news-details
മറ്റുലേഖനങ്ങൾ

ദൈവത്തിന്‍റെ സ്നേഹവും സൃഷ്ടികളുടെ സഹനവും

ദൈവം സ്നേഹിക്കുന്ന പിതാവാണെന്ന് എല്ലാ മതങ്ങളും ഏറ്റുപറയുന്നുണ്ട്. എന്നാല്‍ ദൈവം സൃഷ്ടിച്ചു പരിപാലിച്ചു പോരുന്ന ലോകത്തില്‍ കണക്കറ്റ സഹനമാണു നാം കാണുന്നത്. പ്രപഞ്ചത്തിലെ ജീവജാലങ്ങളിലേയ്ക്കു തിരിഞ്ഞാല്‍, അവയെല്ലാം ജീവിക്കുന്നത് മറ്റു ജീവജാലങ്ങളെ ആഹാരമാക്കിക്കൊണ്ടാണ്. അതായത്, ചില ജീവജാലങ്ങള്‍ ജീവന്‍ നിലനിര്‍ത്തണമെങ്കില്‍, മറ്റു ജീവജാലങ്ങള്‍ ജീവന്‍ വെടിയണം. വലിയ കീടങ്ങള്‍ ചെറിയ കീടങ്ങളെ ഭക്ഷിക്കുന്നു. മൃഗങ്ങള്‍ മറ്റു മൃഗങ്ങളെയും ചെടികളെയും ഭക്ഷിക്കുന്നു. മനുഷ്യര്‍ മൃഗങ്ങളെയും ചെടികളെയും ആഹാരത്തിന് ആശ്രയിക്കുന്നു. ചെടികളും ചെറു ജീവികളും ആഹാരമാക്കുന്നത് മനുഷ്യനില്‍നിന്നും മൃഗങ്ങളില്‍ നിന്നും നിര്‍ഗ്ഗമിക്കുന്നവയെയും അവസാനം മനുഷ്യരുടെയും മൃഗങ്ങളുടെയും ശവശരീരങ്ങളെയുമാണ്. ക്യാന്‍സറിന്‍റെയും മറ്റു രോഗങ്ങളുടെയും അണുക്കള്‍ മനുഷ്യശരീരത്തെ ആക്രമിച്ചു മരണാസന്നമാക്കുന്നു. അവസാനം മരിച്ചുകഴിയുമ്പോള്‍ മൃതശരീരം കൃമികള്‍ക്കും ചെടികള്‍ക്കുമെല്ലാം ആഹാരമായിത്തീരുന്നു. അങ്ങനെ ചിന്തിച്ചാല്‍, ക്രൂരമായ ഒരു പ്രപഞ്ചക്രമമാണ് നമുക്കുമുമ്പില്‍ അനാവരണം ചെയ്യപ്പെടുക. പ്രപഞ്ചത്തിന്‍റെ ഈ ഭീതിതരൂപം എങ്ങനെ പിതാവായ ദൈവത്തിന്‍റെ സ്നേഹവുമായി പൊരുത്തപ്പെടുമെന്നതാണ് പ്രശ്നം.

പ്രകൃതിയിലെ ഈ പ്രതിഭാസം മറ്റൊരു വീക്ഷണകോണിലൂടെയും കാണുവാന്‍ കഴിയും. എത്രമാത്രം സന്തോഷത്തോടും ഉത്സാഹത്തോടും കൂടിയാണ് പക്ഷിമൃഗാദികള്‍ അവയുടെ ആഹാരം കണ്ടുപിടിക്കുന്നതും ഭക്ഷിക്കുന്നതും! എത്രമാത്രം ആഹ്ലാദത്തോടെയാണ് മനുഷ്യര്‍ ഭക്ഷണമേശയ്ക്കു ചുറ്റും ഇരിക്കുന്നതും സസ്യജന്യവും മൃഗജന്യവുമായ ആഹാരവിഭവങ്ങളെ ആസ്വദിക്കുന്നതും ! നമ്മുടെ ജീവന്‍ നിലനിര്‍ത്തുന്ന ഭൂമിയുടെ ഈ ഫലങ്ങള്‍ക്കും ദാനങ്ങള്‍ക്കും നാം ദൈവത്തിനു നന്ദി പ്രകാശിപ്പിക്കുകയും ചെയ്യുന്നു.

ഭക്ഷിക്കുന്നത് ആനന്ദപ്രദം തന്നെ, എന്നാല്‍ ഭക്ഷിക്കപ്പെടുന്നത് അങ്ങനെയല്ലല്ലോ എന്നായിരിക്കാം ഇതിനുള്ള പ്രതികരണം. അതുശരിതന്നെ. എങ്കിലും ചില കാര്യങ്ങള്‍ ഇവിടെ നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ചോറുണ്ണാന്‍ വേണ്ടി  മില്ലില്‍ കുത്തി അരിയാക്കപ്പെടുന്ന നെല്ലിനോ, കുടിക്കാന്‍ വേണ്ടി വറുത്തു പൊടിയാക്കപ്പെടുന്ന കാപ്പിയോ ചായയോ ഒന്നും ഒരു വേദനയും അനുഭവിക്കുന്നില്ല. ഭക്ഷണത്തിനു വേണ്ടി കൊല്ലപ്പെടുന്ന മൃഗങ്ങള്‍ക്കു വേദന എത്രമാത്രം അനുഭവവേദ്യമാകുന്നു, എത്രമാത്രം അവബോധത്തോടെയാണ് അവ അതു സഹിക്കുന്നത് എന്നു നമുക്കറിഞ്ഞുകൂടാ. മനുഷ്യനെ സംബന്ധിച്ചിടത്തോളം തീര്‍ച്ചയായും മൃഗങ്ങളാലോ മറ്റു മനുഷ്യരാലോ ബാക്ടീരിയായാലോ കൊല്ലപ്പെടുന്നതും ഭക്ഷിക്കപ്പെടുന്നതും ഭീതിദമായ ഒരനുഭവം തന്നെ.
ഇവിടെയുമുണ്ട് ഒരു മറുവശം. നമ്മുടെ അനുഭവത്തില്‍ തന്നെ എത്രയോ പേരുണ്ട് മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കുന്നവര്‍, മറ്റുള്ളവര്‍ക്കുവേണ്ടി സ്വയം ചെലവഴിക്കുന്നവര്‍, മറ്റുള്ളവര്‍ക്കു വേണ്ടി ജീവന്‍ പോലും ബലി കഴിക്കുന്നവര്‍! തങ്ങളുടെ കുഞ്ഞുങ്ങളുടെ ജനനത്തിനായും അവരെ വളര്‍ത്തുന്നതിനായും  ജീവന്‍പോലും ത്യജിക്കുന്ന  എത്രയോ അമ്മമാരാണുള്ളത്! ഭാര്യയ്ക്കും മക്കള്‍ക്കുംവേണ്ടി അദ്ധ്വാനിച്ച് അവശരാകുകയും ആയുസ്സിന്‍റെ ദൈര്‍ഘ്യം കുറയ്ക്കുകയും ചെയ്യുന്ന എത്രയോ പിതാക്കന്മാരാണുള്ളത്! മറ്റുള്ളവര്‍ക്കു ജീവന്‍ നല്കാന്‍ വേണ്ടി സ്വന്തം അവയവങ്ങള്‍ ദാനം ചെയ്യുന്നവരും കുറവല്ലല്ലോ.

 

മറ്റുള്ളവര്‍ക്കു ജീവനേകാന്‍വേണ്ടി മുറിക്കപ്പെടുന്ന അപ്പമായിത്തീരുന്നു ചിലര്‍. സ്നേഹത്തിന്‍റെ ഏറ്റവും വലിയ പ്രകശനവും മനുഷ്യജീവിതത്തിന്‍റെ ഏറ്റവും വലിയ ഉദാത്തീകരണവുമാണ് ഇവിടെ നാം കാണുക. അങ്ങനെ മറ്റുള്ളവരില്‍നിന്ന്      ജീവന്‍ സ്വീകരിക്കുകയും മറ്റുള്ളവര്‍ക്കു ജീവന്‍ നല്കുകയും ചെയ്യുന്ന ഒരു പ്രതിഭാസം കൂടിയാണ് പ്രപഞ്ചത്തിന്‍റെ ഈ ക്രമം.

 

എന്നാല്‍, ഈ പറഞ്ഞതൊന്നും സൃഷ്ടികളുടെ സഹനത്തിന് ഉപശാന്തിയോ നമ്മുടെ പ്രശ്നത്തിനു തൃപ്തികരമായ ഉത്തരമോ ആകുന്നില്ല. ചോദ്യത്തിനു മറ്റൊരു വശവും ഉണ്ടെന്നു സൂചിപ്പിച്ചെന്നു മാത്രം.ലോകത്തിലെ സഹനങ്ങള്‍ ദൈവത്തിന്‍റെ സ്നേഹവുമായി ഒത്തുപോകുന്നില്ലെന്ന ചിന്ത നമുക്കുണ്ടാകുന്നത് പ്രപഞ്ചത്തില്‍ കാണപ്പെടുന്ന വേദനകളും ദുരിതങ്ങളും മൂലം മാത്രമല്ല, പിന്നെയോ സര്‍വ്വോപരി വ്യക്തിപരമായി നമുക്കുണ്ടാകുന്ന വേദനിക്കുന്ന ജീവിതാനുഭവങ്ങള്‍ മൂലവുമാണ്. മാതാപിതാക്കളില്‍ നിന്നു കിട്ടാതെ പോകുന്ന സ്നേഹം, സഹജീവികളില്‍ നിന്നനുഭവപ്പെടുന്ന വെറുപ്പും വിദ്വേഷവും, സ്നേഹിതരെന്നു കരുതി വിശ്വാസമര്‍പ്പിച്ചവരുടെ ചതിയും വഞ്ചനയും, മേലധികാരികളുടെ അനീതിപരമായ പെരുമാറ്റരീതി, എല്ലാം മനുഷ്യജീവിതത്തെ ദുരിതപൂരിതമാക്കുന്നു. അതുപോലെ തന്നെ രോഗങ്ങള്‍, യുദ്ധങ്ങള്‍, പ്രകൃതിക്ഷോഭങ്ങള്‍, പ്രായാധിക്യം കൊണ്ടുണ്ടാകുന്ന അസ്വസ്ഥതകള്‍ അവസാനം മരണം- എല്ലാം ജീവിതം ഒരു ശോകാന്ത നാടകമാണെന്ന തോന്നല്‍  നമ്മിലുളവാക്കിയേക്കാം. എല്ലാറ്റിനും ദൈവത്തെ പഴിചാരാനുള്ള പ്രലോഭനവും നമുക്കുണ്ടായേക്കാം.

 

ഇവിടെ പ്രകൃതിയില്‍ നിന്നുണ്ടാകുന്ന സഹനങ്ങളെയും മനുഷ്യനില്‍ നിന്നുണ്ടാകുന്നവയും അവന്‍ ഉത്തരവാദിത്വമേറ്റെടുക്കേണ്ടവയുമായ സഹനങ്ങളെയും വേര്‍തിരിച്ചുകാണേണ്ടിയിരിക്കുന്നു. മനുഷ്യന്‍ വളര്‍ന്നു വലുതാകുന്നതിന് അവന്‍ ഏറ്റെടുക്കേണ്ട സഹനങ്ങളും ത്യാഗങ്ങളുമുണ്ട്. യാതൊരു അദ്ധ്വാനവും ആവശ്യമില്ലാത്ത, എല്ലാം റെഡിമെയ്ഡ് ആയിട്ടു കിട്ടുന്ന, ഒരു ലോകത്തിലല്ല ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. മനുഷ്യന്‍റെ പ്രയത്നമാവശ്യമായിരിക്കുന്ന പല ജോലികളും കടമകളുമൊക്കെ മനുഷ്യനെ ഏല്പിച്ചുകൊണ്ടാണ് സ്രഷ്ടാവായ ദൈവം അവനെ ഈ ഭൂമിയിലാക്കിയിരിക്കുന്നത്. ഒരുവിധത്തില്‍ പറഞ്ഞാല്‍, സൃഷ്ടികര്‍മ്മത്തില്‍ അവിടുന്നു മനുഷ്യനെ പങ്കാളിയാക്കിയിരിക്കയാണ്. അങ്ങനെ ഉന്നതമായ ഒരു പദവിയാണ് അവിടുന്ന് അവനു നല്കിയിരിക്കുന്നത്.

 

ഈ പദവിക്കൊത്തു ജീവിക്കാന്‍ ആയാസകരമായ പലകാര്യങ്ങളും അവന്‍ ചെയ്യേണ്ടിയിരിക്കുന്നു. പരീക്ഷകളെ നേരിടുകയും പരീക്ഷണങ്ങളെ അതിജീവിക്കയും ചെയ്യണം. അങ്ങനെ ത്യാഗപൂര്‍ണ്ണമായ ഒരു ജീവിതത്തിലൂടെ പരിപക്വമായ വ്യക്തിത്വത്തിലേക്ക് അവന്‍ വളരുന്നു. ഇവിടെയെല്ലാം അര്‍ത്ഥവത്തായ ത്യാഗങ്ങളാണ് മനുഷ്യന്‍ സഹിക്കുന്നത്.

ഇവയില്‍ നിന്നെല്ലാം വ്യത്യസ്തമാണ് കുറ്റകരമായ അനാസ്ഥയോടെ മനുഷ്യന്‍ തനിക്കും മറ്റുള്ളവര്‍ക്കും ഏല്പിക്കുന്ന ദുരിതങ്ങളും വേദനകളും. മദ്യപിച്ചുകൊണ്ടു വണ്ടിയോടിക്കുന്നവനും ഗതാഗതനിയമങ്ങള്‍ അവഗണിക്കുന്നവനും തനിക്കും മറ്റുള്ളവര്‍ക്കും അപകടങ്ങള്‍ വരുത്തി വെക്കുന്നു. രുചിയുള്ള ഭക്ഷണം അമിതമായി കഴിക്കുന്നവന്‍ സ്വന്തം ദഹനേന്ദ്രിയങ്ങളെ നശിപ്പിക്കുകയും രോഗബാധിതനായിത്തീരുകയും ചെയ്യുന്നു. സ്വന്തം കാര്യലാഭത്തിനുവേണ്ടി അനീതി പ്രവര്‍ത്തിക്കുകയും വഞ്ചിക്കുകയും ചെയ്യുന്നവന്‍ മറ്റുള്ളവരുമായി വഴക്കിലും വക്കാണത്തിലുമെല്ലാമേര്‍പ്പെടുന്നു. അവന് ഒരിക്കലും സമാധാനമോ ശാന്തിയോ അനുഭവപ്പെടുകയില്ല. മദ്യപാനവും മയക്കുമരുന്നും വഴി ഒരുവന്‍ സ്വന്തം ആരോഗ്യം നശിപ്പിക്കുകയും ഭാര്യയെയും മക്കളെയും തീരാദുഃഖത്തിലാഴ്ത്തുകും ചെയ്യുന്നു. അഴിമതി പ്രവര്‍ത്തിക്കുന്നവനും കൈക്കൂലി വാങ്ങുന്നവനും മറ്റുള്ളവരെ ദ്രോഹിക്കുകയും ആത്യന്തികമായി സ്വന്തം നാശത്തിനു വഴിമരുന്നിടുകയും ചെയ്യുന്നു. ഇങ്ങനെയെല്ലാമുള്ള ദുരിതങ്ങള്‍ക്കും സഹനങ്ങള്‍ക്കും ദൈവത്തെ പഴിചാരുന്നത് ഒരിക്കലും ശരിയല്ലല്ലോ.

തങ്ങളുടെ സ്വാതന്ത്ര്യമുപയോഗിച്ച് പ്രകൃതി നിയമങ്ങള്‍ക്കും ദൈവപ്രമാണങ്ങള്‍ക്കും വിധേയരായി മനുഷ്യര്‍ ജീവിക്കുന്ന ഒരു ലോകത്തെ വിഭാവന ചെയ്തുനോക്കുക. അവിടെ ദൈവസ്നേഹത്തിലും സഹോദരസ്നേഹത്തിലുമായിരിക്കും എല്ലാവരും കഴിയുക. അവിടെയുമുണ്ടായിരിക്കും തീര്‍ച്ചയായും പ്രകൃതി ക്ഷോഭങ്ങളും അപകടങ്ങളും രോഗങ്ങളും പ്രായാധിക്യവും അവസാനം മരണവും. എന്നാല്‍ അവിടെ വിദ്വേഷമോ വെറുപ്പോ ചതിയോ വഞ്ചനയോ അനീതിയോ യുദ്ധങ്ങളോ ഒന്നുമുണ്ടായിരിക്കയില്ല. അക്രമവും ഭീഷണിയും തീവ്രവാദങ്ങളും ഹിംസയുമെല്ലാം അപ്രത്യക്ഷമാകും. സാമൂഹ്യനീതി എല്ലായിടത്തും കൊടികുത്തി വാഴും. വ്യക്തികളും  കുടുംബങ്ങളും സമുദായങ്ങളും സമൂഹങ്ങളും രാഷ്ട്രങ്ങളുമെല്ലാം പരസ്പരമൈത്രിയിലും സമാധാനത്തിലുമായിരിക്കും കഴിയുക. പ്രകൃതിക്ഷോഭമുണ്ടായാല്‍ അതിന്‍റെ ദുരന്തഫലങ്ങള്‍ എല്ലാവരുടെയും പരിശ്രമഫലമായി പെട്ടെന്നു തുടച്ചുമാറ്റപ്പെടും. രോഗികളും പ്രായം ചെന്നവരും സ്നേഹപൂര്‍വ്വകമായ പരിചരണത്തിനു വിധേയരാകും. ഏകാന്തതയോ പരിത്യക്തതയോ ആര്‍ക്കും അനുഭവപ്പെടുകയില്ല. മരണത്തിന്‍റെ സാമീപ്യം തന്നെ ആരെയും ആകുലചിത്തരാക്കുകയില്ല. ദൈവസാന്നിധ്യത്തിന്‍റെ അനുഭവം മരണാസന്നരെ സന്തോഷവും പ്രതീക്ഷയും കൊണ്ടുനിറയ്ക്കും. അങ്ങനെയുള്ള ഒരു ലോകത്തില്‍ ദൈവത്തിന്‍റെ സ്നേഹത്തെപ്പറ്റി ആര്‍ക്കും സംശയമേ ഉണ്ടാകയില്ല, ഇത്തരത്തിലുള്ള ഒരു ലോകം ഒരു "ഉട്ട്യോപ്യാ" ആണ്, അതെങ്ങും സാക്ഷാത്കരിക്കപ്പെടുന്നില്ല എന്നതു ശരി തന്നെ. എന്നാല്‍ അതിനുത്തരവാദി ദൈവമല്ല, നമ്മള്‍ തന്നെയാണ്.

 

ദൈവം ഒരൊറ്റ നിമിഷം കൊണ്ട് എല്ലാം തികഞ്ഞ പരിപൂര്‍ണ്ണമായ ഒരു ലോകത്തെ സൃഷ്ടിക്കുകയല്ല ചെയ്തത്. ഇന്നും ദൈവത്തിന്‍റെ സൃഷ്ടി പൂര്‍ണ്ണമാണെന്നു പറഞ്ഞുകൂടാ. ഒരു കലാകാരനെയും അയാളുടെ കലാരൂപത്തെയും നാം വിലയിരുത്തുകയും വിധിക്കുകയും ചെയ്യുന്നത് അയാളുടെ സൃഷ്ടി നടന്നു കൊണ്ടിരിക്കുമ്പോളല്ല, അതു പൂര്‍ത്തിയായിക്കഴിഞ്ഞാണല്ലോ. ദൈവത്തെയും അവിടുത്തെ സൃഷ്ടിയെയും പറ്റി ഇതു തന്നെ പറയേണ്ടിയിരിക്കുന്നു. ഭൗമിക പറുദീസാ പോലും പൂര്‍ത്തിയാക്കപ്പെട്ട ഒരു സൃഷ്ടി ആയിരുന്നില്ല. ബൈബിളില്‍ വിവരിക്കുന്ന ഏദേന്‍ തോട്ടം നമ്മുടെ ഇന്നത്തെലോകത്തിന്‍റെ ഭൗതികാവസ്ഥയില്‍ നിന്നു വ്യത്യസ്തമായിരുന്നില്ല, ലോകത്തെ കീഴടക്കാനും ഭരിക്കാനുമുള്ള ആജ്ഞ ദൈവം നല്കിയത്. ആദിമാതാപിതാക്കളുടെ പാപത്തിനു മുമ്പാണ്. ദൈവവുമായും തന്നില്‍ത്തന്നെയും  മനുഷ്യന്‍ അനുഭവിച്ച സമാധാനത്തിന്‍റെ ഒരു പ്രതീകമായിരുന്നു ഭൗമിക പറുദീസാ.

 

പ്രസാദവരത്തില്‍ അവര്‍ക്കുണ്ടായിരുന്ന സുരക്ഷിതത്വത്തിന്‍റെ ഒരു സൂചികയായിരുന്നു അത്. പാപത്തിന്‍റെ കരിനിഴല്‍ വീഴാത്ത, പ്രസാദവരത്തിന്‍റെ കതിരൊളി തൂകി നിന്ന, മനുഷ്യചരിത്രത്തിന്‍റെ ആരംഭദശയായിരുന്നു ഭൗമിക പറുദീസാ. ഈ സുവര്‍ണ്ണകാലം നമുക്കു നഷ്ടപ്പെട്ടുപോയെങ്കില്‍, അതിനുകാരണം മനുഷ്യന്‍ തന്നെയാണ്, ദൈവമല്ല. ലോകത്തിലേക്കു തിന്മയും ദുരിതങ്ങളും കടന്നു വന്നത് ദൈവത്തില്‍ നിന്നല്ല, സ്വാതന്ത്ര്യമെന്ന വലിയ ദാനം നല്കി ദൈവം സൃഷ്ടിച്ച വ്യക്തികളില്‍ നിന്നാണ്. അവര്‍ ദൈവികദാനമായ സ്വാതന്ത്ര്യം ദുരുപയോഗിക്കുകയും ദൈവത്തിന് എതിരായ നിലപാടെടുത്തുകൊണ്ട് തിന്മയിലേക്കു തിരിയുകയും ചെയ്തതുകൊണ്ടാണതു സംഭവിച്ചത്. സ്വാതന്ത്ര്യം ഇല്ലാതെയാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചിരുന്നതെങ്കില്‍, അവന്‍ വെറും അടിമയോ പാവയോ മാത്രമേ ആകുമായിരുന്നുള്ളൂ. സ്വാതന്ത്ര്യത്തോടുകൂടി സൃഷ്ടിക്കപ്പെട്ടതു കൊണ്ടാണ് ബോധപൂര്‍വ്വം നന്മ തിരഞ്ഞെടുക്കാനും നന്മയില്‍ വളരാനും സ്നേഹിക്കാനുമെല്ലാം അവനു കഴിയുന്നത്.

ഇവിടെ ഒരു ചോദ്യമുദിച്ചേക്കാം. ചില മനുഷ്യര്‍ തങ്ങളുടെ സ്വാതന്ത്ര്യം ദുരുപയോഗിച്ചുകൊണ്ട് ലോകത്തില്‍ തിന്മയും കഷ്ടപ്പാടുകളും സഹനങ്ങളുമെല്ലാം വരുത്തിവെക്കുമെന്നു ദൈവം അറിഞ്ഞിരുന്നില്ലേ? എങ്കില്‍, എന്തുകൊണ്ട് അവിടുന്ന് ഇതെല്ലാം അനുവദിച്ചു? ആരംഭത്തില്‍ തന്നെ അവിടുത്തേക്ക്  എല്ലാറ്റിനും അറുതി വരുത്താമായിരുന്നില്ലേ? നമ്മുടെ വിശ്വാസം ഈ ചോദ്യത്തിന് ഉത്തരം നല്കുന്നുണ്ട്. തിന്മയുടെ ശക്തികള്‍ എത്രമാത്രം  പ്രബലപ്പെട്ടാലും, മനുഷ്യര്‍ ദൈവത്തിനെതിരേ പാപകരമായ എന്തെല്ലാം നിലപാടുകളെടുത്താലും, സൃഷ്ടിയെ ആത്യന്തികമായി അതിന്‍റെ ലക്ഷ്യത്തിലെത്തിക്കാന്‍ കഴിവുറ്റവനാണ് ദൈവം.

 

സഹനവും മരണവുമെല്ലാം ഈ ലക്ഷ്യപ്രാപ്തിയെ സഹായിക്കുന്ന ഘടകങ്ങളായിത്തീരുന്നുവെന്നു പറയാം. ദൈവത്തിനെതിരായി നാമെടുക്കുന്ന പാപകരമായ നിലപാടുകളുടെ പരിണതഫലം അവ നമുക്കു വ്യക്തമാക്കുന്നു. കയ്പ്പേറിയ ഈ പരിണതഫലങ്ങളില്‍നിന്നു നമ്മെ രക്ഷിക്കാന്‍ ദൈവം സ്വീകരിക്കുന്ന മാര്‍ഗ്ഗവും നമുക്കു വ്യക്തമാകുന്നു. ഈ മാര്‍ഗ്ഗമാണ് യേശുക്രിസ്തു. പാപത്തില്‍ നിന്നും അതിന്‍റെ പരിണതഫലങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കാന്‍ യേശുക്രിസ്തുവിലൂടെ ദൈവം ഇടപെട്ടു ചെയ്ത കാര്യങ്ങള്‍ മനസ്സിലാക്കുന്ന ഒരുവനും ദൈവത്തിന്‍റെ സ്നേഹത്തെപ്പറ്റി സംശയിക്കാന്‍ സാധ്യമല്ല. ദൈവത്തിന്‍റെ സ്നേഹത്തിന്‍റെ ആഴം മനസ്സിലാക്കാന്‍ യേശുവിനെ കാണുകയും കേള്‍ക്കുകയും അവിടുത്തെ ചെയ്തികളെയും ജീവിതത്തെയും സഹനത്തെയും മരണത്തെയും ഉയിര്‍പ്പിനെയും മനസ്സിലാക്കുകയും ചെയ്താല്‍ മതി. അപ്പോള്‍ ഒരു കാര്യം നിസ്സംശയം നമുക്കു വ്യക്തമാകും: സ്നേഹം വെറുപ്പിനെക്കാളും ശക്തമാണെന്ന്. ലോകാന്ത്യത്തില്‍ യേശുവിലൂടെ എല്ലാം പൂര്‍ത്തിയായിക്കഴിയുമ്പോള്‍ സംശയലേശമില്ലാതെ എല്ലാവരും ഏറ്റുപറയുന്ന ഒരു കാര്യമുണ്ടാകും: "ദൈവം സ്നേഹമാണ്."

You can share this post!

ആനന്ദത്തിലേക്ക് പതിനാല് പടവുകള്‍ : മനോനിലചിത്രണം

ടോം മാത്യു
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts