news-details
ഫ്രാൻസിസ്കൻ വിചാര ധാര

ഫ്രാന്‍സിസ്; മതാന്തരസംവാദത്തിന്‍റെ ഉത്തമമാതൃക

സഹോദരന്മാരുടെ മിഷനറിദൗത്യത്തിന്‍റെ രീതിയുടെ  ഊന്നലില്‍ വന്ന ഒരു സമൂല മാറ്റത്തെക്കുറിച്ചു  ഹോബ്റിച്ച്സ് (Hoeberichts) നിരീക്ഷിക്കുന്നുണ്ട്.  ഏകദേശം 1225 മുതല്‍ ഉള്ള കാലഘട്ടത്തെ ഒരു 'പുതിയ രീതിയിലുള്ള ഫ്രാന്‍സിസ്കന്‍ മിഷനറി സമീപനം' ആയാണ് ഹോബ്റിച്ച്സ് വിലയിരുത്തുന്നത്. ഹൊണോറിയൂസ് മൂന്നാമന്‍ പാപ്പാ, 1225 ഒക്ടോബര്‍ 7-ല്‍ പുറപ്പെടുവിച്ച, തന്‍റെ വീനെ ദോമിനി കുസ്തോസ് (Vineae  Domini custodos) എന്ന  പേപ്പല്‍ ഉത്തരവ് (bull) മൊറോക്കോയിലേക്കു അയക്കപ്പെടുന്ന പുരോഹിതരെയാണ് അഭിസംബോധന ചെയ്യുന്നത്. ഈ 'ഉത്തരവ്' ഫ്രാന്‍സിസിന്‍റെ പ്രത്യേക ശൈലിയും അനുശാസ നവും ആയ 'എല്ലാവര്‍ക്കും കീഴ്പ്പെടണം' എന്ന രീതിയെക്കുറിച്ചുള്ള ചെറിയ സൂചനപോലും നല്‍കുന്നില്ല. സാരസന്മാര്‍ക്ക് ഇടയില്‍ കഴിയുന്ന ക്രിസ്ത്യാനികള്‍ക്കിടയില്‍ പ്രസംഗിക്കാനും, കൂദാശകള്‍ പരികര്‍മം ചെയ്യാനുമാണ് സഹോദരന്മാര്‍ പ്രധാനമായും അയയ്ക്കപ്പെട്ടത്. ക്രിസ്ത്യാനികള്‍ക്കുവേണ്ടിയുള്ള പുരോഹിതരുടെ അജപാലനപരമായ ശ്രദ്ധക്കുമാത്രമായിരുന്നു മുന്‍ഗണന, അതിനിടയില്‍ സാരസന്മാര്‍  ഏതാണ്ട് സഹോദരന്മാരുടെ ദൃഷ്ടിയില്‍ നിന്നും മറഞ്ഞ മട്ടായിരുന്നു. ഇതിനു  കാരണമായി  ഹോബ്റിച്ച്സ് കരുതുന്നതു ഫ്രാന്‍സിസിന്‍റെ മൗലിക ആദര്‍ശങ്ങളില്‍ നിന്നും വ്യതിചലിച്ചുകൊണ്ട് പുരോഹിതസാന്നിധ്യം സഹോദരന്മാര്‍ക്കിടയില്‍ വര്‍ധിച്ചു എന്നതാണ്. ഈ രീതിക്കു ഫ്രാന്‍സിസ് തികച്ചും എതിരായിരുന്നു, കാരണം എളിയ സുവിശേഷ സാന്നിധ്യംകൊണ്ട് തുടങ്ങേണ്ട മിഷനറിദൗത്യം ആണ് ഫ്രാന്‍സിസ് സ്വീകരിക്കുകയും അനുഷ്ഠിക്കാന്‍ ആവശ്യപ്പെടു കയും ചെയ്തത്. സഹോദരന്മാര്‍ ഈ ആദിമരീതിയില്‍ നിന്നും വ്യതിചലിക്കുന്നതിന് എതിരായിരുന്നു ഫ്രാന്‍സിസ് തന്‍റെ അവസാന കാലങ്ങളില്‍ പോലും. പ്രത്യേകിച്ചും തന്‍റെ മരണപത്രത്തില്‍ എളിയ സുവിശേഷ സാന്നിധ്യത്തെക്കുറിച്ചും, ആദിമ രീതിയെക്കുറിച്ചും ഫ്രാന്‍സിസ് വീണ്ടും സഹോദരന്മാരെ ഓര്‍മിപ്പിക്കുന്നുണ്ട്. ഫ്രാന്‍സി സിന്‍റെ മരണപത്രത്തില്‍ നാം ഇങ്ങനെ വായിക്കുന്നു: 'നാം നിരക്ഷരരും എല്ലാവര്‍ക്കും കീഴ്പെട്ടവരും ആയിരുന്നു. ഞാന്‍ എന്‍റെ കൈകള്‍കൊണ്ട് അധ്വാനിക്കുമായിരുന്നു... കര്‍ത്താവു തന്നെയും എനിക്ക് ഒരു അഭിവാദ്യം (a greeting) വെളിപ്പെടുത്തിത്തന്നു, അതിനാല്‍ ഞങ്ങള്‍ ഇങ്ങനെ പറയുമായിരുന്നു: "കര്‍ത്താവു നിനക്ക് സമാധാനം നല്‍കട്ടെ." സഹോദരന്മാര്‍ റോമന്‍ കൂരിയയില്‍ നിന്നും പ്രത്യേക ആനുകൂല്യങ്ങള്‍ പീഡനങ്ങളില്‍ നിന്നും രക്ഷപെടാന്‍ നേടിയെടുത്തിരുന്നു എന്ന് ഹോബ്റിച്ച്സ് നിരീക്ഷിക്കുന്നുണ്ട്. ഹോബ്റിച്ച്സ് ഇങ്ങനെ എഴുതി: "ഫ്രാന്‍സിസിന്‍റെ മരണത്തിന് ഏതാനും മാസങ്ങള്‍ക്കു മുമ്പ്, ഹൊണോറിയൂസ് മൂന്നാമന്‍ പാപ്പാ, 1226 മാര്‍ച്ച് 17 -ല്‍ പുറപ്പെടുവിച്ച എക്സ് പാര്‍തെ വെസ്ത്ര (Ex  parte  vestra) എന്ന പേപ്പല്‍ ഉത്തരവ് പ്രകാരം, ഹൊണോറിയൂസ് മൂന്നാമന്‍ പാപ്പാ സഹോദരന്മാരുടെ അപേക്ഷ സ്വീകരിക്കുകയും, അവര്‍ക്കു വ്യത്യസ്ത വസ്ത്രങ്ങള്‍ ധരിക്കാനും, താടിയും മുടിയും നീട്ടി വളര്‍ത്താനും, അങ്ങനെ അവരുടെ അജപാലന ശുശ്രൂഷ സാരസന്മാരുടെ ശല്യമില്ലാതെ നടത്താനുമുള്ള അനുവാദം ലഭിക്കുകയും ചെയ്തു. അവര്‍ക്കു പണം ഉപയോഗിക്കാനുള്ള അനുവാദം ലഭിക്കുകയും ചെയ്തു, ഇത് ഫ്രാന്‍സിസ്കന്‍ സഭയുടെ നിയമത്തിനു വിരുദ്ധമായിരുന്നിട്ടു കൂടിയും. തന്‍റെ മരണപത്രം എഴുതുമ്പോള്‍ ഈ പേപ്പല്‍ ഉത്തരവ് തീര്‍ച്ചയായും ഫ്രാന്‍സിസിന്‍റെ മനസിലുണ്ടാകാന്‍ സാധ്യതയേറുകയാണ്. ഫ്രാന്‍സിസ് ഇങ്ങനെ സഹോദരന്മാരോട് കല്പിച്ചു: "അനുസരണത്തിന്മേല്‍ എല്ലാ സഹോദരന്മാരും, അവര്‍ എവിടെയൊക്കെ ആയിരിക്കുന്നുവോ, അവര്‍ ഏതെങ്കിലും രീതിയിലുള്ള എഴുത്തുകള്‍ റോമന്‍ കൂരിയായില്‍ നിന്നും നേരിട്ടോ, മധ്യസ്ഥന്‍ വഴിയായോ, ദേവാലയത്തിനു വേണ്ടിയോ, മറ്റേതെങ്കിലും സ്ഥലത്തിനു വേണ്ടിയോ, പ്രസംഗിക്കാന്‍ വേണ്ടിയോ, അവരുടെ ശരീരങ്ങള്‍ പീഡനങ്ങളില്‍ നിന്നും ഒഴിവാക്കുന്നതിന് വേണ്ടിയോ ആവശ്യപ്പെടരുത്." ഇതില്‍ നിന്നും മനസ്സിലാകുന്നത് ഫ്രാന്‍സിസിന്‍റെ ആദിമവും മൗലികവുമായ "എല്ലാ സൃഷ്ടികള്‍ക്കും കീഴടങ്ങുക" എന്നതിന് കടകവിരുദ്ധമായാണ് സഹോദരന്മാര്‍ റോമന്‍ കൂരിയായില്‍ നിന്നും അവരുടെ മിഷനറി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പ്രത്യേക ആനുകൂല്യങ്ങള്‍ തേടിയിരുന്നത്. ഫ്രാന്‍സിസ്, സഹോദരന്മാര്‍ക്ക് പീഡനങ്ങള്‍ ഉണ്ടാകുമ്പോള്‍ എന്തുചെയ്യണം എന്ന് മരണപത്രത്തില്‍ തുടര്‍ന്നുപറയുന്നുണ്ട്: "എവിടൊക്കെ അവര്‍ നിങ്ങളെ സ്വീകരിക്കുന്നില്ലയോ, അവിടെനിന്നു മറ്റു സ്ഥലങ്ങളിലേക്ക് പോകുകയും, അവിടെ ദൈവത്തിന്‍റെ ആശീര്‍വാദത്തോടു കൂടെ പ്രായശ്ചിത്തം അനുഷ്ഠിക്കുകയും ചെയ്യുക." എളിയ സഹോദ രന്മാര്‍ സുവിശേഷത്തിന്‍റെ എളിയ ജീവിതമാതൃക പിന്‍ചെല്ലാനാണ് ഫ്രാന്‍സിസ് ആഗ്രഹിച്ചത്, പ്രത്യേകിച്ചും സാരസന്മാരുടെ ഇടയില്‍. ഫ്രാന്‍സി സിന്‍റെ ഈ സുവിശേഷ സാന്നിധ്യത്തിന്‍റെ മാതൃകയ്ക്ക്, ഏതാണ്ട് ഫ്രാന്‍സിസിന്‍റെ കാലത്തു തന്നെയും സ്വീകാര്യത ലഭിച്ചില്ല എന്നു വേണം അനുമാനിക്കാന്‍.

എന്നാല്‍ രണ്ടാം വത്തിക്കാന്‍ സൂനഹദോസോടുകൂടി ഒരു പുതിയ ഉണര്‍വ് മറ്റു മതങ്ങളുമായുള്ള ബന്ധത്തില്‍ സഭയില്‍ ഉണ്ടായി. ഈ തുടര്‍ലേഖനത്തില്‍ ഉന്നയിച്ചിരുന്ന ചോദ്യം തന്നെയും ഫ്രാന്‍സിസ് മതേതര സംവാദത്തിനു ഉത്തമ മാതൃകയായിരുന്നോ എന്നാണ്. നിരവധിയായ പണ്ഡിതന്മാരും മിഷനറിമാരും ഫ്രാന്‍സിസിന്‍റെ രീതിയില്‍ ആകൃഷ്ടരായിട്ടുണ്ട്. അവരുടെ പഠനങ്ങള്‍ തീര്‍ച്ചയായും ഇതര മതസ്ഥരെക്കുറിച്ചുള്ള സഭയുടെ പൊതുവായ ധാരണ പുതുക്കുന്നതില്‍ സ്വാധീനിച്ചിട്ടുണ്ട്. അതില്‍ പ്രഥമനാണ് ലൂയിസ് മസിഞ്ഞോണ്‍ (Louis  Massignon) എന്ന ഫ്രാന്‍സിസ്കന്‍ മൂന്നാം സഭാംഗവും മുസ്ലിംകളുടെ ഇടയില്‍ തന്‍റെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയനുമായ ആള്‍. "വ്യക്തവും ഗഹനവുമായ ഒരു മാറ്റം" എന്നാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലെ മറ്റു മതങ്ങ ളോടുള്ള സഭയുടെ ദൈവശാസ്ത്രപരമായ കാഴ്ചപ്പാടില്‍ വന്ന മാറ്റത്തെ ഹോബ്റിച്ച്സ് വീക്ഷിക്കുന്നത്. എന്നാല്‍ ഫ്രാന്‍സിസ്കന്‍സ് ഏതാണ്ട് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ കഴിഞ്ഞിട്ട് പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഫ്രാന്‍സിസിന്‍റെ 'ദൈവത്തെപ്രതി സാരസന്മാര്‍ക്കു കീഴ്പെടുക' എന്നുള്ളരീതി കൗണ്‍സിലിന്‍റെ മുന്‍പോട്ടുള്ള വികാസത്തിന് വ്യക്തമായ ഒരു സംഭാവന നല്‍കുമെന്ന് മനസ്സിലാക്കിയത്. 1982 -ല്‍ സ്വിറ്റ്സര്‍ലണ്ടിലെ മാറ്റ്ലിയില്‍ വച്ച് നടന്ന ഒരു സമ്മേളനത്തില്‍ വച്ചാണ് ഒരു ഇന്‍റര്‍ ഫ്രാന്‍സിസിക്ന്‍ മിഷന്‍രേഖ, ഫ്രാന്‍സിസ്കന്‍ സഭ  തയ്യാറാക്കുന്നത്. അതിനും ഒരു മാസത്തിനു ശേഷമാണ് ഒക്ടോബര്‍ 1982-ല്‍ ഇറ്റലിയിലെ അസ്സീസിയില്‍ വച്ച് ഇസ്ലാമിനെക്കുറിച്ച് ഒരു സമ്മേളനം നടത്തപ്പെട്ടത്. ഇത് ചെറുതായെങ്കിലും സഭയുടെ മുഖ്യ ആദര്‍ശമായ 'മൈനോരിറ്റി' (minority)യെ കുറിച്ച്   റെഗുലനോണ്‍ ബുള്ളാത്തയിലെ പതിനാറാം മിഷനറി അധ്യായത്തിന്‍റെ അടിസ്ഥാനത്തിലാണ് പര്യാലോചിച്ചത്. എന്നാല്‍ കപ്പൂച്ചിന്‍ സഭയുടെ മൂന്നാമത് പ്ലീനറി കൗണ്‍സില്‍ 1978, ഓഗസ്റ്റ് 29  മുതല്‍ സെപ്റ്റംബര്‍ 22 വരെ സ്വിറ്റ്സര്‍ലണ്ടിലെ മാറ്റ്ലിയില്‍ വച്ച് നടന്നപ്പോള്‍ 'സഭയുടെ മിഷനറി ജീവിതവും പ്രവര്‍ത്തനവും' എന്നതായിരുന്നു വിഷയം. ബ്ര. പാസ്കല്‍ റൈവല്‍ സ്കി (Br. Paschal Rywalski) മിനിസ്റ്റര്‍ ജനറലും, ഇന്ത്യയെ പ്രതിനിധീകരിച്ചു പിന്നീട് തിരുവനന്തപുരത്തിന്‍റെ ബിഷപ്പ് ആയിരുന്ന ബ്ര. ജേക്കബ് അച്ചാരുപറമ്പിലുമാണ് പങ്കെടുത്തവരില്‍ ചിലര്‍. ഈ രേഖ 'മൈനോരിറ്റി' യെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ടെങ്കിലും 'ദൈവത്തെ പ്രതി എല്ലാ സൃഷ്ടിക ള്‍ക്കും കീഴ്പ്പെടുക' എന്ന ഫ്രാന്‍സിസിന്‍റെ മിഷനറിദര്‍ശനത്തെ പങ്കുവെക്കുന്നില്ല. ഇതിനോട് അല്പമെങ്കിലും അടുത്തുവരുന്ന ഒരു പ്രസ്താവന, 'മൈനോറിറ്റി എന്നത് എല്ലാവരുടെയും നിര്‍വ്യാജരായ ദാസന്മാര്‍, എളിമയുള്ളവര്‍, ദരിദ്രര്‍, ഉപചാര ശീലമുള്ളവര്‍, സമാധാനപ്രിയര്‍, എളിയ ജീവിത ശൈലി ഉള്ളവര്‍, മറ്റുള്ളവരുമായി നല്ല ബന്ധത്തില്‍ ജീവിക്കുന്നവര്‍' എന്നാണ്.  റെഗുലബുള്ളാത്തയിലെ പതിനാറാം അദ്ധ്യായത്തെ കൂടുതലായി ഈ രേഖ ചര്‍ച്ച ചെയ്യുന്നുണ്ടെകിലും, മറ്റു മതങ്ങളുമായുള്ള ബന്ധത്തെക്കുറിച്ചു സൂചന നല്‍കുന്നില്ല എന്നാണ് ഹോബ്റിച്ച്സ്  വിലയിരുത്തുന്നത്. ഫ്രാന്‍സിസ്കന്‍സ് തന്നെയും ഫ്രാന്‍സിസിന്‍റെ അനന്യമായ ഈ രീതിയെ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വരെ വിട്ടുകളഞ്ഞെങ്കിലും, ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയാണ് സഭയ്ക്കും ലോകത്തിനും ഫ്രാന്‍സിസിന്‍റെ പ്രാധാന്യം മറ്റു മതങ്ങളുമായുള്ള ബന്ധത്തിനും ലോകസമാധാനത്തിനും ഉണ്ടെന്നു വെളിപ്പെടുത്തിയത്.  മാലാഖമാരുടെ വിശുദ്ധ മറിയം എന്ന ബസിലിക്കയില്‍, 1986 ഒക്ടോബര്‍  മാസം ഇരുപത്തിയേഴാം തീയതി  നടന്ന സമാധാനത്തിനു വേണ്ടിയുള്ള ലോക പ്രാര്‍ത്ഥനദിനത്തില്‍ വിവിധ സഭകളുടെയും, മതങ്ങളുടെയും പ്രതിനിധികളെ  ജോണ്‍ പോള്‍ രണ്ടാമന്‍ പപ്പാ ഇങ്ങനെ അഭിസംബോധന ചെയ്തു:

'ഞാന്‍, അസ്സീസി എന്ന പട്ടണം സമാധാനത്തിനുവേണ്ടിയുള്ള നമ്മുടെ പ്രാര്‍ത്ഥന ദിനത്തിനായി തിരഞ്ഞെടുത്തതിന് കാരണം, ഇവിടെ വണങ്ങപ്പെടുന്ന വിശുദ്ധന്‍ - ഫ്രാന്‍സിസ് അസ്സീസിയുടെ പ്രാധാന്യം കണക്കിലെടുത്തുകൊണ്ടാണ്. ലോകം മുഴുവന്‍ സമാധാനത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും, സാഹോദര്യത്തിന്‍റെയും അടയാളമായി അറിയപ്പെടുകയും വണങ്ങപ്പെടുകയും ചെയ്യുന്ന വിശുദ്ധനാണ് അദ്ദേഹം. അദ്ദേഹത്തിന്‍റെ വിനീതവും എളിമയുമുള്ള ജീവിതശൈലിയില്‍ പ്രചോദിക്കപ്പെട്ട്, നമുക്ക് നമ്മുടെ ഹൃദയങ്ങളെ ആന്തരികനിശ്ശബ്ദതയില്‍ ക്രമീകരിക്കാം. ഈ ദിവസം സമാധാനം നിറഞ്ഞ ലോകത്തെ നമുക്ക്  മുന്‍കൂട്ടി അനുഭവിക്കാം. സമാധാനം നമ്മളിലേക്ക് കടന്നുവരുകയും നമ്മുടെ ഹൃദയങ്ങളെ നിറയ്ക്കുകയും ചെയ്യട്ടെ."  ഈ സമ്മേളനവുമായി ബന്ധപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ പ്രസംഗങ്ങള്‍ പഠിച്ചതിനുശേഷം കാതലീന്‍ വാറന്‍ എന്ന പണ്ഡിത അഭിപ്രായപ്പെടുന്നത്, "സത്യമായും ഫ്രാന്‍സിസിന്‍റെ ചൈതന്യം നിറഞ്ഞ വാക്കുകളാണ് പാപ്പയുടേത്" എന്നാണ്. ബെനഡിക്ട് പതിനാറാമന്‍ പാപ്പാ  2011  ഒക്ടോബര്‍27-ന് 'ലോക സമാധാനത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥനാദിനത്തിന്‍റെ' ഇരുപത്തിയഞ്ചാം വാര്‍ഷികത്തില്‍ സംബന്ധിച്ചുകൊണ്ട് ഇങ്ങനെ സംസാരിച്ചു:

"ഫ്രാന്‍സിസ്, സുല്‍ത്താനെ സന്ദര്‍ശിച്ച കാര്യത്തെ ഉയര്‍ത്തിക്കാട്ടാനാണ് ഞാന്‍ ആഗ്രഹി ക്കുന്നത്, കാരണം ഇതു വളരെ കാലോചിതമായതാണ്. ഇസ്ലാമും ക്രിസ്തുമതവും പോരടിച്ചിരുന്നൊരു കാലത്തു, തന്‍റെ ദൈവവിശ്വാസവും എളിമയുംകൊണ്ട് മാത്രം സംവാദത്തിന്‍റെ വഴി ഫലപ്രദമായി അദ്ദേഹം വെട്ടി. ദിനവൃത്താന്തങ്ങള്‍ രേഖപ്പെടുത്തുന്നത് അദ്ദേഹത്തിന് ഉദാരവും, ഊഷ്മളവുമായ സ്വാഗതം സുല്‍ത്താനില്‍ നിന്നും ഉണ്ടായി എന്നാണ്. ഇത് ഇന്നത്തെ ഇസ്ലാം - ക്രിസ്ത്യന്‍ സംവാദത്തിനും ബന്ധത്തിനും പ്രചോദനമാകട്ടെ: സത്യസന്ധമായ സംവാദം സ്ഥാപിക്കുക, പരസ്പര ബഹുമാനവും തമ്മിലുള്ള മനസ്സിലാക്കലും പ്രോത്സാഹിപ്പിക്കുക." (ഉദ്ധരണി കളെല്ലാം സ്വതന്ത്ര പരിഭാഷ)

ഫ്രാന്‍സിസ് നടത്തിയ ഒരു മിഷനറി യാത്ര ഇന്നും നമ്മെ സംവാദത്തിന്‍റെയും, സമാധാനത്തിന്‍റെയും വഴിയിലേക്ക്  നയിക്കുകയാണ്. പരസ്പരം കരുതാനും, മനസിലാക്കാനുമുള്ളതാണ് നമ്മുടെ ഫ്രാന്‍സിസ്കന്‍ വിളി. മതസ്പര്‍ദ്ധയുടെ കഥകളല്ല സ്നേഹത്തിന്‍റെയും, സമാധാനത്തിന്‍റെയും കഥകളാണ് ലോകത്തെ മുമ്പോട്ടു നയിക്കുന്നത്.

എങ്ങനെയാണ് ഒരു വിശ്വാസം അനുഷ്ഠിച്ചു കൊണ്ട് മറ്റൊരു വിശ്വാസത്തെ, അത് അനുഷ്ഠിക്കുന്നവരെ സഹോദരങ്ങളായി ഒരുവന് പരിഗണിക്കാനാവുക? അതിനുത്തരം ഫ്രാന്‍സിസിന്‍റെ രീതികള്‍ തന്നെയാണ്. ഫ്രാന്‍സിസ് തന്നെ ഈ തുടര്‍പരമ്പരയുടെ അവസാനവാക്കുകള്‍ സംസാരിക്കട്ടെ: "എല്ലാ സഹോദരന്മാരും തങ്ങളുടെ പ്രവൃത്തികള്‍ വഴിയായി (സുവിശേഷം) പ്രഘോഷിക്കട്ടെ."  ഫ്രാന്‍സിസ്കന്‍ പാരമ്പര്യം, ഇങ്ങനെ ഫ്രാന്‍സിസ് തന്‍റെ അവസാനകാലത്തു പറയുമായിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്: "സഹോദരന്മാരെ, നമുക്കാരംഭിക്കം; കാരണം ഇതുവരെ നാം കുറച്ചോ, ഒന്നും തന്നെയോ ചെയ്തിട്ടില്ല."


(അവസാനിച്ചു)

അസ്സീസിയുടെ കഴിഞ്ഞ 29 ലക്കങ്ങളിലായി 'ഫ്രാന്‍സിസ്കനിസം' എന്ന പംക്തിയിലൂടെ വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ ജീവിതവും ചിന്തകളും ദര്‍ശനങ്ങളും ഏറെ ശാസ്ത്രീയമായി അപഗ്രഥിച്ച്, ഫ്രാന്‍സിസ്കന്‍ സഭാവിഭാഗത്തിനും ഫ്രാന്‍സിസിനെ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഏറെ ഫലപ്രദമായ ലേഖനങ്ങള്‍ തയ്യാറാക്കി നല്‍കിയ ഫെര്‍ഡിനാന്‍ഡ് മാര്‍ട്ടിന്‍ കപ്പൂച്ചിനോട് അസ്സീസി മാസികയ്ക്കുള്ള നന്ദിയും സ്നേഹവും അറിയിക്കുന്നു.


പത്രാധിപര്‍  

You can share this post!

സമസ്ത സൃഷ്ടികളോടും വിധേയത്വം

ഫെര്‍ഡിനാന്‍ഡ് മാര്‍ട്ടിന്‍ കപ്പൂച്ചിന്‍
അടുത്ത രചന

ദൈവസന്നിധിയിലേക്കുള്ള യാത്ര ഫ്രാന്‍സീസിന്‍റെ, ക്ലാരയുടെ പിന്നെ എന്‍റെയും

ഡോ. ജെറി ജോസഫ് OFS
Related Posts