news-details
മറ്റുലേഖനങ്ങൾ

കായേന്‍റെ വംശവൃക്ഷത്തില്‍ തളിര്‍ക്കുന്നവര്‍

ഒരു അസംബന്ധനാടകം പോലെ കോപ്പന്‍ഹേഗന്‍ ഉച്ചകോടി അവസാനിച്ചു. പ്രകൃതിസ്നേഹികളും ശാസ്ത്ര സമൂഹവും ഉയര്‍ത്തിയ സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും ഉത്തരം നല്‍കാനായില്ല എന്നതു മാത്രമല്ല കോപ്പന്‍ഹേഗന്‍ നേരിട്ട ദുരന്തം, ഭാവിയിലേക്ക് ഓര്‍ത്തുവയ്ക്കാന്‍ ഒരു ചോദ്യം പോലുമുയര്‍ത്താന്‍ അതിന് കഴിഞ്ഞില്ല എന്നതും കൂടിയാണ്. അതിജീവനത്തിനുവേണ്ടിയുള്ള മുറവിളികളും ഭൂമിയുടെ നനവും നേരുമറിഞ്ഞുള്ള ചര്‍ച്ചകളും പ്രതിഷേധങ്ങളും കോപ്പന്‍ഹേഗന്‍റെ മതിലുകള്‍ക്കു പുറത്ത് ലോകമെങ്ങും അരങ്ങേറിയപ്പോള്‍, ഉച്ചകോടിയുടെ മതില്‍ക്കെട്ടുകള്‍ക്കകത്ത് വൈരുദ്ധ്യങ്ങളും അസംബന്ധങ്ങളും നിറഞ്ഞ ഒരു തിരക്കഥയുടെ അതര്‍ഹിക്കുന്ന ദുരന്തപര്യവസാനത്തിന് അരങ്ങൊരുങ്ങുകയായിരുന്നു. ലംഘിക്കുവാനായി ഒരു കരാറുണ്ടാക്കാന്‍ പോലുമാവാതെ, ഏറെ കൊട്ടിഘോഷിക്കപ്പെട്ട ആ ലോകമാമാങ്കത്തിന് അങ്ങനെ കൊടിയിറങ്ങി.

കോപ്പന്‍ഹേഗന്‍ ചര്‍ച്ചകളെല്ലാം ദയനീയമായി പരാജയപ്പെട്ടത് എന്തുകൊണ്ടാണെന്ന് നമുക്ക് വീണ്ടും ചര്‍ച്ച ചെയ്യാതിരിക്കാം. ഭൂമിയെ കൊല്ലണമോ എന്നതിലല്ല, കൊന്നിട്ടുള്ള വീതംവയ്ക്കലില്‍ ഓരോരുത്തര്‍ക്കും എന്ത് പങ്ക് കിട്ടും എന്നതിലേ തര്‍ക്കം നടന്നിട്ടുള്ളൂ എന്നും നമുക്കോര്‍ക്കാം. പട്ടിണിക്കോലമായ ഒരാള്‍ ജീവന്‍റെ അവസാന തുടിപ്പ് കെടാതെ കാക്കാനായി ചവച്ചു തിന്നാന്‍ ഒരു പച്ചില ചോദിച്ചപ്പോള്‍ മറ്റൊരാള്‍ ക്യാംപ് ഫയര്‍ നടത്തി കത്തിച്ചുരസിക്കാന്‍ ഒരു കാടുമാത്രമേ ചോദിച്ചുള്ളൂ എന്നതായിരുന്നു തര്‍ക്കത്തിന്‍റെ ഹേതു. അല്ലെങ്കിലും ആട്ടിന്‍കുട്ടിയും ചെന്നായും തമ്മിലുള്ള ചര്‍ച്ചകളെല്ലാം പരാജയപ്പെടുന്നത് വഴങ്ങിക്കൊടുക്കാത്ത ആട്ടിന്‍കുട്ടിയുടെ ധാര്‍ഷ്ട്യം കൊണ്ടല്ലാതെ മറ്റെന്തുകൊണ്ടാണ്? ആക്രമണത്തിനും കീഴടക്കലിനും മുമ്പ്, പരാജയപ്പെട്ട ഒരു ചര്‍ച്ച എത്രമേല്‍ അനിവാര്യമാണെന്ന് ഏറ്റവും കൂടുതലറിയുന്നത് ചരിത്രബോധമുള്ള ചെന്നായ്ക്കു തന്നെയാണ്. കൊല്ലുംമുമ്പ് യുക്തിഭദ്രമായ ഒരു കാരണം ആട്ടിന്‍കുട്ടിയെ ബോധ്യപ്പെടുത്താതെ ഒരു ചെന്നായയും ആട്ടിന്‍കുട്ടിക്കു മേല്‍ നഖങ്ങളമര്‍ത്താറില്ല. (നാസി ജര്‍മ്മനിയിലും വിയറ്റ്നാമിലും ഇറാക്കിലും നാമത് കണ്ടതാണ്.) കാലാവസ്ഥാവ്യതിയാനത്തെപ്പറ്റി നിനക്കൊന്നുമറിയില്ല, നീ രഹസ്യമായി ആണവായുധങ്ങളും രാസായുധങ്ങളും സൂക്ഷിക്കുന്നു, നീ അശാസ്ത്രീയമായി കൃഷി ചെയ്ത് മണ്ണ് പാഴാക്കിക്കളയുന്നു, ഒരുപാട് കുഞ്ഞുങ്ങളെ ജനിപ്പിച്ച് നീ മണ്ണിനെ അഴുക്കാക്കുന്നു എന്നിങ്ങനെ ഒരുപാട് യുക്തിഭദ്രമായ കാരണങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. പണ്ട് ചെന്നായ്ക്കളുടെ പിതാമഹന്‍ അരുവിയില്‍ വെള്ളം കുടിച്ചുകൊണ്ടു നിന്ന ആട്ടിന്‍കുട്ടിക്കുമേല്‍ ചാടിവീഴുംമുമ്പ് ഇങ്ങനെയൊരു ന്യായം പറഞ്ഞു: "നീ എന്‍റെ കുടിവെള്ളം കലക്കി, അതുകൊണ്ട് നിന്നെ ഞാന്‍ കൊല്ലാന്‍ പോകുന്നു" എന്ന്. "താഴെ നില്‍ക്കുന്ന എനിക്ക്, മുകളില്‍ നില്‍ക്കുന്ന നിന്‍റെ കുടിവെള്ളം എങ്ങനെ കലക്കാനാകും?' എന്ന് അമ്പരന്ന ആട്ടിന്‍കുട്ടിയോട് ചെന്നായ വീണ്ടും പറഞ്ഞു, "നീ കലക്കിയില്ലെങ്കിലും നിന്‍റെ അമ്മ പണ്ട് മുകളില്‍നിന്ന് വെള്ളം കലക്കിയിട്ടുണ്ടാവും" എന്ന്. കോപ്പന്‍ഹേഗന്‍ ഒരു ന്യായമാണ്. യുക്തിഭദ്രമായ ഒരു ന്യായം.  തോല്‍പ്പിക്കപ്പെട്ട ഇരയുടെ ഇത്തിരിജീവനിലേക്ക് നഖവും തേറ്റയും ആഴ്ത്തുംമുമ്പ് ചെവിയില്‍ മന്ത്രിക്കാന്‍ മാത്രം യുക്തിഭദ്രമായ ന്യായം.

ആഗോളതാപനത്തിന്‍റെയും കാലാവസ്ഥാ വ്യതിയാനത്തിന്‍റെയും പിന്നിലെ ശാസ്ത്രം

അടുത്ത നൂറ്റാണ്ടോടെ ആഗോള താപനിലയില്‍ 1 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ദ്ധനവുണ്ടാവുമെന്ന് ആഗോള താപനത്തെപ്പറ്റി നിരന്തരമായി പഠിക്കുന്ന Intergovernmental Panel on Climate change (IPCC) എന്ന ഏജന്‍സി ലോകത്തിന് മുന്നറിയിപ്പ് നല്‍കുന്നു. ഏറ്റവും ഭീകരമായ പ്രകൃതിദുരന്തത്തെക്കാളും ആണവയുദ്ധത്തെക്കാളും ലോകം കണ്ട ഏറ്റവും വലിയ പകര്‍ച്ചവ്യാധിയെക്കാളും എത്രയോ മടങ്ങ് മാരകമാണ് ആഗോളതാപനം സൃഷ്ടിക്കുന്ന ദുരന്തമെന്നും  IPCC വെളിപ്പെടുത്തുന്നു. മഞ്ഞുറഞ്ഞ ധ്രുവമേഖലകളില്‍ നിന്നടര്‍ന്നുവീണ് സമുദ്രത്തിലൂടെ ഒഴുകിനടക്കുന്ന ഭീമാകാരങ്ങളായ ഹിമപാളികള്‍, മാരകശക്തിയോടെ കരയിലും കടലിലും ആഞ്ഞടിക്കുന്ന ചുഴലിക്കൊടുങ്കാറ്റുകള്‍, ആകാശംമുട്ടെ ഉയരുന്ന കൊലയാളി തിരമാലകള്‍, ക്രമാതീതമായി ഉയരുന്ന സമുദ്രജലനിരപ്പുകള്‍, സമുദ്രഗര്‍ഭങ്ങളില്‍ അപ്രത്യക്ഷമാകുന്ന ദ്വീപുകളും ദ്വീപസമൂഹങ്ങളും രാജ്യങ്ങളും വന്‍കരകളും. ശാസ്ത്രലോകം അതിന്‍റെ കാലിഡോസ്കോപ്പിലൂടെ കണ്ട് കോറിയിട്ട ദുരന്ത ചിത്രത്തിലെ മായക്കാഴ്ചകള്‍ അവസാനിക്കുന്നില്ല. സഹാറയില്‍ മഴ നിര്‍ത്താതെ പെയ്യുന്നു. റഷ്യയിലും കാനഡയിലും നിറകുലകളുമായി  വിളഞ്ഞു നിന്നിരുന്ന ഗോതമ്പുപാടങ്ങള്‍ ചുടലപ്പറമ്പുപോലെ ശൂന്യമാണ്. ധ്രുവദീപ്തിക്കുതാഴെ മൊട്ടിട്ടുവരുന്ന പച്ചപ്പുകള്‍. ചിറാപ്പുഞ്ചിയുടെ ആകാശങ്ങള്‍ക്കുതാഴെ ഒരിറ്റു വെള്ളത്തിനു വേണ്ടി കാത്തിരുന്നു ചത്തൊടുങ്ങുന്ന കാലിക്കൂട്ടങ്ങളും മനുഷ്യരും. സഹാറയില്‍ അപ്പോഴും മഴ നിര്‍ത്താതെ പെയ്തുകൊണ്ടേയിരിക്കുന്നു.... വിവരണാതീതമായ ഒരു മഹാദുരന്തത്തിലേയ്ക്ക് ഭൂമിയും പ്രകൃതിയും മനുഷ്യനും നടന്നടുക്കുകയാണ് എന്നര്‍ത്ഥം. വരള്‍ച്ചയും പ്രളയവും കൊടുങ്കാറ്റും പകര്‍ച്ചവ്യാധികളും നമുക്കായി എവിടെയോ ഒരുങ്ങുന്നുണ്ട് - കോസ്മിക് നിയമങ്ങളുടെ പണ്ടോറപ്പെട്ടികള്‍ സൂക്ഷിക്കുന്ന പ്രപഞ്ചരഹസ്യങ്ങളുടെ അടരുകള്‍ക്കുള്ളിലെവിടെയോ.

 

ആഗോളതാപനത്തിന്‍റെയും കാലാവസ്ഥാ വ്യതിയാനത്തിന്‍റെയും രസതന്ത്രം വളരെ ലളിതമാണ്. മനുഷ്യപ്രവര്‍ത്തനങ്ങളുടെ ഫലമായി അന്തരീക്ഷത്തിലേക്ക് നിക്ഷേപിക്കപ്പെടുന്ന ഗ്രീന്‍ഹൗസ് വാതകങ്ങളെന്നറിയപ്പെടുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ്, മീഥേയ്ന്‍, ക്ലോറോഫ്ളൂറോ കാര്‍ബണുകള്‍, നൈട്രഡ് ഓക്സൈഡ് എന്നിവ 14000 മുതല്‍ 25000 നാനോമീറ്റര്‍വരെ തരംഗദൈര്‍ഘ്യമുള്ള ഇന്‍ഫ്രാറെഡ് കിരണങ്ങളെ വലിയ അളവില്‍ ആഗിരണം ചെയ്യുന്നു. ഭൂമിക്കുള്ളില്‍ ഒരു കമ്പിളിപ്പുതപ്പുപോലെ പ്രവര്‍ത്തിക്കുന്ന ഈ വാതകപ്പാളികള്‍ ആഗിരണം ചെയ്യുന്ന ഇന്‍ഫ്രാറെഡ് കിരണങ്ങള്‍ താപമായി ഭൂമിയിലേക്കു പ്രതിഫലിപ്പിക്കുന്നു. ഈ വാതകപ്പാളികളുടെ സാന്ദ്രത കൂടുമ്പോള്‍ അത് പ്രതിഫലിപ്പിക്കുന്ന താപത്തിന്‍റെ അളവും ക്രമാതീതമായി ഉയരുന്നു.

 

ആഗോളതാപനം എന്ന മഹാദുരന്തത്തിലേക്ക് നമ്മെ എത്തിക്കുന്നതില്‍ 50 ശതമാനം പങ്കും വഹിക്കുന്നത് കാര്‍ബണ്‍ ഡൈ ഓക്സൈഡാണ്. വിറകും പെട്രോളിയം ഉല്‍പ്പന്നങ്ങളും തുടങ്ങി എന്തും കത്തിക്കുന്നിടത്ത് കാര്‍ബണ്‍ഡൈ  ഓക്സൈഡുണ്ടാകുന്നു. കല്‍ക്കരിയടക്കമുള്ള ഫോസില്‍ ഇന്ധനങ്ങളുടെയെല്ലാം ജ്വലന പ്രക്രിയയുടെ ഉപോല്‍പ്പന്നമായ കാര്‍ബണ്‍ഡൈ ഓക്സൈഡ് വാതകപ്പാളികളുടെ സാന്ദ്രത 0.4 ശതമാനം എന്ന കണക്കില്‍ വര്‍ഷം തോറും ഉയരുന്നു. മീഥേയ്നിന്‍റെ ആനുപാതികമായ വര്‍ദ്ധന വര്‍ഷം തോറും 1 ശതമാനവും നൈട്രഡ് ഓക്സൈഡിന്‍റെത് 0.3 ശതമാനവും അതീവ മാരകമായി മാറിക്കൊണ്ടിരിക്കുന്ന ക്ലോറോഫ്ളൂറോ കാര്‍ബണുകളുടെ വര്‍ദ്ധന 5 ശതമാനവുമാണ്. ആഗോളതാപനത്തില്‍ മീഥേയ്നിന്‍റെ ആകെ പങ്കാളിത്തം 19 ശതമാനവും സി. എഫ്. സി. യുടെ ഇപ്പോഴത്തെ പങ്കാളിത്തം 17 ശതമാനവും നൈട്രഡ് ഒക്സൈഡ്, ജലബാഷ്പം, ഓസോണ്‍ എന്നിവയുടെ പങ്കാളിത്തം യഥാക്രമം 4 ശതമാനം, 2 ശതമാനം 8 ശതമാനം എന്നീ ക്രമത്തിലുമാണ്.

ആഗോളതാപനത്തില്‍ 50 ശതമാനം പങ്കാളിത്തം വഹിക്കുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ് തന്നെയാണ് ഈ ദുരന്തനാടകത്തിന്‍റെ തിരക്കഥയൊരുക്കുന്നത്. ശാസ്ത്ര നിഗമനമനുസരിച്ച് ഏകദേശം മൂന്ന് ബില്യണ്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഏകകോശ ജീവിയായി ജീവന്‍ ഭൂമിയില്‍ പിറവിയെടുത്തപ്പോള്‍ തണുത്തുറഞ്ഞ ഈ ഭൂമിക്കുചുറ്റും ഊഷ്മളമായൊരു പുതപ്പുചുറ്റി ജീവന്‍റെ തുടിപ്പിനെ കെടാതെ കാത്തത് കാര്‍ബണ്‍ ഡൈ ഓക്സൈഡാണ്. ഈ ചൂടുപറ്റിയാണ് ഭൂമിയില്‍ ജീവന്‍ വളര്‍ന്നതും പടര്‍ന്നതും ഭൂമിയില്‍ നിറഞ്ഞതും. കാലത്തിന്‍റെ ചാക്രികപ്രയാണത്തില്‍, ഏകദേശം 100 മില്ല്യണ്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ പുതുപ്പിനുള്ളില്‍ ഭൂമി വല്ലാതെ വിയര്‍ത്തുപൊള്ളി. അന്ന് ധ്രുവങ്ങളില്‍ ഹിമപാളികളുണ്ടായിരുന്നില്ല. ഉത്തരധ്രുവം മുതല്‍ ദക്ഷിണധ്രുവം വരെയും ഭീമാകാരങ്ങളായ ദിനോസോറുകള്‍ ഭൂമിയുടെ ചക്രവര്‍ത്തിമാരായി മദിച്ചു പുളച്ചു നടന്നു. അന്ന് കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍റെ അളവ് ഇന്നത്തേതിന്‍റെ 4 മുതല്‍ 10 ഇരട്ടിയും താപനില 3 മുതല്‍ 6 ഡിഗ്രിവരെ കൂടുതലുമായിരുന്നു. കാലപ്രവാഹത്തിന്‍റെ ചാക്രിക തുടര്‍ച്ചയില്‍ 18000 വര്‍ഷങ്ങള്‍മുമ്പ് കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍റെ അളവ് ഇന്നത്തേതിന്‍റെ 60 ശതമാനം മാത്രമായി കുറഞ്ഞപ്പോള്‍ ഭൂമി വീണ്ടും തണുത്തുറഞ്ഞു.  Ice  age എന്നറിയപ്പെടുന്ന ഈ യുഗത്തില്‍ ഭൂമി മഞ്ഞുപാളികള്‍കൊണ്ട് മൂടി. ഭൂമിയുടെ അധിപതികളായിരുന്ന ദിനോസോറുകള്‍ ഭൂമിയില്‍ നിന്നുതന്നെ തുടച്ചുമാറ്റപ്പെട്ടു. അന്ന് അന്തരീക്ഷതാപനില ഇന്നത്തേതിലും 3 ഡിഗ്രി (മാത്രം!) കുറവായിരുന്നു.

ബില്ല്യണ്‍ വര്‍ഷങ്ങള്‍ക്കിടയിലുള്ള സുദീര്‍ഘമായ ഇടവേളകളില്‍ ഭൂമിയില്‍ ആവര്‍ത്തിക്കപ്പെടാവുന്ന ഈ ചാക്രികമാറ്റങ്ങളുടെ സ്വാഭാവികതയിലേക്കാണ് കേവലം 200 വര്‍ഷങ്ങള്‍ക്കുമുമ്പ് ആരംഭിച്ച വ്യവസായിക വിപ്ലവവും നഗരവത്ക്കരണവും ഭൂതാവേശം പോലെ പടര്‍ന്നു കയറിയത്. കാര്‍ബണ്‍ ഡൈ ഓക്സൈഡ് വന്‍തോതില്‍ ആഗിരണം ചെയ്താണ് വൃക്ഷങ്ങള്‍ പ്രകാശ സംശ്ലേഷണം നടത്തുന്നത്. ക്രമാതീതമായ വനനശീകരണം ഈ പ്രവര്‍ത്തനത്തെ ഗണ്യമായി കുറച്ചു. ഒരു ഭാഗത്ത് കാര്‍ബണ്‍ ഡൈ ഓക്സൈഡുകളുടെ "സിങ്കു"കളായി പ്രവര്‍ത്തിക്കുന്ന ഹരിതവനങ്ങള്‍ വ്യാപകമായി നശിപ്പിക്കപ്പെടുകയും മറുഭാഗത്ത് മനുഷ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  ഗ്രീന്‍ഹൗസ് വാതകങ്ങള്‍ അമിതമായി ഉല്‍പ്പാദിപ്പിക്കപ്പെടുകയും ചെയ്തപ്പോള്‍ ഭൂമിയുടെ അനിവാര്യമായ അന്തിമവിധി എഴുതപ്പെടുകയായിരുന്നു.

ഭൂമിക്കൊരു ചരമഗീതം

ചൂടുപകര്‍ന്നും കുളിരണിയിച്ചും മൂന്ന് ബില്യണ്‍ വര്‍ഷങ്ങളായി വിവിധ രൂപങ്ങളില്‍ ജീവനെ ഈ ഭൂമുഖത്തു കാത്തുസൂക്ഷിച്ച പ്രകൃതി, നശിപ്പിക്കുകയും പുനര്‍നിര്‍മ്മിക്കുകയും വീണ്ടും നശിപ്പിക്കുകയും ചെയ്ത പ്രകൃതി, അജ്ഞതകൊണ്ടും അതിരുകളില്ലാത്ത ആസക്തികൊണ്ടും അഹന്തകൊണ്ടും മുറിവേല്‍പ്പിച്ച തന്‍റെ മക്കളെ തൊട്ടും തലോടിയും തിരിച്ചടിച്ചും നിഗ്രഹിച്ചും പാടെ തുടച്ചുമാറ്റി പുതിയ ജൈവരൂപങ്ങള്‍ക്കു മുളപാകിയും ഭൂമിയെ സംരക്ഷിച്ച പ്രകൃതി. ഒരുപാടു തവണ രംഗങ്ങള്‍ മാറിയ ഈ നാടകത്തില്‍ മനുഷ്യന്‍റെ ആട്ടങ്ങളും പകര്‍ന്നാട്ടങ്ങളും ഇതാ ഒരു തിരശ്ശീലക്കു പിന്നിലേക്ക് മാറാന്‍ സമയമായിരിക്കുന്നു. സുഖകാമനകളുടെ നനുത്ത ചിത്രങ്ങള്‍ കോറി നാം നെയ്തുണ്ടാക്കിയ കംബളങ്ങളില്‍ നിന്നും ഭൂമിയുടെ മരണം പാതിരാക്കിനാവായി വന്ന് നമ്മുടെ ഉറക്കം കെടുത്താന്‍ തുടങ്ങിയിരിക്കുന്നു. ഭയം ഉള്ളിലൊതുക്കി സ്വകാര്യമായി ഒന്ന് നിശ്വസിക്കുകപോലുമരുത്. കാരണം, ആ നിശ്വാസത്തിലും ഭൂമിയുടെ ഇത്തിരി ജീവന്‍ ഊതിക്കെടുത്തുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡുണ്ട്. ഇനിയും മരിക്കാത്ത ഭൂമിയുടെ ആസന്നമൃതിയിലേക്ക് ജീവശ്വാസത്തിന്‍റെ ഇത്തിരി സാന്ത്വനമാകാനുള്ള ചരിത്രപരമായ നിയോഗമാണ് കോപ്പന്‍ഹേഗനില്‍ രാഷ്ട്രീയ കച്ചവടക്കാരും ദല്ലാളന്മാരും പിമ്പുകളുംകൂടി തകര്‍ത്തുകളഞ്ഞത്.

ക്യോട്ടോ ഉടമ്പടിയുടെ ആസന്നമരണത്തിന് ഒരു അന്ത്യകൂദാശയാകാന്‍ പോലും കോപ്പന്‍ഹേഗന് കഴിയാതെ പോയത് എന്തുകൊണ്ട്? ഉത്തരം വളരെ ലളിതമാണ്, കോപ്പന്‍ഹേഗനുകളുടെ പരാജയം കറുത്ത ചരിത്രത്തിന്‍റെ താളുകളില്‍ എന്നേ എഴുതപ്പെട്ടതാണ്. വേട്ടക്കാരനും ഇരയും തമ്മിലുള്ള മത്സരത്തിന്‍റെ ബലതന്ത്രം അതാവശ്യപ്പെടുന്നു എന്നതുതന്നെ കാരണം. ശീതികരിച്ച മുറിയുടെ സ്വഛതയിലിരുന്ന് നാം അയല്‍ക്കാരനോട് കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറന്തള്ളുന്നത് നിര്‍ത്താനായി നീ നിന്‍റെ അടുപ്പിലെ തീയണയ്ക്കൂ എന്നാവശ്യപ്പെടുന്നു. ഇന്ത്യയെപ്പോലുള്ള മൂന്നാംലോകരാജ്യങ്ങളിലെ വലിയൊരു ശതമാനം തെണ്ടിപ്പരിഷകള്‍ വാഹനങ്ങളില്‍ യാത്രചെയ്യാന്‍ തുടങ്ങിയതോടെ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഉറവ വറ്റിത്തുടങ്ങി എന്ന് അമര്‍ഷം കൊണ്ടത് നാസിത്തലവനല്ല, ലോകപോലീസിന്‍റെ ഒരു മുന്‍ ഫ്യൂറോറാണ്. മൂന്നാംകിട ടെക്നോളജികൊണ്ട് ആണവ ഇന്ധനങ്ങളുടെ സമ്പുഷ്ടീകരണം നടത്തുന്ന ഒരു രാജ്യത്തിന്‍റെ വിഡ്ഢിത്തം നിറഞ്ഞ ഹീറോയിസത്തിനു നേരെ ആണവ പോര്‍മുനകള്‍ ചൂണ്ടി ഭീഷണിപ്പെടുത്തുന്ന ഹാസ്യം നാമെത്ര കണ്ടതാണ്?

ഭയന്നോടുന്ന ഇരയുടെ കിതപ്പിന്‍റെ ഉഛ്വാസത്തിലും വേട്ടക്കാരന്‍റെ പകയുടെ ജ്വലനത്തിലും ഭൂമിയെ വെന്തുപൊള്ളിക്കുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡുണ്ടെന്ന് തിരിച്ചറിയാത്ത ഒരു ഉടമ്പടിയും ഒരു ചര്‍ച്ചയും രേഖപ്പെടുത്തിവയ്ക്കാന്‍ നാളെ ഇവിടെയൊരു ചരിത്രംപോലും ബാക്കിയുണ്ടാവില്ല. കാടിനെ കൊന്ന് ഹൈടെക് സിറ്റികളുണ്ടാക്കുമ്പോള്‍, അയല്‍ക്കാരനെ ഭയപ്പെടുത്താന്‍ ആണവസ്ഫോടനം നടത്തുമ്പോള്‍, രാജ്യത്തിന്‍റെ അഭിമാനം ആകശത്തോളമുയര്‍ത്താന്‍ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ആകാശപേടകങ്ങളയയ്ക്കുമ്പോള്‍, ഭൂമിയുടെ ജീവന്‍റെ അവസാനതുടിപ്പിലേക്ക് കൊലക്കത്തിയിറക്കു കയാണെന്ന് അറിയുന്നവര്‍തന്നെയാണ് ഉടമ്പടികളുടെ അജണ്ട തീരുമാനിക്കുന്നത് എന്നതാണ് കോപ്പന്‍ഹേഗനുകളുടെ പരാജയകാരണം. വെന്തുപൊള്ളി വാപിളര്‍ത്തുന്ന ഭൂമിയുടെ ദാഹമടക്കാന്‍ സഹോദരന്‍റെ രക്തമല്ലാതെ മറ്റൊന്നും നല്‍കാനില്ല എന്നതാണ് നാളെയുടെ ദുരന്തം. അതുകൊണ്ട് ഉടമ്പടി ഉണ്ടാക്കാന്‍ പോകുന്നവര്‍ തങ്ങള്‍ ഇരയുടെ പക്ഷത്തോ വേട്ടക്കാരന്‍റെ പക്ഷത്തോ എന്നെങ്കിലും തീരുമാനിക്കേണ്ടതുണ്ട്. നിഷ്പക്ഷം  എന്ന കപട അരിസ്റ്റോക്രസിയുടെ മുഖംമൂടിയണിയുന്ന നപുംസകങ്ങളും പിന്നെ ഐക്യരാഷ്ട്രസംഘടനയും നിഷ്പക്ഷമെന്നൊരു പക്ഷമില്ലെന്നും അത് ഭീരുവിന്‍റെ സുവിശേഷവും ശക്തന്‍റെ പക്ഷംചേരലുമാണെന്നും പറഞ്ഞ ബര്‍ട്രന്‍റ് റസ്സലിനെ ഓര്‍മ്മിക്കുന്നത് നന്ന്.

ഭൂമിയെ സ്വന്തം സഹോദരന്‍റെ രക്തംകൊണ്ട് മലിനപ്പെടുത്തിയ ഒരു പിതാമഹന്‍ നമുക്കുണ്ട്. 'നിന്‍റെ സഹോദരനെവിടെ' എന്ന ചോദ്യത്തിന് അവന്‍റെ രക്തംകൊണ്ട് നനഞ്ഞ മണ്ണില്‍ ചവിട്ടിനിന്നുകൊണ്ട് എക്കാലത്തെയും വലിയ ഒരു ചോദ്യം "ഞാനാണോ എന്‍റെ സഹോദരന്‍റെ കാവല്‍ക്കാരന്‍" എന്നയാള്‍ തിരിച്ചുചോദിച്ചു. ലോകത്തെവിടെയും കോപ്പന്‍ ഹേഗനിലും ഈ ചോദ്യം ആവര്‍ത്തിക്കപ്പെടുന്നുണ്ട്. -"ഞാനാണോ എന്‍റെ സഹോദരന്‍റെ കാവല്‍ക്കാരന്‍?" സഹോദരന്‍റെ - ഈ മണ്ണിന്‍റെയും ജലത്തിന്‍റെയും ഭൂമിയുടെയും പ്രകൃതിയുടെയും  സര്‍വ്വചരാചരങ്ങളു ടെയും കാവല്‍ക്കാരനാവേണ്ടവന്‍, കാല്‍ച്ചുവട്ടില്‍ കബന്ധങ്ങളൊളിപ്പിച്ചുവച്ചുകൊണ്ട് മറുചോദ്യങ്ങള്‍ ചോദിക്കുന്നു. സഹോദരന്‍റെ രക്തം വീണു കുഴഞ്ഞ മണ്ണില്‍ ചവിട്ടി നില്‍ക്കുമ്പോഴും സ്വന്തം ജീവന്‍റെ അച്ചാരമായി നെറ്റിയില്‍ പേറുന്ന ഒരടയാളമാണ് അയാളുടെ അഹന്തയും ആര്‍ത്തിയും. ഒരു മഹാപ്രളയം അയാള്‍ക്കായി ഒരുങ്ങുന്നു. രക്ഷപ്പെടാന്‍ ഒരു പേടകംപോലുമില്ലാത്ത മഹാപ്രളയം...

You can share this post!

ഫ്രാന്‍സിസിന്‍റെ വോള്‍ട്ടിറ എഴുത്ത് (Volterra Text...) ഒരു പുതുവായന

ഡോ. ജെറി ജോസഫ് OFS
അടുത്ത രചന

നടവഴിയില്‍ പുല്ല് കയറിയോ?

ഫാ. ഷാജി സി. എം. ഐ.
Related Posts