"എന്നെപ്രതി മനുഷ്യര്‍ നിങ്ങളെ നിന്ദിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്മകളും നിങ്ങള്‍ക്കെതിരേ വ്യാജമായി പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍; നിങ്ങള്‍ ആനന്ദിച്ചാഹ്ലാദിക്കുവിന്‍: സ്വര്‍ഗ്ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. നിങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന പ്രവാചകന്മാരെയും അവര്‍ ഇപ്രകാരം പീഡിപ്പിച്ചിട്ടുണ്ട്" മത്താ. 5:11-12.
അസ്സീസിയിലെ ഫ്രാന്‍സിസിന്‍റെ ആത്മീയത ക്രിസ്തുവിന്‍റെ പുല്‍ക്കൂട്ടിലെ സാന്നിധ്യം (ജനനം), കുരിശിലെ സാന്നിദ്ധ്യം (മരണം), സക്രാരിയിലെ സാന്നിദ്ധ്യം (ജീവിതം) എന്നീ ത്രിവിധ രഹസ്യങ്ങളെ (CRIB, CROSS, CIBORIUM) ചുറ്റുന്നതായിരുന്നു എന്നു പറയാറുണ്ട്. അവന്‍റെ ജീവിതം ജനനവും മരണവും പേറുന്നു. അഥവാ, യേശുവിന്‍റെ ജീവിതത്തിലങ്ങോളമിങ്ങോളം ജനനവും മരണവും സമമായി ചാലിച്ചുചേര്‍ക്കപ്പെട്ടിരിക്കുന്നു. യേശുശിഷ്യന് ജീവിതം വീണ്ടും ജനനവും കുരിശുപേറലുമാണ് - ദിവ്യകാരുണ്യമാണ്.
കുരിശിനെ ഉപജീവിച്ച് ഫ്രാന്‍സിസ് തന്‍റെ ജീവിതത്തില്‍ അനേകം പരീക്ഷണങ്ങള്‍ നടത്തി. പരീക്ഷണങ്ങള്‍ എന്നതിനെക്കാളുപരി അവയൊക്കെയും സാധനകളായിരുന്നു. കുരിശിന്‍റെ ഭോഷത്തത്തോട് താദാത്മ്യപ്പെടുന്നതിന് നിന്ദനവും പീഡകളും സ്വജീവിതത്തില്‍ സ്വാഗതം ചെയ്യുകയും ഏറ്റുവാങ്ങുകയും ചെയ്യുകയെന്നത് ഫ്രാന്‍സിസിനെ സംബന്ധിച്ചിടത്തോളം അത്തരം സാധനകളിലൊന്നായിരുന്നു. ഫ്രാന്‍സിസ് തന്‍റെ ശിഷ്യരെ ഇക്കാര്യം പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഈയൊരു താല്പര്യം ആദ്യമേ ഫ്രാന്‍സിസിലുണ്ടായിരുന്നതിനാലാവണം ഫ്രാന്‍സിസിന് തന്‍റെ മാനസാന്തരത്തിന്‍റെ ആദ്യഘട്ടംമുതല്‍തന്നെ ഈ ആത്മീയപാതയില്‍ സാധകം ചെയ്യുന്നതിന് കഴിയുന്നത്.
കൊട്ടിഘോഷത്തോടെ യുദ്ധത്തിനിറങ്ങിത്തിരിച്ചിട്ട് മാര്‍ഗ്ഗമദ്ധ്യേ സ്വപ്നദര്‍ശനത്തിന്‍റെ പേരില്‍ പിന്തിരിഞ്ഞ് നാട്ടില്‍ തിരിച്ചെത്തുന്നതുമുതല്‍തന്നെ നിന്ദനത്തിന്‍റെ പാത അവനുമുമ്പില്‍ തുറന്നു കിട്ടുന്നു. പിന്നീട് സ്വന്തം പിതാവിനാല്‍ ശിക്ഷിക്കപ്പെടുമ്പോഴും വീട്ടില്‍ പൂട്ടിയിടപ്പെടുമ്പോഴും (Abuse ചെയ്യപ്പെടുക എന്നതാണ് ആധുനിക ഭാഷ്യം) മെത്രാന്‍റെ അരമനയില്‍വച്ച് സ്വന്തപിതാവിനാല്‍ അവഹേളിതനാകുമ്പോഴും സാന്‍ദാമിയാനോ ദേവാലയം പുനരുദ്ധരിക്കുന്നതിനുവേണ്ട കല്ലുകള്‍ക്കായി യാചിച്ചു നടക്കുമ്പോഴും പിന്നീട് സ്വന്തം അന്നത്തിനായി സ്വന്തം നാട്ടിടവഴികളിലൂടെ ഭിക്ഷയാചിച്ച് പോകുമ്പോഴും മാര്‍പ്പാപ്പാ തിരുമനസ്സിനെ മുഖംകാട്ടാന്‍ പോകുമ്പോഴുമെല്ലാം പേര്‍ത്തും പേര്‍ത്തും തന്‍റെ സാധനയിലൂടെ ഫ്രാന്‍സിസ് സ്വയം സ്ഫുടം ചെയ്യുന്നു.
മെത്രാന്‍റെ അരമനയില്‍നിന്ന് അര്‍ദ്ധനഗ്നനായി പടിയിറങ്ങി വനമേഖലയായ സുബാസിയോ കുന്നുകളിലേക്ക് ഫ്രഞ്ചുഭാഷയില്‍ ദൈവസ്തുതിപ്പുകള്‍ പാടിക്കൊണ്ട് നടന്നുകയറുമ്പോള്‍ ഒരു കൂട്ടം കൊള്ളക്കാരാല്‍ ആക്രമിക്കപ്പെടുന്നു. "ആരാണ് നീ?" എന്ന ചോദ്യത്തിന് "ഞാന്‍-മഹാരാജാവിന്‍റെ ദൂതവാഹകന്‍" എന്നാണ് ഫ്രാന്‍സിസിന്‍റെ മറുപടി. അവരുടെ അടിയും തൊഴിയും സ്വതേ ദുര്‍ബലമായ ശരീരത്തെ ദുര്‍ബലമാക്കിയപ്പോള്‍, മഞ്ഞുറഞ്ഞുകിടന്ന ഒരു കുഴിയിലേക്കവര്‍ അവനെ തൂക്കിയെറിഞ്ഞു. അവര്‍ പോകേണ്ട ക്ഷണം ഫ്രാന്‍സിസ് ആയാസപ്പെട്ട് എഴുന്നേല്ക്കുന്നു. എന്നിട്ടവന്‍ പൂര്‍വ്വാധികം ഉച്ചത്തിലും ആനന്ദത്തോടെയും വനമാകെ പ്രതിധ്വനിക്കുമാറ് ഈശ്വരകീര്‍ത്തനങ്ങള്‍ പാടിക്കൊണ്ട് തന്‍റെ വഴിയേ പോകുന്നു.
അനര്‍ഹമായ പീഡകളും വേദനകളും (Unmerited Suffering) ക്രിസ്തുവിനെപ്രതി ക്ഷമാപൂര്‍വ്വം സഹിക്കുകയെന്നത് പരിപൂര്‍ണ്ണതയിലേയ്ക്കുള്ള ആത്മീയപാതയായി ഫ്രാന്‍സിസ് തിരിച്ചറിഞ്ഞു. അദ്ദേഹത്തിന്‍റെ ജീവിതമത്രെയും ഇത്തരം അനര്‍ഹമായ പീഡകളുടെ ഒരു ഘോഷയാത്രയായിരുന്നു. തന്‍റെ ശിഷ്യഗണം പോലും അദ്ദേഹത്തെ പലപ്പോഴും നിന്ദിക്കുന്നുണ്ട്. ദൈവം നല്കിയ ഉള്‍വെളിച്ചത്തില്‍ തനിക്ക് വെളിപ്പെട്ടു കിട്ടിയ സഭാപുനരുദ്ധാരണത്തിന്‍റെ ആത്മീയപാതയില്‍ തന്നെ പിഞ്ചെല്ലാനായി ഇറങ്ങിപ്പോന്നവര്‍ തന്നെയാണവര്‍. സഭയുടെ നേതൃത്വം സ്വയം കൈവിട്ട് ഏലിയാസിനെ ഭരമേല്പിച്ചതിനുശേഷവും ഫ്രാന്‍സിസിന്‍റെ ഈ പാത കഠിനമാണ് എന്നവര്‍ പരിതപിക്കുന്നു. ഒരുപക്ഷേ, അതിനവര്‍ക്കവകാശമുണ്ട്. എന്നാല്‍ അവരില്‍ചിലര്‍ അവന് വിദ്യാഭ്യാസമില്ലെന്നും വിവരമില്ലെന്നും അവനെ പരിഹസിക്കുന്നു. അപ്പോഴൊക്കെയും ഫ്രാന്‍സിസ് താന്‍ സ്വയം വരിച്ച കുരിശിന്‍റെ ഈ ആത്മീയ സാധനയില്‍ സ്വയം പരിപാകം ചെയ്യുകയായിരുന്നു. ഇത്തരം അവഗണനയുടെയും നിന്ദനത്തിന്‍റെയും മാനസിക പീഡയുടെയും വ്യഥിത മുഹൂര്‍ത്തം ധ്യാനപൂര്‍വ്വം ഉള്‍ക്കൊള്ളുമ്പോഴാണ് തന്‍റെ സന്തതസഹചാരിയും മനഃസാക്ഷി സൂക്ഷിപ്പുകാരനുമായ ലിയോയ്ക്ക് 'ആനന്ദപാരമ്യം' എന്താണെന്നദ്ദേഹം ചൊല്ലിക്കൊടുക്കുന്നത്.
"സഹോദരനായ ലിയോ, ഇത് എഴുതിവയ്ക്കുക.
ഒരു ദൂതന്‍ പ്രവേശിച്ചിട്ട് നമ്മെ അറിയിക്കുന്നു. പാരീസിലെ പ്രഭുക്കന്മാരെല്ലാവരും നമ്മുടെ സംഘത്തില്‍ ചേര്‍ന്നിരിക്കുന്നു. എന്നാല്‍ അത് ആന്ദപാരമ്യമല്ല. ആല്‍പ്സ് പര്‍വ്വതങ്ങള്‍ക്കപ്പുറത്തെ എല്ലാ കര്‍ദ്ദിനാളന്മാരും മെത്രാപ്പോലീത്തമാരും മെത്രാന്മാരും നമ്മുടെ സംഘത്തില്‍ ചേര്‍ന്നിരിക്കുന്നു. അതും പോരാഞ്ഞ് ഫ്രാന്‍സിന്‍റെ രാജാവും ഇംഗ്ലണ്ടിന്‍റെ രാജാവുംകൂടി നമ്മുടെ സംഘത്തില്‍ ചേര്‍ന്നിട്ടുണ്ട്. സഹോദരാ അതൊന്നും ആനന്ദപാരമ്യം ആകുന്നില്ല. നമ്മുടെ സഹോദരന്മാര്‍ ലോകമെമ്പാടുംപോയി എല്ലാവരെയും മാനസന്തരപ്പെടുത്തി. അതുപോലും വാസ്തവമായ ആനന്ദം നല്കുന്നില്ല. രോഗികളെ സുഖപ്പെടുത്താനും അനേകം അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാനുമുള്ള ദൈവികവരം എനിക്കു ലഭിച്ചു. ഓ സഹോദരാ, പരമമായ ആനന്ദം അതും നല്കുന്നില്ലല്ലോ. ഇത്രയുമാകുമ്പോഴേക്കും ലിയോയുടെ ജിജ്ഞാസ അയാളുടെ ക്ഷമാശക്തിയെ കത്തിച്ചുകളഞ്ഞിരുന്നു. ഫ്രാന്‍സിസ് ശാന്തനായി തുടര്‍ന്നു:
"ഞാന്‍ പെറൂജിയായില്‍നിന്ന് പാതിരാത്രിയില്‍ ഇവിടെ തിരിച്ചെത്തുന്നു. മഞ്ഞുവീഴുന്ന കാലമാണ്. അഴുക്കുപുരണ്ട എന്‍റെ ഉടുപ്പ് നനഞ്ഞ്, വക്ക് മടക്കിത്തുന്നിയിട്ടില്ലാത്ത കീഴറ്റത്ത് ഊര്‍ന്നുതൂങ്ങുന്ന നൂലുകളിന്മേല്‍ ഹിമം ഉറഞ്ഞ് കൂര്‍ത്ത സൂചികള്‍കണക്കെ തൂങ്ങിക്കിടക്കുന്നു. നനഞ്ഞു വിറുങ്ങലിച്ച എന്‍റെ കണങ്കാലുകളും പാദങ്ങളും ഞാന്‍ ആയാസപ്പെട്ട് നടക്കുമ്പോള്‍ ഈ ഹിമസൂചികള്‍ ഉരഞ്ഞ് മുറിവുകളുണ്ടായി അവയില്‍നിന്ന് രക്തം വാര്‍ന്നൊഴുകുന്നുണ്ട്. തണുത്തുറഞ്ഞ്, മണ്ണും മഞ്ഞും പൊതിഞ്ഞ് ഞാന്‍ നമ്മുടെ ആശ്രമത്തിന്‍റെ ഉമ്മറവാതിലില്‍ എത്തുന്നു. ഏറെനേരം കതകില്‍ മുട്ടിവിളിക്കുമ്പോള്‍ ഒരു സഹോദരന്‍ വന്ന് വാതില്‍തുറന്ന് ചോദിക്കുന്നു - 'നീ ആരാണ്?' 'ബ്രദര്‍ ഫ്രാന്‍സിസ്' - ഞാന്‍. 'ഇത് അലഞ്ഞ് തിരിഞ്ഞ് വരാനുള്ള നേരമല്ല- കടന്നുപോകണം. അകത്തേക്കു കടത്താന്‍ തല്ക്കാലം നിര്‍വ്വാഹമില്ല.' ഞാന്‍ നിര്‍ബന്ധിക്കുമ്പോള്‍ അദ്ദേഹം പറയുന്നു - 'കടന്നു പോ നീ വിവരമില്ലാത്തവനും മണ്ടനുമാണ്. ഇനി ഒരിക്കലും ഇവിടേക്ക് തിരിച്ചുവരണമെന്നില്ല. ഇപ്പോള്‍ത്തന്നെ നിന്നെപ്പോലുള്ള കുറേപ്പേരുണ്ട് ഇവിടെ. ഞങ്ങള്‍ക്ക് നിന്നെ ആവശ്യമില്ല'. ഞാന്‍ വാതില്ക്കല്‍ നിന്ന് കേണു പറയുന്നു - 'ദൈവസ്നേഹത്തെപ്രതി ഈയൊരു രാവു മതി - കയറിക്കിടക്കാന്‍ അനുവദിക്കണം'. അദ്ദേഹം കര്‍ശനമായി പറയുന്നു - 'അനുവദിക്കില്ല ഞാന്‍. നീ ക്രോസസിയേഴ്സിന്‍റെ അടുത്തുപോയി ചോദിക്ക്'. എനിക്ക് മുന്നില്‍ ശക്തിയോടെ വാതിലടയുന്നു."
ലിയോയുടെ കണ്ണുകളില്‍ ഉപ്പുള്ള നനവു പടര്‍ന്ന് അയാളെഴുതിയ വരികളെ അവ്യക്തമാക്കുന്നു.
"സഹോദരാ, ഞാന്‍ പറയട്ടെ, എനിക്ക് ക്ഷമയുണ്ടായി, മനസ്സ് നോവാതിരിക്കുമ്പോള്‍, അതാ ആനന്ദപാരമ്യം."
ഒരു ജന്മത്തില്‍ തന്‍റെ തപസ്സുകൊണ്ടയാള്‍ അതു നേടുന്നു. ഒരൊറ്റ ആത്മീയസാധനയുടെ സുന്ദരമായ ശൃംഗം.
ഒരു ജന്മത്തില്‍ ഒരാള്‍ക്ക് നേടാവുന്ന ഉദാത്തമായ വിജയം തന്‍റെ മേലുള്ള വിജയമാണെന്ന് - അതാണ് ലോകത്തിനുമേലുള്ള വിജയമെന്ന് - ഫ്രാന്‍സിസ് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.