news-details
സാമൂഹിക നീതി ബൈബിളിൽ

വടക്കന്‍ രാജ്യമായ ഇസ്രായേലില്‍ ഹോസിയാ പ്രവാചകദൗത്യം നിര്‍വ്വഹിച്ച കാലഘട്ടമായ, ബി.സി. എട്ടാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയില്‍ തെക്കന്‍രാജ്യമായ യൂദായില്‍ പ്രസംഗിച്ച രണ്ടു പ്രവാചകന്മാരാണ് ഏശയ്യായും മിക്കായും. വിശുദ്ധിയുടെ പ്രവാചകന്‍ എന്നാണ് ഏശയ്യാ അറിയപ്പെടുന്നതെങ്കിലും വിശുദ്ധിയുടെ അടിത്തറ നീതിയാണെന്ന് അദ്ദേഹം ഉറക്കെ പ്രഘോഷിച്ചു. ദൈവത്തിന്‍റെ പരമപരിശുദ്ധമായ സാന്നിദ്ധ്യത്തിലേക്ക് ഒരു ദര്‍ശനത്തിലൂടെ പ്രവേശനം ലഭിച്ച ഏശയ്യാ തന്‍റെയും തന്‍റെ സമൂഹത്തിന്‍റെയും പാപാവസ്ഥയെക്കുറിച്ച് ഉള്ളിലുണര്‍ന്ന അവബോധത്താല്‍ ഭയന്നുവിറച്ചു: "എനിക്കു ദുരിതം, ഞാന്‍ നശിച്ചു. എന്തെന്നാല്‍ ഞാന്‍ അശുദ്ധമായ അധരങ്ങളുള്ളവനും അശുദ്ധമായ അധരങ്ങളുള്ളവരുടെ മധ്യേ വസിക്കുന്നവനുമാണ്" (ഏശ. 6:5).

അശുദ്ധമായ ഹൃദയമാണ് അധരങ്ങളെ അശുദ്ധമാക്കുന്നത്. പാപാവസ്ഥയുടെ ആലങ്കാരികമായ ഒരു വര്‍ണ്ണനയായി ഇതിനെ കാണണം. എന്താണ് ജനത്തിന്‍റെ പാപാവസ്ഥയെന്ന് ആദ്യ അധ്യായത്തില്‍ത്തന്നെ ഏശയ്യാ വ്യക്തമായി ചിത്രീകരിക്കുന്നുണ്ട്. "തിന്മ നിറഞ്ഞ രാജ്യം. അനീതിയുടെ ഭാരം വഹിക്കുന്ന ജനം... അവര്‍ കര്‍ത്താവിനെ പരിത്യജിച്ചു. ഇസ്രായേലിന്‍റെ പരിശുദ്ധനെ നിന്ദിച്ചു. എന്നില്‍നിന്നു തീര്‍ത്തും അകന്നുപോയി" (ഏശ. 1, 4). ഉത്സവാഘോഷങ്ങളും ബലിയര്‍പ്പണങ്ങളും കര്‍ത്താവിനു സ്വീകാര്യമല്ല എന്നു തറപ്പിച്ചു പറഞ്ഞതിനുശേഷം എന്താണ് ദൈവം ആഗ്രഹിക്കുന്നത്, എങ്ങനെയാണ് കര്‍ത്താവിലേക്കു മടങ്ങിവന്ന് രമ്യതപ്പെടാന്‍ കഴിയുക എന്ന് ഏറ്റം വ്യക്തമായ രീതിയില്‍ പ്രവാചകന്‍ വിവരിക്കുന്നു: "നിങ്ങളെത്തന്നെ കഴുകി വൃത്തിയാക്കുവിന്‍... അകൃത്യങ്ങള്‍ അവസാനിപ്പിക്കുവിന്‍. നന്മ പ്രവര്‍ത്തിക്കാന്‍ ശീലിക്കുവിന്‍. നീതി അന്വേഷിക്കുവിന്‍" (ഏശ. 1, 16).

എന്താണ് നീതിയുടെ പ്രവര്‍ത്തനം, എങ്ങനെയാണ് നീതി അന്വേഷിക്കേണ്ടത് എന്ന് ആനുകാലിക യാഥാര്‍ത്ഥ്യങ്ങളുടെയും അനുദിന ജീവിതത്തിന്‍റെയും വെളിച്ചത്തില്‍ എണ്ണിപ്പറയുന്നു: "മര്‍ദ്ദനം അവസാനിപ്പിക്കുവിന്‍. അനാഥരോടു നീതി ചെയ്യുവിന്‍. വിധവകള്‍ക്കു വേണ്ടി വാദിക്കുവിന്‍" (ഏശ 1,17). സമൂഹത്തിലെ ഏറ്റം താഴേക്കിടയിലുള്ള, സംരക്ഷിക്കാനോ സഹായിക്കാനോ ആരുമില്ലാത്ത, പാവപ്പെട്ടവരുടെ പര്യായമാണ് അനാഥരും വിധവകളും. അവര്‍ക്കു നല്കുന്ന സംരക്ഷണം അവര്‍ക്കു നടത്തിക്കൊടുക്കുന്ന നീതി - അതാണ് സാമൂഹ്യനീതിയുടെ അടിത്തറയും മാനദണ്ഡവും. ഇതില്ലാത്ത യാതൊരു വിധ മതാനുഷ്ഠാനങ്ങളും ദൈവത്തിനു പ്രീതികരമാവില്ല. ജനത്തിനു പാപമോചനം നല്കുകയുമില്ല.

നഗരത്തില്‍ സകല വിലങ്ങുകളും തകര്‍ത്ത് അഴിഞ്ഞാടുന്ന അനീതിയുടെ ഭീകരത ഏശയ്യാ വരച്ചുകാട്ടുന്നു: "വിശ്വസ്തനഗരം വേശ്യയായതെങ്ങനെ?  അവളില്‍ ഇന്നു കൊലപാതകികളാണ് വസിക്കുന്നത്. നിന്‍റെ വീഞ്ഞില്‍ വെള്ളം കലര്‍ത്തിയിരിക്കുന്നു... നിന്‍റെ പ്രഭുക്കന്മാര്‍  കലഹപ്രിയരാണ്. അവര്‍ കള്ളന്മാരോടു കൂട്ടുചേരുന്നു. സകലരും കോഴ കൊതിക്കുന്നു. സമ്മാനത്തിന്‍റെ പിന്നാലെ പായുന്നു. അവര്‍ അനാഥരുടെ പക്ഷത്തു നില്ക്കുകയോ വിധവകളുടെ അവകാശം പരിഗണിക്കുകയോ ചെയ്യുന്നില്ല" (ഏശ 1,23). അനാഥരെയും വിധവകളെയും പട്ടികയുടെ അവസാനത്തില്‍ അവതരിപ്പിച്ചുകൊണ്ട് ജനത്തില്‍ നിലനില്ക്കുന്ന അനീതിയുടെ കാഠിന്യം വ്യക്തമാക്കിയ ശേഷം പ്രവാചകന്‍ ഒരു സ്വപ്നമെന്നപോലെ പറയുന്നു; "സീയോന്‍ നീതി (മിഷ്പാത്ത്) കൊണ്ട് വീണ്ടെടുക്കപ്പെടും. അവിടെ അനുതപിക്കുന്ന എല്ലാവരും ധര്‍മ്മനിഷ്ഠ (സ്ദാഖാ) കൊണ്ടും" (ഏശ 1, 27). സമൂഹത്തില്‍ നിലനില്ക്കേണ്ട, നിലനിര്‍ത്തേണ്ട, അവശ്യഗുണങ്ങളാണ് നീതിയും ധര്‍മ്മനിഷ്ഠയും. അതുണ്ടെങ്കിലേ ഇസ്രായേല്‍ ദൈവജനമാകൂ; അതു കൂടാതെ ആര്‍ക്കും ദൈവപ്രീതി ലഭ്യമാവില്ല.

ഇസ്രായേല്‍ മാത്രമല്ല സകല മനുഷ്യരും, ലോകജനതകള്‍ മുഴുവനും ഏറ്റം കൂടുതല്‍ ആഗ്രഹിക്കുന്ന ഒന്നാണല്ലോ സമാധാനം. അതിനുവേണ്ടിയുള്ള യത്നങ്ങള്‍ എന്നും ശക്തമായിരുന്നു. പക്ഷേ പലപ്പോഴും തെറ്റായ മാര്‍ഗങ്ങളിലൂടെയാണ് മനുഷ്യന്‍ സമാധാനം അന്വേഷിക്കുന്നത്. "നീ സമാധാനം ആഗ്രഹിക്കുന്നെങ്കില്‍ യുദ്ധത്തിന് ഒരുങ്ങിയിരിക്കുക" ( Sivis pacem, prepara bellum) എന്നൊരു റോമന്‍ പഴഞ്ചൊല്ലാണ് മനുഷ്യന്‍ ഇന്നും അനുസരിക്കുന്നതെന്നു തോന്നും. ഇതിനെ തിരുത്തിക്കുറിക്കുന്നതായിരുന്നു പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ പ്രസിദ്ധമായ ആപ്തവാക്യം: "നീ സമാധാനം ആഗ്രഹിക്കുന്നെങ്കില്‍ സമാധാനം ഒരുക്കുക" (Si vis pacem, prepara pacem). എങ്ങനെയാണ് സമാധാനത്തിന് ഒരുങ്ങുക? എങ്ങനെയാണ് ഭൂമിയില്‍ ശാശ്വതമായ സമാധാനം സാധ്യമാവുക? ഇരുപത്തെട്ടു നൂറ്റാണ്ടുകള്‍ക്കു മുമ്പേ ഏശയ്യായിലൂടെ ദൈവം ഉത്തരം നല്‍കിയിട്ടുണ്ട്.

"നീതിയുടെ ഫലമായിരിക്കും സമാധാനം. നീതിയുടെ പരിണിതഫലം പ്രശാന്തതയും" (ഏശ 32, 17). രണ്ടു തവണയും "സ്ദാഖാ" എന്ന ഹീബ്രു വാക്കാണ് "നീതി" എന്നു വിവര്‍ത്തനം ചെയ്തിരിക്കുന്നത്. ദൈവിക നിയമമനുസരിച്ച് ദൈവത്തോടും സഹജീവികളോടും സൃഷ്ടപ്രപഞ്ചത്തോടും തന്നോടു തന്നെയും ഉള്ള കടമകള്‍ നിര്‍വ്വഹിക്കാനുള്ള ഉത്തരവാദിത്വമാണ് നീതി അഥവാ ധര്‍മ്മനിഷ്ഠ. നീതി പ്രവര്‍ത്തിക്കാതെ സമാധാനം സാധ്യമല്ല എന്ന് എത്രയോ ദുരന്തങ്ങള്‍ നമുക്ക് കാട്ടിത്തരുന്നു. ഇന്നു ലോകത്തെ മുഴുവന്‍ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഇസ്ലാമിക ഭീകരവാദത്തിനു പിന്നിലും കഠിനവും ക്രൂരവുമായ നീതിനിഷേധമില്ലേ എന്ന് ആഗോള സമൂഹം നെഞ്ചില്‍ കൈവച്ച് ആത്മശോധന ചെയ്യാനുള്ള കാലം അതിക്രമിച്ചു കഴിഞ്ഞു. നിഷേധിക്കപ്പെട്ട നീതി ലഭിക്കാതെ അക്രമത്തിന് അറുതിയുണ്ടാവില്ല. സമാധാനം നീതിയുടെ ഫലമാണെന്നു പഠിപ്പിക്കാന്‍ ഇനിയും എത്ര എശയ്യാമാര്‍ കടന്നുവരണം!

പ്രവാചകന്മാര്‍ മുന്‍കൂട്ടി അറിയിച്ച സകല ശിക്ഷകളും ഏറ്റുവാങ്ങി ശുദ്ധീകരിക്കപ്പെട്ട ജനം ബാബിലോണ്‍ പ്രവാസത്തില്‍ നിന്നു മടങ്ങിവന്നു. ദൈവകോപത്തിന്‍റെ കാഠിന്യവും ദൈവസ്നേഹത്തിന്‍റെ ഊഷ്മളതയും അനുഭവിച്ചറിഞ്ഞ അവര്‍ മടങ്ങിവന്നപ്പോള്‍ പഴയകാര്യങ്ങള്‍ വീണ്ടും മറന്നു. ദൈവകല്പനകള്‍ അനുസരിച്ച് നീതി പ്രവര്‍ത്തിക്കാന്‍ അവരെ പ്രേരിപ്പിക്കാന്‍ വേണ്ടി അയച്ച പ്രവാചകനാണ് "മൂന്നാം ഏശയ്യാ" എന്ന പേരില്‍ ബൈബിള്‍ പഠിതാക്കള്‍ വിളിക്കുന്ന പേരില്ലാത്ത പ്രവാചകന്‍. ഏശ. 56-66 ല്‍ അദ്ദേഹത്തിന്‍റെ പ്രബോധനങ്ങള്‍ കാണാം.

പ്രവാചകന്‍ തുടങ്ങുന്നതു തന്നെ നീതിക്കുവേണ്ടിയുള്ള ആഹ്വാനത്തോടെയാണ്: "കര്‍ത്താവരുളിച്ചെയ്യുന്നു ന്യായം (മിഷ്പാത്ത്) പാലിക്കുവിന്‍; നീതി (സ്ദാഖാ) പ്രവര്‍ത്തിക്കുവിന്‍. ഞാന്‍ രക്ഷ നല്കാന്‍ പോകുന്നു. കാലഘട്ടവും സാഹചര്യങ്ങളും മാറിയെങ്കിലും പ്രവാചകാഹ്വാനത്തില്‍ മാറ്റമില്ല. കാരണം സ്ഥലകാലങ്ങള്‍ക്കതീതമായ, മാറ്റമില്ലാത്ത ദൈവവചനമാണ് പ്രവാചകര്‍ പ്രഘോഷിക്കുന്നത്. കര്‍ത്താവു നല്കുന്ന രക്ഷ അനുഭവവേദ്യമാകണമെങ്കില്‍ നീതി പ്രവര്‍ത്തിച്ചേ മതിയാകൂ.

മതാചാരങ്ങളെയും അനുഷ്ഠാനങ്ങളെയും മുഖംമൂടിയാക്കി അനീതിയില്‍ തുടരുന്നവര്‍ക്കെതിരേ  കര്‍ശനമായ താക്കീതുകള്‍ നല്കിയതിനു ശേഷം എന്താണ് ദൈവം ആഗ്രഹിക്കുന്നതെന്ന് പ്രവാചകന്‍ 

You can share this post!

ഭാവിയിലെ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍മാര്‍

അജി ജോര്‍ജ്
അടുത്ത രചന

സ്മൃതി ബോബി

ജോസ് കട്ടികാട
Related Posts