news-details
മറ്റുലേഖനങ്ങൾ

ക്രൈസ്തവ പൗരോഹിത്യം ഇന്നും പ്രസക്തമോ?

ക്രൈസ്തവ പൗരോഹിത്യത്തെപ്പറ്റിയുള്ള പരമ്പരാഗതമായ ചില ധാരണകള്‍ക്കും കാഴ്ചപ്പാടുകള്‍ക്കുമൊക്കെ മാറ്റം വന്നുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണല്ലോ ഇത്. എന്താണ് പൗരോഹിത്യം, എന്താണ് ഇന്നു പുരോഹിതന്‍റെ പ്രസക്തി, എന്നൊക്കെ വിശ്വാസികള്‍ക്കിടയില്‍ പോലും ചോദ്യങ്ങളും സംശയങ്ങളും ഉയര്‍ന്നുവരാറുണ്ട്. സാധാരണ വിശ്വാസികള്‍ മാത്രമല്ല, പുരോഹിതര്‍പോലും ഇങ്ങനെയുള്ള ചോദ്യങ്ങള്‍ സ്വയം ചോദിക്കാറുണ്ട്; സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും അവരും അധീനരാകാറുണ്ട്. പൗരോഹിത്യം സ്വീകരിക്കുവാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണത്തിലുള്ള കുറവും, പൗരോഹിത്യം ഉപേക്ഷിച്ചു പോകുന്നവരുടെ എണ്ണത്തിലുള്ള വര്‍ദ്ധനവും ഈ ചോദ്യങ്ങളുടെയും സംശയങ്ങളുടെയും ആശങ്കകളുടെയും പരിണതഫലമാണെന്നു പറയാം.

വിശ്വാസത്തിന്‍റെ കുറവാണ് പൗരോഹിത്യത്തെ സംബന്ധിച്ച ഇന്നത്തെ പ്രതിസന്ധിക്കു കാരണമെന്നു ചിലര്‍ വിധിച്ചേക്കാം. ഈ വിലയിരുത്തലില്‍ കുറെയൊക്കെ സത്യമുണ്ടാകാം. എന്നാല്‍, അതുമാത്രമല്ല പ്രതിസന്ധിക്കുള്ള കാരണം. പ്രതിസന്ധികള്‍ എപ്പോഴും നിഷേധാത്മകമാകണമെന്നില്ല, പല പ്രതിസന്ധികളിലും ദൈവത്തിന്‍റെ കരം നാം ദര്‍ശിക്കേണ്ടിയിരിക്കുന്നു. ദൈവം തരുന്ന വിലയേറിയ അവസരങ്ങള്‍ ആകാം പ്രതിസന്ധികള്‍. കര്‍ത്താവ് അവിടുത്തെ സഭയോടുകൂടെ എപ്പോഴും ഉണ്ടായിരിക്കുമെന്നു വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ (മത്താ: 28:20). കഴിഞ്ഞ കാലഘട്ടങ്ങളിലെന്നപോലെ തന്നെ, ഈ പ്രതിസന്ധിയുടെ കാലഘട്ടത്തിലും കര്‍ത്താവ് അവിടുത്തെ സഭയോടൊപ്പമുണ്ടെന്നത് നമ്മുടെ വിശ്വാസത്തിന്‍റെ ഉറച്ച ബോധ്യമാണ്. അങ്ങനെയെങ്കില്‍, ഇപ്പോള്‍ സഭയില്‍ അനുഭവപ്പെടുന്ന ഈ പ്രതിസന്ധിയെപ്പറ്റി അതിരില്ലാതെ ആകുലപ്പെടുകയോ ഭൂതകാലത്തെപ്പറ്റിയുള്ള ഗൃഹാതുരത്വത്തോടെ സ്വപ്നലോകത്തില്‍ വിഹരിക്കയോ അല്ല നാം ചെയ്യേണ്ടത്. പകരം, ഇന്നത്തെ കാലത്തിന്‍റെ അടയാളങ്ങള്‍ ശ്രദ്ധിക്കുകയും അവയിലൂടെ ദൈവം എന്താണ് നമ്മോടു പറയുവാന്‍ ആഗ്രഹിക്കുന്നതെന്ന് അന്വേഷിക്കുകയുമാണു വേണ്ടത്.  ദൈവത്തിന്‍റെ വിളിക്കു കാതോര്‍ക്കുമ്പോള്‍, പരമ്പരാഗതമായി നാം ധരിച്ചുവെച്ചിരിക്കുന്ന ചില കാര്യങ്ങളില്‍ പുനര്‍വിചിന്തനം ആവശ്യമായി വന്നേക്കാം. പൗരോഹിത്യത്തെ സംബന്ധിച്ച ഇന്നത്തെ പ്രതിസന്ധിയിലും ദൈവം നമ്മോടു പറയുവാന്‍ ആഗ്രഹിക്കുന്ന ചില കാര്യങ്ങള്‍ ഉണ്ടാകാം. നാം ധരിച്ചുവെച്ചിരിക്കുന്ന ചില കാര്യങ്ങളോടു വിടപറയുവാന്‍ അവിടുന്ന് ആവശ്യപ്പെട്ടേക്കാം. അതു മനസ്സിലാക്കുവാനും പ്രവൃത്തിയില്‍ കൊണ്ടുവരാനും പരിശ്രമിക്കയാണ് ഇന്നു നാം ചെയ്യേണ്ടത്.

പുരോഹിതവര്‍ഷമായി ഒരു വര്‍ഷം ആചരിക്കുവാന്‍ പരി. പിതാവ് ബെനഡിക്റ്റ് 16-ാമന്‍ മാര്‍പാപ്പാ ആഹ്വാനം ചെയ്തതിന്‍റെ പിന്നിലും ദൈവത്തിന്‍റെ പ്രത്യേകമായ പരിപാലന ഉണ്ടെന്നതു തീര്‍ച്ചയാണ്. പൗരോഹിത്യത്തെപ്പറ്റി ആഴത്തില്‍ ചിന്തിക്കാനും പഠിക്കാനുമുള്ള ഒരു സുവര്‍ണ്ണാവസരമായി വേണം ഈ വൈദികവര്‍ഷത്തെ കാണുവാന്‍.
ക്രൈസ്തവ പൗരോഹിത്യത്തെപ്പറ്റിയുള്ള ഏതു വിചിന്തനത്തിന്‍റെയും ആരംഭവും അടിസ്ഥാനവും ലോകരക്ഷകനായി മനുഷ്യാവതാരം ചെയ്ത ദൈവപുത്രനായ യേശുക്രിസ്തുവിലുള്ള വിശ്വാസമാണെന്നതു വ്യക്തമാണല്ലോ. യേശുക്രിസ്തുമാത്രമാണ് ഒരേ ഒരു പ്രധാനപുരോഹിതന്‍ (ഹെബ്രാ. 4:14), ഒരേ ഒരു കര്‍ത്താവ് (എഫേ 4:5), ദൈവത്തിനും മനുഷ്യര്‍ക്കുമിടയ്ക്കുള്ള ഒരേ ഒരു മധ്യസ്ഥന്‍ (1 തിമോ 2:5). യേശുവിലുള്ള ഈ വിശ്വാസം ഹൃദയത്തില്‍ മുളയെടുക്കുന്നതു വചനത്തിന്‍റെ ശ്രവണത്തിലൂടെയാണ്. അതിനു വചനം പ്രഘോഷിക്കപ്പെടണം. വചനം പ്രഘോഷിക്കുവാന്‍ അയയ്ക്കപ്പെടുന്നതിനു ജീവിക്കുന്ന സാക്ഷികള്‍ ആവശ്യമാണ് (റോമാ 10:17). യേശുവിനുവേണ്ടിയും അവിടുത്തെ സ്ഥാനപതികളായും (2 കോറി 5:20) അവിടുത്തെ വാക്കും പ്രവൃത്തിയും ചരിത്രത്തില്‍ എന്നും സന്നിഹിതമാക്കുന്നതിനു തങ്ങളുടെ ശബ്ദം മാത്രമല്ല, ഊര്‍ജ്ജവും ശക്തിയും ജീവിതം മുഴുവനും അവിടുത്തേക്കു സമര്‍പ്പിക്കുവാന്‍ സന്നദ്ധരായ മനുഷ്യരെ അവിടുന്നു തിരഞ്ഞെടുക്കുന്നുണ്ട്. യേശുവിന്‍റെ സുവിശേഷത്തിന് ഇപ്രകാരം സ്വയം സമ്പൂര്‍ണ്ണമായി സമര്‍പ്പിക്കുമ്പോള്‍, ലോകത്തില്‍ നീതിയും സമാധാനവും മനുഷ്യജീവന്‍റെ സുരക്ഷിതത്വവും ഏറ്റവും ഫലപ്രദമായി സംരക്ഷിക്കപ്പെടുമെന്ന ബോധ്യത്തോടെ പൗരോഹിത്യത്തിലേക്കു കടന്നുവരുന്നവര്‍ക്കു പൗരോഹിത്യ ശുശ്രൂഷയുടെ അര്‍ത്ഥവും പ്രസക്തിയും ഇന്നും  വ്യക്തമായിരിക്കും.
യേശുവിലുള്ള വിശ്വാസം പൗരോഹിത്യത്തിന്‍റെ അടിസ്ഥാനമായിരിക്കുന്നതുപോലെ തന്നെ, അതിന്‍റെ ലക്ഷ്യവും കേന്ദ്രവും ഈ വിശ്വാസം തന്നെയാണ്. പരമ്പരാഗതമായ രീതിയില്‍ കൂദാശകളുടെ പരികര്‍മ്മവുമായി ബന്ധപ്പെടുത്തി മാത്രം പൗരോഹിത്യത്തിന്‍റെ അന്തഃസത്തയെ കാണുവാന്‍ ഇന്ന് അത്ര എളുപ്പമല്ല. കാരണം കൂദാശകള്‍ തന്നെ വിശ്വാസത്തിന്‍റെ അടയാളങ്ങളാണ് (ആരാധനക്രമം നമ്പര്‍ 59). വിശ്വാസമാകട്ടെ ഒരു സാര്‍വ്വത്രിക യാഥാര്‍ത്ഥ്യമായി കണക്കാക്കാനും ഇന്നു സാധ്യമല്ലല്ലോ. അതുകൊണ്ട് പുരോഹിതരുടെ മുഖ്യദൗത്യം, രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പറയുന്നതുപോലെ, വചനത്തിന്‍റെ പ്രഘോഷണമാണ്. വചനത്തിന്‍റെ പ്രഘോഷണം എല്ലാ വിശ്വാസികള്‍ക്കുമുള്ള ദൗത്യമാണെങ്കിലും പുരോഹിതര്‍ പ്രത്യേകമായ വിധത്തില്‍ വചനത്തിന്‍റെ പ്രഘോഷകരും സാക്ഷികളുമാണ്. ഇതു വാക്കാലുള്ള പ്രഘോഷണം മാത്രമല്ല, പുരോഹിതന്‍റെ വ്യക്തിത്വവും ജീവിതശൈലിയും മാനദണ്ഡങ്ങളും കാഴ്ചപ്പാടുകളുമെല്ലാം സുവിശേഷത്തിനു സാക്ഷ്യമാകണം, വിശ്വാസത്താല്‍ പ്രേരിതമാകണം.

യേശുക്രിസ്തുവിലുള്ള വിശ്വാസമാണ് പൗരോഹിത്യത്തെപ്പറ്റിയുള്ള വിചിന്തനങ്ങളുടെ അടിസ്ഥാനമെങ്കില്‍, അതിനു പരിണതഫലങ്ങളുണ്ട്. പുരോഹിതസത്തയുടെയും പുരോഹിത ശുശ്രൂഷയുടെയും പുരോഹിതജീവിതശൈലിയുടെയുമെല്ലാം ആത്യന്തികമായ മാനദണ്ഡം സുവിശേഷത്തിലൂടെ വെളിവാക്കപ്പെട്ട യേശുവിന്‍റെ തിരുമനസ്സാണ്. അല്ലാതെ സഭാപാരമ്പര്യങ്ങളോ സഭാ നിയമങ്ങളോ അല്ല - സഭാപാരമ്പര്യങ്ങളും നിയമങ്ങളും എത്രതന്നെ പഴക്കമുള്ളതും പാവനവുമായി പരിഗണിക്കപ്പെട്ടാല്‍ പോലും. അതിനാല്‍ യേശുക്രിസ്തുവിലുള്ള വിശ്വാസം വളരുവാനും വര്‍ദ്ധിക്കുവാനുമുതകുന്ന പ്രാര്‍ത്ഥനയും വചന പാരായണവും വചനത്തിന്‍റെ ആഴത്തിലുള്ള പഠനവും ഓരോ വൈദികന്‍റെയും അനുദിന ജീവിതത്തിന്‍റെ അവശ്യഭാഗമായിരിക്കണം. അത് അവഗണിക്കുന്ന പുരോഹിതന്‍ യേശുനാഥന്‍ ഏല്പിച്ചിരിക്കുന്ന ദൗത്യം വിശ്വസ്തതയോടെ നിറവേറ്റുന്നതിനു പകരം, ഉപരിപ്ലവമായ കാര്യങ്ങളിലായിരിക്കും ഊര്‍ജ്ജവും കഴിവുകളും പാഴാക്കുന്നത്.
അപ്പസ്തോലന്മാര്‍ വഴി ലഭിച്ച അതേ വിശ്വാസമാണ് സഭയില്‍ ഇന്നും എന്നും നാം ജീവിക്കുന്നത്. എന്നാല്‍ ഓരോ കാലഘട്ടത്തിന്‍റെയും ആവശ്യങ്ങള്‍ അനുസരിച്ച് ഈ വിശ്വാസം ജീവിക്കുന്ന രീതിക്കു വ്യത്യാസമുണ്ടാകാം. വിശ്വാസത്തിന്‍റെ ഊന്നലുകള്‍ക്കും വീക്ഷണ കോണുകള്‍ക്കും വൈവിധ്യമുണ്ടാകാം. കര്‍ത്താവു പറഞ്ഞതുപോലെ, കാലത്തിന്‍റെ അടയാളങ്ങള്‍ വായിക്കുവാനും അവയിലൂടെ ദൈവം നല്കുന്ന സൂചനകള്‍ മനസ്സിലാക്കുവാനും നമുക്കു കഴിയണം. ഇങ്ങനെ കാലത്തിന്‍റെ അടയാളങ്ങള്‍ മനസ്സിലാക്കിക്കൊണ്ട് സുവിശേഷം വായിക്കാനും പൗരോഹിത്യം ജീവിക്കാനും പരിശ്രമിക്കുമ്പോള്‍, ഒരുകാര്യം നമുക്കു വ്യക്തമാകാതിരിക്കയില്ല: ഇന്നു നമ്മുടെ വിശ്വാസം പ്രത്യാശയുള്ളതും നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറാന്‍ ധൈര്യപ്പെടുന്നതുമായ വിശ്വാസമായിരിക്കണം. 23-ാം യോഹന്നാന്‍ മാര്‍പ്പാപ്പാ പറഞ്ഞതുപോലെ, വിശ്വാസിക്കു ഉല്‍ക്കണ്ഠാകുലനാകേണ്ടയാവശ്യമില്ല. പൗരോഹിത്യത്തെ സംബന്ധിച്ച ചോദ്യങ്ങളും പ്രശ്നങ്ങളും തുറന്നു ചര്‍ച്ചചെയ്യാന്‍ പോലും ധൈര്യപ്പെടാതിരിക്കുന്നത് വിശ്വാസരാഹിത്യത്തിന്‍റെയോ അല്പവിശ്വാസത്തിന്‍റെയോ സാക്ഷ്യമാണ്. പൗരോഹിത്യ ശുശ്രൂഷയുടെ പുതിയരൂപങ്ങളെയും മേഖലകളെയും പറ്റിയൊക്കെ ചിന്തിക്കാനും തുറന്നു ചര്‍ച്ചചെയ്യാനും നാം ഭയപ്പെടേണ്ടതില്ല. പരിചിന്തനങ്ങളിലൂടെയും പരസ്യമായ ചര്‍ച്ചകളിലൂടെയും എപ്രകാരമാണ് ഇന്നത്തെ ലോകത്ത് പൗരോഹിത്യം അര്‍ത്ഥവത്തായും പ്രസക്തമായും ജീവിക്കാന്‍ സാധിക്കുന്നതെന്നു കൂടുതല്‍ വ്യക്തമായി മനസ്സിലാക്കുവാന്‍ കഴിയും. (കര്‍ദ്ദിനാള്‍) വാള്‍ട്ടര്‍ കാസ്പെര്‍ പറയുന്നതുപോലെ, മറ്റൊരു ജീവിതവൃത്തിയോടൊപ്പം ഒന്നിച്ചു പോകുന്ന പൗരോഹിത്യം, വിവാഹിതരും ഉത്തമ ക്രൈസ്തവജീവിതം നയിക്കുന്നവരുമായ പുരുഷന്മാരുടെ പൗരോഹിത്യം, തുടങ്ങിയ വിഷയങ്ങള്‍ ഇങ്ങനെ ചര്‍ച്ച ചെയ്യപ്പെടാവുന്നവയാണ് (J.Weinand, ed, Gedanken zur Spiritualitaet des Priesters, Muenster/ Westphalen, 1970, p.10-11). മറ്റു ജീവിതവൃത്തിക്കൊപ്പം ആവശ്യമായിത്തീരുന്ന പൗരോഹിത്യത്തെപ്പറ്റി ജോസഫ് റാറ്റ്സിങ്ങറും (ഇപ്പോഴത്തെ മാര്‍പാപ്പാ) പറയുന്നുണ്ട് (Joseph Ratzinger, Glaube and Zukunft, Koesel-Verlag, Muenchen 1970, p.123).
സുവിശേഷത്തെ ആത്യന്തികമായ മാനദണ്ഡമായി കാണുകയും കാലത്തിന്‍റെ അടയാളങ്ങള്‍ വായിക്കുകയും ചെയ്യുമ്പോള്‍, ഒരുകാര്യം നമുക്കിന്നു വ്യക്തമായി പറയുവാന്‍ കഴിയും. സാഹോദര്യവും സമഭാവനയും ഐക്യദാര്‍ഢ്യവും പൗരോഹിത്യത്തെ സംബന്ധിച്ച് കാലത്തിന്‍റെ ചുവരെഴുത്തുകളാണ്. സ്ഥാനമാനങ്ങളും പദവിനാമങ്ങളും ആനുകൂല്യങ്ങളുമൊന്നും ഇന്ന് അധികാരത്തിന്‍റെ മാനദണ്ഡങ്ങളല്ല. 'റെവറന്‍റും' 'മോണ്‍സിഞ്ഞോറും' 'യുവര്‍ എക്സെലന്‍സി' യും അതുപോലെ തന്നെ 'തിരുമേനി' യും 'അരമന'യുമെല്ലാം കഴിഞ്ഞുപോയ കാലത്തിന്‍റെ ജീര്‍ണ്ണിച്ചു തുടങ്ങിയ അവശിഷ്ടങ്ങളാണ്. അവയെ ഇനിയും പൗരോഹിത്യത്തിന്‍റെ ആഡംബരങ്ങളായി കൊണ്ടുനടക്കേണ്ടതുണ്ടോ എന്നു ചിന്തിക്കുന്നതു നല്ലതാണ്. ഒരേയൊരു മാനദണ്ഡമേയുള്ളൂ ഇന്നു പൗരോഹിത്യത്തിന്‍റെ അധികാരത്തിന്: സ്നേഹത്തിലുള്ള സേവനമായി സാക്ഷാത്ക്കരിക്കുന്ന വിശ്വാസം. മറ്റുതരത്തിലുള്ള അധികാരങ്ങളും ആനുകൂല്യങ്ങളും പരിവര്‍ജ്ജിക്കുന്നതു സുവിശേഷത്തിനടുത്ത ദാരിദ്ര്യമാണ്. വിശ്വാസത്തിന്‍റെയും സ്നേഹത്തിന്‍റെയും ബോധ്യങ്ങളെ മാത്രം ആശ്രയിക്കുന്നതുകൊണ്ട് അതു വിശ്വാസത്തിനുള്ള സാക്ഷ്യവുമായിരിക്കും. ദരിദ്രരോടും ബലഹീനരോടും അടിച്ചമര്‍ത്തപ്പെട്ടവരോടും പീഡനമേല്ക്കുന്നവരോടും പക്ഷംചേരാന്‍ സുവിശേഷാത്മകമായ ഈ ദാരിദ്ര്യം പുരോഹിതനു സഹായകമാകും. അതുപോലെതന്നെ, ആവശ്യമായി വന്നാല്‍, സ്നാപകയോഹന്നാനെപ്പോലെ, ശക്തനോട് 'അതു പാടില്ല' എന്നു പറയുവാനുള്ള സ്വാതന്ത്ര്യവും അതു പുരോഹിതനു നല്കും.

സേവനോന്മുഖമായ ഈ വിശ്വാസമാണ് ദൈവസ്നേഹത്തെയും മനുഷ്യസ്നേഹത്തെയും ഒന്നായി കാണുവാന്‍ പുരോഹിതനെ പ്രാപ്തനാക്കുന്നത്. ഓരോ മനുഷ്യനിലും ക്രിസ്തുവിനെ കാണുന്നതിനും ഓരോ മനുഷ്യന്‍റെയും പദവിയെ മാനിക്കുന്നതിനും ഈ വിശ്വാസം പുരോഹിതനെ സന്നദ്ധനാക്കും. യേശുവിന്‍റെ സുവിശേഷത്തെ പൗരോഹിത്യത്തിന്‍റെ അന്തിമമാനദണ്ഡമാക്കുമ്പോള്‍, സാഹോദര്യത്തോടും സമഭാവനയോടും കൂടി മാത്രമേ ഓരോ വ്യക്തിയെയും കാണാനും അയാളോട് ഇടപെടാനും പുരോഹിതനു സാധിക്കയുള്ളൂ. മനുഷ്യന്‍ സാബത്തിനുവേണ്ടിയല്ല, സാബത്ത് മനുഷ്യനുവേണ്ടി ആയിരിക്കുന്നതുപോലെ (മാര്‍ക്കോ2:27-28), മനുഷ്യര്‍ സഭയ്ക്കുവേണ്ടിയോ, പുരോഹിതര്‍ക്കു വേണ്ടിയോ, നിയമങ്ങള്‍ക്കു വേണ്ടിയോ അല്ല, പ്രത്യുത ഇവയെല്ലാം മനുഷ്യര്‍ക്കുവേണ്ടിയാണ് എന്ന തത്വം ഒരിക്കലും വിസ്മരിക്കപ്പെടരുത്. മനുഷ്യര്‍ക്കു ജീവനുണ്ടാകുവാനും അതു സമൃദ്ധിയായി ഉണ്ടാകുവാനും (യോഹ10:10) സഹായിക്കുന്നതാകണം സഭയും പൗരോഹിത്യവും നിയമങ്ങളും. അതിനുവേണ്ടി നിലകൊള്ളുന്ന പുരോഹിതന് പൗരോഹിത്യത്തിന്‍റെ അര്‍ത്ഥത്തെയും പ്രസക്തിയെയും പറ്റി സന്ദേഹമുണ്ടാകാനിടയില്ല.

You can share this post!

മുഖമൊഴി

റോണി കിഴക്കേടത്ത്
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts