news-details
മറ്റുലേഖനങ്ങൾ

മനുഷ്യനും പരിസ്ഥിതിയും ചില തിരിച്ചറിവുകള്‍

ഭൂമിയെ നമുക്ക് ദൈവത്തിന്‍റെ സ്വന്തം ഗ്രഹമെന്ന് വിളിക്കാം. കാരണം ഇവിടെ മാത്രമാണല്ലോ ഇതുവരെയും ജീവന്‍ ഉണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളത്. ഈ ഗ്രഹത്തില്‍ ഏകദേശം 350 കോടിയോളം വര്‍ഷങ്ങള്‍ക്കുമുമ്പ് ഉത്ഭവിച്ച ജീവന്‍ മാറിമാറി വന്ന വിഭിന്നങ്ങളായ കാലാവസ്ഥകളോടും ചുറ്റുപാടുകളോടും ജൈവവ്യവസ്ഥകളോടും പ്രതിപ്രവര്‍ത്തിച്ച് സുദീര്‍ഘമായ പരിണാമം വഴിയാണ് ഇന്ന് കാണുന്ന ജൈവവ്യവസ്ഥയും ജൈവവൈവിധ്യവും ഉള്‍പ്പെടുന്ന മനോഹരമായ പരിസ്ഥിതി രൂപപ്പെട്ടുവന്നത്. ഈ മണ്ണില്‍ ഏകദേശം ഒന്നര ലക്ഷം വര്‍ഷം മുമ്പുമാത്രമാണ്  മനുഷ്യന്‍ ജന്മമെടുത്തത്.

 

എന്നാല്‍ ആധുനികമനുഷ്യന്‍ നമ്മള്‍ പരിസ്ഥിതിയുടെ ഭാഗമല്ലെന്നും പരിസ്ഥിതി നമുക്ക് യഥേഷ്ടം ഉപയോഗിക്കുവാനുള്ള ഉപഭോഗവസ്തുക്കളുടേയും അസംസ്കൃതവസ്തുക്കളുടെയും ഒരു ശേഖരം മാത്രമാണെന്നും വിലയിരുത്തി. മനുഷ്യനും മറ്റ് ജീവികളെപ്പോലെ പരിണമിച്ച് ഉണ്ടായതാണെന്ന് നാം അംഗീകരിക്കുന്നില്ല. അപാരമായ കഴിവുള്ള തലച്ചോറിന്‍റെ ഉടമയായതു കൊണ്ടുമാത്രം മറ്റ് സസ്യ ജന്തുതരങ്ങളെയും പ്രകൃതിവിഭവങ്ങളെയും ഒരു നിയന്ത്രണവുമില്ലാതെ ചൂഷണം ചെയ്യുവാനുള്ള അധികാരം നാം സ്വയം സ്വായത്തമാക്കി.  ചുറ്റുമുള്ളതെല്ലാം സ്വന്തമാക്കണമെന്ന മനുഷ്യന് മാത്രമുള്ള സ്വഭാവം, താന്‍ ജന്മം കൊള്ളുന്നതിന് മുമ്പ് ഈ ലോകത്ത് സംജാതമായതിനോടെല്ലാം ശത്രുതാമനോഭാവം കാണിക്കുന്നതിന് കാരണമായാല്‍ അതില്‍ തെല്ലും അതിശയോക്തിയില്ല.

 

എന്തും പണമാക്കി മാറ്റുവാനുള്ള ഇന്നത്തെ തലമുറയുടെ നെട്ടോട്ടം സ്ഥലവും (ഭൂമാഫിയ) വെള്ളവും (കുപ്പിവെള്ളം) വായുവും (കാര്‍ബണ്‍ ട്രേഡ്) എന്തിന് കാലാവസ്ഥ പോലും (ഇക്കോടൂറിസം) വില്‍ക്കുവാനുള്ള അവസ്ഥയിലെത്തുകയാണ്. പ്രകൃതിയുടെ ഭാഗമല്ലാതായി നിന്ന് അവസാനത്തെ സ്രോതസ്സും ഇനിയൊരു തലമുറയ്ക്കും ലഭിക്കാനാവാത്തവിധം ചൂഷണം ചെയ്യുവാനാണ് നമുക്കു താല്പര്യം. ഈ അവസ്ഥയില്‍ മനുഷ്യനല്ലാതെ പ്രകൃതിയില്‍ കാണുന്നതെന്തും- സസ്യങ്ങളും ജന്തുക്കളും ജൈവവ്യവസ്ഥയും പരിസ്ഥിതിയും എന്തും - അളക്കപ്പെടുന്നത് അവ ലോകകമ്പോളത്തില്‍ നമുക്ക് നേടിത്തരുന്ന പണത്തിന്‍റെ വലിപ്പത്തിലാണ്. ഈ പണസമ്പാദനത്തിന്‍റെ മറ്റൊരു രൂപമാണ് ഭക്ഷ്യവസ്തുവില്‍നിന്നും നാണ്യവസ്തുവിലേക്കുള്ള നമ്മുടെ മാറ്റം.

പണമെന്ന ആര്‍ത്തിയും അഹങ്കാരവും

ഭക്ഷ്യവിള കൃഷിചെയ്താല്‍ ലഭിക്കുന്നതിനേക്കാള്‍ പണം നാണ്യവിള കൃഷിചെയ്താല്‍ ലഭിക്കുമെന്നതിനാല്‍ ഭക്ഷ്യവിള നിര്‍ത്തി നാം നാണ്യവിള കൃഷിചെയ്തു. നെല്ലും കപ്പയും തെങ്ങുംനിന്ന സ്ഥലങ്ങളൊക്കെ വളരെ പെട്ടെന്ന് റബ്ബര്‍തോട്ടങ്ങളായി മാറി. ഭക്ഷ്യസുരക്ഷയ്ക്കുപകരം നാണ്യസുരക്ഷയും ഭക്ഷ്യനിധിക്കു പകരം നാണ്യനിധിയും നിലവില്‍ വന്നു. നമ്മുടെ കയ്യില്‍ ഇന്ന് ഇഷ്ടംപോലെ പണമുണ്ട്. പക്ഷേ ആ പണം മുഴുവനും നല്‍കിയാലും ഭക്ഷ്യവസ്തു കിട്ടില്ലെന്ന കാര്യം ഞെട്ടലോടെയാണ് മലയാളികള്‍ മനസ്സിലാക്കിയത്. എവിടെനിന്ന് അരി കിട്ടും എന്നന്വേഷിച്ച് നാം പരക്കംപായാന്‍ തുടങ്ങിക്കഴിഞ്ഞു. പണം നമ്മുടെ ജീവിതം മോടിപിടിപ്പിക്കുന്നതേയുള്ളൂ; ജീവനെ താങ്ങിനിര്‍ത്തുന്നില്ല. അതിന് ഭക്ഷണം തന്നെ വേണം.

 

ഇന്ന് ഭക്ഷ്യവസ്തുക്കളും ധാന്യങ്ങളും നാണ്യവിളകള്‍പോലും വാങ്ങുന്നതും വില്‍ക്കുന്നതും ഉല്പാദകരോ ആവശ്യക്കാരായ ഉപഭോക്താക്കളോ അല്ല, മറിച്ച് എന്താണ് ഭക്ഷ്യ-നാണ്യവസ്തു എന്ന് അറിയാത്ത, പണം മാത്രം കൈവശമുള്ള ചില ഊഹക്കച്ചവടക്കാരും അവര്‍ക്കുവേണ്ടി ജോലിചെയ്യുന്ന ഇടനിലക്കാരുമാണ്. ഈ കച്ചവടത്തില്‍ ഭക്ഷ്യനാണ്യ വസ്തുക്കള്‍ ഒരിടത്തേയ്ക്കും കൈമാറ്റം ചെയ്യുന്നില്ല. ഇവര്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നത്ര ഭക്ഷ്യ-നാണ്യ വസ്തുക്കള്‍ നമ്മുടെ നാട്ടിലെന്നല്ല എവിടെയും ഉല്പാദിപ്പിക്കപ്പെടുന്നില്ല. കൈമാറ്റം ചെയ്യപ്പെടുന്നത് പണം മാത്രം. ഈ ഇലക്ട്രോണിക് ബിസിനസില്‍ ഭക്ഷ്യനാണ്യവിളകളുടെ വില നിശ്ചയിക്കുന്നത് ഉല്പാദകരോ ഉപഭോക്താക്കളോ അല്ല, മറിച്ച് വിപണിയില്‍ ലഭ്യമാകുന്ന പണത്തിന്‍റെ വലിപ്പമാണ്.

 

സഹ്യപര്‍വ്വതത്തിന്‍റെ വനനിബിഡമായ നിറുകകളില്‍ നിന്നും പുറപ്പെടുന്ന 44 ശുദ്ധജലനദികള്‍ നമുക്കുണ്ടായിരുന്നു. ചോലവനങ്ങളും പുല്‍മേടുകളും കൊണ്ട് അലങ്കരിക്കപ്പെട്ട ഹൈറേഞ്ചിന്‍റെ ഭംഗി ലോകത്ത് മറ്റൊരിടത്തും കാണാന്‍ കഴിയുമായിരുന്നില്ല. സ്വദേശത്തും വിദേശത്തുംനിന്നും വരുന്ന വിനോദസഞ്ചാരികള്‍ക്ക് യാത്ര ചെയ്യുവാനുള്ള റോഡ് നിര്‍മ്മാണത്തിനുവേണ്ടി മാന്തിക്കീറപ്പെട്ട മലകളും കുന്നുകളും തീപിടിച്ച് കരിഞ്ഞ് കരിവാളിച്ച പുല്‍മേടുകളുമൊക്കെയായി സഹ്യപര്‍വ്വതത്തെ നാം "പരിഷ്കരിച്ചു" ഒരു നിയന്ത്രണവുമില്ലാത്ത ഈ ചെയ്തികള്‍ നിമിത്തം ഒത്തിരി ജലസ്രോതസ്സുകള്‍ നിന്നുപോയി. ഭൂമുഖത്തെ കരിഞ്ഞുണങ്ങിയ കണ്ണീര്‍ ചാലുകള്‍പോലെ കൈത്തോടുകളും കൊച്ചരുവികളും അന്യം നിന്നു. ബാക്കിയുള്ളവ ടൂറിസവും ഇക്കോടൂറിസവും എന്നും മറ്റും പറഞ്ഞ് സ്വകാര്യവ്യക്തികള്‍ സ്വന്തമാക്കിവച്ചു. അവയും ഇന്ന് പണമായി മാറിക്കൊണ്ടിരിക്കുന്നു.

നമുക്ക് സാമ്പത്തിക ലാഭമുണ്ടാക്കുവാന്‍ കഴിവുള്ളതിനെ മാത്രം നട്ടുവളര്‍ത്തുകയും തീറ്റിപ്പോറ്റുകയും അല്ലാത്തതിനെയെല്ലാം കൊന്നും തിന്നും നശിപ്പിക്കുകയുമാണ് നമ്മുടെ കര്‍ത്തവ്യമെന്ന് ശാസ്ത്രജ്ഞര്‍ പോലും പഠിപ്പിക്കുന്നു. ജീവന്‍ എന്ന പ്രതിഭാസം തനിക്ക് മാത്രമുള്ള ഒരു സവിശേഷതയാണെന്ന് മനുഷ്യന്‍ കരുതിയിരിക്കണം. അങ്ങിനെ ചിന്തിക്കുന്നവര്‍ക്ക് പരിസ്ഥിതിയും അതിലെ സകല ജീവജാലങ്ങളും ജീവനില്ലാത്ത (ജീവിതമില്ലാത്ത) അസംസ്കൃതവസ്തുവായി കാണുവാനാണ് താത്പര്യം. ഇങ്ങനെ കരുതുന്നിടത്ത് പ്രകൃതിയുടെ എല്ലാ തരത്തിലുമുള്ള സ്രോതസ്സുകളുടെയും അമിതചൂഷണം സ്വയം ന്യായീകരിക്കപ്പെടുന്ന തെറ്റുകളാകുന്നതാണ് ഏറെ അപകടകരം.

പരിസ്ഥിതിക്ക് എത്ര നാശമുണ്ടായാലും പ്രകൃതിവിഭവങ്ങളുടെ അമിതചൂഷണത്തിന് ഏതറ്റം വരെയും പോകാം എന്ന നിലയില്‍ മനുഷ്യന്‍ എത്തിനില്‍ക്കുകയാണ്. ലോകരാഷ്ട്രങ്ങള്‍ തമ്മില്‍ ഇക്കാര്യത്തില്‍ മത്സരം തുടങ്ങിക്കഴിഞ്ഞു. ഒരുകാലത്ത് ആര്‍ക്കും വേണ്ടാതെ കിടന്നിരുന്ന അന്‍റാര്‍ട്ടിക്കയുടെ വീതംവയ്ക്കലും സമുദ്രങ്ങള്‍ക്ക് അതിര് നിശ്ചയിക്കലും ഇതിന്‍റെ ഭാഗങ്ങളാണ്. ഏത് വിഷം എത്രയളവില്‍ പ്രയോഗിച്ചാണെങ്കിലും വേണ്ടുകേല ഏറ്റവും കൂടുതല്‍ വിളവ് എത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ കിട്ടണം എന്ന നമ്മുടെ നാണ്യവിളത്തോട്ടമുടമകളുടെ രീതിയും, എത്ര കുഴല്‍ കിണര്‍ കുഴിച്ചിട്ടാണെങ്കിലും ശരി ഈ മലമുകളില്ലെല്ലാം റിസോര്‍ട്ട് സ്ഥാപിക്കണമെന്ന വിനോദസഞ്ചാര വ്യവസായികളുടെ സ്വഭാവവും, എത്ര കാട് വെള്ളത്തിനടിയിലാക്കിയിട്ടാണെങ്കിലും കുഴപ്പമില്ല ഡാം പണിയണമെന്ന സര്‍ക്കാരുകളുടെ വാശിയും ഈമത്സരത്തിന്‍റെ ഭാഗം തന്നെയാണ്. തികച്ചും അനാരോഗ്യകരമായ ഇത്തരം മത്സരത്തിന് മദ്ധ്യത്തിലാണ് നാം Global warming അഥവാ ആഗോളതാപനം എന്ന പ്രതിഭാസത്തേയും അതിനോട് അനുബന്ധിച്ചുള്ള കാലാവസ്ഥാവ്യതിയാനത്തേയും അഭിമുഖീകരിക്കുന്നത്.

ഈ സാഹചര്യത്തിലും ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും ഭൂമിയുടെ ചരിത്രത്തിലെ ഒരു സംഭവം മാത്രമാണെന്നും പണ്ടും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാറുണ്ടെന്നും മനുഷ്യന്‍റെ ചെയ്തികളല്ല ഇതിന് കാരണമെന്നും മറ്റും സ്വയം ആശ്വസിച്ച് ഇതിന്‍റെ ഉത്തരവാദിത്ത്വത്തില്‍നിന്നും ഒഴിഞ്ഞു മാറുവാന്‍ വിവരവും വിദ്യാഭ്യാസവും ഉള്ളവര്‍പോലും പറയുന്നുണ്ടാവാം. ധ്രുവപ്രദേശത്ത് അടുങ്ങിക്കിടക്കുന്ന ഏതാനും മഞ്ഞുമലകള്‍ ഉരുകുന്നതുകൊണ്ട് ഭൂമദ്ധ്യരേഖയ്ക്ക് അടുത്തുകിടക്കുന്ന ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് എന്താണ് പ്രശ്നമെന്നാണ് ഇക്കൂട്ടരുടെ ഭാഷ്യം. കേരളത്തിന്‍റെ താഴ്ന്ന പ്രദേശങ്ങളില്‍ സമുദ്രനിരപ്പുയര്‍ന്ന് ജലം കയറി കടലിനടിയിലായിപ്പോയാല്‍ ഹൈറേഞ്ചിലുള്ളവര്‍ക്ക് എന്താണ് പ്രശ്നമെന്ന് കരുതുന്നവരുമുണ്ട്. വാഗമണ്‍ മലനിരകളില്‍ അനിയന്ത്രിതമായ ടൂറിസം വികസനം വഴി സ്വതവേ ഉണ്ടായിരുന്ന വനങ്ങളും പുല്‍മേടുകളും നശിപ്പിക്കപ്പെട്ടു പോയി എന്ന് ദൃശ്യശ്രാവ്യ മാദ്ധ്യങ്ങളില്‍ കൂടി അറിയുന്നവര്‍ അതുകൊണ്ട് മീനച്ചിലാറിന് എന്താണ് പ്രശ്നം എന്നും ചോദിക്കുന്നു.

പരിസ്ഥിതിയില്‍നിന്നും മറ്റ് ജീവജാലങ്ങളില്‍നിന്നും വേറിട്ട് ജീവിക്കുവാനും പരിസ്ഥിതിയെ ഒരു ഉപഭോഗവസ്തുവായി കാണുവാനും  നമ്മെ പ്രേരിപ്പിക്കുന്ന 'ഞാന്‍' എന്ന ഭാവം നമ്മെ കൊണ്ടെത്തിച്ചിരിക്കുന്നത് അതിഭയങ്കരമായ സ്വാര്‍ത്ഥതയിലേക്കാണ്. ലോകത്തെവിടെയും ആര്‍ക്ക് എന്തു സംഭവിച്ചാലും സ്വന്തം കാലിനടിയിലെ മണ്ണിനും വായുവിനും സ്വന്തം കിണറ്റിലെ ശുദ്ധജലത്തിനും ഒന്നും സംഭവിക്കില്ല എന്ന് നാം ഉറച്ചു വിശ്വസിക്കുന്നു. അതിന് എന്തെങ്കിലും സംഭവിക്കുവാന്‍ തുടങ്ങുമ്പോള്‍ മാത്രമേ നാം ജാഗരൂകരാകുന്നുള്ളൂ. പക്ഷേ അപ്പോഴേയ്ക്കും നമുക്ക് നന്നാക്കാന്‍ സാധിക്കാത്ത അവസ്ഥയിലേയ്ക്ക് പരിസ്ഥിതി മാറിക്കഴിഞ്ഞിട്ടുണ്ടാവും. കേടാകുമ്പോഴൊക്കെ നന്നാക്കാന്‍ പറ്റുന്ന ഒരു യന്ത്രമല്ല പരിസ്ഥിതി എന്ന് നാം അപ്പോഴേ അറിയുകയുമുള്ളൂ.

പ്രകൃതി ഇല്ലാതെ മനുഷ്യനില്ല

പരിസ്ഥിതിക്ക് സംതുലനാവസ്ഥയിലുള്ള ഒരു ചംക്രമണപ്രക്രിയയുണ്ട്. ഒന്ന് ഉഛ്വസിക്കുന്നതിനെ മറ്റൊന്ന് ശ്വസിക്കുന്നു. ഒന്നു പുറത്തുവിടുന്നതിനെ മറ്റൊന്ന് ആഗീരണം ചെയ്യുന്നു. ഈ ചംക്രമണമാണ് പരിസ്ഥിതിയുടെ നിലനില്‍പ്പിന്‍റെ അടിസ്ഥാനം. മനുഷ്യരും ജന്തുക്കളും ഉഛ്വസിക്കുന്ന അശുദ്ധവായുവിനെ ശ്വസിച്ച് ശുദ്ധവായുവിനെ ഉഛ്വസിക്കുന്ന സസ്യങ്ങളുടെ പ്രവര്‍ത്തനമാണ് പ്രകാശസംശ്ലേഷണത്തില്‍ സംഭവിക്കുന്നത്. ഇതുവഴി അശുദ്ധവായു അന്തരീക്ഷത്തില്‍ നിന്നും നീക്കം ചെയ്യപ്പെട്ട് പകരം ശുദ്ധവായു ഉല്പാദിപ്പിക്കപ്പെടുന്നു. സസ്യങ്ങള്‍ പുറത്തുവിടുന്ന ശുദ്ധവായുവിനെ ശ്വസിച്ച് അശുദ്ധവായുവിനെ ഉഛ്വസിക്കുന്ന പ്രവര്‍ത്തനമാണ് മനുഷ്യരും മറ്റ് ജന്തുക്കളും ചെയ്യുന്ന ശ്വസനപ്രക്രിയ. ഈ ശ്വസനപ്രക്രിയയും പ്രകാശസംശ്ലേഷണവും പരസ്പരം സംതുലനാവസ്ഥയില്‍ ആണ് നടക്കേണ്ടത്. ജീവജാലങ്ങള്‍ എത്ര വര്‍ദ്ധിച്ചാലും അവയെല്ലാം ശ്വസിച്ച് പുറത്തു വിടുന്ന അശുദ്ധവായുവിനെ മുഴുവനും ആഗീരണം ചെയ്ത് ശുദ്ധവായുവിനെ ഉല്‍പാദിപ്പിക്കുവാനുള്ള കഴിവ് സസ്യങ്ങള്‍ക്കുണ്ട്. എന്നാല്‍ മനുഷ്യര്‍ കണ്ടുപിടിച്ച ഒരു യന്ത്രം പോലും പുറത്തുവിടുന്ന പുകയും മലിന വാതകങ്ങളും വലിച്ചെടുക്കാനും പ്രാണവായുവാക്കി മാറ്റാനും സസ്യങ്ങള്‍ക്ക് നാമമാത്രമായേ കഴിയുന്നുള്ളൂ. ജീവജാലങ്ങളില്‍ കൂടിയല്ലാതെ അശുദ്ധവായുവും മലിനവാതകങ്ങളും അന്തരീക്ഷത്തില്‍ ഉല്പാദിപ്പിക്കുവാന്‍ തുടങ്ങിയപ്പോള്‍ സസ്യങ്ങള്‍ക്ക് അത് മുഴുവനും വലിച്ചെടുക്കാന്‍ കഴിയാതെ വന്നു. അന്തരീക്ഷത്തിലെ വാതകങ്ങളുടെ സംതുലനാവസ്ഥ തെറ്റിയതോടെ മലിനവാതകങ്ങള്‍ - പുകയും മറ്റ് വിഷവാതകങ്ങളും - പരിസ്ഥിതിയില്‍ കുന്നുകൂടി. ഇതാണ് അന്തരീക്ഷ മലിനീകരണം. ഇതിന്‍റെ പരിണതഫലമാണ് ആഗോളതാപനം. ഇത് നമുക്ക് സമ്മാനിക്കുന്ന പ്രതിഫലമാണ് കാലാവസ്ഥാ വ്യതിയാനം.
ഭൂമിയുടെ ചൂട് കൂടുകയോ കുറയുകയോ ചെയ്യട്ടെ, കാലാവസ്ഥയും മാറട്ടെ, നമ്മളും അതിനനുസരിച്ച് മാറിയാല്‍ മതിയല്ലോ എന്ന് പറയുന്ന മിടുക്കന്‍മാരും കുറവല്ല.  എന്നാല്‍ കമ്പ്യൂട്ടറിന്‍റെ മുമ്പിലിരുന്ന് വിമാനങ്ങളെയും ഉപഗ്രഹങ്ങളെയും നിയന്ത്രിക്കുന്ന ശാസ്ത്രജ്ഞര്‍പോലും വിശക്കുമ്പോള്‍ കഴിക്കുന്നത് ഭക്ഷണവും ശ്വസിക്കുന്നത് ഓക്സിജനുമാണ്. അവര്‍ ഉഛ്വസിക്കുന്ന അശുദ്ധവായുവിനെ ശുദ്ധവായുവാക്കിമാറ്റുന്നത് സസ്യങ്ങളുടെ സഹായത്താല്‍ തന്നെയാണ്. അശുദ്ധവായുവിനെയും മലിനവാതകങ്ങളെയും വലിച്ചെടുത്ത് ശുദ്ധവായുവാക്കി മാറ്റുന്ന ഒരു യന്ത്രം നാം ഇനിയും കണ്ടുപിടിച്ചിട്ടില്ല.  വിശാലമായ സമുദ്രോപരിതലത്തില്‍ ഇപ്പോള്‍ ഉള്ളതിന്‍റെ ആയിരക്കണക്കിന് ഇരട്ടി പായലുകളെ വളര്‍ത്തി പ്രകാശസംശ്ലേഷണത്തിന്‍റെ തോതു കൂട്ടി കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍റെ അളവിനെ കുറയ്ക്കുവാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നുണ്ടെങ്കിലും അതിന്‍റെ പാര്‍ശ്വഫലങ്ങള്‍ എന്തെന്ന് നമുക്ക് ഇന്ന് പ്രവചിക്കുവാന്‍ കഴിയില്ല.

ഭൂമിയില്‍ ജൈവവ്യവസ്ഥയും പരിസ്ഥിതിയും സംജാതമായ അന്നുമുതല്‍ ശ്വാസകോശങ്ങളെന്ന പോലെ പ്രവര്‍ത്തിക്കുന്നതാണ് സ്വഭാവികവനങ്ങള്‍. നമ്മുടെ നാട്ടിലെ  പാടങ്ങളും വയലുകളുമെല്ലാം മണ്ണിട്ട് നികത്തിയിട്ട് കാടുകളും പുല്‍മേടുകളുമെല്ലാം വെട്ടിയും തീവച്ചും നശിപ്പിച്ചിട്ട്, കാലാവസ്ഥാ വ്യതിയാനത്തിനു കാരണക്കാര്‍ പടിഞ്ഞാറന്‍ രാജ്യങ്ങളാണെന്ന് നാം കുറ്റപ്പെടുത്തുന്നിടത്താണ് നമ്മുടെ നിരുത്തരവാദിത്വം നാം ആഘോഷിക്കുന്നത്. കേരളത്തില്‍ ആഗോളതാപനവും കാലാവസ്ഥാ മാറ്റങ്ങളും ശക്തമായി അനുഭവപ്പെടുന്നില്ലെങ്കില്‍ അതിന് പ്രധാന കാരണം നമ്മുടെ വനങ്ങളും ഇനിയും നികത്തപ്പെടാതെ കിടക്കുന്ന പാടങ്ങളും നീര്‍ത്തടങ്ങളുമാണ്.

ഇതൊരു തിരിച്ചറിയലാണ്; ആയിരിക്കണം. മറ്റേതൊരു ജീവിയെയുംപോലെതന്നെ മനുഷ്യനും പരിസ്ഥിതിയുടെ ഭാഗമാണെന്നും പരിസ്ഥിതി നമുക്ക് യഥേഷ്ടം ഉപയോഗിക്കുവാനുള്ള വസ്തുക്കളുടെ ശേഖരം മാത്രമല്ലെന്നുമുള്ള തിരിച്ചറിയല്‍. ഈ തിരിച്ചറിവിന്‍റെ അടിസ്ഥാനത്തില്‍ ആഗോളതാപനത്തേയും കാലാവസ്ഥാ വ്യതിയാനത്തേയും ഒന്ന് അപഗ്രഥിച്ചാല്‍ നമ്മളും ഒരുവിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ അതിന് കാരണമാണെന്ന് വരുന്നു. ഇക്കോളജിക്കന്‍ ഫുട്ട്പ്രിന്‍റ് എന്ന ഒരു സംഗതിയുണ്ട്. അത് നമ്മുടെ ഓരോരുത്തരുടെയും എല്ലാ ആവശ്യങ്ങളും- ഭക്ഷണം, വസ്ത്രം, യാത്ര, സുഖസൗകര്യങ്ങള്‍, വാഹനമോടിക്കല്‍, അങ്ങനെ എല്ലാം തൃപ്തിപ്പെടുത്തുന്നതിന്  പ്രകൃതി നല്‍കുന്ന ഒരു വിലയാണ്. ആത്യന്തികമായി ഈ വില ചുമത്തപ്പെടുന്നത് സസ്യങ്ങളിലാണ്, അല്ലെങ്കില്‍ പരിസ്ഥിതിയിലാണ്. ഓരോരുത്തരും ഉഛ്വസിക്കുന്ന അശുദ്ധവായു ശ്വസിച്ച് ശുദ്ധവായുവാക്കി മാറ്റുവാന്‍ കുറച്ച് സസ്യങ്ങള്‍ വേണം. അതുപോലെ നാം  യാത്രചെയ്യുന്ന വാഹനം പുറം തള്ളുന്ന പുക ആഗീരണം ചെയ്യുവാന്‍ കുറെയധികം മരങ്ങള്‍ (വനം) വേണം. നമുക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങളും ഫാക്ടറിയും പുറംതള്ളുന്ന പുകയും മലിനജലവും ആഗീരണം ചെയ്യുവാന്‍ കുറെയധികം വിശാലമായ വനങ്ങള്‍ വേണം. ഇതെല്ലാം ചേരുന്നതാണ് ഓരോരുത്തരുടെയും ഇക്കോളജിക്കല്‍ ഫുട്ട്പ്രിന്‍റ്. ഇതൊക്കെയും സംരക്ഷിക്കുവാന്‍ ഓരോരുത്തരും ശ്രമിച്ചാല്‍ ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും ഒരു പ്രയാസവും കൂടാതെ നിയന്ത്രിക്കുവാന്‍ കഴിയും. ഇതുതന്നെയാണ് ആഗോളതാപനം കുറയ്ക്കുവാന്‍ വേണ്ടിയുള്ള അന്താരാഷ്ട്ര ഉടമ്പടിയായ ക്യോട്ടോ  പ്രോട്ടോകോളിന്‍റെ അടിസ്ഥാനതത്ത്വവും.

You can share this post!

ഫ്രാന്‍സിസിന്‍റെ വോള്‍ട്ടിറ എഴുത്ത് (Volterra Text...) ഒരു പുതുവായന

ഡോ. ജെറി ജോസഫ് OFS
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts