തിരുവെഴുത്തിന്‍റെ തുടക്കം തന്നെ ഒരു തോട്ടമുണ്ടാക്കുന്ന കഥ പറഞ്ഞുകൊണ്ടാണ്. മനുഷ്യനു പാര്‍ക്കാന്‍ ദൈവമൊരുക്കിയ വലിയ തോട്ടം. ഉടയവനെ അറിയുന്ന കാളയും കഴുതയുമൊക്കെയുള്ളൊരു പച്ചയിടം. ശരിക്കും മനുഷ്യപുത്രന്‍റെ പിറവിയുടെ പരിസരങ്ങളും അതോര്‍പ്പിക്കുന്നുണ്ട്. പാരഡൈസ് ഇന്‍ ദ കേവ് എന്നൊക്കെ പറഞ്ഞ് കിഴക്കന്‍ താപസന്മാര്‍ തിരുപ്പിറവിയെച്ചൊല്ലി എത്രയോ ഐക്കണ്‍ ചിത്രങ്ങള്‍ ചമച്ചിട്ടുണ്ടെന്നോ!. കരുണയുടെ പിറവി അങ്ങനെയല്ലാതാവുന്നതെങ്ങനെ? നമുക്കത്രമേല്‍ പരിചിതമല്ലെന്നത് നമ്മുടെ തെറ്റു മാത്രമാണ്. നമ്മുടെ കരുണയുടെ വഴികളേറെയും മനുഷ്യരില്‍ മാത്രം അവസാനിക്കുന്നവയാണ്. പുഴയും മഴയും മലയും മരവും മാനും മഞ്ചാടിയും നമ്മുടെ ജീവിതത്തിനു വെളിയിലാണ്.
ഒ.വി.വിജയനെക്കുറിച്ച് പുനത്തില്‍ കുഞ്ഞബ്ദുള്ള പറഞ്ഞൊരനുഭവമുണ്ട്. പുനത്തില്‍ ട്രിവാന്‍ഡ്രം ലോഡ്ജില്‍ താമസിക്കുന്ന കാലം. ഒരു നാള്‍ വിജയന്‍ അവിടെ എത്തി. പുനത്തിലാകട്ടെ പ്രാതല്‍ കഴിഞ്ഞിരിക്കുകയാണ്. വര്‍ത്തമാനമെല്ലാം പറഞ്ഞ് ഉച്ചയോടടുത്തപ്പോള്‍ വിജയന്‍ പറഞ്ഞു, ഇന്ന് എന്‍റെ വകയാണ് ഊണ്. നമുക്ക് പുറത്തു പോകാം. അവരിറങ്ങാന്‍ തുടങ്ങി. പുനത്തില്‍ വാതിലും ജനാലയുമെല്ലാം ചേര്‍ത്തടയ്ക്കുമ്പോള്‍ വിജയനൊരു സംശയം. നമ്മളിവിടെ അടുത്ത് നിന്നല്ലേ കഴിക്കുന്നത്? ഇതെല്ലാം അടച്ചിടുന്നത് എന്തിനാണെന്ന് ചോദ്യം. പുനത്തില്‍ പറഞ്ഞു: ഡൈനിംഗ് ടേബിളില്‍ രാവിലെ ബാക്കി വന്ന റൊട്ടിക്കഷ്ണങ്ങളുണ്ട്. പൂച്ചകള്‍ വന്നു ശല്യം ചെയ്യും! ഒരു നിമിഷം എന്നു പറഞ്ഞ് പുനത്തിലിന്‍റെ കൈയ്യില്‍ നിന്ന് താക്കോല്‍ വാങ്ങി വിജയന്‍ അടച്ച വാതില്‍ വീണ്ടും തുറന്നു. അകത്ത് കയറി ജനാലകള്‍ തുറന്നിട്ടു. എന്നിട്ടൊരു ചോദ്യം, പൂച്ചകള്‍ക്കും വിശക്കില്ലേ കുഞ്ഞബ്ദുള്ളേ എന്ന്! എന്താല്ലേ, ചില മനുഷ്യര്‍ ഇങ്ങനെ. കരുണ എറുമ്പിനോടും വേണമെന്നൊക്കെ പാടിയ മഹാഗുരുവിന്‍റെ ഭൂമിമലയാളമൊക്കെ സംവരണത്തിന്‍റെ കണക്കെടുപ്പുകളിലാണ് എന്നത് ഭീതിയേറ്റുന്നു.
നമ്മുടെ കരുണയുടെ ദൂരങ്ങള്‍ പുനര്‍നിര്‍ണ്ണയം ചെയ്യാന്‍ വല്ലാതെ നിര്‍ബന്ധിക്കുന്നിടമാണ് ബേത്ലഹേം. സര്‍വ്വജനത്തിനുമുള്ള മഹാശാന്തിയുടെ ഉദയം ഇങ്ങനെയാവാതെ തരമില്ലല്ലോ. ഉല്പത്തിയുടെ പച്ചയിടമൊക്കെ ഓർമിപ്പിക്കുന്നത്. ആദിമ വിശുദ്ധിയുടെ പച്ചപ്പിലേക്കുള്ള ബോധത്തിന്‍റെ പുനര്‍സ്നാനത്തിന് വേണ്ടിയാകണം സഖേ!