news-details
മറ്റുലേഖനങ്ങൾ

പ്രകൃതിയും ലാവണ്യശാസ്ത്രവും

പ്രകൃതിയെ നാമൊരു സൗന്ദര്യജ്ഞാനിയുടെ, കലാസ്വാദകന്‍റെ കണ്ണിലൂടെ നോക്കുകയാണെങ്കില്‍ മനോഹരമായ ഒരു പൂന്തോപ്പായി അതു മാറും. അങ്ങനെ കാണാന്‍ നാം നമ്മുടെ മനോഭാവത്തില്‍തന്നെ മാറ്റം വരുത്തേണ്ടതുണ്ട്. 'തല'യില്‍നിന്നും 'ഹൃദയ'ത്തിലേക്കുള്ള ഒരു ചുവടുമാറ്റം. ശാസ്ത്രജ്ഞന്‍റെ കാര്‍ക്കശ്യത്തില്‍ നിന്നും കവിയുടെ സ്വാതന്ത്ര്യത്തിലേക്കുള്ള പറിച്ചുനടല്‍. കലാസ്വാദകന്‍റെ കാഴ്ചയ്ക്ക് പല പ്രത്യേകതകളുണ്ട്. ഒന്നാമതായി, ഒരു വസ്തുവിന്‍റെ ഉപയോഗമൂല്യമല്ല നിങ്ങളെ ആകര്‍ഷിക്കുക. പിന്നെയോ അതിന്‍റെ സൗന്ദര്യം മാത്രമായിരിക്കും. ഒരു റോസാപ്പൂവിനെ കാണുമ്പോള്‍ നിങ്ങള്‍ അറിയാതെ അതിന്‍റെ സൗന്ദര്യം ആസ്വദിക്കുകയാണെങ്കില്‍ അതില്‍ത്തന്നെ നിങ്ങള്‍ക്കു ഒരു സംതൃപ്തി ലഭിക്കും.

രണ്ടാമതായി, കലാസ്വാദകന്‍റെ കാഴ്ച മൊത്തത്തിലുള്ള കാഴ്ചയാണ്. ഒരു വസ്തുവിനെ പല പല ഘടകങ്ങളായി ഇഴപിരിച്ചെടുത്ത് ഓരോന്നിനെയും വിശകലനം ചെയ്യുന്നത് അയാളുടെ രീതിയല്ല. പ്രകൃതിയുടെ സൗന്ദര്യം ദൃശ്യമാകുന്നത് അതിനെ ആകമാനം ശ്രദ്ധിക്കുമ്പോഴാണ്. വെള്ളവും വൃക്ഷവും ആകാശവും മലകളും താഴ്വരകളും  എല്ലാം തമ്മിലുള്ള ഹാര്‍മണിയിലാണ് പ്രകൃതി സൗന്ദര്യം ദൃശ്യമാകുക. താജ്മഹല്‍ പണിതിരിക്കുന്ന ഓരോ മാര്‍ബിള്‍ കല്ലും എടുത്തു പരിശോധിച്ചാല്‍ നാം പ്രത്യേകിച്ചൊരു സൗന്ദര്യവും കാണില്ല. അതിന്‍റെ സൗന്ദര്യം ഇരിക്കുന്നത് അതിനെ മൊത്തത്തില്‍ കാണുമ്പോഴാണ്.

കലാസ്വാദകന്‍റെ കാഴ്ചകളുടെ മറ്റൊരു പ്രത്യേകത അതു വൈരുദ്ധ്യങ്ങളെ ഒന്നിപ്പിക്കുന്നു എന്നതാണ്. സംഗീതമെന്നത് ശബ്ദത്തിന്‍റെയും നിശ്ശബ്ദതയുടെയും ലയമല്ലേ? ഏതു ചിത്രകലയും പ്രകാശത്തിന്‍റേയും ഇരുളിന്‍റേയും മിശ്രിതമല്ലേ? നൃത്തത്തില്‍ ചലനവും നിശ്ചലതയും സമ്മേളിച്ചിട്ടില്ലേ? നൃത്തത്തിന്‍റെയും  സംഗീതത്തിന്‍റെയും ഒക്കെ സൗന്ദര്യത്തിനു നിദാനം അവ വൈരുദ്ധ്യങ്ങളെ ഒന്നിപ്പിക്കുന്നു എന്നതിലാണ്. വലിയ ഒച്ചക്കോ തീക്ഷ്ണമായ പ്രകാശത്തിനോ ചടുല ചലനങ്ങള്‍ക്കോ വലിയ സൗന്ദര്യമില്ലെന്നതു നമ്മുടെ അനുഭവമാണല്ലോ. അവയ്ക്കു സൗന്ദര്യമേറണമെങ്കില്‍ അവയുടെ വൈരുദ്ധ്യങ്ങളായ നിശ്ശബ്ദതയും ഇരുളും നിശ്ചലതയും അവയുമായി യഥാക്രമം സമ്മേളിപ്പിക്കേണ്ടതുണ്ട്.

സൗന്ദര്യാസ്വാദനത്തിനു ഒന്നിനെയും മാറ്റി നിര്‍ത്താനാവില്ല. ചിലതിനെ സുന്ദരമെന്നും ചിലതിനെ വിരൂപമെന്നും തരംതിരിക്കാനാവില്ല. ചിലതിനെ ഉദാത്തമെന്നും ചിലതിനെ ക്ഷുദ്രമെന്നും നമുക്കു വിഭജിക്കാനാവില്ല. പണ്ടൊക്കെ സ്വര്‍ണ്ണത്തിന്‍റെ ചായം പൂശിയ ചിത്രങ്ങളും മാര്‍ബിള്‍ക്കൊണ്ടുള്ള പ്രതിമകളും സുന്ദരമെന്നു കരുതപ്പെട്ടിരുന്നു. ഇന്നാകട്ടെ, ഒരു പുല്‍നാമ്പ്, ഒരു മരക്കഷണം, പൊട്ടിയ ഒരു കല്ല് ഒക്കെയും സുന്ദരമായി തിരിച്ചറിയപ്പെടുന്നുണ്ട്.

ഭാവനാശക്തിക്ക് സൗന്ദര്യാസ്വാദനത്തില്‍ വലിയ പങ്കുണ്ട്. ഭാവനാശൂന്യന് സൂര്യാസ്തമനത്തില്‍ ചില നിറങ്ങള്‍ മാറുന്നതായേ കാണാനാകൂ. ഭാവനാസമ്പന്നന് ലാവണ്യാനുഭൂതിയുടെ കലവറയാണ് ഓരോ അസ്തമയവും. ഭാവനയെന്നതുതന്നെ മറഞ്ഞിരിക്കുന്നതിനെ കാണാനുള്ള കഴിവാണല്ലോ. ഇത്തരം സൗന്ദര്യാസ്വാദനം ഒരു വ്യക്തിയെ യാഥാര്‍ത്ഥ്യത്തിന്‍റെ ആഴങ്ങളിലേക്കു കൂട്ടിക്കൊണ്ടു പോകുന്നു. ശാസ്ത്രത്തിന് എന്നും അപരിചിതമായിരിക്കും ഇത്തരം ആഴങ്ങള്‍. ഒരു പാട്ടു കേള്‍ക്കുമ്പോള്‍, ഒരു പൂവ് കാണുമ്പോള്‍, ഒരു ശില്പം ആസ്വദിക്കുമ്പോള്‍ കണ്‍മുമ്പിലില്ലാത്ത എന്തോ ഒന്നിനെ ഒരു കലാസ്വാദകനു കാണാനാകുന്നു.

ചിരപുരാതനമായ കലയും കലാകാരിയും പ്രകൃതിതന്നെയാണ്. നടനത്തിലെ ചലനാത്മകതയും നിശ്ചലതയും, സംഗീതത്തിലെ ശബ്ദവും നിശ്ശബ്ദതയും, ചിത്രത്തിലെ പ്രകാശവും ഇരുളും... എല്ലാമെല്ലാം ഇവിടെ ഈ പ്രകൃതിയിലുണ്ട്. പ്രകൃതിയെന്ന കലയുടെ അനുരണനങ്ങളാണ് മനുഷ്യന്‍റെ കലകളിലൂടെ കൂടുതല്‍ വ്യക്തമായി ആവിഷ്കരിക്കപ്പെടുന്നത്. പ്രകൃതിയെന്ന കലയെ ആസ്വദിക്കാനും അതിന്‍റെ നൃത്തത്തിലും സംഗീതത്തിലും പങ്കുപറ്റാനും അങ്ങനെ ഒരു നിദാന്തമായ ശാന്തതയനുഭവിക്കാനും പ്രകൃതി നമ്മെ ക്ഷണിക്കുന്നു.

You can share this post!

മുഖമൊഴി

റോണി കിഴക്കേടത്ത്
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts