"ആധുനിക കാലത്തെ ക്രിസ്തീയത അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രായോഗിക പ്രശ്നം എങ്ങനെ ധനാഢ്യരോടുള്ള അതിന്‍റെ ആശ്രിതത്വം ദരിദ്രരോടുള്ള അതിന്‍റെ സഹജമായ ആഭിമുഖ്യവുമായി ഒത്തുതീര്‍പ്പിലെത്തിക്കാം എന്നുള്ളതാണ്." - വില്‍ ദുരാന്ത്.
"പണം വല്ലാതെയങ്ങ് വീര്‍ത്തുവലുതായിരിക്കുന്നു. യഥാര്‍ത്ഥ സമ്പത്തിനെ പ്രതിനിധാനം ചെയ്തിരുന്ന വെറുമൊരു പ്രതീകമായ പണം ഇന്നു യഥാര്‍ത്ഥ സമ്പത്തായി പരിണമിക്കപ്പെട്ടിരിക്കുന്നു. ബാര്‍ട്ടര്‍ സമ്പ്രദായത്തില്‍ കൈമാറ്റം ചെയ്യപ്പെട്ടിരുന്ന ഉല്പന്നങ്ങള്‍ക്കു പകരമായി വര്‍ത്തിച്ചിരുന്ന പണമാണ് ഇന്നത്തെ വ്യാപാരച്ചരക്ക്. ഇത് അങ്ങേയറ്റം അയഥാര്‍ത്ഥമാണ്. അന്തിക്രിസ്തു യഥാര്‍ത്ഥ ക്രിസ്തുവായി അഭിനയിക്കുന്നതുപോലെയാണിത്. ആഗോള മുതലാളിത്തവ്യവസ്ഥിതിയെ ഗ്രസിച്ചിരിക്കുന്ന ആപല്‍ക്കരമായ രോഗമാണിത്." - മര്‍ക്കോസ് അരൂദ.
ആമുഖം.
മുകളില്‍ക്കൊടുത്ത രണ്ട് ഉദ്ധരണികളും ലോക സാമ്പത്തിക വ്യവസ്ഥിതി എത്തിച്ചേര്‍ന്നിരിക്കുന്ന വിപത് സന്ധിയെക്കുറിച്ച് വ്യക്തമായ സൂചനകള്‍ നല്കുന്നു. സാമ്പത്തിക-രാഷ്ട്രീയ വിശാരദന്മാര്‍ മുതലാളിത്ത വ്യവസ്ഥിതിയില്‍ അന്തര്‍ലീനമായിരിക്കുന്ന ന്യൂനത വേണ്ടവിധം ഇനിയെങ്കിലും അംഗീകരിച്ചോ എന്നതിനു ആശാവഹമായ തെളിവുകളില്ല. ദൈവത്തിലുള്ള വിശ്വാസത്താല്‍ പ്രചോദിതരായ ക്രൈസ്തവ സമൂഹം ഈ പ്രതിസന്ധിയോട് എങ്ങനെയാണു പ്രതികരിക്കേണ്ടത്? ഈ ലേഖനം വി.ഗ്രന്ഥത്തെ ആധാരമാക്കി ചില മാര്‍ഗ്ഗരേഖകള്‍ നല്കാനാണ് ശ്രമിക്കുന്നത്.
സമകാലീന സാമ്പത്തിക പ്രതിസന്ധിയുടെ ചില പ്രത്യേകതകള്‍.
2009 സെപ്തംബര്‍ 15 നാണ് ആഗോളതലത്തില്‍ പ്രശസ്തമായ ബാങ്കിംഗ് സ്ഥാപനം ലേ മാന്‍ ബ്രദേഴ്സ് തങ്ങള്‍ പാപ്പരായെന്നു പ്രഖ്യാപിച്ചത്. തുടര്‍ന്നങ്ങോട്ട് ചീട്ടുകൊട്ടാരം പോലെ ഓരോ ബാങ്കുകള്‍ വീഴുകയായിരുന്നു: ബെയര്‍ സ്റ്റെയാണ്‍സ്, എ. ഐ. ജി, മെറില്‍ ലിംച്ച്, വാഷിംഗ്ടണ്‍ മ്യൂച്ച്വല്‍... മുതലാളിത്തത്തിന്‍റെ ആധുനിക ചരിത്രത്തില്‍ സമാനതകളില്ലാത്ത അത്രയും വലിയ പതനമായിരുന്നു ഇത്. 1930 കളിലെ വലിയ സാമ്പത്തിക മാന്ദ്യത്തെപ്പോലും ഇതു നിഷ്പ്രഭമാക്കി. ഇന്ത്യന്‍ റിസര്‍വ് ബാങ്കിന്‍റെ മുന്‍ഗവര്‍ണറായിരുന്ന സി. രംഗരാജന്‍റെ അഭിപ്രായത്തില്‍, ഒരു രാഷ്ട്രത്തിന്‍റെ സാമ്പത്തിക മേഖല ഭരണകൂടത്താല്‍ നിയന്ത്രിതമായിരിക്കണം എന്ന് 1930-കളിലെ സാമ്പത്തിക മാന്ദ്യം ലോകത്തെ സംശയലേശമെന്യേ പഠിപ്പിച്ചു. അന്നുതൊട്ടു തുടര്‍ന്നുവന്ന വിവിധ സാമൂഹ്യസുരക്ഷാ നടപടികളും ബാങ്കിംഗ് മേഖലയിലെ ഭരണകൂട നിയന്ത്രണങ്ങളുമെല്ലാം 1980 കളിലെ സ്വതന്ത്രവിപണിയുടെ വരവോടുകൂടി പൊയ്പ്പോയി. സാമ്പത്തികരംഗം ആകമാനം എല്ലാ നിയന്ത്രണങ്ങളില്‍നിന്നും മുക്തമായി.
1990-കളോടുകൂടി മൂലധനത്തിന്‍റെ ആഗോളവല്‍ക്കരണവും സ്വകാര്യകുത്തകകളുടെ കടന്നുകയറ്റവും അതിന്‍റെ മൂര്‍ദ്ധന്യത്തിലെത്തി. സ്വതന്ത്രവിപണിയില്‍ മത്സരിക്കാന്‍ കരുത്തുള്ളവര്‍ക്ക് ലാഭം കൊയ്യാമെന്നായി. രാഷ്ട്രാതിര്‍ത്തികള്‍ അതിലംഘിച്ച് മൂലധനം സ്വൈരവിഹാരം നടത്തി. സാമ്പത്തിക നയങ്ങളുടെ രൂപീകരണം ക്യാബിനറ്റ് മീറ്റിങ്ങുകളിലല്ല, കുത്തക വ്യവസായ സംരംഭകരുടെ ബോര്‍ഡ് മീറ്റിങ്ങുകളില്‍ നടത്തപ്പെട്ടു. അവരുടെ ശ്രദ്ധയാകട്ടെ പതിഞ്ഞിരുന്നത് വോള്‍ സ്ട്രീറ്റി (Wall street) ലാണ്, അല്ലാതെ വെറും സ്ട്രീറ്റുകളിലായിരുന്നില്ല. ലാഭത്തിന്‍റെ സാധ്യതകള്‍ മാത്രം അവരുടെ നയരൂപീകരണത്തിലെ ഏറ്റവും നിര്‍ണ്ണായക ഘടകമായി. നൈതിക പരിഗണനകള്‍ - സമൂഹസംബന്ധിയും പരിസ്ഥിതി സംബന്ധിയും ആയവ - തൃണവല്‍ക്കരിക്കപ്പെട്ടു. 2005 ലെ ഐക്യരാഷ്ട്രസംഘടനയുടെ വികസന റിപ്പോര്‍ട്ടു പ്രകാരം പ്രതിദിന വരുമാനം ഒരു ഡോളറില്‍ താഴെയുള്ള പത്തുകോടി (അതില്‍ 70 ശതമാനവും സ്ത്രീകള്‍) മനുഷ്യരാണുള്ളത്. പ്രകൃതിയുടെമേല്‍ ആധുനിക മുതലാളിത്ത വികസന മാതൃക നടത്തുന്ന കൈയേറ്റത്തിനു സമാനതകളില്ല. സാമ്പത്തിക മേഖലയുടെ പുനഃഘടനാ നിര്‍ദ്ദേശങ്ങളനുസരിച്ച് മൂന്നാം ലോകരാഷ്ട്രങ്ങളിലെ കാര്‍ഷിക വായ്പകള്‍ നിര്‍ത്തലാക്കിയതോടുകൂടി അരങ്ങേറിയ പട്ടിണിമരണങ്ങളും ആത്മഹത്യകളും ഇനിയും മറക്കാനാവുന്നതല്ലല്ലോ.
സമകാലീന മുതലാളിത്തം അറിയപ്പെടുന്നത് 'ചൂതാട്ട മുതലാളിത്തം' (Casino Capitalism) എന്നാണ്. മൂലധനത്തെ ഉത്പാദനമേഖലയില്‍ ഉപയോഗിക്കുന്നതിനു പകരം വെറും ഊഹക്കച്ചവടത്തിലേക്ക് വന്‍തോതില്‍ വഴിതിരിച്ചുവിടുന്നു. ചൂതാട്ട കേന്ദ്രങ്ങളിലെന്നപോലെ, ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ ഇവിടെയും മാറിമറിയുന്നു. ആഗോള സാമ്പത്തികമേഖല ഈ ഊഹക്കച്ചവടത്താല്‍ നിയന്ത്രിക്കപ്പെടുന്നു. പണത്തിന് ഒരു ഇലക്ട്രോണിക് രൂപമാണിപ്പോള്‍. നിനക്ക് അതു തൊടാനാകുന്നില്ല, പക്ഷേ അതിന്‍റെ നിഴലിനെ പിന്തുടരാം. ടോക്കിയോയിലും ചിക്കാഗോയിലും ഹോങ്കോങ്ങിലും മുംബൈയിലും സ്ഥാപിച്ചിരിക്കുന്ന വലിയ കംപ്യൂട്ടര്‍ സ്ക്രീനുകളില്‍ അത് ചില നമ്പറുകളായി പ്രത്യക്ഷപ്പെടുന്നു. അത് രാഷ്ട്രാതിര്‍ത്തികള്‍ കടന്നു സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. ഒരു ലക്ഷം കോടി ഡോളറാണ് ഈ വിധത്തില്‍ ആഗോളതലത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ ലോകരാഷ്ട്രങ്ങളുടെയും ആകെ ആഭ്യന്തര ഉത്പാദനം 45 ലക്ഷം കോടിയുടേതാണെന്നു മനസ്സിലാകുമ്പോഴാണ് 'ചൂതാട്ട'ത്തിന് ഉപയോഗിക്കുന്ന തുകയുടെ ഭീമാകാരത ബോദ്ധ്യപ്പെടുക. ബാങ്ക് ഡിപ്പോസിറ്റുകളും ഇന്‍ഷ്വറന്‍സുകളും പെന്‍ഷന്‍ ഫണ്ടുമൊക്കെ ഈ ഊഹക്കച്ചവടച്ചന്തയില്‍ നിക്ഷേപിക്കപ്പെടുന്നുണ്ട്. 'ഏറ്റവും കൂടുതല്‍ റിസ്കിന് ഏറ്റവും കൂടുതല്‍ ലാഭം' എന്നതാണെന്നു തോന്നുന്നു ഇവിടുത്തെ ആപ്തവാക്യം. ഈ റിസ്കെടുക്കലില്‍ ഭാഗ്യദേവത തുണച്ചില്ലെങ്കില്‍ അതിന്‍റെ പ്രത്യാഘാതം ആ കമ്പനിയെയോ രാജ്യത്തെയോ മാത്രമല്ല ബാധിക്കുക; മുഴുവന്‍ സാമ്പത്തിക സംവിധാനത്തെയും അതു പിടിച്ചുകുലുക്കുന്നു. അമേരിക്കയിലാരംഭിച്ച 'സാമ്പത്തിക സുനാമി' യൂറോപ്പിലും ഗള്‍ഫിലും ഇന്ത്യയിലുമൊക്കെയായി അനുഭവപ്പെട്ടുകൊണ്ടിരിക്കുകയാണല്ലോ.
ചുരുക്കത്തില്‍ ഇലക്ട്രോണിക് രൂപം പ്രാപിച്ചിരിക്കുന്ന ഇന്നത്തെ മുതലാളിത്തം ഊഹക്കച്ചവടത്തില്‍ അധിഷ്ഠിതവും ആര്‍ത്തിയെ ഊട്ടിവളര്‍ത്തുന്നതും ഒരുപാട് അപകടസാധ്യതയുള്ളതുമാണ്. സ്വകാര്യ ലാഭം മാത്രം ലക്ഷ്യമിടുന്ന അതിന് സാമൂഹിക സാമ്പത്തിക നീതി ഗര്‍ഹണീയമാണ്. വിശ്വാസത്തിന്‍റെ, പ്രത്യേകിച്ച് ക്രൈസ്തവ വിശ്വാസത്തിന്‍റെ കാഴ്ചപ്പാടില്‍ ഇത് പണത്തിന്‍റെ സര്‍വ്വാധിപത്യം സ്ഥാപിക്കലാണ്, മനുഷ്യനെ പണത്തിന്‍റെ അടിമയാക്കലാണ്. അതുകൊണ്ടുതന്നെ മുതലാളിത്തം ദൈവശാസ്ത്രസംബന്ധിയും ധാര്‍മ്മികവുമായ അനേകം വെല്ലുവിളികള്‍ ഉയര്‍ത്തുന്നു.
ബദല്‍ സാമ്പത്തിക ക്രമം: ചില ക്രൈസ്തവ മാര്‍ഗ്ഗരേഖകള്‍.
'ധനവിനിമയം' എന്ന വാക്കിന്‍റെ ആംഗലേയ പദം "economy" ആണല്ലോ. അതിന്‍റെ ഗ്രീക്കു മൂലമായ "oikonomia" രണ്ടുപദങ്ങള്‍ ചേര്‍ന്നുണ്ടായതാണ്: oikos = വീട്, nomos = നിയമം. അതായത്, economy എന്നത് യഥാര്‍ത്ഥത്തില്‍ നമ്മുടെ വീടിന്‍റെ - ഭൂമിയുടെ - കാര്യനിര്‍വ്വഹണമാണ്. ഭൂമിയും അതിന്‍റെ ഉത്പന്നങ്ങളും എങ്ങനെ കൈകാര്യം ചെയ്യണമെന്നാണ് Economics സാമ്പത്തികശാസ്ത്രം - പഠിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ സാമ്പത്തികശാസ്ത്രം വെറുമൊരു മതേതര വിഷയമല്ല, ഒരുപാടു ദൈവശാസ്ത്ര വിവക്ഷകളുള്ള ഒന്നാണ്. ക്രിസ്തുവിലൂടെ ആവിഷ്കരിക്കപ്പെട്ട ദൈവിക രക്ഷാകരപദ്ധതി (Divine Economy of Salvation) ഈ ഭൂമിയുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. ഭൂമിയുമായി ബന്ധപ്പെട്ട് ദൈവം ക്രിസ്തുവിലൂടെ നടത്തിയ എല്ലാ ദൈവിക ഇടപെടലുകളുടെയും മുഖമുദ്ര നീതിയായിരുന്നു. അതുകൊണ്ടുതന്നെ ഭൂമിസംബന്ധിയായ എല്ലാ മാനുഷിക ഇടപെടലുകളുടെയും മുഖമുദ്രയും നീതിയായിരിക്കണം. ക്രിസ്തുസംഭവം എന്ന രക്ഷാകരപദ്ധതിയുടെ സവിശേഷതകളായിരുന്ന നീതിയും പ്രാന്തവത്കൃതരോടുള്ള പക്ഷംചേരലും ഏതൊരു സാമ്പത്തിക വ്യവസ്ഥിതിയുടെയും വിലയിരുത്തലിനു മാനദണ്ഡമായി വര്‍ത്തിക്കേണ്ടതുണ്ട്.
വി. ഗ്രന്ഥത്തിന്‍റെ കാഴ്ചപ്പാടില്‍ എല്ലാ മനുഷ്യരും ജീവന്‍റെ സമൃദ്ധി അതിന്‍റെ സമഗ്രതയില്‍ ആസ്വദിക്കാന്‍ അവകാശമുള്ളവരാണ്. ഈ അവകാശം നിഷേധിക്കപ്പെട്ടവരുടെ ജീവിതത്തില്‍ അതിന്‍റെ പുനഃസ്ഥാപനമാണ് നീതി. ബൈബിള്‍പ്രകാരം നീതിയും ധര്‍മ്മിഷ്ഠതയും ദൈവത്തിന്‍റെ സത്തയുടെ അവിഭാജ്യഘടകങ്ങളാണ്. അവനില്‍ വിശ്വസിക്കുന്നവരില്‍നിന്നും നീതിയിലധിഷ്ഠിതമായ ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷിക്കപ്പെടുന്നു. മിക്കാ പ്രവാചകന്‍ ചോദിക്കുന്നു: "നീതി പ്രവര്‍ത്തിക്കുക, കാരുണ്യത്തെ സ്നേഹിക്കുക" - ഇവയല്ലാതെ കര്‍ത്താവ് നിങ്ങളില്‍ നിന്ന് മറ്റെന്താണു ആവശ്യപ്പെടുന്നത്? (6:5). ജറമിയ പ്രവാചകന്‍ പറയുന്നു: "യഹോവയെ അറിയുകയെന്നാല്‍ നീതിപ്രവര്‍ത്തിക്കുകയാണ്" (22:14).
ഈ കാഴ്ചപ്പാടില്‍നിന്നു നോക്കുമ്പോള്‍ നീതിയിലധിഷ്ഠിതമല്ലാത്ത, പ്രാന്തവത്കൃതരോടു പ്രത്യേക പരിഗണനയില്ലാത്ത ഏതു സാമ്പത്തിക വ്യവസ്ഥിതിയും അടിമുടി വികലമാണ്, ക്രൈസ്തവര്‍ വിശ്വസിക്കുന്ന രക്ഷാകരപദ്ധതിക്കും അടിസ്ഥാന പ്രമാണങ്ങള്‍ക്കും നേര്‍ വിപരീതമാണ്.
"നിങ്ങളുടെ ഇടയില്‍ ദരിദ്രരുണ്ടാകരുത്" (ദിനവൃത്താന്തം 15:4) എന്ന നിബന്ധനയില്‍നിന്നും യേശുവിന്‍റെ നസറത്ത് മാനിഫെസ്റ്റോയില്‍നിന്നും (ലൂക്കാ 4:18-19) വ്യക്തമാകുന്നത് ദൈവികനീതി പ്രായോഗികമായി ആവിഷ്കരിക്കപ്പെടുന്നത് പാവങ്ങളോടുള്ള പക്ഷംചേരലിലാണ് എന്നാണ്. സ്റ്റീഫന്‍ മോട്ടിന്‍റെ അഭിപ്രായപ്രകാരം, വി. ഗ്രന്ഥത്തിലെ നീതിയുടെ ഒരു അടിസ്ഥാനപ്രമാണം നഷ്ടപരിഹാരം നല്കല്‍ - പൂര്‍വ്വസ്ഥിതിയിലാക്കല്‍ - ആണ്. ജൂബിലി വര്‍ഷത്തില്‍ അസമത്വം ഇല്ലാതാക്കണമെന്നും ദരിദ്രരുടെ അവകാശങ്ങള്‍ പുനഃസ്ഥാപിക്കണമെന്നും നിഷ്കര്‍ഷിച്ചിരുന്നു (ലേവ്യര്‍. 25). ഇതിനടിസ്ഥാനം ഭൂമിയും അതിലെ സകലതും ദൈവത്തിന്‍റെ മാത്രം സ്വന്തമാണെന്നും അതു സകലരുടെയും ക്ഷേമത്തിനായി സൃഷ്ടിക്കപ്പെട്ടതാണെന്നുമുള്ള വിശ്വാസമായിരുന്നു. ഡഗ്ലസ് മീക്സിന്‍റെ അഭിപ്രായത്തില്‍ സാമ്പത്തികവിശാരദനായ ദൈവം നീതിയുടെ ദൈവമാണ്. ക്രിസ്തുവിലൂടെ ചരിത്രത്തില്‍ ഇടപെട്ട ദൈവം അനീതിയുടെ ഇരകളോടൊപ്പം വ്യക്തമായ പക്ഷം സ്ഥാപിക്കുന്നുണ്ട്. അതുവഴി, സാമൂഹികനീതിക്കായി ശ്രമിക്കുന്ന ഒരു സാമ്പത്തിക വ്യവസ്ഥിതിക്ക് വ്യക്തമായ മാര്‍ഗ്ഗരേഖ ക്രിസ്തുസംഭവം നല്കുന്നു. പക്ഷേ ഇന്നത്തെ സാമ്പത്തിക ക്രമമാകട്ടെ ഒരു ന്യൂനപക്ഷത്തിനുമാത്രം പ്രയോജകീഭവിക്കുന്നതും ബഹുഭൂരിപക്ഷത്തെ പരിഗണിക്കാത്തതുമാണ്. സാമ്പത്തിക വ്യവസ്ഥിതിക്ക് ഒരു 'കുര്‍ബാന മാതൃക' ദിബീല നിര്‍ദ്ദേശിക്കുന്നു. പങ്കുവയ്ക്കലില്‍ അധിഷ്ഠിതമാണ് കുര്‍ബാനയെന്നതുപോലെ, സാമ്പത്തിക ക്രമവും അത്തരത്തിലായിത്തീരേണ്ടതുണ്ട്. എം. എ. ഉമ്മന്‍റെ അഭിപ്രായത്തില്‍ ക്രിസ്തുവിന്‍റെ മനുഷ്യാവതാരത്തിലൂടെ ദൈവം മനുഷ്യവംശത്തോടു മാത്രമല്ല സകല സൃഷ്ടവസ്തുക്കളോടുമുള്ള ഐകദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ്. ക്രിസ്തുവിന്‍റെ ഇടപെടലിന് മാനുഷികവും പ്രാകൃതികവുമായ മുഖമുണ്ട്. അതുകൊണ്ട് മനുഷ്യനോടും പ്രകൃതിയോടും ആഭിമുഖ്യമുള്ള ഒരു ബദല്‍ സാമ്പത്തികക്രമം മാത്രമേ ക്രൈസ്തവ രക്ഷാകരപദ്ധതിയുമായി പൊരുത്തപ്പെടുകയുള്ളൂ. മുഴുവന്‍ ഭൂമിയെയും 'വെയ്സ്'റ്റാക്കി മാറ്റിക്കൊണ്ടിരിക്കുന്ന മുതലാളിത്ത വികസന മാതൃക ഒരുവിധത്തിലും ദൈവികപദ്ധതിയനുസരിച്ചുള്ളതല്ല.
ദൈവമോ മാമോനോ?
മുതലാളിത്ത സാമ്പത്തികക്രമം ദൈവത്തിന്‍റെ പരമാധികാരത്തെത്തന്നെ ചോദ്യം ചെയ്യുന്നു എന്നതാണു ഏറ്റവും കാതലായ പ്രശ്നം. ജോണ്‍ മോഹന്‍ രാസു (John Mohan Razu) വിന്‍റെ അഭിപ്രായത്തില്‍ ആഗോളമുതലാളിത്തം ദൈവത്തെ മാമോനാക്കുകയും മാമോനെ ദൈവമാക്കുകയുംവഴി ചില അടിസ്ഥാന ദൈവശാസ്ത്രപ്രമാണങ്ങളെ തകിടം മറിച്ചിരിക്കുന്നു. സര്‍വ്വശക്തനും സര്‍വ്വജ്ഞാനിയും സാര്‍വ്വദേശീയനുമായിരുന്നത് പണ്ട് ദൈവമായിരുന്നെങ്കില്‍, ഇന്ന് ആ സ്ഥാനം മാമോനാണുള്ളത്. പണം സര്‍വ്വാധിപത്യം സ്ഥാപിച്ചിരിക്കുന്നു. ആരാധിക്കപ്പെടുന്ന ഏകദൈവം ഇന്നു പണമാണ് (Money-theism).
"മാമോനെയും ദൈവത്തെയും ഒരുമിച്ച് ആരാധിക്കാനാവില്ല" (ലൂക്കാ. 16:13) എന്ന് അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ച ക്രിസ്തു മുതലാളിത്ത വ്യവസ്ഥിതിക്കെതിരായ തന്‍റെ നിലപാടു വ്യക്തമാക്കുന്നു. സ്വതന്ത്രവിപണിയില്‍ നടമാടുന്ന അധാര്‍മ്മികവും അനീതിപരവുമായ ഇടപാടുകള്‍ക്കെതിരായ യേശുവിന്‍റെ നിലപാട് സുവ്യക്തമാകുന്നത് ജറുസലേം ദേവാലയ പ്രവേശനത്തിലാണ് ദേവാലയത്തിനുള്ളില്‍ നടന്നുവന്ന സ്റ്റോക്ക് മാര്‍ക്കറ്റിനെ യേശു തകിടം മറിച്ചു; ദേവാലയത്തെ ചന്തവത്കരിക്കുന്ന വ്യവസ്ഥിതിയെ വെല്ലുവിളിച്ചു.
ചില ക്രൈസ്തവസഭകളെങ്കിലും മുതലാളിത്ത പ്രത്യയശാസ്ത്രത്തെ അംഗീകരിക്കുന്നത് നാം വിമര്‍ശനബുദ്ധ്യാ വീക്ഷിക്കേണ്ടതുണ്ട്. ആഗോളവല്‍ക്കരണത്തെയും സ്വതന്ത്രവിപണിയെയും എതിര്‍ക്കുന്ന ദൈവശാസ്ത്രവീക്ഷണങ്ങള്‍ 'മാര്‍കിസ്സ്റ്റ്' ആയി മുദ്രകുത്തി ആക്ഷേപിക്കപ്പെടാറുണ്ട്. ഇത്തരം ആക്ഷേപങ്ങള്‍ പക്ഷേ അടിസ്ഥാനരഹിതമാണ്. മാര്‍ക്സിസ്റ്റ് സോഷ്യലിസവും മാര്‍ക്കറ്റ് മുതലാളിത്തവും അങ്ങേയറ്റം ഭൗതികതയില്‍ അധിഷ്ഠിതവും ചൂഷകവും പാരിസ്ഥിതിക പരിഗണനകള്‍ ഇല്ലാത്തതും നിലനില്ക്കാത്തതും ആണെന്നു തെളിഞ്ഞിരിക്കുന്നു. ബൈബിള്‍ മുമ്പോട്ടുവയ്ക്കുന്ന സാമ്പത്തിക വ്യവസ്ഥിതിക്ക് ഇവ രണ്ടുമായും കാര്യമായ ബന്ധമില്ല.
അന്നത്തെ സാമ്രാജ്യത്വശക്തികള്‍ക്കെതിരേ ആദിമക്രൈസ്തവസമൂഹം സ്വീകരിച്ച നിലപാടുകളില്‍നിന്ന് ഇന്നത്തെ ക്രൈസ്തവസമൂഹത്തിന് പാഠങ്ങള്‍ പഠിക്കാനുണ്ട്. സീസറിനെ ആരാധിക്കുന്നതിനെതിരെ വെളിപാട് 17-ല്‍ പറയപ്പെട്ടിരിക്കുന്നത് മാമോനെ ആരാധിക്കുന്ന ഇക്കാലത്ത് പ്രസക്തമാണ്. റോമാസാമ്രാജ്യത്തെ സുഖസമൃദ്ധിയില്‍ മുഴുകിയിരിക്കുന്ന വേശ്യയായി അവിടെ ചിത്രീകരിച്ചിരിക്കുന്നു. ഈ സാമ്രാജ്യത്വത്തിന്‍റെ പതനത്തെക്കുറിച്ച് വെളി. 18:2-ല്‍ പ്രവചിച്ചിരിക്കുന്നു. ഇതേ പ്രതീക്ഷ ക്രൈസ്തവസമൂഹം പുലര്‍ത്തേണ്ടതുണ്ട്. പ്രതീക്ഷ സഫലീകൃതമാകുമെന്ന് വിവിധ ബാങ്കിംഗ് സ്ഥാപനങ്ങളുടെ തകര്‍ച്ച സൂചിപ്പിക്കുന്നു.
ഉപസംഹാരം.
ക്രൈസ്തവവിശ്വാസത്താല്‍ പ്രചോദിതയായ സഭ ശ്രമിക്കേണ്ടത് വിപണിയെ രക്ഷിക്കാനല്ല, ക്രിസ്തു വാഗ്ദാനം ചെയ്ത രക്ഷ സകലര്‍ക്കും അനുഭവവേദ്യമാക്കാനാണ്. സഭ ധാര്‍മ്മിക നിയമങ്ങളാല്‍ നിയന്ത്രിതയാണ്. മുതലാളിത്ത വ്യവസ്ഥിതിയാകട്ടെ എല്ലാ നിയന്ത്രണങ്ങളും ലംഘിക്കുന്നതാണ്. ഇസ്രായേലിനു നല്കപ്പെട്ട പത്തു കല്പനകളും യേശു നിര്‍ദ്ദേശിച്ച രണ്ടു കല്പനകളും ധാര്‍മ്മികനിയമങ്ങള്‍ കൂടാതെ മാനവരാശിക്കു മുന്നോട്ടു പോകാനാവില്ല എന്നതിനു തെളിവാണ്. ധാര്‍മ്മികനിയമങ്ങളാല്‍ നിയന്ത്രിക്കപ്പെടാത്ത ഏതൊരു സാമ്പത്തിക വ്യവസ്ഥിതിയും സാമൂഹിക നീതിക്കു വിരുദ്ധവും ക്രിസ്തുവിന്‍റെ ദൈവരാജ്യ സങ്കല്പത്തിനു വിഘാതവുമായിരിക്കും. പാപം ആദ്യം ഉണ്ടായത് ദൈവിക കല്പനകള്‍ ലംഘിക്കപ്പെട്ടപ്പോഴാണ്. അതിന്‍റെ പെരുപ്പമാണ് എല്ലാ ധാര്‍മ്മിക നിയമങ്ങളെയും കാറ്റില്‍പ്പറത്തുന്ന ആഗോളമുതലാളിത്തത്തിലൂടെ സംഭവിക്കുന്നത്. ഈ വെല്ലുവിളിയെ സഭാസമൂഹം നേരിടേണ്ടതുണ്ട്. അതിന് അവള്‍ക്കാകണമെങ്കില്‍ സഭാഗാത്രം ധാര്‍മ്മിക നിയമങ്ങളാല്‍ ഭരിക്കപ്പെടേണ്ടതുണ്ട്. അങ്ങനെ ഒരു ധാര്‍മ്മിക ശക്തിയായി സഭ പരിണമിക്കുമ്പോള്‍, ആഗോള സാമ്പത്തിക വ്യവസ്ഥിതിയുടെ മാനസാന്തരത്തിനും തദ്വാരാ നൈതികതയിലധിഷ്ഠിതമായ ഒരു വ്യവസ്ഥിതിയുടെ രൂപപ്പെടലിനും അവള്‍ നിമിത്തമാകും.
(ലേഖകന്‍ ഇന്ത്യയിലെ സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ മെട്രോപോളിറ്റനും വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്‍റെ Commission on World Mission and Evangelism -ത്തിന്‍റെ മോഡറേറ്ററുമാണ്)