരിതമായിരിക്കും; ആയിരിക്കണം. ശിക്ഷയെ ഭയന്നോ സമ്മാനങ്ങള്‍ കൊതിച്ചോ അല്ല, ആഴമളക്കാനാവാത്ത സ്നേഹത്താല്‍ പ്രേരിതമായതാവും ഉടമ്പടിയനുസരിച്ചുള്ള ജീവിതം. ലിസ്യുവിലെ വി. കൊച്ചുത്രേസ്യാ ശിശുസഹജമായ ലാളിത്യത്തോടെ ഇതിനൊരു ഭാഷ്യം നല്കുന്നുണ്ട്: "നരകമില്ലെങ്കിലും ഞാന്‍ പാപം ചെയ്യില്ല; സ്വര്‍ഗ്ഗമില്ലെങ്കിലും ഞാന്‍ ദൈവത്തെ സ്നേഹിക്കും കാരണം ദൈവം എന്‍റെ അപ്പച്ചനാണ്".

4. കാരുണ്യം - റഹമിം എന്ന് ഹീബ്രു മൂലം. ഗര്‍ഭപാത്രം എന്നര്‍ത്ഥമുള്ള "റെഹെം" എന്ന മൂലത്തില്‍ നിന്നാണ് റഹമിം എന്ന വാക്കിന്‍റെ നിഷ്പത്തി. ഗര്‍ഭസ്ഥശിശുവിനോട് അമ്മയ്ക്കുള്ള ഭാവമാണത്. തന്നെ മാത്രം ആശ്രയിച്ചു കഴിയുന്ന, തന്‍റെ ശരീരത്തിന്‍റെ തന്നെ ഭാഗമായി, ഹൃദയത്തിനു തൊട്ടു താഴെ തന്‍റെ ഹൃദയസ്പന്ദനത്തിന്‍റെ താളത്തിനൊത്തു സ്പന്ദിക്കുന്ന ഗര്‍ഭസ്ഥശിശുവിനോട് നൈസ്സര്‍ഗ്ഗികമായും മാതാവിനു തോന്നുന്ന ഭാവം. അതിനെ കരുണ, അനുകമ്പ, ദയ, ആര്‍ദ്രത, വാത്സല്യം എന്നൊക്കെ വിശേഷിപ്പിക്കാം. ഇവിടെ ദൈവത്തിന്‍റെ മാതൃഭാവമാണ് പ്രവാചകനിലൂടെ മറനീക്കി വെളിപ്പെടുന്നത്. ദൈവത്തിനു ജനത്തോടുള്ള ഭാവം എന്നതുപോലെ ജനത്തിനു തമ്മില്‍ത്തമ്മിലും ഉണ്ടായിരിക്കേണ്ട ഭാവമാണിത്. വിവാഹോടമ്പടിയുടെ ഭാഗവും സ്ത്രീധനത്തുകയിലെ നാലാമത്തെ ഇനവുമാണ് കാരുണ്യം.

5. വിശ്വസ്തത - എമുന എന്ന് ഹീബ്രു മൂലം. ഉറപ്പിക്കുക, താങ്ങി നിര്‍ത്തുക എന്നര്‍ത്ഥമുള്ള ആമാന്‍ എന്ന ക്രിയാധാതുവില്‍ നിന്നാണ് ഈ നാമം ഉത്ഭവിക്കുന്നത്. തീര്‍ച്ചയായും, ഉറപ്പായും എന്നൊക്കെ അര്‍ത്ഥം വരുന്ന "ആമ്മേന്‍" എന്ന പദവും ഇതില്‍ നിന്നു തന്നെ വരുന്നു. ഒരു പ്രസ്താവനയുടെ അവസാനം "ആമ്മേന്‍" എന്നു പറഞ്ഞാല്‍ പിന്നെ അതിനു മാറ്റമില്ല. ഒരു വാചകത്തിന്‍റെ അവസാനം ഇടുന്ന പൂര്‍ണ്ണവിരാമം പോലെയാണിത്. ഇനി ഇതിനു മാറ്റമുണ്ടാവില്ല. ഇതാണ് വിശ്വസ്തത. ദൈവം ഉടമ്പടിയിലൂടെ വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ തീര്‍ച്ചയായും പാലിക്കും; അതിനു മാറ്റമുണ്ടാവുകയില്ല. അതുപോലെ തന്നെ ജനങ്ങളും ദൈവത്തോടും പരസ്പരവും വിശ്വസ്തത പാലിക്കും. അതിനുള്ള കഴിവും ദൈവം തന്നെ സ്ത്രീധനമായി നല്കും. അവിശ്വസ്തതയായിരുന്നു ഇസ്രായേലിന്‍റെ മൂലപാപം. അതുതന്നെ ആയിരുന്നു അവരുടെ നിരന്തര പ്രലോഭനവും. അതിന് ദൈവം തന്നെ അറുതി വരുത്തും.

ഈ അഞ്ചു ദാനങ്ങളും വഴി സംഭവിക്കുന്നത് ഇസ്രായേല്‍ വീണ്ടും ദൈവത്തിന്‍റെ സ്വന്തം ജനമായിത്തീരും എന്നതത്രെ. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ നിലനില്ക്കേണ്ട ദാമ്പത്യ വിശ്വസ്തതയാണ് ദൈവം മാതൃകയായി എടുത്തുകാട്ടുന്നത്. ഈ ബന്ധം അനന്തമായിരിക്കും. ഒരിക്കലും അവസാനിക്കാത്ത ശാശ്വതമായൊരു ബന്ധം. അതാണ് "എന്നേക്കുമായി ഞാന്‍ നിന്നെ പരിഗ്രഹിക്കും" എന്ന വാഗ്ദാനത്തിലൂടെ നല്കുന്ന ഉറപ്പ്. പിന്നീട് ജറെമിയായിലൂടെയും (31, 23-40) എസെക്കിയേലിലൂടെയും (36, 22-28) വാഗ്ദാനം ചെയ്ത ശാശ്വതമായ ഉടമ്പടി ഈ സ്ത്രീധനത്തിന്‍റെ ഒരു വിശദീകരണമായി കാണാനാവും.
ഇതിന്‍റെ എല്ലാം ഉപസംഹാരമെന്ന നിലയില്‍ അവസാന ദാനമായി നല്കുന്നതാണ് ദൈവജ്ഞാനം "കര്‍ത്താവിനെ നീ അറിയും" (ഹോസി 2, 19). 

എല്ലാ തിന്മകളുടെയും അടിസ്ഥാനകാരണം ദൈവജ്ഞാനമില്ലാത്തതാണ്. അറിയുന്നു എന്നു പറയുന്നവരും അറിയേണ്ടത് അറിയുന്നില്ല. "അറിയുക" എന്നാല്‍ കേവലം ബൗദ്ധികമായ ഒരറിവു മാത്രമല്ല ഉദ്ദേശിക്കുന്നത്. ഗാഢമായ പരസ്പരബന്ധത്തിലൂടെ സമ്പൂര്‍ണ്ണമായ ദാന-സ്വീകരണത്തിലൂടെ, സംജാതമാകുന്ന ആത്മബന്ധം. ഇപ്രകാരമുള്ള അറിവിന്‍റെ ആത്മാവ് സ്നേഹമാണ്; അവയവങ്ങള്‍ നീതിയും ധര്‍മ്മനിഷ്ഠയും; പ്രചോദനം കാരുണ്യം. ഇങ്ങനെ ഒരറിവു ലഭിച്ചു കഴിയുമ്പോള്‍ പറുദീസയില്‍ വച്ചു നഷ്ടപ്പെട്ട ആദ്യവിശുദ്ധി വീണ്ടും ലഭിക്കും. വികലമാക്കപ്പെട്ട ദൈവിക സാദൃശ്യവും രൂപവും മനുഷ്യനില്‍ വീണ്ടും നവീകരിക്കപ്പെടും. അതോടെ പറുദീസാ സംജാതമാകും. അതുതന്നെയാണ് നീതി നിവസിക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും. ഇതു ദൈവം നല്‍കുന്ന സൗജന്യദാനമായിരിക്കും. ഇങ്ങനെ ഒരു സ്വപ്നമാണ് പ്രവാസത്തിലേക്കു പോകാന്‍ പാകമായിരിക്കുന്ന, കൊലയ്ക്കുഴിഞ്ഞു വച്ച ആട്ടിന്‍കുട്ടിയെപ്പോലുള്ള, ഇസ്രായേല്‍ ജനത്തിന്‍റെ സമൂഹ മനസ്സാക്ഷിക്കു മുമ്പില്‍ ഹോസിയാ പ്രവാചകന്‍ വരച്ചുകാട്ടുന്നത്. ഈ ചിത്രം തുടര്‍ന്നുവന്ന പ്രാവചകന്മാര്‍ ഏറ്റെടുത്തു; കൂടുതല്‍ വ്യക്തമായി ചിത്രീകരിച്ചൂ.

You can share this post!

ഭാവിയിലെ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍മാര്‍

അജി ജോര്‍ജ്
അടുത്ത രചന

സ്മൃതി ബോബി

ജോസ് കട്ടികാട
Related Posts