'നീ എന്ന് എന്‍റെ ജീവിതത്തിലേക്കു കടന്നുവന്നുവോ അന്നു തുടങ്ങി എന്‍റെ കാലക്കേട്. നിനക്കെന്തിന്‍റെ കുറവാണിവിടുള്ളത്?...' സ്നേഹഭാവത്തില്‍ ഭാര്യ അടുത്തിരുന്നപ്പോള്‍, അവളില്‍നിന്ന് എന്തെങ്കിലും ആവശ്യം ഉണ്ടാകുമെന്ന് മനസ്സിലാക്കിയ ഭര്‍ത്താവിന്‍റെ അടവാണ് ഈ പ്രയോഗം. എപ്പോഴും ഒരു പ്രതിയോഗിയാണ് അവള്‍ അയാള്‍ക്ക്. അവള്‍ ഇത്തിരി സമയം സ്നേഹത്തോടെ കുറച്ചു സംസാരിക്കാന്‍ ആഗ്രഹിച്ചെത്തിയപ്പോള്‍ അന്തരീക്ഷം അപ്പാടെ മാറി. വേണ്ടപ്പെട്ടവര്‍ കണ്ടുപിടിച്ചു ഉത്തരവാദിത്വം തീറെഴുതി വിട്ടതാണ്. ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലാത്ത ആ വീട്ടില്‍ അവളുടെ ജീവിതം കീഴടങ്ങലിന്‍റെയും വിട്ടുകൊടുക്കലിന്‍റെയും പാതയിലേക്ക് തെളിക്കപ്പെടുന്നു. തന്‍റെ ഇഷ്ടങ്ങള്‍ക്കെല്ലാം - ആഹാരം, വേഷം, വിനോദം - വിലക്കു കല്പിക്കപ്പെടുന്നു.
മറ്റുള്ളവരുടെ രുചിഭേദങ്ങള്‍ക്കനുസരിച്ച് ആഹാരമൊരുക്കുന്ന ഒരു പാചകക്കാരി മാത്രമാകുന്നു ചിലപ്പോള്‍ അവള്‍. എതെങ്കിലും ഒരു വിശേഷദിവസം ഒരു ചെയ്ഞ്ചിനുവേണ്ടി പുറത്തുനിന്നും ആഹാരം കഴിക്കാമെന്ന് ഒരു അഭിപ്രായം പ്രകടിപ്പിച്ചാല്‍ അവള്‍ ധാരാളിയും ധൂര്‍ത്തയും ആയി. അതിനുമാത്രം നിന്‍റെ വീട്ടില്‍നിന്നും എന്തുകൊണ്ടുവന്നിട്ടുണ്ടെന്ന്... യാതൊരു ഉളുപ്പും കൂടാതെ ചോദിക്കാനും മടിയില്ല. അയാളുടെ കുടുംബത്തെ വരുമാനം മനസ്സിലാക്കി, അതിനനുസരിച്ച് വീട്ടുചെലവുകള്‍ അരിഷ്ടിച്ചും ലുബ്ധിച്ചും നടത്തുന്ന അവള്‍ക്ക് അതൊന്നും എണ്ണിക്കാണിച്ചുകൊടുക്കാനില്ലല്ലോ. സ്വന്തമായൊരു വരുമാനമില്ലാത്ത അവള്‍ക്ക് പണചെലവുള്ള ആഗ്രഹങ്ങള്‍ പ്രകടിപ്പിക്കാന്‍ എന്ത് അവകാശം?
ഇന്നെങ്കിലും അല്പം നേരത്തെ ഒന്ന് കിടക്കണമെന്നു കരുതിയതാണ് അവള്‍. പക്ഷേ കുഞ്ഞിന് അപ്രതീക്ഷിതമായി പിടിച്ച ജലദോഷം അവളുടെ ഉറക്കം കെടുത്തി. കുഞ്ഞിന്‍റെ കരച്ചില്‍ അയാളെ അലോസരപ്പെടുത്തി. അയാള്‍ ഉറക്കം സ്വീകരണമുറിയിലേക്കു മാറ്റി. സ്വസ്ഥമായി ഉറങ്ങി. ശിശുപരിപാലനം സ്ത്രീക്കു മാത്രം പറഞ്ഞിട്ടുള്ളതാണല്ലോ? കുഞ്ഞ് ശാന്തനായി ഉറങ്ങിയപ്പോഴേക്കും നേരം പുലരാറായി. ഇനി ഉറങ്ങാന്‍ അവള്‍ക്കെവിടെ സമയം? പതിവുതെറ്റിക്കാതെ ചായയുമായി അവള്‍ അയാളുടെ അടുത്തെത്തി. നിനക്കിന്നലെ ഉറങ്ങാന്‍ പറ്റിയോ? ഞാന്‍ നോക്കാമെന്നുവച്ചാലും അവന്‍ അടങ്ങില്ല. താന്‍ അല്പം താമസിച്ച് എഴുന്നേറ്റാല്‍ മതിയായിരുന്നല്ലോ. ചായയ്ക്ക് ധൃതിയൊന്നുമില്ലായിരുന്നല്ലോ... എന്നൊക്കെ പറയുമെന്ന് മനസ്സില്‍ പ്രതീക്ഷിച്ചെത്തിയ അവളുടെ അനുഭവം നേരെ വിപരീതമായിരുന്നു, "എന്തൊരു ചവര്‍പ്പ്. കിലോക്കണക്കിനു വാങ്ങിവച്ചിട്ടുണ്ടല്ലോ. ഇട്ടങ്ങു കലക്കിതന്നാല്‍ മതിയല്ലോ. പ്രത്യേകിച്ച് മുടക്കൊന്നുമില്ലല്ലോ..." അതിരാവിലെ ഉണരുക. തലേന്ന് കഴുകി കമഴ്ത്തിയ പാത്രങ്ങളില്‍ വീടിന്‍റെ ഇഷ്ടവിഭവങ്ങള്‍ പാകപ്പെടുത്തുക. അവ വയര്‍ നിറയെ അകത്താക്കിയവര്‍ പ്രകടിപ്പിക്കുന്ന കുറ്റംകുറവുകളുടെ ഗോഷ്ടികള്‍ കണ്ടില്ലെന്നു വയ്ക്കുക. അന്നത്തെ അദ്ധ്വാനഫലത്തിന്‍റെ കണക്കെടുക്കുമ്പോള്‍ അവള്‍ക്കു നിരത്താനുള്ളത് വീണ്ടും കഴുകി കമഴ്ത്തിയ പാത്രങ്ങള്‍ മാത്രം.
അവളുടെ ക്ഷീണവും തളര്‍ച്ചയുമൊന്നും അയാള്‍ക്ക് ഒരു വിഷയമല്ല. അവളൊരു സ്ത്രീയാണ് എല്ലാക്കാര്യത്തിനും ഒരു പരിമിതിയൊക്കെയുണ്ട് എന്ന തിരിച്ചറിവ് നഷ്ടപ്പെട്ടവന്‍റെ കൂടെയുള്ള ജീവിതം അവളെ കൂടുതല്‍ തളര്‍ത്തുന്നു. തളര്‍ച്ച മടുപ്പിലേക്കും, വിരസതയിലേക്കും മരവിപ്പിലേക്കുംവരെ അവളെ കൊണ്ടുചെന്നെത്തിക്കുന്നു.
അവശരായ മതാപിതാക്കള്‍ ഒന്നു മലമൂത്രവിസര്‍ജ്ജനം ചെയ്താല്‍, ഛര്‍ദ്ദിച്ചാല്‍ അവരുടെ വൃത്തിയും വെടിപ്പും ഉറപ്പുവരുത്തേണ്ടത് അവളുടെ കടമയാണ്. തെല്ലും പരിഭവവും പരാതിയും കൂടാതെ സന്തോഷത്തോടെ അവളതു ചെയ്യുകയും ചെയ്യും. ഇത്തരം അവസരത്തില്‍ മൂക്കുംപൊത്തി മുറിയില്‍നിന്നും ഇറങ്ങിപോകുന്ന പുരുഷന്‍ അവള്‍ക്ക് ഒരു കൈത്താങ്ങായിരുന്നെങ്കില്‍ എന്ന് അവള്‍ പ്രതീക്ഷിക്കുന്നതില്‍ എന്താണ് അപാകത? അവരെ ഒന്നു താങ്ങിയിരുത്താന്‍, കട്ടിലില്‍നിന്നുമൊന്നു മാറ്റി കിടത്താന്‍ ഒരു തുണ ആവശ്യമല്ലേ? 'ഇതിനൊക്കെ വേണ്ടിയല്ലേ അവളെ താലികെട്ടി കൊണ്ടുവന്നത്. ചെലവിനും കൊടുക്കുന്നില്ലേ. പെണ്ണാണോ ഇതൊക്കെ ചെയ്തേ പറ്റു. ഇത് അവളുടെ കടമയാണ്.' ഇങ്ങനെ പോകുന്നു അവന്‍റെ അധികാരമനോഭാവം. കുടുംബത്തുണ്ടാകുന്ന ഏതെങ്കിലും പ്രതിസന്ധിയില്‍ ഏറ്റവുമധികം സംഘര്‍ഷം അനുഭവിക്കുന്നത് അവളാണ്. അത്തരം അവസരങ്ങളില്‍ അമര്‍ഷമായി, കുറ്റപ്പെടുത്തലായി, ആഹാരം വലിച്ചേറായി, ചിലപ്പോള്‍ കൈയേറ്റമായി പെണ്ണിന്‍റെ നേര്‍ക്കു തിരിയുന്ന അവന്‍ സ്വന്തം കൈത്തെറ്റുകളെക്കുറിച്ച് ചിന്തിക്കുന്നുപോലുമില്ല.
ആത്മാര്‍ത്ഥതയെ നിഷ്കരുണം ചോദ്യം ചെയ്യുന്ന എത്രയെത്ര അനുഭവങ്ങള്‍. ഭര്‍ത്താവിന്‍റെ സഹോദരങ്ങള്‍ വിരുന്നിനെത്തുന്ന വിവരമറിഞ്ഞ് തലേ രാത്രിയിലേ ഉറക്കമൊഴിഞ്ഞ് പലഹാരങ്ങളും മറ്റും തയ്യാറാക്കി, അവരെ സ്വീകരിച്ച്, സല്‍ക്കരിക്കും. പക്ഷേ വന്ന മുഖങ്ങളില്‍ വലിയ തെളിച്ചമൊന്നും അവള്‍ പ്രതീക്ഷിക്കേണ്ടതില്ല. കുറച്ചുകൂടിയൊക്കെ കാര്യമായിട്ട് പെരുമാറാമായിരുന്നു എന്നൊരു ഭാവം. ഈ രസക്കേട് അയാള്‍ക്ക് അവളോട് നീരസം തോന്നാന്‍ കാരണമാക്കും. എല്ലാം നന്നായിരുന്നു എന്നൊരു വാക്കു പ്രതീക്ഷിച്ച് കിടപ്പറയിലെത്തുന്ന അവളുടെ നേരെ അത്രയും നേരം ഉള്ളില്‍ അടക്കിനിര്‍ത്തിയിരുന്ന നീരസം തലപൊക്കും. അവളുടെ വീട്ടുകാര്‍ വന്നപ്പോള്‍ താന്‍ മുടക്കിയ ഭക്ഷണചെലവിന്‍റെ വലിപ്പത്തെക്കുറിച്ച് തരംതാണരീതിയില്‍ സംസാരിക്കും. മുറിയുടെ ഒരു മൂലയില്‍ ഒതുങ്ങിക്കൂടി പ്രതിഷേധിക്കാനേ അവള്‍ക്കു സാധിക്കുകയുള്ളു. അതിനുമപ്പുറത്തേയ്ക്ക് പ്രതിഷേധം നീണ്ടാല്‍ വീട്ടുകാരറിയും, നാട്ടുകാരറിയും, പള്ളിയും പട്ടക്കാരനും അറിയും. കുടുംബത്തിനു പേരുദോഷം കേള്‍പ്പിക്കാതെ അടങ്ങിയൊതുങ്ങി കഴിയാന്‍ പഠിക്കണമെന്ന് സ്നേഹബുദ്ധ്യായുള്ള ഉപദേശങ്ങള്‍ നാലുഭാഗത്തുനിന്നും ഉണ്ടാകും. ഈ അടങ്ങിയൊതുങ്ങല്‍ മരണം വരെ നീളണം. ഒരു പക്ഷേ മറ്റുള്ളവരുടെ മുന്‍പില്‍ അവള്‍ക്ക് ഒന്നിനും കുറവു കാണില്ല. പക്ഷേ അവളും ഒരു വ്യക്തിയാണെന്ന്, വികാരങ്ങളും വിചാരങ്ങളും ചിന്താശക്തിയുമൊക്കെയുള്ളവളാണെന്ന്, തന്‍റേതായ സ്വകാര്യതകളും താത്പര്യങ്ങളും അവള്‍ക്കുമുണ്ടെന്ന് അംഗീകരിക്കാന്‍ അയാള്‍ തയാറാകുന്നില്ല. അവന്‍റെ ഇച്ഛയ്ക്കും വികാരങ്ങള്‍ക്കും മാത്രമാണ് മുന്‍ഗണന. അവന്‍റെ പതിവുകള്‍ക്കും ശീലങ്ങള്‍ക്കും മാറ്റം വരുത്തിയാല്‍ ദാമ്പത്യബന്ധം തന്നെ ചോദ്യംചെയ്യപ്പെടും. അവളുടെ ആരോഗ്യമോ, അനാരോഗ്യമോ ഇവിടെ പ്രശ്നമാകുന്നില്ല. പുരുഷന്‍റെ ഇഷ്ടങ്ങള്‍ക്കൊത്ത് വേഷപ്പകര്‍ച്ചകള്‍ സ്വീകരിക്കേണ്ട 'ഭാര്യ'മാത്രമാണ് അവള്‍.
ഞാന്‍ കരം കെട്ടുന്ന എന്‍റെ വീട്ടില്‍ എന്‍റെ ഇഷ്ടമേ നടക്കൂ... ഊണുമുറിയിലെ സെറ്റിംഗ്സില്‍ അല്പം മാറ്റം വരുത്തുന്നതു നല്ലതായിരിക്കുമെന്ന് അവള്‍ നടത്തിയ അഭിപ്രായപ്രകടനമാണ് വീടിന്‍റെ ഉടമസ്ഥതയുടെ ഓര്‍മ്മപ്പെടുത്തലില്‍ ചെന്നെത്തിയത്. ശരിയാണ്, അവള്‍ക്ക് വീടില്ല. ഭര്‍ത്താവിന്‍റെയോ, പുത്രന്‍റെയോ വീട്ടില്‍ അവള്‍ക്കും താമസിക്കാം. വീട് വൃത്തിയും വെടിപ്പുമായി സൂക്ഷിക്കുക മാത്രമേ അവള്‍ ചെയ്യേണ്ടതുള്ളല്ലോ. ഒരു ജന്മം മുഴുവന്‍ തീറെഴുതിക്കൊടുത്ത് കുടുംബം പരിപാലിച്ച അവള്‍ക്ക് എന്താണു സ്വന്തമായിട്ടുള്ളത്? തന്‍റെ യൗവ്വനവും തന്നെത്തന്നെയും വിട്ടുകൊടുത്ത ഈ ജീവിതത്തില്‍ അവള്‍ക്ക് എന്തു നേടാനായി? മറ്റൊരിടത്തേക്കും ഒരു തിരിച്ചുപോക്കിനിടമില്ലാത്തവിധം അവള്‍ തീറെഴുതി കൊടുക്കപ്പെട്ടിരിക്കുന്നു. അവള്‍ അതുവരെ കണ്ടും കേട്ടും വളര്‍ന്ന വ്യവസ്ഥിതിയില്‍ അവളുടെ ഊഴമെത്തിയപ്പോള്‍ അവളും വേഷംകെട്ടിയാടുന്നു.