news-details
ഫ്രാൻസിസ്കൻ വിചാര ധാര

ലാവേര്‍ണ ഒരു ഫ്രാന്‍സിസ്കന്‍ കാല്‍വരി

2023 മുതല്‍ 2026 വരെയുള്ള വര്‍ഷങ്ങള്‍ ഫ്രാന്‍സിസ്കന്‍ സഭാസമൂഹത്തിനു അതിന്‍റെ അഞ്ചു സുപ്രധാന ചരിത്രസംഭവങ്ങളുടെ എണ്ണൂറാം വാര്‍ഷികങ്ങളാണ്. റെഗുല ബുല്ലാത്ത (Regula Bullata) എന്ന Later Rule -ന്‍റെയും, ആദ്യ ക്രിസ്മസ് പുനരാവിഷ്കാരം എന്ന ഗ്രെച്ചിയോയിലെ(Greccio) പുല്‍ക്കൂടിന്‍റെയും എണ്ണൂറാം വാര്‍ഷികം 2023 -ല്‍ സമുചിതമായി നാം ആഘോഷിച്ചു. ഫ്രാന്‍സിസിന്‍റെ 'പഞ്ചക്ഷതങ്ങളുടെ' എണ്ണൂറാം വാര്‍ഷികം (2024), സൃഷ്ടിസ്തുതി കീര്‍ത്തനത്തിന്‍റെ എണ്ണൂറാം വാര്‍ഷികം (2025), ഫ്രാന്‍സിസിന്‍റെ (അവസാന) ഈസ്റ്റര്‍ ആഘോഷത്തിന്‍റെ എണ്ണൂറാം വാര്‍ഷികം (2026) എന്നിവയാണ് തുടര്‍ന്നുള്ളവ. ഫ്രാന്‍സിസ്കന്‍ സഭയുടെ ജനറല്‍ മിനിസ്റ്റര്‍മാര്‍ കോണ്‍ഫ്രന്‍സ് ഓഫ് ദി ഫ്രാന്‍സിസ്കന്‍ ഫാമിലി ഒരുമിച്ചിറക്കിയ ഒരു സന്ദേശം, ഈ വാര്‍ഷികങ്ങളെയൊക്കെ ഒരു സുവര്‍ണനൂലില്‍ തുന്നിച്ചേര്‍ത്ത്  നല്‍കിയിരിക്കുകയാണ്. അത് ഫ്രാന്‍സിസിന്‍റെ ക്രിസ്തു ദര്‍ശനത്തിന്‍റെയും, ക്രിസ്തുശിഷ്യത്വത്തിന്‍റെയും, സാഹോദര്യത്തിന്‍റെയും സുവര്‍ണച്ചരടാണ്. അതുകൊണ്ടുതന്നെ ഇത് തികച്ചും വ്യത്യസ്ത സംഭവങ്ങളല്ല, മറിച്ചു തുടര്‍ച്ചയും പൊരുത്തവുമുള്ള സംഭവങ്ങളുടെ ആഘോഷവും, അനുസ്മരണവുമാണ്. ഇതിന്‍റെ ദൈവശാ സ്ത്രവശം എന്നത്, 'ക്രിസ്തുവിലുള്ള നമ്മുടെ ഉണ്മ' (our  being  in  Christ), നര വംശശാസ്ത്രവശം എന്നത്, 'സഹോദരീ സഹോദരന്മാര്‍ എന്ന നമ്മുടെ ഉണ്മ' (our  being  brothers  and  sisters)), സഭാശാ സ്ത്രവശം എന്നത്, 'ഐക്യത്തിലുള്ള നമ്മുടെ ഉണ്മ'(our  being  in  communion), സാമൂഹ്യശാസ്ത്രവശം എന്നത്, 'ലോകത്തിലായിരിക്കുന്നതിലെ നമ്മുടെ ഉണ്മ'(our  being  in  the  world) എന്നിങ്ങനെയാണ് ഇതിന്‍റെ നിരവധി മാനങ്ങള്‍ നാം മനസ്സിലാക്കുന്നത്. ഈ സന്ദേശത്തിന്‍റെ ലക്ഷ്യമായി  സഭാധികാരികള്‍  കാണുന്നത്, ഇത് ഫ്രാന്‍സിസ്കന്‍ സഭയുടെ തനിമയും വ്യക്തിത്വവും മനസ്സിലാക്കാനും, നമ്മെ  മുന്‍പോട്ടു നയിക്കാനും സഹായിക്കുമെന്നാണ്.

 

ഈ വാര്‍ഷികാഘോഷങ്ങളുടെ ചുവടുപിടിച്ചു തന്നെയാണ് നാം തുടര്‍ച്ചയായി വിചിന്തനം ചെയ്തുപോരുന്ന ഫ്രാന്‍സിസിന്‍റെ ഡാമിയേറ്റ സന്ദര്‍ശനത്തെയും അത് ഫ്രാന്‍സിസില്‍ സൃഷ്ടിച്ച അനുരണനങ്ങളെയും നാം കാണുന്നതും. ഫ്രാന്‍സിസിന്‍റെ ഗ്രെച്ചിയോയിലെ ക്രിസ്തുമസ് അനുസ്മരണം, ക്രിസ്തുവിന്‍റെ രക്ഷാകരമായ ജനനത്തിന്‍റെ സര്‍ഗാത്മകവും, കലാപരവുമായ ഒരു അനുസ്മരണമായല്ല, മറിച്ച് എവിടൊക്കെ ക്രിസ്തു ജനിക്കുന്നോ അവിടം ഒരു പുതിയ ബത്ലെഹേം ആണെന്നും, അതിനാല്‍ സ്ഥലത്തിനു വേണ്ടിയുള്ള (കുരിശു)യുദ്ധങ്ങള്‍ക്ക് പ്രസക്തിയില്ലെന്നുമായിരുന്നു ഫ്രാന്‍സിസിന്‍റെ സന്ദേശം. ക്രിസ്തുവിന്‍റെ ജനനവും ക്രൂശുമരണവും ഉത്ഥാനവും നടന്ന ഈ വിശുദ്ധ സ്ഥലങ്ങള്‍ തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങളായിരുന്നല്ലോ ഈ യുദ്ധങ്ങളെല്ലാം.

 

പരിശുദ്ധ അമ്മയുടെ സ്വര്‍ഗാരോപണത്തിന്‍റെ തിരുനാള്‍ദിനമായ ഓഗസ്റ്റ് 15 മുതല്‍, മുഖ്യദൂതനായ വിശുദ്ധ മിഖായേലിന്‍റെ തിരുനാള്‍ദിനമായ സെപ്റ്റംബര്‍ 29  വരെയുള്ള നാല്‍പതു ദിവസങ്ങള്‍ ഫ്രാന്‍സിസ് തീവ്രമായ പ്രാര്‍ത്ഥനയില്‍ ലാവേര്‍ണ എന്ന മലയില്‍ കഴിച്ചുകൂട്ടി. വിശുദ്ധ കുരിശിന്‍റെ പുകഴ്ചയുടെ തിരുനാളായ സെപ്റ്റംബര്‍ 14 -നോ, അതിനടുത്ത ദിവസങ്ങളിലോ ആണ് ഫ്രാന്‍ സിസിനു പഞ്ചക്ഷതങ്ങള്‍ ലഭിക്കുന്നത്. അങ്ങനെ ലാവേര്‍ണ എന്ന  മല 'ഫ്രാന്‍സിസ്കന്‍ കാല്‍വരി' ആയി മാറി. ക്രിസ്തുവിന്‍റെ പീഡാസഹനവും മരണവും ആയിരുന്നു ഫ്രാന്‍സിസിന്‍റെ ധ്യാന വിഷയം. കര്‍ത്താവിനു മനുഷ്യകുലത്തോടുള്ള സ്നേഹമാണ് കാല്‍വരി. അങ്ങനെ ചരിത്രത്തില്‍ ആദ്യമായി ഫ്രാന്‍സിസിനും ആ സഹനത്തിന്‍റെ മുറിവുകള്‍ പേറാനുള്ള ഭാഗ്യം ലഭിച്ചു.

ഗ്രെച്ചിയോയ്ക്ക് ബെത്ലെഹെം എന്തായി രുന്നോ, അതായിരുന്നു ലാവേര്‍ണയ്ക്ക് ജെറൂസ ലേമും എന്നാണ് മക് മൈക്കിള്‍ (McMicahel)എന്ന ഫ്രാന്‍സിസ്കന്‍ പണ്ഡിതന്‍റെ അഭിപ്രായം. ഇവിടെ ലാവേര്‍ണ എന്ന മലയായിരുന്നില്ല വിശുദ്ധമായത്, മറിച്ചു ഫ്രാന്‍സിസിന്‍റെ ശരീരം തന്നെയായിരുന്നു. ഫ്രാന്‍സിസിന് ഇത് സത്യമായി അനുഭവപ്പെട്ടെങ്കില്‍, കുരിശുയുദ്ധത്തിന്‍റെ നിരര്‍ത്ഥകതയും അദ്ദേഹത്തിന് ബോധ്യപ്പെട്ടിരിക്കണം എന്ന് മക് മൈക്കിള്‍  സമര്‍ഥിക്കുന്നുണ്ട്. ഗ്രെച്ചിയോ സംഭവവും, ലാവേര്‍ണയിലെ പഞ്ചക്ഷത സ്വീകരണവും, ഫ്രാന്‍സിസിന് കുരിശുയുദ്ധങ്ങളോട് ഉണ്ടായിരുന്ന സമീപനവും എന്തായിരുന്നു എന്ന് മക് മൈക്കിള്‍  നിരീക്ഷിക്കുന്നുണ്ട്.  കര്‍ത്താവിന്‍റെ ജനന-മരണ സ്മരണകള്‍ പേറുന്ന ദേവാലയങ്ങളുടെ കൈവശാവകാശം, അത് അധീനപ്പെടുത്തിയ മുസ്ലിംകളില്‍ നിന്നും  തിരിച്ചുപിടിക്കുകയായിരുന്നു കുരിശുയുദ്ധങ്ങള്‍. 'ഫ്രാന്‍സിസ് തന്‍റെ ജീവിതത്തിലൂടെ കര്‍ത്താവിന്‍റെ ജനന-മരണ സ്മരണകള്‍ അടയാളപ്പെടുത്തപ്പെട്ട ബെത്ലെ ഹേമും, കാല്‍വരിയും എവിടെയും, ഏതു കാലത്തിലും ആഘോഷിക്കാമെന്നു ഉദ്ഘോഷിച്ചു. അങ്ങനെ ഇവ അനുസ്മരിക്കാമെങ്കില്‍, പിന്നെന്തിനാണ് ഈ സ്ഥാവരജംഗമങ്ങള്‍ക്കു (real  estate) വേണ്ടിയുള്ള യുദ്ധവും കൊലയും?' എന്നൊരു ബദല്‍ചിന്ത ഫ്രാന്‍സിസിനുണ്ടായി എന്ന് മക് മൈക്കിള്‍  അഭിപ്രായപ്പെടുന്നു. ഇതിനെ നാം ഇങ്ങനെ മനസ്സിലാക്കുകയാണെങ്കില്‍, ഈജിപ്തിലേക്കുള്ള യാത്രയ്ക്ക് മുമ്പുതന്നെ 1216-ല്‍ പോര്‍സ്യുങ്കുള (Portiuncula) ദണ്ഡവിമോചനം ഫ്രാന്‍സിസ് ലഭ്യമാക്കിയതിന്‍റെ ഉദ്ദേശ്യം എന്തായിരിക്കണം? പോപ്പ് ഹോണോറിയൂസ് മൂന്നാമന്‍  നല്‍കിയ ഈ (ദണ്ഡവിമോചനം)   ഈ ദേവാലയത്തിന്‍റെ സമര്‍പ്പണദിനമായ ആഗസ്റ്റ് രണ്ടാം തീയതി ഇവിടെ വന്നു പ്രാര്‍ത്ഥിക്കുന്ന എല്ലാവര്‍ക്കും നല്‍കപ്പെടുന്നു. അത്യധികമായ ഈ പ്രത്യേക ആത്മീയ ആനുകൂല്യം (inordinate privilege) ഫ്രാന്‍സിസിന്‍റെ ഈ ചെറിയ ദേവാലയത്തെ, റോമിലെയും, വിശുദ്ധ നാട്ടിലെയും, സ്പെയിനിലെ വിശുദ്ധ യാക്കോബ് ശ്ലീഹായുടെ നാമത്തിലുള്ള സാന്‍റിയാഗോ ഡി കമ്പോസ്റ്റെല്ല എന്ന ദേവാലയ ത്തിന്‍റെയും തലത്തിലേക്ക്  ഉയര്‍ത്തി.

ഈജിപ്തിലെ ഡാമിയേറ്റയില്‍ വച്ച്, തനിക്കു ലഭിക്കാനാഗ്രഹിച്ച രക്തസാക്ഷിത്വത്തിന്‍റെ, ശ്രേഷ്ഠവും സമ്പൂര്‍ണവുമായ അനുഭവമായിരുന്നു  ഫ്രാന്‍സിസിന്‍റെ ലാവേര്‍ണ  അനുഭവം എന്ന് ദെ ബീര്‍ (De  Beer) എന്ന ഫ്രാന്‍സിസ്കന്‍ പണ്ഡിതന്‍ അഭിപ്രായപ്പെടുന്നു. ഫ്രാന്‍സിസ് തന്‍റെ പഞ്ച ക്ഷതം ഇസ്ലാമിന് സമര്‍പ്പിച്ചിട്ടുണ്ടാവാം എന്നും ദെ ബീര്‍ അനുമാനിക്കുന്നു. സെപ്തംബര്‍ 1224 -ല്‍ ബ്രദര്‍ ലിയോയ്ക്ക് നല്‍കിയ എഴുത്തിനെ (the  Parchment  Given  to  Brother  Leo) ഈ ഒരു വീക്ഷണത്തില്‍ നിന്നും അപഗ്രഥിച്ചു കൊണ്ട് ദെ ബീര്‍ ഇങ്ങനെ എഴുതി: 'ഫ്രാന്‍സിസ് തനിക്കു പഞ്ചക്ഷതം ലഭിച്ചതിന്‍റെ അടുത്ത ദിനംതന്നെ വരച്ച ഈ ആധികാരികമായ വിശുദ്ധനാടിന്‍റെ രൂപരേഖയും, അതില്‍ വരച്ച സുല്‍ത്താന്‍റെ തലയുടെ ചിത്രവും, സുല്‍ത്താന്‍റെ വായില്‍ നിന്നും വരുന്ന താവൂ (Tau) എന്ന കുരിശും വ്യക്തമാക്കുന്നത്, ഫ്രാന്‍സിസ് കുരിശുയുദ്ധത്തിനെതിരെ പുറപ്പെടുവിച്ച ഒരു അസാധാരണ വിധിയാണിത് എന്നാണ്. കാരണം വിശുദ്ധ സ്ഥലങ്ങള്‍ ഇസ്ലാമിന്‍റേതല്ലാതെ ഇനി ക്രിസ്ത്യാനികളുടേതല്ല.'

കുസാത്തോ(Cusato) എന്ന ഫ്രാന്‍സിസ്കന്‍ പണ്ഡിതനും, ലാവേര്‍ണയില്‍ വച്ച് ഫ്രാന്‍സിസിന് ലഭിച്ച  ഈ പഞ്ചക്ഷത അനുഭവത്തെ, അടുത്ത  കുരിശുയുദ്ധത്തിനായി ഒരുങ്ങുന്ന ഒരു ചരിത്ര പശ്ചാത്തലത്തിനു അനുബന്ധമായി വ്യാഖ്യാനിക്കുന്നുണ്ട്. പോപ്പ് ഹൊണോറിയൂസ് മൂന്നാമന്‍റെ നേതൃത്വത്തില്‍ 1228-1229-ല്‍ നടക്കാനിരുന്ന യുദ്ധത്തിന് 1223-ല്‍ തന്നെ ഒരുക്കങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. എന്നാല്‍ പോപ്പ് ഹൊണോറിയൂസ് മൂന്നാമന്‍ 1227 -ല്‍ ദിവംഗതനായി. കുസാത്തോ (Cusato)യുടെ നിഗമനത്തില്‍, ഫ്രാന്‍സിസിനു ഇപ്പോള്‍ തന്‍റെ സുഹൃത്തായ(amicus) സുല്‍ത്താന്‍റെ ജീവന്‍ അപകടത്തിലാണെന്ന് ഇതു കൊണ്ട് തന്നെ  അറിയാമായിരുന്നു. പഞ്ചക്ഷതം ലഭിച്ചതിനു ശേഷം ഒരു വശത്തു ഫ്രാന്‍സിസ് ദൈവസ്തുതി കീര്‍ത്തനങ്ങള്‍ രേഖപ്പെടുത്തി. Parchment -ന്‍റെ മറുവശത്താണ് തലയിലോ, തലയോട്ടിയിലോ ഒരു താവൂ കുരിശ് ഫ്രാന്‍സിസ് വരക്കുന്നത്. ഇത് സഹോദരന്‍ ലിയോയും തീര്‍ച്ചപ്പെടുത്തുന്നുണ്ട്. കുസാത്തോ (Cusato) തുടങ്ങിയ പണ്ഡിതന്മാര്‍ ഇതിനെ സുല്‍ത്താന്‍റെ തലയായിട്ടാണ് നിര്‍ണയിക്കുന്നത്. ഈ Parchment-ല്‍ രേഖപ്പെടുത്തിയിരിക്കുന്ന 'സംരക്ഷണത്തിന്‍റെ പ്രാര്‍ത്ഥന' ലിയോയ്ക്കു എന്നതിനുപരിയായി, അത് സുല്‍ത്താനു വേണ്ടിയായിരിക്കണം എന്നാണ് കുസാത്തോയുടെ നിഗമനം. ഈ Parchment ഇന്നും അസ്സീസിയിലെ ആശ്രമത്തില്‍ സൂക്ഷിക്കപ്പെടുന്നുണ്ട്.  സംഖ്യയുടെ പുസ്തകം ആറാം അധ്യായം 22 മുതല്‍ 27 വരെ യുള്ള വചനങ്ങള്‍ക്ക് ഇതുമായി സാമ്യമുണ്ട്. ആ ആശീര്‍വാദം  ഇങ്ങനെയാണ്:
"കര്‍ത്താവു നിന്നെ അനുഗ്രഹിക്കുകയും സംരക്ഷിക്കുകയും ചെയ്യട്ടെ!

അവന്‍ നിന്‍റെ നേര്‍ക്ക് മുഖം തിരിക്കുകയും, നിന്നോട് കരുണ കാണിക്കുകയും ചെയ്യട്ടെ!
അവന്‍ നിന്നില്‍ പ്രസാദിക്കുകയും നിനക്ക് സമാധാനം നല്‍കുകയും ചെയ്യട്ടെ!
സഹോദരന്‍ ലിയോ, ദൈവം നിന്നെ അനുഗ്രഹിക്കട്ടെ!"

സുല്‍ത്താന്‍റെ വായില്‍ നിന്നും വരുന്ന താവൂ  എന്ന കുരിശിനെപ്പറ്റി അനേകം ഊഹാപോഹങ്ങള്‍ ഉണ്ടായിട്ടുണ്ട്. കുസാത്തോയുടെ അഭിപ്രായത്തില്‍ ഇത് സുല്‍ത്താന്‍ കര്‍ത്താവിന്‍റെ കുരിശിന്‍റെ സത്യം ഏറ്റുപറയുന്നതാണ്, അല്ലെങ്കില്‍ താമസംവിനാ സുല്‍ത്താന്‍ ഈ കുരിശിനെ ഏറ്റുപറയണം എന്ന് ഫ്രാന്‍സിസ് ആഗ്രഹിക്കുന്നു എന്നാണ് വ്യാഖ്യാ നം. എന്നിരുന്നാലും, ഇന്നെസെന്‍റ് മൂന്നാമന്‍ പാപ്പയെ പോലെ താവൂ എന്ന കുരിശിന്‍റെ നാമ ത്തില്‍ കുരിശുയുദ്ധത്തിനു പോയതുപോലെ അല്ല. ഫ്രാന്‍സിസിനെ സംബന്ധിച്ചിടത്തോളം ഈ കുരിശ്, അഹിംസയുടെ പര്യായമായ യേശു ക്രിസ്തുവിന്‍റെ ജീവിതത്തിന്‍റെ ചിഹ്നം ആണ്. ഈ ഏക വഴിയാണ് മനുഷ്യസാഹോദര്യത്തിന്‍റെ മുറിവ് ഉണക്കാനുള്ള വഴിയായി ഫ്രാന്‍സിസ് കാണുന്നത്. കുസാത്തോ  യുടെ അഭിപ്രായ പ്രകാരം, ലാവേ ര്‍ണ ഡാമിയേറ്റയെ അസ്സീസിയുമായി ബന്ധിപ്പി ക്കുന്നു, അങ്ങനെ സുവിശേഷാനുസാരമുള്ള സമാധാനത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും ജീവിതം ആഗ്രഹിക്കുന്ന എല്ലാവരുമായും അസ്സീസി നമ്മെ ബന്ധിപ്പിക്കുന്നു. ഫ്രാന്‍സിസിന് നല്‍കപ്പെട്ട ഈ അടയാളം അക്രമരാഹിത്യ ത്തിന്‍റെയും, ശത്രു സ്നേഹത്തിന്‍റെയും കുരിശാണ്. ഈ കുരിശു കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തിക്ക് ദര്‍ശനത്തില്‍ ലഭിച്ച കുരിശു പോലെയല്ല, അത് ശത്രുക്കളെ യുദ്ധത്തിലൂടെ കീഴ്പ്പെടുത്താനുള്ള തായിരുന്നു. ലാവേര്‍ണയില്‍ വച്ച് ലഭിച്ച പഞ്ച ക്ഷതം ഒരു രീതിയിലും ഫ്രാന്‍സിസ് പുറത്തു കാണിക്കാനോ അതുവച്ചു  ഒരു 'പ്രകടനപരത' നട ത്താനോ ആഗ്രഹിച്ചില്ല എന്നു മാത്രമല്ല, തന്‍റെ മരണനേരത്തുപോലും അത് മറച്ചുപിടിക്കാന്‍ ആഗ്രഹിച്ചു. കുരിശിലൂടെ നാം രക്ഷിക്കപ്പെട്ടു എന്ന ബോധ്യം ഫ്രാന്‍സിസിന് എപ്പോഴും ഉണ്ടായിരുന്നു. കുരിശാണ് രക്ഷ, കുരിശിലാണ് രക്ഷ, കുരിശേ നമിച്ചീടുന്നു.

You can share this post!

ഗ്രെച്ചിയോ ഒരു നവ ബത് ലഹേം

ഫെര്‍ഡിനാന്‍ഡ് മാര്‍ട്ടിന്‍ കപ്പൂച്ചിന്‍
അടുത്ത രചന

സമസ്ത സൃഷ്ടികളോടും വിധേയത്വം

ഫെര്‍ഡിനാന്‍ഡ് മാര്‍ട്ടിന്‍ കപ്പൂച്ചിന്‍
Related Posts