ഗുരോ, നിത്യജീവന്‍ പ്രാപിക്കാന്‍ ഞാന്‍ എന്തു നന്മയാണ് പ്രവര്‍ത്തിക്കേണ്ടത്. (മത്താ. 19:16)
ഒരു സദസ്സിലിരുന്ന് സുന്ദരമായ സംഗീതാലാപനം ശ്രവിക്കുകയാണു നിങ്ങളെന്നു സങ്കല്പിക്കുക. പെട്ടെന്നാണ് നിങ്ങളത് ഓര്‍മ്മിച്ചത്: നിങ്ങളുടെ കാര്‍ നിങ്ങള്‍ ലോക്ക് ചെയ്തിട്ടില്ല. നിങ്ങള്‍ ആകെ അങ്കലാപ്പിലാകുന്നു. പക്ഷേ നിങ്ങള്‍ക്കൊട്ട് പുറത്തേയ്ക്കു കടക്കാനുമാകുന്നില്ല. അതോടെ സംഗീതത്തിന്‍റെ മനോഹാരിത നിങ്ങള്‍ക്ക് നഷ്ടപ്പെടുന്നു. മിക്ക മനുഷ്യരും ജീവിക്കുന്ന ജീവിതത്തിന്‍റെ ഒരു ഏകദേശ ചിത്രമാണിത്.
കേള്‍ക്കാന്‍ ചെവിയുള്ളവര്‍ക്ക് ജീവിതം ഒരു സിംഫണിയാണ്. പക്ഷേ അതു കേള്‍ക്കുന്നവര്‍ തുലോം തുച്ഛമാണ്. ബഹുപൂരിപക്ഷത്തിനും അതു കേള്‍ക്കാനാകാത്തത് അവരുടെ ഉള്ളില്‍ ഒരുപാട് ഒച്ചകള്‍ ഉള്ളതുകൊണ്ടും അമിതമായ അഭിനിവേശങ്ങള്‍ ഉള്ളതുകൊണ്ടുമാണ്. അഭിനിവേശം ജീവിതത്തെതന്നെ കൊന്നുകളയുന്നു.
ഒരു സിംഫണി പൂര്‍ണ്ണമായും ആസ്വദിക്കാന്‍ കച്ചേരിയിലെ ഓരോ സംഗീതോപകരണവും നിങ്ങളുടെ ശ്രദ്ധയില്‍പ്പെടേണ്ടതുണ്ട്. നിങ്ങള്‍ക്ക് ഏതെങ്കിലും സംഗീതോപകരണത്തോട്, ഉദാഹരണത്തിന് ഗിത്താറിനെക്കാള്‍ വയലിനോട്, കൂടുതല്‍ ഇഷ്ടം തോന്നുകയെന്നത് സ്വാഭാവികമാണ്. ഒന്നിനോട് തോന്നുന്ന ഇഷ്ടം മറ്റൊന്നിനെ ശ്രവിക്കാനുള്ള നിങ്ങളുടെ കഴിവ് ഇല്ലാതാക്കുന്നില്ല. പക്ഷേ ഇഷ്ടം അഭിനിവേശമായി രൂപാന്തരപ്പെട്ടാല്‍ പിന്നെ മറ്റൊരു സ്വരവും നിങ്ങള്‍ക്ക് ശ്രവിക്കാനാവാതെ വരുന്നു. ഡ്രമ്മിനോടു മാത്രം തോന്നുന്ന അഭിനിവേശം മറ്റുള്ള സംഗീതോപകരണങ്ങളെ വില കുറച്ച് കാണാന്‍ നിങ്ങളെ പ്രേരിപ്പിരിക്കുന്നു. ഒന്നിനുകൊടുക്കുന്ന ആനുപാതികമല്ലാത്ത പ്രാധാന്യം മൂലം മറ്റു പലതും നിങ്ങള്‍ക്കു കാണാനാവാതെ വരുന്നു. അങ്ങനെ കച്ചേരിതന്നെ നിങ്ങള്‍ക്ക് നഷ്ടപ്പെടുന്നു.
ഇനി നിങ്ങള്‍ നിങ്ങള്‍ക്ക് അഭിനിവേശം തോന്നുന്ന, നിങ്ങളെ സന്തുഷ്ടയോ അസന്തുഷ്ടയോ ആക്കാന്‍ നിങ്ങള്‍ അധികാരം കൊടുത്തിരിക്കുന്ന വ്യക്തിയെയോ വസ്തുവിനെയോ ഒന്നു മനസ്സില്‍ കൊണ്ടുവരിക. ഈ വ്യക്തിയെയോ വസ്തുവിനെയോ സ്വന്തമാക്കാനും സ്വന്തമാക്കിയതിനുശേഷം നഷ്ടപ്പെടുത്താതിരിക്കാനും എത്ര മാത്രം അദ്ധ്വാനവും ശ്രദ്ധയും സമയവുമാണ് നിങ്ങള്‍ ചെലവഴിക്കുന്നത്! ഈ ശ്രമത്തിനിടയില്‍ നിങ്ങള്‍ എന്തെല്ലാമാണ് കാണാതെയും ശ്രദ്ധിക്കാതെയും പോകുന്നത്! ചുറ്റുവട്ടത്തോടുള്ള നിങ്ങളുടെ സംവേദനക്ഷമത തന്നെ നിങ്ങള്‍ക്കു നഷ്ടപ്പെട്ടു പോകുന്നു.
നിങ്ങള്‍ക്കു ഭ്രാന്തമായ അഭിനിവേശം തോന്നുന്ന വ്യക്തിയോ വസ്തുവോ മൂലം നിങ്ങളുടെ മനസ്സ് കല്ലിച്ച് സംവേദനക്ഷമത നഷ്ടപ്പെട്ടിരിക്കുന്നത് ഒന്നു നിരീക്ഷിക്കുക. നിങ്ങള്‍ പറ്റിപ്പിടിച്ചിരിക്കുന്ന വസ്തുവിന്‍റെയോ വ്യക്തിയുടെയോ സാന്നിദ്ധ്യത്തില്‍ നിങ്ങള്‍എത്രമാത്രം അന്ധയും മുന്‍വിധിയുള്ളവളുമാണെന്ന് സ്വയം കാണാന്‍ ധൈര്യം കാണിക്കുക. അതിനു നിങ്ങള്‍ക്കായാല്‍ നിങ്ങളുടെ അഭിനിവേശത്തില്‍നിന്നും മോചിതയാകാന്‍ നിങ്ങളില്‍ തീവ്രമായ ആഗ്രഹം അങ്കുരിക്കും. എങ്ങനെയാണ് ഈ മോചനം, സ്വാതന്ത്ര്യം നേടിയെടുക്കേണ്ടത്? നിങ്ങള്‍ സ്വീകരിക്കേണ്ടത് പരിത്യാഗത്തിന്‍റെയോ ഒഴിവാക്കലിന്‍റെയോ രീതിയല്ല. കാരണം, കച്ചേരിയിലെ ഡ്രമ്മിനെ മാത്രം ശ്രദ്ധിക്കാതിരിക്കുന്നതും, അതിനെ മാത്രം ശ്രദ്ധിക്കുന്നതും ഒരേ ഫലമാണ് ഉളവാക്കുക: നിങ്ങളുടെ മനസ്സിനെ ഈ രണ്ടു മാര്‍ഗ്ഗങ്ങളും കൂടുതല്‍ കടുപ്പമുള്ളതാക്കുന്നു, സംവേദനക്ഷമതയെ നശിപ്പിക്കുന്നു, സിംഫണിയെ ഇല്ലാതാക്കുന്നു.
നിങ്ങള്‍ ഉപയോഗിക്കേണ്ട മാര്‍ഗ്ഗം പരിത്യാഗത്തിന്‍റെതല്ല, പിന്നെയോ മനസ്സിലാക്കലിന്‍റേതാണ്, അവബോധത്തിന്‍റേതാണ്.
1. നിങ്ങള്‍ പറ്റിപ്പിടിച്ചിരിക്കുന്നത് നിങ്ങള്‍ക്ക് വേണ്ടത്ര സഹനവും വേദനയും നല്കിയിട്ടുണ്ടെങ്കില്‍ അവബോധത്തിലേക്കുണരാന്‍ അതു സഹായകമാണ്.
2. അഭിനിവേശമില്ലാത്ത മാനസികാവസ്ഥ കൊണ്ടുവരുന്ന സ്വാതന്ത്ര്യത്തിന്‍റെയും ആനന്ദത്തിന്‍റെയും മാധുര്യം ആസ്വദിക്കാന്‍ നിങ്ങള്‍ക്ക് ഒരിക്കലെങ്കിലും കഴിഞ്ഞിട്ടുണ്ടെങ്കില്‍ അതും നിങ്ങളെ സഹായിക്കും.
3. കച്ചേരിയിലെ മറ്റു സംഗീതോപകരണങ്ങളെ ബോധപൂര്‍വ്വം, മനഃ പൂര്‍വ്വം ശ്രവിക്കുന്നതും തീര്‍ച്ചയായും സഹായകമായിരിക്കും.
4. എന്നാല്‍ അവബോധത്തിലേക്കുണരാന്‍ നിങ്ങളെ ഏറ്റവും കൂടുതല്‍ സഹായിക്കുക ഡ്രമ്മിന്‍റെ സ്വരം മാത്രം ശ്രദ്ധിക്കുകയും കച്ചേരിയിലെ മറ്റൊരു സ്വരവും ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്നതുവഴി നിങ്ങള്‍ക്കുണ്ടാകുന്ന നഷ്ടത്തെക്കുറിച്ചുള്ള ബോധ്യമാണ്. അവബോധമുണ്ടാകാന്‍ ഈ സ്വയംബോദ്ധ്യപ്പെടലിനു പകരം വയ്ക്കാന്‍ മറ്റൊന്നുമില്ലതന്നെ.
അഭിനിവേശങ്ങള്‍ ഇല്ലാതാകുന്നതോടെ, നിങ്ങള്‍ക്ക് ഒരു സുഹൃത്തിനോട് ഒരിക്കലും ഇങ്ങനെ പറയേണ്ടി വരില്ല, "നിങ്ങള്‍ മൂലം ഞാനെത്ര സന്തോഷവതിയാണെന്നോ!" അങ്ങനെ പറയുകവഴി നിങ്ങള്‍ അയാളുടെ അഹംഭാവത്തെ ഊതിവീര്‍പ്പിക്കുന്നു, നിങ്ങളെ എപ്പോഴും സന്തോഷിപ്പിച്ചു നിര്‍ത്തുന്നതിനെക്കുറിച്ച് സദാസമയവും ചിന്തിക്കാന്‍ അയാളെ പ്രേരിപ്പിക്കുന്നു. നിങ്ങളുടെ സുഹൃത്തിനെ ആശ്രയിച്ചാണു നിങ്ങളുടെ സന്തോഷമെന്ന് നിങ്ങള്‍ സ്വയം വിശ്വസിക്കുകയും ചെയ്യുന്നു.
അഭിനിവേശങ്ങള്‍ ഇല്ലാത്ത വ്യക്തികള്‍ തമ്മില്‍ കാണുമ്പോള്‍ പറയുക,"ഞാനും നീയും പരസ്പരം കണ്ടുമുട്ടിയപ്പോള്‍ സന്തോഷം ഉടലെടുത്തു" എന്നായിരിക്കും. അത്തരം സന്തോഷം നിങ്ങളുടെയോ സുഹൃത്തിന്‍റെയോ അഹംഭാവത്താല്‍ മലിനീകൃതമാകാത്തതായിരിക്കും. ആ സന്തോഷം അനുഭവിച്ചത് നിങ്ങളുടെ ഏതെങ്കിലും പ്രത്യേക യോഗ്യത കൊണ്ടൊട്ടായിരിക്കുകയുമില്ല. വേര്‍ പിരിയുമ്പോള്‍ ഒട്ടുമേ അഭിനിവേശമില്ലാതെ നിങ്ങള്‍ക്കു യാത്ര പറയാന്‍ അപ്പോള്‍ കഴിയും. കാരണം നിങ്ങള്‍ ആസ്വദിച്ചത് മറ്റേ വ്യക്തിയെയല്ല പിന്നെയോ നിങ്ങള്‍ രണ്ടുപേരും കണ്ടുമുട്ടിയപ്പോള്‍ ഉത്ഭൂതമായ സിംഫണിയാണ്.
വേറൊരു സാഹചര്യത്തില്‍ എത്തിപ്പെടുമ്പോള്‍, അല്ലെങ്കില്‍ മറ്റൊരു വ്യക്തിയെ പരിചയപ്പെടുമ്പോള്‍, അതുമല്ലെങ്കില്‍ മറ്റൊരു ജോലി നിര്‍വ്വഹിക്കുമ്പോള്‍, പഴയതിനെക്കുറിച്ചുള്ള ഓര്‍മ്മകളുടെ ഭാണ്ഡവും ചുമന്നായിരിക്കില്ല നിങ്ങള്‍ ഇനി പോകുക. നിങ്ങള്‍ എത്തിപ്പെടുന്നതെന്താണെങ്കിലും അവിടെയും നിങ്ങള്‍ക്ക് പുതിയൊരു സിംഫണി അനുഭവവേദ്യമാകും. അവിടെനിന്നും വേറൊരിടത്തെത്തുമ്പോള്‍ അതാ അവിടെയും വേറൊരു സിംഫണി. വീണ്ടുമൊരിടത്തെത്തുമ്പള്‍ തുലോം വ്യത്യസ്തമായ മറ്റൊരു സിംഫണി... അങ്ങനെയങ്ങനെ നിങ്ങള്‍ പോകുന്നിടമൊക്കെ ആസ്വാദ്യകരമായി നിങ്ങള്‍ക്ക് അനുഭവപ്പെടുന്നു.
ഇനി മുതല്‍ ജീവിതത്തിലെ ഓരോ നിമിഷവും നിങ്ങള്‍ ജീവിച്ചു തുടങ്ങും. നിങ്ങള്‍ ആയിരിക്കുന്ന വര്‍ത്തമാനകാലത്തില്‍ നിങ്ങള്‍ ആമഗ്നയാകും. ഭൂതകാലത്തിലെ വിഴുപ്പുമായി നിങ്ങള്‍ നടന്നു നീങ്ങുകയില്ല. അതുകൊണ്ട് നിങ്ങളുടെ ആത്മാവിന് സൂചിക്കുഴയില്‍ക്കൂടി വേണമെങ്കിലും കടന്നുപോകാനാകും. ആകാശത്തിലെ പറവകളെപ്പോലെയും തോട്ടത്തിലെ പൂവുകള്‍പോലെയും നാളെയെക്കുറിച്ചുള്ള ഉത്ക്കണ്ഠകള്‍ നിങ്ങളെ ഭാരപ്പെടുത്തുകയില്ല. നിങ്ങള്‍ക്ക് ഏതെങ്കിലും വ്യക്തിയോടോ വസ്തുവിനോടോ പ്രത്യേകിച്ചൊരു മമതയും ഉണ്ടാകില്ല. കാരണം, ജീവിതമെന്ന സിംഫണി ആസ്വദിക്കാന്‍ നിങ്ങള്‍ ശീലിച്ചുകഴിഞ്ഞിരിക്കുന്നു. ജീവിതത്തെ മാത്രമാണ് നിങ്ങള്‍ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണമനസ്സോടും പൂര്‍ണ്ണശക്തിയോടും കൂടി സ്നേഹിക്കുക. ഒരു പക്ഷിയെപ്പോലെ ഒന്നിനാലും ഭാരപ്പെടുത്തപ്പെടാതെ നിങ്ങള്‍ക്കു തെന്നിനീങ്ങാനാകും. നിങ്ങള്‍ എന്നുമെന്നും നിലനില്‍ക്കുന്ന 'ഇന്നില്‍' ജീവിച്ചുതുടങ്ങും. "ഗുരോ! നിത്യജീവന്‍ അവകാശമാക്കാന്‍ ഞാനെന്തുചെയ്യണം" എന്ന നിങ്ങളുടെ ചോദ്യത്തിന് നിങ്ങളുടെ ഹൃദയത്തില്‍ ഒരുത്തരം അതോടുകൂടി നിങ്ങള്‍ കണ്ടെത്തികഴിഞ്ഞിരിക്കും.