news-details
മറ്റുലേഖനങ്ങൾ

വൈദികന്‍ - വാക്ക് പൊളിച്ചെഴുതുമ്പോള്‍

ഭാര്യ, വേശ്യ എന്നീ രണ്ടു വാക്കുകള്‍ക്ക് സാധാരണ അര്‍ത്ഥം നമുക്കറിയാം. ഭാര്യ എന്ന പദത്തിനു ഏതാണ്ട് വിപരീതമായാണ് വേശ്യ. എന്നാല്‍ ഒരാള്‍ക്കുമാത്രം ലൈസന്‍സുള്ള വ്യഭിചാരമാണ് കല്യാണം എന്ന് അംഗീകരിക്കുന്നിടത്ത് ഈ രണ്ടു പദങ്ങള്‍ക്ക് വല്ലതും സംഭവിക്കുന്നുണ്ടോ? വാക്കുകള്‍ പൊളിയുന്നു; വേശ്യക്ക് കുറച്ചുകൂടി അന്തസ്സും ഭാര്യക്ക് അല്പം മങ്ങലും വരുന്നു. രണ്ടു പുരുഷന്മാര്‍ തമ്മിലുള്ള പിരിയാത്ത കൂട്ടിനു "കല്യാണം" എന്നു വിളിച്ചാല്‍ കല്യാണപദത്തിനു വല്ലതും സംഭവിക്കുന്നുണ്ടോ? വ്യഭിചാരിണികളെ ലൈംഗിക തൊഴിലാളികള്‍ എന്നു വിളിക്കുന്നിടത്ത് ഒരു ലൈംഗിക വിപ്ലവം നടക്കുന്നില്ലേ? ചില പദങ്ങള്‍ എടുക്കാത്ത നാണയങ്ങള്‍ പോലെ ജീവിതഭാഷയില്‍ നിന്നു വിരമിക്കുന്നു. ബ്രഹ്മചര്യം, കന്യകാത്വം, ചാരിത്ര്യം എന്നീ പദങ്ങള്‍ ചില സമൂഹങ്ങളില്‍ എടുക്കാത്ത നാണയങ്ങള്‍ പോലെയായിരിക്കുന്നു.

 

ചേടത്തി കന്യാസ്ത്രീ അനിയത്തി വിവാഹിത. രണ്ടുപേരും ദൈവവിളി സ്വീകരിച്ചവരാണ് എന്ന് വികാരിയച്ചന്‍ പള്ളിയില്‍ പറഞ്ഞാല്‍ കന്യാസ്ത്രീക്കു വല്ലതും സംഭവിക്കുന്നുണ്ടോ?  അല്മായനും അച്ചനും വൈദികനാണ് എന്നു മെത്രാന്‍ പള്ളിയില്‍ പറഞ്ഞാലോ? ദാരിദ്ര്യവ്രതം ലോകത്തില്‍നിന്ന് ഒളിച്ചോടി കൊവേന്തയില്‍ ജീവിക്കാനുള്ളതല്ല, അതു ലോകത്തില്‍ ജീവിക്കാനുള്ളതാണ് എന്നു പറഞ്ഞു ലൂഥറും കത്രീനയും കൊവേന്ത ചാടി കല്യാണം കഴിച്ചപ്പോള്‍ കൊവേന്തക്ക് വല്ലതും സംഭവിച്ചോ? യേശുക്രിസ്തു പള്ളി പണിതില്ല സഭയാണ് സ്ഥാപിച്ചത്; അവിടുന്നു കെട്ടിടത്തിലല്ല "രണ്ടോ മൂന്നോ പേര്‍ എന്‍റെ നാമത്തില്‍ ഒന്നിച്ചുകൂടുന്നിടത്താണ്" വസിക്കുന്നത് എന്നു പ്രൊട്ടസ്റ്റന്‍റുകാര്‍ വിശ്വസിച്ചപ്പോള്‍ പള്ളിക്കു വല്ലതും പറ്റിയോ? അവര്‍ വൈദികരെ അഭിഷേകം ചെയ്തുണ്ടാക്കാതെ പാസ്റ്റര്‍മാരെയും മിനിസ്റ്റര്‍മാരെയും നിയമിച്ചു.

 

ഭാഷ കൊണ്ടാണ് മനുഷ്യന്‍ ജീവിക്കുന്നത്; ഭാഷാ ഭവനത്തില്‍ അവന്‍ വസിക്കുന്നു. ഭാഷയില്‍ മാറ്റം വരുമ്പോള്‍ അതു ജീവിതത്തില്‍ മാറ്റമുണ്ടാക്കും. വാക്കിന്‍റെ നിര്‍വചനങ്ങള്‍ മാറിയാല്‍ വാക്കിന്‍റെ പിന്നിലെ യാഥാര്‍ത്ഥ്യം മാറ്റപ്പെടും.

ക്രൈസ്തവ വൈദിക സങ്കല്പത്തില്‍ ഏറ്റവും വലിയ പൊളിച്ചെഴുത്ത് പ്രൊട്ടസ്റ്റന്‍റ് വിപ്ലവമാണ് സൃഷ്ടിച്ചത്. വൈദികപദത്തോട് അവര്‍ അവിശ്വസ്തത പുലര്‍ത്തി. പാരമ്പര്യപദങ്ങള്‍ മാറ്റി പ്രതിഷ്ഠിച്ചു ബൈബിളില്‍ പറയുന്നതുപോലെ എല്ലാ ക്രൈസ്തവരും "പുരോഹിതഗണവും രാജകീയവംശവുമായി" വീണ്ടും ജനിച്ചവരാണ്. ജറുസലേം ദേവാലയം ഇല്ലായ്മ ചെയ്യപ്പെട്ടു; ക്രിസ്തു പുരോഹിതനല്ല, അജപാലകനും ശുശ്രൂഷകനുമാണ്. പ്രൊട്ടസ്റ്റന്‍റുകാര്‍ ദേവാലയം പണിതില്ല; അവര്‍ക്ക് കത്തീഡ്രലും ബസിലിക്കയുമില്ല. അവര്‍ക്ക് ബലിയര്‍പ്പണമില്ല, സക്രാരിയുമില്ല; കൊവേന്തകളുമില്ല. ഈ കാഴ്ചപ്പാടുകള്‍ പലതും രണ്ടാം വത്തിക്കാന്‍ സൂഹനദോസോടെ കത്തോലിക്കാപള്ളിയിലേക്കു പ്രവേശിച്ചു. അപ്പോള്‍ കത്തോലിക്കാ വൈദികന് എന്തുപറ്റി?

 

ഏറ്റവും വലിയ മാറ്റം അല്മായര്‍ വൈദികരായി എന്നതു തന്നെ. അല്മായര്‍ക്കുള്ള സഭയിലെ സ്ഥാനങ്ങളെക്കുറിച്ചും നാം ആവര്‍ത്തിച്ചുകേള്‍ക്കുന്നു. ദൈവിളി എല്ലാവര്‍ക്കുമായി. എല്ലാവരും കൊവേന്തക്കാരായപ്പോള്‍ കൊവേന്തകള്‍ ഇല്ലാതായ പ്രതിസന്ധിയിലാണ് കത്തോലിക്കാസഭ. എല്ലാവരും ചാരിത്രവ്രതം പാലിക്കുന്നവരായ പ്രൊട്ടസ്റ്റ് പാരമ്പര്യം സൃഷ്ടിച്ച കമ്പോളസംസ്കാരത്തില്‍ കന്യകാത്വവും ബ്രഹ്മചര്യവും എടുക്കാത്ത നാണയങ്ങളായോ? വൈദികന്‍ അല്മായര്‍ക്ക് സഭയില്‍ സ്ഥാനങ്ങള്‍ കൊടുക്കണമെന്ന് എല്ലാ മെത്രാന്മാരും പ്രസംഗിക്കുന്നു. അധ്യാപനം, എഴുത്ത്, കല, രാഷ്ട്രീയം ഇവിടെയൊന്നും അച്ചന്‍ വേണ്ട അല്മായര്‍ മതി. അച്ചന്മാര്‍ ആത്മീയ കാര്യങ്ങള്‍ മാത്രം നോക്കിയാല്‍ മതി; ബാക്കിയൊക്കെ അല്മായര്‍ക്ക് വിട്ടുകൊടുക്കണം. അവിടെയും തീര്‍ന്നില്ല. അച്ചന്മാര്‍ ആത്മീയകാര്യങ്ങള്‍ക്ക് കൊള്ളാവുന്നവരാണോ? വചനം പ്രസംഗിക്കാനും, ധ്യാനിപ്പിക്കാനും അച്ചന്‍ വേണോ? പ്രൊട്ടസ്റ്റന്‍റു പാരമ്പര്യത്തിലെ പെന്‍റകോസ്റ്റല്‍ കരിസ്മാറ്റിക് വേദികളിലേക്കു നോക്കൂ.

 

അതോടൊപ്പം നാം മറ്റൊരു പ്രസംഗവും മാധ്യമങ്ങളിലും വേദികളിലും കേള്‍ക്കുന്നു. അച്ചന്‍ പൂജാരിയല്ല. പള്ളിയില്‍ മാത്രം തമ്പടിച്ച് കൂദാശ പരികര്‍മ്മങ്ങളുടെ പൂജാവിധികളുമായി അച്ചന്മാര്‍ ചടഞ്ഞുകൂടരുത്. അവര്‍ ലോകത്തിലേക്കിറങ്ങണം. പക്ഷേ, ലോകം അല്മായന്‍റെ തട്ടകമല്ലേ? പള്ളിയിലിരുന്നു പള്ളി പണിയാമെന്നു വിചാരിച്ചാല്‍ പള്ളിപണി അച്ചന്‍റെയല്ലെന്ന മുറവിളി. പുറത്തേക്കിറങ്ങിയാല്‍ വൈദികന്‍ ലോകത്തിലേക്കിറങ്ങരുത് എന്ന താക്കീത്. മദ്ബഹയിലേക്കും അല്മായര്‍ രാജകീയ പൗരോഹിത്യത്തില്‍ ഇടിച്ചുകയറിയതോടെ വൈദികന് ഇടമില്ലെന്നായി!

You can share this post!

ഫ്രാന്‍സിസിന്‍റെ വോള്‍ട്ടിറ എഴുത്ത് (Volterra Text...) ഒരു പുതുവായന

ഡോ. ജെറി ജോസഫ് OFS
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts