news-details
ഇടിയും മിന്നലും

 മാതാപിതാക്കള്‍ക്കുവേണ്ടി ഒരിടവകയില്‍ നടത്തപ്പെട്ട ഏകദിന ബോധവല്‍ക്കരണ സെമിനാറില്‍ ഒരു മണിക്കൂര്‍ അവരോടു സംസാരിക്കാന്‍ വിളിച്ചിരുന്നതുകൊണ്ട്, അതിനുള്ള യാത്രയായിരുന്നു. ബസിനു പോയാല്‍ രണ്ടുമണിക്കൂര്‍ യാത്രാദൂരമുണ്ടായിരുന്നതുകൊണ്ടു രാവിലെ ഒമ്പതിനു തുടങ്ങുന്ന പരിപാടിക്കു സമയത്ത് എത്തുന്നതിനായി ആറു മണിക്കു കിട്ടിയ ഫാസ്റ്റില്‍ കയറി. അതിരാവിലെ ആയതുകൊണ്ടു സീറ്റുകിട്ടുമെന്ന പ്രതീക്ഷയില്‍ ബസ്റ്റാന്‍ഡില്‍ പോകാതെ ഇടയ്ക്കുള്ള ബസ്റ്റോപ്പില്‍നിന്നായിരുന്നു കയറിയത്. സ്ത്രീകളുടെ സംവരണ സീറ്റുകള്‍ കുറെയെണ്ണം ഒഴിഞ്ഞു കിടപ്പുണ്ടായിരുന്നെങ്കിലും, ഇടതുവശത്തുള്ള രണ്ടുപേര്‍ക്കു വീതമിരിക്കാവുന്ന മൂന്നെണ്ണത്തിലൊഴികെ ബാക്കിയുള്ള സീറ്റുകളിലെല്ലാം പുരുഷന്മാരു നിറഞ്ഞിരുന്നു. ആ മൂന്നു സീറ്റുകളിലും ഓരോ യുവതികള്‍ മാത്രമായിരുന്നു ഇരുന്നിരുന്നത്. മൂന്നുപേരുടെയും ബാഗുകളും സീറ്റില്‍തന്നെ വച്ചിരുന്നു. എന്‍റെയൊപ്പം കയറിയ ഒരാളും ഞാനും അല്പനേരം നിന്നു. ഒഴിഞ്ഞുകിടന്ന സ്ത്രീകളുടെ സീറ്റില്‍ ഇരിക്കാമായിരുന്നെങ്കിലും, സ്ത്രീകള്‍ കയറുമ്പോള്‍ മാറിക്കൊടുക്കേണ്ടിവരുമെന്നുറപ്പായിരുന്നതുകൊണ്ട്, ടിക്കറ്റുമായിട്ടു കണ്ടക്ടര്‍ വന്നപ്പോള്‍, ആ സ്ത്രീകളെ സ്ത്രീകളുടെ സീറ്റുകളിലേക്കു മാറ്റുകയോ, അല്ലെങ്കില്‍ ഒരാളെങ്കിലും മുമ്പോട്ടുകയറി ഒന്നിച്ച് ഇരിക്കുകയോ ചെയ്താല്‍ ഞങ്ങള്‍ക്കും ഇരിക്കാമായിരുന്നു എന്നു പറഞ്ഞപ്പോള്‍, 'കയറി ഇരുന്നപ്പോളേ ഞാന്‍ അതവരോടു പറഞ്ഞതാണ്, ഇനി നിങ്ങളുതന്നെ പറഞ്ഞുനോക്ക്' എന്നുംപറഞ്ഞു കാശുംവാങ്ങി ആളുപോയി. മൂന്നുപേരുടെയും ശ്രദ്ധ ഫോണിലായിരുന്നു. മൂന്നുപേരുടെയും ചെവിയില്‍ പാട്ടുകേള്‍ക്കാനുള്ള സൂത്രമാണ്ടിയും ഫിറ്റുചെയ്തിട്ടുണ്ട്. അല്പം ആലോചിച്ചിട്ട് ഏറ്റവും മുമ്പിലിരുന്ന സ്ത്രീയുടെ അടുത്തുചെന്ന് വളരെ എളിമയോടെ, സ്ത്രീകളുടെ സീറ്റിലേയ്ക്ക് ഒന്നു മാറിയിരിക്കാമോ എന്നുചോദിച്ചു. ആദ്യം കേട്ട ഭാവംകാണിച്ചില്ല. ഒന്നുകൂടെ ഉറക്കെ ചോദ്യമാവര്‍ത്തിച്ചപ്പോള്‍ മറുപടിയൊന്നും പറയാതെ, ഒന്നു നോക്കുകപോലുംചെയ്യാതെ, സീറ്റിലിരുന്ന ബാഗെടുത്തു താഴെവച്ചു. ഞാന്‍ പുറകില്‍നിന്നിരുന്നയാളോട് ഇരുന്നുകൊള്ളാന്‍ പറഞ്ഞ് പിന്നിലേക്കുമാറി. ആള് അടുത്തിറങ്ങുകയാണ് എന്നുപറഞ്ഞ് ഇരുന്നില്ല. ഞാനും ഇരിക്കാതെ കുറെ പിറകിലേയ്ക്കു മാറി നിന്നുകൊണ്ടു യാത്രതുടര്‍ന്നു. പിന്നീടുകയറിയ ഒന്നുരണ്ടു പുരുഷന്മാരും ഇരിക്കാന്‍ മടിച്ചുനിന്നപ്പോള്‍ കണ്ടക്ടര്‍ ചെന്ന് ഒരിക്കല്‍കൂടി അവരോടു പറയുന്നതുകണ്ടു. അവരതു മൈന്‍റുചെയ്തില്ല. ഇതെല്ലാം കണ്ടുകൊണ്ടു ബസിലിരുന്നപലരും പലതരത്തിലുള്ള കമന്‍റുകള്‍ പറയുന്നുണ്ടായിരുന്നു. ബസുയാത്ര പതിവുള്ളവര്‍, എന്‍റെ ഈ അനുഭവം ഒറ്റപ്പെട്ടതല്ല എന്നു സമ്മതിക്കും. പതിനഞ്ചു സെക്കന്‍റില്‍ കൂടുതല്‍ സൂക്ഷിച്ചു നോക്കിയാല്‍പോലും പീഡനശ്രമത്തിനു കേസുകൊടുക്കാന്‍ നിയമമുള്ള ദൈവത്തിന്‍റെ ഈ സ്വന്തം നാട്ടില്‍, സ്ത്രീകള്‍ക്ക്, പ്രത്യേകിച്ചു യുവതികള്‍ക്ക് എന്തുമാകാവുന്ന ഒരു സംസ്കാരമാണല്ലോ ഇപ്പോളുള്ളത്. നിയമത്തിന്‍റെ പരിരക്ഷ മുഴുവന്‍ അവര്‍ക്കാണ് എന്ന് അറിയാവുന്നതുകൊണ്ടും, അറിയാതെങ്ങാനും നോക്കിയാലും അകത്താകുമല്ലോന്ന് ഓര്‍ത്തതുകൊണ്ടും, ഏതായാലും ഞാനവരുടെ അടുത്ത് ഇരിക്കുന്നില്ല എന്നു തീരുമാനിച്ചു. തന്നെയല്ല, പണ്ട് ഇതുപോലെ യാത്രയില്‍ ഉണ്ടായ ഒരനുഭവംതന്ന പാഠവും ഓര്‍മ്മയിലേക്കുവന്നു. പാതിരാത്രിയോടടുത്ത് കോഴിക്കോടു ബസ്റ്റാന്‍ഡില്‍ കോട്ടയത്തിനുള്ള രാത്രിവണ്ടി കാത്തുനില്‍ക്കുകയായിരുന്നു. പലതുവന്നിട്ടും അതിലൊന്നിലും ഇരിക്കാന്‍ സീറ്റില്ലാതിരുന്നതുകൊണ്ടു കയറാതെ മടുത്തു നില്‍ക്കുമ്പോള്‍ വന്ന ഒരെണ്ണത്തില്‍ കണ്ടക്ടറു കഷ്ടിച്ച് ഒരു സീറ്റു ശരിയാക്കിത്തന്നു. മൂന്നുപേര്‍ക്ക് ഇരിക്കാവുന്ന സീറ്റില്‍ അപ്പുറത്തിരുന്നതുരണ്ടും സാമാന്യം വണ്ണമുള്ള സ്ത്രീകള്‍. അതുകൊണ്ടു ചാരിയിരിക്കാന്‍ ബുദ്ധിമുട്ടായി. കുത്തനെതന്നെ കുറെനേരം ഇരുന്നുകഴിഞ്ഞപ്പോള്‍ ഉറക്കംവരാന്‍തുടങ്ങി. മുന്നിലെ സീറ്റില്‍പിടിച്ച് അതേലോട്ടു തലയും കുമ്പിട്ടിരുന്ന് ഒന്നുറങ്ങാമെന്നുവച്ചു. നല്ല ഉറക്കത്തില്‍, വണ്ടി വല്ല വളവും എടുത്തപ്പോളായിരിക്കും, എന്‍റെ വലതുകൈ സീറ്റില്‍നിന്നും പിടിവിട്ടുപോയി. അതുചെന്നു പൊത്തോന്നു വീണത് അടുത്തിരുന്ന സ്ത്രീയുടെ കാലിന്‍റെ മുട്ടില്‍. അറിയാതെയാണെങ്കിലും മഹാമോശമായിപ്പോയല്ലോ എന്നോര്‍ത്ത് ഒരു സോറി പറയാന്‍വേണ്ടി അവരുടെ നേരെ നോക്കുമ്പോള്‍ അവരു കളിയാക്കി ഒരു കമന്‍റ്:

"അച്ചന്‍റെ അസുഖം മനസ്സിലായി." എന്നിട്ട് ഒരു ഒലത്തിയ ചിരിയും.

സത്യം പറഞ്ഞാല്‍ അപ്പോളാണു അവരുടെ മോന്ത ശരിക്കും ഒന്നു കണ്ടതുതന്നെ. വല്ല 'അസുഖോം' തോന്നിയാല്‍പോലും അതൊന്നു കണ്ടാല്‍ മാത്രംമതി, അസുഖമൊക്കെ അതോടെ പോയിക്കിട്ടും, എന്നിട്ടാ!! പക്ഷേ, പറഞ്ഞിട്ടു കാര്യമില്ലല്ലോ. പറ്റിപ്പോയില്ലേ! ഏതായാലും മറ്റാരും അവരു പറഞ്ഞതു കേട്ടില്ലെന്നു തോന്നുന്നു. എന്നാലും ഇതുപോലെ നാണംകെടാനില്ല. ജുബ്ബാ ഇട്ടിരുന്നതുകാരണം അച്ചനാണെന്നു തോന്നിക്കാണുമെങ്കിലും ഇത്ര കൃത്യമായിട്ട് അച്ചനെന്നു വിളിച്ചത് എങ്ങനെയായിരിക്കും എന്നാലോചിച്ചപ്പോളാണ് എന്‍റെ മടിയിലിരുന്ന സൂട്കേസിന്‍റെ പുറത്ത് എന്‍റെ മുഴുവന്‍പേര് വെണ്ടക്ക മുഴുപ്പില്‍ എഴുതിവച്ചിരുന്ന കാര്യമോര്‍ത്തത്. വടിപോലെ കുറേനേരമങ്ങനെ ഇരുന്നപ്പോളേക്കും പിന്നെയും ഉറക്കംവന്നുതുടങ്ങി. ഇനിയും അതുപോലെവല്ലതും സംഭവിച്ചാല്‍ 'അസുഖ'ത്തിന് അവരു വല്ല മരുന്നും ചെയ്തെങ്കിലോ എന്നോര്‍ത്തപ്പോള്‍, ഉള്ളിലൊരു കൊള്ളിയാന്‍ മിന്നി. ഉടനെതന്നെ കൈയിലുണ്ടായിരുന്ന പത്രംവിരിച്ച് ബസിന്‍റെചവിട്ടു പടിയിലേക്കിറങ്ങിയിരുന്നു. എറണാകുളത്തെത്തി സീറ്റുകിട്ടുന്നതുവരെ അവിടെത്തന്നെ ഇരിക്കേണ്ടിവന്നു. ഇന്നാണെങ്കില്‍ ആ സംഭവംതന്നെ അധികമാണു വനിതാകമ്മീഷനു പീഡനശ്രമത്തിന് അന്വേഷണം പ്രഖ്യാപിക്കാന്‍. കുറേനേരം നിന്നുമടുത്തപ്പോള്‍ ഇരിക്കാന്‍ തോന്നിയെങ്കിലും ഈ സംഭവംകൂടെ ഓര്‍മ്മയില്‍ വന്നതുകൊണ്ട്, നിന്നുതന്നെയായിരുന്നു ബാക്കിയാത്ര.

സെമിനാറിനു ഞാന്‍ തുടക്കമിട്ടത് ബസിലെ ആ സംഭവം അവതരിപ്പിച്ചുകൊണ്ടായിരുന്നു. തുടര്‍ന്ന് ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണ് മൊബൈല്‍ഫോണ്‍ എങ്കിലും ഇളംതലമുറയെ ഇത്രമാത്രം ദുഷിപ്പിക്കുന്നതും മറ്റൊന്നല്ല എന്നുള്ളത്, കുറെ സംഭവങ്ങള്‍ നിരത്തിക്കൊണ്ടു സ്ഥാപിക്കുവാന്‍ ഞാനൊരു ശ്രമം നടത്തി. അവയുടെയൊക്കെ വെളിച്ചത്തില്‍ മക്കള്‍ക്കു യാതൊരു കാരണവശാലും സ്വന്തമായി മൊബൈല്‍ഫോണ്‍ കൊടുക്കരുതെന്നും, കോളേജു വിദ്യാര്‍ത്ഥികളായ മക്കള്‍ക്കുപോലും നിവൃത്തിയുണ്ടെങ്കില്‍ കൊടുക്കാതിരിക്കുകയാണു വിവേകമെന്നും പറഞ്ഞപ്പോള്‍, സദസിലുണ്ടായിരുന്നവരുടെയിടയിലെ സംസാരവും കശപിശയും കൂടിക്കൂടിവന്നത് പ്രതിഷേധത്തിന്‍റെ ലക്ഷണമാണെന്നു മനസ്സിലായതുകൊണ്ട് ഒരു ചെറിയ ബ്രേക് കൊടുക്കാമെന്നു മനസ്സിലോര്‍ത്തു അപ്പോളേയ്ക്കും ഒരു മദ്ധ്യവയസ്കന്‍ എഴുന്നേറ്റു പറഞ്ഞു:

"അച്ചന്‍ ഈ പറഞ്ഞ കാര്യങ്ങളെല്ലാം കുറെനാളുകളായിട്ടു ഞങ്ങള്‍ പലപ്രാവശ്യം പള്ളിപ്രസംഗത്തിലും ധ്യാനങ്ങളിലുമൊക്കെ കേട്ടുകഴിഞ്ഞതാണ്. ഞാനൊരു അദ്ധ്യാപകനാണ്. കുട്ടികളോട് നെഗറ്റീവ് ആയിട്ടുള്ള കാര്യങ്ങളെക്കാള്‍ പോസിറ്റീവ് ആയ കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുന്നതാണ് ഗുണം ചെയ്യുന്നത് എന്നാണ്  എനിക്കു തോന്നിയിട്ടുള്ളത്. മുതിര്‍ന്നവരോടാണെങ്കിലും, ചെയ്യരുതാത്ത കാര്യങ്ങളെക്കാള്‍, ചെയ്യേണ്ട കാര്യങ്ങളെപ്പറ്റി പറയുന്നതു കേള്‍ക്കാനായിരിക്കും അവര്‍ക്കും താത്പര്യം എന്നെനിക്കു തോന്നുന്നു."

"സാറു പറഞ്ഞതു ഞാനംഗീകരിക്കുന്നു, സാറുതന്ന സൂചനയ്ക്കും നന്ദി. പക്ഷേ, എനിക്കതിനോടു മുഴുവനുമങ്ങോട്ടു യോജിക്കാന്‍ പറ്റുന്നില്ല. നെഗറ്റീവായിട്ടുള്ളത് നെഗറ്റീവായിട്ടുതന്നെ പറയണം, അറിയണം. അവയ്ക്ക് അര്‍ഹമായ പ്രാധാന്യവും ഗൗരവവും കൊടുക്കുകയും വേണം. ഒരുമാതിരി അഴകൊഴമ്പന്‍ രീതിയില്‍, മദ്യക്കുപ്പിയുടെയും പുകയില പായ്ക്കറ്റിന്‍റെയും പുറത്ത്, പുകവലിയും മദ്യപാനവും ആരോഗ്യത്തിനു ഹാനികരമാണ് എന്ന  നെഗറ്റീവു സത്യം പോസിറ്റീവായി വലിയ അക്ഷരത്തില്‍ എഴുതിവച്ചിട്ട്, ഇഷ്ടംപോലെ അവ വിതരണം ചെയ്യുന്നതുപോലെ, എല്ലാം ഒത്തിരി കേട്ടതാണ്, അറിഞ്ഞതാണ് എന്നൊക്കെ പറഞ്ഞിട്ടെന്തുകാര്യം? ആരോഗ്യത്തിനു ഹാനികരമെങ്കില്‍ അതു പാടില്ല, തരില്ല, എന്നല്ലേ എടുക്കേണ്ട നിലപാട്? അതിന്‍റെ ലഭ്യത ഇല്ലാതാക്കാനല്ലേ നോക്കേണ്ടതും? അച്ചനീ പറഞ്ഞതൊക്കെ ഞങ്ങള്‍ക്കറിയാം, ഇതൊന്നും അച്ചനുദ്ദേശിക്കുന്നതുപോലെ നടപ്പുള്ള കാര്യമല്ല, എന്നു പറയാതെ പറയുകയാണു വാസ്തവത്തില്‍ സാറിപ്പോള്‍ ചെയ്തത് എന്നു മനസ്സിലാക്കാനുള്ള കോമണ്‍ സെന്‍സ് എനിക്കുണ്ട്. അവിടെയാണു സാറെ ഞാനീ പറഞ്ഞ പ്രശ്നത്തിന്‍റെ മൂലം കിടക്കുന്നത്.

എന്‍റെ മുമ്പിലിരിക്കുന്ന നിങ്ങളെല്ലാവരും സാറു മുമ്പേ പറഞ്ഞതുപോലെ മുതിര്‍ന്നവരാണ്, കുട്ടികളല്ല, കുട്ടികളുള്ളവരുമാണ് എങ്കിലും, കുട്ടിത്തം വിട്ടുമാറാത്തവര്‍ പലരും ഇക്കൂട്ടത്തിലുണ്ടെന്ന് അവരുതന്നെ അറിയുന്നില്ലായിരിക്കും എന്നു ഞാന്‍ പറയുമ്പോള്‍ പരിഹസിക്കുകയാണെന്നു തോന്നരുത്. ആ നെഗറ്റീവ് സത്യം പോസിറ്റീവായിട്ടു ഞാന്‍ വീണ്ടും പറയുന്നു, ഇവിടെയിരിക്കുന്ന പലരും കുട്ടികളേക്കാള്‍ ബാലിശമായിട്ടു കളിക്കുന്നവരാണ്. മൊബൈല്‍ ഫോണിലെ കളിയെപ്പറ്റിയാണു ഞാന്‍ പറഞ്ഞത്. അതൊക്കെ അറിയാം എന്നുപറഞ്ഞിട്ടു കാര്യമില്ല. പക്വതയില്ലെങ്കില്‍ അതംഗീകരിച്ച്, കുട്ടികള്‍ക്കു നിരോധിക്കുംമുമ്പേ നിങ്ങളുതന്നെ നിങ്ങള്‍ക്കു മൊബൈല്‍ ഫോണ്‍ നിരോധിക്കണം. ഫോണ്‍വിളിയെപ്പറ്റിയല്ല, ഫോണിലെ കളിയെപ്പറ്റിയാണു ഞാന്‍ പറഞ്ഞത്. അതുനിങ്ങള്‍ തന്നെ സ്വയം നിരോധിക്കണം. ഇന്നു കുട്ടികളെക്കാള്‍ ബാലിശമായിട്ടു ഫോണില്‍ കളിക്കുന്നതു മാതാപിതാക്കളാണ് എന്നു ഞാന്‍ പറയുമ്പോള്‍ നിങ്ങള്‍ പ്രതിഷേധിക്കുമായിരിക്കും. പക്ഷേ, സത്യം അതല്ലേ? മക്കള്‍ക്കു ഫോണ്‍ കോടുക്കാതിരുന്നിട്ട്, അല്പം സമയം കിട്ടിയാലുടനെ, ഭക്ഷണസമയത്തുപോലും വാട്സ് ആപും, ഫേസ്ബുക്കുമായി നിങ്ങളു കളിക്കുമ്പോള്‍, മുമ്പേ മദ്യത്തിന്‍റെ കാര്യം പറഞ്ഞതുപോലെ ഹാനികരം എന്നെഴുതിയ ലേബലു മറച്ചുപിടിച്ച് വയറുനിറെ വിഴുങ്ങുന്നതുപോലെ തന്നെയല്ലെ ഇതും? ഇതാണ്, മക്കളെ വല്ലാതെ സ്വാധീനിക്കുന്നതും. എല്ലാം അറിയാമെന്നു പറഞ്ഞിട്ടു കാര്യമില്ല, ചെയ്യരുതാത്തതു ചെയ്യാതിരിക്കണം.

പോസിറ്റീവ് കാര്യങ്ങളാണു പറയേണ്ടത് എന്നു സാറു പറഞ്ഞപ്പോള്‍ എന്‍റെ ഓര്‍മ്മയില്‍വരുന്ന ഒരു സംഭവമുണ്ട്. പത്തിരുപതു വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായതാണ്. പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം സൃഷ്ടിക്കാനിടയുള്ള വലിയ നാശത്തെപ്പറ്റി പണ്ടുമുതലേ ഞാന്‍ അവസരം കിട്ടുമ്പോളൊക്കെ ധ്യാനത്തിലായാലും പറയാറുണ്ടായിരുന്നു. അങ്ങനെ ശക്തമായി പറഞ്ഞ ഒരവസരത്തില്‍ ഒരു മാന്യന്‍ എന്നെ തിരുത്തിക്കൊണ്ട്, പ്ലാസ്റ്റിക് വരുത്തുന്ന നാശത്തെപ്പറ്റി മാത്രമാണു അച്ചന്‍ പറയുന്നത്, എന്നാല്‍ പ്ലാസ്റ്റിക്ക് വഴി ആധുനിക ലോകത്തിനു ലഭിച്ചിട്ടുള്ള നന്മകള്‍, അതിലൂടെ വരുന്ന നാശത്തെക്കാള്‍ എത്രയോ മടങ്ങാണ് എന്ന് അച്ചന് അറിയാന്‍ പാടില്ലാഞ്ഞിട്ടാണ് എന്നുപറഞ്ഞെന്നെ തിരുത്തി. കൂടുതല്‍ വാദിക്കാന്‍ പോയില്ല. ഇന്നിപ്പോള്‍ പ്ലാസ്റ്റിക് നിരോധിച്ചുകൊണ്ടുള്ള നിയമനിര്‍മ്മാണം വരെയായില്ലേ? ചെയ്യേണ്ടിയിരുന്നത് ചെയ്യേണ്ടിയിരുന്ന സമയത്തു ചെയ്യാതിരുന്നതുകൊണ്ടല്ലേ അത്?

മൂന്നരക്കോടി ജനങ്ങളുള്ള കേരളത്തില്‍, ഔദ്യോഗിക കണക്കല്ലെങ്കിലും ഏതാണ്ട് അഞ്ചുകോടിയോളം മൊബൈല്‍ ഫോണ്‍ കണക്ഷന്‍സ് ഉണ്ടെന്നാണു പറയുന്നത്. നമ്മളു ദിവസവും വായിക്കുകയും കേള്‍ക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന എണ്ണമില്ലാത്ത പീഡനങ്ങളുടെയും, പ്രണയ കൊലപാതകങ്ങളുടെയും, ലൗജിഹാദിന്‍റെയും, പെണ്‍വാണിഭങ്ങളുടെയും, ഒളിച്ചോട്ടങ്ങളുടെയും, വിവാഹമോചനങ്ങളുടെയുമെല്ലാം മൂലമന്വേഷിച്ചു ചെല്ലുമ്പോള്‍ അവസാനം എത്തുന്നത് മൊബൈല്‍ ഫോണിലല്ലേ? അതെത്ര ഭീകരമായി ഇനിയും വര്‍ദ്ധിച്ചാലും ഒരു സര്‍ക്കാരും അതു, പ്ലാസ്റ്റിക്കു നിരോധിച്ചതുപോലെ നിരോധിക്കാന്‍ പോകുന്നില്ല. കാരണം അതു വമ്പന്മാരു പണം വാരുന്ന ഖനിയാണ്. നിരോധിക്കേണ്ടത് സര്‍ക്കാരല്ല, സഭയുമല്ല; അവനവന്‍തന്നെയാണ്, കുടുംബത്തില്‍ മാതാപിതാക്കളാണ്. ഫോണ്‍ വിളിയല്ല, ഫോണിലെ കളി. ഇതെല്ലാം പറയുമ്പോഴും ഇതൊക്കെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളാണ് എന്നു ചിന്തിച്ച്, 'ഹാനികരം' എന്ന ലേബലു മറച്ചുപിടിച്ചു മദ്യപിക്കാന്‍ ഇഷ്ടപ്പെടുന്നവരല്ലേ നമ്മള്‍?

You can share this post!

പൂ.ദ.വി

ഫാ. ജോസ് വെട്ടിക്കാട്ട്
അടുത്ത രചന

'ലൗ ജിഹാദ് '

ഫാ. ജോസ് വെട്ടിക്കാട്ട്
Related Posts