news-details
സാമൂഹിക നീതി ബൈബിളിൽ

ആനന്ദത്തിലേക്ക് പതിനാലുപടവുകള്‍ അടിസ്ഥാനമനോനിലകള്‍വിഷാദം
അത്യധികം കുഴപ്പം പിടിച്ച മനോനിലയാണ് വിഷാദം. ഒഴിവാക്കാന്‍ ഏറെ പാടുള്ള ഒന്ന്. വിഷാദത്തില്‍ മുങ്ങിപ്പോകുക എന്നൊക്കെയാണ് നാം പറയുക. ചതുപ്പില്‍ ആഴ്ന്നുപോകുംപോലെ എന്നു വിശേഷിപ്പിക്കുകയാകും കൂടുതല്‍ കൃത്യമാകുക. എന്നിരുന്നാലും മറ്റ് അടിസ്ഥാനമനോനിലകളിലെപ്പോലെ തന്നെ വിഷാദത്തെയും വിജയകരമായി കൈകാര്യം ചെയ്യാനും മറികടക്കാനും കഴിയും. അതിന് ആദ്യം വേണ്ടത് അത് തിരിച്ചറിയുക എന്നതുതന്നെ.
വിഷാദത്തിന്‍റെ ചിന്ത
വിഷാദം മിതമായ അവസ്ഥയില്‍പോലും നിഷേധാത്മകമായാവും ചിന്തിക്കുക. ചിന്തയില്‍ ഭാവാത്മകത അല്പവും ഉണ്ടാവില്ല. ഒന്നും ചെയ്യാതിരിക്കാന്‍ ഒരു മാറ്റവും വരുത്താതിരിക്കാന്‍, അസാധാരണമായ ഒന്നും ചെയ്യാതിരിക്കാന്‍ അതു കാരണം തിരഞ്ഞുകൊണ്ടേയിരിക്കും. ലോകം അതിന് നിഷേധാത്മകവും ശൂന്യവും അപ്രസക്തവുമായി അനുഭവപ്പെടും. 'അരുതു'കളിലും 'പക്ഷേ'കളിലും 'എങ്കിലു'കളിലും അത് അഭിരമിക്കും. അനീതികളിലും അശുഭചിന്തകളിലും അത് കുരുങ്ങിക്കിടക്കും.
ചിന്തകള്‍ അവനവനില്‍ മാത്രം ഒതുങ്ങിക്കൂടും. സ്വന്തം നിലനില്പിനെക്കുറിച്ചു മാത്രം ചിന്തിക്കേണ്ട അവസ്ഥയില്‍ അപരന്‍റെ ഭാഗം കേള്‍ക്കാനുള്ള ശേഷി ഉണ്ടാവില്ല. വിഷാദചിന്തയില്‍ പുതിയ ആശയങ്ങള്‍ പിറക്കില്ല. ഇരുണ്ടതും വരണ്ടതുമായ മനസ്സില്‍ പ്രകാശം പകരുന്ന ഒന്നും പിറക്കുന്നില്ല. അത് ഭാവിയിലേക്ക് ഒന്നും കരുതുന്നില്ല. അത് ഭാവിയില്‍ വിശ്വസിക്കുന്നില്ല. ജീവിതത്തിന് അര്‍ത്ഥവും ലക്ഷ്യവും നഷ്ടപ്പെടുന്നു. എന്തെങ്കിലും ചെയ്യുന്നതിന് അത് ഒരു കാരണവും കണ്ടെത്തുന്നില്ല. ആത്മവിശ്വാസം അടിയേ വറ്റുന്നു.
അതിന്‍റെ ഉച്ചിയില്‍ വിഷാദം ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നു. അതിന് ശ്രമിച്ചെന്നും വരാം. വേര്‍പിരിയലിന്‍റെ വിരസതയുടെ തീവ്രാനുഭവം സില്‍വിയാ പ്ലാത്ത്, 'ദ ബെല്‍ ജാറി' ല്‍ വിവരിക്കുന്നുണ്ട്. "പുറത്തേക്ക് വഴികളില്ലാത്ത, ഇരുണ്ട, പ്രാണവായുവില്ലാത്ത ഗുഹയില്‍ അടയ്ക്കപ്പെട്ടതുപോലെ ഞാന്‍ ഭയാക്രാന്തയായി." മനശ്ശാസ്ത്രജ്ഞര്‍ ഈ അവസ്ഥയെ വിരസത(anhedonia) അഥവാ സാധാരണ ജീവിതത്തില്‍ സന്തോഷം കണ്ടെത്താനാവാത്ത അവസ്ഥ എന്നു വിളിക്കുന്നു.
വിഷാദത്തിന്‍റെ സംസാരം
വിഷാദം ഒറ്റപ്പെടലാണ്. അടുപ്പങ്ങള്‍ അവിടെ ഇല്ലാതാകുന്നു. ആ മാനസികാവസ്ഥയില്‍ നിങ്ങള്‍ക്ക് അധികമൊന്നും പറയാനുണ്ടാവില്ല. സംസാരം തുടരാനും താല്‍പര്യമുണ്ടാവില്ല. പറയുന്നതിനേക്കാള്‍ ചിന്തിക്കുന്നതിനാവും താല്‍പര്യം. ലോകവുമായി ഇടപഴകുന്നതിനുപകരം, നിങ്ങള്‍ ശൂന്യമായ മിഴികളുമായി വെറുതേയിരിക്കുന്നു, മുന്നോട്ടു പോകാനാവാതെ.
എല്ലാ മനോനിലകളെയും പോലെ വിഷാദവും നിങ്ങളുടെ ചുറ്റുമുള്ളവരെ ബാധിക്കുന്നു. വിഷാദത്തില്‍ ഞാന്‍ ചുറ്റുമുള്ളവര്‍ക്ക് ഒട്ടും അഭികാമ്യമല്ല എന്ന് എനിക്കറിയാം. വിഷാദരോഗിക്കൊപ്പം ജീവിക്കുകയെന്നാല്‍ 'ഇമോഷണല്‍ ബ്ലാക്ക്ഹോളിന്' സമീപം ജീവിക്കുന്നതിനു തുല്യമാണ്. അത് നിങ്ങളുടെ ഊര്‍ജമത്രയും ഊറ്റിയെടുത്ത് ഇരുളിന്‍റെ അഗാധതയിലേക്ക് വലിച്ചെടുക്കുന്നു.
വിഷാദത്തിന്‍റെ അനുഭവം
വിഷാദം ഉത്കണ്ഠയേക്കാളേറെ അസഹ്യമാണ്. ഒന്നും ചെയ്യാന്‍ കഴിയില്ല എന്നുമാത്രമല്ല വെറുതെ കഴിഞ്ഞുപോകാന്‍പോലും കടുത്ത പോരാട്ടം വേണ്ട അവസ്ഥ. കടുത്ത അധ്വാനത്തിനുശേഷം കൈവരുന്ന ആത്മസംതൃപ്തിയുടെ ആലസ്യംപോലെയല്ല വിഷാദത്തിന്‍റെ ശാരീരികക്ഷീണം. അതൊരു കടുത്ത തളര്‍ച്ചയാണ്. വിഷാദവും തളര്‍ച്ചയും ചേര്‍ന്ന് മനസ്സിനെ വിഷലിപ്തമാക്കുന്നു. അപ്രസന്നവും അമ്പേ വിനാശകരവുമാണ് ആ അവസ്ഥ. ചെറിയൊരു പ്രവൃത്തിപോലും നിങ്ങളില്‍ അവശേഷിക്കുന്ന ഊര്‍ജം ഊറ്റിയെടുക്കും. ചതുപ്പിലൂടെ തുഴയുന്നതിനു സമാനമാണ് അത്. വിഷാദത്തിന് സമയധാരണയുണ്ടാവില്ല. ദിവസങ്ങള്‍ ഒരേപോലെ  നീളുന്നു. ഒന്നും മാറാതെ. എല്ലാം കഠിനമായി അനുഭവപ്പെടുന്നു. കഠിനമായി തളര്‍ത്തുന്നു. എല്ലാം ശൂന്യമായി ഒടുങ്ങുന്നു.
വിഷാദം മിതമോ കഠിനമോ ആകാം. മിതമായ വിഷാദം ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കകം വിട്ടകന്നേക്കാം. നിങ്ങള്‍ ഊര്‍ജസ്വലതയും ഉന്മേഷവും വീണ്ടെടുത്തേക്കാം. വസന്തത്തിന്‍റെ ആനന്ദങ്ങള്‍ വീണ്ടും വിരുന്നുവന്നേക്കാം. ഒരു നല്ല ഉറക്കംപോലും നിങ്ങളെ വിഷാദത്തില്‍നിന്ന് കരകയറ്റിയേക്കാം. ശാരീരികമായ വിശ്രമമില്ലായ്മ മൂലമുള്ള വൈകാരികതളര്‍ച്ചയും വിഷാദത്തിലേക്ക് നയിക്കാം. ആദ്യമായി അമ്മയാകുന്ന യുവതി ആദ്യനാളുകളില്‍ കുട്ടിക്ക് നല്‍കേണ്ടിവരുന്ന ഇടവേളകളില്ലാത്ത ശ്രദ്ധ മൂലമുണ്ടാകുന്ന അതിയായ തളര്‍ച്ചയില്‍ വിഷാദത്തിലേക്ക് വഴുതിവീണെന്നു വരാം.
കടുത്ത വിഷാദം വിവരിക്കാന്‍പോലും വയ്യ. അനുഭവിക്കാത്തവര്‍ക്ക് അതു മനസ്സിലാക്കാനും പാടാണ്. ഒരിക്കല്‍ കഴിഞ്ഞുപോയാല്‍ അതു മറക്കാനും എളുപ്പം. അതിനാല്‍ പിന്നെ ഒരിക്കല്‍ അതിനെ അഭിമുഖീകരിക്കുകയെന്നത് കൂടുതല്‍ കഠിനമാകുന്നു. വിഷാദത്തില്‍ ഇനി മുന്നോട്ട് പോക്ക് സാധ്യമല്ല. അത് അവസാനമാണ്. വിഷാദമില്ലായിരുന്നെങ്കില്‍ ആളുകള്‍ ഒരുപക്ഷേ തളര്‍ന്നുവീഴുംവരെ അധ്വാനിക്കുമായിരുന്നു. ക്ഷീണത്താല്‍ 'മരിക്കും' മുന്‍പ് ആളുകളെ അധ്വാനത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നുവെന്നതാണ് വിഷാദത്തിന്‍റെ ഒരു ഗുണമേന്മ. കടുത്ത സമ്മര്‍ദ്ദത്തിന്‍റെ ലക്ഷണമാണ് വിഷാദം. ഇനി നിങ്ങള്‍ക്ക് വിശ്രമം വേണമെന്നതിന്‍റെ താക്കീത്.
വിഷാദത്തില്‍ അധികം വികാരങ്ങള്‍ പ്രകടമാകുന്നില്ല. വികാരപ്രകടനത്തിനുള്ള ഊര്‍ജം അവിടെ അവശേഷിക്കുന്നില്ല.
വിഷാദവും ഉത്കണ്ഠയും മാറിമാറി പ്രത്യക്ഷപ്പെടുന്നു. നിങ്ങള്‍ ഉത്കണ്ഠാകുലനാകുന്നു. ഉത്കണ്ഠ പരിഹരിക്കാതെ തുടരുന്നു. തളര്‍ച്ച നിങ്ങളെ വിഷാദത്തിലേക്ക് തള്ളിവിടുന്നു. പ്രവൃത്തികളില്‍ നിന്ന് ബലം പ്രയോഗിച്ച് ബോധപൂര്‍വ്വം വിട്ടുനില്‍ക്കുമ്പോഴാണ് വിഷാദമുണ്ടാകുക. വിഷാദം വിട്ടുമാറി ഊര്‍ജസ്വലത കൈവരുമ്പോഴേക്കും ഉത്കണ്ഠയും പ്രത്യക്ഷപ്പെടുന്നു. ഈ ചക്രം വര്‍ഷങ്ങളോളം ആവര്‍ത്തിക്കാം. ഒന്നുകില്‍ നിങ്ങളുടെ ഉത്കണ്ഠയെ ശമിപ്പിക്കുന്ന എന്തെങ്കിലും സംഭവിക്കുംവരെ അല്ലെങ്കില്‍ വിഷാദത്തിന് പരിഹാരമായി വ്യത്യസ്തമായ എന്തെങ്കിലും കണ്ടെത്തുംവരെ.
വിഷാദത്തിന്‍റെ പെരുമാറ്റം
വിഷാദമെന്നാല്‍ മൗനമാണ്. മ്ലാനമായ മനോനില നിങ്ങളുടെ ചടഞ്ഞ ഇരിപ്പില്‍, ചലനമില്ലായ്മയില്‍, ഉദാസീനഭാവത്തില്‍ പ്രകടമാകുന്നു. എന്നാല്‍ പ്രത്യക്ഷത്തിലുള്ള ഈ സ്വഭാവവിശേഷങ്ങളൊന്നും കൂടാതെ ആരാലും നിങ്ങളാല്‍പോലും ശ്രദ്ധിക്കപ്പെടാതെ ചിലപ്പോള്‍ വിഷാദം വന്നു കടന്നുപോയെന്നുംവരാം.
വിഷാദത്തെ കടുത്ത ശാരീരിക വേദനയോട് ഉപമിക്കാം. വിഷാദത്തില്‍ വേദന വൈകാരികമാണെന്ന് മാത്രം. വേദന ശാരീരികമായാലും വൈകാരികമായാലും അതിന്‍റെ അത്യുച്ചാവസ്ഥയില്‍ നിങ്ങളെ അനങ്ങാന്‍ പോലും കഴിയാത്തവിധം ഭയത്തിലാഴ്ത്തുന്നു. രണ്ടിടത്തും നിങ്ങള്‍ ആവശ്യമായ സമയമെടുത്ത് ആശ്വാസം കണ്ടെത്തുമ്പോള്‍ ആരോഗ്യകരമായ പ്രസന്നമായ അന്തരീക്ഷത്തില്‍ സൗഖ്യം വീണ്ടെടുക്കുമ്പോള്‍ വേദന വിട്ടുമാറുന്നു.
വിഷാദത്തിലെ ജീവിതം
വിഷാദം മനുഷ്യന് മുന്നില്‍ ജീവിതത്തിന്‍റെ ഭയാനകമുഖം വെളിപ്പെടുത്തുന്നു. പ്രതിസന്ധികളെ വെല്ലുവിളികളായും വെല്ലുവിളികളെ അവസരങ്ങളായും വ്യാഖ്യാനിച്ച് തരാന്‍ കെല്‍പ്പുള്ള ഇടവേളകളൊന്നുമല്ല വിഷാദം. അവിടെ എല്ലാം ഇരുണ്ടു കാണപ്പെടുന്നു. അവിടെ നിങ്ങള്‍ നിങ്ങളെ ഒന്നിനും കൊള്ളാത്തവനായി കാണുന്നു. കുറ്റബോധം നിങ്ങളെ കാര്‍ന്നു തിന്നുന്നു. ഈ കടുത്ത നിമിഷത്തിനപ്പുറത്തേക്ക് ചിന്തിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ല.
എങ്കിലും ഈ മനോനിലയ്ക്കുമുണ്ട് ചില ഗുണവശങ്ങള്‍. മഴവില്ലുകണ്ട് മോഹിക്കാതിരിക്കാനുള്ള  യാഥാര്‍ത്ഥ്യബോധം ഈ മനോനില നിങ്ങള്‍ക്ക് സമ്മാനിക്കുന്നു. എല്ലാ മേഘത്തുണ്ടുകളിലും വെള്ളിവെളിച്ചം തുടിക്കുന്നില്ലെന്ന് അറിയേണ്ടതും അത്യാവശ്യം തന്നെയാണ്.
വിഷാദം സമ്മാനിക്കുന്ന കഠിനമായ കാഴ്ചപ്പാട് വരാനിരിക്കുന്ന വരള്‍ച്ചകളെയും വെള്ളപ്പൊക്കത്തെയും പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളെയും നേരിടാന്‍ ഒരു പരിധിവരെ സഹായിക്കും. ജീവിതത്തെ, തത്വചിന്തകന്‍ ഹോബ്സ് വിവരിക്കുംപോലെ, 'ഏകാന്തവും ദരിദ്രവും വിരസവും ക്രൂരവും ഹ്രസ്വവു' വുമായി മനസ്സിലാക്കാന്‍ ഈ മനോനിലയില്‍ നമുക്ക് കഴിയും.  
(തുടരും)    

 
 

You can share this post!

സ്മൃതി ബോബി

ജോസ് കട്ടികാട
അടുത്ത രചന

മുഖക്കുറിപ്പ്

റോണി കിഴക്കേടത്ത്
Related Posts