news-details
മറ്റുലേഖനങ്ങൾ

പെണ്‍കരുത്ത്

'ഞാന്‍ ഇറോം ശര്‍മിള ചാനു' എന്ന് നിറഞ്ഞു കത്തുന്ന പന്തങ്ങളുടെ വെളിച്ചത്തില്‍ പറയുമ്പോള്‍ ശര്‍മിളയുടെ വികാരങ്ങള്‍ മുഴുവനായും എന്‍റെ മുഖത്ത് പടരുന്നില്ലല്ലോ എന്ന് ഓരോ അരങ്ങിലും ഞാന്‍ അറിയുന്നു. ഏറെക്കുറെ സുരക്ഷിതമായ കേരളീയാന്താരീക്ഷത്തില്‍ സ്വതന്ത്രമായി വിഹരിക്കുന്ന എനിക്ക് അത്  പൂര്‍ണമായും ഉള്‍ക്കൊള്ളാനിനിയും കുറേ അനുഭവങ്ങള്‍ തീര്‍ച്ചയായും വേണ്ടിവരും. എങ്കിലും ഇറോം ശര്‍മിളയെന്ന മണിപ്പൂരി കവയിത്രിയുടെ സമരത്തിന് വളരെ ചെറിയൊരു പിന്തുണ കൊടുക്കാന്‍ 'പന്തമേന്തിയ പെണ്ണുങ്ങള്‍' എന്ന നാടകത്തിലൂടെ സാധിക്കുന്നുവെങ്കില്‍ അതിന് നന്ദി പറയേണ്ടത് ഈ കാമ്പയിന്‍ ഇന്ത്യയൊട്ടാകെ ഏറ്റെടുത്തു നടത്തുന്ന ഓരോ വ്യക്തിയോടുമാണ്, ഓരോ സംഘത്തോടുമാണ്.......തീര്‍ച്ചയായും മണിപ്പൂരിലെ പന്തമേന്തിയ സ്ത്രീകളോടാണ്.

1972ല്‍ ഇറോം സഖീ ദേവിയുടേയും ഇറോം നന്ദാ സിംഗിന്‍റേയും മകളായി ജനിച്ച ഇറോം ശര്‍മിള ചാനു അസാധാരണമായ കഴിവുകളൊന്നും പ്രകടിപ്പിക്കാത്ത ഒരു പെണ്‍കുട്ടിയായിരുന്നു, അല്‍പ്പസ്വല്‍പ്പം കവിതകള്‍ കുത്തിക്കുറിച്ചിരുന്നതൊഴികെ. പക്ഷേ, അവളുടെ രക്തത്തില്‍ കലര്‍ന്നിരുന്നത് മണിപ്പൂരിലെ സ്ത്രീകളുടെ സമര വീര്യമായിരുന്നു. ആ ഗ്രാമത്തിലെ മുഴുവന്‍ അമ്മമാരും മുലയൂട്ടിയിരുന്നതിനാലാവാം അത്രക്കും കരുത്ത്-ഭാരതമിപ്പോള്‍ അയണ്‍ ലേഡി എന്നു വിളിക്കത്തക്കവിധം-അവളില്‍ നിറഞ്ഞത്.

മണിപ്പൂരില്‍ എല്ലാ രംഗത്തും നിറഞ്ഞു നില്‍ക്കുന്നത് സ്ത്രീകളാണ്. മണിപ്പൂരിലെ ചന്തയുടെ പ്രത്യേകത കച്ചവടക്കാര്‍ സ്ത്രീകളാണ് എന്നതുതന്നെ. ഉത്തരവാദിത്തങ്ങളൊന്നും ഏറ്റെടുക്കാന്‍ തയ്യാറാവാതെ മദ്യ ലഹരിയില്‍ കുഴഞ്ഞുവീണുകിടക്കുന്ന തങ്ങളുടെ പുരുഷന്മാരെ രാത്രി വീട്ടിലെത്തിക്കുന്നതും ഇവര്‍ തന്നെ. പട്ടാളത്തിന്‍റെ അതിക്രമങ്ങള്‍ക്കെതിരെ ശക്തിയോടെ പ്രതികരിക്കാനും തീവ്രവാദികളുടെ കയ്യില്‍ പെട്ടുപോകുന്ന തങ്ങളുടെ മക്കളെ തിരികെ കൊണ്ടു വരാനും ഇവര്‍ രാപ്പകല്‍ പോരാടുന്നു. ഒരേ സമയം ശക്തരും വികാരഭരിതരുമായ സ്ത്രീകളെയാണ് മണിപ്പൂരില്‍ നമുക്ക് കാണാനാവുക.

മണിപ്പൂരില്‍ 1958ല്‍ ഇന്ത്യാ ഗവണ്‍മെന്‍റ് പാസാക്കിയ പട്ടാള നിയമം, AFSPA  (Armed Forces Special Powers Act) അനുസരിച്ച് പട്ടാളക്കാര്‍ക്ക് വാറണ്ട് ഇല്ലാതെതന്നെ ഏതു പൗരനേയും അറസ്റ്റ് ചെയ്യാം.  അവരുടെ വസ്തുവകകള്‍ പിടിച്ചെടുക്കാം. ചെറിയൊരു സംശയത്തിന്‍റെ പേരില്‍ ആരെ വേണമെങ്കിലും വെടിവെച്ചു കൊല്ലാം. നിയമത്തിന്‍റെ മറവില്‍ പട്ടാളം അഴിഞ്ഞാടുകയാണവിടെ. നിരപരാധികളായ ചെറുപ്പക്കാര്‍ വെടിവെച്ചു കൊല്ലപ്പെടുന്നു, യുവതികളെ ബലാത്സംഗം ചെയ്ത് വലിച്ചെറിയുന്നു. ഇന്ത്യയൊട്ടാകെ നാണിച്ചു തല താഴ്ത്തേണ്ട വിധത്തിലുള്ള അക്രമങ്ങളാണ് ഇപ്പോഴും അവിടെ തുടര്‍ന്നുകൊണ്ടിരിക്കുന്നത്.

2000 നവംബര്‍ രണ്ടിന് മണിപ്പൂരിലെ മാലോം എന്ന സ്ഥലത്ത് ബസ്റ്റോപ്പില്‍ ഇരിക്കുകയായിരുന്ന പത്തു ചെറുപ്പക്കാരെ പട്ടാളക്കാര്‍ വെടിവെച്ചു കൊന്നു. വര്‍ഷങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്ന അസ്വാതന്ത്ര്യത്തിന്‍റെ ഒരു പൊട്ടിത്തെറി പോലെ അന്നുതന്നെ ഇറോം ശര്‍മിള നിരാഹാരം തുടങ്ങി. പ്രത്യേക നിയമം പിന്‍വലിക്കുന്നതുവരെ ഒരുതുള്ളി വെള്ളംപോലും കുടിക്കില്ല എന്ന പ്രതിജ്ഞയോടെയാണ് ശര്‍മിള നിരാഹാരം ആരംഭിച്ചത്. 'നീ തുടങ്ങിവെച്ച സമരം പൂര്‍ത്തിയാക്കാതെ എന്നെ കാണാന്‍ വരരുത്' എന്ന തന്‍റെ അമ്മയുടെ     വാക്കുകള്‍ അവള്‍ ഇപ്പോഴും തെറ്റിച്ചിട്ടില്ല. ശര്‍മിളയുടെ നിരാഹാര സമരം പത്താം വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണിപ്പോള്‍.

നിരാഹാര സമരം ആരംഭിച്ച് നാലാമത്തെ ദിവസം പോലീസ് ശര്‍മിളയെ ഇന്ത്യന്‍ പീനല്‍ കോഡിന്‍റെ 307ാം വകുപ്പ് പ്രകാരം ആത്മഹത്യാ ശ്രമത്തിന് അറസ്റ്റ് ചെയ്തു. നവംബര്‍ 21 മുതല്‍ മൂക്കു കുഴലിലൂടെ നിര്‍ബന്ധിച്ച് ഗ്ലൂക്കോസ് നല്‍കിക്കൊണ്ടിരിക്കുന്നു. ഒരു വര്‍ഷമാകുമ്പോള്‍ ഒരു ദിവസത്തേക്ക് ശര്‍മിളയെ ജയില്‍ വിമോചിതയാക്കുന്നു, പിറ്റേന്ന് വീണ്ടും അറസ്റ്റ് ചെയ്യാന്‍ വേണ്ടി മാത്രം.

ഗവണ്‍മെന്‍റ് നിയമിച്ച ജസ്റ്റിസ് ജീവന്‍ റെഡ്ഢി കമ്മീഷനും, വര്‍ഗപരമായ വിവേചനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന യുനൈറ്റഡ് നാഷണല്‍ കമ്മിറ്റിയും ഇന്ത്യാ ഗവണ്‍മെന്‍റിനോട് ആക്ട് പിന്‍വലിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നു. പക്ഷേ ഇതുവരെ ഇന്ത്യയിലെ ഉത്തരവാദിത്തപെട്ടവരാരും ശര്‍മിളയെ സന്ദര്‍ശിക്കുകയോ സംസരിക്കുകയോ ചെയ്തിട്ടില്ല എന്നത് ഒരു ജനാധിപത്യ രാജ്യമെന്ന നിലയില്‍ നമ്മുടെ നിരുത്തരവാദിത്തമാണ് തെളിയിക്കുന്നത്.

രാജ്യം മുഴുവനും പടര്‍ന്നു പിടിച്ചിരിക്കുന്ന തീവ്രവാദികളുടെ അക്രമ സമരമാര്‍ഗങ്ങള്‍ സ്വീകരിക്കാതെ തികച്ചും സമാധാനപരമായി സമരം ചെയ്തുകൊണ്ടിരിക്കുന്ന ശര്‍മിളയെ ശ്രദ്ധിക്കുന്നില്ല എന്നത് അത്തരം സമര മാര്‍ഗങ്ങളോടുള്ള സര്‍ക്കാരിന്‍റെ അവജ്ഞയാണ് കാണിക്കുന്നത്. അക്രമം,  ഇനിയുമിനിയും അക്രമം എന്നതിലേക്ക് നമ്മുടെ യുവാക്കള്‍ തിരിയുന്നതിന് തീര്‍ച്ചയായും ഉത്തരവാദികള്‍ നാം തന്നെയായിരിക്കും എന്ന തിരിച്ചറിവ് എന്നാണ് ഭരണകര്‍ത്താക്കള്‍ക്കുണ്ടാവുക?

(ഇറോം ശര്‍മിളയുടെ കനല്‍വഴികളെ കേരളീയര്‍ക്കു നാടകത്തിലൂടെ പരിചയപ്പെടുത്തിയ അഭിനേത്രിയാണ് ലേഖിക.) 

You can share this post!

മുഖമൊഴി

റോണി കിഴക്കേടത്ത്
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts