ആമുഖം
ആഗോളസാമ്പത്തിക മാന്ദ്യം ലോകജനതയെ ഒരു ആപല്‍സന്ധിയിലേക്ക് വലിച്ചിഴച്ച പശ്ചാത്തലത്തിലാണ് സാമ്പത്തികമേഖലയില്‍ അവശ്യം ഉണ്ടായിരിക്കേണ്ട അടിസ്ഥാന ധാര്‍മ്മിക നിലപാടുകളിലേക്ക് വെളിച്ചം വീശുന്ന ഒരു ചാക്രിക ലേഖനം എഴുതുവാന്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ തുനിഞ്ഞത്. 2009 ജൂലൈ 7 ന് പ്രസിദ്ധീകരിച്ച ഈ ഔദ്യോഗിക പ്രബോധനത്തില്‍ 66 പേജുകളിലായി 159 അടിക്കുറിപ്പുകളോടെ സുപ്രധാനമായ ദൈവശാസ്ത്ര വിഷയങ്ങള്‍ സാമൂഹിക സാമ്പത്തിക മേഖലയോടു ചേര്‍ത്തുവച്ച് പരിചിന്തനം ചെയ്യുമ്പോള്‍ മാനവസമൂഹം മുഴുവന്‍റെയും ഓരോ വ്യക്തിയുടെയും സുസ്ഥിതിയും സമഗ്രമായ വികസനവുമാണ് മാര്‍പാപ്പ ലക്ഷ്യം വയ്ക്കുന്നത്. പ്രധാനമായും പോള്‍ ആറാമന്‍ മാര്‍പാപ്പായുടെ 'ജനതകളുടെ പുരോഗതി' (1967) എന്ന ചാക്രികലേഖനത്തിന്‍റെ ചുവട് പിടിച്ചാണ് 'സ്നേഹം സത്യത്തില്‍' എന്ന ഈ ചാക്രികലേഖനം എഴുതപ്പെട്ടിരിക്കുന്നത്. 'ദൈവം സ്നേഹമാകുന്നു' എന്ന തന്‍റെ പ്രഥമ ചാക്രികലേഖനത്തില്‍ രാഷ്ട്രീയ - സാമൂഹ്യമേഖലയും മതമേഖലയും തനതായ ഉത്തരവാദിത്വവും മുന്‍ഗണനകളും നിലനിര്‍ത്തിക്കൊണ്ടുതന്നെ നീതിനിഷ്ഠമായ ഒരു സമൂഹ നിര്‍മ്മിതിക്കായി ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്നു പ്രസ്താവിച്ചതിന്‍റെ തുടര്‍ച്ചയായും ഈ അപ്പസ്തോലിക രചനയെ കാണാനാവും(nos.28,29) .
കേവലം കാഴ്ചക്കാരിയായി നില്ക്കാതെ സ്വാഭാവിക നീതിയുടെയും യുക്തിയുടെയും അടിസ്ഥാനത്തില്‍ ധാര്‍മ്മികതയിലടിയുറച്ച ഒരു സമൂഹനിര്‍മ്മിതിക്ക് പ്രചോദനമേകുവാന്‍ സഭയ്ക്കു കടമയും അവകാശവുമുണ്ടെന്ന് മാര്‍പാപ്പ വാദിക്കുന്നു. ചാക്രിക ലേഖനത്തിന്‍റെ സാരസംഗ്രഹം രണ്ടോ മൂന്നോ താളുകളില്‍ ഒതുക്കുക അസാധ്യമായതിനാല്‍ സുപ്രധാന ആശയങ്ങള്‍ എടുത്തു കാണിക്കാനും ഏതാനും നിരീക്ഷണങ്ങള്‍ കുറിക്കുവാനും മാത്രമാണ് ഈ ലേഖനത്തില്‍ ശ്രമിക്കുക.
പ്രാരംഭത്തില്‍ത്തന്നെ (nos.1-9) 'ദൈവം സ്നേഹമാകുന്നു' എന്ന തന്‍റെ പ്രഥമ ചാക്രികലേഖനത്തിന്‍റെ തുടര്‍ച്ചയെന്നോണം സഭയും സമൂഹവും (രാഷ്ട്രവും) തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള ക്രിസ്തീയ കാഴ്ചപ്പാട് വ്യക്തമാക്കുന്നു. എന്താണ് സത്യത്തിലുള്ള സ്നേഹം? എന്താണ് ഈ സ്നേഹത്തിന്‍റെ സാമൂഹ്യപരിപ്രേക്ഷ്യം? നീതിക്കും സമാധാനത്തിനുമായി തുറന്ന മനസ്സോടെ സധൈര്യം പ്രവര്‍ത്തിക്കുവാന്‍ വ്യക്തിയെ പ്രേരിപ്പിക്കുന്ന അസാധാരണ ശക്തിയാണ് സ്നേഹം. പരിപൂര്‍ണ്ണ സ്നേഹവും സനാതനസത്യവുമായ ദൈവമാണ് ഈ ശക്തിയുടെ പ്രഭവകേന്ദ്രം. തന്‍റെ ജീവിതത്തിലൂടെ പ്രത്യേകിച്ച് മരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും യേശു സാക്ഷ്യപ്പെടുത്തിയ യഥാര്‍ത്ഥ സ്നേഹം ഓരോ വ്യക്തിയുടെയും മാനവകുലം മുഴുവന്‍റെയും വികസനത്തിനു പിന്നിലെ സുപ്രധാന ചാലകശക്തിയാണ്. തിരുസഭയുടെ സാമൂഹിക പ്രബോധനങ്ങളുടെയെല്ലാം അന്തസ്സത്ത ഈ സ്നേഹം തന്നെയാണ്. സ്നേഹത്തില്‍ സത്യം പറയുന്നതും (എഫേ. 4/15) സത്യത്തില്‍ സ്നേഹിക്കുന്നതും പരസ്പര പൂരകങ്ങളാണ്. സത്യത്താല്‍ സ്നേഹം ദീപ്തമാവുകയും സ്നേഹത്തിലൂടെ സത്യം ധാര്‍മ്മികശക്തിയും വിശ്വാസ്യതയും ആര്‍ജ്ജിക്കുകയും ചെയ്യുന്നു. സ്നേഹം ധാര്‍മ്മികതയില്‍നിന്ന് വിച്ഛേദിക്കപ്പെടുകയും സത്യം ആപേക്ഷികമായി കരുതപ്പെടുകയും ചെയ്യുന്ന ഇക്കാലത്ത് മാര്‍പാപ്പയുടെ പ്രബോധനത്തിന് കാലികപ്രസക്തിയേറുന്നു.
സത്യത്തില്‍ അടിസ്ഥാനമില്ലാത്ത വെറും വൈകാരിക സ്നേഹത്തില്‍ ദൈവത്തിനു സ്ഥാനമില്ല. അത് ബന്ധങ്ങളെ ഊട്ടിയുറപ്പിക്കില്ല. സത്യത്തെ സ്നേഹിക്കുകയും സത്യത്തില്‍ വിശ്വാസമര്‍പ്പിക്കുകയും ചെയ്യാത്ത സമൂഹത്തില്‍ മനസ്സാക്ഷി മുരടിക്കുകയും ധാര്‍മ്മിക ഉത്തരവാദിത്വം നഷ്ടമാവുകയും മാത്രമല്ല, വ്യക്തിതാല്പര്യങ്ങളും ബലപ്രയോഗങ്ങളും വഴി സമൂഹം തന്നെ ശിഥിലമാവുകയും ചെയ്യും. ഈ പശ്ചാത്തലത്തില്‍ സ്നേഹവും നീതിയും തമ്മിലുള്ള ബന്ധം മാര്‍പാപ്പ വ്യക്തമാക്കുന്നു. സ്നേഹം എന്നത് 'തനിക്കു സ്വന്തമായത്' അപരന് നല്‍കുന്നതാണ്. അതായത് നീതി ആവശ്യപ്പെടുന്നതിലധികം നല്‍കുന്നതാണ് യഥാര്‍ത്ഥ സ്നേഹം; നീതി സ്നേഹത്തിന്‍റെ അവിഭാജ്യ ഘടകമാണ്. പൊതുനന്മയ്ക്കായി പ്രവര്‍ത്തിക്കുക സ്നേഹവും നീതിയും നിറഞ്ഞ ജീവിതത്തില്‍ അപരിത്യാജ്യമാണ്. സമൂഹത്തില്‍ തനിക്കുതുല്യമായ സ്വാധീനത്തിന് ആനുപാതികമായി പൊതുനന്മയ്ക്കായി പ്രവര്‍ത്തിക്കാന്‍ ഓരോ വ്യക്തിക്കും കടമയുണ്ട്. സത്യത്തോട് വിശ്വസ്തത പുലര്‍ത്താതെ മനുഷ്യനോട് വിശ്വസ്തത പുലര്‍ത്താനാവില്ലെന്നും ഈ വിശ്വസ്തതയിലാണ് സ്വാതന്ത്ര്യത്തിന്‍റെ ഗ്യാരന്‍റിയും സമഗ്രമാനവിക വികസനത്തിന്‍റെ സാധ്യതയും നിലനില്‍ക്കുന്നതെന്നും മാര്‍പാപ്പാ എഴുതുന്നു.
ഒന്നാമധ്യായത്തില്‍ (nos.10-20) പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ 'ജനതകളുടെ പുരോഗതി'യില്‍ പറഞ്ഞിരിക്കുന്ന അടിസ്ഥാനതത്വങ്ങളെ ക്രോഡീകരിച്ചിരിക്കുകയാണ്. സത്യത്തിലും നീതിയിലും സ്നേഹത്തിലും അധിഷ്ഠിതമായ ഒരു നവലോക നിര്‍മ്മിതിയുടെ ശുശ്രൂഷയില്‍ സഭ മുഴുകേണ്ടതാണെന്നും മാനവപുരോഗതി ആദ്ധ്യാത്മിക ഘടകങ്ങളും ഉള്‍ക്കൊള്ളുന്നതാവണമെന്നും മനുഷ്യരെല്ലാം ജീവന്‍ പരിപോഷിപ്പിക്കാന്‍ വിളിക്കപ്പെട്ടവരാണെന്നും മാര്‍പാപ്പ ഓര്‍മ്മിപ്പിക്കുന്നു.
രണ്ടാമധ്യായത്തില്‍ (nos.21-33) സമഗ്രമാനവ വികസനത്തില്‍ അടിയന്തിര ശ്രദ്ധ പതിയണമെന്ന് നിര്‍ദ്ദേശിക്കുന്നതോടൊപ്പം അവികസനത്തിന്‍റെ കാരണങ്ങളും വിശകലനവിധേയമാക്കുന്നു. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പായുടെ ശൈലിയില്‍നിന്ന് വ്യത്യസ്തമായി സാമൂഹ്യവിശകലനത്തെക്കാള്‍ താത്വിക വിശകലനത്തിനാണ് ഇവിടെ പ്രാധാന്യം നല്‍കിയിരിക്കുന്നത്. എന്താണ് സമഗ്രമായ വികസനം? വിശപ്പില്‍നിന്നും രോഗങ്ങളില്‍നിന്നും അജ്ഞതയില്‍നിന്നും ജനങ്ങളെ രക്ഷിക്കുക; ആഗോള സമ്പദ്വ്യവസ്ഥയില്‍ എല്ലാ രാജ്യങ്ങള്‍ക്കും സമത്വത്തിന്‍റെ അടിസ്ഥാനത്തില്‍ പങ്കെടുക്കാനാവുക. സമൂഹത്തില്‍ എല്ലാവര്‍ക്കും വിദ്യാഭ്യാസം ലഭ്യമാക്കി ഐകദാര്‍ഢ്യത്തില്‍ ജീവിക്കാനാവുക; സ്വാതന്ത്ര്യവും സമാധാനവും ഉറപ്പുവരുത്തുന്ന ജനാധിപത്യ സംവിധാനങ്ങള്‍ വളര്‍ത്തുക. മാത്രമല്ല, ഇതെല്ലാം നടപ്പിലാക്കാനായോ എന്ന് ആത്മശോധനയും ആവശ്യമാണ്.
സാമ്പത്തിക ഇടപെടലുകളുടെ ആത്യന്തികലക്ഷ്യം ലാഭം സ്വരുക്കൂട്ടലല്ല, പൊതുനന്മയായിരിക്കണം. ആഗോള സാമ്പത്തിക മാന്ദ്യം നാടകീയ സംഭവവികാസങ്ങള്‍ക്കും വ്യക്തികളുടെയും രാജ്യങ്ങളുടെയും സാമ്പത്തികത്തകര്‍ച്ചയ്ക്കും കാരണമായി. പുതിയ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് പുതിയ മാര്‍ഗ്ഗങ്ങളും കണ്ടെത്തേണ്ടിയിരിക്കുന്നു. ഇന്നത്തെ പ്രതിസന്ധിയുടെ കാരണങ്ങളായി മാര്‍പാപ്പാ ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങളില്‍ ചിലതു താഴെപ്പറയുന്നു: ലോകത്തില്‍ ധനം കൂടിവരുമ്പോഴും വര്‍ദ്ധിക്കുന്ന അസമത്വവും അഴിമതിയും, സമ്പന്നരാജ്യങ്ങളുടെ അറിവിന്‍റെമേലുള്ള കുത്തകാവകാശം, വികസനം അസാധ്യമാക്കുന്ന ചില സാമൂഹിക- സാംസ്കാരികാചാരങ്ങളും പ്രത്യയശാസ്ത്രങ്ങളും മാറ്റാന്‍ മടികാണിക്കുന്ന ദരിദ്രരാജ്യങ്ങള്‍, തൊഴിലാളി സംഘടനകളുടെ ന്യായമായ പ്രവര്‍ത്തനങ്ങളുടെമേലുള്ള നിയന്ത്രണങ്ങള്‍, സംസ്കാരികരംഗത്തെ വാണിജ്യവത്കരണം തുടങ്ങിയവയാണവ.
ഇത്തരുണത്തില്‍ ചില അടിസ്ഥാനതത്വങ്ങളും മാര്‍പാപ്പ ചൂണ്ടിക്കാണിക്കുന്നു. 'വിശക്കുന്നവന് ഭക്ഷണം നല്‍കുക' എന്നത് യേശു തിരുസ്സഭയ്ക്ക് നല്‍കിയ ധാര്‍മ്മിക ഉത്തരവാദിത്വമാണ്. സമ്പത്ത് നീതിയുക്തമായി പങ്കുവയ്ക്കുന്നതിലൂടെയും ജനങ്ങളുടെ ഐകദാര്‍ഢ്യത്തിലൂടെയും മാത്രമേയതു സാധ്യമാകൂ. ദീര്‍ഘദൃഷ്ടിയുള്ള നയരൂപീകരണവും സാമ്പത്തിക - കാര്‍ഷിക മേഖലകളില്‍ സഹകരണവും ഇതിനാവശ്യമാണ്. മാന്യമായി ജീവിക്കാനുള്ള അടിസ്ഥാനാവകാശംപോലെതന്നെ ഭക്ഷണത്തിനും കുടിവെള്ളത്തിനും വിവേചനമില്ലാതെ എല്ലാവര്‍ക്കും അവകാശമുണ്ട്. ഇക്കാര്യം സമൂഹമനസ്സാക്ഷിയെ ഓര്‍മ്മപ്പെടുത്തുക മതങ്ങളുടെ കടമയാണ് ദൈവനിഷേധമല്ല, നേരെമറിച്ച് ദൈവാഭിമുഖ്യമാണ് മനുഷ്യനെ അവന്‍റെ സമഗ്രതയില്‍ വളര്‍ത്തുക. ദൈവ സാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ തദനുസരണമുള്ള മാഹാത്മ്യത്തില്‍ ജീവിക്കാനും വളരാനുമുള്ള സാധ്യതയും ദൈവത്തില്‍നിന്ന് സ്വീകരിച്ചിട്ടുണ്ട്. ഈ വളര്‍ച്ചയും വികസനവും അവന്‍റെ ദൈവവിളി തന്നെയാണ്.
മൂന്നാമധ്യായം (nos.34 - 42) സാമ്പത്തിക വളര്‍ച്ചയെപ്പറ്റിയും സിവില്‍ സമൂഹത്തെപ്പറ്റിയുമാണ് പരാമര്‍ശിക്കുന്നത്. ഉത്ഭവപാപത്താല്‍ സ്വാഭാവികമായി തിന്മയിലേക്ക് ചാഞ്ഞിരിക്കുന്ന മനുഷ്യന്‍ താന്‍ തന്നെയാണ് ജീവിതത്തിന്‍റെ സ്രോതസ്സ് എന്നു തെറ്റിദ്ധരിക്കുന്നു. മനുഷ്യരെ തമ്മില്‍ ബന്ധിപ്പിക്കുന്ന സ്നേഹത്തിന്‍റെ സ്രോതസ്സ് ദൈവമാണ്. സ്വന്തം കഴിവുകൊണ്ട് തിന്മയില്‍നിന്ന് മോചനം നേടാന്‍ മനുഷ്യന് സാധിക്കുകയില്ല. അതുകൊണ്ടുതന്നെ സാമ്പത്തിക വാണിജ്യമേഖലകള്‍ ധാര്‍മ്മിക ഇടപെടലിന് അതീതമല്ല. ആഗോള മുതലാളിത്ത വ്യവസ്ഥിതിയില്‍ ഭരണകര്‍ത്താക്കള്‍ ഇടപെടണമെന്ന് ലിയോ പതിമൂന്നാമന്‍റെ 'റേരും നോവാരും' (1887) വഴി നല്‍കിയ ആഹ്വാനം ബെനഡിക്റ്റ് പാപ്പായും ആവര്‍ത്തിക്കുന്നു. സ്വകാര്യ പൊതുമേഖലാ പ്രസ്ഥാനങ്ങള്‍ എന്ന വ്യത്യാസം മാത്രം കണക്കിലെടുക്കാതെ ലാഭത്തിലേറെ പൊതുനന്മയെ ലക്ഷ്യമാക്കി സര്‍ക്കാരിന്‍റെ ഇടപെടല്‍ ഉണ്ടാക്കണം.
നാലാമധ്യായത്തില്‍ (nos.43-52) ജനതകളുടെ വികസനവുമായി ബന്ധപ്പെടുത്തി അവകാശങ്ങളും ചുമതലകളും, പരിസ്ഥിതി എന്നീവിഷയങ്ങളാണ് പ്രബോധന വിഷയമാക്കുന്നത്. മാക്സിമം അവകാശങ്ങള്‍ക്കായി കലഹിക്കുന്ന സമ്പന്ന സമൂഹങ്ങളും മിനിമം സാധ്യതകളില്ലാതെ തളരുന്ന പാര്‍ശ്വസമൂഹങ്ങളും ഇന്നിന്‍റെ പ്രത്യേകതയാണ്. പരസ്പരമുള്ള ചുമതലകളെപ്പറ്റിയുള്ള ബോധ്യമാണ് ശരിയായ വികസനം സാധ്യമാക്കുന്നത്. മൈക്രോ ക്രെഡിറ്റ് പോലുള്ള ജനകേന്ദ്രീകൃത ബാങ്കിംഗ് സംവിധാനങ്ങള്‍ സാമൂഹ്യ ധാര്‍മ്മികത ഉറപ്പുവരുത്താന്‍ സഹായകമാകും. അധികാര വികേന്ദ്രീകരണത്തിലൂന്നിയ കമാനുഗത അധികാരപങ്കാളിത്തവും (subsidiarity) പ്രോത്സാഹിപ്പിക്കേണ്ടതാണ്. പ്രകൃതി കേവലം ഒരു അസംസ്കൃത സാധനമല്ലെന്നും പരിണാമവാദത്തിന്‍റെ പരിധിയില്‍നിന്നു മാത്രം വീക്ഷിച്ചാല്‍ മനുഷ്യന്‍ പ്രകൃതിയോടുള്ള ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ ഇടയാകുമെന്നും മനുഷ്യനും ചുറ്റുമുള്ള ചരാചരങ്ങളും തമ്മിലുള്ള ബന്ധത്തിന്‍റെ ആഴവും പരപ്പും നിഷേധിക്കാനാവില്ലെന്നും മാര്‍പാപ്പ വ്യക്തമാക്കുന്നു. സ്വാതന്ത്ര്യം ഉത്തരവാദിത്വപൂര്‍വ്വം ഉപയോഗിക്കുക വഴി ഒരു അതിസ്വാഭാവികതലത്തിലേക്ക് പ്രകൃതിയുടെ അന്തഃസത്തയെയും ലക്ഷ്യത്തെയും ഉയര്‍ത്താനാവുമെന്നു നിരീക്ഷിക്കപ്പെടുന്നു. വികസനത്തിന്‍റെ പേരില്‍ പ്രകൃതിയെ ഉപയോഗപ്പെടുത്തുമ്പോള്‍ തലമുറകളോടുള്ള ഉത്തരവാദിത്വവും പരിഗണനയിലുണ്ടായിരിക്കണം.
ചില രാഷ്ട്രങ്ങളും ബഹുരാഷ്ട്ര കമ്പനികളും ഊര്‍ജ്ജസ്രോതസ്സുകളെ സ്വന്തമാക്കി വികസനത്തിന് തടസ്സം നില്ക്കുന്നുണ്ട്. മറ്റുള്ളവര്‍ക്ക് മുന്‍പേ സ്വന്തമാക്കി എന്ന ഒറ്റക്കാരണത്താല്‍ പ്രകൃതിസമ്പത്തിന്‍റെ ഉടമസ്ഥാവകാശം ആര്‍ക്കും ലഭിക്കുന്നില്ല. പ്രകൃതിസമ്പത്തിന്‍റെ അമിതമായ ചൂഷണവും അനീതിപരമായ ഉപഭോഗവും പൊതുവികസനം അപകടത്തിലാക്കുന്നു. പ്രകൃതിവിഭവങ്ങളുടെ നീതിയുക്തവും ഫലപ്രദവുമായ ഉപയോഗം ഉറപ്പുവരുത്താന്‍ ഭരണകര്‍ത്താക്കള്‍ നിയമനിര്‍മ്മാണം വഴി ഇടപെടേണ്ടതുണ്ട്. ഭൂമിയും ജലവും വായുവും സംരക്ഷിക്കുക മാത്രമല്ല മനുഷ്യകുലത്തെത്തന്നെ സ്വയം നാശത്തില്‍നിന്ന് രക്ഷിക്കാനുള്ള മാര്‍ഗ്ഗമാണിത്. ഏതാനും പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളോ അതിനുള്ള ബോധവത്ക്കരണമോ മാത്രമല്ല, സമൂഹത്തില്‍ ധാര്‍മ്മിക നിലപാടുകള്‍ രൂപപ്പെടുത്തുന്നതിലാണ് സഭ ശ്രദ്ധിക്കേണ്ടത്. ആത്യന്തിക വിശകലനത്തില്‍ സത്യവും സ്നേഹവും നമുക്കുത്പാദിപ്പിക്കാനാവില്ല എന്നും സ്വീകരിക്കാനേ കഴിയൂ എന്നും ഇതിന്‍റെ സ്രോതസ്സ് മനുഷ്യനല്ല ദൈവമാണ് എന്നും നമുക്കു തിരിച്ചറിയാനാകും. നമുക്കതീതമായതും നമുക്കു മുന്‍പേയുള്ളതുമാണ് നമ്മെ രൂപപ്പെടുത്തുന്നത്. ശരിയായ വികസനത്തിന്‍റെ കാര്യത്തിലും ഇതു വ്യക്തമാണ്.
അഞ്ചാമധ്യായത്തില്‍ (nos.53-67) ആഗോളമാനവ കുടുംബത്തിലെ സഹകരണത്തെപ്പറ്റിയാണ് മാര്‍പാപ്പ പ്രതിപാദിക്കുന്നത്. ഏകാന്തതയുടെ അനുഭവം കഠിനമായ ദാരിദ്ര്യമാണ്, ദാരിദ്ര്യം ഉണ്ടാകുന്നത് ഏകാന്തതയില്‍ നിന്നാണ് - സ്നേഹിക്കപ്പെടാത്തതിനാലും സ്നേഹിക്കാന്‍ കഴിവില്ലാത്തിനാലും. ദൈവത്തിന്‍റെ ത്രിത്വൈക ഭാവത്തിലാണ് മനുഷ്യര്‍ തമ്മിലുണ്ടായിരിക്കേണ്ട ബന്ധം വ്യക്തമായും പ്രകാശിതമാകുന്നത്.
പൊതുസമൂഹത്തില്‍- സാമൂഹിക സാംസ്കാരിക, സാമ്പത്തിക രാഷ്ട്രീയ കാര്യങ്ങളില്‍ - ദൈവത്തിനു ഉചിതമായ സ്ഥാനം നല്‍കിയാല്‍ മാത്രമെ മാനവ പുരോഗതിക്കായി മതങ്ങള്‍ക്കു സാരമായ സംഭാവനകള്‍ നല്‍കാനാവൂ. ബുദ്ധിയും യുക്തിയും ദൈവവിശ്വാസത്തില്‍ പവിത്രീകരിക്കപ്പെടേണ്ടതാണ്. അതുപോലെ വിശ്വാസവും യുക്തികൊണ്ട് ശുദ്ധിചെയ്യപ്പെടേണ്ടതാണ്. ഇത്തരം വിശ്വാസ- യുക്തി സംവേദനങ്ങളാണ് വിശ്വാസികളും നിരീശ്വരവാദികളും തമ്മിലുള്ള സഹകരണത്തിലേക്ക് നയിക്കാന്‍ സഹായിക്കുക. വികസനത്തിനായുള്ള സഹകരണം സാമ്പത്തിക കാര്യങ്ങളില്‍ ഒതുക്കാതെ സാംസ്കാരിക സംവേദനത്തിനും വേദിയാകണം. മേല്‍ക്കോയ്മാ വാദങ്ങളില്ലാതെയുള്ള സഹകരണവും പങ്കാളിത്തവും മാത്രമാണ് അഭികാമ്യം.
സമഗ്രവിദ്യാഭ്യാസത്തിന്‍റെ ആവശ്യകതയും തൊഴിലില്ലായ്മയും ആഗോള കുടിയേറ്റവും കൈകാര്യം ചെയ്യേണ്ട രീതിയും പരാമര്‍ശിക്കപ്പെടുന്നു. തൊഴിലാളി യൂണിയനുകളുടെയും ഉപഭോക്തൃ സംഘടനകളുടെയും സ്വാതന്ത്ര്യവും ഉത്തരവാദിത്വങ്ങളും പ്രബോധന വിഷയമാകുന്നുണ്ട്. കൂടുതല്‍ അധികാരവും പ്രവര്‍ത്തനക്ഷമതയുമുള്ള ഐക്യരാഷ്ട്രസംഘടനയുടെയും മറ്റു ആഗോള സാമ്പത്തിക - രാഷ്ട്രീയ പങ്കാളിത്ത സമൂഹങ്ങളുടെയും ആവശ്യകതയും മാര്‍പാപ്പ ചൂണ്ടിക്കാണിക്കുന്നു.
അവസാനത്തെ അധ്യായത്തില്‍ (nos.68 -77) പ്രധാനമായും വികസനപ്രക്രിയയില്‍ സാങ്കേതിക വിജ്ഞാനത്തിന്‍റെ സ്ഥാനത്തെപ്പറ്റിയാണ് പ്രതിപാദ്യം. ജനതകളുടെ പുരോഗതി വ്യക്തികളുടെ സമഗ്രവികസനവുമായി അഭേദ്യം ബന്ധപ്പെട്ടിരിക്കുന്നു. പുരോഗതിയും വികസനവും യാദൃച്ഛികമായോ യാന്ത്രികമായോ സംഭവിക്കുന്നതല്ല; മറിച്ച് ബോധപൂര്‍വ്വമായ തീരുമാനങ്ങളുടെയും തെരഞ്ഞെടുപ്പുകളുടെയും ഫലമാണ്. ദൈവം തന്നെ നമ്മുടെ ഹൃദയങ്ങളില്‍ എഴുതിയിരിക്കുന്ന സ്വാഭാവിക ധാര്‍മ്മിക നിയമങ്ങളുടെ അടിസ്ഥാനത്തിലാവണം പ്രസ്തുത തീരുമാനങ്ങള്‍. വികസനം സാങ്കേതിക വിദ്യയുടെ വളര്‍ച്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ എങ്ങനെയാണ് എന്നതിന,് എന്തിനാണ് എന്നതിനെക്കാള്‍ പ്രാധാന്യം നല്‍കപ്പെടുമ്പോള്‍ സാങ്കേതിക വിജ്ഞാനം ധാര്‍മ്മികതയില്‍നിന്ന് വിച്ഛേദിക്കപ്പെടും. ഇതുവരെയുള്ള പരിമിതകളെ അതിലംഘിക്കുകയും സാധ്യതകളുടെ ചക്രവാളങ്ങളെ വികസിപ്പിക്കുകയും ചെയ്യാനാവുന്ന സാങ്കേതിക വിദ്യ ധാര്‍മ്മിക ഉത്തരവാദിത്വത്തിന്‍റെയും സാമൂഹ്യനന്മയുടെയും പരിധി കടക്കാന്‍ പാടില്ല. ആത്മാര്‍ത്ഥമായ സത്യാന്വേഷണത്തിലെല്ലാം ഓരോ വിജ്ഞാനമേഖലയിലും ഭൗതികതയെ അതിലംഘിക്കുന്ന ആശ്ചര്യകരമായ ഒരു ദൈവികത അനാവരണം ചെയ്യപ്പെടും.
ഉപസംഹാരമായി (78-79) തന്‍റെ പ്രബോധനം മാര്‍പാപ്പ ഇങ്ങനെ സംഗ്രഹിക്കുന്നു. ദൈവത്തെകൂടാതെ മനുഷ്യന് സ്വയം അറിയുവാനോ ജീവിത പ്രയാണത്തില്‍ ശരിയായ ദിശാബോധം നേടാനോ സാധിക്കില്ല. മാനവ പുരോഗതി കൈവരിക്കാനെന്ന മട്ടില്‍ സ്രഷ്ടാവായ ദൈവത്തെ നിഷേധിക്കുകയോ ദൈവത്തോട് നിസ്സംഗത പുലര്‍ത്തുകയോ ചെയ്യുമ്പോള്‍ മനുഷ്യജീവന്‍റെ മാഹാത്മ്യവും മൂല്യങ്ങളുമാണ് അതോടൊപ്പം നഷ്ടമാവുക. ശരിയായ മാനവിക വികസനം സത്യത്തില്‍ അധിഷ്ഠിതമായ സ്നേഹത്തിലൂടെ മാത്രമേ സാധ്യമാവൂ എന്ന അറിവ് സമഗ്ര മാനവികവികസനം ഒരു ദൈവദാനമാണെന്നും അതിനായി പ്രാര്‍ത്ഥനയോടെ പരിശ്രമിക്കാനും ക്രിസ്തുശിഷ്യരെ പ്രാപ്തരാക്കും.
നിരീക്ഷണങ്ങള്‍: സ്വതസ്സിദ്ധമായ താത്വിക ശൈലിയില്‍ സ്നേഹത്തിന്‍റെ അടിസ്ഥാന സാമൂഹ്യവശങ്ങളെപ്പറ്റിയുള്ള ദൈവശാസ്ത്ര വിശകലനമാണ് നമുക്ക് ഈ ചാക്രികലേഖനത്തില്‍ കാണാനായത്. കൈകാര്യം ചെയ്യപ്പെടുന്ന വിഷയത്തിന്‍റെ സങ്കീര്‍ണ്ണതയും ആഗോള സ്ഥിതിവിശേഷത്തിന്‍റെ വൈവിധ്യവും അനുബന്ധ വിഷയങ്ങളുടെ ബാഹുല്യവും കാരണമാവാം സാമൂഹ്യവിശകലനം അപര്യാപ്തമായത്. സാമൂഹ്യ- സാംസ്കാരിക - സാമ്പത്തിക മേഖലകളിലെ അവ്യക്തത. 'വേട്ടക്കാരനെയും ഇരയെയും' തിരിച്ചറിയുക ശ്രമകരമാക്കുന്നു. ചില ആവര്‍ത്തനങ്ങള്‍ ഊന്നല്‍ കൊടുക്കുന്നതിന് ആവശ്യമാണെങ്കിലും വായനക്കാര്‍ക്ക് വിരസതയുളവാക്കിയേക്കാം. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ സാമൂഹ്യ പ്രബോധനങ്ങളില്‍ക്കാണുന്ന മുതലാളിത്ത - സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രങ്ങളോടുള്ള സമദൂര വിമര്‍ശനാത്മക സമീപനവും പ്രായോഗിക അജപാലന സമീപനങ്ങളും ഇവിടെ വ്യക്തമാകുന്നില്ല. മുന്‍ഗാമിയുടെ ലിഖിതങ്ങളില്‍ കാണാറുള്ള ദരിദ്രരോടുള്ള മുന്‍ഗണനാപരമായ സ്നേഹവും പ്രാന്തവത്ക്കരിക്കപ്പെടുന്ന ന്യൂനപക്ഷങ്ങളോടുള്ള ഐക്യദാര്‍ഢ്യവും ഈ ചാക്രികലേഖനത്തില്‍ ശക്തമായി പ്രതിഫലിക്കുന്നില്ല. ആഗോളസാമ്പത്തിക തകര്‍ച്ചയ്ക്ക് വഴിമരുന്നിട്ടത് ധനിക രാഷ്ട്രങ്ങളിലെ ബാങ്കിംഗ് മേഖലയിലെ മേലാളരുടെ നീതിനിഷ്ഠയും പ്രതിബദ്ധതയുമില്ലാത്ത പ്രവര്‍ത്തനങ്ങളായിരുന്നു എന്ന വസ്തുതയും ജനങ്ങളുടെ സമ്പത്ത് കൈകാര്യം ചെയ്യുന്നവരെന്ന നിലയില്‍ അവരുടെ സ്വാതന്ത്ര്യത്തിനും പ്രതിഫലത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടേണ്ടതും അനിവാര്യമായിരുന്നു. എന്നാല്‍ ഇക്കാര്യം ചാക്രികലേഖനത്തില്‍ വിസ്മരിക്കപ്പെട്ടു. പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ ദൈവശാസ്ത്രത്തിലൂന്നിയ കാഴ്ചപ്പാട് സ്വീകരിച്ച് ബൗദ്ധിക മേഖലയിലെ താത്വിക സംവേദനത്തിനാണ് ബെനഡിക്റ്റ് മാര്‍പാപ്പ പ്രാധാന്യം നല്‍കുന്നത്. സഭയുടെ ദൗത്യത്തെപ്പറ്റി വ്യക്തമായ ബോധ്യവും വ്യഗ്രതയും ഇവിടെ നിഴലിക്കുന്നുണ്ടെങ്കിലും യൂറോപ്യന്‍ കേന്ദ്രീകൃത കാഴ്ചപ്പാടും സമ്പന്നരാജ്യങ്ങളിലെ സാംസ്കാരിക നിലപാടുകള്‍ മാതൃകയാകണമെന്ന സൂചനയും തുറന്നവായനയ്ക്ക് തടസ്സമായേക്കാം. മറ്റു മേഖലകളിലെ കുറവും വൈകല്യവും ചൂണ്ടിക്കാണിക്കുന്നതിനൊപ്പം സഭയുടെ ആത്മവിമര്‍ശനത്തിനും തുനിയാതിരുന്നത് സ്വീകാര്യതയ്ക്കു മങ്ങലേല്പിക്കുന്നു. എങ്കിലും സംവേദനത്തിനും ചര്‍ച്ചയ്ക്കും ഈ ചാക്രികലേഖനം ഉപകാരപ്രദമാണെന്നു മാത്രമല്ല, ദൈവശാസ്ത്ര നിഗമനങ്ങളും നിരീക്ഷണങ്ങളും വിശ്വാസത്തിലുള്ള വളര്‍ച്ചയ്ക്കും ഉത്തരവാദിത്വപൂര്‍ണ്ണമായ സ്നേഹപ്രവര്‍ത്തനത്തിനും നമ്മെ സഹായിക്കുമെന്നതില്‍ സംശയമില്ല.