താന്‍ 'കെട്ടിച്ചയയ്ക്കപ്പെടേണ്ടവളാണ്' എന്ന ബോദ്ധ്യം ചെറുപ്പം മുതലേ അവള്‍ക്ക് കിട്ടിത്തുടങ്ങുന്നുണ്ട്. അങ്ങനെയാണവള്‍ തന്നെ 'കെട്ടിക്കൊണ്ടുപോകാന്‍' വരുന്നവനെ കാത്തിരിക്കാന്‍ തുടങ്ങുന്നത്. അയാളും കൂട്ടരും തന്നെ കാണാന്‍ വരുന്നതോടെ ആരംഭിക്കുന്നതോ പക്ഷേ അവളുടെ വേദനാപര്‍വ്വമാണ്. അടിമുടി നോക്കിയുഴിച്ചിലില്‍ തുടങ്ങി അളന്നുകുറിച്ച് കുറ്റവും പറഞ്ഞ് ഓരോ കൂട്ടരും മടങ്ങുമ്പോള്‍ ഒരു പ്രദര്‍ശനവസ്തുവെന്നതിലുപരി തനിക്കൊരു വിലയുമില്ലെന്ന് അവള്‍ക്ക് ബോദ്ധ്യപ്പെടുകയാണ്. ഉള്ളില്‍ ഒരു തേങ്ങല്‍ നിറയുകയാണ്. തന്‍റെ വ്യക്തിത്വവും ബുദ്ധിപരതയുമൊക്കെ വെറുതെ കൂട്ടിലടച്ചു വയ്ക്കാനുള്ളതാണെന്ന തിരിച്ചറിവ് അവളെ ഭയപ്പെടുത്തുന്നു. വീട്ടുജോലികളൊക്കെ നന്നായി അറിയുമോ എന്നതാണ് കാണാന്‍ വരുന്നവര്‍ക്ക് ആദ്യമറിയേണ്ടത്. ഇനി പഠിപ്പിന്‍റെ കണക്കെങ്ങാനും പറയേണ്ടി വന്നെങ്കിലോ, എന്തെല്ലാം മുന്‍വിധികളാണ്. വക്കീല്‍ പരീക്ഷ പാസായ പെണ്ണാണെങ്കില്‍ കല്യാണമൊക്കാന്‍ ഇത്തിരി ബുദ്ധിമുട്ടും. ഈ പെണ്ണുങ്ങളൊക്കെ അവരുടെ അവകാശങ്ങള്‍ക്കു വേണ്ടി സ്വരമുയര്‍ത്തിയാലോ എന്ന ഭയമാണ്. സ്വയം പര്യാപ്തതയില്ലാത്തതും തന്‍റേടമല്പം കുറഞ്ഞതുമായ പെണ്‍കുട്ടികളാണെങ്കില്‍ ചൊല്‍പ്പടിക്കു നിന്നുകൊള്ളും, തീര്‍ച്ച. ഇനി അടുത്ത പടി. എത്ര സുന്ദരിയാണെങ്കിലും ശരി, ആവശ്യപ്പെടുന്ന തുകയ്ക്ക് കടുകിടെ മാറ്റം വരാന്‍ പാടില്ല. ജീവിതകാലം മുഴുവന്‍ ചെലവിനു കൊടുക്കേണ്ടതല്ലേ? സ്ത്രീധനം വാങ്ങുന്നവനെ കെട്ടുന്നില്ലെന്നു പറഞ്ഞ് ധിക്കാരം കാട്ടിയാലോ, വീട്ടില്‍ത്തന്നെയിരിക്കും, സംശയം വേണ്ട.
വിലപേശലും ഒത്തുതീര്‍പ്പും കഴിഞ്ഞാല്‍പ്പിന്നെ പറിച്ചു നടലായി. സ്വഭവനത്തില്‍ വച്ചുതന്നെ കുടുംബാംഗങ്ങളുടെ താല്പര്യങ്ങള്‍ക്കുവേണ്ടി മനസിനെ നിരന്തരം പറിച്ചു മാറ്റിക്കൊണ്ടിരുന്നവള്‍ ഇതാ പൂര്‍ണ്ണമായും മറ്റൊരിടത്തേയ്ക്ക്. ഇനിയവിടെ നിന്നു പെഴച്ചേ പറ്റൂ. അവന്‍റെയും അവന്‍റെ കുടുംബാംഗങ്ങളുടെയും ഇഷ്ടങ്ങളിലേയ്ക്ക് ചേക്കേറുമ്പോള്‍ അവളുടെ ഇഷ്ടങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും എന്തു പ്രസക്തി? കലഹിക്കുകയോ വാശിപിടിക്കുകയോ ചെയ്യാതിരിക്കുകയാണു ബുദ്ധി. ഈ വ്രതനിഷ്ഠകളൊക്കെ ചുമലിലേറ്റപ്പെടുമ്പോഴും അവിടെയൊരു പുത്രിയായോ അംഗമായോ താന്‍ സ്വീകരിക്കപ്പെടുമെന്നെങ്ങാന്‍ സ്വപ്നം കണ്ടാല്‍ വിഡ്ഢിത്തമാകും. അവരുടെ മകനെയോ സഹോദരനെയോ സ്നേഹിച്ച് കൂടെ നില്‍ക്കാന്‍ വരുന്നവളെന്നൊന്നും പറഞ്ഞിട്ടു കാര്യമില്ല. അവനെ കൈവശപ്പെടുത്താന്‍ വന്നവളെന്ന പഴി കേട്ടേ തീരൂ. സാമ്പത്തികമായി അല്പം പിന്നോക്കം നില്‍ക്കുന്ന കുടുംബത്തില്‍പ്പെട്ടവളാണോ, തികച്ചും വിലക്ഷണമായ പെരുമാറ്റംതന്നെ പ്രതീക്ഷിച്ചു കൊള്ളണം.
ഇനിമുതല്‍ തന്‍റെ സുഹൃത്തുക്കളെയൊക്കെ അവള്‍ക്ക് കൈയൊഴിയേണ്ടതുണ്ട്. അവരെ ഓര്‍മ്മിക്കാന്‍ പോലും പാടില്ല. അവരെ സന്ദര്‍ശിച്ചോ, ഫോണില്‍ സംസാരിച്ചോ സമയം 'നഷ്ടപ്പെട്ടു'ത്തുകയുമരുത്. ഇനി അയല്‍ക്കാരാണലോ, അതാണത്രേ പരദൂഷണം! വൈകുന്നേരത്തെ വെടിവട്ടവും സൗഹൃദ സന്ദർശനങ്ങളും കഴിഞ്ഞ് ഭര്‍ത്താവ് മടങ്ങിയെത്തുമ്പോള്‍ അയാള്‍ കല്പിച്ചിരിക്കുന്ന ചെറിയ ചുറ്റുവട്ടങ്ങളില്‍ അവള്‍ തളച്ചിടപ്പെടുന്നു. അവളുടെ വൈകാരികാവശ്യങ്ങളോട് കൂടുതല്‍ സംവദേനക്ഷമതയൊന്നും ക്ഷീണിതനായ ഭര്‍ത്താവിന് ഉണ്ടായെന്നു വരില്ല.
കഥ ഇങ്ങനെ അവസാനിക്കുന്നു:
'ആശുപത്രിയിലേക്ക് അവളെ വീല്‍ ചെയറില്‍ കൊണ്ടുപോകുമ്പോള്‍ അവള്‍ പറഞ്ഞു
"അയ്യോ! പരിപ്പു കരിയ്ണ്ട് തോന്ന്ണൂ."
ഇതുകേട്ട് അവളുടെ ഭര്‍ത്താവിന്‍റെ കണ്ണുകള്‍ നനഞ്ഞു.'
ആദ്യത്തെ ചിരിക്കും അവസാനത്തെ കരച്ചിലിനുമിടയില്‍ കുരുങ്ങിപ്പോയ ഒരു കോലാടിന്‍റെ ജന്മം അങ്ങനെ അവസാനിക്കുന്നു. അവിടെ മറ്റൊരു കോലാട് പുനര്‍ജ്ജനിക്കുന്നു.