news-details
മറ്റുലേഖനങ്ങൾ

ചോരചിന്തിയ വിനോദങ്ങള്‍

മനുഷ്യജീവന്‍ പോരാടി പിടയുന്നത് കണ്ടു രസിക്കുന്ന വിനോദ ഉപാധിയുടെ ഭീകരരൂപമായിരുന്നു പ്രാചീന റോമിലെ കൊളോസിയത്തില്‍ നടന്നിരുന്ന മനുഷ്യനും വന്യമൃഗങ്ങളുമായുള്ള പോരാട്ടം.  കോഴിപ്പോരുകളും കാളപ്പോരുകളും കൊണ്ട് തമിഴ്നാട്ടിലെ ഗ്രാമങ്ങള്‍ നിര്‍വൃതി പൂണ്ടപ്പോള്‍ കുടിപ്പകയുടെയും പടകുറുപ്പന്മാരുടെയും നാടായ കണ്ണൂരില്‍ കോഴികള്‍ക്ക് പകരം മനുഷ്യര്‍തന്നെ പോരാടി. പരസ്പരം പോരടിച്ച് ഒരാള്‍ മരിക്കുന്നത് കണ്ട് ആര്‍പ്പുവിളിക്കുവാന്‍ അക്കാലത്തു ജനങ്ങള്‍ തിക്കിത്തിരക്കിയിരുന്നു.

എല്ലാ ദിവസവും ആരെയെങ്കിലും തല്ലണം എന്നു വാശിയുള്ള ഒരു തലമുറ പാലായില്‍ ഒരുകാലത്തുണ്ടായിരുന്നുവെന്നു കേട്ടിട്ടുണ്ട്. ഏതെങ്കിലും ദിവസം തല്ലുകൊള്ളുവാനുള്ള ഇര ഒത്തുവന്നില്ലെങ്കില്‍, തല്ലുകൊള്ളുവാന്‍വേണ്ടി തങ്ങളുടെ തന്നെ സംഘത്തിലുള്ള ഒരാളെ അവര്‍ നറുക്കിട്ടു തീരുമാനിക്കുമായിരുന്നുവത്രേ.

സാഡിസം (Sadism)

മറ്റുള്ള മനുഷ്യരുടെ വേദനയില്‍ ആനന്ദം കണ്ടെത്തുന്ന ഒരു മനശ്ശാസ്ത്രപ്രതിഭാസം മനുഷ്യനില്‍ വളരെ കൂടുതലായിരിക്കും. ആനന്ദലബ്ധിക്കായി മറ്റു മനുഷ്യരെ ക്രൂരമായി പീഡിപ്പിക്കുവാനും ഇക്കൂട്ടര്‍ക്ക് മടിയില്ല. ഇതിന് സാഡിസ്റ്റിക്ക് പേഴ്സണാലിറ്റി ഡിസോര്‍ഡര്‍ എന്നു പറയാം.

സാഡിസത്തിന്‍റെ നവരൂപം

പ്രമുഖ വ്യക്തികളുടെ പതനങ്ങളുടെ വാര്‍ത്തകളോട് നമ്മള്‍ കാണിക്കുന്ന അഭിനിവേശം നമ്മുടെ സമൂഹത്തില്‍ ഈ സാഡിസം എത്രത്തോളമുണ്ട് എന്നതിന്‍റെ വ്യക്തമായ തെളിവാണ്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ്, നമ്മുടെ നാട്ടില്‍ അനേകം കെട്ടിടങ്ങളും ഫുട്പാത്തുകളും സര്‍ക്കാര്‍ ചെലവില്‍ ഇടിച്ചുനിരത്തിയപ്പോള്‍, കൂടിനിന്ന് ജനം കയ്യടിച്ചതും ഇതേ മനോഭാവം കൊണ്ടായിരുന്നു. ജനോപകാരമായ ആയിരം പ്രവൃത്തികളെക്കാളും സര്‍ക്കാരിന് പിന്തുണയും കയ്യടിയും കിട്ടുന്നത് ഒരുപക്ഷെ ഒരു പഞ്ചനക്ഷത്ര ഹോട്ടലോ, വലിയ ഷോപ്പിംഗ് മാളോ ഇടിച്ചുനിരത്തുമ്പോള്‍ ആയിരിക്കും.

മറ്റു വ്യക്തികളുടെ, പ്രത്യേകിച്ച് സമൂഹത്തില്‍ വിലയും നിലയും പണവും ഒക്കെയുള്ളവര്‍ക്ക് സംഭവിക്കുന്ന അപചയങ്ങള്‍, അപകീര്‍ത്തികള്‍, വിവാഹമോചനങ്ങള്‍, ദാമ്പത്യപരാജയങ്ങള്‍, സാമ്പത്തിക തകര്‍ച്ച, രോഗങ്ങള്‍, വീഴ്ചകള്‍ ഇവയൊക്കെ ആഗ്രഹിക്കുന്ന ഒരു വലിയ ജനക്കൂട്ടം ഇവിടെ ഉണ്ട്. അത്തരത്തിലുള്ള വാര്‍ത്തകള്‍ നിര്‍ലോഭം നല്‍കി മാധ്യമങ്ങള്‍ കൊഴുക്കുന്നു. ഇത്തരത്തിലുള്ള മാധ്യമ പ്രവര്‍ത്തനത്തെക്കുറിച്ച് (ടാബ്ലോയിഡ് ജേര്‍ണലിസം) ആക്ഷേപം ഉയര്‍ന്നപ്പോള്‍ മാധ്യമ ചക്രവര്‍ത്തി റൂപ്പര്‍ട്ട് മര്‍ഡോക്ക് പറഞ്ഞത് ഇങ്ങനെയാണ് "ജനങ്ങള്‍ക്കു വേണ്ടത് എന്താണോ, അത് ഞങ്ങള്‍ നിര്‍ലോഭം നല്‍കുന്നു."

കീ ബോര്‍ഡ് ആക്റ്റിവിസവും സാഡിസത്തിന്‍റെ അതിപ്രസരവും

പ്രിന്‍റ്മീഡിയയുടെ കാലം കടന്ന് ഡിജിറ്റല്‍ മീഡിയ വാര്‍ത്താമേഖലകള്‍ കയ്യടക്കി. ഇപ്പോള്‍ ഇതാ സോഷ്യല്‍ നെറ്റ്വര്‍ക്കുകളുടെ ആവിര്‍ഭാവത്തോടുകൂടി വാളെടുത്തവര്‍ എല്ലാം വെളിച്ചപ്പാടുകളായി. ആര്‍ക്കെങ്കിലും ഒരു പിഴവ് വരേണ്ട താമസം, ആദ്യത്തെ കല്ല് മുഖ്യധാരാ മാധ്യമങ്ങളുടെ വക. ബാക്കിയുള്ള തേജോവധം ഫേസ്ബുക്ക്, കീബോര്‍ഡ് ആക്റ്റിവിസ്റ്റുകളുടെ വക. കീര്‍ബോര്‍ഡിനു മുമ്പിലിരുന്ന് അവര്‍ വിപ്ലവം നയിക്കും. കുഴിയില്‍ വീണ പന്നിക്ക് കല്ലും തടിയും. ആടുകള്‍, പട്ടികള്‍ ആയിക്കൊണ്ടിരിക്കുന്നു, ഫോട്ടോഷോപ്പില്‍ വാര്‍ത്തകളും അസംബന്ധങ്ങളും നുണപ്രചാരങ്ങളും നിര്‍മ്മിച്ചു ഫേസ്ബുക്കില്‍ കൊടുത്തു പലരെയും അവര്‍ നശിപ്പിച്ചു, ആനേകം ആളുകള്‍ അവര്‍ക്ക് ഇരയായി.

സമൂഹമാധ്യമങ്ങളില്‍ കൂടി എന്തു നുണയും പടച്ചുവിടാം എന്നും ആര്‍ക്കെതിരെയും എന്തു വേണമെങ്കിലും എഴുതാം എന്നും, അതില്‍ യാതൊരു തെറ്റുമില്ലായെന്നും, ഒരു തരത്തിലും താന്‍ ശിക്ഷിക്കപ്പെടില്ല എന്നുമുള്ള അബദ്ധധാരണയുമാണ് പലപ്പോഴും ഇപ്രകാരമുള്ള അപകീര്‍ത്തിപ്പെടുത്തലിന് ആളുകളെ പ്രേരിപ്പിക്കുന്നത്.

സൈബര്‍ ബുള്ളിയിംഗ്

ഒരാളെ മാനസികമായും സാമൂഹികമായും തളര്‍ത്തുക എന്ന വ്യക്തമായ ഉദ്ദേശ്യത്തോടെ സമൂഹമാധ്യമങ്ങളില്‍ കൂടി അപകീര്‍ത്തിപരമായ പ്രസ്താവനകള്‍, നുണകഥകള്‍, വാര്‍ത്തകള്‍, ചിത്രങ്ങള്‍ മുതലായവ പടച്ചുവിടുന്നതിനെയാണ് സൈബര്‍ ബുള്ളിയിംഗ് എന്നു വിളിക്കുന്നത്. മറ്റുള്ളവരുടെ വേദനയില്‍ സന്തോഷം കണ്ടെത്തുന്നവരാണ് ഇതു ചെയ്യുന്നത്.

കൗമാരക്കാരുടെ ഇടയിലാണ് ഇതു കൂടുതല്‍. തങ്ങളുടെ ഇരയെ മാനസികമായി നിലംപരിശാക്കുക എന്ന ഉദ്ദേശ്യത്തോടെ അവര്‍ക്കെതിരെ ദുഷ്പ്രചരണം നടത്തുക. അവരുടെ കുറവുകളെ ഊതിപ്പെരുപ്പിച്ച് ആക്ഷേപിക്കുകയും തദ്വാര അവരുടെ ആത്മവിശ്വാസം നശിപ്പിക്കുകയും ചെയ്യുക. സാഡിസം (Sadism) എന്ന മനോവൈകല്യമാണ് ഇത്.

അവനെ ക്രൂശിക്കുക

ക്രിസ്തുവിനെ വധിക്കണം എന്ന ആവശ്യവുമായി റോമന്‍ ഗവര്‍ണര്‍ പീലാത്തോസിന്‍റെ കൊട്ടാരത്തിന്‍റെ മുന്‍പില്‍നിന്ന് യഹൂദര്‍ മുറവിളിച്ചത് ഇപ്രകാരമായിരുന്നു: 'അവനെ ക്രൂശിക്കുക', തങ്ങളുടെ അടിമത്തത്തേക്കാളും യാതനകളെക്കാളുമൊക്കെ ഉപരിയുള്ള പ്രാധാന്യവും ആഗ്രഹവും യഹൂദര്‍ക്ക് അപ്പോള്‍ ക്രിസ്തുവിന്‍റെ രക്തം വീണു കാണുവാനായിരുന്നു.

മനുഷ്യചരിത്രത്തിന്‍റെ താളുകള്‍ മറിക്കുമ്പോള്‍ ഇപ്രകാരം രക്തം ചിന്തപ്പെട്ട ഒരുപാടുപേരുടെ പേരുകള്‍ കാണാം. ഇരകളില്‍ അപരാധികളും നിരപാധികളും ഉണ്ട്. രാജന്‍ പിള്ള, ഹര്‍ഷദ് മേത്ത, നമ്പി നാരായണ്‍ അങ്ങനെ നീളുന്നു നമ്മുടെ നാട്ടില്‍ മാനസികമായി ചവിട്ടിമെതിക്കപ്പെട്ടവരുടെ നിര... ആയിരം കുറ്റവാളി രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത് എന്ന് നിയമവ്യവസ്ഥിതി ആവര്‍ത്തിച്ചു പറയുന്നു. ജനഹിതവും മാധ്യമവാര്‍ത്തകളും അനുസരിച്ചു നീതി നിഷേധിക്കപ്പെടരുത്. അത് അപരാധിക്കായാലും നിരപരാധിക്കായാലും.

സിനിമകള്‍ സമൂഹ ചിന്താബോധത്തില്‍ ഏല്പിക്കുന്ന ആഘാതങ്ങള്‍

സമൂഹത്തിന്‍റെ പരിച്ഛേദം തന്നെയാണ് ഈ തിന്മകളും ഗുണ്ടകളും എല്ലാമെന്നും, അതുകൊണ്ട് അതു സിനിമയുടെ ഇതിവൃത്തമാകുന്നതില്‍ തെറ്റില്ല എന്നുമൊരു വാദം ഇതിനു ഉപോദ്ബലകമായി കേട്ടിരുന്നു. വ്യഭിചാരവും കൊലപാതകങ്ങളും വഞ്ചനകളും ആഭിചാരക്രിയകളും വര്‍ഗീയതയും ബാലപീഡനങ്ങളും എല്ലാം നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നത് തന്നെയാണ്. എന്നാല്‍ അവ സിനിമപോലുള്ള ഒരു ജനപ്രിയ ആസ്വാദനകലയിലെ സ്ഥിരം പ്രമേയം ആവുകയും, അവയുടെ ഗുരുത്വത്തെ നിസ്സാരവല്‍ക്കരിക്കുകയോ, ഈ ജീര്‍ണ്ണതകളെ മഹത്വവല്‍ക്കരിക്കുകയോ ചെയ്യുമ്പോള്‍, സമൂഹത്തിന്‍റെ പൊതുബോധത്തില്‍ ഈ തെറ്റുകള്‍ ഒന്നുംതന്നെ വലിയ തെറ്റുകള്‍ അല്ലാതാകുന്നു. ഇത് അത്യന്തം അപകടം തന്നെയാണ്.(Desensitization of Crimes)

ന്യൂജനറേഷന്‍ ചിത്രങ്ങള്‍ മാത്രമാണ് തെറ്റുകാര്‍ എന്നൊരു വിവക്ഷ ഈ പറഞ്ഞതിന് ഇല്ല. മുഖ്യധാരാചിത്രങ്ങളുടെ സാംസ്കാരിക അധഃപതനം വളരെ ഭീകരമായിതന്നെ ഒരു വശത്ത് ഉണ്ട്. അനേകം സ്ത്രീകളുമായി അവിഹിതബന്ധം പുലര്‍ത്തുന്ന അതിമാനുഷിക നായക കഥാപാത്രത്തെ, 'പ്രേമിച്ചു മതിവരാത്തവന്‍', വെള്ളിത്തിരയില്‍ അവതരിപ്പിച്ചപ്പോള്‍, നായകന്‍റെ പോസ്റ്ററിനു മുകളില്‍ പാലഭിഷേകവും പുഷ്പാഭിഷേകവും നടത്തി മലയാളികള്‍ എതിരേറ്റപ്പോള്‍, നമ്മള്‍ സമാനതകള്‍ ഇല്ലാത്ത അധഃപതനത്തിലേക്ക് മൂക്കുകുത്തുകയായിരുന്നു. സന്തോഷ് പണ്ഡിറ്റ് സ്പൂഫുകളെ ജനം സ്വീകരിച്ചത് തന്നെ ഈ വ്യവസ്ഥാപിത അധീശ്വത്ത കബളിപ്പിക്കലിനോടുള്ള എതിര്‍പ്പ് മൂലമാണ്.

സ്ത്രീവിരുദ്ധത, അധീശ്വത്ത മനോഭാവം, സവര്‍ണ്ണ ബിംബങ്ങള്‍, ന്യൂനപക്ഷ വിരുദ്ധത, ദളിത് വിരുദ്ധത, അന്ധവിശ്വാസ പ്രോത്സാഹനം എന്നിവയൊക്കെ ന്യൂ ജനറേഷന്‍ ചിത്രങ്ങളില്‍ മുഖ്യധാരാ ചിത്രങ്ങളെ അപേക്ഷിച്ച് താരതമ്യേന കുറവാണ് എന്നു സമ്മതിക്കുന്നു.
വികാരനിര്‍വീര്യം ചെയ്യപ്പെടുന്ന സമൂഹ ബോധം (desensitized society) വാര്‍ത്തകള്‍ വല്ലാതെ പെരുകുമ്പോള്‍, മാധ്യമങ്ങള്‍ എണ്ണത്തില്‍ പെരുകുമ്പോള്‍, കുറ്റകൃത്യങ്ങളും ദുരന്തങ്ങളും നിര്‍ബാധം റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍, ഇതിനോടെല്ലാം ഒരു നിര്‍വ്വികാരത സമൂഹബോധത്തില്‍ ഉണ്ടാകുന്നു. നിര്‍വികാരരായ തങ്ങളുടെ വായനക്കാരെക്കൊണ്ട് എങ്ങനെയെങ്കിലും വാര്‍ത്ത വായിപ്പിക്കുവാന്‍ പ്രേരിപ്പിക്കുന്ന രീതിയിലേക്ക് വാര്‍ത്തകള്‍ വളച്ചൊടിക്കുകയായി ഇപ്പോഴത്തെ പത്രധര്‍മ്മം.

സമൂഹത്തെ ഏതു ദിശയിലേയ്ക്ക് നയിക്കണം എന്ന വല്യതീരുമാനം മാധ്യമങ്ങള്‍ സ്വന്തം നിലയില്‍ കച്ചവടതാല്‍പ്പര്യങ്ങള്‍ മാത്രം മുന്‍നിറുത്തി കൈക്കൊള്ളുമ്പോള്‍ അതിന്‍റെ അപകടം വളരെ വലുതാണ്.

തകര്‍ക്കാന്‍ എളുപ്പമാണ്. നിര്‍മ്മിക്കുവാനോ അതികഠിനവും.

 
 

You can share this post!

ആനന്ദത്തിലേക്കു പതിനാലുപടവുകള്‍ അടിസ്ഥാനമനോനിലകള്‍

ടോം മാത്യു
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts