news-details
കാലികം.

കഥകള്‍ തിരുത്തി പറയുന്ന ഭരണകൂടം

കഥയാണ് മനുഷ്യന്‍റെ ഏറ്റവും മൗലികമായ സംവേദന രീതി. കഥയിലെ കളിയും, കാര്യവും കുഞ്ഞുന്നാള്‍ മുതല്‍ മരണം വരെ മനുഷ്യന്‍ കേള്‍ക്കും, ഉള്‍ക്കൊളളും, ജീവിക്കും. അതുകൊണ്ടായിരിക്കണം കഥ തിരുത്തിയെഴുതുക ഏതൊരു ഭരണകുടത്തിന്‍റെയും ആവേശമാണ്. ഫാസിസ്റ്റ് പ്രവണതകളുളള നവലിബറല്‍ ഭരണക്കുടങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ആവേശം കൂടുമെന്നതും സത്യം. ഇത്തരുണത്തില്‍ ഭാരതത്തിലെന്തു നടക്കുന്നു എന്നൊരു അന്വേഷണം സംഗതമാണ്.

ഭാദ്രിയിലെ ബിഷാഭ ഗ്രാമത്തില്‍ തുടങ്ങാം. ഒന്‍പതു മാസങ്ങള്‍ക്കു മുന്‍പ് മൊഹമ്മദ് അഗ്ലക് എന്ന മനുഷ്യനെയും കുടുംബത്തെയും പശു ഇറച്ചി ഫ്രിഡ്ജില്‍ വച്ചിരുന്നു എന്നാരോപിച്ച് ക്രൂരമായി ആക്രമിക്കുകയും, അവസാനം ആ മനുഷ്യന്‍റെ മരണത്തില്‍ കലാശിക്കുകയും ചെയ്തു. അന്നു ലബോറട്ടറി പരീക്ഷണങ്ങള്‍ പറഞ്ഞു. 'അതു മാട്ടിറച്ചിയായിരുന്നു'. ഒന്‍പതു മാസങ്ങള്‍ക്കു ശേഷം ഇതാ മറ്റൊരു റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നു. അതു പശുവിറച്ചി തന്നെയായിരുന്നു. കഥ മാറ്റി എഴുതിയിരിക്കുന്നു. ഫലമോ? മഹാ പഞ്ചായത്തു കൂടുന്നു. വന്യമായ നീതി നിര്‍വ്വഹണത്തിനായി മുറവിളി കൂട്ടുന്നു. ശാന്തമായിരുന്ന ഒരു ഗ്രാമം ഇന്നു ഏതു നേരവും പൊട്ടി തെറിയ്ക്കാമെന്ന നിലയിലായിരിക്കുന്നു. കഥയുടെ ശക്തി.

2016 ജൂണ്‍ എട്ടിലെ അമേരിക്കന്‍ കോണ്‍ഗ്രസിന്‍റെ സംയുക്ത സമ്മേളനത്തില്‍ നമ്മുടെ പ്രധാനമന്ത്രി മറ്റൊരു കഥ പറഞ്ഞു. 'ആധുനിക ഭാരതം അതിന്‍റെ 70-ാം വയസ്സിലാണ്. എന്‍റെ സര്‍ക്കാരിന് ഭരണഘടനയാണ് യഥാര്‍ത്ഥ വിശുദ്ധ പുസ്തകം. ആ വിശുദ്ധ പുസ്തകത്തില്‍ വിശ്വാസ സ്വാതന്ത്ര്യം, വോട്ടും ചെയ്യാനും, അഭിപ്രായം പ്രകടിപ്പിക്കാനുമുളള സ്വാതന്ത്ര്യം, ഏതു തുറയിലാണെങ്കിലും എല്ലാ പൗരന്മാരുടെയും സമത്വം എന്നിവ മൗലികാവകാശങ്ങളായി പ്രതിഷ്ഠിക്കപ്പെട്ടി രിക്കുന്നു. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ വോട്ടു ചെയ്യുന്ന ഭാരത പൗരന്മര്‍ കേവലം 800 ദശലക്ഷമായിരിക്കാം. പക്ഷേ, 125 കോടി ഭാരത പൗരന്മാരും ഭയരഹിതരായി ഓരോ നിമിഷവും ജീവിക്കുന്നു'.

ഈ കഥ കേള്‍ക്കുമ്പോള്‍ ന്യായമായ ചില സംശയങ്ങള്‍ ബാക്കി നില്‍ക്കുന്നു. ഭാദ്രിയിലെ അഹ്ളകിന്‍റെ കുടുംബവും, ഗുജറാത്തിലെ അനേകായിരം മുസ്ലീം കുടുംബങ്ങളും, ഇന്ത്യയിലെമ്പാടുമുളള ദളിതരും, ഏതു നേരവും കുടിയൊഴിക്കപ്പെട്ടേക്കും എന്നു ഭയന്നു ജീവിക്കുന്ന ആദിവാസികളും ഈ 125 കോടിയില്‍ പെടുന്നവരല്ലേ? ദേശീയതയെപ്പറ്റിയുളള വാദപ്രതിവാദങ്ങളും, ജെ. എന്‍. യു വിലെ അനിഷ്ടസംഭവങ്ങളും നടന്ന കാലത്ത് ഭാരത സര്‍ക്കാരിന്‍റെ മൂക്കിനു കീഴില്‍ വിദ്യാര്‍ത്ഥികളും, അദ്ധ്യാപകരും, വക്കീലന്മാരും ക്രൂരമായി ആക്രമിക്കപ്പെട്ടപ്പോള്‍ ഒന്നും മിണ്ടാതിരുന്നതാണോ ഭയരഹിത ഭാരതത്തിന്‍റെ നേതാവിന്‍റെ വലിമ? നാല്‍പത്തിയഞ്ചു മിനിട്ടു നീണ്ട നിന്ന ആ പ്രസംഗത്തില്‍ അഞ്ചു വട്ടം 'എണീറ്റു നിന്നുളള കയ്യടി' (Standing Ovation) നേടിയ പ്രധാനമന്ത്രിയുടെ കഥയിലെ വിടവുകള്‍ ആരെങ്കിലുമൊക്കെ ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു. 'രാജാവ് നഗ്നനാണ്'.

മറ്റൊരു കഥയാണ്, ഭാരതം വികസിക്കുകയാണെന്ന്. 7.6 ശതമാനം വളര്‍ച്ചയോടെ ലോകശ്രദ്ധ പിടിച്ചു പറ്റാന്‍ ശ്രമിക്കുന്ന ഭാരത വികസനത്തിന്‍റെ കഥ. വാദ ന തോഡോ അദ്യാന്‍ (Wada Na Todo Abhiyan) എന്നൊരു സന്നദ്ധ സംഘടനയുടെ റിപ്പോര്‍ട്ടനുസരിച്ച് കഥ വ്യത്യസ്തമാണ്. സര്‍ക്കാര്‍ കണക്കുകള്‍ ഉദ്ധരിച്ച് 16 മേഖലകളില്‍ ബി.ജെ.പി. സര്‍ക്കാരിന്‍റെ രണ്ടു വര്‍ഷത്തെ പ്രകടനം വിലയിരുത്തുന്നു. അവരുടെ വിലയിരുത്തലില്‍, സാമൂഹ്യരംഗത്ത് ഇതിനു മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത വിധത്തില്‍ ചിലവു കുറയുന്നതായി കാണുന്നു. ആരോഗ്യം, വിദ്യാഭ്യാസം, പൊതു സൗകര്യങ്ങള്‍ (Civic amerities) എന്നിവയില്‍ പിന്നോക്കം പോകുന്നു. ഈ മേഖലകളിലെ വര്‍ദ്ധിച്ചു വരുന്ന സ്വകാര്യവല്‍ക്കരണം ഒഴിവാക്കാന്‍ പോകുന്നത് ദളിതരെയും മറ്റു പാര്‍ശ്വവല്‍ക്കിക്കപ്പെട്ടവരെയും ആണ്. മേല്‍പ്പറഞ്ഞ റിപ്പോര്‍ട്ടനുസരിച്ച്, സര്‍ക്കാരിന്‍റെ  പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവ രോടുളള വാഗ്ദാനങ്ങള്‍  എന്തുമാത്രം പൂര്‍ത്തീകരിക്കപ്പെട്ടു എന്നതായിരുന്നു അവരുടെ അന്വേഷണം. പ്രധാനമായും 'സ്വച്ഛ്ഭാരത് അഭ്യാന്‍', 'ബേട്ടി ബച്ചാവോ-ബേട്ടിപഠാവോ അഭ്യാന്‍', 'ജന്‍ധന്‍ യോജന', 'സ്കില്‍ ഇന്ത്യാ',  'മേക്ക് ഇന്‍ ഇന്ത്യ' തുടങ്ങിയ പദ്ധതികളാണ് സാമൂഹ്യ വികസനത്തിനായി പ്രഖ്യാപിക്കപ്പെട്ടത്. ഈ പദ്ധതികളെല്ലാം പൊതു ഭാവനയെ (Public imagination) ആകര്‍ഷിച്ചു എന്നതും ശരിതന്നെ. പക്ഷേ അവയുടെ ഫലങ്ങള്‍ നിരീക്ഷിക്കുമ്പോള്‍ തികച്ചും നിരാശാജനകമാണെന്നു ഈ റിപ്പോര്‍ട്ട് സമര്‍ത്ഥിക്കുന്നു. വിവിധ ഡിപ്പാര്‍ട്ടമെന്‍റുകളുടെ പിന്നില്‍ കൂട്ടിച്ചേര്‍ത്ത വ്യക്തമായ ഫണ്ടുകള്‍ മാറ്റി വയ്ക്കാതെയുളള ഈ പദ്ധതികള്‍ക്ക് സ്ഥായിയായ എന്തെങ്കിലും മാറ്റമുണ്ടാക്കാനാവുമോ എന്ന സംശയം ബാക്കിനില്ക്കുന്നു. 'സ്വച്ഛ് ഭാരത്' കൊട്ടി  ഘോഷിക്കപ്പെടുമ്പോഴും അതിനായി ജോലി ചെയ്യുന്ന 'സഫായ് കര്‍മ്മചാരികളുടെ സ്ഥിതി എന്താണ്? കോണ്‍ട്രാക്ടില്‍ എഴുത്തു ജോലി ചെയ്യിക്കുന്നവരുടെ അരക്ഷിതാവസ്ഥ എങ്ങിനെ നേരിടും?

സാഗരിക ഘോസ് എന്നൊരു നിരീക്ഷക സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷിക ആഘോഷങ്ങള്‍ വിലയിരുത്തിക്കൊണ്ടു പറഞ്ഞു; 'രണ്ടാം വാര്‍ഷിക ആഘോഷങ്ങളില്‍ എന്തോ അത്യന്താപേക്ഷിതമായതു ഒഴിവാക്കിയിരിക്കുന്നു. ഈ ഭരണകൂടം ഡിജിറ്റല്‍ വെര്‍ട്ടിഗോ (തലചുറ്റല്‍) യ്ക്കു വിധേയരാണേ? ഒരു Virtual reality ലോകത്തു മുങ്ങിക്കിടക്കുകയും, യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നു ഒളിച്ചു മാറുകയുമാണോ? വികസനമാണ് എല്ലാമെല്ലാം. എന്നാല്‍ ഈ സര്‍ക്കാരിന്‍റെ സാമൂഹിക അജണ്ട (Social agenda) എന്താണെന്ന് ഒരു വ്യക്തതയുമില്ല. ഹിന്ദു മുസ്ലീം ബന്ധങ്ങളെപ്പറ്റിയോ, 377-ാം അനുച്ഛേദത്തെപ്പറ്റിയോ, മദ്യനിരോധനത്തെപ്പറ്റിയോ, ബീഫ് നിരോധനത്തെപ്പറ്റിയോ, സാമൂഹ്യ പ്രവര്‍ത്തകരെ വിമാനത്തില്‍ നിന്നിറക്കി വിടുന്നതിനെപ്പറ്റിയോ, വിമര്‍ശനങ്ങളെ നേരിടുന്ന രീതികളെപ്പറ്റിയോ ഒന്നുമേ വാതുറക്കാത്ത ഒരു സി. ഇ. ഓ (CEO) ആണ് ഭാരതത്തെ നയിക്കുന്നത്.

എല്ലാ വിമര്‍ശനങ്ങളെയും, ഇഷ്ടപ്പെടാത്ത വാര്‍ത്തകളെയും ഒഴിവാക്കുന്ന ഒരു ഭരണകൂടം എങ്ങിനെ ജനകീയമാകും. ഫെയ്സ്ബുക്കില്‍ ഇഷ്ടമില്ലാത്ത ഒരു റിമാര്‍ക്കു വന്നാല്‍ അറസ്റ്റ് വാറണ്ട്, അല്ലെങ്കില്‍ സ്ഥലം മാറ്റം, ഇതൊക്കെ നിലനില്ക്കെ, ഭയരഹിതരായി 125 കോടി ജനങ്ങള്‍ ഇന്ത്യയില്‍ ജീവിക്കുന്നു എന്നു വിദേശത്തു പോയി പ്രസംഗിക്കുമ്പോള്‍ കഥ പറയുന്നവര്‍ മനസ്സിലാക്കുന്നില്ലെങ്കില്‍ കഥ കേള്‍ക്കുന്നവരെങ്കിലും ശ്രദ്ധാലുക്കളാകേണ്ടിയിരിക്കുന്നു.
മറ്റൊരു കഥ ഗുജറാത്ത് മോഡലിന്‍റെതാണ്. ഗുജറാത്ത് ഒരു വികസിത സംസ്ഥാനമാണ്. അതിന്‍റെ പിന്നിലുളള മാതൃക മോദിയും, ബി. ജെ. പിയും സൃഷ്ടിച്ചതാണ്. ആ മാതൃക ഭാരതം മുഴുവന്‍ പ്രചരിപ്പിക്കണം എന്നതാണല്ലോ ഇപ്പോഴത്തെ അജണ്ട. വിമര്‍ശനാത്മകമായ പഠനങ്ങള്‍ കാണിക്കുന്നത് വെറും നാമമാത്രമായ വളര്‍ച്ച പബ്ലിസിറ്റി കൊണ്ടു വലിയ നേട്ടമായി കാട്ടി എന്നതാണ്. പ്രൊഫസ്സര്‍ ഗാട്ടക് തന്‍റെ ഒരു ലേഖനത്തില്‍ ഇപ്രകാരം വിലയിരുത്തി. 'ഗുജറാത്തിന്‍റെ സാമ്പത്തിക വളര്‍ച്ച കഴിഞ്ഞ മൂന്നു ദശകങ്ങളില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് നല്ലതാണെങ്കിലും രണ്ടായിരത്തിനുശേഷം ഉളള വളര്‍ച്ച പ്രത്യേകിച്ചും മോദിയുടെ സാമ്പത്തിക നയങ്ങളെപ്പറ്റിയുളള അത്യാഹ്ലാദവും, ശൂഭാപ്തി വിശ്വാസവും ന്യായീകരിക്കപ്പെടാവുന്നതല്ല. മാദ്ധ്യമങ്ങളില്‍ ഈ മോഡല്‍ നിറഞ്ഞു നിന്നു എന്നതു സത്യം. എന്നാല്‍ മറ്റു മാതൃകകള്‍ ഇതേ പോലെ സാംഗത്യമുളളതാണ്. ബീഹാറിലെയും, തമിഴ്നാട്ടിലെയും, മഹാരാഷ്ട്രയിലെയും, കേരളത്തിലെയുമടക്കം.

വേറൊരു കഥ. ദേശീയതയും, ദേശസ്നേഹവും നാടുനിറഞ്ഞ നാടുകളായിരുന്നു, അടുത്ത കാലം. ആരാണ് ദേശസ്നേഹി? 'ഭാരതമാതാ കീ ജയ്' വിളിക്കാത്തവരെല്ലാം ദേശ ദ്രോഹികളാണെന്നും, അങ്ങനെയുളളവരെ നാടുകടത്തണമെന്നു വരെ അലമുറയിടുന്നവരുടെ സ്വരം കെട്ടടഞ്ഞിട്ടില്ല. ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലും, ജെ. എന്‍. യുവിലും നടന്ന നാടകങ്ങള്‍ കഥയുടെ ഒരു മുഖ്യ തീം തന്നെയാണ്. നാടു നീളെ ഇത്തരമൊരു ദേശീയതാവാദത്തിനെതിരെ പ്രതിഷേധങ്ങളുയര്‍ന്നു എന്നത് കഥയുടെ പൊരുളറിയുന്നവരും ഈ നാട്ടിലുണ്ട് എന്നതിന്‍റെ സൂചനയാണ്. ദേശീയതയുടെ ചര്‍ച്ചകള്‍ക്കിടയില്‍ ഒരു നിരീക്ഷകന്‍ ചോദിച്ചു 'ബി. ജെ. പി യുടെ ധാരണയനുസരിച്ച് ഏതാണ് കൂടുതല്‍ ദേശ ദ്രോഹം - ഭാരത മാതാ കീ ജയ് എന്നു വിളിക്കാത്തതോ? ഒരു സംസ്ഥാനം വിലപ്പെട്ട നദീജലം അയല്‍വക്ക സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കാത്തതോ?' അകാലിദളുമായി കൂട്ടു ഭരണം നടത്തുന്ന ബി. ജെ. പി ക്ക്, പഞ്ചാബ് കാണിച്ച നിഷേധം ദേശദ്രോഹമായിരുന്നില്ല എന്നതു ഈ കഥയിലെ വൈരുദ്ധ്യം.

ഒരു കഥ കൂടി പറഞ്ഞവസാനിപ്പിക്കാം. വെറുപ്പു സൃഷ്ടിക്കാന്‍ വേണ്ടിയുളള പ്രസംഗങ്ങള്‍ (Hate speech) ഉണ്ടാക്കുന്ന കഥകള്‍. മോദി അധികാരത്തില്‍ വന്നതിനു ശേഷം, സര്‍വ്വസ്വാതന്ത്ര്യത്തോടെയും, ഭയരഹിതമായും സമുദായങ്ങള്‍ തമ്മില്‍ അകല്‍ച്ച സൃഷ്ടിക്കാനായി ബോധപൂര്‍വ്വം നാടുനീളെ പ്രസംഗിക്കുകയാണ് അഥവാ പുതിയ കഥകള്‍ പറയുകയാണ്. ഒവാസി, പ്രവീണ്‍ തൊഗാഡിയ, സുബ്രമണ്യം സ്വാമി, സാധ്വി നിരജന്‍ ജോതി, സാധ്വി പ്രാച്ചി, സാക്ഷി മഹാരാജ്, യോഗി ആദിത്യനാഥ്, സഞ്ചയ് റാവത്ത്, ശശികല ടീച്ചര്‍ തുടങ്ങി എത്രയെത്ര കഥാ പ്രസംഗികര്‍. മദര്‍ തെരേസയെ പോലെയുളളവരെപ്പോലും വഞ്ചകരാക്കുന്ന കഥകള്‍.  ഘര്‍വാപസി നിര്‍ബ്ബന്ധിത മതം മാറ്റമല്ലാതാക്കുന്ന കഥകള്‍. അവരുടെ കഥകള്‍ക്ക് ഒരു പൊതു സന്ദേശമുണ്ട്. മറ്റു സമുദായങ്ങളെ വെറുക്കുക 'പാക്കിസ്ഥാനിലേക്കു പോകൂ.' രണ്ടാം പൗരന്മാരായി ജീവിക്കു' എന്നിങ്ങനെ അവസാനിക്കുന്നു ഇവരുടെ കഥകള്‍.

ഒരു പട്ടിയെ കൊല്ലണമെങ്കില്‍ അതിനെ പേപ്പട്ടി എന്നു വിളിച്ചാല്‍ മതി. ബ്രാഹ്മണന്‍റെ ആടിനെ പട്ടിയാക്കിയാല്‍ മോഷണം അനായാസമാകും. കഥകള്‍ മാറ്റി എഴുതി. ഭരണകൂടം ചില വിഭാഗങ്ങളെ ഉന്മൂലനം ചെയ്യുകയാണ്. മനുഷ്യത്വം ബലി കഴിക്കുകയാണ്. തിരിച്ചറിയാനും തിരുത്തിയെഴുതപ്പെടുന്ന കഥകള്‍ വിവേചിച്ചറിയാനും, വെല്ലുവിളിക്കാനും ആയില്ലെങ്കില്‍ ഭാവി ഭീകരമാകും.

You can share this post!

അന്ധതയ്ക്ക് എന്തൊരു സുഖം!

ഷാജി കരിംപ്ലാനില്‍
അടുത്ത രചന

പരിഹസിക്കപ്പെട്ട ദൈവവും ക്രൈസ്തവ പൗരുഷവും

ഫാ. ജോസ് വള്ളിക്കാട്ട്
Related Posts