1953 ഒക്ടോബര്‍ മാസത്തില്‍ 'സെറാഫിക് റിപ്പോര്‍ട്ടര്‍' എന്ന പേരില്‍ ആരംഭിച്ച ഒരു ചെറുബുള്ളറ്റിന്‍ ആണ് 1956-ല്‍ 'അസ്സീസി മാസിക' എന്ന നാമധേയം സ്വീകരിച്ച് നാളിതുവരെ കേരളത്തിന്‍റെ സാംസ്കാരിക മണ്ഡലത്തില്‍ യേശുവിന്‍റെയും അസ്സീസിയിലെ ഫ്രാന്‍സീസിന്‍റെയും മാനവികസന്ദേശത്തിന്‍റെ ജിഹ്വയായി വര്‍ത്തിക്കുന്നത്. കാലത്തിന്‍റെ ചുവരെഴുത്തുകള്‍ വായിച്ച് ധാര്‍മ്മിക നിലപാടുകള്‍ ഉറപ്പിക്കാന്‍ 'അസ്സീസി' എക്കാലവും ശ്രമിച്ചിട്ടുണ്ട്. ആധുനിക മനുഷ്യന്‍റെ മനസ്സിനോടും മസ്തിഷ്കത്തോടും ചേര്‍ന്നുനിന്ന് അവന്‍റെ/അവളുടെ ജീവിതപ്രശ്നങ്ങളോട് ക്രിസ്തു ദര്‍ശനത്തിന്‍റെ സമഗ്രതയില്‍ സംവദിക്കാനും അവര്‍ക്കു സഹയാത്രികയാകാനും 'അസ്സീസി' ബദ്ധശ്രദ്ധയാണ്.
വിശ്വാസവും പ്രവൃത്തിയും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടാകണമെന്ന് ഞങ്ങള്‍ എന്നും വിശ്വസിക്കുന്നു. ആത്മീയതയെന്നാല്‍ സമൂഹത്തെക്കുറിച്ചുള്ള ആകുലപ്പെടലാണെന്ന് ഞങ്ങള്‍ കരുതുന്നു. ചുറ്റും നൊമ്പരം തിന്നു കഴിയുന്ന സഹജീവികളെ കാണുന്ന കണ്ണായി മാസിക വര്‍ത്തിക്കുന്നു. ഓരോ ശിശുരോദനത്തിലും അലിഞ്ഞു ചേര്‍ന്നിരിക്കുന്ന ഈശ്വരവിലാപം ശ്രദ്ധിക്കാന്‍ ഞങ്ങള്‍ വായനക്കാരെ ഓര്‍മ്മിപ്പിക്കുന്നു. കേവലം ഭൗതികമായ ഭോഗാസക്തിക്കും അധികാരദുര്‍മോഹത്തിനും വേണ്ടി അധര്‍മ്മങ്ങളെ ധര്‍മ്മങ്ങളാക്കി മാറ്റുന്ന ശാക്തികചേരികള്‍ക്കെതിരെ നിലപാടുകള്‍ സ്വീകരിക്കുന്നു, ഞങ്ങളുടെ മാസിക.
വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് എന്നും ഈ പ്രസിദ്ധീകരണം ശ്രമിച്ചിട്ടുള്ളത്. എല്ലാവരും ആത്യന്തിക സത്വത്തിലേക്കുള്ള യാത്രിയിലാണെന്നും, ഓരോ കാലഘട്ടത്തിലും സത്യം കണ്ടെത്തപ്പെടേണ്ടതാണെന്നുമുള്ള വിശ്വാസമാണ് അസ്സീസി മാസിക പുലര്‍ത്തുന്നത്. അവസാന വാക്ക് തങ്ങളുടേതാണെന്ന അവകാശവാദം അസ്സീസിക്കില്ല. കൂട്ടായ അന്വേഷണമാണ് നീതി നിറഞ്ഞ സമൂഹസൃഷ്ടിക്കാവശ്യം എന്ന് അങ്ങനെ തിരിച്ചറിയപ്പെടുന്നു.
സ്വാതന്ത്ര്യം, ജനാധിപത്യം, വിമോചനംദൈവശാസ്ത്രം, പരിസ്ഥിതി, മനുഷ്യാവകാശം, മതാതീതമായ ആത്മീയത എന്നിങ്ങനെ അനേകമനേകം വിഷയങ്ങള്‍ മാസിക കൈകാര്യം ചെയ്തുവരുന്നു. ബദല്‍ അന്വേഷണങ്ങളെ ഈ മാസിക എന്നും പിന്തുണച്ചിട്ടുണ്ട്. ജനകീയ സമരങ്ങളോടൊപ്പം പക്ഷം ചേര്‍ന്നിട്ടുണ്ട്. പ്രകൃതിക്കെതിരെ മനുഷ്യന്‍ നടത്തുന്ന കൈയ്യേറ്റങ്ങള്‍ക്കെതിരേ മനുഷ്യ മനസ്സാക്ഷിയെ ഉണര്‍ത്തിയിട്ടുണ്ട്.
നേരിലും നന്മയിലും നീതിയിലും അധിഷ്ഠിതമായ ഒരു നാളെ പുലരുംവരെ ഉറങ്ങാത്ത കണ്ണുകളോടെയും ജാഗ്രതയേറിയ കരചരണങ്ങളോടെയും ഞങ്ങള്‍ ഇനിയും തുടരുമെന്ന് മാനവസമൂഹത്തോട് ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.