യേശു എഴുന്നേറ്റുനിന്ന് ശബ്ദമുയര്‍ത്തി പറഞ്ഞു, "ആര്‍ക്കെങ്കിലും ദാഹിക്കുന്നെങ്കില്‍ അവന്‍ എന്‍റെയടുക്കല്‍ വന്നു കുടിക്കട്ടെ. എന്നില്‍ വിശ്വസിക്കുന്നവന്‍റെ ഹൃദയത്തില്‍നിന്ന് വിശുദ്ധ ലിഖിതം പ്രസ്താവിക്കുന്നതുപോലെ ജീവജലത്തിന്‍റെ അരുവികള്‍ ഒഴുകും." മറ്റൊരിക്കല്‍ അവന്‍ പറഞ്ഞു, "ഞാന്‍ വന്നിരിക്കുന്നത് ജീവനുണ്ടാകുവാനും അത് സമൃദ്ധമായി ഉണ്ടാകുവാനുമത്രേ."
നമ്മുടെ ദൈവം സമൃദ്ധിയുടെ ദൈവമാണ്. നമുക്ക് ആരോഗ്യത്തിന്‍റെ, സന്തോഷത്തിന്‍റെ, സമ്പത്തിന്‍റെ, സ്നേഹത്തിന്‍റെ ഒക്കെ സമൃദ്ധിയുണ്ടായിരിക്കണമെന്നാണ് അവനാഗ്രഹിക്കുന്നത്. വിവാഹത്തിലും ഈ സമൃദ്ധി അവിടുന്ന് കനിഞ്ഞനുവദിച്ചിട്ടുണ്ട്. ജീവാത്മകത മങ്ങിയതും ശൂന്യവുമായ സ്നേഹസംഭരണികള്‍ വിവാഹത്തിന്‍റെ ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്കു ശേഷം പ്രാരംഭത്തിലെ ജീവാത്മകത നഷ്ടപ്പെടാന്‍ തുടങ്ങുന്നു. പങ്കാളിക്ക് സ്നേഹം പകര്‍ന്നുകൊടുത്ത് പകര്‍ന്നുകൊടുത്ത് പലരിലും സ്നേഹത്തിന്‍റെ സംഭരണി ശൂന്യമായിത്തീരുന്നു. പങ്കാളിക്ക് ഇനിയും സ്നേഹം ചൊരിഞ്ഞുകൊടുക്കണമെന്നുണ്ടെങ്കില്‍ ഏക പോംവഴി നിങ്ങളുടെ ഉള്ളിലുള്ള സ്നേഹസംഭരണികള്‍ നിറയ്ക്കുകയാണ്.
സന്തുഷ്ടവും ആരോഗ്യകരവുമായ വിവാഹജീവിതത്തിന് നിങ്ങളിലുള്ള പത്തു സ്നേഹസംഭരണികളെ നിറച്ചു സൂക്ഷിക്കേണ്ടതുണ്ട്. ശൂന്യമായ സംഭരണികളുമായി കടന്നുവരുന്ന പലരും തങ്ങളുടെ പങ്കാളി നിറവുള്ളയാളായിരിക്കണമെന്ന് പ്രതീക്ഷിക്കാറുണ്ട്. പരിണിതഫലമോ നിരാശാജനകമായ വിവാഹജീവിതവും. നിങ്ങളുടെ ഉള്ളിലെ ഈ സ്നേഹസംഭരണികളെ നിറയ്ക്കാന്‍ നിങ്ങള്‍ സ്വയമൊന്നു ശ്രമിച്ചാല്‍ സാധിക്കുന്നതാണ്.
ഗര്‍ഭത്തിലുരുവാകുമ്പോള്‍ മുതല്‍ ജനനം വരെ ഉദരത്തിലെ ശിശു ഒരു ദൈവിക ഊര്‍ജ്ജവുമായി ബന്ധത്തിലാണ്. ഈ ഊര്‍ജ്ജമാണ് നമുക്കുവേണ്ടി എല്ലാം ചെയ്തുതരുന്നത്. ഇതാണ് ദൈവവുമായുള്ള ആദ്യബന്ധം. എല്ലാ സൗഖ്യങ്ങളും സംഭവിക്കുന്നതും, ഈ ഊര്‍ജ്ജത്തില്‍ നിന്നത്രേ. രണ്ടു വയസ്സാകുന്നതോടെ നാം ഇതില്‍നിന്ന് വേര്‍പെട്ടുപോകുന്നു. ദൈവം നമ്മെ എപ്പോഴും പരിപാലിക്കുന്നെന്നും സഹായിക്കുന്നെുമുള്ള യാഥാര്‍ത്ഥ്യത്തില്‍ നിന്ന് വഴുതിമാറാന്‍ പ്രേരണയുണ്ടാകുന്നു.
ജനനം മുതല്‍ ഏഴു വയസ്സുവരെയുള്ള കാലയളവാണ് ഒരു വ്യക്തിയുടെ ജീവിതത്തിലെ സുപ്രധാന ഘട്ടം. ഇത് ഒരു വളര്‍ച്ചാ ഘട്ടവുമാണ്. നാമാരാണെന്നോ നമുക്ക് അര്‍ഹതപ്പെട്ടതെന്താണെന്നോ മാതാപിതാക്കള്‍ നല്കുന്നതിനപ്പുറം നമുക്കറിയില്ല. ഈ ഘട്ടത്തില്‍ രണ്ട് അടിസ്ഥാന മനോഭാവങ്ങള്‍ കുട്ടികള്‍ ഹൃദിസ്ഥമാക്കുന്നു. ഒന്ന് 'എനിക്ക് ആവശ്യങ്ങളുണ്ട്, അതു നേടിയെടുക്കാനുള്ള ശക്തിയും.' അല്ലെങ്കില്‍ 'എനിക്ക് ആവശ്യങ്ങളുണ്ട് എന്നാല്‍ അത് നേടിയെടുക്കാനുള്ള കഴിവില്ല'. അങ്ങനെ കഴിവുള്ളവനെന്നോ ഇല്ലാത്തവനെന്നോ ഉള്ള അറിവില്‍ നാം മുന്നോട്ടു പോകുന്നു. ആവശ്യമായവ നേടിയെടുക്കാനുള്ള കഴിവില്ലെന്നു തോന്നിയാല്‍ പിന്നീട് ആവശ്യമായവയെ തിരിച്ചറിയാനുള്ള കഴിവും നഷ്ടമായെന്നു വരാം.
നമുക്കുവേണ്ടത് ദൈവാശ്രയത്വത്തിന്‍റെയും സ്വാശ്രയത്വത്തിന്‍റെയും ഒപ്പം പരാശ്രയത്വത്തിന്‍റെയും ആരോഗ്യകരമായ ഒരു സന്തുലിതാവസ്ഥയാണ്. മുന്‍പു പറഞ്ഞ സ്നേഹസംഭരണികള്‍ നിറച്ചു സൂക്ഷിക്കാന്‍ നിങ്ങള്‍ക്കായാല്‍ നിങ്ങളുടെ പങ്കാളിയുമായി സുഖപ്രദമായ ഒരടുപ്പം രൂപീകരിച്ചെടുക്കാനും പരസ്പര അംഗീകാരത്തിലൂടെ, ഉള്‍ക്കൊള്ളലിലൂടെ, നന്ദി നിറഞ്ഞ ഹൃദയത്തിലൂടെ പരസ്പരം താങ്ങാകാനും കഴിയും. ഇടയ്ക്കുള്ള സംഭരണി പരിശോധന ഇക്കാര്യത്തില്‍ വളരെയേറെ ഉപകാരപ്പെട്ടേക്കും. ഇന്ന് എന്‍റെ സ്നേഹസംഭരണിക്കുള്ളിലെത്ര അളവുണ്ടെന്ന് ദിവസേന സ്വയം ചോദിക്കുക ഒന്നുമുതല്‍ പത്തുവരെയുള്ള സ്കെയിലില്‍ അളന്നാല്‍ അത് ഏഴില്‍ താഴെയാവുമോ? എന്നിട്ട് വീണ്ടും ചോദിക്കുക, ഇത് വീണ്ടും നിറയ്ക്കാന്‍ എനിക്ക് എന്തു ചെയ്യാനാവും? അതിനായി പരമാവധി ശ്രമിക്കുക.
പത്തു സ്നേഹസംഭരണികളും അവ നിറയ്ക്കേണ്ട വിധവും
(ജോണ്‍ഗ്രേയുടെ പുസ്തകമായ 'ഹൗ ടു ഗെറ്റ് വാട്ട് യു വാണ്ട് ആന്‍ഡ് വാട്ട് യു ഹാവ്' എന്നു പുസ്തക പ്രകാരം സ്നേഹസംഭരണികള്‍ ഇവയാണ്).
1. ദൈവത്തിന്‍റെ സ്നേഹവും പിന്‍തുണയും: ഈ സ്നേഹസംഭരണി നിറയ്ക്കാന്‍ പ്രാര്‍ത്ഥനയിലൂടെയോ, ധ്യാനത്തിലൂടെയോ, വചനവായനയിലൂടെയോ ദൈവത്തോട് നിരന്തര സമ്പര്‍ക്കം ആവശ്യമാണ്. ഓരോ ദിവസവും ജീവിതത്തെ ദൈവോന്മുഖമാക്കിത്തീര്‍ക്കുക. അരമണിക്കൂറെങ്കിലും സ്വയം പ്രേരിതവും കുടുംബത്തോടൊപ്പവുമുള്ള പ്രാര്‍ത്ഥനയിലൂടെ നിങ്ങളുടെ ലക്ഷ്യങ്ങളെ ക്രമീകരിച്ച് മുന്നോട്ടു പോകാനാവും (വായിക്കുക സങ്കീ: 90:14)
2. മാതാപിതാക്കളില്‍ നിന്നുള്ള സ്നേഹവും പിന്‍തുണയും: വ്യക്തികള്‍ മുതിര്‍ന്ന് കഴിഞ്ഞാല്‍ ഈ സ്നേഹസംഭരണി നിറയ്ക്കാന്‍ അവരുടെ മാതാപിതാക്കള്‍ത്തന്നെ വേണമെന്നില്ല. ഒരു കൗണ്‍സലറെ കാണുന്നതും മാതാപിതാക്കളെ ശ്രവിക്കുന്നതിനു തുല്യമായ കാര്യമാണ്. നിങ്ങള്‍ക്ക് അവശ്യം വേണ്ടത് നിങ്ങളുടെ ഉള്ളിലെ കുഞ്ഞിനെ മനസ്സിലാക്കാനും അതിന്‍റെ ആവശ്യങ്ങളോട് പ്രതികരിക്കാനുമുള്ള കഴിവാണ്. ഒപ്പം ആ കുഞ്ഞ് ആഗ്രഹിക്കുന്ന വ്യവസ്ഥയില്ലാത്ത സ്നേഹം നല്‍കാനും സ്വയം ശ്രമിക്കുക. സ്നേഹപൂര്‍ണ്ണവും സമാധാനപൂര്‍വകവുമായ രീതിയില്‍ നിങ്ങളുടെ വൈകാരികാനുഭവങ്ങളെ കൈകാര്യം ചെയ്യാന്‍ ആകുന്നില്ലെങ്കില്‍ ഈ സംഭരണി ശൂന്യമാണെന്ന് നിങ്ങളറിയണം. അത് നിറയ്ക്കാന്‍ നിങ്ങള്‍ ശ്രമിക്കേണ്ടതുണ്ട്.(വായിക്കുക എഫേ. 6:4)
3. കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമുള്ള സ്നേഹവും പിന്‍തുണയും: നിങ്ങളുടെ ജീവിതം ഏറെ ഗൗരവപൂര്‍വ്വകവും വിരസവുമാണെങ്കില്‍ ദാ, ഈ ടാങ്കാണ് നിങ്ങള്‍ക്കു നിറയ്ക്കാനുള്ളത്. സൗഹൃദങ്ങളെ വളര്‍ത്തുകയും ആസ്വദിക്കുകയും ചെയ്ത് ജീവിതത്തെ സന്തോഷകരമാക്കുക. ഒരു തമാശ നിറഞ്ഞ സിനിമ ആസ്വദിച്ച് ചിരിച്ചു നോക്കൂ. മനസ്സിന് സന്തോഷം പകരുന്ന പുതുമയുള്ള കാര്യങ്ങള്‍ കണ്ടുപിടിച്ച് ചെയ്യുക, രസകരമായി ജീവിക്കുക.
മേല്‍പ്പറഞ്ഞ മൂന്നു സംഭരണികളും ഒരു വ്യക്തിയുടെ 14 വയസ്സിനുള്ളില്‍ നിറയേണ്ടതാണ്. നിങ്ങളുടെ ജീവിതത്തില്‍ അത് സംഭവിച്ചിട്ടില്ലെങ്കില്‍ അത് നിങ്ങളുടെ ഇപ്പോഴത്തെ ജീവിതത്തെയും താറുമാറാക്കിയേക്കും. അതുകൊണ്ട് നിങ്ങളുടെ ഉള്ളിലെ കുട്ടിക്ക് ലഭിക്കാതെപോയ സ്നേഹം നല്കി ഈ സംഭരണികളെ നിറച്ചു സൂക്ഷിക്കുക. അടുത്ത രണ്ട് സംഭരണികള്‍ പ്രത്യക്ഷപ്പെടുന്നത് 14-21 വയസിനുള്ളിലാണ് (വായിക്കുക 1 തിമോ 3:4-5)
4. സമാനരായുള്ളവരുടെ പിന്‍തുണ: ഈ സംഭരണി നിറയ്ക്കാന്‍ നിങ്ങള്‍ക്ക് ഒരു ക്ലബ്ബില്‍ അംഗമാകുകയോ ആ രീതിയിലുള്ള ഒരു ഗ്രൂപ്പിന്‍റെ പിന്തുണ ലഭിക്കുകയോ ചെയ്യണം. അതുകൊണ്ട് ഒരു നല്ല പൊതുപ്രവര്‍ത്തന ടീമില്‍ അംഗമാകുക. പള്ളിയിലെ വിവിധ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുക. ഇങ്ങനെയൊക്കെ ഈ പ്രത്യേക ഊര്‍ജ്ജത്തെ ഉണര്‍ത്തിവിട്ട് നിങ്ങള്‍ക്ക് പുതിയൊരു ശക്തിയും ഓജസ്സും കരഗതമാക്കാവുന്നതാണ്. (വായിക്കുക: നടപടി 4:32-35)
5. സ്വയം സ്നേഹിക്കുക: നിങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ പ്രധാന്യമുള്ളവരാകുക. സ്വയം അറിയുകയും സത്യസന്ധത കാണിക്കുകയും സ്വന്തം ജീവിതത്തിന് തന്നത്താന്‍ ഉത്തരവാദിയാകുകയും ചെയ്യുക. സന്തോഷം നല്‍കാത്ത കാര്യങ്ങളോട് 'നോ' പറയാന്‍ കഴിവുനേടുക. ജീവിതത്തെ സ്വയം നിരീക്ഷിച്ചും പരീക്ഷിച്ചുമറിയുക. വ്യത്യസ്തതയോടെ പെരുമാറുക. പുതുമയുള്ള കാര്യങ്ങള്‍ ചെയ്യാനുള്ള സ്വാതന്ത്ര്യം സ്വയം അനുവദിക്കുക. ഒരിക്കലും പോകാത്തിടങ്ങളില്‍ പോവുക. മറ്റുള്ളവര്‍ നിങ്ങളെ മനസിലാക്കാതെ വിഡ്ഢികളായി കാണുമ്പോള്‍ സ്വയം മനസിലാക്കി ആസ്വദിക്കാന്‍ പഠിക്കുക. ജീവിതത്തില്‍ എന്തു നേടണമെന്നാഗ്രഹിക്കുന്നുവോ അതിനായി ശ്രമിക്കുകയും ലക്ഷ്യബോധം കൈവിടാതിരിക്കുകയും ചെയ്യുക. ഈ സ്നേഹസംഭരണി നിറയ്ക്കാന്‍ ദിവസവും അല്പസമയമെടുക്കാന്‍ മറക്കരുതേ. ബാക്കി സംഭരണികള്‍ വീണ്ടും മുതിരുമ്പോഴാണ് നിറയ്ക്കപ്പെടുക. (വായിക്കുക സങ്കീ 8:5)
6. ബന്ധങ്ങള്‍, ദാമ്പത്യം, പ്രണയം: നിങ്ങള്‍ സ്വയം നിങ്ങളുടെ പങ്കാളിയുമായി പങ്കുവയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട് ഇവിടെ. നിങ്ങള്‍ ആ വ്യക്തിയെയും ആ വ്യക്തി നിങ്ങളെയും ആശ്രയിക്കുന്നുണ്ട. ഇത് നിറവേറ്റപ്പെടുന്നത് സ്നേഹത്തില്‍ പരസ്പരബന്ധിതമായ ഒരു ലൈംഗിക പങ്കാളിത്തത്തിലൂടെയാണ്. അടുപ്പം പങ്കിടുമ്പോള്‍ നിങ്ങള്‍ ഒരുമിച്ച് വളരുകയും വളര്‍ത്തുകയും ചെയ്യുന്നു. ഇത് വര്‍ഷങ്ങള്‍ കൊണ്ടാവും ആഴത്തിലെത്തപ്പെടുക. ഒരുവന്‍ മാത്രം നല്‍കുകയും അപരന്‍ സ്വീകരിക്കുകമാത്രം ചെയ്യുകയുമാണെങ്കില്‍ ആ ബന്ധം അനാരോഗ്യകരമായിത്തീരുന്നു. ആത്മമിത്രങ്ങള്‍ പോലും പൂര്‍ണ്ണരല്ല. പങ്കാളികള്‍ കൂടിയാവുമ്പോള്‍ മാത്രമാണ് അവിടെ പൂര്‍ണ്ണതയുണ്ടാവുക. (വായിക്കുക മത്താ: 19:5)
7. നിങ്ങളെ ആശ്രയിക്കുന്നവര്‍ക്ക് പരിധിയില്ലാത്ത സ്നേഹം നല്‍കുക: 35 വയസ്സിനുശേഷം പരിധിയില്ലാതെ നല്‍കുവാനുള്ള അവസരങ്ങള്‍ സ്വയം സൃഷ്ടിച്ചെടുക്കുക. കുട്ടികളെ, ഓമനമൃഗങ്ങളെ, ചെടികളെ ഇങ്ങനെ എന്തിനെയെങ്കിലുമൊക്കെ സ്നേഹിക്കാനും പരിചരിക്കാനുമുള്ള ഉത്തരവാദിത്വം കണ്ടെത്തേണ്ടതുണ്ട്.
8. സമൂഹത്തിന് പ്രതിഫലം നല്‍കുക: സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്തുക. ഈ സംഭരണി നിറയ്ക്കാന്‍ വേണ്ടി, നിങ്ങള്‍ ജീവിതത്തില്‍ മറ്റുള്ളവരില്‍നിന്ന് സ്വീകരിച്ചവ - സമയം, ധനം മുതലായവ ചുറ്റുമുള്ളവര്‍ക്ക് മടക്കി നല്‍കാനുള്ള വഴികള്‍ അന്വേഷിക്കുക. ഇവ ചെയ്യുമ്പോള്‍ ഒരിക്കലും സ്വന്തം കുടുംബത്തെ അവഗണിച്ചു വിടാനും ഇടയാകരുത്. (വായിക്കുക മത്താ: 25:45)
9. ലോകത്തിന് പ്രതിഫലം നല്‍കുക: നിങ്ങളുടെ ചക്രവാളങ്ങള്‍ വിശാലമാക്കിക്കൊള്ളുക. രാജ്യസ്നേഹം വളര്‍ത്തുക. മനുഷ്യാവകാശം, ആഗോളതാപനം, പരിസ്ഥിതി-സമാധാന മുന്നേറ്റങ്ങള്‍ ഇത്തരം ആഗോളതാല്പര്യകാര്യങ്ങള്‍ക്ക് പരിഗണന നല്‍കുക. ഈ സംഭരണി നിറച്ചു കിട്ടാനായി ലോകത്തിന്‍റെ കാര്യങ്ങളിലേയ്ക്ക് സദുദ്ദേശ്യപരമായി ഇടപെടുക.(വായിക്കുക യോഹ: 17:17)
10. ദൈവത്തെ സേവിക്കുക: ഈ സംഭരണി നിറയ്ക്കാനായി നിങ്ങള്‍ ദൈവേഷ്ടത്തിനായി സ്വയം താദാത്മകപ്പെടുക. ജീവിതത്തില്‍ അവിടുത്തെ ഇഷ്ടം തേടുകയും അതിനോട് നിങ്ങളുടെ ഇഷ്ടങ്ങളെ അടിയറവു വയ്ക്കുകയും ചെയ്യുക. (വായിക്കുക ലൂക്കാ 1:38)
നിങ്ങളുടെ സ്നേഹടാങ്കുകള്‍ നിറവുള്ളതാണെങ്കില്‍ നിങ്ങളുടെ പങ്കാളി നിങ്ങളോട് കൂടുതല്‍ വിശ്വസ്തരും പ്രതികരണശേഷിയുള്ളവരുമായിരിക്കും.