news-details
മറ്റുലേഖനങ്ങൾ

കുടുംബം ഭൂമിയിലെ സ്വര്‍ഗ്ഗം

"സൂര്യന്‍ അസ്തമിക്കും മുമ്പ് നിന്‍റെ കോപം ക്ഷമിക്കപ്പെട്ടിരിക്കണം"

ഭൂമിയില്‍ ഏറ്റവും നല്ലത് സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. അതാണ് ദൈവസൃഷ്ടിയില്‍ ഏറ്റവും സുന്ദരമായ കുടുംബം. സന്ധ്യാനേരത്ത് മനോഹരമായ ഉദ്യാനത്തില്‍ സ്ത്രീയുടെയും പുരുഷന്‍റെയും കൈപിടിച്ചുകൊണ്ട് ദൈവം നടക്കാനിറങ്ങുന്നു. പകലത്തെ അദ്ധ്വാനത്തിന്‍റെ ക്ഷീണം മാറ്റി സന്ധ്യ സ്വകാര്യതയുടെ, ഇഴയടുപ്പത്തിന്‍റെ പുതിയൊരു രാത്രിയെ സൃഷ്ടിക്കുന്നു. ഇതിലും മനോഹരമായ സ്വപ്നം മനുഷ്യകുലത്തിന് ഇനി  എവിടെനിന്നു ലഭിക്കും? നിത്യപ്രണയത്തിന്‍റെ സാധ്യത മഴവില്ലിന്‍റെ ഏഴു നിറങ്ങളിലും ചാലിച്ച് വരച്ചുവെച്ചിരിക്കുന്നതാണ് ഏദനിലെ ആദ്യത്തെ കുടുംബം. ഓരോ ജീവിതം ആരംഭിക്കുമ്പോഴും സ്ത്രീയും പുരുഷനും ആഗ്രഹിക്കുന്ന സന്ധ്യയാണത്. തന്‍റെ ഇണയില്‍നിന്നും ഇതു നഷ്ടപ്പെട്ടുപോകുമ്പോള്‍ ജീവിതം അര്‍ത്ഥശൂന്യമാകുകയും ഇതു സാധ്യമാക്കാന്‍ വേണ്ടി മാത്രം മറ്റൊരു ഇണയെ തേടുകയും ചെയ്യുന്നു. അത് ഒരുപക്ഷേ മറ്റൊരു വ്യക്തിയാകാം, വസ്തുവാകാം, ലഹരിയാകാം, ഭക്തിയാകാം, ഭീകരതയാകാം, എന്തുമാകാം. ഒന്നുറപ്പാണ് ഈ ഇവനിംഗ്വാക്ക് അവര്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു. നിനക്ക് കോപിക്കാം, പക്ഷേ സൂര്യന്‍ അസ്തമിക്കുന്നതിനുമുമ്പേ നിന്‍റെ കോപം ക്ഷമിക്കപ്പെട്ടിരിക്കണം എന്നാണ്. കാരണം സന്ധ്യാനേരത്തെ ഈ ഒരുമിച്ചുള്ള നടത്തത്തിനുവേണ്ടിയാണത്.

 

ദാമ്പത്യവും, അതിലെ പ്രണയവും മണ്‍പാത്രത്തിലെ നിധിപോലെയാണ്. ഏറെ കരുതലോടെവേണം അതിനെ പരിചരിക്കുവാന്‍. തുടക്കം മുതല്‍ പാലിക്കേണ്ട കഠിനമായ ചില നിയമങ്ങള്‍ ഉണ്ടതിന്. അത് തെറ്റിച്ചുകൂടാ. അതാണ് പരസ്പരവിശ്വാസം. വിശ്വാസം ദൈവമാണ്. ദൈവം പ്രണയവും. അത് നഷ്ടപ്പെട്ടാല്‍ പിന്നീട് തെരഞ്ഞു കണ്ടെത്തുക ഏറെ ശ്രമകരമാണ്. പ്രണയം നമുക്ക് ദൈവത്തില്‍ നിന്നും ദാനമായി കിട്ടുന്നതാണ്. അത് ലഭിക്കുന്നവര്‍ ചുരുക്കമാണ്. അങ്ങനെ പ്രണയത്തിന്‍റെ വരം കിട്ടിയവരാണ് ദാമ്പത്യത്തിലൂടെ ഒന്നിക്കപ്പെടുന്നത്. അല്ലാത്തവര്‍ക്ക് ഈ സ്വര്‍ഗ്ഗം നിഷേധിക്കപ്പെട്ടിരിക്കുന്നു.

 

ദാനമായി കിട്ടുന്നതുകൊണ്ട് നാം അതിന്‍റെ വിലയറിയുന്നില്ല. കണ്ണുള്ളപ്പോള്‍ കാഴ്ചയുടെ വില അറിയാത്തതുപോലെ. ഏതെങ്കിലും ഒരു നിമിഷം അതു കൈവിട്ടുപോകുമ്പോഴറിയാം ഉള്ളു കിടന്നു പിടയ്ക്കുന്നത്. ഒന്നിക്കപ്പെടാനാവാതെ ഓരോ സന്ധ്യയും കടന്നുപോകുംതോറും ഹൃദയം, നിറയെ കാമ്പുള്ള മാമ്പഴം പഴുത്തു പഴുത്തു ദശപൊട്ടുംപോലെ, തൊട്ടാല്‍ വിങ്ങും വിധം പുണ്ണുകൊണ്ടു നിറയും. പിന്നെ നാം ഇണയെ നോക്കി പുഞ്ചിരിക്കുമ്പോഴും ഈ വേദന മുഖത്തു പടരും. എല്ലാം പൊറുത്ത് ഒന്നു പൊട്ടിക്കരയാന്‍ പോലും കഴിയാത്തവിധം അപ്പോഴേക്കും ഹൃദയങ്ങള്‍ അകന്നുപോയിരിക്കും. ഒരാള്‍ക്ക് മറ്റൊരാളുടെ നെഞ്ചില്‍ ചാരിക്കിടന്ന് കരയാന്‍ കഴിയുന്നതിലും വലിയൊരു ഔഷധമില്ല ഹൃദയത്തെ സുഖപ്പെടുത്താന്‍. പക്ഷേ അതിനു പാറപോലെ ഉറച്ച വിശ്വാസം വേണം. തകര്‍ക്കപ്പെടാതിരിക്കലാണ് അതിനുള്ള ഏക സാധ്യത. ഒരിക്കല്‍ കൈവിട്ടുപോയാല്‍ പിന്നെ ഏച്ചുകെട്ടിയത് മുഴച്ചിരിക്കും. ലോകത്തിന്‍റെ ഏറ്റവും നല്ല സാധ്യതയെ, കുടുംബത്തെ നിലനിറുത്താന്‍ ഏറെ ശ്രമം  ആവശ്യമാണ്. അതില്‍ ഏറ്റവും പ്രധാനമാണ് ഓരോരുത്തരും അവരവരെ അറിയുക എന്നത്. 'നിനക്ക് ഞാനുണ്ട്' എന്ന് മറ്റെപകുതിയോടു പറയാന്‍ കഴിയുംവിധം ഭാര്യയും ഭര്‍ത്താവും സ്വയം വളരണം. എവിടെപോയി തളര്‍ന്നുവന്നാലും ഈ മടിത്തട്ട് നിനക്കുവേണ്ടി കരുതിയിരിക്കുന്നു എന്നാണ് വീട്ടില്‍നിന്ന് പുറത്തുപോകുംമുമ്പ് ഒരു ഉമ്മ കൊടുക്കുമ്പോള്‍ നമ്മള്‍ പരസ്പരം പറയുന്നത്. ആ ഒരു ധൈര്യം മതി എത്ര കഠിനമായ പരിസരവും നേരിട്ട് ഒരാള്‍ക്ക് തിരിച്ചെത്താന്‍. ഇതിന് നാം ശീലിക്കേണ്ടത് അകത്തുള്ളതിനേക്കാള്‍ സുന്ദരമല്ല പുറത്തുള്ളത് എന്നാണ്. അകത്തുള്ളയാള്‍ തന്‍റെ ശത്രുവും പുറത്തുള്ള അവനോ അവളോ തന്‍റെ രക്ഷകനോ/ രക്ഷകയോ ആവുകയും ചെയ്യുമ്പോഴാണ് പതുക്കെ പതുക്കെ ഇണയുടെ സാന്നിധ്യത്തെ നാം ഒഴിവാക്കാന്‍ ശ്രമിക്കുക. തന്‍റെ സര്‍വ്വവും നല്‍കിയിട്ടും തന്നെ ഒന്നിനും കൊള്ളാത്തവള്‍/ ഒന്നിനും കൊള്ളാത്തവന്‍ എന്നു മറ്റെയാള്‍ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ആദ്യം വേദനയും പിന്നെ കോപവും പിന്നെ പകയും വിദ്വേഷവും ആയി അതുമാറും. എന്നിട്ടും അവര്‍ ഒരു കട്ടിലില്‍ അന്തിയുറങ്ങും. അതിഥികള്‍ക്കു മുമ്പില്‍ ഇണപ്രാവുകളെപ്പോലെ കുശലം പറയും. വന്നവര്‍ പടിയിറങ്ങുംമുമ്പേ രണ്ടു മാളങ്ങളിലേക്കു വലിയും. അകാരണമായ ഒരു ഭയം അവരെ വേട്ടയാടിക്കൊണ്ടിരിക്കും. അല്ലെങ്കില്‍ മറ്റ് എന്തെങ്കിലും തിരക്ക് ഭാവിച്ചുകൊണ്ടിരിക്കും.

 

നമ്മുടെ ഇണ ഇങ്ങനെ പ്രതികരിക്കാന്‍ തുടങ്ങുമ്പോള്‍ അത് മറ്റേയാള്‍ക്ക് ദൈവം നല്കുന്ന മുന്നറിയിപ്പാണ്. നിന്‍റെ ഇണ അപകടത്തില്‍ പെട്ടിരിക്കുന്നു. അവനെ/ അവളെ രക്ഷിക്കുക, ചേര്‍ത്തുപിടിക്കുക എന്ന്. ഈ ഉള്‍വിളി കേള്‍ക്കാന്‍ കഴിയുന്നവര്‍ ഭാഗ്യവാന്മാരാണ്. അതാണ് ക്രിസ്തു പറയുന്നത് കാതുള്ളവന്‍ കേള്‍ക്കട്ടെയെന്ന്. ഈ അപകടമണി കേള്‍ക്കുമ്പോള്‍ രോഗിയല്ലാത്ത വ്യക്തി കൂടുതല്‍ ജാഗ്രത പാലിക്കണം. രോഗിയെ കഴിയുന്നത്ര ഉണര്‍ത്തിയെടുക്കണം. രോഗം ബോധ്യപ്പെടുത്തണം. ഒരു പക്ഷേ അതിനു തനിച്ചു കഴിഞ്ഞു എന്നുവരില്ല. ആത്മാര്‍ത്ഥമായി ശ്രമിക്കുമ്പോള്‍ ദൈവം കൂടെയുണ്ടാകും.

 

സുഹൃത്തുക്കളുടെയോ രോഗങ്ങളുടെയോ പരാജയങ്ങളുടെയോ ഒക്കെ രൂപത്തിലാകാം; എങ്കിലും കൂടെയുണ്ടാകും. തങ്കം ശുദ്ധീകരിക്കുംപോലെ ഒന്ന് ശുദ്ധീകരിച്ചെടുക്കും. പക്ഷേ ഈ പ്രവര്‍ത്തനം നടക്കുന്ന കാലമത്രയും എളുപ്പമായിരിക്കില്ല. ചിലപ്പോള്‍ രോഗം രോഗിയെതന്നെ കൊണ്ടുപോയെന്നിരിക്കും. അതുകൊണ്ട് ഈ രോഗാവസ്ഥയിലേക്ക് വഴുതി വീഴാതിരിക്കാനാണ് പരസ്പരം കരുതലാകേണ്ടത്. ദാരിദ്ര്യവും രോഗവുമാണ് ദാമ്പത്യത്തിന്‍റെ ശത്രുക്കള്‍ എന്ന് കാഴ്ചക്കാര്‍ക്കു തോന്നാം. എന്നാല്‍ അതല്ല സത്യമെന്ന് അനുഭവസ്ഥര്‍ക്ക് അറിയാം.

പൊതുവില്‍ നമ്മള്‍ ദാമ്പത്യത്തിന്‍റെ സൗന്ദര്യം നിലനിര്‍ത്താന്‍ സ്ത്രീകളെ പ്രത്യേകമായി പരിശീലിപ്പിക്കാറുണ്ട്. പതിയെ ദൈവമായി കരുതണമെന്നോ, ഭര്‍ത്താവ് ഭാര്യയുടെ ശിരസ്സാണെന്നോ, സീതയെപ്പോലെ പതിപ്രേമചാരിത്ര്യമുള്ളവളാകുക എന്നോ, മറിയത്തെപ്പോലെ എല്ലാം ഹൃദയത്തില്‍ സംഗ്രഹിക്കുക എന്നോ, ഇങ്ങനെ പലതും നാം അവളെ ചെറുപ്പം മുതല്‍ ശീലിപ്പിച്ചെടുക്കും. എന്നിട്ടും പലപ്പോഴും തെറ്റിപ്പോകും. അപ്പോള്‍ നമ്മള്‍ പറയും ആ പെണ്ണ് അടക്കവും ഒതുക്കവും ഇല്ലാത്തവളെന്ന്. തന്‍റേടിയെന്ന്. ഏറ്റവും ചുരുങ്ങിയ പക്ഷം അവളുടെ വിദ്യാഭ്യാസ യോഗ്യതയെപോലും അതിനു കൂട്ടുപിടിക്കും.  എം. എ.ക്കാരിയായാല്‍ അമ്മയെ തല്ലും; പിന്നെയല്ലേ കെട്ടിയ ഭര്‍ത്താവിനെ എന്നാകും. എന്നാല്‍ ഒരാള്‍ മാത്രം വിചാരിച്ചാല്‍ സാധ്യമാകുന്നതല്ല ദാമ്പത്യം.

 

ഒറ്റ കൈ അടിച്ചാല്‍ ശബ്ദം കേള്‍ക്കില്ലെന്ന് സെന്‍ ഗുരുവിന് കണ്ടെത്താം. ഇതിനെ അനുകരിച്ചു കൊണ്ടാകാം ഒരാള്‍ (അത് എപ്പോഴും സ്ത്രീയാകണം) മിണ്ടാതിരുന്നാല്‍ മതി, ക്ഷമിച്ചാല്‍ മതി എന്നു സമൂഹം പറയുന്നത്. അപ്പോള്‍ ശബ്ദമുണ്ടാകില്ലല്ലോ. പക്ഷെ ദാമ്പത്യം എന്ന പറുദീസ നിലനിര്‍ത്താന്‍ രണ്ടുപേരും ജാഗ്രതയോടെ അതു കാക്കണം. പരസ്പര സ്നേഹമാണ് ദാമ്പത്യത്തിന്‍റെ  വിജയം എന്നൊക്കെ എല്ലാവര്‍ക്കും അറിയാം.

 

അതിനു പ്രധാനം ഭര്‍ത്താവിന്‍റെ സ്നേഹത്തിന് ഭാര്യ യോഗ്യയാകുക എന്നാണ്. അതുകൊണ്ട് ഭര്‍ത്താവിന്‍റെ സ്നേഹം ലഭിക്കാന്‍ ഭാര്യമാര്‍ ചെയ്യേണ്ടത് എന്തൊക്കെയെന്ന് സമൂഹവും മതങ്ങളും മാധ്യമങ്ങളും നിരന്തരം സ്ത്രീയെ പഠിപ്പിക്കുന്നുണ്ട്. പണ്ട് ബഷീര്‍ പറഞ്ഞു പെണ്ണിന് ആണിന്‍റെ മനസ്സില്‍ സ്ഥാനം കിട്ടാനുള്ള മാര്‍ഗ്ഗം അവന്‍റെ വായിലൂടെയാണെന്ന്. അതുകൊണ്ട് നായിക നായകനോടുള്ള തന്‍റെ പ്രേമം പ്രകടിപ്പിക്കാന്‍ മുളംകുറ്റിയില്‍ വേവിച്ച പുട്ടിന്‍റെ ഉള്ളില്‍ ഒരു കോഴിമുട്ട കൂടി പുഴങ്ങി ആരും കാണാതെ അവനു നല്കി. അതുകൊണ്ട് കല്യാണപ്രായമാകുമ്പോള്‍ അമ്മമാര്‍ ആദ്യം പെണ്‍മക്കളോടു പറയുക, ഇനി മറ്റു പഠിത്തങ്ങളൊക്കെ മതി അടുക്കളപ്പണി പഠിച്ചുകൊള്ളുക എന്നാണ്. ആധുനിക വനിതയുടെ സുഹൃത്തും വഴികാട്ടിയുമായി നിരവധി പ്രസിദ്ധീകരണങ്ങള്‍ സ്ത്രീകള്‍ക്കുവേണ്ടി മാത്രം ഇറങ്ങുന്നുണ്ട്. അവയൊക്കെയും ഭര്‍ത്താവിന്‍റെ സ്നേഹം പിടിച്ചു പറ്റാന്‍ പലവിധ ഉപായങ്ങള്‍ അവളെ നിരന്തരം പഠിപ്പിക്കുന്നുണ്ട്. മറ്റൊരു പുസ്തകവും വായിച്ചില്ലെങ്കിലും അഭ്യസ്തവിദ്യരായ സ്ത്രീകള്‍ ഇവയില്‍ ഏതെങ്കിലും ഒരു വാരിക / മാസിക നിര്‍ബന്ധമായും വായിച്ചിരിക്കും. പിന്നെ ധാരാളം ഉപദേശങ്ങളും അവള്‍ക്ക് ഫ്രീയായി കിട്ടും. ഒറ്റ കൈ  അടിക്കുമ്പോള്‍ ശബ്ദമുണ്ടാകാത്തതുപോലെ ഒരാള്‍ മാത്രം ഇരുന്നു പാടിയാല്‍ പ്രണയമാകില്ല. ദാമ്പത്യം പൂര്‍ണ്ണമാകില്ല. കുടുംബം നിലനിര്‍ത്താന്‍ സ്ത്രീകള്‍ എന്തുചെയ്യണം  എന്ന് സമൂഹത്തിന് കൃത്യമായി അറിയാം. അതവള്‍ തന്നാലാവുംവിധം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്നു. എന്നിട്ടും എല്ലാ കുടുംബങ്ങളും സ്വര്‍ഗ്ഗത്തിന്‍റെ പ്രതിഛായ ആകുന്നില്ല. അതുകൊണ്ട് പുരുഷന്മാര്‍ക്കും ചില കല്പനകള്‍ ആകാം എന്നു കരുതുന്നു.

ദാമ്പത്യപ്രണയത്തിന് സ്ത്രീകള്‍ പാലിക്കുന്നതുപോലെ പുരുഷന്മാര്‍ പാലിക്കേണ്ട പത്തു കല്പനകള്‍ ഒരു ഭാര്യയെന്ന അധികാരത്തോടെ എല്ലാ ഭാര്യമാര്‍ക്കും വേണ്ടി എല്ലാ ഭര്‍ത്താക്കന്മാര്‍ക്കുമായി നല്കുകയാണ്. ഒരു പക്ഷേ നമ്മുടെ ദാമ്പത്യത്തില്‍ നിന്ന് കളഞ്ഞുപോയ പ്രണയത്തിന്‍റെ താക്കോല്‍ കണ്ടെടുക്കാന്‍ ഇത് സഹായിച്ചേക്കാം. അതിനു സഹായമാകുന്നില്ലെങ്കില്‍ നിങ്ങള്‍ക്കിത് ഉപേക്ഷിക്കാം. എന്നിട്ട് ഓരോ ദമ്പതിമാര്‍ക്കും ചേരും വിധം സ്വയം ചില വ്യവസ്ഥകള്‍ അവര്‍ക്കു തന്നെ രൂപപ്പെടുത്താം. എന്തായാലും ഓരോ സന്ധ്യക്കും പ്രണയത്തോടെ (ദൈവത്തോടൊപ്പം) പൂന്തോട്ടത്തില്‍  ഉലാത്താന്‍ നാം ഇനിയും വൈകിച്ചു കൂടാ.

ഭാര്യയുടെ സ്നേഹം ലഭിക്കാന്‍ ഭര്‍ത്താവിനുണ്ടായിരിക്കേണ്ട യോഗ്യതകള്‍

1. ഭാര്യ തന്നെപ്പോലെ തന്നെ പൂര്‍ണ്ണമായ  ആത്മാവോടും  പൂര്‍ണ്ണമായ ശരീരത്തോടും  കൂടിയ വ്യക്തിയാണെന്ന് അംഗീകരിക്കണം.

2. കുടുംബം നിലനിര്‍ത്തുക എന്നത് കൂട്ടുത്തരവാദിത്വമായി കരുതണം.

3. സമൂഹത്തോടുള്ള ഉത്തരവാദിത്വം പോലെ തന്നെ കുടുംബത്തോടുള്ള ഉത്തരവാദിത്വവും നിറവേറ്റാന്‍ പ്രാപ്തനായിരിക്കണം.

4. രതിയില്‍ ഏര്‍പ്പെടുമ്പോള്‍ ഭാര്യയ്ക്കും കൂടി ആനന്ദം നല്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.

5. ഭക്ഷണം പാകം ചെയ്യാനും, അവ കേടുകൂടാതെ സൂക്ഷിക്കാനും അറിയണം.

6. വീടും പരിസരവും വൃത്തിയായി സംരക്ഷിക്കാന്‍ പരിശീലനം നേടിയിരിക്കണം.

7. കുഞ്ഞുങ്ങളെയും വൃദ്ധരേയും ക്ഷമയോടെ പരിചരിക്കാന്‍ കഴിയണം.

8. വരുമാനമനുസരിച്ച് ചെലവുചെയ്യാന്‍ അറിയണം.

9. കുടുംബത്തിന്‍റെ താല്പര്യം എന്നത് കുടുംബാംഗങ്ങളുടെ എല്ലാവരുടെയും പൊതു താല്പര്യമാണെന്ന് അംഗീകരിക്കണം.

10. സ്ത്രീയെക്കുറിച്ച് ഇതുവരെ ധരിക്കപ്പെട്ട കാല്പനികവും, ശാസ്ത്രീയവുമായ അറിവുകളൊന്നും യഥാര്‍ത്ഥമല്ല എന്നു വിശ്വസിക്കാന്‍ തയ്യാറാവുകയും അവളെ സ്വയം അറിയാന്‍ മനസ്സുണ്ടാകുകയും വേണം.

ഒറ്റവായനയ്ക്ക് ഇവ വളരെ എളുപ്പമെന്നു തോന്നും. അല്ലെങ്കില്‍ ഇതൊക്കെ പരിശീലിക്കാന്‍ തുടങ്ങിയാല്‍ ആണുങ്ങള്‍ പെണ്ണുങ്ങളെപോലെ ആയിപോകില്ലെ എന്നും തോന്നാം. ഒന്നു പരീക്ഷിച്ചു നോക്കു. മാറ്റം വളരെ വലുതായിരിക്കും. വീട് സ്വര്‍ഗ്ഗമായി മാറുന്നത് അനുഭവിക്കാം.

You can share this post!

ആനന്ദത്തിലേക്ക് പതിനാല് പടവുകള്‍ : മനോനിലചിത്രണം

ടോം മാത്യു
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts