1. കേരളത്തില്‍ ആകെ എത്ര കിലോമീറ്റര്‍ നീളത്തില്‍ റോഡുണ്ട്? ഇരുവശവും കണക്കു കൂട്ടിയാല്‍ അതിന്‍റെ ഇരട്ടി നീളത്തില്‍ കാനകള്‍ (ഓടകള്‍) ഉണ്ടായിരിക്കേണ്ടതല്ലേ? യഥാര്‍ത്ഥത്തില്‍ കേരളത്തിലെ കാനകള്‍ എത്ര കിലോമീറ്ററുണ്ട്? റോഡിലെ പെയ്ത്തുവെള്ളം ഒഴുകിപ്പോകാന്‍ പര്യാപ്തമാണോ? ഉള്ള കാനകളില്‍ എത്രയെണ്ണം ചെളിയടിഞ്ഞും വേസ്റ്റ് കെട്ടിക്കിടന്നും വെള്ളക്കെട്ട് സൃഷ്ടിക്കുന്നുണ്ട്?
2. കേരളത്തിലെ മൊത്തം ജംഗ്ഷനുകള്‍, പട്ടണങ്ങള്‍, ദേശീയ സംസ്ഥാന ജില്ലാ പാതയോരങ്ങള്‍ ഇവിടങ്ങളിലായി എത്ര സ്ക്വയര്‍ ഫീറ്റ് മേല്‍ക്കൂരകളുണ്ട്? (ഫ്ലാറ്റുകള്‍ ഉള്‍പ്പെടെ). അവയില്‍ നിന്ന് ഒരു മണിക്കൂര്‍ മഴ സമയത്ത് പൊതു ഇടത്തേക്ക് പുറം തള്ളപ്പെടുന്നത് ഉദ്ദേശം എത്ര ഗാലന്‍ വെള്ളം ഉണ്ടാകും? അത് ഒഴുകിപ്പോകാന്‍ മതിയായ സംവിധാനമുണ്ടോ?
3. തണ്ണീര്‍ത്തടങ്ങള്‍ എന്നു വിളിക്കപ്പെടുന്ന നെല്‍പ്പാടങ്ങള്‍ 30 വര്‍ഷം മുമ്പ് എത്ര ഹെക്ടര്‍ ഉണ്ടായിരുന്നു? ഒരു മഴക്കാലത്ത് എത്ര ഗാലന്‍ വെള്ളം സംഭരിക്കാന്‍ ശേഷിയുണ്ടായിരുന്നു? ഇന്ന് എത്ര ഹെക്ടര്‍ നെല്‍പ്പാടമുണ്ട്? എത്ര ഗാലന്‍ ജലം ഇപ്പോള്‍ സംഭരിക്കപ്പെടുന്നുണ്ട്?
4. ശാസ്ത്രീയമായ ഡ്രെയിനേജ് സംവിധാനത്തോടെ ഡിസൈന്‍ ചെയ്തിട്ടുള്ള എത്ര പട്ടണ ങ്ങള്‍, നഗരങ്ങള്‍ എന്നിവ കേരളത്തിലുണ്ട്? ചതുപ്പുകള്‍ നികത്തി ഉയര്‍ത്തിയ പട്ടണങ്ങളില്‍ നിന്ന് മഴ വെളളം പുറത്തു പോകാന്‍ മതിയായ സംവിധാനങ്ങളുണ്ടോ?
5. പാടം നികത്തിയ ഇടങ്ങള്‍, നദികള്‍ക്ക് കുറുകെയുള്ള പാലങ്ങള്‍, കലുങ്കുകള്‍ എന്നിവ വെള്ളം തടഞ്ഞു നിര്‍ത്തുന്നതിനും വെളളക്കെട്ട് ഉയര്‍ത്തുന്നതിനും കാരണമാകുന്നുണ്ടോ? പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ നദികളിലെ പാലങ്ങളിലും കലുങ്കുകളിലും കുമിഞ്ഞു കൂടുന്നത് വെള്ളക്കെട്ടിന് എത്രമാത്രം കാരണമാകുന്നുണ്ട്?
6. ഏതാനും വര്‍ഷം മുമ്പ് കല്ലാര്‍കുട്ടി ഡാം തുറന്ന് ചെളി ഒഴുക്കി കളഞ്ഞതുകൊണ്ട് ഡാമിന്‍റെ ജലസംഭരണശേഷി കൂടുക മാത്രമല്ല, ധാരാളം മണല്‍ ലഭിക്കുകയും പഞ്ചായത്തുകള്‍ക്ക് നികുതി വരുമാനം വര്‍ധിക്കുകയും ചെയ്തു. സമാനമായ സാധ്യതകള്‍ നദികളെയും ഡാമുകളെയും സംബന്ധിച്ച് പരിശോധിക്കേണ്ടതില്ലേ?
7. പത്തിരുപത് വര്‍ഷങ്ങള്‍ക്കു മുമ്പത്തെ കൈത്തോടുകള്‍, പുഴകള്‍, നദികള്‍ എന്നിവ ഒഴുകി യിരുന്ന 'വാട്ടര്‍ മാപ്പ്' ലഭ്യമാണോ? അവയിലേതെങ്കിലും നീരൊഴുക്കുകള്‍ ഇപ്പോള്‍ തടയപ്പെട്ടി ട്ടുണ്ടോ? ആ വഴികളടഞ്ഞതു കൊണ്ട് വെളളം വഴിമാറിയൊഴുകുന്നുണ്ടോ?
8. നദിക്കരകളിലും റോഡ് പുറമ്പോക്കുകളിലും കുടിലോ ഷെഡ്ഡോ കെട്ടി താമസിക്കുന്നവരെ പുനരധിവസിപ്പിക്കേണ്ടതല്ലേ? നദീതീരങ്ങള്‍ കയ്യേറിയ വ്യവസായ/ കച്ചവട സ്ഥാപനങ്ങളോ വീടുകളോ മറ്റു കെട്ടിടങ്ങളോ നിയമത്തിന്‍റെ കണ്ണു കെട്ടി നിലനില്‍ക്കുന്നുണ്ടോ?
9. അയല്‍വാസിയുടെ വീടിന് അപകടകരമായേക്കാവുന്ന റീട്ടെയിനിംഗ് വാളുകള്‍, മതിലുകള്‍ എന്നിവ നിയമ വിധേയ നിര്‍മിതികളാണോ?
10. അവസാന ചോദ്യം ക്വാറിയെക്കുറിച്ചാണ്. കല്ല്, മെറ്റല്‍, പാറപ്പൊടി എന്നിവയുടെ ഗുണഭോക്താവ് അല്ലാത്ത ആരാണ് കേരളത്തിലുള്ളത്? വീടുപണി മുതല്‍ റോഡ് പണിയും കടല്‍ഭിത്തി നിര്‍മാണവും വരെ കരിങ്കല്ലിനെ ആശ്രയിച്ചു നടക്കുന്ന നാട്ടില്‍ സേഫ് ക്വാറിയിംഗ് എന്നൊന്നുണ്ടോ? അതിനുള്ള സ്ഥലം കേരളത്തിലുണ്ടോ? റോഡ് മുതല്‍ വീടു വരെ പണിയുന്നവര്‍ക്ക് ഇടനിലക്കാരുടെ ചൂഷണത്തില്‍ പെടാതെ ഇവ ലഭ്യമാകുമോ? മണലിനെക്കാള്‍ കൂടുതല്‍ പ്രാധാന്യം പാറപ്പൊടിക്ക് ലഭിക്കുമ്പോള്‍ കൂടുതല്‍ പാറകള്‍ പൊട്ടിച്ച് എടുക്കേണ്ടി വരില്ലേ? മണല്‍ വാരുന്നതാണോ പാറ പൊടിച്ചെടുക്കുന്നതാണോ കൂടുതല്‍ പാരിസ്ഥിതിക ആഘാതമുണ്ടാക്കുക?