news-details
മറ്റുലേഖനങ്ങൾ

സഭയില്‍ സ്ത്രീകളെവിടെയാണ്?

അമേരിക്കയുടെ മുന്‍ പ്രസിഡന്‍റായിരുന്ന ജിമ്മികാര്‍ട്ടര്‍ അടുത്തയിടെ, സതേണ്‍ ബാപ്റ്റിസ്റ്റ് കണ്‍വന്‍ഷനുമായുള്ള തന്‍റെ ആറു ദശാബ്ദക്കാലത്തെ ബന്ധം അവസാനിപ്പിക്കുകയാണെന്നു പ്രഖ്യാപിച്ചു. കണ്‍വന്‍ഷന്‍ന്‍റെ സ്ത്രീ വിരുദ്ധ കാഴ്ചപ്പാടുകളോടും നിലപാടുകളോടുമുള്ള വിയോജിപ്പാണ് ഇത്തരമൊരു നടപടിക്ക് അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ദൈവത്തിന്‍റെ മുമ്പില്‍ എല്ലാവരും തുല്യരാണ് എന്ന തന്‍റെ അടിസ്ഥാന വിശ്വാസത്തിന് എതിരാണ് കണ്‍വന്‍ഷന്‍ന്‍റെ നിലപാട് എന്നദ്ദേഹം വാദിച്ചു. അദ്ദേഹം തുടര്‍ന്നു: "സ്ത്രീക്കു പുരുഷനൊപ്പം യോഗ്യതയില്ലെന്ന വിശ്വാസം ഒരു മതത്തില്‍ മാത്രമല്ല... സ്ത്രീകളോടുള്ള വ്യത്യസ്ത മതാഭിമുഖ്യങ്ങളെ നാം വെല്ലുവിളിക്കേണ്ടതുണ്ട്." മനുഷ്യകുലം അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാനായി നെല്‍സണ്‍ മണ്ഡേല രൂപം കൊടുത്ത 'ദി എല്‍ഡേഴ്സ്' എന്ന ലോകനേതാക്കളുടെ സംഘടനയിലെ അംഗം കൂടിയാണ് ജിമ്മി കാര്‍ട്ടര്‍.
ശ്രദ്ധേയമായ കാര്യം ദൈവശാസ്ത്രപരമായി പ്രസക്തമായ ചോദ്യങ്ങള്‍ ഉന്നയിക്കപ്പെടുന്നത് മതേതരമായ മേഖലകളില്‍ നിന്നാണ് എന്നുള്ളതാണ്. സ്ത്രീകള്‍ സമൂഹത്തിന്‍റെ പൊതുഇടങ്ങളില്‍ കൂടുതല്‍ കൂടുതല്‍ പ്രത്യക്ഷപ്പെടുമ്പോഴും സഭയില്‍ അവള്‍ എവിടെയാണ്, എങ്ങനെയാണ് എന്ന ചോദ്യം ഗൗരവ പരിഗണനകളില്ലാതെ അവശേഷിക്കുന്നു. സഭ നവീകരിക്കപ്പെടണമെങ്കില്‍ ഈ ചോദ്യത്തെ നാം വീണ്ടും വീണ്ടും അഭിമുഖീകരിച്ചേ പറ്റൂ. സഭയില്‍ സ്ത്രീകളുടെ പങ്കിനെക്കുറിച്ചുള്ള അന്വേഷണം നമ്മെ തീര്‍ച്ചയായും കാലഘട്ടത്തോട് ക്രിയാത്മകമായി പ്രതികരിക്കുന്ന ഒരു സഭയാക്കിത്തീര്‍ക്കും എന്നു ഞാന്‍ വിശ്വസിക്കുന്നു.

ആണ്‍കോയ്മയുടെ ആന്ധ്യം ബാധിച്ച കണ്ണുകള്‍കൊണ്ട് സ്ത്രീയെ വിലയിരുത്തുകയും, പുരുഷനു കീഴടങ്ങിയും അവനെ അനുസരിച്ചും ജീവിക്കേണ്ടവളാണ് സ്ത്രീ എന്നു പേര്‍ത്തും പേര്‍ത്തും പ്രഖ്യാപിക്കുകയും, "ക്രിസ്തുവിനെ പ്രതിനിധീകരിക്കാനാവാത്തവള്‍" (Incapable of representing Christ) എന്ന ലേബലൊട്ടിക്കുകയും ചെയ്ത പരമ്പരാഗത ദൈവശാസ്ത്രത്തില്‍നിന്ന് സഭ അനേകകാതം മുമ്പോട്ടു പോയി.  Mulieris Dignitatem  എന്ന സഭാരേഖ "സ്ത്രീയും പുരുഷനും തുല്യാവകാശികളാണ്" (no.6) എന്ന് പ്രഖ്യാപിക്കുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും പല സഭാപഠനങ്ങളിലും സന്ദിഗ്ദ്ധതകള്‍ ബാക്കിനില്ക്കുന്നു. നമ്മുടെ മുന്‍ മാര്‍പ്പാപ്പാ ജോണ്‍പോള്‍ രണ്ടാമന്‍ 1995 ല്‍ എല്ലാ സ്ത്രീകള്‍ക്കും വേണ്ടി എഴുതിയ തുറന്ന കത്തില്‍ അവരെ അഭിസംബോധന ചെയ്യാന്‍ ഉപയോഗിക്കുന്നത്  അമ്മ, പെങ്ങള്‍, മകള്‍, ഭാര്യ, കന്യാസ്ത്രീ എന്നീ പദങ്ങള്‍ മാത്രമാണ്.

 

സ്ത്രീയെ അമ്മയായോ, ഭാര്യയായോ മാത്രം കാണുന്നത് അവളുടെ ശാരീരിക സവിശേഷതകളിലേക്ക് അവളെ ചുരുക്കുന്നതുകൊണ്ടാണ്. അമ്മയും ഭാര്യയും സര്‍വ്വംസഹയും അനുസരണയുള്ളവളുമായിരിക്കണമല്ലോ. അവളുടെ ഒരേയൊരു ധര്‍മ്മം സ്വാര്‍ത്ഥതയുടെ ലാഞ്ഛനപോലുമേശാതെ മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കുക എന്നതത്രേ. ഇത്തരം ചിന്താസ്വാധീനങ്ങളാല്‍ പൂരിതമാണ് ഒട്ടുമിക്ക കത്തോലിക്കാ ദൈവശാസ്ത്രപഠനങ്ങളും. ഇവിടെ തമസ്കരിക്കപ്പെടുന്നത് സ്ത്രീയുടെ ബൗദ്ധികമായ കഴിവുകളും, തിരസ്ക്കരിക്കപ്പെടുന്നത് ദൈവശാസ്ത്രമേഖലയിലും സഭയിലും അവള്‍ക്കു നല്കാനാവുന്ന സംഭാവനകളുമാണ്.


അടുത്തയിടെ കേരളത്തിലെ സീറോ-മലബാര്‍ സഭയിലെ എട്ടു രൂപതകളിലായി ഞാന്‍ നടത്തിയ ഒരു സര്‍വേ ഈ നിരീക്ഷണങ്ങളെ സാധൂകരിക്കുന്നു. ഞാന്‍ ഇന്‍റര്‍വ്യൂ ചെയ്ത 240 സ്ത്രീകളില്‍ 77% പേര്‍ ഒരു സ്ത്രീയുടെ പ്രഥമമായ ഉത്തരവാദിത്വം കുഞ്ഞുങ്ങളെ വിശ്വാസത്തില്‍ വളര്‍ത്തുന്ന ഒരു നല്ല അമ്മയാകുകയാണ് എന്നു കരുതുന്നവരാണ്. സ്ത്രീയെ ഭരിക്കാന്‍ പുരുഷനു ദൈവം അധികാരം നല്കിയിട്ടുണ്ടോ എന്ന ചോദ്യത്തിനു 52.9% സ്ത്രീകളും 'അതെ' എന്നുത്തരം നല്കി. നമ്മുടെ പള്ളികളില്‍ ഒത്തു കല്യാണത്തോടും കല്യാണത്തോടും അനുബന്ധിച്ചു നടത്തപ്പെടുന്ന സഭാകര്‍മ്മങ്ങള്‍ 'ഭാര്യമാര്‍ ഭര്‍ത്താക്കന്മാര്‍ക്കു വിധേയരായിരിക്കണം' എന്ന ആഹ്വാനത്തെ ഊട്ടിയുറപ്പിക്കുന്നതാണോ എന്ന ചോദ്യത്തിനു 78.3%  സ്ത്രീകളും 'അതെ' എന്നയുത്തരമാണു നല്കിയത്. സഭയിലെ പുരുഷമേധാവിത്വത്തിനു വിടുപണി ചെയ്യാന്‍ ബഹുഭൂരിപക്ഷം സ്ത്രീ വിശ്വാസികളും തയ്യാറാണ് എന്ന് ഈ നിരീക്ഷണങ്ങള്‍ വ്യക്തമാക്കുന്നു.

സഭാഗാത്രത്തില്‍ സ്ത്രീയുടെ സ്വയം പരിത്യാഗത്തിനും മാതൃസ്നേഹത്തിനും മാത്രം ഊന്നല്‍ ലഭിക്കുമ്പോള്‍ സംഭവിക്കുന്നത് ഉയര്‍ന്ന ചിന്താശേഷിയും കാര്യപ്രാപ്തിയും വിമര്‍ശനാവബോധവുമുള്ള സ്ത്രീകള്‍ സഭയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ വിമുഖരാകുന്നു എന്നതാണ്. ഞാന്‍ നടത്തിയ സര്‍വേയില്‍ പങ്കെടുത്ത സ്ത്രീകളില്‍ 74.2% പേര്‍ കുടുംബക്കൂട്ടായ്മകളിലും 34.2% മാതൃദീപ്തി, മാതൃജ്യോതി മുതലായ സംഘടനകളിലും 11.7% പേര്‍ കരിസ്മാറ്റിക് പ്രാര്‍ത്ഥനാഗ്രൂപ്പുകളിലും 10.4% പേര്‍ പാരീഷ് കൗണ്‍സിലുകളിലും 8.3% പേര്‍ വേദപാഠ അദ്ധ്യാപകരിലും പെട്ടവരാണ്. 16.2% സ്ത്രീകള്‍ക്കാവട്ടെ ഒരു സഭാപരിപാടിയിലും നേരിട്ടു ബന്ധമില്ല. സ്ത്രീകളുടെ വിദ്യാഭ്യാസ യോഗ്യതവച്ച് ഈ വസ്തുതകളെ പഠിക്കുമ്പോള്‍ വ്യക്തമാകുന്ന ഒരു കാര്യം, സഭാപരിപാടികളില്‍ പങ്കാളികളാകുന്ന സ്ത്രീകളില്‍ ബഹുഭൂരിപക്ഷവും ഡിഗ്രി തലം വരെ വിദ്യാഭ്യാസം നേടിയവരാണ് എന്നതാണ്. അതിനുമുകളിലേക്ക് വിദ്യാഭ്യാസം നേടിയ സ്ത്രീകളില്‍ സഭാകര്‍മ്മ പരിപാടികളില്‍ ഏര്‍പ്പെടുന്നവര്‍ തുലോം തുച്ഛമാണ്. പുരുഷന്മാരുടെ വിദ്യാഭ്യാസയോഗ്യത ഏറുന്നതിന് അനുസരിച്ച് അവര്‍ സഭയുടെ കാര്യപരിപാടികളില്‍ കൂടുതല്‍ കൂടുതല്‍ തല്പരരാകുന്നു എന്ന വസ്തുത മുന്‍പറഞ്ഞ നിരീക്ഷണവുമായി താരതമ്യം ചെയ്തു പഠിക്കേണ്ടതാണ്.

തങ്ങളുടെ ധര്‍മ്മം വിധേയപ്പെട്ടു ജീവിക്കുകയാണ് എന്ന പഠിപ്പിക്കലിനെ ശിരസ്സാവഹിക്കുന്നവരാണ് സ്ത്രീകള്‍. ദൈവകല്പിതവും തങ്ങളുടെ സുരക്ഷിതത്വത്തിനു ഉതകുന്നതും ആയതുകൊണ്ട് ഈ വിധേയത്വം അവര്‍ സ്വമനസ്സാലേ സ്വീകരിക്കുന്നു. മാത്രവുമല്ല, ഇതിനു ബദലായതൊന്നും അവര്‍ പരിചയിച്ചിട്ടുമില്ല. അത്തരം ബദലുകളെക്കുറിച്ച് സംസാരിക്കുന്നവര്‍ തന്‍റേടികളും അതുകൊണ്ടുതന്നെ ഒഴിവാക്കപ്പെടേണ്ടവരുമായി പരിഗണിക്കപ്പെടുകയും ചെയ്യുന്നു. സഭയുടെ മുഖം അങ്ങനെ പുരുഷന്‍റെ മുഖമായി അവിച്ഛിന്നം തുടരുന്നു.

ഇടവകകളിലെ പൊതുയോഗങ്ങളിലും പ്രതിനിധിയോഗങ്ങളിലുമൊക്കെ ഇന്നു കൂടുതല്‍ സ്ത്രീ സാന്നിദ്ധ്യം ഉണ്ടെന്നതു ശരിതന്നെ. ഈ യോഗങ്ങളില്‍ സ്ത്രീകള്‍ എന്തു പങ്കുവഹിക്കുന്നു എന്ന ചോദ്യത്തിനു അവര്‍ മൂകസാക്ഷികളായി ഇരിക്കുന്നതേയുള്ളൂ എന്ന് സ്ത്രീകളും വികാരിയച്ചന്മാരും സമ്മതിക്കുന്നു. ഈ നിശ്ശബ്ദതയ്ക്കു കാരണമന്വേഷിച്ചപ്പോള്‍ ചിലര്‍ പറഞ്ഞത്, സംസാരിക്കാന്‍ ധൈര്യം കാണിച്ചാല്‍ അത് അഹങ്കാരമായി വ്യാഖ്യാനിക്കപ്പെടുന്നു എന്നതാണ്. മറ്റുചിലര്‍ പറഞ്ഞത് ഇത്തരം യോഗങ്ങളിലെ അജണ്ടകള്‍തന്നെ പ്രശ്നമുണ്ടാക്കുന്നു എന്നാണ്. ഇത്തരം യോഗങ്ങളിലെ പ്രധാന ചര്‍ച്ചാവിഷയം സാമ്പത്തിക റിപ്പോര്‍ട്ടുകളും നിര്‍മ്മാണപ്രവര്‍ത്തനങ്ങളെക്കുറിച്ചും പെരുന്നാളുകളുടെ നടത്തിപ്പിനെക്കുറിച്ചും മറ്റുമുള്ള ചര്‍ച്ചകളുമാണ്. ഇവയിലേതിലെങ്കിലും ഗൗരവമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ തങ്ങള്‍ക്കാവില്ലെന്നു സ്ത്രീകള്‍ കരുതുന്നു. സഭയില്‍ ഇടങ്ങള്‍ ലഭിക്കുമ്പോഴും നിശ്ശബ്ദരായി തുടരാന്‍ ഇത്തരം സാഹചര്യങ്ങള്‍ അവരെ പ്രേരിപ്പിക്കുന്നു.
ആണ്‍-പെണ്‍ ബന്ധങ്ങളിലെ ഉച്ചനീചത്വങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കാഴ്ചപ്പാടുകളെയും വിശ്വാസധാരകളെയും പൊളിച്ചെഴുതേണ്ടതുണ്ട്. ഒപ്പം,  അടിച്ചേല്പിക്കപ്പെട്ട അടിമത്തത്തിനെതിരേ ഓരോ സ്ത്രീയും ദൈനംദിന വ്യവഹാരങ്ങളിലും ജീവിത വ്യാപാരങ്ങളിലും ബോധപൂര്‍വ്വം വിമര്‍ശനാത്മക നിലപാടുകള്‍ സ്വീകരിക്കേണ്ടതുമുണ്ട്. ദൈവശാസ്ത്ര ചിന്താധാരകളെ ഫെമിനിസ്റ്റ് നിലപാടുകള്‍ സ്വാധീനിക്കേണ്ടതിന്‍റെ പ്രസക്തി ഇവിടെയാണ്. 'ഭൂമിയില്‍ സമാധാനം' എന്ന രേഖയില്‍ ജോണ്‍ 23-ാമന്‍ മാര്‍പ്പാപ്പ എഴുതി: "സ്ത്രീകള്‍ തങ്ങളുടെ വ്യക്തി മഹാത്മ്യത്തെക്കുറിച്ച് കൂടുതല്‍ കൂടുതല്‍ ബോധവതികളായിക്കൊണ്ടിരിക്കുന്നു... കൂടാതെ, മനുഷ്യര്‍ക്ക് വീട്ടിടങ്ങളിലും പൊതു ഇടങ്ങളിലും അനുവദിക്കപ്പെട്ട എല്ലാ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും അവര്‍ ആവശ്യപ്പെടുകയും ചെയ്യുന്നു." ഈ തിരിച്ചറിവിന്‍റെ ചുവടു പിടിച്ച് നമ്മുടെ സഭ മുമ്പോട്ടു പോകേണ്ടതുണ്ട്. സഭയിലെ ദൈവശാസ്ത്രവും ആത്മീയതയും സംവിധാനങ്ങളും ഒക്കെ സ്ത്രീയെ ഗൗരവമായി എടുക്കുമ്പോഴേ സഭ സ്ത്രീയുടേതുകൂടി ആയി മാറുകയുള്ളൂ.

സഭാത്മക ജീവിതത്തില്‍ സാക്ഷാത്ക്കരിക്കാനാകുന്ന ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ ചുവടെ ചേര്‍ക്കുകയാണ്:
* സഭ സ്ത്രീയുടേതുകൂടിയായിത്തീരണമെങ്കില്‍ അവള്‍ക്ക് സഭയുടെ അധികാര സംവിധാനങ്ങളിലും നയരൂപീകരണ കമ്മിറ്റികളിലും പുരുഷനു തുല്യമായ പങ്കാളിത്തം കൂടിയേ തീരൂ. സ്ത്രീ വിരുദ്ധ മനോഭാവങ്ങളുടെ പൊളിച്ചെഴുത്ത് ഇതിന് അത്യന്താപേക്ഷിതമാണ്.
* പുരുഷനില്ലാത്ത ചില കാര്യങ്ങള്‍ക്കും ഗുണങ്ങള്‍ക്കും സ്വഭാവസവിശേഷതകള്‍ക്കും പകരക്കാരിയായല്ല സ്ത്രീയെ വീക്ഷിക്കേണ്ടത്. ഇവര്‍ രണ്ടുപേരും തുല്യപങ്കാളിത്തത്തോടെ കാര്യനിര്‍വ്വഹണശ്രമങ്ങളില്‍ ഏര്‍പ്പെടേണ്ടതിനെക്കുറിച്ചാണ് നാം ഇനിമേല്‍ സംസാരിക്കേണ്ടത്. നേതൃത്വത്തിലും ശുശ്രൂഷയിലും അവര്‍ ഒരുമിച്ചു നില്ക്കുകയും അവരുടെ കഴിവുകള്‍ പൊതു നന്മയ്ക്കായി ഉപയോഗിക്കുകയും വേണം.
* സഭയിലെ തത്ത്വശാസ്ത്ര- ദൈവശാസ്ത്ര ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ സ്ത്രീ സാന്നിദ്ധ്യം അവശ്യം വേണ്ടതാണ്. കേരളത്തില്‍ത്തന്നെ അന്‍പതില്‍ പരം കന്യാസ്ത്രീകള്‍ ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയവരായുണ്ട്. ഭാവി പുരോഹിതന്മാരെ രൂപവത്ക്കരിക്കുന്നതില്‍ ഇവര്‍ക്ക് കാര്യമായ പങ്കു ലഭിക്കുന്നില്ല. എനിക്കടുത്തറിയാവുന്ന ഒരു സിസ്റ്റര്‍ സിസ്റ്റമാറ്റിക് തിയോളജിയില്‍ ഡോക്ടറേറ്റ് നേടിയിട്ടും അവരുടെ സഭയിലെ ആദ്യവര്‍ഷ കുട്ടികളെ പരിശീലിപ്പിക്കുന്നതില്‍ വ്യാപൃതയാണ്. ആ ഉത്തരവാദിത്വത്തെ കുറച്ചുകാണിക്കാനല്ല ഞാന്‍ ഇതെഴുതിയത്, പിന്നെയോ അവളുടെ നൈപുണ്യത്തിന്‍റെയും അറിവിന്‍റെയും എത്രയോ കുറച്ചൊരു അളവു മാത്രമേ നാം പ്രയോജനപ്പെടുത്തുന്നുള്ളൂ എന്നു സൂചിപ്പിക്കാനാണ്.

സ്ത്രീകള്‍ വീട്ടില്‍ ചെയ്യുന്ന പണികള്‍ കാണപ്പെടാതെ പോകുന്നതുപോലെതന്നെ സഭയില്‍ സ്ത്രീകള്‍ ഏറ്റെടുത്തു നടത്തുന്ന ഉത്തരവാദിത്വങ്ങളും അംഗീകരിക്കപ്പെടാതെ പോകുന്നുണ്ട്. ലീംഗനീതിയുടെ കാര്യത്തില്‍ സഭ പൊതുസമൂഹത്തിന് ഒരു  മാതൃകയായിത്തീരണമെങ്കില്‍ ഇക്കാര്യത്തില്‍ വേണ്ടത്ര ആത്മവിമര്‍ശനവും തിരുത്തല്‍ നടപടികളും കൂടിയേ തീരൂ.

ഈ ലേഖനം അവസാനിപ്പിക്കുന്നതിനുമുമ്പ് സഭയെക്കുറിച്ചുള്ള എന്‍റെ സ്വപ്നം പങ്കുവയ്ക്കട്ടെ: സ്ത്രീയും പുരുഷനും സമഭാവനയോടെ, തുല്യപങ്കാളിത്തത്തോടെ സഹകരിക്കുകയും സഹവര്‍ത്തിക്കുകയും ചെയ്യുന്ന ഒരിടമാകണം സഭ. അങ്ങനെ മുഴുവന്‍ മാനവകുലത്തിനും മുമ്പില്‍ സഭ സമത്വത്തിന്‍റെ കൂദാശയായി പ്രത്യക്ഷപ്പെടണം. അന്ന് ആ സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടും: യേശുക്രിസ്തുവില്‍ യഹൂദനെന്നോ ഗ്രീക്കുകാരനെന്നോ, സ്വതന്ത്രനെന്നോ അടിമയെന്നോ, സ്ത്രീയെന്നോ പുരുഷനെന്നോ ഉള്ള ഭേദങ്ങള്‍ ഇല്ലാതാകും (ഗലാ3:28).

You can share this post!

മുഖമൊഴി

റോണി കിഴക്കേടത്ത്
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts