എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ ഇത്ര ദോഷൈകദൃക്കുകള്‍ ആകുന്നത്? എന്തുകൊണ്ട് നമ്മുടെ നേട്ടങ്ങളും കരുത്തും നാം അംഗീകരിക്കുന്നില്ല? നമ്മള്‍ മഹത്തായ ഒരു രാഷ്ട്രമായിട്ടും വിജയഗാഥകള്‍ സ്വന്തമായുണ്ടായിട്ടും എന്തുകൊണ്ട് ഇത് സംഭവിക്കുന്നു?
പാലുല്പാദനത്തില്‍ നാമാണ് ഒന്നാമത്.
ഏറ്റവും കൂടുതല്‍ റിമോട്ട് സെന്‍സിങ് ഉപഗ്രഹങ്ങള്‍ നമുക്കാണുള്ളത്.
ഗോതമ്പുല്പാദനത്തില്‍ നാം രണ്ടാംസ്ഥാനക്കാരാണ്.അരിയുല്പാദനത്തിലും അങ്ങനെതന്നെ.
ഡോ. സുദര്‍ശനെ നോക്കുക. ഒരു ആദിവാസി ഗ്രാമത്തെ അദ്ദേഹം സ്വയംപര്യാപ്തമാക്കിക്കഴിഞ്ഞിരിക്കുന്നു. നേട്ടങ്ങളുടെ ഇത്തരം വാര്‍ത്തകള്‍ എത്ര വേണമെങ്കിലുമുണ്ട്. പക്ഷേ നമ്മുടെ മാധ്യമങ്ങള്‍ക്ക് വേണ്ടത് പരാജയങ്ങളുടെയും നാശനഷ്ടങ്ങളുടെയും കഥകളാണ്.
ഒരിക്കല്‍ ടെല്‍-അവീവില്‍വച്ച് ഞാനൊരു ഇസ്രായേലി ദിനപ്പത്രം വായിക്കുകയായിരുന്നു. അതിന്‍റെ തലേദിവസമാണ് ആ രാജ്യത്ത് ഒരുപാട് ബോംബ് സ്ഫോടനങ്ങളും ആക്രമണങ്ങളും മരണങ്ങളും അരങ്ങേറിയത്. ഹമാസ് അവരെ ആക്രമിച്ചിരുന്നു. പക്ഷേ ദിനപത്രത്തിന്‍റെ ആദ്യപേജില്‍ കൊടുത്തിരുന്നത് ഒരു യഹൂദന്‍റെ പടമാണ്-അഞ്ചുവര്‍ഷംകൊണ്ട് തന്‍റെ മരുപ്രദേശത്തെ ധാന്യങ്ങള്‍ വിളയുകയും വൃക്ഷങ്ങള്‍ വളരുകയും ചെയ്യുന്ന ഒരിടമാക്കിത്തീര്‍ത്ത ഒരാളുടെ പടം. ഓരോ ഇസ്രായേലിയും ഈ പടം കണ്ടുകൊണ്ടാണ് ഉറക്കമെണീറ്റത്. കൊലയുടെയും സ്ഫോടനങ്ങളുടെയും വാര്‍ത്തകള്‍ അകം പേജുകളില്‍ മറ്റുവാര്‍ത്തകള്‍ക്കിടയിലായിരുന്നു കൊടുത്തിരുന്നത്.
ഇന്ത്യയിലെ സ്ഥിതിയോ? നമുക്ക് ആകെ വായിക്കാനുള്ളത് മരണത്തെക്കുറിച്ചും രോഗത്തെക്കുറിച്ചും ഭീകരതയെക്കുറിച്ചും ആണ്. എന്തുകൊണ്ട് നാം ഇത്ര നെഗറ്റീവാകുന്നു? മറ്റൊരു ചോദ്യം: എന്തുകൊണ്ട് നാം വിദേശനിര്‍മ്മിത വസ്തുക്കള്‍ ഇത്രമാത്രം ഇഷ്ടപ്പെടുന്നു?ڈനമുക്കു വേണ്ടത് വിദേശ ടെലിവിഷനുകള്‍, വിദേശ ഷര്‍ട്ടുകള്‍, വിദേശ സാങ്കേതിക വിദ്യകള്‍... ഇവ മാത്രമാണ്.
ഇറക്കുമതി ചെയ്യപ്പെട്ടവയോട് എന്തേ ഇത്രയും ഭ്രമം? സ്വന്തം കാലില്‍ നില്ക്കുമ്പോഴേ സ്വഭിമാനമുണ്ടാകൂ എന്നിനിയും നാം മനസ്സിലാക്കാത്തതെന്തേ? ഹൈദരബാദില്‍വച്ച് ഞാന്‍ ഒരു ക്ലാസെടുത്തു കൊണ്ടിരുന്നപ്പോള്‍ ഒരു പതിന്നാലു വയസ്സുകാരി എന്നോട് ഓട്ടോഗ്രാഫ് ചോദിച്ചു. "എന്താണു കുഞ്ഞേ നിന്‍റെ ജീവിത ലക്ഷ്യം?" എന്നു ഞാന്‍ ചോദിച്ചപ്പോള്‍ അവളുടെ മറുപടി, "എനിക്ക് വികസിത ഇന്ത്യയില്‍ ജീവിക്കണം" എന്നായിരുന്നു. അവള്‍ക്കുവേണ്ടി നിങ്ങളും ഞാനും അദ്ധ്വാനിക്കണം. ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കണം. നമ്മുടെ നാട് വികസിതമാണെന്നു നമ്മള്‍ പ്രഘോഷിക്കണം.
നിങ്ങള്‍ പറയുന്നു, നമ്മുടെ ഭരണകൂടം കാര്യപ്രാപ്തിയില്ലാത്തതാണെന്ന്. നിങ്ങള്‍ പറയുന്നു, നമ്മുടെ നിയമങ്ങള്‍ പഴഞ്ചനാണെന്ന്. നിങ്ങള്‍ പറയുന്നു, നമ്മുടെ മുനിസിപ്പാലിറ്റി ചപ്പുചവറുകള്‍ നീക്കം ചെയ്യുന്നില്ലെന്ന്. നിങ്ങള്‍ പറയുന്നു, നമ്മുടെ ഫോണുകള്‍ എന്നും നിശ്ശബ്ദമാണെന്ന്, നമ്മുടെ റെയില്‍വേ നല്ലയൊരു തമാശയാണെന്ന്, നമ്മുടെ വിമാന സര്‍വീസ് ഏറ്റവും മോശമാണെന്ന്, കത്തുകള്‍ ഒരിക്കലും ലക്ഷ്യസ്ഥാനത്ത് എത്തുന്നില്ലെന്ന്. നിങ്ങള്‍ പറയുന്നു, നമ്മുടെ നാട് കൂട്ടിച്ചോറായെന്നും ഇനിയൊരിക്കലും അതു പൊങ്ങില്ലെന്നും. നിങ്ങള്‍ അങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കുന്നു, പറഞ്ഞുകൊണ്ടേയിരിക്കുന്നു. പക്ഷേ എന്താണു നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്?
സിംഗപ്പൂരിലേക്കു യാത്രചെയ്യുന്ന ഒരാളെ എടുക്കുക. അയാള്‍ക്ക് ഒരു പേര് - നിങ്ങളുടെ പേര് - കൊടുക്കുക. അയാള്‍ക്കൊരു മുഖം - നിങ്ങളുടെ മുഖം-കൊടുക്കുക. നിങ്ങള്‍ ഇതാ വിമാനത്തില്‍നിന്നിറങ്ങി ലോകത്തിലെ ഏറ്റവും മികച്ച സിംഗപ്പൂര്‍ വിമാനത്താവളത്തിലെത്തുന്നു. നിങ്ങളവിടെ സിഗരറ്റു കുറ്റി നിരത്തില്‍ വലിച്ചെറിയില്ല. നിങ്ങളവിടെ വൈകുന്നേരം അഞ്ചു മണിക്കും എട്ടുമണിക്കും ഇടക്ക് വണ്ടിയോടിക്കുന്നതിന് അഞ്ചു ഡോളര്‍ കൊടുക്കാന്‍ തയ്യാറാകുന്നു. ഹോട്ടലിലോ കടയിലോ പോയി, പാര്‍ക്കിങ്ങിനു അനുവദിച്ച സമയവും കഴിഞ്ഞാണ് നിങ്ങള്‍ വരുന്നതെങ്കില്‍ ഒന്നും മിണ്ടാതെ പിഴ കൊടുക്കാന്‍ നിങ്ങള്‍ തയ്യാറാകുന്നു... നിങ്ങളാരാണെങ്കിലും ശരി, സിംഗപ്പൂരില്‍ നിങ്ങള്‍ ഒരു തര്‍ക്കത്തിനും നില്ക്കില്ല. ദുബായിയില്‍ റംസാന്‍ കാലത്ത് നിങ്ങള്‍ പൊതുഇടങ്ങളില്‍ ഭക്ഷണം കഴിക്കില്ല. ജിദ്ദയില്‍ നിങ്ങള്‍ ശിരസ്സുമറയ്ക്കാതെ വെളിയിലൂടെ നടക്കാന്‍ ധൈര്യപ്പെടില്ല. ലണ്ടനില്‍ നിങ്ങള്‍ ഒരു ടെലിഫോണ്‍ ഓപ്പറേറ്റര്‍ക്ക് പത്തു പൗണ്ട് കൊടുത്തിട്ട് നിങ്ങളുടെ ഫോണ്‍ ബില്‍ മറ്റാരുടെയെങ്കിലും പേര്‍ക്കാക്കണമെന്ന് ആവശ്യപ്പെടില്ല. വാഷിംഗ്ടണിലൂടെ മണിക്കൂറില്‍ 88 കി. മീ. ല്‍ കൂടുതല്‍ സ്പീഡില്‍ വണ്ടിയോടിക്കാനും ട്രാഫിക് പോലീസുകാരനോട് "ഞാനാരാണെന്നു തനിക്കറിയാമോ" എന്നു കണ്ണുരുട്ടിക്കാണിക്കാനും നിങ്ങള്‍ ധൈര്യപ്പെടില്ല. ഓസ്ട്രേലിയയിലായാലും ന്യൂസിലണ്ടിലായാലും തേങ്ങാത്തൊണ്ട് വെയിസ്റ്റ് ബോക്സിലല്ലാതെ ഒരിടത്തും നിങ്ങള്‍ എറിഞ്ഞു കളയില്ല. എന്തുകൊണ്ട് നിങ്ങള്‍ ടോക്കിയോയിലെ നിരത്തില്‍ മുറുക്കി തുപ്പുന്നില്ല? എന്തുകൊണ്ട് നിങ്ങള്‍ ബോസ്റ്റണനില്‍നിന്ന് വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കുന്നില്ല? നമ്മള്‍ ഇപ്പോഴും നിങ്ങളെക്കുറിച്ചു തന്നെയാണു പറയുന്നത്. നിങ്ങള്‍ വിദേശ രാഷ്ട്രങ്ങളിലെ സകല നിയമങ്ങളും അനുസരിക്കുകയും അവിടുത്തെ വ്യവസ്ഥിതിയോട് അനുരൂപപ്പെടുകയും ചെയ്യും. പക്ഷേ സ്വന്തം നാട്, ഇവിടെയുള്ള നിയമങ്ങള്‍, വ്യവസ്ഥിതി - ഒന്നും നിങ്ങള്‍ ഗൗനിക്കുന്നതേയില്ല. ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തിയോ, നിരത്തുകളില്‍ നിങ്ങള്‍ സിഗരറ്റു കുറ്റിയും പേപ്പര്‍കഷണങ്ങളും വലിച്ചെറിയും. വിദേശത്ത് സാമൂഹിക നിയമങ്ങളെ ബഹുമാനിക്കുന്ന നിങ്ങള്‍ക്ക് അതുതന്നെ എന്തുകൊണ്ട് നമ്മുടെ നാട്ടില്‍ ചെയ്തു കൂടാ? നമ്മുടെ നാടിനെക്കുറിച്ച് അഭിമാനിച്ചുകൂടാ?
അമേരിക്കയില്‍ തന്‍റെ വളര്‍ത്തു നായ പാര്‍ക്കില്‍ കാഷ്ഠിച്ചാല്‍ നായയുടെ ഉടമസ്ഥന്‍ അതു വൃത്തിയാക്കും. ജപ്പാനിലും അങ്ങനെതന്നെ. പക്ഷേ ഒരു ഇന്ത്യന്‍പൗരന്‍ അങ്ങനെ ചെയ്യുമോ? നമ്മള്‍ ഒരു ഗവണ്‍മെന്‍റിനെ വോട്ടുചെയ്ത് തെരഞ്ഞെടുക്കുന്നു. അതോടെ, നമ്മുടെ സകല ഉത്തരവാദിത്വവും തീര്‍ന്നതായി കരുതപ്പെടുന്നു.
നമ്മെ എല്ലാവരും ലാളിക്കണമെന്നു നാം കരുതുന്നു. ഗവണ്‍മെന്‍റ് എല്ലാം ചെയ്തോട്ടെ. നമുക്കിരുന്ന് എല്ലാറ്റിനെയും വിമര്‍ശിക്കാം - ഇതാണു നമ്മുടെ ചിന്ത. ഗവണ്‍മെന്‍റാണത്രേ പരിസരം വൃത്തിയാക്കേണ്ടത്. അതേസമയം ചപ്പുചവറുകള്‍ എല്ലായിടത്തും വിതറാതിരിക്കാനോ, ഒരു കഷണം കടലാസെടുത്ത് വെയ്സ്റ്റ് ബോക്സിലിടാണോ നാം തുനിയാറില്ല. റയില്‍വേയിലെ കുളിമുറികളുടെ വൃത്തിഹീനതയെക്കുറിച്ച് നാം പരാതിപ്പെടുന്നു; പക്ഷേ എങ്ങനെയാണതു ഉപയോഗിക്കേണ്ടതെന്നു നമുക്കൊട്ട് അറിയുകയുമില്ല. വിമാനസര്‍വ്വീസുകള്‍ ഏറ്റവും നല്ല സൗകര്യങ്ങള്‍ ഉപഭോക്താക്കള്‍ക്കു നല്കണമെന്നു നാം ശഠിക്കുന്നു. പക്ഷേ അവസരം അല്പമെങ്കിലും അനുകൂലമെങ്കില്‍ പൊതുമുതല്‍ കൈക്കലാക്കാന്‍ നാം ലജ്ജിക്കാറില്ല.
സ്ത്രീകളും സ്ത്രീധനവും പെണ്‍കുഞ്ഞുങ്ങളുമായി ബന്ധപ്പെട്ട നീറുന്ന പ്രശ്നങ്ങളെക്കുറിച്ച് നാം എത്രമാത്രമാണ് വാതോരാതെ നമ്മുടെ സ്വീകരണമുറിയിലിരുന്ന് സംസാരിക്കുന്നത്! വീടിന്‍റെ അകത്തളങ്ങളിലാവട്ടെ ഇതിന്‍റെ നേര്‍വിപരീതം ചെയ്തുകൊണ്ടുമിരിക്കുന്നു. നമുക്ക് അതിനു നമ്മുടേതായ ന്യായീകരണങ്ങളുണ്ടുതാനും. മാറ്റം വരേണ്ടത് വ്യവസ്ഥിതിക്കല്ലേ? "എന്‍റെ ഒരു മകന്‍ മാത്രം സ്ത്രീധനം വേണ്ടെന്നുവച്ചതുകൊണ്ട് എന്താകാനാ?" അപ്പോള്‍ നിങ്ങള്‍ പറയുക, ആര്‍ വ്യവസ്ഥിതിയെ മാറ്റിത്തീര്‍ക്കും?
ഒരു വ്യവസ്ഥിതിയെ രൂപപ്പെടുത്തിയിരിക്കുന്നത് ആരാണ്? നമുക്കു വ്യക്തമായ ഉത്തരമുണ്ട് - നമ്മുടെ അയല്‍ക്കാര്‍, നമ്മുടെ നാട്ടുകാര്‍, മറ്റുപട്ടണങ്ങള്‍, മറ്റുസമുദായങ്ങള്‍, ഭരണകൂടം. പക്ഷേ ഞാനും നീയും അതില്‍ ഭാഗഭാക്കല്ലതന്നെ. നാടിന് നമ്മുടേതായ സംഭാവന നല്കേണ്ടി വരുന്ന വേളയില്‍ ഞാന്‍ എന്‍റെ കുടുംബാംഗങ്ങളുമൊത്ത് കതകടച്ച് സുരക്ഷിതമായിരിക്കുന്നു. എന്നിട്ട് സഹായത്തിനായി ഒരു വിദേശരാഷ്ട്രത്തെയോ ഒരു അത്ഭുതപ്രവര്‍ത്തകനെയോ കാത്തിരിക്കുന്നു.
മടിയന്മാരായ ഭീരുക്കളെപ്പോലെ, തങ്ങളുടെ ഭയങ്ങളാല്‍ വേട്ടയാടപ്പെട്ട്, നമ്മള്‍ അമേരിക്കയിലേക്ക് ഓടുന്നു. അവരുടെ വിജയത്തില്‍ നാം സ്വയം മറക്കുന്നു. അവരുടെ വ്യവസ്ഥിതിയെ നാം പുകഴ്ത്തുന്നു. ന്യൂയോര്‍ക്ക് അരക്ഷിതമായിത്തീരുമ്പോള്‍ നാം ഇംഗ്ലണ്ടിലേക്കോടുന്നു. ഇംഗ്ലണ്ടില്‍ തൊഴിലില്ലായ്മ രൂക്ഷമാകുമ്പോള്‍ നാം ഗള്‍ഫിലേക്കോടുന്നു. ഗള്‍ഫില്‍ യുദ്ധത്തിന്‍റെ കാര്‍മേഘം പടരുമ്പോള്‍ നമ്മെ അവിടെനിന്നും രക്ഷിക്കണേയെന്ന് നമ്മുടെ ഗവണ്‍മെന്‍റിനോട് നമ്മള്‍ കരഞ്ഞപേക്ഷിക്കുന്നു. എല്ലാവരും നമ്മുടെ നാടിനെ ഭര്‍ത്സിക്കാനും ബലാല്‍ക്കാരം ചെയ്യാനും തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. ആരും ഈ വ്യവസ്ഥിതിയെ പോറ്റുന്നതിനെപ്പറ്റി ചിന്തിക്കുന്നില്ല. നാം നമ്മുടെ മനസ്സാക്ഷിയെ പണത്തിനു പണയപ്പെടുത്തിയിരിക്കുന്നു. പ്രിയപ്പെട്ട ഇന്ത്യക്കാരേ, ജെ. എഫ്. കെന്നഡിയുടെ ചുവടുപിടിച്ച് എനിക്കും പറയാനുള്ളത് ഇതാണ്: 'ഇന്ത്യക്കുവേണ്ടി നമുക്കെന്തു ചെയ്യാനാകും എന്നു ചോദിക്കുക. ഇന്ന് അമേരിക്കയും യൂറോപ്യന്‍ രാഷ്ട്രങ്ങളും എന്താണോ അങ്ങനെ ഇന്ത്യയെയാക്കിത്തീര്‍ക്കാന്‍ നമ്മളാല്‍ കഴിയുന്നതു ചെയ്യുക."
നമ്മില്‍ നിന്നും ഇന്ത്യ ആവശ്യപ്പെടുന്നത് നമുക്കു ചെയ്യാം.