news-details
കവർ സ്റ്റോറി

ആത്മഹത്യകള്‍ പെരുകിവരികയാണ്, കേരളത്തിലും ഇന്ത്യയിലും. ആഗോളതലത്തില്‍ ഒരു വന്‍പ്രശ്നമാണവ. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ധരിച്ച കണക്കുകള്‍പ്രകാരം, മാര്‍ച്ച് 25ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനുശേഷമുള്ള 108 ദിവസത്തെ കാലയളവില്‍, കേരളത്തില്‍ 66 കുട്ടികള്‍ ആത്മഹത്യ ചെയ്തു. 18 വയസ്സില്‍ താഴെ ഉള്ളവരാണിവര്‍. ഏറ്റവും കൂടുതല്‍ മാധ്യമശ്രദ്ധ ആകര്‍ഷിച്ചതും ജനരോഷം ഉയര്‍ത്തിയതും വളാഞ്ചേരിക്കാരി, ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി, ദേവികയുടെ മരണമാണ്. ഓണ്‍ലൈന്‍ ക്ലാസുകളാരംഭിച്ചതിനെത്തുടര്‍ന്ന്, വീട്ടില്‍ ആവശ്യമായ സൗകര്യങ്ങളില്ലെന്ന കാരണത്താലാണ് അവള്‍ തീകൊളുത്തി ജീവന്‍ വെടിഞ്ഞത്. സിനിമാലോകത്തെ ഈയിടെ പിടിച്ചുകുലുക്കിയ ആത്മഹത്യകളാണ് സുശാന്ത് സിങ്ങ് രാജ്പുട്ടിന്‍റെയും പ്രേക്ഷമേത്തയുടെയും. സൂചനകളൊന്നും അവസാനിപ്പിക്കാതെയാണ് സുശാന്ത് തൂങ്ങിമരിച്ചത്.

 

സമൂഹത്തിന്‍റെ എല്ലാ തലങ്ങളിലും ആത്മഹത്യകള്‍ ഉണ്ടാകുന്നുണ്ട്. പ്രസക്തമായ ചില കണക്കുകള്‍ ഇവിടെ ചേര്‍ക്കാം: 2016-ല്‍ ഇന്ത്യയിലെ ആത്മഹത്യകളുടെ മൊത്തം സംഖ്യ 230, 314 ആയിരുന്നു. 15-29, 15-39 എന്നീ പ്രായപരിധിയില്‍പ്പെട്ടവരാണ് മിക്കവരും. ലോകത്ത് വര്‍ഷംപ്രതിയുള്ള എട്ടു ലക്ഷത്തോളം ആത്മഹത്യകളില്‍ 17 ശതമാനം പേര്‍ ഇന്ത്യയില്‍ പാര്‍ക്കുന്നവരാണ്. 1987നും 2007നും ഇടയില്‍ ആത്മഹത്യാനിരക്ക് ഒരു ലക്ഷം പേരില്‍ 7.9-ല്‍ നിന്ന് 10.3 പേരിലേക്ക് വര്‍ദ്ധിച്ചു. 2012ലെ കണക്കുകള്‍ കാണിക്കുന്നത്, ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍(ഒരു ലക്ഷംപേരില്‍) ഉണ്ടായത് തമിഴ്നാട്ടിലും കേരളത്തിലുമാണെന്നാണ്. ജീവനൊടുക്കിയവരില്‍ സ്ത്രീകളുടെ ഇരട്ടി എണ്ണമാണ് പുരുഷന്മാരുടേത്. ഇവരില്‍ 80% പേരും അക്ഷരാഭ്യാസമുള്ളവരാണെന്നുള്ളത് ഉത്കണ്ഠ വര്‍ദ്ധിപ്പിക്കുന്നു. 2018ല്‍ ആത്മഹത്യ ചെയ്ത 1,34,516 പേരില്‍ 66 ശതമാനം ആളുകളുടെ വാര്‍ഷികവരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയാണ്. സെക്കന്‍ററി സ്കൂള്‍ വരെ വിദ്യാഭ്യാസമുള്ളവരും ദിവസക്കൂലിക്കാരുമായ ഹതഭാഗ്യരാണിവര്‍. കാര്‍ഷികരംഗത്തുനിന്നുള്ളവരുടെ കേസുകളുടെ സംഖ്യ 2015മുതല്‍ തുടര്‍ച്ചയായി മൂന്നുവര്‍ഷം കുറഞ്ഞുവന്നു. 2018ല്‍ ഈ വിഭാഗത്തില്‍പ്പെട്ട ആത്മഹത്യകളുടെ എണ്ണം 10,349 ആയിരുന്നു.

 

കടക്കെണി, കുടുംബജീവിതപരാജയം, പ്രണയനൈരാശ്യം, സ്ത്രീധനം, വിവാഹമോചനം, രോഗം, ഉറ്റവരുടെ നിര്യാണം, പരീക്ഷയില്‍ തോല്‍വി, മദ്യപാനം, ലഹരിമരുന്നുപയോഗം, ദാരിദ്ര്യം തുടങ്ങിയവയാണ് ആത്മഹത്യയിലേക്കു തള്ളിവിടുന്ന പ്രധാന കാരണങ്ങള്‍. എന്നാല്‍ കൗമാരക്കാരായ ചിലരെങ്കിലും നിസ്സാരകാരണങ്ങളുടെ പേരില്‍ മാതാപിതാക്കളുമായി കലഹിച്ച് ജീവന്‍ വെടിയാന്‍ തയ്യാറായത് ഏറെ ശ്രദ്ധിക്കപ്പെട്ടു.

മിക്ക മതങ്ങളും ആത്മഹത്യയ്ക്കെതിരാണ്. ദാര്‍ശനികരുടെ ഇടയില്‍ ആത്മഹത്യയെ ന്യായീകരിക്കുന്നവരും ന്യായീകരിക്കാത്തവരുമുണ്ട്. പൈത്തഗോറിയന്മാരെന്നറിയപ്പെടുന്ന ചിന്തകര്‍ ആത്മഹത്യ പാപമാണെന്നു വിധിച്ചു. ആത്മഹത്യയെ എതിര്‍ക്കുന്ന പ്ലേറ്റോ, ചില അസാധാരണ സാഹചര്യങ്ങളില്‍ (ഉദാ. സ്വയം അവമതിക്ക് പാത്രമാകുമ്പോള്‍), ജീവന്‍ ത്യജിക്കുന്നതില്‍ തെറ്റില്ലെന്നു പറയുന്നു. ജീവിക്കണോ, വേണ്ടയോ എന്നു നിശ്ചയിക്കുന്നതിനുള്ള അവകാശം വ്യക്തിയുടേതാണെങ്കിലും, ആത്മഹത്യ രാജ്യത്തിനും സമൂഹത്തിനും വലിയ നഷ്ടം വരുത്തിവെയ്ക്കുമെന്ന് അരിസ്റ്റോട്ടില്‍ നിരീക്ഷിച്ചു. ഇന്ത്യയുള്‍പ്പെടെ മിക്ക രാജ്യങ്ങളും ആത്മഹത്യ ക്രിമിനല്‍ കുറ്റമല്ലാതാക്കിയിരിക്കുകയാണ്. പരാജയപ്പെടുന്ന ആത്മഹത്യ കുറ്റമല്ല. എന്നാല്‍ അതിന് മറ്റൊരാളെ പ്രേരിപ്പിക്കുന്നത് ഐ.പി.സി. സെക്ഷന്‍ 309 പ്രകാരം ക്രിമിനല്‍ കുറ്റമാണ്.

 

മാനസികസംഘര്‍ഷമാണ് ആത്മഹത്യയുടെ പാത തിരഞ്ഞെടുക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്. സംഘര്‍ഷത്തെ അതിജീവിക്കാന്‍ കഴിയാത്തവരെ നമ്മള്‍ ദുര്‍ബലരെന്ന് വിളിക്കാറുണ്ട്. എല്ലാ ദുര്‍ബലമനസ്കരും ആത്മഹത്യ ചെയ്യുന്നില്ല. ആത്മഹത്യയെക്കുറിച്ചാലോചിക്കുന്നവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിന് പര്യാപ്തമായ ഉപദേശം നല്കുന്ന കൗണ്‍സിലറന്മാരും ഹെല്‍പ് ലൈനുകളും ഇപ്പോള്‍ ലഭ്യമാണ്. ടി.പത്മനാഭന്‍റെ 'പ്രകാശം പരത്തുന്ന പെണ്‍കുട്ടി' എന്ന കഥയിലെപ്പോലെ, അപ്രതീക്ഷിതമായ സംഭവങ്ങളോ, നിരീക്ഷണങ്ങളോ ഒരാളെ മൃത്യു വരിക്കുന്നതില്‍നിന്ന് പിന്തിരിപ്പിച്ചേക്കാം.

 

മാനസിക പിരിമുറുക്കത്തില്‍നിന്ന് രക്ഷനേടുന്നതിന് സുഹൃത്തുക്കളുടെയോ, മനശ്ശാസ്ത്രവിദഗ്ദ്ധരുടെയോ ഒക്കെ സഹായം തേടുന്നത് നല്ലതാണ്. ആത്മഹത്യ പാപമാണെന്ന് മതവിശ്വാസികള്‍ വാദിക്കുന്നുണ്ടെങ്കിലും മതാചാരങ്ങള്‍ കൃത്യമായി അനുഷ്ഠിക്കുന്നവരില്‍ ചിലരെങ്കിലും മരണത്തിന്‍റെ കൈകളിലേക്ക് സ്വയം ചെന്നുചാടാറുണ്ട്!

ആത്മഹത്യാ പ്രവണത ഒരു മനോരോഗമാണ്. അതിനെ നിയന്ത്രിക്കാനുതകുന്ന മരുന്നുകള്‍ വിദഗ്ദ്ധരുടെ പക്കലുണ്ടെങ്കിലും, പൂര്‍ണസൗഖ്യം നേടുന്നത് അപൂര്‍വ്വമാണ്. മരുന്നിനെക്കാളേറെ ഫലപ്രദം  കുടുംബബന്ധങ്ങള്‍ സുദൃഢമാക്കുക എന്നതാണ്. കുടുംബത്തില്‍ സൗഹൃദാന്തരീക്ഷം പുലരണം. മാതാപിതാക്കള്‍ തമ്മില്‍, അവരും മക്കളും തമ്മില്‍, മക്കള്‍ തമ്മില്‍ - ഇങ്ങനെ പല രീതികളില്‍ പ്രശ്നങ്ങള്‍ ആവിര്‍ഭവിച്ചുകൊണ്ടിരിക്കും. എന്നാല്‍ ഇവയെ പരിഹരിക്കുന്നതിനുള്ള വഴി തുറന്നുള്ള ചര്‍ച്ചയാണ്. കുടുംബാംഗങ്ങള്‍ക്കിടയില്‍ രഹസ്യമറകള്‍ ഉയര്‍ത്തരുത്. മക്കള്‍ക്ക് അമിതവാത്സല്യം കൊടുക്കുന്ന മാതാപിതാക്കള്‍ ക്രമേണ, അവരുടെ 'അടിമ' കളായി മാറുന്നതു കാണാം. ചില വീടുകളില്‍ മാതാപിതാക്കളല്ല, പ്രായപൂര്‍ത്തിയാകാത്ത മക്കളാണ് ഭരിക്കുന്നത്! സാമ്പ്രദായിക കുടുംബങ്ങളില്‍പോലും വിരളമായേ തുറന്ന സംഭാഷണങ്ങളും ആലോചനകളും ഉണ്ടാകുന്നുള്ളൂ. ഇതു പ്രകടിപ്പിക്കാത്ത സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്നു. ആത്മഹത്യ ചെയ്യുന്ന ഓരോരുത്തരും അനുഭവിക്കുന്നത് മാനസികമായ ഒറ്റപ്പെടലാണ്. കുടുംബസദസ്സില്‍ പ്രശ്നങ്ങള്‍ പങ്കുവയ്ക്കുന്ന പതിവ് ചെറുപ്പം മുതലേ കുട്ടികളില്‍ വികസിപ്പിച്ചെടുക്കാന്‍ മാതാപിതാക്കള്‍ ശ്രമിക്കണം. അതിന് മുന്നോടിയായി, അവര്‍ക്കിടയിലും രഹസ്യങ്ങള്‍ ഉടലെടുക്കാതിരിക്കണം. ആരോഗ്യകരമായ കുടുംബാന്തരീക്ഷം ആത്മഹത്യകളുടെ സംഖ്യ കുറയ്ക്കുമെന്നതില്‍ സന്ദേഹമില്ല. സങ്കീര്‍ണപ്രശ്നങ്ങളില്‍ പെടുന്നവര്‍ ഒറ്റപ്പെടരുത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും അവരോടൊപ്പം നില്ക്കണം. 

You can share this post!

കറുപ്പിന്‍റെ രാഷ്ട്രീയം

ആരതി എം. ആര്‍
അടുത്ത രചന

ഇരിക്കപ്പൊറുതിയില്ലാത്ത അന്വേഷണം

ഷാജി സി.എം. ഐ.
Related Posts