news-details
മറ്റുലേഖനങ്ങൾ

പറ്റിപ്പിടിച്ചിരിക്കുന്നതിന്‍റെ കൊഴിഞ്ഞുപോകല്‍

"മാനസാന്തരപ്പെടുവിന്‍ സ്വര്‍ഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു" (മത്താ. 4:17).
നിങ്ങള്‍ക്കൊരു റേഡിയോ ഉണ്ടെന്നു കരുതുക.  നിങ്ങള്‍ എത്ര ശ്രമിച്ചാലും ഒരൊറ്റ റിലേ - സ്റ്റേഷനില്‍ നിന്നുള്ള തരംഗങ്ങളെ അതിനു പിടിച്ചെടുക്കാനാവൂ എന്നും സങ്കല്പിക്കുക. അതിന്‍റെ ശബ്ദത്തിന്‍റെമേല്‍ നിങ്ങള്‍ക്കൊരു നിയന്ത്രണവുമില്ല: ചിലപ്പോള്‍ കഷ്ടിയേ കേള്‍ക്കാനാകൂ; ചിലപ്പോള്‍ ചെവിപൊട്ടിപ്പോകുമാറ് ഉച്ചത്തിലാകും. കൂടാതെ നിങ്ങള്‍ക്കത് ഓഫാക്കാനും ആകുന്നില്ല. ചിലപ്പോള്‍ വളരെ സാവധാനമാകും പ്രതികരണം; ചിലപ്പോള്‍, ഒന്നുറങ്ങാന്‍ നിങ്ങള്‍ ആഗ്രഹിച്ചു തുടങ്ങുമ്പോള്‍, ഇതാ പൊട്ടിപ്പുറപ്പെടുകയായി ഓരോ ശബ്ദങ്ങള്‍.

ഇത്തരമൊരു 'സാധനം' ആരെങ്കിലും കൈയില്‍ വച്ചുകൊണ്ടിരിക്കുമോ? പക്ഷേ നിങ്ങളുടെ ഹൃദയം  'വട്ടുപിടിച്ച'  രീതിയില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിങ്ങള്‍ക്കു കുഴപ്പമില്ലെന്നു മാത്രമല്ല ഇതാണു ഏറ്റവും നോര്‍മലും മാനുഷികവുമായ പ്രവര്‍ത്തനമെന്നു കരുതുകയും ചെയ്യുന്നു.

'ജീവിക്കണമെങ്കില്‍ ഇതു കൂടിയേ തീരു'  എന്നു നിങ്ങള്‍ കരുതിയ ഒന്നിനു വേണ്ടി നിങ്ങള്‍ കിണഞ്ഞു ശ്രമിച്ചപ്പോള്‍, 'ഇതില്ലെങ്കില്‍ ഞാന്‍ ജീവിച്ചിരിക്കില്ല' എന്നു നിങ്ങള്‍ കരുതിയ ഒന്നിനെ നിങ്ങള്‍ അള്ളിപ്പിടിച്ചിരുന്നപ്പോള്‍, 'ഇതിന്‍റെ കൂടെ എങ്ങനെ ജീവിക്കും' എന്നു കരുതിയ ഒന്നിനെ നിങ്ങള്‍ എങ്ങനെയും മാറ്റിനിര്‍ത്താന്‍ നോക്കിയപ്പോള്‍ നിങ്ങള്‍ അനുഭവിച്ച ദേഷ്യവും നിരാശയും ഉത്ക്കണ്ഠയും ഒന്നോര്‍ത്തു നോക്കുക. വികാരങ്ങളുടെ വേലിയേറ്റങ്ങളില്‍പ്പെട്ട് ആടിയുലഞ്ഞ സന്ദര്‍ഭങ്ങള്‍ അനവധിയില്ലേ നിങ്ങളുടെ ജീവിതത്തില്‍?

 

നിങ്ങള്‍ പ്രണയിച്ചവനെ നഷ്ടപ്പെട്ടപ്പോള്‍ നിങ്ങള്‍ ഉപേക്ഷിക്കപ്പെട്ടതായും വഞ്ചിക്കപ്പെട്ടതായും നിങ്ങള്‍ക്കു തോന്നി. അസൂയയും പകയും കൊണ്ട് മനസ്സു നിറഞ്ഞു. നിങ്ങളുടെ സകല ശ്രദ്ധയും ആ ഒരു വ്യക്തിയില്‍ മാത്രം കേന്ദ്രീകരിക്കപ്പെട്ടു. ജീവിതമെന്ന സ്വാദിഷ്ഠമായ വിരുന്ന് വെറും ചാരമായി നിങ്ങള്‍ക്ക് അനുഭവപ്പെട്ടു. തെരഞ്ഞെടുപ്പില്‍ ഒന്നു ജയിച്ചു കയറാന്‍ നിങ്ങള്‍ കൊണ്ടുപിടിച്ചു ശ്രമിച്ചു. ആ ബഹളത്തിനുള്ളില്‍ നിന്നപ്പോള്‍ നിങ്ങള്‍ക്കു കിളികളുടെ മോഹനഗീതം ഒരിക്കല്‍പ്പോലും കേള്‍ക്കാനായില്ലല്ലോ. നിങ്ങളുടെ മോഹങ്ങള്‍ മറ്റെല്ലാറ്റിനെയും കുഴിച്ചുമൂടി. നിങ്ങള്‍ക്ക് വലിയൊരു രോഗം വന്നു; അല്ലെങ്കില്‍ നിങ്ങള്‍ക്കേറ്റവും ഇഷ്ടപ്പെട്ടയാളെ മരണം അപഹരിക്കുമെന്ന് ഉറപ്പായി. തുടര്‍ന്നങ്ങോട്ട് മറ്റൊന്നും ശ്രദ്ധിക്കാന്‍ നിങ്ങള്‍ക്ക് ആവാതെ വന്നു.

 

ചുരുക്കത്തില്‍ ഒരു അഭിനിവേശം, അതെത്ര ചെറുതും ആയിക്കൊള്ളട്ടെ. നിങ്ങളെ പിടികൂടിക്കഴിഞ്ഞാല്‍ പിന്നെ, നിങ്ങളുടെ ഹൃദയത്തിനു സ്വാഭാവികരീതിയില്‍ പ്രവര്‍ത്തിക്കാനുള്ള കഴിവു നഷ്ടപ്പെടുന്നു.

റേഡിയോ നന്നാക്കിയെടുക്കാന്‍ റേഡിയോയുടെ പ്രവര്‍ത്തനരീതി പഠിക്കേണ്ടതുണ്ട്. അതുപോലെ, നിങ്ങളുടെ ഹൃദയത്തിനാവശ്യമായ മാറ്റം വരുത്തുവാന്‍ നമ്മെ സ്വതന്ത്രമാക്കുന്ന നാലു സത്യങ്ങളെക്കുറിച്ച് നിങ്ങള്‍ ദീര്‍ഘനേരം അവധാനപൂര്‍വ്വം ചിന്തിക്കേണ്ടതുണ്ട്. അതിനുമുമ്പായി, ആദ്യം നിങ്ങള്‍ പറ്റിപ്പിടിച്ചിരിക്കാനാഗ്രഹിക്കുന്ന, അല്ലെങ്കില്‍ ഭയപ്പെടുന്ന ഒന്നിനെ നിങ്ങള്‍ മനസ്സില്‍ കൊണ്ടുവരിക. അതു മനസ്സില്‍ വച്ചുകൊണ്ടുതന്നെ താഴെപ്പറയുന്ന നാലു സത്യങ്ങളെക്കുറിച്ച് ചിന്തിക്കുക :

1. ഒന്നുകില്‍ നിങ്ങളുടെ അഭിനിവേശം, അല്ലെങ്കില്‍ നിങ്ങളുടെ സംതൃപ്തി- ഇവയിലേതെങ്കിലുമൊന്ന് നിങ്ങള്‍ തെരഞ്ഞെടുത്തേ മതിയാകൂ. കാരണം, ഇവ രണ്ടും ഒരേസമയം നിങ്ങള്‍ക്കു സ്വന്തമാക്കാന്‍ സാധ്യമല്ല. നിങ്ങളെ ഒരു അഭിനിവേശം ഗ്രസിച്ചുകഴിയുന്ന വേളയില്‍ത്തന്നെ, ആകുലതകളേതുമില്ലാത്ത ഒന്നും ഭാരപ്പെടുത്താത്ത ഒരു ജീവിതം നിങ്ങള്‍ക്ക് സാധ്യമല്ലാതെ വരുന്നു.

നിങ്ങളുടെ മനസ്സിനെ ഗ്രസിച്ചിരിക്കുന്ന ഏതെങ്കിലും ഒരു അഭിനിവേശത്തെ മുന്‍നിറുത്തി ഇപ്പറഞ്ഞതിലെ സത്യം നിങ്ങള്‍ സ്വയം ഗ്രഹിക്കുക.

2. നിങ്ങളുടെ അഭിനിവേശം നിങ്ങള്‍ക്കു ലഭിച്ചത് എവിടെനിന്ന്? ഏതായാലും നിങ്ങള്‍ ജനിച്ചപ്പോള്‍ ഉണ്ടായിരുന്ന ഒന്നല്ല അത്. അതുണ്ടായത് ഒരു നുണയില്‍ നിന്നാണ്: ഒരു പ്രത്യേക വ്യക്തിയോ ഒരു പ്രത്യേക സാധനമോ കൂടാതെ നിങ്ങള്‍ സംതൃപ്തയായിരിക്കില്ലെന്നു സമൂഹമോ, സംസ്കാരമോ, നിങ്ങള്‍ തന്നെയോ നിങ്ങളെ പഠിപ്പിച്ച ഒരു നുണയില്‍നിന്ന്.

കണ്ണുതുറന്ന് ഇതിലെ അസത്യം ഒന്നു മനസ്സിലാക്കുക. നിങ്ങള്‍ തീവ്രമായി ആഗ്രഹിക്കുന്ന ഏതു കൂടാതെ നിങ്ങള്‍ക്കു ജീവിക്കാനാവില്ലെന്നു നിങ്ങള്‍ കരുതുന്നുവോ ആ വ്യക്തിയോ വസ്തുവോ കൂടാതെതന്നെ സംതൃപ്തരായിരിക്കുന്ന എത്രപേര്‍ ഈ ഉലകത്തിലുണ്ട്. അതുകൊണ്ട് നിങ്ങള്‍ തെരഞ്ഞെടുക്കുക. ഒന്നുകില്‍ നിങ്ങളുടെ അഭിനിവേശം, അല്ലെങ്കില്‍ നിങ്ങളുടെ സ്വാതന്ത്ര്യവും സംതൃപ്തിയും.

3. നിങ്ങള്‍ക്കു ജീവിതം അതിന്‍റെ പൂര്‍ണ്ണതയില്‍ ജീവിക്കണമെങ്കില്‍ ഒരു കാഴ്ചപ്പാടു സ്വന്തമാക്കിയേ തീരു. നിങ്ങള്‍ അള്ളിപ്പിടിച്ചിരിക്കുന്ന ഈയൊരു ചെറിയ കാര്യത്തെക്കാളും ഒരുപാടു വൈവിധ്യവും വൈപുല്യവുമാര്‍ന്നതാണ് ജീവിതം. ജീവിതത്തിന്‍റെ സമഗ്രതയില്‍നിന്നു നോക്കിക്കാണുമ്പോള്‍ ഇത്തരം ചെറിയ കാര്യങ്ങള്‍ എന്തിനു നിങ്ങളെ ഇത്രമാത്രം അലോസരപ്പെടുത്തണമെന്നു സ്വയം നിങ്ങള്‍ ചോദിച്ചുപോകും.

ചെറിയ കാര്യങ്ങളോ? തീര്‍ച്ചയായും അതെ. കാരണം നിങ്ങള്‍ക്കു കുറെയേറെനാള്‍ ജീവിച്ചിരിക്കാന്‍ ഭാഗ്യമുണ്ടായാല്‍, ഒരു ദിവസം നിങ്ങളുടെ അഭിനിവേശം നിങ്ങള്‍ക്കൊട്ടും പ്രാധാന്യമില്ലാത്തതായി തീര്‍ച്ചയായും അനുഭവപ്പെട്ടുകൊള്ളും. നിങ്ങളുടെ സ്വന്തം അനുഭവംതന്നെ അതല്ലേ? പണ്ട് ഒരുപാടു പ്രധാനമെന്നു കരുതിയ പല കാര്യങ്ങളും ഇന്നു നിങ്ങള്‍ ഒന്നോര്‍ക്കുന്നുപോലുമില്ലല്ലോ.

3. ഈ വസ്തുതകള്‍ നിങ്ങളെക്കൊണ്ടെത്തിക്കുന്നത് അനിഷേധ്യമായ ഒരു സത്യത്തിലേക്കാണ്. മറ്റൊരു വ്യക്തിക്കും വസ്തുവിനും നിങ്ങളെ സന്തുഷ്ടയാക്കാനോ അസന്തുഷ്ടയാക്കാനോ ഉള്ള കഴിവില്ല. നിങ്ങള്‍ സമ്മതിച്ചാലും ശരി ഇല്ലെങ്കിലും ശരി, നിങ്ങള്‍ - നിങ്ങള്‍ മാത്രം- ആണ് നിങ്ങളുടെ സംതൃപ്തിക്കോ അസംതൃപ്തിക്കോ ഉത്തരവാദി. ഒരു വ്യക്തിയെയോ വസ്തുവിനെയോ അള്ളിപ്പിടിച്ചിരിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടതും നിങ്ങളുടെ മാത്രം ഉത്തരവാദിത്വമാണ്.

ഇക്കാര്യങ്ങളൊക്കെ നിങ്ങള്‍ വേണ്ടത്ര സമയമെടുത്ത് വിചിന്തനത്തിനു വിധേയമാക്കിയാല്‍, ഒരു കാര്യം നിങ്ങളുടെ ശ്രദ്ധയില്‍പ്പെടും. നിങ്ങളുടെ ഹൃദയം നിങ്ങളുടെ ചിന്തകളെ എതിര്‍ക്കുകയോ, അവയ്ക്കെതിരേ വാദകോലഹലമുണ്ടാക്കുകയോ അവയെ അഭിമുഖീകരിക്കാന്‍ വിസമ്മതിക്കുകയോ ചെയ്യുന്നു. നിങ്ങള്‍ നിങ്ങളുടെ അഭിനിവേശങ്ങള്‍ മൂലം വേണ്ടത്ര മുറിവേറ്റിട്ടില്ല എന്നതിന്‍റെ തെളിവാണത്. ഈ ലേഖനത്തിന്‍റെ ആദ്യഭാഗത്തു സൂചിപ്പിച്ച റേഡിയോ നിങ്ങള്‍ക്ക് അരോചകമാണെങ്കിലല്ലേ അതു എന്തു വിലകൊടുത്തും റിപ്പയര്‍ ചെയ്യാന്‍ നിങ്ങള്‍ ഇറങ്ങിപ്പുറപ്പെടൂ? മറ്റൊരു സാധ്യത കൂടിയുണ്ട് - അതായത്, നിങ്ങളുടെ ഹൃദയം മുന്‍പറഞ്ഞ സത്യങ്ങളുടെ മുമ്പില്‍ അസ്വസ്ഥമാകുന്നില്ല. അങ്ങനെയാണു സംഭവിക്കുന്നതെങ്കില്‍ ആനന്ദിച്ചുല്ലസിക്കുക. കാരണം, നിങ്ങളില്‍ പശ്ചാത്താപം - ഹൃദയത്തിന്‍റെ പുനഃസൃഷ്ടിയും ദൈവരാജ്യത്തിന്‍റെ ആസ്വാദനവും - ആരംഭിച്ചിരിക്കുന്നു. കൃതജ്ഞതയുടെയും ആനന്ദത്തിന്‍റെയും ഗീതങ്ങള്‍ ആലപിച്ചുകൊണ്ടുള്ള, പരിതാപമോ പരിഭവമോ ആകുലതയോ ഇല്ലാത്ത, കുഞ്ഞുങ്ങളുടേതിനു സമാനമായ ഒരു ജീവിതം ഇതാ കൈയെത്തും ദൂരത്തെത്തിക്കഴിഞ്ഞിരിക്കുന്നു. അതു സ്വന്തമാക്കാന്‍ നിങ്ങളിനി കാലതാമസം വരുത്തില്ല.

You can share this post!

ഫ്രാന്‍സിസിന്‍റെ വോള്‍ട്ടിറ എഴുത്ത് (Volterra Text...) ഒരു പുതുവായന

ഡോ. ജെറി ജോസഫ് OFS
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts