news-details
മറ്റുലേഖനങ്ങൾ

തെളിമതേടുന്ന ഹൃദയം

ഒന്ന്

പരിമിതികളില്ലാത്ത മനുഷ്യരില്ലെന്ന അറിവ്  പരിമിതികളിലേക്ക് ഉറ്റുനോക്കുന്ന മനോഭാവത്തെ യകറ്റും.

തെറ്റുകളിലേക്കു നോക്കി നന്മ മറക്കുന്ന സ്വഭാവം മനുഷ്യസഹജം. മനുഷ്യനുള്‍പ്പടെ സര്‍വ്വ ജീവജാലങ്ങളും ഏതെങ്കിലും തരത്തിലുള്ള പരിമിതികളാല്‍ കെട്ടപ്പെട്ടു കിടക്കുന്നവരാണ്. ശ്രദ്ധകൊണ്ടും അറിവുകൊണ്ടും കുറെയൊക്കെ ഉണര്‍ന്നു വരാന്‍ കഴിയുമെങ്കിലും പൂര്‍ണ്ണമായ ശരിയില്‍ ജീവിക്കാന്‍ ആര്‍ക്കുമാകില്ല. അതുപോലെ തന്നെയാണു നന്മയും. ഏതെങ്കിലും രീതിയില്‍ നന്മയുടെ അംശമില്ലാത്തവരായി ആരുമില്ല. സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും ഉറവ എല്ലാ മനുഷ്യഹൃദയത്തിലും വിളങ്ങുന്നുണ്ട്. അത് പ്രതിഫലിക്കുന്നുമുണ്ട്. എന്നാല്‍ ഒരു ചെറിയ തിന്മ കാണുമ്പോള്‍ ആ വ്യക്തിയിലെ സകല നന്മയും മറന്നുകളയുന്ന നമ്മുടെ മനോഭാവത്തിനു മാറ്റം വരികയാണെങ്കില്‍ നന്മയുടെ നിറവുള്ളതായിമാറും ജീവിതം.

രണ്ട്

ജീവിതം വല്ലാത്തൊരു സമസ്യതന്നെ. അടുത്തു ചെല്ലുംതോറും അകന്നുപോകുന്ന ഒരു സൗന്ദര്യം അതിനുള്ളത് മഹാഭാഗ്യം.

അനന്തതയെ നാം സ്നേഹിച്ചുപോകുന്നത് അതത്രമാത്രം അനന്തമായതിനാലാണ്. നമ്മുടെ കൈപ്പിടിയില്‍ ഒരിക്കലും ഒതുങ്ങില്ലെന്നു ബോദ്ധ്യമാകുമ്പോള്‍ അതു നമ്മിലെ ഏറ്റവും സജീവമായ സാന്നിദ്ധ്യമായി മാറുന്നുവെന്നതാണു് അതിന്‍റെ സൗന്ദര്യം. ജീവിതത്തെ മനസ്സിലാക്കി, മനസ്സിലാക്കാം എന്നൊക്കെയുള്ള വിചാരങ്ങളില്‍ നിന്നും മുക്തമാകുമ്പോള്‍ അനുഭവമായി വരുന്ന ഒരു സമര്‍പ്പണമുണ്ട്. ആ സമര്‍പ്പണത്തിലാണ് നിഗൂഢമായ സൗന്ദര്യങ്ങള്‍ പീലിവിടര്‍ത്തുക. അവിടെയാണ് ദൈവമേ എന്നു നാം അറിയാതെ വിളിച്ചു പോവുക. നമ്മുടെ എല്ലാ അഹന്തകളും അഴിഞ്ഞുവീഴുന്ന ആ പുണ്യഭൂമിയിലാണ് ജീവിതത്തിലെ ഏറ്റവും ധന്യമായ മുഹൂര്‍ത്തങ്ങള്‍ നാം അനുഭവിക്കുക.

മൂന്ന്

മറ്റുള്ളവരുടെ പ്രോത്സാഹനത്തിനായി കാത്തിരിക്കാതെ സ്വയം പ്രോത്സാഹിപ്പിച്ച് ഉണര്‍ന്നു വന്നാലേ ജീവിതത്തില്‍ ശൂന്യതയുടെ വിരസനിമിഷങ്ങള്‍ കുറഞ്ഞു വരൂ.

നാം തന്നെ നമ്മുടെ ആത്മാവിനെ ഉദ്ധരിക്കണമെന്നു പറയും. അതു വലിയൊരു സത്യമാണ്. സുഖദുഃഖങ്ങളെ അപരന്‍റെ വാക്കിലും നോക്കിലും ഏല്പിച്ചു കൊടുത്ത മനസ്സിനെ അവരില്‍നിന്നും തിരിച്ചെടുത്തു അവനവനെ ആദരവോടെ സ്നേഹിക്കാനും വെളിച്ചത്തില്‍നിന്നും വെളിച്ചത്തിലേക്ക് ഉണര്‍ത്താനും തുടങ്ങുന്നിടത്തേ നാം കാലങ്ങളായി പേറിക്കൊണ്ടു നടക്കുന്ന വിരസലോകങ്ങള്‍ സരസമായി വരികയുള്ളൂ. എല്ലാ തരത്തി ലുള്ള അപകര്‍ഷതാബോധത്തില്‍നിന്നും അവിടെയേ മോക്ഷം ലഭിക്കുകയുള്ളൂ. ജീവിച്ചിരിക്കുന്ന തുതന്നെ വലിയൊരു അനുഗ്രഹമാണെന്നറിഞ്ഞാലേ ജീവനെയും ജീവിതത്തെയും സ്നേഹി ക്കുന്ന മനസ്സുണ്ടാകൂ. അവിടെ നാം നമ്മുടെ ദിവ്യമായ മുഖം നേരിട്ടു ദര്‍ശിക്കും. ഇരുട്ടിന്‍റെ മറവില്‍നിന്നും വെളിച്ചത്തിലേക്കു നടക്കാനുള്ള ഉള്‍പ്രേരണയായി മാറും ആ കാഴ്ച.

നാല്

അപരനിലുള്ള താല്പര്യം അവരവരിലുള്ള താല്പര്യത്തെ കെടുത്തിക്കളഞ്ഞേക്കാം. എന്നും അപ്പുറത്തിരിക്കുന്നവരാണു നമ്മുടെ വിഷയം. നന്മയുടെ കാര്യത്തിലായാലും തിന്മയുടെ കാര്യത്തിലായാലും. പുറത്തേക്കു നോക്കിനോക്കി സ്വയം അറിയാതെപോയ ദയനീയതയാണു നാം അനുഭവിക്കുന്ന ഏറ്റവും വലിയ ദുരന്തം. ജീവിതത്തിന്‍റെ എല്ലാ അസ്വാരസ്യങ്ങള്‍ക്കും മൂലകാരണമായിരിക്കുന്ന ഈ അപരനോട്ടത്തില്‍നിന്നും എന്നാണോ നാം പിന്‍തിരിയുന്നത് അന്നേ നമ്മില്‍ ജീവിതം ജീവസ്സുറ്റതാകുകയുള്ളൂ എന്നു നമുക്കു മറക്കാതിരിക്കാം. ജീവിതം ഇത്രമാത്രം നിര്‍ജ്ജീവമായിരിക്കുന്നെങ്കില്‍ അതിനു പ്രധാന കാരണം നാം മറ്റുള്ളവരില്‍ അത്രമാത്രം സജീവമായിരിക്കുന്നതാണ്.

അഞ്ച്

അസ്വാസ്ഥ്യങ്ങള്‍ക്കു മുകളില്‍  അടയിരിക്കാനുള്ള ക്ഷമയും സാവകാശവുമുള്ളവര്‍ക്ക് ജീവിതം വിസ്മയങ്ങളിലേക്കുള്ള കവാടങ്ങള്‍ തുറന്നുതരും.

അസ്വസ്ഥത ഒഴിവാകേണ്ടതും ഒഴിവാക്കേണ്ടതും തന്നെയാണ്. എന്നാല്‍ അത് അസ്വസ്ഥത യില്‍നിന്നും ഓടിയകന്നിട്ടല്ല സംഭവിക്കേണ്ടത്. ഓടിയകലും തോറും കെട്ടുമുറുകുന്ന കുരുക്കാണത്. വെറുതെ അതോടൊപ്പം ഇരുന്നുകൊടുക്കാനുള്ള മനസ്സുണ്ടെങ്കില്‍ അഴിഞ്ഞുതരുന്ന അസ്ഥ്വാസ്ഥ്യങ്ങളാണ് നാം അനുഭവിക്കുന്നതിലേറെയും. മാനസികമായ പല സംഘര്‍ഷങ്ങളും ഇത്രമാത്രം സങ്കീര്‍ണ്ണമാകുന്നതിനു പ്രധാന കാരണം നമ്മുടെ അക്ഷമതന്നെയാണ്. കോഴി മുട്ടയ്ക്കു മുകളില്‍ അടയിരിക്കുന്നതുപോലെ ഇത്തിരി ക്ഷമയുടെ ചൂടു പകര്‍ന്ന് അസ്വാസ്ഥ്യത്തെ വിരിയിച്ചെടുക്കാനായാല്‍ വിസ്മയാവഹമായ പാല്‍പുഞ്ചിരിയോടെ വിരിഞ്ഞുവരുന്ന സമാധാനത്തെയാകും നാം അനുഭവിക്കുക.

ആറ്

പൂര്‍ത്തിയാക്കാത്ത കര്‍മ്മങ്ങളുടെ നിലവിളിയാണ് അതൃപ്തി. പാതിവഴി എന്നും പ്രയാസമേ സമ്മാനിക്കൂ. തുടങ്ങിവച്ചത് ന്യായമായ രീതിയില്‍ പൂര്‍ത്തീകരിക്കാത്തിടത്തോളം അതു നമ്മെ പിന്തുടര്‍ന്നുകൊണ്ടേയിരിക്കും. സമാധനമാണ് നാം തേടുന്നതെങ്കില്‍ ആദ്യം ചെയ്യേണ്ട ധ്യാനം പൂര്‍ത്തീകരിക്കാതെ വിട്ട ലോകങ്ങളിലേക്ക് ശ്രദ്ധാലുവാകുക എന്നതാണ്. നമുക്കാവുന്ന രീതി യില്‍ ഒരു പൂര്‍ത്തീകരണം അവിടെ സംഭവിച്ചാല്‍ ഉള്ളില്‍ വിങ്ങിനില്ക്കുന്ന അതൃപ്തിയുടെ വീര്യം കുറയുന്നതും അവിടെ തൃപ്തമായ ഒരുള്ളം ഉണരുന്നതും നാമനുഭവിക്കും.

ഏഴ്

ഏറ്റവും എളുപ്പമായത് ചെയ്തു തുടങ്ങിയാല്‍ ഏറ്റവും പ്രയാസമായത് എളുപ്പമായ് വരും.
തുടങ്ങേണ്ടത് എപ്പോഴും സാവകാശവും സമാധനപരവുമാകണം. അതിന് ഏറ്റവുമുചിതം ഏറ്റവും മുന്നിലുള്ളത് ചെയ്തു തുടങ്ങുകയാണ്. തൊട്ടടുത്തിരിക്കുന്നവരുടെ തോളില്‍ വെറുതെയൊന്നു സ്നേഹത്തോടെ സ്പര്‍ശിക്കുന്നിടത്തുനിന്നാണ് ലോകസമാധാനത്തിനായുള്ള എല്ലാ കര്‍മ്മപദ്ധതികളും ആരംഭിക്കേണ്ടത്. അങ്ങനെ നമുക്കു കഴിയുന്നെങ്കില്‍ പിന്നെ ചെയ്യുന്നതെല്ലാം ആ തോളില്‍ കൈയിട്ടിരുന്നതുപോലുള്ള അനായാസത നിറഞ്ഞതാകും. അവിടെ പരാതി പരിഭവാദികളെല്ലാം അകന്നുനില്ക്കും. മഹത്തായ കാര്യങ്ങളൊന്നും ഞാന്‍ ചെയ്യുന്നില്ലെന്ന ബോധം തനിയെയുണ്ടാകും. കര്‍മ്മങ്ങള്‍ നമുക്കും മറ്റുള്ളവര്‍ക്കും ബാദ്ധ്യതയായി മാറാതിരിക്കും.

എട്ട്

ഭാഗികമായ ശ്രദ്ധയാണ് ഏകാഗ്രത. സമഗ്രമായ ശ്രദ്ധയാണ് എകാത്മകത.


ഏതെങ്കിലും ഒരു വിഷയത്തിലേക്കുള്ള ശ്രദ്ധ നല്ലതു തന്നെ. എന്നാല്‍ അതു പലപ്പോഴും മറ്റു പലതിലേക്കുമുള്ള കാഴ്ചയെ തടയുന്നത് നാം അറിയാതെപോകും. വിഷയങ്ങളെവിട്ടു ജീവിത ത്തെ ശ്രദ്ധിക്കുമ്പോള്‍ ശ്രദ്ധ തനിയെ എല്ലാറ്റിലേ ക്കും സജീവമാകും. അവിടെ സമഗ്രമായ ഒരു കാഴ്ചയുണ്ടാകും. അത് മൂര്‍ച്ചയേറിയ ഏകാഗ്രത യേക്കാള്‍ സൗമ്യമായ, അയവാര്‍ന്ന ഏകാത്മകത യായിരിക്കും. ഏകാഗ്രതയില്‍നിന്നും ഏകാത്മകത യിലേക്ക് ഉണര്‍ന്നുവരുന്ന മനസ്സിനേ ജീവിത ത്തിന്‍റെ സൗന്ദര്യത്തിലേക്കു പ്രവേശിക്കാനുള്ള ഉള്‍ക്കാഴ്ചയുണ്ടാകൂ. ഏകാഗ്രത പലതരത്തിലുള്ള പ്രയോജനങ്ങള്‍ നമുക്കു സമ്മാനിക്കും. ഏകാത്മ കത ശാന്തമായ ഒരുള്ളത്തെയും. എകാത്മകതയെ ഉണര്‍ത്തുന്ന ഏകാഗ്രതകള്‍ ജീവിതത്തെ അനായാ സമാക്കുമെന്ന സത്യം നമുക്ക് വിസ്മരിക്കാ തിരിക്കാം.

You can share this post!

ആനന്ദത്തിലേക്ക് പതിനാല് പടവുകള്‍ : മനോനിലചിത്രണം

ടോം മാത്യു
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts