മോറി ഷ്വാര്‍ട്സ് 1995 നവംബര്‍ 4-ാം തീയതി മരിച്ചു. അമിനോട്രോഫിക് ലാറ്റെറല്‍ സ്ക്ലെരോസിഡ് (ALS) എന്ന ശാസ്ത്രനാമമുള്ള അപൂര്‍വ്വ രോഗമായിരുന്നു കാരണം. മരണത്തില്‍ നിന്നുവേണം മോറി ഷ്വാര്‍ട്സ് എന്ന മനുഷ്യന്‍റെ ജീവിത സന്ദേശം വായിച്ചു തുടങ്ങാന്‍, എന്തെന്നാല്‍ മരണത്തിന്‍റെ പൂമുഖത്തിരുന്നുകൊണ്ടാണ് അദ്ദേഹം തന്‍റെ ശിഷ്യനായ മിച് ആല്‍ബോമിന് ജീവിത പാഠങ്ങള്‍ പകര്‍ന്നു കൊടുത്തത്. ലോകമെമ്പാടും വമ്പിച്ച പ്രചാരണം നേടിയ "റ്റ്യൂസ്ഡേയയ്സ് വിത് മോറി" എന്ന ചെറിയ പുസ്തകത്തിന്‍റെ ഉള്ളടക്കം ഇതാണ്.
റഷ്യയില്‍ നിന്ന് യഹൂദ വിദ്വേഷത്തിന്‍റെ ഇരയായി അമേരിക്കയില്‍ അഭയം തേടിയ ചാര്‍ളി എന്ന തൊഴിലാളിയുടെ മകനായിരുന്നു മോറി. ബാല്യത്തില്‍തന്നെ അനുഭവിച്ച ദാരിദ്ര്യവും അനാഥത്വവും മോറിയുടെ ജീവിത വീക്ഷണത്തിന്‍റെ അടിത്തറയായി. രണ്ടാനമ്മയുടെ സ്നേഹവും പ്രോത്സാഹനവും കഠിനാദ്ധ്വാനത്തിലൂടെ പഠിച്ചുയരാനുള്ള പ്രേരണയായി. മാസ്സച്യുസെറ്റ്സിലെ ബ്രാന്‍ഡെയ്സ് യൂണിവേഴ്സിറ്റിയില്‍ സോഷ്യോളജി പ്രൊഫസറായി. 1970 കളുകളില്‍ അദ്ദേഹത്തിന്‍റെ വിദ്യാര്‍ത്ഥിയായിരുന്നു മിച് ആല്‍ബോം. തന്‍റെ വിദ്യാര്‍ത്ഥികളുമായി ഊഷ്മളമായ സ്നേഹബന്ധം നിലനിര്‍ത്തിയിരുന്ന പ്രൊഫസര്‍ മോറിയെ എല്ലാവരും ഇഷ്ടപ്പെട്ടിരുന്നു.
വിദ്യാര്‍ത്ഥി കാലഘട്ടിത്തിനുശേഷം ഇരുപതു വര്‍ഷത്തോളം മിച് മോറിയുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നില്ല. സംഗീതജ്ഞനാകാന്‍ ശ്രമിച്ച് വലിയ വിജയമൊന്നും കാണാതെ ഒടുവില്‍ ഒരു പത്രസ്ഥാപനത്തില്‍ സ്പോര്‍ട്സ് റിപ്പോര്‍ട്ടറായി. ജീവിത വ്യഗ്രതകളുടെ നടുവില്‍ ഒരിക്കല്‍ ആദര്‍ശവാനും സ്നേഹസമ്പന്നുമായിരുന്ന മിച് മറ്റൊരു മനുഷ്യനായി മാറിയിരുന്നു. കരുണയില്ലാത്ത ജീവിതമത്സരഗോദയിലെ ഹൃദയം നഷ്ടപ്പെട്ട മറ്റൊരു പോരാളി.
ഈയവസ്ഥയിലാണ് ആകസ്മികമായി ഒരു ദിവസം ടിവി ചാനലുകള്‍ മാറുന്നതിനിടയില്‍ തന്‍റെ പഴയ പ്രൊഫസറുടെ മുഖം മിച് കണ്ടത്. റ്റെഡ് കോപ്പല്‍ എന്ന ടി. വി. അവതാകരകന്‍റെ 'നൈറ്റ് ലൈന്‍' എന്ന പരിപാടിയില്‍ മോറിയുമായി ഒരു ഇന്‍റര്‍വ്യൂ. ശരീരത്തിലെ മാംസപേശികള്‍ ദുര്‍ബലമായി, പടിപടിയായി മരണത്തിലേയ്ക്കു നീങ്ങുന്ന പ്രൊഫസര്‍ മോറിക്ക് ലോകത്തോടു ചിലതെല്ലാം പറയാനുണ്ട്. അതുകേട്ടപ്പോള്‍ മിച്ചിന് വീണ്ടും തന്‍റെ പഴയ പ്രൊഫസറെ കാണുവാന്‍ മോഹമുണ്ടായി. അങ്ങനെ മിച് മാസ്സച്യു സെറ്റ്സിലേയ്ക്കു തിരിച്ചു.
തന്‍റെ പൂര്‍വ്വ വിദ്യാര്‍ത്ഥിയെ മോറി വികാരാധീനനായി സ്വീകരിച്ചു. ഇരുപതു വര്‍ഷങ്ങള്‍ക്കുശേഷമുള്ള കണ്ടുമുട്ടല്‍. നൃത്തവും നീന്തലും നല്ല ഭക്ഷണവുമൊക്കെ ആസ്വദിച്ചിരുന്ന മോറിയുടെ ജീവിതം ഇപ്പോള്‍ വീല്‍ ചെയറിലും കിടക്കയിലുമാണ്. എങ്കിലും മിച്ചിനെ അതിശയിപ്പിച്ചുകൊണ്ട് മോറി സന്തോഷവാനായി കാണപ്പെടുന്നു. മിച്ചിന്‍റെ സ്ഥിതി വ്യത്യസ്തമാണ്. സ്പോര്‍ട്സ് താരങ്ങളെ ആള്‍ ദൈവങ്ങളായി ആരാധിക്കുന്ന ഒരു ജനസമൂഹത്തില്‍ സെലിബ്രിറ്റികളുടെ പിറകേ വാര്‍ത്തയ്ക്കും ഗോസ്സിപ്പിനുമായി ഓടിനടന്ന് ഹെഡ്ലൈനുകള്‍ ക്രമീകരിച്ച ജീവിതമാണയാള്‍ക്ക്. ജീവിതവിജയം മാത്രമാണ് ജീവിക്കാനുള്ള പ്രചോദനം. എന്നാല്‍ പെട്ടെന്നു അതെല്ലാം ഇപ്പോള്‍ കൈവിട്ടു പോകുന്നു എന്നതാണ് അയാളുടെ അവസ്ഥ.
വീണ്ടും മോറിയുടെ വിദ്യാര്‍ത്ഥിയാകുകയാണ് മിച്, മറന്നുപോയ ജീവിതപാഠങ്ങള്‍ വീണ്ടും പഠിക്കാന്‍. കുറെ ചൊവ്വാഴ്ചകളാണ് സമാഗമങ്ങള്‍ക്കായ് അവര്‍ നീക്കി വച്ചിരിക്കുന്നത്. അങ്ങനെ പതിന്നാലു ചൊവ്വാഴ്ചകളിലായി ഉരുത്തിരിഞ്ഞു വരുന്ന മോറിയുടെ ചിന്തകള്‍ ധ്യാനപ്രസംഗങ്ങള്‍ പോലെ നമ്മുടെ മുമ്പില്‍ അവതരിക്കുന്നു. മരണം, സ്നേഹം, കുടുംബം, മാനുഷിക വികാരങ്ങള്‍ കോര്‍പ്പറേറ്റ് ജീവിതത്തിന്‍റെ കരാളത ഇവയെല്ലാം മോറിയുടെ വാക്കുകളില്‍ വിലയിരുത്തപ്പെടുന്നു.
സ്നേഹമാണ് മോറിയുടെ ഏറ്റവും സത്തായ സന്ദേശം. ഒരു സംഭാഷണവേളയില്‍ ഡബ്ള്യൂ. എച്ച്. ഓഡന്‍റെ കവിതാശകലം ഉദ്ധരിച്ചു കൊണ്ട് അദ്ദേഹം പറയുന്നു 'പരസ്പരം സ്നേഹിക്കുക അല്ലെങ്കില്‍ നശിക്കുക!' (Love each other or Perish) ഭൗതികനേട്ടങ്ങളെ നിരന്തരം സ്വപ്നം കണ്ടുകൊണ്ട് പരക്കം പായുന്ന ലോകത്ത് നമുക്ക് നഷ്ടപ്പെടുന്ന സ്നേഹബന്ധങ്ങള്‍, ആര്‍ദ്രഭാവങ്ങള്‍.. വാര്‍ത്താമാധ്യമങ്ങളും ബുദ്ധിശൂന്യമായ നേരമ്പോക്കുകളും മനുഷ്യ ജീവിതത്തെ ബന്ധിച്ചിടുന്ന അയഥാര്‍ത്ഥവും മരീചികാസമാനവുമായ ലോകത്തുനിന്ന് പലായനം ചെയ്യുവാനാണ് മോറിയുടെ ആഹ്വാനം.
സ്നേഹത്തില്‍ ബലിയുണ്ട്. അവിടെ 'അഹ'ത്തിനും താന്‍പോരിമയ്ക്കും ഇടമില്ല. ഇന്‍ഡിവിജ്വലിസം എന്ന തത്വശാസ്ത്രത്തില്‍ അധിഷ്ഠിതമാണ് ആധുനിക ലോകത്തിന്‍റെ ജീവിത വീക്ഷണം. അഹം മതി, അപരന്‍ വേണ്ട, എന്തെന്നാല്‍ അവന്‍ എനിക്കു നരകമാണല്ലോ! മോറി തന്‍റെ ബാല്യകാലമോര്‍മ്മിക്കുമ്പോള്‍ അപ്പനില്‍ നിന്നു കിട്ടാതെ പോയ സ്നേഹത്തെപ്പറ്റി വിലപിക്കുന്നുണ്ട്. ഇപ്പോള്‍ തന്‍റെ ആതുരാവസ്ഥയില്‍ സ്വതവേ തന്‍റേടിയെങ്കിലും ചുറ്റുമുള്ളവര്‍ നല്കുന്ന സ്നേഹവും ശുശ്രൂഷയും തിരസ്ക്കരിക്കുന്നില്ല. ശൗചം ചെയ്യാന്‍ പോലും പരാശ്രയം വേണ്ടി വരുന്നതിനെപ്പറ്റി അദ്ദേഹം നേരംപോക്കു പറയുന്നുമുണ്ട്.
മനുഷ്യര്‍ ഒറ്റപ്പെട്ട ദ്വീപുകളല്ല. മഹാസാഗരത്തിലെ തിരമാലകള്‍ പോലെയാണ്. ഒന്നിനു പിറകേ ഒന്നായി തീരത്തടിഞ്ഞു മരിക്കുന്ന ഓരോതിരയും ഒരു തുടര്‍ച്ചയാണ്. ഓരോ മനുഷ്യവ്യക്തിയും ഒരേ ജീവന്‍റെ തുടര്‍ച്ചയാണ്. എല്ലാം സ്നേഹത്താല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു.
മിച്ചിന്‍റെ ജീവിതത്തില്‍ സ്നേഹത്തിന്‍റെ ഉണര്‍വ് സംഭവിക്കുന്നതും നമ്മള്‍ കാണുന്നു. കൂടപ്പിറപ്പുകളില്‍ നിന്നെല്ലാമകന്ന് ക്യാന്‍സര്‍ രോഗിയായി സ്പെയിനിലെവിടെയോ കഴിയുന്ന പീറ്റര്‍ ഒരിക്കലും ബന്ധുക്കളുടെ ഔദാര്യത്തിനും സ്നേഹപ്രകടനങ്ങള്‍ക്കും വഴങ്ങാന്‍ തയ്യാറല്ല. മോറിയുടെ സ്വാധീനത്തില്‍ തന്‍റെ സഹോദരനായ പീറ്ററുമായി വീണ്ടും ബന്ധം പുതുക്കുവാന്‍ മിച്ച് ശ്രമിക്കുന്നു. ആദ്യമൊക്കെ തിരസ്ക്കരിക്കപ്പെട്ടെങ്കിലും മോറി പ്രവചിച്ചതുപോലെ മിച്ച് തന്‍റെ സഹോദരനുമായി ഒടുവില്‍ രമ്യപ്പെടുകതന്നെ ചെയ്യുന്നു.
സ്നേഹത്തിന്‍റെ നിയമങ്ങളില്‍ പ്രധാനമാണ് പരസ്പര വിശ്വാസം. "അന്ധമായി വിശ്വസിക്കുക" എന്നതാണ് തത്വം. എല്ലാബന്ധങ്ങളിലും ഇതുവേണം. എല്ലാവിശ്വാസവും അന്ധമാണ്. സ്നേഹത്തിന്‍റെ യുക്തി ഇതാണ്. "Love is the only rational act" എന്നു മോറി പറയുന്നുണ്ട്. അതെ, സ്നേഹം മാത്രമാണ് ഏറ്റവും വലിയ യുക്തി. മനുഷ്യബന്ധങ്ങള്‍ എല്ലാം പവര്‍ ഗെയിം ആക്കി മാറ്റിയ ലോകത്തിന് ഈ സന്ദേശം വിചിത്രമായി തോന്നുമോ?
മരണബോധം മനുഷ്യസഹജമാണ്. ഇതേപ്പറ്റി എത്രയോ കലാസൃഷ്ടികള്‍ നമ്മള്‍ കണ്ടിരിക്കുന്നു. എത്ര എത്ര ധ്യാന പ്രസംഗങ്ങള്‍ കേള്‍ക്കുന്നു. എന്നാല്‍ നാം ജീവിക്കുന്ന സംസ്കാരിക പ്രപഞ്ചം ജീവിതത്തിന്‍റെ ഈ അടിസ്ഥാന സത്യത്തെ മറക്കുവാനും ഒളിക്കുവാനും ശ്രമിക്കുന്നതായിട്ടാണ് തോന്നുക. അതിന്‍റെ അനുസാരിയായി വരുന്നതാണ് യൗവനം എന്ന പ്രതിഭാസത്തെ ഒരു വിഗ്രഹമായി പ്രതിഷ്ഠിക്കുന്നത്. മോറിക്ക് ഇതേപ്പറ്റിയും പറയാനുണ്ട്. ചെറുപ്പത്തില്‍ അമ്മയുടെ അകാലമരണവും അത് സ്വസഹോദരനില്‍ നിന്ന് മറച്ചുവയ്ക്കാന്‍ അപ്പന്‍ നിര്‍ബ്ബന്ധിച്ചതും തീക്ഷ്ണമായ ഓര്‍മ്മകളാണ്. ഒടുവില്‍ ഒരു കൊള്ളക്കാരനെ ഭയന്നോടി ഹൃദയാഘാതം വന്നു മരിച്ച സ്വപിതാവിന്‍റെ ശരീരം മോര്‍ച്ചറിയില്‍ ചെന്നു തിരിച്ചറിയുന്നതും സജീവമായി മനസ്സിലുണ്ട്.
മരണത്തെ മോറി ഹൃദയപൂര്‍വ്വം ഏല്ക്കുന്നു. ജീവിതത്തിന്‍റെ അവസാനനാളുകളിലല്ല മരണത്തെ ധ്യാനിക്കേണ്ടത്. നിരന്തരം നമ്മെത്തന്നെ നവീകരിക്കുവാന്‍ മൃത്യുബോധം ഉണ്ടാകണം. ജീവിതത്തിന്‍റെ സൗന്ദര്യത്തെ അറിയാനിതു കൂടിയേ തീരു. ''Death is the mother of beauty" എന്നു വാലസ് സ്റ്റീവന്‍സ് ഒരു കവിതയില്‍ പറയുന്നുണ്ട്. അതിന്‍റെ അര്‍ത്ഥം ഇതു തന്നെ: മരിക്കാന്‍ പഠിക്കണം, എങ്കിലേ ജീവിക്കാന്‍ പഠിക്കൂ. ഇതാണ് മോറി ഉപദേശിക്കുന്നത്.
വാര്‍ദ്ധക്യത്തെ രണ്ടാം ശൈശവമായി അദ്ദേഹം കാണുന്നു. യുവതലമുറയോട് അദ്ദേഹം സഹതപിക്കുന്നു. യൗവനത്തിന്‍റെ ഉപരിപ്ലവമായ സന്തോഷങ്ങള്‍ വെറുമൊരു പ്രഹസനം മാത്രമാണ്. യുവാക്കള്‍ ഏറെ സഹിക്കുന്നുണ്ട്. എന്നാല്‍ അവരുടെ സഹനങ്ങളെ കൈകാര്യം ചെയ്യാനവര്‍ക്കറിഞ്ഞൂകൂടാ. യൗവനം നിലനിര്‍ത്താനുള്ള തത്രപ്പാടുകള്‍, ജീവിതത്തില്‍ അനുഭവിക്കാന്‍ കഴിയാതെ പോകുന്ന ആനന്ദത്തിനുവേണ്ടിയുള്ള ത്വരയുടെ പ്രകടനമാണ്.
ജീവിതത്തെയും മരണത്തെയും നിര്‍മ്മമത്വത്തോടെ സ്വീകരിക്കുക. പരസ്പരബന്ധങ്ങള്‍, സ്നേഹം, ഉറപ്പുള്ള ജീവിത മൂല്യങ്ങള്‍, കുടുംബബന്ധങ്ങളുടെ സാന്ദ്രത ഇവയൊക്കെയാണ് ജീവിതം ധന്യമാക്കുന്നത്. ജീവിതം വലിയ ഭാരമായി തോന്നുമ്പോള്‍ എന്തു ചെയ്യണമെന്ന് ഒറ്റവാക്കില്‍ മോറി പറഞ്ഞുതരും. "Detach" നിര്‍മ്മമരാകുവാന്‍ കഴിയുന്നവര്‍ ഭാഗ്യവാന്മാര്‍. ഈ നിര്‍മ്മമത്വം നിസ്സംഗതയല്ല.
സമകാലീന സംഭവങ്ങളുടെ പശ്ചാത്തലം ഈ ധ്യാനഭാഷണങ്ങള്‍ക്കു പിന്നിലുണ്ട്. പലപ്പോഴും അവ മോറിയുടെ ചര്‍ച്ചാ വിഷയമായിതീരുന്നുണ്ട്. സെലിബ്രിറ്റി സംസ്കാരത്തിന്‍റെ നീചസ്വഭാവം പലപ്പോഴും നമ്മുടെ മുമ്പില്‍ കൊണ്ടുവരുന്നുണ്ട് മോറി. 1990 കളില്‍ അമേരിക്കയിലെ മാധ്യമങ്ങള്‍ കൊണ്ടാടിയ കുപ്രസിദ്ധമായ ഓ ജെ സിംപ്സണ്‍ വിവാദം തന്നെ ഇതിലൊന്ന്. ഒ ജെ സിംപ്സണ്‍ എന്ന ബേസ്ബോള്‍ താരം വെള്ളക്കാരിയായ ഭാര്യയേയും അവരുടെ സുഹൃത്തിനെയും കൊലപ്പെടുത്തിയതും തുടര്‍ന്നുവന്ന വര്‍ഷങ്ങള്‍ നീണ്ട കേസ് വിസ്താരവും രാഷ്ട്രീയവും വംശീയവുമായ വികാരങ്ങള്‍ തീവ്രമാക്കി. ഇതില്‍ മാധ്യമങ്ങള്‍ വഹിച്ച പങ്കു വലുതായിരുന്നു. ഇതുപോലെ എത്രയോ സംഭവങ്ങള്‍!
ആധുനിക മനുഷ്യന്‍റെ സാംസ്കാരിക ഭാവനാമണ്ഡലങ്ങളെ അടക്കി വാഴുന്ന ദൃശ്യമാധ്യമങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള പോപ്പുലര്‍ കള്‍ചര്‍ ഒരു വലിയ ഉത്സവപ്പറമ്പാണ്. ചിന്താശൂന്യതയുടെയും നൈമിഷികമായ ത്രില്ലുകളുടെയും ഗോസിപ്പുകളുടെയും ലോകം. മിച്ച് അതിന്‍റെ ഭാഗഭാക്കാണ്. സെലിബ്രിറ്റികളെ വേട്ടയാടി മാധ്യമ കോര്‍പ്പറേറ്റുകളുടെ ജനപ്രീതി വളര്‍ത്താനായി ജീവന്‍ ഹോമിക്കുന്ന മറ്റൊരു പാപ്പരാസി. ഒരിക്കല്‍ വിംബിള്‍ഡണ്‍ ടൂര്‍ണമെന്‍റ് കവര്‍ ചെയ്യാന്‍ പോകുന്ന സംഭവം മിച് തന്നെ പറയുന്നുണ്ട്. ആന്ദ്രേ ആഗസിയും അയാളുടെ ഗേള്‍ഫ്രണ്ട് ഹോളിവുഡ് നടി ബ്രൂക് ഷീല്‍ഡ്സും അവിടെയുണ്ട്. അവരെ പിന്തുടര്‍ന്നോടുന്നതിനിടയില്‍ മറിഞ്ഞു വീണു പോകുന്ന മിച്ചിന് തന്‍റെ തൊഴിലിന്‍റെ അര്‍ത്ഥ ശൂന്യതയെപ്പറ്റി വെളിപാടുണ്ടാകുന്നു.
രണ്ടു പ്രസിദ്ധരായ മാധ്യമരാക്ഷസന്മാരും ഈ കഥയിലുണ്ട് ഒന്ന് നൈറ്റ് ലൈന്‍ ആങ്കര്‍ ചെയ്യുന്ന റ്റെഡ് കോപ്പല്‍. മോറിയെ ഇന്‍റര്‍വ്യൂ ചെയ്യാനെത്തുന്ന ഈ സൂപ്പര്‍ താരത്തിന്‍റെ ഇമേജിന്‍റെ പിന്നില്‍ തന്നെപ്പോലെ തന്നെ മറ്റൊരു മനുഷ്യജീവിയുണ്ടെന്നറിയാം മോറിക്ക്. താരജാഡകള്‍ മറികടന്നുള്ള ബന്ധമുറപ്പിക്കാനിതു സഹായകമാകുന്നു. നിങ്ങളുടെ ഹൃദയത്തോട് ഏറ്റവും ചേര്‍ന്നിരിക്കുന്ന കാര്യമെന്താണെന്ന മോറിയുടെ ചോദ്യം ഇതിനു നിമിത്തമാകുന്നു. തന്നെപ്പറ്റി മോറിയുടെ അഭിപ്രായമെന്താണെന്നു കോപ്പല്‍ ചോദിക്കുമ്പോള്‍ മോറി നല്കുന്ന മറുപടി ഇതാണ്: "നിങ്ങള്‍ ഒരു നാര്‍സിസ്സ്റ്റാണ്" (സ്വന്തം പ്രതിച്ഛായയുമായി പ്രണയത്തിലായിരിക്കുന്ന ഒരാള്‍) മാധ്യമ ലോകത്തു പ്രവര്‍ത്തിക്കുന്നവന്‍റെ ഏറ്റവും വലിയ പ്രലോഭനവും ദൗര്‍ബല്യവുമിതു തന്നെ!
മറ്റൊരു താരവും കൂടിയുണ്ട് മോറിയുടെ നിശിതമായ കാഴ്ചവട്ടത്തില്‍. ശതകോടീശ്വരനായ റ്റെഡ്റ്റര്‍ണര്‍. C.N.N. എന്ന മാധ്യമശ്യംഖലയുടെ മുതലാളിയാണ്. ഇയാള്‍ ഒരിക്കല്‍ തന്‍റെ ജീവിതാഭിലാഷം വെളിപ്പെടുത്തിയത് ഇങ്ങനെയാണ്: "ഞാനൊരിക്കലും ഒരു ടെലിവിഷന്‍ നെറ്റ്വര്‍ക്ക് സ്വന്തമാക്കിയില്ല എന്ന് എന്‍റെ കബറിടത്തില്‍ എഴുതിവയ്ക്കാനാഗ്രഹിക്കുന്നില്ല.' മോറി ഇത് ഒരു നേരം പോക്കെന്നമട്ടില്‍ കണക്കാക്കുന്നു. ഇത്തരം വാക്കുകള്‍ക്കുള്ളില്‍ ഒളിച്ചിരിക്കുന്ന ദ്രവ്യാര്‍ത്തിയും അധികാരാസക്തിയും നാം കണാതിരുന്നുകൂടാ. മോറിയുടെ പരാമര്‍ശം മിച്ചിനെയും ചിന്തിപ്പിക്കുന്നു.
അറപ്പുളവാക്കുന്ന തിന്മകളുടെ സാമ്രാജ്യമാണിത്. തിന്മയോളം ക്രയവിക്രയ സാധ്യത മറ്റെന്തിനുണ്ട്? വ്യഭിചാരം, ശരീരപ്രദര്‍ശനം, കൊലപാതകം, ഭീകരത, ഗൂഢാലോചനകള്‍ കൂട്ടക്കൊലകള്‍, അഴിമതിക്കഥകള്‍... അങ്ങനെ നടന്നതും നടക്കാത്തതുമൊക്കെ നിരന്തരം നിര്‍ബ്ബന്ധബുദ്ധിയോടെ നമ്മുടെ മുമ്പില്‍ വിളമ്പിത്തരുന്നു. പരസ്യങ്ങളൊരുക്കുന്ന വ്യമോഹ വലയങ്ങളില്‍ നാം കുടുങ്ങുന്നു. ചിന്തയും ധ്യാനവും ആന്തരിക ജീവിതവുമൊക്കെ മാറ്റി വയ്ക്കപ്പെടുന്നു. ജീവിതം മുഴുവന്‍ ഒരു വള്‍ഗര്‍ എന്‍റര്‍ടെയ്ന്‍മെന്‍റാണ്! ഒരു റിയാലിറ്റിഷോ! മാധ്യമ കോര്‍പറേറ്റുകളുടെ ലാഭം വര്‍ദ്ധിപ്പിക്കുവാന്‍ ശമ്പളം പറ്റുന്ന കുറെ മനുഷ്യര്‍. ഇവിടെ കൂട്ടായ്മകളില്ല, കൂട്ടയോട്ടമാണുള്ളത്. കരയാനും ചിരിക്കാനും ചിന്തിക്കാനും നിന്നാല്‍ പിന്നാലെ വരുന്നവന്‍ തള്ളിയിട്ടു ചവിട്ടി മുന്നോട്ടു പോകും. ഒന്നാമതെത്തണ്ടേ? ജീവിത വിജയം നേടണ്ടേ?
മോറിയുടെ പ്രതികരണം മറിച്ചാണ്. ജീവിതത്തില്‍ പരസ്പരം മത്സരിച്ച് ഞരമ്പുരോഗികളാകണ്ട. ജീവിതം ജീവിക്കാനുള്ളതാണ്. ഒരിക്കല്‍ കോളജില്‍ വച്ച് ഒരു കളിക്കളത്തില്‍ ഒരുപറ്റം വിദ്യാര്‍ത്ഥികള്‍ We are number one എന്ന് ആര്‍ത്തു വിളിക്കുമ്പോള്‍ മോറി തിരിഞ്ഞ് അവരോടൊരു ചോദ്യം: "രണ്ടാമനായാല്‍ എന്താണു തെറ്റ്?" ഈ സംഭവം മിച് ഓര്‍ത്തിരുന്നു. മത്സരവേദിയാകുന്ന ലോകത്തു ജീവിക്കുവാനുള്ള അടവുകളിലൊന്ന് മസൃണ വികാരങ്ങളെ അമര്‍ത്തിവയ്ക്കുക എന്നതാണ്. വികാരജീവികള്‍ക്കുള്ളതല്ല ഈ ലോകം! എന്നാല്‍ മോറി പറയുന്നതു വിപരീതമാണ്. വികാരങ്ങള്‍ എത്ര സ്വാഭാവികമാണ്! അവ പ്രകടിപ്പിക്കപ്പെടണം. അവ ദൗര്‍ബല്യങ്ങളല്ല. നമ്മുടെ മനുഷ്യത്വത്തെ വിളംബരം ചെയ്യുന്നതാണ്. സങ്കടവും നിരാശയും അനുഭവപ്പെടുമ്പോള്‍ ജ്ഞാനവൃദ്ധനായ മോറിയും ഹൃദയപൂര്‍വ്വം കരയും. സന്തോഷവും സ്നേഹവുമെല്ലാം പ്രകടിപ്പിക്കും. പങ്കിടപ്പെടുന്ന വികാരങ്ങളല്ലേ മനുഷ്യ ജീവിതങ്ങളെ പരസ്പരം ചേര്‍ക്കുന്നത്?
ഏറ്റവും അഗാധമായത് ഏറ്റവും സാധാരണമായതാണ്, ഏറ്റവും വ്യക്തിപരമായതാണ്, ഏറ്റവും സാര്‍വ്വജനീനവും. ഈ പുസ്തകം നമുക്കു തരുന്ന ഒരു തിരിച്ചറിവാണിത്.