ആറ് വര്‍ഷങ്ങള്‍ക്കുമുമ്പ് ഏതന്‍സില്‍ നടന്ന ശതാബ്ദിയുടെ കായികമാമാങ്കത്തിലെ ഒരു ദൃശ്യം ജീവസ്സുറ്റതായി മിഴിവോടെ മനസ്സില്‍ നില്പുണ്ട്. അന്ന് ഒളിമ്പിക്സിന് തിരശീല ഉയര്‍ന്നപ്പോള്‍ അവതരിപ്പിക്കപ്പെട്ട കലാരൂപങ്ങളും ബിംബങ്ങളും പ്രതീകങ്ങളും ഹിമയുഗം മുതല്‍ വര്‍ത്തമാനകാലം വരെയുളള സംസ്കാരങ്ങളെ കോര്‍ത്തിണക്കിയ ഒന്നായിരുന്നു. അവയ്ക്കെല്ലാം ഒടുവില്‍ ഭാവിയുടെ പ്രത്യാശയും പ്രതീക്ഷയുമായി അവതരിപ്പിക്കപ്പെട്ടത് ജലകണികയ്ക്ക് സമാനമായ സ്ഫടികഗോളത്തിനുളളില്‍ നിറവയറോടെ നില്‍ക്കുന്ന പൂര്‍ണ്ണ ഗര്‍ഭിണിയായ ഒരു സ്ത്രീ. ഉപഭോഗസംസ്കാരത്തില്‍ നിന്ന് മരണസംസ്കാരത്തിലേക്ക് കൂപ്പുകുത്തുന്ന ഈ പ്രപഞ്ചത്തിന് ജീവന്‍റെ സംസ്കാരത്തിലേക്കുളള വളര്‍ച്ച സാധ്യമാകുക സ്ത്രീയിലൂടെ മാത്രം. ഇനി ജീവന്‍റെ ശ്വാസവും ജലവുമായി മാറാന്‍ ഒരു സ്ത്രീക്കു മാത്രമേ കഴിയു. ജീവന്‍റെ തുടിപ്പ് ഇനി സംഭവിക്കുക അവളിലൂടെമാത്രം. കാലത്തിന്‍റെ ചുവരെഴുത്തുകളെ വായിച്ചും അനുഭവിച്ചും അറിയുമ്പോള്‍ മണ്ണും മനുഷ്യനും ഊഷരമായികൊണ്ടിരിക്കുന്ന ഒരു ചുറ്റുവട്ടമാണ് നമുക്ക് ഉളളത്. ഈ ഊഷരപ്രകൃതിയില്‍ ഒരു ചെറുമഴയുടെ കുളിര്‍മ്മയെങ്കിലും പകരാന്‍ ആവുക അവള്‍ക്ക് മാത്രം.
അവള്‍ പുരുഷനേക്കാള്‍ താഴെയല്ല, വ്യത്യസ്തമായ തലങ്ങളിലെങ്കിലും ഒരു പടി മുന്നിലാണ്. തല്ലുന്ന കയ്യിനെ തലോടുന്ന കൈയാക്കി മാറ്റുന്ന സംസ്കാരമെന്ന പ്രക്രിയയില്‍പെട്ട് തരംതാണുപോയവളെ വീണ്ടും വീണ്ടും തളര്‍ത്തുകയാണ് സമൂഹത്തിന്‍റെ സ്ഥാപനവല്‍ക്കരിക്കപ്പെട്ട പ്രസ്ഥാനങ്ങള്‍.
'മൃദുചര്‍മ്മത്തില്‍, നെഞ്ചിലല്‍പം മാംസവുമായി
കുളിര്‍ ഗന്ധത്തില്‍
ദൈവമേ നീയൊരു പെണ്ണായിരുന്നുവെങ്കില്‍
(വി.ജി. തമ്പി, ഹവ്വ മുലപാല്‍ കുടിക്കുന്നു)
മലയാളത്തിലെ സര്‍ഗ്ഗ രചനകളില്‍ അവളുടെ ഉളളറിഞ്ഞ ചില വരികളാണിത്. മനുഷ്യനും മതവും സംസ്കാരങ്ങളും അറിഞ്ഞോ അറിയാതെയോ വളര്‍ത്തിയെടുത്ത പുരുഷമേധാവിത്വം പുരുഷനായ എന്‍റെ ഉളളില്‍ രൂപപ്പെടുത്തുന്ന ചിന്താധാര തികച്ചും യാഥാസ്ഥിതികവും നീതിക്കുനിരക്കാത്തതും ആണെന്ന് തിരിച്ചറിയുമ്പോഴും ഉളളിനെ ഉടച്ച് വാര്‍ക്കാനാവാത്തത് മലയാളിയുടെ കപട സദാചാരബോധം ഉളളില്‍ ഉളളതുകൊണ്ടാവാം.
ഒരു പെണ്ണെന്ന നിലയില്‍ ഒരു സ്ത്രീ ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങളുടേയും ജോലികളുടേയും മഹത്വം തികച്ചും അപ്രസക്തമാക്കുന്നത് ഞാനുള്‍പ്പെട്ട സമൂഹമാണ് എന്നത് എന്നെ ഭയപ്പെടുത്തുന്നു. കാരണം ഭാവി തലമുറയ്ക്ക് ജീവനും ജീവിതവും നല്കപ്പെടുന്നത് സ്ത്രീയിലൂടെയാണ്. അവളനുഭവിക്കുന്ന തിക്താനുഭവങ്ങള്‍ വരുംതലമുറയ്ക്ക് താങ്ങാനാവാത്ത നഷ്ടങ്ങള്‍ മാത്രം നേടികൊടുക്കും.
സ്ത്രീയും പുരുഷനും പരസ്പര പൂരകങ്ങള്‍ ആയിരിക്കെ പുരുഷമേധാവിത്വത്തിന് അടിവരയിടാന്‍ നാം ഇന്ന് സ്ത്രീകളെയും പഠിപ്പിച്ചിരിക്കുന്നു. സ്ത്രീ അമ്മയാണ്, സഹോദരിയാണ്, അവള്‍ ദേവിയാണ്..... അങ്ങനെ ദേവിയെ രൂപകൂട്ടിനുളളിലാക്കി പൂജിച്ച് അടക്കി വയ്ക്കാന്‍ മിടുക്കര്‍തന്നെ നാം. കായികാധ്വാനം മാത്രമാണ് പ്രധാനമെന്നും, വീട്ടുപണികള്‍ അപ്രധാനമാണെന്നും, ആണ്‍കുട്ടികള്‍ ചൂലെടുക്കരുതെന്നും അടുക്കളപ്പണി പെണ്ണിന്‍റെ മാത്രമാണെന്നും... ഇങ്ങനെ നൂറായിരം അരുതുകള്‍ ഞങ്ങളെ പറഞ്ഞു പഠിപ്പിച്ചത് ആരാണ്? പെണ്‍കുട്ടി ഉറക്കെ സംസാരിക്കരുതെന്നും അവള്‍ വീട്ടിനുളളില്‍ ഇരിക്കേണ്ടവളാണെന്നും ഞങ്ങളെ പഠിപ്പിച്ചതാരാണ്? ഉത്തരം പലപ്പോഴും സ്ത്രീകള്‍ക്കു നേരെതന്നെ വിരല്‍ ചൂണ്ടുന്നു. അവരെ ഈവിധം പഠിപ്പിക്കാന്‍ പ്രേരിപ്പിച്ചവര്‍ ആരെന്ന ഒരു പടികൂടി കടന്ന ചോദ്യം അവസാനം എന്നിലേക്കുതന്നെ വിരല്‍ നീട്ടുന്നു.
സമൂഹത്തിന്‍റെ എല്ലാ മുഖ്യധാര പ്രവര്‍ത്തനമേഖലകളിലും ഇന്ന് സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഏതു തൊഴില്‍ രംഗത്തും പുരുഷനൊപ്പം അവളുമുണ്ട്. എങ്കിലും .... ആ കാര്യമൊക്കെ നില്‍ക്കട്ടെ, ഭവനത്തില്‍ ഞാനാണ് രാജാവ്, ന്യായാധിപനും വിധിയാളനും ഞാന്‍ തന്നെ എന്ന മട്ടിലുള്ള കാര്യങ്ങള്‍ കുറഞ്ഞപക്ഷം മലയാളിയുടെ ഭവനത്തിലെങ്കിലും നടമാടുന്നു. പൊതുവേ സംസ്കാരസമ്പന്നരായ മലയാളികളുടെ ഒരു മാധ്യമത്തിലും ശക്തമായ ഒരു സ്ത്രീ സാന്നിദ്ധ്യമോ, കഥാപാത്രമോ രൂപംകൊളളുന്നില്ല. സിനിമയിലെയും സമൂഹത്തിലെയും കഥ മറ്റൊന്നല്ല. എന്‍റെ ജീവിത തൃഷ്ണകളെ പോറ്റാന്‍ മാത്രമുളള ഉപകരണങ്ങളും ചരക്കുകളും മാത്രമായി സ്ത്രീയെ കാണുക ഒരു മലയാളിയെ സംബന്ധിച്ചിടത്തോളം പുതുമയും കുറ്റബോധവും ഉളള ഒന്നല്ല.
വ്യത്യസ്തത ഉളളവരാണ് സ്ത്രീയും പുരുഷനും എന്ന സത്യം മനസ്സിലാക്കികൊണ്ടുതന്നെ ആ വ്യത്യസ്തതകളെ ഒരു ആരാമത്തിലെ വ്യത്യസ്ത വര്‍ണ്ണങ്ങളായി കണ്ട്, മഴവില്ലിന്‍റെ ചാരുതയോടെ ജീവിതത്തെ പകുത്തു നല്‍കാന്‍ നമുക്കു സാധിക്കുമോ? അതിനാകുമ്പോള്‍ മാത്രമായിരിക്കും ഊഷരമായ ഈ ഭൂമിയില്‍ അല്പം കുളിര്‍ കോരിയിടാന്‍ നമുക്ക് കഴിയുക. ഉദാത്തവും ദൃഢവുമായ പരസ്പരബന്ധങ്ങളിലൂടെയും ആഴമേറിയ പരസ്പരബഹുമാനത്തിലൂടെയും സ്നേഹത്തിലൂടെയും മാത്രമേ ഇതു സാധ്യമാകൂ. പുരുഷന്‍ ഇന്ന് ആവശ്യത്തിലേറെ പുരുഷനായി മാറി ക്കൊണ്ടിരിക്കുന്ന പരുക്കന്‍ സാഹചര്യങ്ങളില്‍ പുരുഷനായി മാറുന്ന സ്ത്രീകളെയല്ല ആവശ്യം, പുരുഷാധിപത്യത്തിന് സ്നേഹസംസ്കാരത്തിന്‍റെ ബദല്‍ സൃഷ്ടിക്കുന്ന സ്ത്രീ ചൈതന്യമാണ് അത്യന്താപേക്ഷിതം. പുരുഷനിലും അവന്‍റെ കണക്കു കൂട്ടലുകളിലും സ്ത്രൈണതയുടെ പ്രാഗ് രൂപങ്ങള്‍ ഉടലെടുക്കുമ്പോള്‍ ഹൃദയങ്ങള്‍ ഹൃദയങ്ങളെ അറിയും. ഈ ഭൂമി കൂടുതല്‍ സുന്ദരമാകും. ഓടിക്കളിക്കേണ്ട പ്രായത്തില്‍ ഓരോ പെണ്‍കുഞ്ഞിനെയും നീ പെണ്ണാണെന്ന് പറഞ്ഞ് ബോദ്ധ്യപ്പെടുത്തി കൂച്ചുവിലങ്ങിട്ട് കൂട്ടിലടച്ചു. അവളെ സ്വാതന്ത്ര്യത്തിന്‍റെ വിഹായസ്സിലേക്ക് പറത്തി വിടാനുളള വിശാലത കൂടലങ്കരിക്കാനുളള ശ്രമത്തില്‍ കൈമോശപ്പെടുത്തിയവരാണ് നാം. കൂട് അലങ്കരിച്ചലങ്കരിച്ച് കൂട്ടിലെ കിളി ജീവനില്ലാത്ത സ്വര്‍ണ്ണ കിളിയാകുന്നതും എന്‍റെ ആരാമത്തിലാണെന്ന് ഞെട്ടലോടെ ഞാന്‍ തിരിച്ചറിയുന്നു.
കുറച്ച് നാളുകള്‍ക്കു മുമ്പ് പതിമൂന്ന് വയസ്സുളള ഒരു ഇറാഖി Bomber Girl സ്വയം കീഴടങ്ങിയതിന്‍റെ വാര്‍ത്ത (ആഗസ്ത് 25, 2008) വായിച്ചയന്ന് അവളെപ്പറ്റി ചിലത് കുത്തിക്കുറിച്ചു. അതിന്ന് കിടന്ന് പൊടിപിടിക്കുമ്പോള്‍, അതൊന്നു പൂര്‍ത്തിയാക്കാന്‍ പോലും മെനക്കെടാത്തവന്‍ ഉളളില്‍ കൊളളാത്തത് വിളിച്ചു പറഞ്ഞതിന്‍റെ പോഴത്വം മനസ്സിലാക്കികൊണ്ടുതന്നെ ഈ കുറിപ്പ് അവസാനിപ്പിക്കാം.
'കുരുതി കൊടുക്കാനും കുരുതിക്കു കൊടുക്കാനും
നിറബാല്യത്തിന്‍റെ നിഷ്കളങ്കതകള്‍ മാത്രം.
നിഷ്കളങ്കതയുടെ നിറബാല്യങ്ങള്‍
ഓര്‍മ്മകളില്‍ നിഴല്‍ വീഴ്ത്തുന്നു.
നിന്‍റെ അരക്കെട്ടിലെ സ്ഫോടനങ്ങളില്‍ നിന്ന്
ഒരു തലമുറയുടെ ജനനവും
നിഷ്കളങ്കതയുടെ നിറമരണവും.
സ്വപ്നങ്ങള്‍ മാത്രം നെയ്ത മനസ്സ്
നിന്നെ മരണത്തിന്‍റെ ചുടലയില്‍ നിന്നും
ജീവന്‍റെ ചോരകളത്തിലേക്ക്...........'
((An abrupt end due to tea break - ചായക്ക് സമയമായതുകൊണ്ട് നിര്‍ത്തുന്നു)
ഒരു ചായക്കോപ്പയ്ക്ക് മുമ്പില്‍ പോലും കരുതി വച്ച ധിഷണയെ കൈവിടുന്ന പുരുഷാധിപത്യമാണ് എന്‍റേത്. നട്ടെല്ല് ഉളളത് ആ പെണ്‍കുഞ്ഞിന് മാത്രം.