news-details
ഫ്രാൻസിസ്കൻ വിചാര ധാര

ദൈവസന്നിധിയിലേക്കുള്ള യാത്ര ഫ്രാന്‍സീസിന്‍റെ, ക്ലാരയുടെ പിന്നെ എന്‍റെയും

"ഉത്ഥാനത്തിലുള്ള ക്രൈസ്തവവിശ്വാസം ആരംഭകാലം മുതല്‍ അഗ്രാഹ്യതയും എതിര്‍പ്പുകളും നേരിട്ടുണ്ട്. ക്രൈസ്തവവിശ്വാസം ശരീരത്തിന്‍റെ ഉത്ഥാനം എന്ന വിഷയത്തില്‍ നേരിടേണ്ടിവരുന്നതിലേറെ എതിര്‍പ്പ് വേറെ ഒരു വിഷയത്തിലും നേരിടേണ്ടി വരുന്നില്ല. മനുഷ്യവ്യക്തിയുടെ ജീവിതം മരണാനന്തരം ആധ്യാത്മികമായ ഒരു രീതിയില്‍ തുടരുന്നുവെന്നതു പൊതുവെ അംഗീകരിക്കപ്പെട്ട വസ്തുതയാണ്" "പക്ഷേ സുവ്യക്തമായും മര്‍ത്ത്യമായിട്ടുള്ള ഈ ശരീരം നിത്യജീവിതത്തിലേക്ക് ഉയിര്‍ത്ത് എഴുന്നേല്‍ക്കും എന്ന് നമുക്ക് എങ്ങനെ വിശ്വസിക്കാനാവും"(CCC: 996)

മധ്യശതകങ്ങളില്‍ പുരുഷനായാലും സ്ത്രീയായാലും മനുഷ്യനെ സൂചിപ്പിച്ചിരുന്ന പദം Homo Viator (സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യന്‍). പാലിയേറ്റിവ് കെയര്‍ (Palliative Care) ജീവിതഗതിയായി തിരഞ്ഞെടുത്തിട്ട് ഇരുപത് വര്‍ഷത്തില്‍ അധികമായി. അതിനും ഒരുപാടുനാള്‍ മുന്‍പ് Transitus എന്ന പദം എനിക്ക് പരിചിതമാണ്. ആഗസ്റ്റ് 11 ന് ക്ലാരയെ ദൈവം വിളിക്കുമ്പോഴും, അതിലും അധികമായി ഒക്ടോബര്‍ 3 ന് ഫ്രാന്‍സീസിന്‍റെ സ്വര്‍ഗ്ഗീയ പ്രവേശനത്തിന്‍റെ ഭാഗമായും ഈ പദം കേട്ടുപോന്നിരുന്നു. എന്നാല്‍ "എന്‍റെ യാത്രയുടെ" ഭാഗമായി ഇതിനെ മനസ്സിലാക്കാന്‍ വീണ്ടും സമയം എടുത്തു. എന്താണ് ഫ്രാന്‍സീസും ക്ലാരയും അവരുടെ ജീവിതത്തിലെ അവസാനനാളുകളില്‍ നമ്മെ പഠിപ്പിച്ചത്?

നമ്മുടെ ശരീരത്തിന്‍റെ ദുര്‍ബലതയെക്കുറിച്ചുള്ള അവബോധം

ദൈവം ഫ്രാന്‍സീസിനെയും ക്ലാരയേയും വിളിക്കുന്നതിന് ഒരുപാട് മുമ്പ് അവരുടെ ആരോഗ്യം ക്ഷയിച്ച് തുടങ്ങിയിരുന്നു. രോഗികളായിരുന്നു രണ്ടുപേരും. ജീവിതയാത്രയുടെ അവസാന ഭാഗം, നമ്മള്‍ എല്ലാവരും അല്ലെങ്കിലും ഭൂരിഭാഗവും രോഗങ്ങളാലും ശാരീരിക പീഡകളാലും നമ്മള്‍ സഹിക്കേണ്ടി വരുന്നു. നമ്മുടെ മനസ്സും ശരീരവും പതുക്കെ ഭവിക്കുന്നു. ചിലപ്പോള്‍ മനസ്സും മറ്റുചിലപ്പോള്‍ ശരീരവും ക്ഷയിക്കുന്നു. ക്രമേണ ഇവ രണ്ടും നമ്മുടെ വരുതിയില്‍പ്പെടാതെ ആകുന്നു. ഒരു സമയം കഴിഞ്ഞാല്‍ നമ്മള്‍ വീഴുന്നു; വീഴണം എന്ന് ഒരിക്കല്‍പ്പോലും ആഗ്രഹിച്ചിട്ടല്ല എന്നിരുന്നാലും ആരോഗ്യത്തെ നിലനിര്‍ത്താന്‍ നമ്മള്‍ എടുക്കുന്ന എല്ലാ 'ക്രയവിക്രയങ്ങളും' ഒരു വീഴ്ചയില്‍ തീരാം!

എന്നാല്‍ ഫ്രാന്‍സീസും ക്ലാരയും തങ്ങളുടെ രോഗാവസ്ഥകളെ കൃപകളായി കണ്ടു. നിത്യരക്ഷകനോട് ചേരാന്‍ ഉള്ള ചവിട്ടുപടികള്‍ ആയിരുന്നു രണ്ടാള്‍ക്കും സഹനങ്ങള്‍. ഇപ്പോള്‍ ഉള്ള രോഗങ്ങളോട് എങ്ങിനെയാണ് നമ്മുടെ നിലപാട്. തിരിച്ചറിയണം, തിരുത്തണം.

തങ്ങളെ സഹായിക്കാന്‍ ക്ലാരയ്ക്കും ഫ്രാന്‍സീസിനും സഹോദരങ്ങള്‍ ഉണ്ടായിരുന്നു.

സെലാനോയിലെ തോമസ് ഇപ്രകാരമാണ് ഫ്രാന്‍സീസിന്‍റെ രോഗാവസ്ഥയില്‍ സഹോദരര്‍ സഹായിച്ചത് എന്ന് ഭംഗിയായി വരച്ചുകാട്ടുന്നു: "ഏതാണ്ട് രണ്ട് വര്‍ഷത്തോളം അദ്ദേഹം ക്ഷമയോടും എളിമയോടും കൂടി തന്‍റെ രോഗാവസ്ഥകളെ ദൈവത്തിന് സമര്‍പ്പിച്ചു. എന്നാല്‍ രോഗാവസ്ഥ മൂര്‍ച്ഛിച്ചപ്പോള്‍ ദൈവത്തിലേക്ക് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് തന്‍റെ ശരീരത്തിന്‍റെ പരിചരണം തന്നോട് പ്രിയപ്പെട്ടവരായിരുന്ന സഹോദരര്‍ക്ക് നല്കി. ഇവര്‍ തീക്ഷ്ണതയോടും ജാഗ്രതയോടും കൂടെ ഫ്രാന്‍സീസിനെ പരിചരിച്ചുപോന്നു" (1 C 102).

ഈ സഹോദരര്‍ക്ക് ഫ്രാന്‍സീസിന്‍റെ പരിചരണം ഒരു കടമമാത്രം ആയിരിക്കുകയില്ല. കാരണം സാധിക്കുന്ന സമയങ്ങളില്‍ അവിടെയുള്ള കുഷ്ഠ രോഗപരിചരണ കേന്ദ്രങ്ങളില്‍ കഠിനാധ്വാനം ചെയ്യുന്ന ഫ്രാന്‍സീസിനെ ഈ സഹോദരര്‍ കണ്ടിട്ടുണ്ടാകണം, തീര്‍ച്ച!

ക്ലാര അറുപത് വര്‍ഷക്കാലം ജീവിച്ചെങ്കിലും അതില്‍ അവസാന 29 വര്‍ഷങ്ങള്‍, അവര്‍ തീര്‍ത്തും രോഗിയായിരുന്നു. സഹോദരിമാര്‍ അവരെ പരിചരിച്ചു.

ഇപ്പോള്‍ ഉള്ള എല്ലാ സന്യാസ സഹോദരങ്ങളുടെയും (Religious) അവസ്ഥ ഇതുതന്നെ ആയിരിക്കും. എന്നാല്‍ അല്‍മായര്‍, കുടുംബങ്ങളില്‍ കഴിയുന്നവര്‍ (laity) തീര്‍ച്ചയായും ഓര്‍ക്കണം. ആരോഗ്യം ഉള്ളപ്പോള്‍ അവര്‍ ചെയ്യുന്ന സല്‍പ്രവൃത്തിയുടെ ഫലം, ജീവിതകാലത്ത് ഈ ഭൂമിയില്‍ വച്ച് മനുഷ്യര്‍ തന്നില്ലെങ്കിലും ദൈവം തരും തീര്‍ച്ച.

വിശ്വാസത്താല്‍ പ്രേരിതമായി എല്ലാം വിട്ടുനല്കുന്നതിലുള്ള കൃപ

ഫ്രാന്‍സീസും ക്ലാരയും മരണത്തെ ജീവിതത്തിന്‍റെ/യാത്രയുടെ മറുപുറം ആയി കണ്ടവരാണ്. ഒരിക്കല്‍പ്പോലും അവരുടെ ജീവിതത്തിലോ അന്ത്യനിമിഷങ്ങളിലോ, ദൈവം വിളിച്ചിട്ട് ഈ ലോകത്തുനിന്ന് യാത്ര തിരിക്കാന്‍ വിഷമിച്ചവര്‍ അല്ല. കാരണം ഇരുവര്‍ക്കും അറിയാമായിരുന്നു, തങ്ങളെ പരിപാലിച്ച ദൈവത്തെ മുഖാമുഖം ദര്‍ശിക്കാന്‍ പോവുകയാണെന്ന്. അവസരങ്ങള്‍ ലഭിച്ചാല്‍ ഇതുവരെ ഇല്ലെങ്കില്‍ ഇനിയെങ്കിലും: നമ്മള്‍ 'ആരുമല്ല', 'ഒന്നുമല്ല' എന്ന് ആവര്‍ത്തിച്ച് പറയാന്‍ സാധ്യമാകട്ടെ. കാരണം കര്‍ത്താവില്‍ നിദ്രപ്രാപിക്കുന്നത് 'വ്യസനസമേതം' ആകാതിരിക്കട്ടെ. പാപപരിഹാരത്തിന്‍റെ ജീവിതം നയിക്കാം. അനുരഞ്ജനത്തിന്‍റെ കൂദാശയെ മുറുകെ പിടിക്കാം.

"നമ്മുടെ ഏക പ്രതീക്ഷാപാത്രമായ ക്രിസ്തുവിന്‍റെ മരണവും ഉത്ഥാനവുമാകുന്ന പെസഹാ രഹസ്യത്തിന്‍റെ വെളിച്ചത്തിലാണ് മരണത്തിന്‍റെ ക്രൈസ്തവമായ അര്‍ത്ഥം വെളിപ്പെടുന്നത്. യേശുക്രിസ്തുവില്‍ മരിക്കുന്ന ക്രിസ്ത്യാനി ശരീരത്തില്‍ നിന്ന് പുറപ്പെട്ട് കര്‍ത്താവിന്‍റെ സന്നിധിയില്‍ ആവുന്നു"(CCC: 1681)

നമുക്ക് വിശ്വാസത്തില്‍ ജീവിക്കാം. എന്നാണ് നമ്മുടെ 'ട്രാന്‍സിത്തൂസ്' (Transitus) എന്നതിന് മാത്രമെ നമ്മുടെ ഉറപ്പില്ലാതുള്ളു... സംഭവിക്കാം എന്ന് ഉറപ്പാണ്. മരണത്തെ മുന്നില്‍ കണ്ടു ജീവിക്കുമ്പോള്‍, ആവശ്യക്കാര്‍ക്ക് ആവശ്യമുള്ളതായി തീരാന്‍ നമുക്കും സാധിക്കും.

"കര്‍ത്താവായ യേശു ക്രിസ്തുവേ; ദൈവപുത്രാ, പാപിയായ എന്നില്‍ കനിയണമേ".

You can share this post!

ഫ്രാന്‍സിസ്; മതാന്തരസംവാദത്തിന്‍റെ ഉത്തമമാതൃക

ഫെര്‍ഡിനാന്‍ഡ് മാര്‍ട്ടിന്‍ കപ്പൂച്ചിന്‍
Related Posts