news-details
മറ്റുലേഖനങ്ങൾ

പുരുഷമേധാവിത്തം ഒരു പുരുഷന്‍റെ വിയോജിപ്പ്

ഭര്‍ത്താവ് കൊണ്ടുവരുന്ന എല്ലാ ബിസ്സിനസ് പദ്ധതികളും കണ്ണടച്ച് അംഗീകരിക്കുന്നതിന്‍റെ ഭാഗമായി മുന്‍പില്‍ കൊണ്ടുവന്നു വയ്ക്കുന്ന മുദ്രക്കടലാസുകളില്‍ ഒപ്പിട്ട്, ഒടുവില്‍ കിടപ്പാടം പോലും നഷ്ടപ്പെടുന്ന ഘട്ടത്തിലെത്തി നില്ക്കുന്ന ഒരു കുടുംബത്തെ ഇതെഴുതുന്നയാള്‍ക്ക് നന്നായറിയാം. കാര്യമന്വേഷിച്ചപ്പോള്‍ ആദ്യം പറഞ്ഞത് 'ഉത്തമഭാര്യ' സങ്കല്പത്തിന്‍റെ ഗിരിപ്രഭാഷണമാണ്. പക്ഷേ സംസാരം അല്പം പിന്നിട്ടപ്പോള്‍ മര്‍ദ്ദന ഭയത്താലാണ് പല കടലാസുകളിലും ഒപ്പിട്ടതെന്ന് തുറന്നു പറഞ്ഞു. 'ഗൃഹനായിക' എന്ന് റേഷന്‍ കാര്‍ഡടക്കമുള്ള രേഖകളില്‍ പെണ്ണിനെ വിശേഷിപ്പിക്കാറുണ്ടെങ്കിലും, നയിക്കാന്‍ പോയിട്ട് 'നായകന്‍റെ' അധീശത്വത്തില്‍നിന്ന് ചലിക്കാന്‍ പോലും അനുവദിക്കില്ല. ആധുനിക ഐ.ടി അണുകുടുംബങ്ങളില്‍പ്പോലും കാര്യങ്ങളുടെ കടിഞ്ഞാണ്‍ 'ഭര്‍ത്താവ് മേലാളന്‍റെ' കൈയിലല്ലെങ്കില്‍ പിന്നെ കുടുംബത്തിന്‍റെ കാര്യങ്ങള്‍ താറുമാറാകും എന്നാണ് പൊതുവെയുള്ള ധാരണ. പെണ്ണിനോട് കാര്യങ്ങള്‍ ആലോചിക്കുന്നതുതന്നെ എന്തോ കുറവും കാര്യമായ തകരാറുമാണെന്നാണ് 'ഏറ്റവും മികച്ച ആണ്‍പക്ഷചിന്ത.' പണം എല്ലാ കാര്യങ്ങളുടെയും മാനദണ്ഡമാകുന്ന ഇക്കാലഘട്ടത്തില്‍ പോലും 'സ്റ്റാറ്റസ്' എന്ന സംഗതിയുടെ നിര്‍വ്വചനത്തില്‍ 'പെണ്ണിന്‍റെ സ്വത്വം' ആണ് വിശദീകരണത്തിനായി പ്രധാനമായും സമൂഹം വിധേയമാക്കുന്നത്. ആണിനെ സംബന്ധിച്ച് ഇക്കാര്യങ്ങളില്‍ കുറെക്കൂടി ഇളവ് സമൂഹം അനുവദിക്കുന്നു. ആണധികാരത്താല്‍ നിര്‍മ്മിക്കപ്പെട്ടതും പ്രവര്‍ത്തിക്കുന്നതുമായ സമൂഹത്തില്‍ പെണ്ണിന്‍റെ സ്വത്വം വികലമായ രീതിയില്‍ വിശകലനം ചെയ്യപ്പെടുന്നതില്‍ അത്ഭുതപ്പെടാനില്ല. ഇത്തരം അധികാരവൃവസ്ഥിതികള്‍ക്കെതിരെയുള്ള ചോദ്യം ചെയ്യലുകള്‍ ആണ്‍കോയ്മാ പന്നികള്‍ക്ക്  (MCP= Male Chauvinist Pig  എന്ന ഇംഗ്ലീഷ് പ്രയോഗത്തിന്‍റെ ഭാഷാന്തരം) സഹിക്കാവുന്ന കാര്യമല്ല. വിനീതാ കോട്ടായി മുതല്‍ ചിത്രലേഖവരെയുള്ളവര്‍ ഏറിയും കുറഞ്ഞും തങ്ങളുടെ നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് നേരെ പ്രതികരിക്കുകയും അതുവഴി സ്വാതന്ത്ര്യപ്രഖ്യാപനങ്ങള്‍ നടത്തുവാന്‍ ശ്രമിച്ചവരുമാണ്. 'അടങ്ങിയൊതുങ്ങിക്കഴിയുന്ന വീട്ടമ്മ' എന്ന മുദ്ര വലിച്ചുകീറി സംഘടിത തൊഴിലാളി വര്‍ഗ്ഗത്തിന്‍റെ ഉപരോധത്തിന് നേരെ എതിര്‍ശബ്ദം നടത്തിയ പെണ്ണാണ് വിനീത കോട്ടായി. എന്നാല്‍ പയ്യന്നൂരിലെ ദളിത് പെണ്ണായ ചിത്രലേഖ 'പുലച്ചി' എന്ന് തന്നെ അഭിസംബോധന ചെയ്ത ജാതിക്കോമരങ്ങളായ ആണധികാരികള്‍ക്ക് നേരെ പ്രതികരിച്ചതാണ് കുറ്റമായത്. ഇതര പെണ്‍വിഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി ജാതിപരമായും ലിംഗപരമായും വിവേചനം നേരിടുന്നവരമാണ് ദളിത് പെണ്‍വര്‍ഗ്ഗം. ചോദ്യം ചെയ്യപ്പെടാനാവാത്ത അധികാരത്തിന് നേരെ ഉയരുന്ന പെണ്‍സ്വരങ്ങളെ നിര്‍ദ്ദാക്ഷിണ്യം അടിച്ചമര്‍ത്താന്‍ എന്നും ഉത്സുകരാണ് മലയാളി ആണധികാരികള്‍.

 

പ്രണയം, ലൈംഗീകത എന്നീ വിഷയങ്ങളെക്കുറിച്ച് പരസ്യമായി സംസാരിക്കാനും നിലപാടുകളെടുക്കാനും മടിക്കുന്ന കപടസദാചാരവാദികളാണ് മലയാളികള്‍. സമകാലീന എഴുത്തുകാരികളില്‍ ചിലരെങ്കിലും തങ്ങളുടെ എഴുത്തുകളില്‍ കൂടുതലോ കുറച്ചോ ആയി ലൈംഗികത പരാമര്‍ശിച്ചപ്പോള്‍ 'ആണ്‍ കേരളം' വേട്ടയാടി ചോര കുടിച്ചു. പ്രണയത്തിലും ലൈംഗികതയിലും പാലിക്കേണ്ട (കിടപ്പറയിലെ ആക്രമിച്ചുള്ള കീഴ്പ്പെടുത്തലാണ് ആണത്വവും ലൈംഗികതയും എന്ന രീതിയല്ല ഇവിടെ വിവക്ഷിക്കുന്നത്) പെണ്‍-ആണ്‍ സമത്വം അംഗീകരിക്കാനുള്ള അസഹിഷ്ണുതയാണ് ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള മടിയുടെ ഏറ്റവും പ്രധാന കാരണം. കേരളീയ സാമൂഹ്യമനസ്സ് ഇപ്പോഴും പലതരം സവര്‍ണ്ണ ചിന്തകളാല്‍ രൂഢമൂലമാണ്. (ബ്രാഹ്മണിസം കാസ്റ്റ് അല്ല കള്‍ട്ടാ ആണ്.) സവര്‍ണ്ണ മേല്‍ക്കോയ്മയുടെ നുകത്തിന് കീഴില്‍ നില്ക്കുന്ന സ്ത്രീക്ക് സ്വാതന്ത്ര്യം സ്വപ്നമാണ്. അതുകൊണ്ട് പെണ്‍ സംബന്ധമായ ചോദ്യങ്ങളും പ്രശ്നങ്ങളും തന്ത്രപരമായി ആണ്‍കോയ്മ സമൂഹം ഒഴിവാക്കാറാണ് പതിവ്. 'ഏത് ആണധികാരി മുക്രയിട്ടാലും പിന്നാലെ പോകുന്നവളാണ് പെണ്ണ്' എന്ന നയമായിരുന്നല്ലോ 'ലൗ ജിഹാദ്' എന്ന സംഘപരിവാര്‍ സിദ്ധാന്തം. എന്നാല്‍ മലയാള നാട്ടില്‍ പ്രസ്തുത പ്രശ്നത്തിന്‍റെ വര്‍ഗ്ഗീയ വശം മാത്രം ചിന്തിച്ച് ചര്‍ച്ച ചെയ്യുകയാണുണ്ടായത്. അതുപോലെതന്നെ പ്രധാനമോ അഥവാ അതിനേക്കാള്‍ പ്രധാനവുമായ ലൗ ജിഹാദിലെ പെണ്‍ വിരുദ്ധതയെക്കുറിച്ച് പലരും നിശ്ശബ്ദരാവുകയാണുണ്ടായത്. ഇത്തരം നിശ്ശബ്ദമായ അടിച്ചമര്‍ത്തലുകളിലൂടെയും, വ്യാപകമായ കുപ്രചരണങ്ങളിലൂടെയും അടിസ്ഥാനപരമായി പെണ്‍സമൂഹത്തിന് അവകാശപ്പെട്ട സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാനാണ് ശ്രമിച്ചത്. ഇല്ലാത്ത ലൗ ജിഹാദ് ഉണ്ടെന്ന് വരുത്തിത്തീര്‍ത്തതിലൂടെ സവര്‍ണ്ണ ഫാഷിസത്തിന്‍റെ പെണ്‍വിരുദ്ധതയ്ക്ക് കേരളത്തിലെ ആണ്‍കൂട്ടം എല്ലാ പിന്തുണയും നല്കി.

 

പെണ്‍കൂട്ടത്തിന്‍റെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുമ്പോള്‍ ആണ്‍രീതി ശാസ്ത്രങ്ങളില്‍ അധിഷ്ഠിതമായ മുന്‍വിധികളോടെയാണ് സമീപിക്കുന്നത്. പെണ്‍വാണിഭക്കേസുകളോടുള്ള പൊതുസമീപനങ്ങള്‍ മാത്രം പരിശോധിച്ചാല്‍ ഇതു മനസിലാകും. സൂര്യനെല്ലി, വിതുര കേസുകളിലാണ് ഇത് ഏറ്റവും ഭീകരമായ രീതിയില്‍ പ്രവര്‍ത്തിക്കപ്പെട്ടത്. 'വിതുരക്കാരി', 'സൂര്യനെല്ലിക്കാരി' എന്നീ പരാമര്‍ശങ്ങളിലൂടെ ഇരയ്ക്ക് കിട്ടേണ്ടുന്ന പ്രാഥമികമായ ദയയും നീതിയുമാണ് നിഷേധിക്കപ്പെട്ടത്. ആണ്‍കോയ്മ സമൂഹത്തിന്‍റെ ഇടപെടല്‍മൂലം മാനഭംഗപ്പെട്ടവര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ് പൊതുസമൂഹത്തില്‍ സംജാതമാകുന്നത്. കന്യകാത്വ സങ്കല്പത്തിന്‍റെ മിഥ്യാധാരണകള്‍ ഇതിന് ആക്കം കൂട്ടുന്നു. ആണിനാകട്ടെ ഇത്തരം വേലികളില്ല. ഒന്നിലധികം പെണ്ണുമായി ഒരേ സമയം ലൈംഗിക ബന്ധം പുലര്‍ത്തിയാല്‍ അത് കഴിവും, പെണ്ണിന്‍റെ കാര്യത്തിലാണെങ്കില്‍ അത് വേശ്യാവൃത്തിയുമാകുന്നു. ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുന്ന പെണ്ണിന്‍റെ പ്രശ്നം കാമമല്ല വിശപ്പാണ് എന്ന യാഥാര്‍ത്ഥ്യം ആണധികാരികള്‍ മറക്കുന്നു.  സ്വന്തം നാട്ടിലെ സംഭവങ്ങള്‍ക്ക് നേരെയുള്ള ഇത്തരം പിന്തിരിപ്പന്‍ നിലപാടുകള്‍തന്നെയാണ് മറ്റ് കാര്യങ്ങളിലും പ്രതിഫലിക്കുന്നത്. കാഷ്മീരിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ഛത്തീസ് ഗഢിലും ഇന്‍ഡ്യന്‍ സേന ക്രമസമാധാന പാലനത്തിന്‍റെ പേരില്‍ നിഷ്കളങ്കരായ ഗ്രാമീണ സ്ത്രീകളെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നുതള്ളുമ്പോള്‍ വളരെ നിസ്സംഗഭാവത്തോടെ നോക്കിക്കാണുന്നതും ഇതുകൊണ്ടാണ്. മംഗലാപുരത്തെ ശ്രീരാമ സേനാനികള്‍ പെണ്‍കുട്ടികളെ ആക്രമിച്ചപ്പോള്‍ അനങ്ങാതിരുന്ന കേരളീയര്‍, ഇത്തവണത്തെ പ്രണയദിനത്തിന് ശ്രീരാമസേനയുടെ പേരില്‍ പ്രണയത്തിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടപ്പോഴും നിശ്ശബ്ദരായിതന്നെ നിലകൊണ്ടു.

വൈകിട്ട് ആറ് മണി കഴിഞ്ഞ് പെണ്ണ് പുറത്തിറങ്ങാന്‍ പാടില്ലായെന്ന അലിഖിത നിയമം നിലനില്ക്കുന്ന സ്ഥലമാണ് മലയാള നാട്. ഭര്‍ത്താവ്, അച്ഛന്‍, സഹോദരന്‍ മുതലായ ആണധികാരികളുടെ 'അരിക് പറ്റി പിന്നിലൂടെ സഞ്ചരിച്ചില്ലെങ്കില്‍' അടക്കവും ഒതുക്കവുമില്ലാത്ത പെണ്‍കുട്ടിയാണെന്നുള്ള പേര് വീഴും. എന്നാല്‍ മേല്‍പ്പറഞ്ഞ ആണധികാരികളടക്കമുള്ളവരെ പോറ്റാനായി ഒരു പകല്‍ മുഴുവന്‍ അധ്വാനിച്ച് തളര്‍ന്ന്, സഞ്ചരിക്കുന്ന വാഹനത്തിലെ ആണധികാരികളുടെ 'നോട്ടം മുതല്‍ പിടുത്തം' വരെയുള്ള ആക്രമണത്തിന് ഇരയായി വീട്ടിലേക്കോടിയണയാന്‍ വെമ്പുന്ന പെണ്ണിനെയാണ് സദാചാരത്തിന്‍റെ മൊത്തക്കച്ചവടക്കാര്‍ 'പിഴച്ചവള്‍' എന്ന് ചാപ്പ കുത്തുന്നത്. കാരണം വൈകുന്നേരങ്ങളില്‍ പൊതുസ്ഥലങ്ങളില്‍ പെണ്ണ് നില്ക്കുന്നത് ആശാസ്യകരമല്ല എന്ന് 'ആണ്‍ ന്യായാധിപന്മാര്‍' വിധിച്ചിട്ടുണ്ട്. എന്നാല്‍ വൈകുന്നേരങ്ങളില്‍ ഇവര്‍ നടത്തുന്ന അതിക്രമങ്ങള്‍ക്ക് ഇന്നോളം ഒരു കുറവും കണ്ടിട്ടില്ല. എല്ലാ അക്രമങ്ങളെയും അതിജീവിച്ച് വീട്ടിലെത്തുമ്പോള്‍ 'ഭര്‍ത്താവ് ജന്മിയുടെ മുന്‍പിലെ കീഴാളപ്പെണ്ണായി' അടുക്കള മുതല്‍ കിടപ്പറ വരെ വേല ചെയ്യേണ്ടി വരുന്നു. ഇങ്ങനെ നിശ്ശബ്ദമായ വേദനകളും കടുത്ത അടിച്ചമര്‍ത്തലുകളും നേരിടുമ്പോള്‍ കുടുംബം കല്പിച്ചനുവദിച്ച തങ്കപതക്കം ആണ് 'ഉത്തമ ഭാര്യ' എന്നത്. ഇനി ഏതെങ്കിലും തരത്തില്‍ പ്രതികരിച്ചാല്‍ ഗ്യാസ് പൊട്ടിത്തെറിച്ചും, തൂങ്ങിമരിച്ചും പെണ്ണ് കാണപ്പെടുന്നു. സ്ത്രീധനം വാങ്ങാതെ പ്രണയ വിവാഹം കഴിക്കുന്നവര്‍ രണ്ടാംകിടക്കാരാകുമ്പോള്‍ കാലിച്ചന്തയേക്കാള്‍ നാണം കെട്ട രീതിയില്‍ ലേലം വിളിച്ചും, വിലപേശിയും വിവാഹം നടത്തുന്നവര്‍ക്ക് കിട്ടുന്ന പൊതു സ്വീകാര്യത അതിഗംഭീരമാണ്. പെണ്ണിന്‍റെ നിറവും ശരീരവും വിലയുടെ മാനദണ്ഡങ്ങളില്‍ പ്രധാനഘടകങ്ങളിലൊന്നാണ്.

വിവാഹമോചിതയാവുകയോ ഒറ്റയ്ക്ക് മാറിത്താമസിക്കുകയോ ചെയ്താല്‍ ആണ്‍ സമൂഹത്തിന്‍റെ മറ്റൊരു വിധത്തിലുള്ള വേട്ടയാടല്‍ ആരംഭിക്കുകയായി. 'വിവാഹമോചിതയായവള്‍' എന്ന മുദ്രയടിച്ചുകൊണ്ടാണ് ഇത് ആരംഭിക്കുന്നത്.  വിധവയാണെങ്കില്‍ ചിലപ്പോള്‍ വിലകുറഞ്ഞ സഹതാപം അല്ലെങ്കില്‍ ആസൂത്രിതമായ ഒഴിവാക്കല്‍; എല്ലാറ്റിന്‍റെയും ആത്യന്തികഫലം പൊതുസമൂഹത്തില്‍ നിന്ന് പെണ്ണിനെ പുറത്താക്കുക എന്നതാണ്. അവിവാഹിതന്‍ ഒരു വിധവയെയോ വിവാഹമോചിതയെയോ വിവാഹം കഴിക്കാന്‍ തീരുമാനിച്ചാല്‍ അത് ആണിന്‍റെ മഹാമനസ്കതയായി കൊണ്ടാടപ്പെടാറുണ്ട്. എന്നാല്‍ തിരിച്ച്, അവിവാഹിത ഒരു വിഭാര്യനെയോ വിവാഹമോചിതനെയോ വിവാഹം കഴിക്കാന്‍ തീരുമനിച്ചാല്‍ അപ്പോഴേയ്ക്കും അവളുടെ പെരുമാറ്റദൂഷ്യത്തിന്‍റെ സവിസ്തരമായ പ്രതിപാദ്യങ്ങള്‍ ഉണ്ടാകുന്നു. സമൂഹത്തിലെ ആണ്‍കോയ്മയുടെ സ്ഥിരമായ അവസ്ഥ നിലനിര്‍ത്താന്‍ മേല്‍പ്പറഞ്ഞ രീതിയിലുള്ള ബലതന്ത്രങ്ങള്‍ എപ്പോഴും പ്രയോഗിക്കപ്പെടാറുണ്ട്. ഇത്തരം സംഗതികള്‍ തിരിച്ചറിയപ്പെടാതെ പോകുന്നതിന്‍റെ പ്രധാന കാരണങ്ങള്‍ രണ്ടാണ്: ഒന്ന്, മതാന്ധത. രണ്ട്, നാട്ടുനടപ്പ്. മൂല്യാധിഷ്ഠിത സമൂഹത്തേക്കാള്‍ ഉപരി ജാതി-മതാധിഷ്ഠിത സമൂഹമായാണ് മലയാളികള്‍ ജീവിക്കുന്നത്. മതകാര്യവും നാട്ടുകാര്യവും നടത്തുന്നവരാകട്ടെ ആണുങ്ങള്‍ മാത്രവുമാണ്. സ്ത്രീകള്‍ക്ക് അപ്രഖ്യാപിത നിരോധനം നിലനില്ക്കുന്ന ഇടമാണ് മേല്‍പ്പറഞ്ഞ രണ്ട് സ്ഥലങ്ങളും. സംഘടിതമതത്തിന്‍റെ ഖഡ്ഗത്തെ പ്രതിരോധിക്കാര്‍ കഴിയാതെയും, നാട്ടുനടപ്പിന്‍റെ പേരില്‍ നടത്തുന്ന ആസൂത്രിതമായ ഭ്രഷ്ടുകളെ സഹിക്കുക എന്നതുമാണ് കേരളീയ പെണ്ണിന്‍റെ ദുര്‍വ്വിധി. കേരളത്തില്‍ ഒറ്റയ്ക്ക് ജീവിക്കാനാവാതെ മെട്രോ നഗരങ്ങളിലേക്ക് ചേക്കേറിയവരെ ഈയ്യുള്ളവന് നേരിട്ടറിയാം. ഒറ്റയ്ക്ക് സഞ്ചരിക്കുന്ന പെണ്ണിന് ഞരമ്പ് രോഗികളുടെ ഭീകരാക്രമണം നേരിടേണ്ടി വരുമ്പോള്‍ സ്ഥിരമായി ഒറ്റയ്ക്ക് താമസിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് സംഭവിക്കുന്ന ദുരന്തം ഊഹിക്കാവുന്നതിലുമപ്പുറമാണ്.

 

കാരണവന്മാര്‍ എന്ന 'വേതാള ജന്മങ്ങളുടെ' 'കണ്ണുഴിയല്‍' ആക്രമണം മുതല്‍ പ്രതിശ്രുത വരന്‍റെ വിഡ്ഢി ചോദ്യങ്ങള്‍ വരെയുള്ള കടമ്പകള്‍ കഴിഞ്ഞ് വിവാഹം കഴിച്ചാല്‍ പിന്നാലെ വരുന്നത് ആണ്‍കോയ്മാ നയങ്ങളുടെ ഒരു തിരമാലതന്നെയാണ്. ഇന്ന് കാണപ്പെടുന്ന പിതൃമേധാവിത്വത്തിലൂന്നിയ പാരമ്പര്യ കുടുംബ വ്യവസ്ഥിതിയുടെ ഘടന തകര്‍ക്കപ്പെട്ടാല്‍ മാത്രമേ പെണ്‍ സ്വാതന്ത്ര്യത്തിലേക്കുള്ള ആദ്യവാതില്‍ തുറക്കപ്പെടുകയുള്ളൂ. പ്രണയത്തെ എതിര്‍ക്കുന്നവര്‍ നടത്തുന്ന 'പറഞ്ഞുറപ്പിക്കല്‍' വിവാഹത്തിലൂടെ ആണധികാര രാഷ്ട്രീയത്തെ അരക്കിട്ടുറപ്പിക്കുന്ന വിദ്യയാണ് നടപ്പിലാക്കുന്നത്. കുറെക്കൂടി വ്യക്തമായി മാധവിക്കുട്ടിയായിരുന്ന കമലസുരയ്യയുടെ വാക്കുകള്‍ കടമെടുത്താല്‍ ഇപ്രകാരമാണത്- "വീട്ടുകാരുടെ സമ്മത പ്രകാരമുള്ള ബലാത്സംഗത്തിന്" ആരംഭം കുറിക്കുന്നു. വീട്ടുകാരുടെ പീഡനം മൂലം തകരുകയും, കമിതാക്കള്‍ ആത്മഹത്യ നടത്തുകയും ചെയ്യുന്ന നാട് ലോകത്തില്‍ ഒരു പക്ഷേ കേരളം മാത്രമായിരിക്കും. പ്രണയം ഏററവും കൊടുംപാതകമായ നാട്ടില്‍ കമിതാക്കളെ ഇപ്രകാരം കൊന്നൊടുക്കുന്നവര്‍ക്ക് യാതൊരു ശിക്ഷയുമില്ലാത്തത് 'കൊലപാതകികള്‍ക്ക്' കൂടുതല്‍ ധൈര്യമേകുന്നു.


പെണ്ണിനെ ഉപദ്രവിക്കാന്‍ ഉത്സുകരായി നടക്കുന്ന വൈകൃതം ബാധിച്ച ഒരു ആണ്‍ സമൂഹമാണ് കേരളത്തിലേത്. ഇര വലയില്‍ വീണാല്‍ പിന്നെ നിലയ്ക്കാത്ത ഉത്സവത്തിന്‍റെ പെരുമ്പറ മുഴങ്ങുകയായി. ഒരു പെണ്ണിന് മനസ്സമാധാനത്തോടെ പൊതു കക്കൂസില്‍ പ്രവേശിച്ച് പ്രാഥമിക കൃത്യം നിര്‍വ്വഹിക്കാന്‍ പോലും അസാധ്യമായ സാഹചര്യം നിലനില്ക്കുന്ന നാടാണ് കേരളം. ജനാലയുടെ അഴികള്‍ക്കിടയിലൂടെ ഏതെങ്കിലുമൊരു മൊബൈല്‍ ഫോണിന്‍റെ ക്യാമറക്കണ്ണുകള്‍ അവളുടെ ശരീരം ഒപ്പിയെടുക്കാന്‍ കാത്തിരിക്കുന്നുണ്ടാവും. പിന്നീട് യൂട്യൂബിലൂടെ 'പ്രേക്ഷക ലക്ഷങ്ങളുടെ' മുന്നില്‍ എത്തിക്കുകയും ചെയ്യുന്നു. ഇരയെ വീഴ്ത്തുന്ന കെണിയും ആഘോഷത്തിന്‍റെ രീതികളും വ്യക്തമാക്കുന്ന ഒരു ചെറിയ ഉദാഹരണം മാത്രമാണിത്.

കക്ഷി രാഷ്ട്രീയക്കാരുടെ സാമൂഹികമായ ഇടപെടലിനപ്പുറം മറ്റൊരു രാഷ്ട്രീയ പ്രക്രിയയും കേരളീയര്‍ പരിചയിച്ചിട്ടില്ല. സി. കെ. ജാനു നയിച്ച ഭൂസമരം ഭരണകൂടം അടിച്ചമര്‍ത്തിയപ്പോള്‍ മലയാളി ആണ്‍കോയ്മാ സമൂഹം വളരെ പുച്ഛത്തോടെയാണ് വീക്ഷിച്ചത്. രാഷ്ട്രീയപരമായ നിലപാടുകളിലെ കടുത്ത പാപ്പരത്തമാണ് കേരളത്തിന്‍റെ മണ്ണില്‍ ശക്തമായ ഒരു പെണ്‍പക്ഷ പ്രസ്ഥാനത്തിന്‍റെ അഭാവത്തിന് കാരണം. പെന്തക്കോസ്ത്, കേരള കോണ്‍ഗ്രസ് മാതൃകയില്‍ ഗ്രൂപ്പിസവും തൊഴുത്തില്‍ക്കുത്തും ഒപ്പം പെണ്‍പക്ഷ പ്രസ്ഥാനങ്ങളില്‍ നടക്കുന്ന മാരകമായ എന്‍. ജി. ഒ. വല്‍ക്കരണവും ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുന്നവരെ ഏറെ തളര്‍ത്തിയെന്നതാണ് വാസ്തവം. എന്നിരുന്നാലും പുതുതലമുറയില്‍നിന്ന് ഒറ്റപ്പെട്ടതും വ്യത്യസ്തവുമായ ശബ്ദങ്ങളും കൂട്ടായ്മകളും ഉയര്‍ന്നു വരുന്നത് ആശാവഹമായ കാര്യമാണ്. പ്രശസ്ത നോവലിസ്റ്റ് ഡോ. മായ എസ്., പത്രപ്രവര്‍ത്തകയായ ഗീഥാ, ദളിത് മനുഷ്യാവകാശ പ്രവര്‍ത്തകരായ സരിത, സന്ധ്യ എന്നിവരുടെ പേരുകള്‍ ഇക്കൂട്ടത്തില്‍ എടുത്ത് പറയേണ്ടതാണ്. അധിനിവേശത്തിനും അധികാരത്തിനുമെതിരെ അടിസ്ഥാനവര്‍ഗ്ഗം പോരാടുകയും ഒടുവില്‍ വിജയിക്കുകയും ചെയ്തതായിട്ടാണ് ലോകചരിത്രം സാക്ഷ്യപ്പെടുത്തുന്നത്. എന്തുതന്നെ ആയാലും അനിവാര്യമായ ഈ ചരിത്രഗതിയില്‍നിന്ന് മാറി സഞ്ചരിക്കാന്‍ കേരളത്തിലെ ആണധികാരികള്‍ക്ക് സാദ്ധ്യമല്ല.  അതുകൊണ്ട് തന്നെ കേരളം കാത്തിരിക്കുന്ന ശക്തമായ പെണ്‍പക്ഷ മുന്നേറ്റവും ആണധികാര രാഷ്ട്രീയത്തിന്‍റെ അന്ത്യവും സംഭവിക്കുന്ന കാലം വിദൂരമല്ല.

You can share this post!

മുഖമൊഴി

റോണി കിഴക്കേടത്ത്
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts