റെഗുല നോണ്‍ ബുള്ളാത്ത എന്ന (പേപ്പല്‍ അംഗീകാരമില്ലാത്ത) 1221-ലെ ഫ്രാന്‍സിസ്കന്‍ നിയമാവലിയിലെ പതിനാറാം അധ്യായത്തില്‍ ഫ്രാന്‍സിസ് ഉള്‍ച്ചേര്‍ത്തിരിക്കുന്ന 'സാരസന്മാരുടെ ഇടയില്‍ ഫ്രാന്‍സിസ്കന്‍ സഹോദരന്മാര്‍ ജീവിക്കേണ്ട രണ്ടു രീതികളും' അതില്‍ പ്രതിപാദിച്ചിരിക്കുന്ന 'തര്‍ക്കങ്ങളിലോ വാദപ്രതിവാദങ്ങളിലോ ഏര്‍പ്പെടാതെ സകല സൃഷ്ടികള്‍ക്കും കീഴ്പ്പെട്ടു ജീവിക്കുക;' 'ദൈവത്തിനു പ്രീതികരം എന്ന് സഹോദരന്മാര്‍ക്കു മനസ്സിലാവുന്ന സമയത്തു ദൈവവചനം പ്രഘോഷിക്കുക' എന്ന രണ്ടു രീതികളും ഇതിനകം വിശദമായിത്തന്നെ നാം കണ്ടു കഴിഞ്ഞു. കുരിശുയുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍, ഇതു തികച്ചും വിപ്ലവകരമായിരുന്നു. ഈ ഫ്രാന്‍സിസ്കന്‍ മിഷനറിരീതിക്കു തുടര്‍ന്നുള്ള കാലങ്ങളില്‍ 'സ്വീകാര്യത' ലഭിച്ചോ എന്നതാണ് നമ്മുടെ അന്വേഷണം.
വിപരീതദിശയിലുള്ള സമൂലമായ ഒരു തിരിഞ്ഞുനടപ്പാണ്, 'ശ്രേഷ്ഠവും, മൗലികവുമായ' ഫ്രാന്‍സിസിന്‍റെ ഈ രണ്ടു രീതികളോട് ഫ്രാന്‍സിസ്കന്‍ സഭാസമൂഹത്തിലെ സഹോദരന്മാരില്‍ നിന്നുണ്ടായത് എന്നാണ് ഹോബെറിറ്റ്സ് (Hoeberichts) എന്ന ഫ്രാന്‍സിസ്കന്‍ പണ്ഡിതന്‍റെ അഭിപ്രായം. ഇതിലെ ഒന്നാമത്തെ രൂപാന്തരം തന്നെ സാരസന്മാരോട് ഫ്രാന്‍സിസിന്‍റെ രീതിക്കും, നിലപാടിനും വിരുദ്ധമായി 'തര്‍ക്കങ്ങളിലും, വാദ പ്രതിവാദങ്ങളിലും' ഏര്‍പ്പെടുന്ന സഹോദരന്മാരെയാണ് നാം പിന്നീട് കാണുക. അതു മാത്രമല്ല, ടൂര്‍ണ്ണയില്‍ നിന്നുള്ള ഗില്‍ബെര്‍ട് (+1284)-നെ പോലെയുള്ള സഹോദരന്മാര്‍ കുരിശുയുദ്ധ പ്രസംഗകരായി മാറി എന്ന വൈരുധ്യവും ഹോബെറിറ്റ്സ് ചൂണ്ടിക്കാണിക്കുന്നുണ്ട്. 'ഇസ്ലാം, സഭയുടെ ശത്രു ആണെന്നുള്ള,' അക്കാലത്തു രൂഢമൂലവും പ്രബലവും സഭാപരവുമായിരുന്ന ആശയസംഹിത കാരണമാണ് സഹോദരന്മാര്‍ ഇങ്ങനെ പെരുമാറിയതെന്നാണ് ഹോബെറിറ്റ്സ് ചൂണ്ടിക്കാണിക്കുന്നത്. (രണ്ടാം വത്തിക്കാന്‍ സൂനഹദോസ് ഇസ്ലാം മതത്തോടും, മറ്റു മതങ്ങളോടും സ്വീകരിച്ചിരിക്കുന്ന ശ്രേഷ്ഠമായ നിലപാടുകള്‍ ഇവയോട് ചേര്‍ത്തുവായിക്കുക.) സഹോദരന്മാര്‍ ഈവിധം പ്രവര്‍ത്തിച്ചതുമൂലം, ഫ്രാന്‍സിസിന്‍റെ തന്നെ ഉദാത്തമായ ആശയങ്ങള്‍ക്കെതിരായാണ് അവര്‍ കലഹിച്ചതും. കര്‍ത്താവിന്‍റെ രീതിയില്‍ സമാധാനത്തിലും, എളിയ ശുശ്രൂഷയിലും ജീവിക്കുന്നതിനു കടക വിരുദ്ധമായിരുന്നു സഹോദരന്മാരുടെ ഈ മലക്കംമറിച്ചില്‍. ഫ്രാന്‍സിസിന്‍റെ സുവിശേഷാനുസൃത ജീവിതത്തോട്, അദ്ദേഹത്തിന്‍റെ ജീവിതകാലത്തു തന്നെ സഹോദരന്മാര്‍ വിട്ടു വീഴ്ച ചെയ്തു എന്നാണ് മക് മൈക്കിള്‍ (McMichael)ന്‍റെ വിലാപം. ഫ്രാന്‍സിസിന്‍റെ സാര്‍വത്രികമായ സമാധാനത്തിനും, അനുരഞ്ജനത്തിനുമുള്ള ക്ഷണം അതിനെ തുടര്‍ന്നുവന്ന സഹോദരന്മാരുടെ തലമുറയിലേക്കു ഫലപ്രദമായി എത്തിയില്ല എന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ഫ്രാന്‍സിസ്കന്‍ സഭയുടെ ലാളിത്യം ഉള്‍ക്കൊണ്ട് 'ചുറ്റിസഞ്ചരിച്ചിരുന്ന' സഹോദരന്മാരുടെ പാരമ്പര്യം, സഭയിലെ പൗരോഹിത്യവാഴ്ചയുടെ ഭാഗമായി നഷ്ടപ്പെ ട്ടുപോയി എന്നതാണ് ഒരു കാരണം. അങ്ങനെ ഫ്രാന്‍സിസിന്‍റെ ചൈതന്യത്തിനും, ഉദ്ബോധനത്തിനും എതിരായി തര്‍ക്കിക്കുകയും, വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെടുകയും മാത്രമല്ല, ഇസ്ലാം മതസ്ഥാപകനായ (പ്രവാചകന്‍) മുഹമ്മദിനെയും, ഖുറാനെയും അധിക്ഷേപിച്ചു കൊണ്ടുതന്നെ രക്തസാക്ഷിത്വത്തിന് ഇറങ്ങി പുറപ്പെടുന്ന സഹോദരന്മാരെയാണ് പിന്നീട് കാണാനാകുന്നത് എന്നതാണ് വൈരുധ്യം.
'സകല സൃഷ്ടികളോടും കീഴ്പ്പെടുക' എന്ന ഉദ്ബോധനവും ഇതിനാല്‍ത്തന്നെ അപ്ര സക്തമായി. പ്രസംഗിക്കുക എന്ന ഒരു പുതിയ കര്‍മ്മപഥത്തിലേക്കാണ് സഹോദരന്മാര്‍ ആകൃഷ്ടരായത്. ഇത് ഏതാണ്ട് അവരുടെ വിദ്യാഭ്യാസവും പദവിയുമായി ചേര്‍ന്നു പോകുന്നതായിരുന്നു. ഈ കാരണങ്ങള്‍ കൊണ്ട് തന്നെ, 1223 ലെ റെഗുല ബുള്ളാത്ത (Regula Bullata) എന്ന പുതിയ നിയമാവലിയില്‍ നിന്നും ഏതാണ്ട് പൂര്‍ണമായും റെഗുല നോണ്‍ ബുള്ളാത്തയിലെ രണ്ടു രീതികളും മാറ്റി എഴുതപ്പെട്ടു. ഒരു പുതിയ ദൈവശാസ്ത്രപരവും, പ്രായോഗികമായ സമീപനവും തന്നെ ആയിരുന്നു ഇതിനു കാരണം. ഹൊണോറിയൂസ് മൂന്നാമന്‍ പാപ്പയാല്‍ 1223 -ല്‍ അംഗീകരിക്കപ്പെട്ടതാണ് റെഗുല ബുള്ളാത്ത (Solet Annuere)
റെഗുല ബുള്ളാത്തയിലെ പന്ത്രണ്ടാം അധ്യായത്തിന്‍റെ ശീര്‍ഷകം 'സാരസന്മാരുടെയും മറ്റു അവിശ്വാസികളുടെയും ഇടയിലേക്ക് പോകുന്നവര്‍' എന്നാണ്. (സ്വതന്ത്ര പരിഭാഷ)
1. ദൈവിക പ്രചോദനത്താല്‍, സാരസന്മാരുടെയും മറ്റ് അവിശ്വാസികളുടെയും ഇടയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ അവരുടെ പ്രവിശ്യാശുശ്രൂഷകനില്‍ (മിനിസ്റ്റര്‍ പ്രൊവിന്‍ഷ്യല്‍) നിന്നും അനുവാദം നേടിയിരിക്കണം.
2. എന്നാല്‍ (പ്രവിശ്യ) ശുശ്രൂഷകന്‍ എല്ലാവര്‍ക്കുമല്ല, അയയ്ക്കപ്പെടാന്‍ യോഗ്യത ഉള്ളവര്‍ക്ക് മാത്രമേ ഈ അനുവാദം നല്‍കാവൂ.
ഇരുപത്തിയൊന്ന് വാക്യങ്ങളായി ഉണ്ടായിരുന്ന റെഗുല നോണ്‍ ബുള്ളാത്തയിലെ പതിനാറാം അധ്യായം വെറും രണ്ടു വാക്യങ്ങളായി റെഗുല ബുള്ളാത്തയിലേക്കു ചുരുക്കി എഴുതപ്പെട്ടു. മാത്രവുമല്ല, ഇതിന് ഒരു വ്യവഹാരികമായ(juridical) സ്വഭാവം കൈവരികയും ചെയ്തു. ഇതിന്‍റെ സ്ഥാനം റെഗുല ബുള്ളാത്തയില്‍ ഏറ്റവും ഒടുവില്‍ ആയി എന്നു മാത്രമല്ല, മറ്റു അധ്യായങ്ങളുമായി നേരിട്ട് ബന്ധമില്ലാത്ത ഒരു അനുബന്ധം(appendix) പോലെ ഇത് ചുരുങ്ങപ്പെടുകയും ചെയ്തു. ഫ്രാന്‍സിസ്കന്‍ മിഷനറി പ്രവര്‍ത്തനങ്ങളുടെയും, അതിന്‍റെ ദര്‍ശനത്തിന്‍റെയും മര്‍മപ്രധാനവും, അത്യന്തം നൈസര്‍ഗിക പ്രമാണവുമായ 'സകല സൃഷ്ടികള്‍ക്കും കീഴ്പ്പെട്ടിരിക്കണം,' എന്ന ഫ്രാന്‍സിസിന്‍റെ ക്ഷണം പുതിയ നിയമാവലിയില്‍ നിന്നും അപ്രത്യക്ഷമായി എന്നത് ഏറ്റവും ഖേദകരമാണ്.
ഫ്രാന്‍സിസ്കന്‍ ദര്‍ശനത്തിനു പൗരോഹിത്യ രീതിയല്ലാത്ത(lay) ഒരു സ്വഭാവവൈശിഷ്ട്യം ഉണ്ടായിരുന്നു. ആന്‍റന്‍ റോസെറ്റര്‍ Anton Rotzetter) എന്ന സ്വിസ്സ് പണ്ഡിതന്‍ ഈ ഫ്രാന്‍സിസ്കന്‍ മിഷനറി രീതിയുടെ പൊതുസ്വഭാവത്തിലേക്ക് വെളിച്ചം വീശുന്നുണ്ട്. പൗരോഹിത്യ ഹൈരാര്‍ക്കിയില്‍ ഊന്നിയ ഒരു രീതിയായിരുന്നില്ല, മറിച്ചു, തുണ സഹോദരന്മാര്‍ (lay brother) എന്ന കാഴ്ചപ്പാടില്‍ നിന്ന് മാത്രമേ ഫ്രാന്‍സിസ്കന്‍ സാഹോദര്യത്തെ കാണാനാവൂ. ഇത് ലളിതവും, ആരെയും ആകര്‍ഷിക്കുന്ന സഹോദരന്മാരുടെ സാന്നിധ്യവും, സമാധാനത്തില്‍ ഊന്നിയുള്ള ജീവിതവും, അക്രമരാഹിത്യവും, സാഹോദര്യവും, ആര്‍ദ്രതയുമായിരുന്നു. ഈ കീഴ്പ്പെടലിന്‍റെ രീതിയാണ് പുതിയ നിയമാവലിയില്‍ നിന്നും, ക്രമേണ സഹോദരന്മാരുടെ ലോകത്തില്‍ ആയിരിക്കുന്ന രീതിയില്‍ നിന്നും അപ്രത്യക്ഷമായത്. പ്രശസ്തമായ കേംബ്രി ഡ്ജ് യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ച ദ കേംബ്രി ഡ്ജ് കംപാനിയന്‍ റ്റു ഫ്രാന്‍സിസ് ഓഫ് അസ്സീസി (The Cambridge Companion to Francis of Assisi) എന്ന തികച്ചും പണ്ഡിതോചിതമായ ഗ്രന്ഥത്തിലെ ഒരു ലേഖനത്തില്‍, റാന്‍ റോള്‍ഫ് ഇ ഡാനിയേല്‍ (Randholph E. Daniel) എന്ന ചരിത്ര പണ്ഡിതന്‍, മാറ്റം വരുത്തപ്പെട്ട പ്രസ്തുത നിയമാവലിയിലെ മിഷനറി അധ്യായത്തെ, മറ്റുള്ളവരെപ്പോലെ വലിയ ഖേദത്തോടെയല്ല നോക്കിക്കാണുന്നത്. 'സമസ്ത സൃഷ്ടികളോടും കീഴടങ്ങണം' എന്ന നിഷ്കര്‍ഷയും, അതോടൊപ്പം ഫ്രാന്‍സിസ് നിര്‍ദേശിച്ച മിഷനറിമാര്‍ പുലര്‍ത്തേണ്ട രീതികളും പ്രസ്തുത അധ്യായത്തില്‍ നിന്നും നീക്കം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, മിഷനറിമാരാകുന്നവര്‍ അവരുടെ പ്രസംഗത്തിന് ഇറങ്ങിത്തിരിക്കുന്നതിനു മുമ്പുതന്നെ അവരുടെ ജീവിതം വഴിയായി മാതൃക പുലര്‍ത്തു ന്നവരായിരിക്കണം എന്ന് ഫ്രാന്‍സിസ്കന്‍ സഭ വിഭാവനം ചെയ്തിട്ടുണ്ടായിരുന്നു എന്നാണ് ഡാനിയേലിന്‍റെ അഭിപ്രായം. നിയമാവലിയിലെ മറ്റ് അധ്യായങ്ങള്‍ തീര്‍ച്ചയായും സുവിശേഷാനുസൃത ജീവിതത്തിനു തന്നെയാണ് പ്രാമുഖ്യം നല്‍കുന്നത് എന്നതും നാം വിസ്മരിച്ചുകൂടാ. ഫ്രാന്‍സിസിന്‍റെ ആദ്യകാല (അംഗീകാരം ലഭിക്കാത്ത) നിയമങ്ങള്‍ കൂടുതലും ദൈവവചന ഭാഗങ്ങള്‍ മാത്രം വച്ച് എഴുതപ്പെട്ടവയായിരുന്നു. സഭയില്‍ പാഷണ്ഡതകളും, നിരവധി അനുതാപ സമൂഹങ്ങളും ഉടലെടുത്ത ഒരു കാലഘട്ടത്തില്‍ ജൂറിഡിക്കല്‍ ആയ ഒരു രീതിയിലേക്കാണ് ഫ്രാന്‍സിസിന്‍റെ നിയമം; ഫ്രാന്‍സിസിന്‍റെ മനസ്സിന് എതിരായിത്തന്നെ രചിക്കപ്പെട്ടത് എന്ന് നാം മുമ്പ് വിശദമായി കണ്ടത് ഇവിടെ ചേര്‍ത്തു വായിക്കാവുന്നതാണ്. നിയമാവലിക്കു പേപ്പല്‍ അനുവാദം ലഭിക്കുവാന്‍, ഇത് സഭയുടെ കാനോനിക നിയമത്തിനു അനുബന്ധമായി എഴുതപ്പെടണമായിരുന്നു എന്ന ഒരു വാദവും നിലനില്‍ക്കുന്നുണ്ട്. ഏതായാലും ഫ്രാന്‍സിസിന്‍റെ തനിമയെ, ഈ നയ്യാമികത തീര്‍ത്തും ചോര്‍ത്തിക്കളഞ്ഞു എന്നു പറയുന്നതില്‍ അതിശയോക്തിയില്ല. റെഗുല നോണ്‍ ബുള്ളാത്തയും, റെഗുല ബുള്ളാത്തയും തമ്മിലുള്ള ഒരു സമഗ്ര താരതമ്യ പഠനം, ഫ്രാന്‍സിസിന്‍റെ അടിസ്ഥാന ആശയങ്ങള്‍ എത്രത്തോളം നയ്യാമികമായി മാറ്റപ്പെട്ടു എന്ന ഒരു ഗഹന പഠന വിഷയത്തിലേക്കു നമ്മെ നയിക്കും.
(തുടരും...)