news-details
മറ്റുലേഖനങ്ങൾ

പ്രിയക്കുട്ടിയുടെ മമ്മി ഓഫീസില്‍ പോകാന്‍ ഒരുങ്ങുന്ന തിരക്കിലാണ്. രാവിലത്തെ ജോലിത്തിരക്കെല്ലാം ഒന്നൊതുക്കി ഒരുങ്ങാന്‍ തുടങ്ങുമ്പോള്‍ പുന്നാരമോള്‍ വരുന്നു മുഖത്ത് മുഴുവന്‍ കണ്‍മഷിയും പൗഡറും. കണ്ണിന്‍റെ  പുരികവും നെറ്റിയും മഷിതേച്ചു കറുപ്പിച്ചുകൊണ്ടാണ് വരവ്. മമ്മിക്ക് പ്രിയക്കുട്ടിയുടെ കുസൃതി തെല്ലും ഇഷ്ടപ്പെട്ടില്ല. വഴക്കുപറഞ്ഞ് രണ്ട് കുഞ്ഞടിയും കൊടുത്ത് അവളെ വൃത്തിയാക്കാന്‍ അമ്മയെ ശട്ടംകെട്ടി മമ്മി ഓഫീസിലേക്കോടി. പക്ഷേ, ഓഫീസില്‍ ചെന്നപ്പോള്‍ പ്രിയക്കുട്ടിയുടെ മമ്മിയുടെ ഉന്മേഷം പോയി മനസാകെ അസ്വസ്ഥമായി.

പ്രിയക്കുട്ടിയുടെ അമ്മമ്മ ചപ്പാത്തിക്കു മാവുകുഴയ്ക്കുമ്പോള്‍ അവള്‍ക്കും വേണം ഗോതമ്പുരുള. അവള്‍ക്കും ചപ്പാത്തി പരത്തണം. ചപ്പാത്തിപലക ഒന്നേയുള്ളൂ. അതുകൊണ്ട് പ്രിയക്കുട്ടി മാവു പരത്തുന്നത് തറയിലാണ്. അമ്മമ്മ പണിതീര്‍ത്ത് എഴുന്നേല്‍ക്കുന്നതുവരെ പ്രിയക്കുട്ടി ഗോതമ്പുരുള പരത്തിയും ഉരുട്ടിയും പല ആകൃതിയില്‍ വലിച്ചുനീട്ടിയും കളിച്ചുരസിക്കുന്നു. അമ്മമ്മയും പ്രിയക്കുട്ടിയും അരമണിക്കൂര്‍ നേരം സമാധാനപരമാക്കുന്നു.

കുട്ടികളുടെ കുസൃതികളെക്കുറിച്ച് വാതോരാതെ പരാതി പറയുന്ന മാതാപിതാക്കള്‍ ഓര്‍മ്മിക്കേണ്ട കാര്യമുണ്ട്. പണ്ടും കുട്ടികള്‍ കുസൃതിക്കാരായിരുന്നു. ഇന്നും അങ്ങനെ തന്നെ. നാളെയും അങ്ങനെയായിരിക്കും. കുസൃതികളും കുഴപ്പങ്ങളും കാണിക്കാത്ത കുട്ടി ഒരപൂര്‍വ്വ സൃഷ്ടിയായിരിക്കും. കുട്ടികള്‍ കുസൃതി കാണിക്കുമ്പോള്‍, തെറ്റുചെയ്യുമ്പോള്‍ അവരുടെ ഭാഗത്തുനിന്ന് ചിന്തിക്കുക, മനസ്സിലാക്കാന്‍ ശ്രദ്ധിക്കുക. കുട്ടികളുടെ തെറ്റുകളുടെ ലിസ്റ്റ് നിരത്തുമ്പോള്‍ ഓര്‍മ്മിക്കുക, മുതിര്‍ന്നവര്‍ ചെയ്യുന്നതു കണ്ടും കേട്ടുമാണ് കുട്ടികള്‍ പഠിക്കുന്നത്. കുട്ടികള്‍ കുസൃതി കാണിച്ചാല്‍, വഴക്കടിച്ചാല്‍ അതില്‍ അസാധാരണമായി ഒന്നുമില്ല.

കുസൃതിയുടെ ചില കാരണങ്ങള്‍

കുട്ടികള്‍ ഒരു കാര്യം ചെയ്യാന്‍ ആലോചിക്കുമ്പോഴേ അതിനാവശ്യമുള്ള ഊര്‍ജ്ജം ശരീരം പുറപ്പെടുവിച്ചുകഴിയും. ചെയ്യരുതെന്നു നാം പറയുമ്പോള്‍ അതു ചെയ്യാനുള്ള കുട്ടിയുടെ ആഗ്രഹവും, ചെയ്യരുതെന്ന കര്‍ശനനിയന്ത്രണവും തമ്മില്‍ സംഘര്‍ഷം ഉണ്ടാകും. ഈ സംഘര്‍ഷം എങ്ങനെ  കൈകാര്യം ചെയ്യണമെന്നറിയില്ലാതെ കുട്ടികള്‍ വാശിപിടിച്ചു കരയും, വസ്ത്രങ്ങള്‍ വലിച്ചൂരും, അടുത്ത് നില്‍ക്കുന്നവരെ ഉപദ്രവിക്കും, കൈയില്‍കിട്ടുന്നത് എടുത്തെറിയും. സമ്മര്‍ദ്ദം ഒഴുക്കിക്കളയാനുള്ള കുഞ്ഞുമനസ്സിന്‍റെ തന്ത്രമാണിത്. ഇതിനെയാണ് നാം കുസൃതി എന്നു വിളിക്കുന്നത്. ഇതു ഗുരുതരമായ പെരുമാറ്റവൈകല്യമല്ല, ക്രമേണ മാറിവരും.

വൈകാരികബന്ധം

മാതാപിതാക്കളും മക്കളും തമ്മില്‍ നല്ല വൈകാരികബന്ധം വളര്‍ന്നുവന്നില്ലെങ്കില്‍ കുട്ടികള്‍ക്കു നിസ്സഹായതാബോധം ഉണ്ടാകും. ലാളന കുറഞ്ഞും ശാസന കൂടിയും വരുമ്പോള്‍ വൈകാരികമായി കുട്ടികള്‍ പ്രതികരിക്കും. കുട്ടികളുടെ കുസൃതികള്‍ പലപ്പോഴും മുതിര്‍ന്നവരുടെ ശ്രദ്ധ ആകര്‍ഷിക്കാനുള്ള ഒരു കളിയാണ്.

പരീക്ഷണതാല്‍പര്യം

കുട്ടിയുടെ പരീക്ഷണതാല്‍പര്യം കുസൃതികളായി പരിഗണിക്കപ്പെടാറുണ്ട്. ജിജ്ഞാസയുടെ ബാഹ്യലക്ഷണമാണത്. പരീക്ഷണം അപകടകാരികളാണെന്ന മുന്‍വിധി പല മാതാപിതാക്കള്‍ക്കുമുണ്ട്. മനുഷ്യപുരോഗതിയുടെ അടിസ്ഥാനം തന്നെ ജിജ്ഞാസയാണ്. അവരുടെ ജിജ്ഞാസാപ്രകടനവും അനുകരണഭ്രമവും കുസൃതിയെന്ന ലേബലൊട്ടിച്ച് നിസ്സാരവല്‍ക്കരിക്കരുത്. അമ്മയും അച്ഛനും മുതിര്‍ന്നവരും ചെയ്യുന്നത് അവന്‍ ചെയ്യാന്‍ ശ്രമിക്കും. കുട്ടിയുടെ നൈസര്‍ഗിക വാസനയാണത്.

വിശപ്പും ക്ഷീണവും ഉള്ളപ്പോള്‍ കുട്ടികള്‍ കൂടുതല്‍ വികൃതികള്‍  കാണിക്കാന്‍ സാധ്യതയുണ്ട്. യഥേഷ്ടം കളിക്കാനും മറ്റു കുട്ടികളോട് ഇടപഴകാനും അവസരം കിട്ടാത്ത കുട്ടികളിലും കുസൃതി കൂടുതലായി കാണാറുണ്ട്.

അച്ഛന്‍ മകനുമായി പാര്‍ക്കില്‍ സമയം ചെലവഴിക്കുകയായിരുന്നു. ഇതിനിടയില്‍ പലതും അവന്‍ അച്ഛനോട് ആവശ്യപ്പെടുകയും ശാഠ്യം പിടിക്കുകയും ചെയ്തിരുന്നു. അപ്പോള്‍ അച്ഛന്‍ പറയും, 'അടങ്ങ് മാധവാ അടങ്ങ്.' കുറെ നേരമായി അച്ഛന്‍റെയും മകന്‍റെയും സംസാരം ശ്രദ്ധിച്ചിരുന്ന ഐസ്ക്രിം വില്‍പനക്കാരന്‍ അച്ഛനോടു ചോദിച്ചു, "നിങ്ങളുടെ മകന്‍ മാധവന്‍ നിങ്ങള്‍ എന്തു പറഞ്ഞിട്ടും അനുസരിക്കുന്നില്ലല്ലോ.' അപ്പോള്‍ അച്ഛന്‍ പറഞ്ഞു, "അവനല്ല ഞാനാണ് മാധവന്‍. അവനോടല്ല എന്നോടുതന്നെയാണ് ഞാന്‍ അടങ്ങാന്‍ നിര്‍ദ്ദേശിച്ചത്.'

കുട്ടികളുടെ കുസൃതികള്‍ കൈകാര്യം ചെയ്യേണ്ടത് എങ്ങനെയെന്നറിയാതെ വിഷമിക്കുന്ന മാതാപിതാക്കളുണ്ട്. രക്ഷാകര്‍ത്താക്കള്‍ക്ക് അവരുടെ ആത്മനിയന്ത്രണം നഷ്ടപ്പെടുന്ന സാഹചര്യങ്ങള്‍ പലപ്പോഴും മക്കള്‍ സൃഷ്ടിക്കാറുണ്ട്. ആ സമയത്തൊക്കെ മനസ്സിന്‍റെ നിയന്ത്രണം കൈവിട്ടുപോകാതിരിക്കാന്‍ ശ്രദ്ധിക്കണം. സ്വയം നിയന്ത്രിക്കാന്‍ കഴിയുന്നവനേ മറ്റുള്ളവരെ നിയന്ത്രിക്കാനാവൂ. കുസൃതികള്‍ക്ക് ശിക്ഷയല്ല വേണ്ടത്, ശിക്ഷണമാണ്. പല മാതാപിതാക്കളും ശിക്ഷണമല്ല, ശിക്ഷയാണ് നല്‍കുന്നത്. കുട്ടികള്‍ക്കു ശിക്ഷണം നല്‍കുന്നതിന് പട്ടാളഓഫീസറുടെ സ്വരത്തില്‍ അട്ടഹസിച്ച് ആജ്ഞാപിക്കേണ്ട കാര്യമില്ല. ഇന്നതു ചെയ്യണം ഇന്നതു ചെയ്യരുത് എന്നു സൗമ്യമായി പറഞ്ഞാല്‍ മതി. കാര്യവും കാരണവും കൂടി വ്യക്തമാക്കിയാല്‍ ഭേഷായി. അപ്പോള്‍ നാമവരുടെ സ്വാതന്ത്ര്യത്തെ മാനിക്കുന്നു.

ശിക്ഷണത്തിന്‍റെ ലക്ഷ്യം ഭയപ്പെടുത്തലും ശാരീരികമര്‍ദ്ദനവുമല്ല. കുട്ടിക്ക് തന്‍റെ തെററ് മനസ്സിലാകണം. ശരി ഏതാണെന്ന് ചൂണ്ടിക്കാണിക്കുകയുമാവാം. കുട്ടികളെ ശിക്ഷിക്കുംമുന്‍പ് നാം ചില ചോദ്യങ്ങള്‍ സ്വയം ചോദിക്കണം.

1. കുട്ടിക്ക് എന്തു പ്രായമുണ്ട്
2. അവന്‍ എന്താണ് ചെയ്തത്
3. എപ്പോള്‍
4. എവിടെവെച്ച്
5. എന്തുകൊണ്ട്

ഈ ചോദ്യങ്ങള്‍ക്കുത്തരം കിട്ടിയ ശേഷമേ ശിക്ഷിക്കാന്‍ മുതിരാവൂ.

കൊച്ചുകുട്ടികള്‍ക്ക് അവരുടെ പെരുമാറ്റവും ശാരീരികശിക്ഷയും തമ്മിലുള്ള ബന്ധം  മനസ്സിലായിക്കൊള്ളണമെന്നില്ല. അവര്‍ വൃഥാ വേദന തിന്നുന്നതു മാത്രമാകും ഫലം. കുഞ്ഞ് വളര്‍ച്ച പ്രാപിക്കുന്നതിനൊപ്പം പ്രവൃത്തികളും അവയുടെ ഫലങ്ങളും തമ്മിലുള്ള ബന്ധം മനസ്സിലാക്കി തുടങ്ങുന്നു.  ഇതിന് മൂന്നുവയസ്സ് പ്രായമെങ്കിലും ആകണം. അസ്വീകാര്യമായ പെരുമാറ്റത്തിന് ശിക്ഷിക്കുന്നതിനു മുന്‍പ് അവനില്‍നിന്നു തുടര്‍ന്നു പ്രതീക്ഷിക്കുന്ന പെരുമാറ്റം എന്താണെന്നു പറഞ്ഞു മനസ്സിലാക്കേണ്ടതാണ്. വളരുന്നതിനനുസരിച്ച് തെറ്റായ പെരുമാറ്റത്തിന്‍റെ അനന്തരഫലങ്ങള്‍ കൂടി  കുഞ്ഞുങ്ങളെ ബോധിപ്പിക്കാം.

ശിക്ഷണം നല്‍കുന്നതില്‍ മാതാപിതാക്കള്‍ ദൃഢചിത്തരാവണം. പറഞ്ഞാല്‍ പറഞ്ഞതുപോലെ ചെയ്യും എന്ന ബോധ്യം മക്കള്‍ക്കു വേണം. മക്കളെ അച്ഛന്‍ ശിക്ഷണത്തിന്‍റെ ഭാഗമായി ശിക്ഷിക്കുമ്പോള്‍ അമ്മ അച്ഛനോടു ചേര്‍ന്നു നില്‍ക്കണം. മക്കളുടെ ഭാഗത്തുനിന്ന് ക്ഷമയ്ക്കുവേണ്ടി യാചിക്കുന്നതും കുട്ടികളെ ശിക്ഷിച്ചാല്‍ അവര്‍ തങ്ങളെ വെറുക്കുമോയെന്ന ഭയത്താല്‍ സാരമില്ലായെന്ന് പറയുന്നതും ശരിയല്ല. ശിക്ഷ നല്‍കുന്നതില്‍ ദൃഢചിത്തരും വിവേകശാലികളുമായ മാതാപിതാക്കളെ കുട്ടികള്‍ ബഹുമാനിക്കും. സ്നേഹവാത്സല്യങ്ങള്‍ ബാല്യകാലത്തെ ലഭ്യമാക്കിയാല്‍ കുസൃതിയുടെ വേരുകള്‍ താനേ അറ്റുപോകും.  

You can share this post!

തപസ്സ്

സഖേര്‍
അടുത്ത രചന

സമീറ നിര്‍മമത

സഖേര്‍
Related Posts