(ഒന്നാം ഭാഗം)
"മദ്ധ്യവേനലവധിയായി ഓര്‍മ്മകള്‍ ചിത്രശാല തുറക്കുകയായി...."
പഴയ സിനിമാഗാനത്തിന്‍റെ ഈരടികള്‍ കേള്‍ക്കുമ്പോള്‍ മനസ്സ് ഇന്നും പഴയ അവധിക്കാലങ്ങളില്‍ എത്തിപ്പെടാറുണ്ട്. അവധിക്കാലമായാല്‍ ഞങ്ങള്‍ കൊച്ചുമക്കളെല്ലാവരും അമ്മവീട്ടില്‍ ഒരുമിച്ച് കൂടും. പിന്നെ ആഘോഷത്തിന്‍റെ കാലമാണ്. വെട്ടിക്കായും കാരയ്ക്കയും തുടലിപ്പഴവും പേരയ്ക്കയും ചാമ്പങ്ങയുമൊക്കെയുള്ള നല്ലൊരു കാടും ഒരു പുഴയും ഞങ്ങളുടെ അവധിക്കാല കൂട്ടുകാരായിരുന്നു. ആണ്‍കുട്ടി-പെണ്‍കുട്ടി ഭേദമില്ലാതെ മിക്കവാറും പകല്‍ മയങ്ങുവോളം ഞങ്ങള്‍ പുഴവെള്ളത്തിലും മരത്തിന്‍ മുകളിലുമൊക്കെയായിരുന്നു. ഒരവധിക്കാലം. ഞങ്ങള്‍ മൂന്നുപേര്‍ ചാമ്പമരത്തിന്‍റെ മുകളിലും ബാക്കിയുള്ളവര്‍ താഴെയുമാണ്. ഏറ്റവും മുകളിലിരിക്കുന്നത് ഏതൊരു ചുള്ളിക്കമ്പിലും അനായാസേന കയറാന്‍ കഴിയുന്ന എന്‍റെയൊരു പെങ്ങളാണ്. അന്നവള്‍ക്ക് പന്ത്രണ്ട് വയസ്സോ മറ്റോ കാണണം. അപ്പോഴാണ് കൊച്ചമ്മായി അതുവഴി വന്നത്. ചാമ്പമരത്തിന്‍റെ മുകളിലേയ്ക്ക് അമ്മായി ഒരു നിമിഷം നോക്കി നിന്നിട്ട് ഇങ്ങനെ കല്പിച്ചു. "ഇറങ്ങെടി താഴെ...! പ്രായപൂര്‍ത്തിയായ പെണ്ണാ ആണ്‍പിള്ളേരുടെകൂടെ മരംകേറി നടക്കുന്നു. കോലേകേറ്റമൊക്കെ നിര്‍ത്തീട്ട് എന്‍റെ കൂടെ വാ, അടുക്കളേല് പണിയുണ്ട്." അന്ന് തലയും താഴ്ത്തി അമ്മായിയുടെ പിന്നാലെ നടന്നുപോയ പെങ്ങള്‍ പിന്നൊരിക്കലും ഞങ്ങളുടെ കളിക്കൂട്ടിന്‍റെ ഭാഗമായിട്ടില്ല.
85% ത്തിലേറെ പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം സ്വീകരിക്കുന്ന, ഏറെ സ്ത്രീകള്‍ സ്വന്തം ശമ്പളമുള്ള ജോലി ചെയ്യുന്ന സംസ്ഥാനമെന്ന ഖ്യാതി കേരളത്തിനുണ്ട്. ഒപ്പം നമ്മുടെ സ്ത്രീകള്‍ അടക്കമൊതുക്കമുള്ള കുലീനകളാണെന്ന പുറംമോടിയുമുണ്ട്. എന്നാല്‍ സ്ത്രീ സ്വാതന്ത്ര്യത്തിന് മേല്‍ ഏറ്റവും കൂടുതല്‍ കൂച്ചു വിലങ്ങിടുന്ന സംസ്കാരവും നമ്മുടേതുതന്നെ. ഒരു നിസ്സാരകാര്യം തന്നെയെടുക്കുക - നമ്മുടെ നാട്ടിലെ ബസ്സ് യാത്രകള്‍.. സ്ത്രീകള്‍ ബസ്സിന്‍റെ മുന്‍ഭാഗത്ത് തിങ്ങിനിറഞ്ഞ് നിന്നാലും പിന്നിലെ ഒഴിഞ്ഞു കിടക്കുന്ന സീറ്റില്‍ ഇരിക്കാന്‍ ധൈര്യപ്പെടാറില്ല. മറ്റൊരു പുരുഷനോടൊപ്പം ഇരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുക പോലും വേണ്ട. ബസ്സ് യാത്രയില്‍ ശരീരത്തിന്‍ മേലുള്ള കടന്നുകയറ്റം ചെറുക്കാനായി ചില പെണ്‍കുട്ടികളെങ്കിലും കൈയില്‍ മൊട്ടുസൂചിയോ, പിന്നോ, പേനാക്കത്തിയോ കരുതുന്നു.
"സംഗതി പിടി കിട്ടി. സ്ത്രീ വിമോചനത്തെക്കുറിച്ചല്ലേ പറഞ്ഞ് വരുന്നത്. ആ പരിപാടി ഈ നാട്ടില്‍ നടക്കില്ല." ഈയൊരു ചിന്ത മനസ്സിലിപ്പോള്‍ ഒരു നിമിഷം മിന്നിമറഞ്ഞിട്ടുണ്ടാവാം. അല്ല സുഹൃത്തെ, ഞാന്‍ പറയാനുദ്ദേശിച്ചത് സ്ത്രീത്വം അതിന്‍റെ സര്‍വ്വ ലാവണ്യങ്ങളും നഷ്ടപ്പെടുത്തി മുടിയും മുറിച്ച്, ചുണ്ടില്‍ ചായവും തേച്ച്, ഇറുകിയ ജീന്‍സുമിട്ട്, വാനിറ്റി ബാഗും തൂക്കി, അതിരാവിലെ ദേശാടനത്തിനിറങ്ങുന്ന ഒരു പുതിയ സ്ത്രീ സമൂഹത്തെക്കുറിച്ചല്ല. നമ്മുടെ അമ്മ പെങ്ങന്മാരുടെ അനുദിന ജീവിതത്തിലെ കണ്ണുനിറയ്ക്കുന്ന അവഹേളനങ്ങളെക്കുറിച്ചും വിവേചനങ്ങളെക്കുറിച്ചുമാണ്. ഇന്നും നമ്മുടെ അമ്മയും പെങ്ങന്മാരും കുടുംബത്തിന്‍റെ ഊട്ടുമേശയില്‍ സ്വന്തം ഭര്‍ത്താവിനോടും ആണ്‍മക്കളോടും അപ്പനോടും ആങ്ങളമാരോടുമൊപ്പമിരുന്നു ചിരിച്ചും വര്‍ത്തമാനം പറഞ്ഞും ഭക്ഷണം കഴിക്കാറില്ലെന്നതോര്‍ക്കുമ്പോള്‍ ഉള്ള് വേദനിക്കാറില്ലേ? അതിഥികള്‍ വീട്ടില്‍ വന്നാല്‍ കതകിന്‍റെ പിറകില്‍നിന്ന് ഒന്ന് തലകാണിച്ച് വെളുക്കെ ചിരിച്ച് അടുക്കളയിലേയ്ക്ക് മറയുന്നവര്‍. മദ്യപിച്ച് വരുന്ന ഭര്‍ത്താവിന്‍റെ അടി സ്ത്രീയായി പോയതിന്‍റെ പേരില്‍ മാത്രം ഏല്‍ക്കേണ്ടിവരുന്നവര്‍. രാവിലെ ഒരുമിച്ച് ജോലിയ്ക്ക് പോകുന്ന ഭാര്യയും ഭര്‍ത്താവും വൈകുന്നേരം ഒരുമിച്ച് മടങ്ങിയെത്തുന്നു. പുരുഷന്‍ സാവകാശം പത്രം വായന, റ്റി. വി. കാണല്‍, ചന്തചുറ്റല്‍, വാചകമടി, 'കൂടല്‍' എന്നിവയിലേയ്ക്ക് നീങ്ങുമ്പോള്‍ അവള്‍ ഇനിയും ചെയ്ത് തീര്‍ക്കേണ്ട ഒരു ദിവസത്തെ പണിയെക്കുറിച്ച് വേവലാതിപ്പെട്ട് ഒരുകൈ തുണയില്ലാതെ പാചകം, അലക്ക്, വൃത്തിയാക്കല്‍, കുഞ്ഞുങ്ങളുടെ കാര്യങ്ങള്‍... അങ്ങനെ എണ്ണമില്ലാത്ത തിരക്കുകളിലേയ്ക്ക്. ബാഹ്യസഞ്ചാരത്തിന് പുരുഷന് ദിവസത്തിന്‍റെ ഇരുപത്തിനാല് മണിക്കൂറുള്ളപ്പോള്‍ സ്ത്രീയ്ക്ക് പന്ത്രണ്ട് മണിക്കൂര്‍ മാത്രം. ഇന്നും ആറ് മണി കഴിഞ്ഞാല്‍ നമ്മുടെ നിരത്തുകളിലും ടൗണുകളിലും ഒരു സ്ത്രീ പോലും തനിയെ സഞ്ചരിക്കാറില്ല. (അങ്ങനെയെങ്ങാന്‍ സംഭവിച്ചാല്‍ ആ സ്ത്രീയുടെ ഗതി പിന്നെ എന്തായിരിക്കും?) അത്യപൂര്‍വ്വം സ്ത്രീകളൊഴികെ മറ്റാരും ഇന്നോളം സ്വന്തം ശരീരത്തിന് വിലപേശി വിവാഹക്കച്ചവടമുറപ്പിക്കുന്ന പുരുഷനെ വേണ്ടെന്ന് പറയാന്‍ ധൈര്യം കാട്ടിയിട്ടില്ല. വിവാഹമെന്ന കൂദാശ വഴി ഇനി മുതല്‍ നമ്മള്‍ രണ്ടല്ല ഒന്നാണെന്ന വലിയ ആത്മീയ ഔന്നത്യം പറയുന്ന ഒരു ഭര്‍ത്താവും ഇന്നോളം ഭാര്യയ്ക്കുകൂടി അവകാശപ്പെട്ട സ്വത്ത് അവളുടെ പേരില്‍ കൂടി എഴുതാനുള്ള ഔന്നത്യം കാട്ടിയിട്ടില്ല. ഭര്‍ത്താവ് കുടിയനും മുടിയനും ദുര്‍നടപ്പുകാരനുമാണെങ്കിലും മക്കളുടെ ഭാവിയോര്‍ത്തെങ്കിലും സമ്പത്ത് എന്‍റെ പേരിലും കൂടി എഴുതണം എന്ന് അവകാശപ്പെടാന്‍ ഒരു ഭാര്യയും ധൈര്യവും കാട്ടിയിട്ടില്ല. നമ്മുടെ ആരാധനാലയങ്ങളിലും പ്രാര്‍ത്ഥനാക്കൂട്ടായ്മകളിലും ആത്മീയ ശുശ്രൂഷാമേഖലയിലും 80% സാന്നിധ്യവും സ്ത്രീകളുടേതായിരിക്കുമ്പോഴും അവയുടെയൊക്കെ നേതൃത്വം പുരുഷകരങ്ങളില്‍ തന്നെയല്ലേ?
അവളുടെ വിവാഹനിശ്ചയം കഴിഞ്ഞെന്നറിഞ്ഞപ്പോള്‍ ചോദിച്ചു:
"ചെറുക്കനെങ്ങനെയുണ്ട് കുട്ടീ."
"ആാ.... കുഴപ്പമില്ല."
അവളോടുള്ള എന്‍റെ സഹോദരീതുല്യമായ സ്നേഹത്തിന്‍റെ പേരില്‍ ഒന്നുരണ്ട് കാര്യങ്ങള്‍ കൂടി ചോദിക്കാതിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.
"മോള്‍ക്ക് അദ്ദേഹത്തെ നേരത്തെ പരിചയമുണ്ടോ, ഞാന്‍ ഉദ്ദേശിച്ചത്, അദ്ദേഹത്തിന്‍റെ സ്വഭാവം? "
"ഇല്ല. ഇത് ആലോചിച്ച് ഉറപ്പിച്ച കല്യാണമാണ്."
"കുട്ടി ഇനി ശേഷജീവിതം നയിക്കാന്‍ പോകുന്ന അദ്ദേഹത്തിന്‍റെ വീട് പോയി കണ്ടോ?"
"ഇല്ല. എന്‍റെ പപ്പയും മമ്മിയും പോയി കണ്ടു."
"പക്ഷെ, അവര് കുട്ടിയുടെ കൂടെ അങ്ങോട്ട് താമസം മാറുന്നില്ലല്ലോ അല്ലെ?"
ഏതാനും നിമിഷത്തെ മൗനത്തിന് ശേഷം അറിയാതെ കണ്ണ് തുടച്ചുകൊണ്ട് അവള്‍ പറഞ്ഞു.
"അറിയാമല്ലോ, ഞാനൊരു പെണ്‍കുട്ടിയാണ്."
പ്രശ്നത്തെ ഒരു സ്ത്രീ-പുരുഷ സമത്വത്തിന്‍റെ ചര്‍ച്ചയിലേയ്ക്ക് കടത്തിവിടാന്‍ ഉദ്ദേശിച്ചില്ല. ഒരു കൊച്ചു ചിന്തയിലേയ്ക്ക് മാത്രം ശ്രദ്ധയെ കേന്ദ്രീകരിക്കുകയായിരുന്നു ലക്ഷ്യം. ചുരുങ്ങിയ പക്ഷം നമ്മുടെ പെങ്ങന്മാര്‍ക്ക് അവരുടെ ശരീരത്തിന് മേലുള്ള സ്വാതന്ത്ര്യമെങ്കിലും വിട്ടുകൊടുക്കണം. അതിദാരുണമായി ബലാത്സംഗം ചെയ്യപ്പെട്ട ഒരു പെണ്‍കുട്ടിയുടെ കഥ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ കൂട്ടത്തിലുള്ള ഒരു സുഹൃത്തിന്‍റെ കമന്‍റ്: "മുമ്പും പിറകും വെട്ടിയിറക്കിയ കഴുത്തുള്ള ബ്ലൗസും കൈയില്ലാത്ത ഇറുകിയ ചുരിദാറും ടയിറ്റ് ജീന്‍സുമൊക്കെയിട്ട് നടന്നാല്‍ ഏത് പുരുഷനാ നിയന്ത്രണം വിട്ടു പോകാത്തത്?"
ഇത്തിരി കടന്നകൈയായിപ്പോയോ എന്ന് ഒരു നിമിഷം ചിന്തിച്ചു നിന്നപ്പോള്‍ അയാള്‍ക്ക് തക്ക മറുപടി റീനയില്‍ നിന്നു കിട്ടി:
"ഞങ്ങള്‍ സ്ത്രീകള്‍ വികാരമൊന്നുമില്ലാത്തവരാണെന്നാണോ നിങ്ങള്‍ പുരുഷന്മാര്‍ കരുതിയിരിക്കുന്നത്? നെഞ്ചത്തെ രോമം കാണിക്കാന്‍ വേണ്ടി ഷര്‍ട്ടിന്‍റെ ബട്ടണഴിച്ചിട്ടും, മുഴുത്ത മസ്സില് കാണിച്ചുകൊണ്ട് ഷര്‍ട്ടിന്‍റെ കൈകള്‍ തിരുകി കയറ്റി വച്ചും, ടയിറ്റ് ജീന്‍സുമിട്ടും അരയില്‍ ബെല്‍റ്റ് കെട്ടിയതുപോലെ മുണ്ട് മടക്കിക്കുത്തിയും നടന്നിട്ട് ഏതെങ്കിലും പുരുഷനെ സ്ത്രീകള്‍ കയറിപ്പിടിച്ചിട്ടുണ്ടോ? നിങ്ങളുടെ വികാരം നിയന്ത്രിക്കാന്‍ ഞങ്ങളുടെ ബ്ലൗസിനും ചുരിദാറിനുമൊക്കെ എത്രയിഞ്ച് നീളവും വലിപ്പവും വേണമെന്ന് ഒന്ന് പറഞ്ഞുതരാമോ?"
പ്രശ്നം അത്രകണ്ട് വൈകാരികമായി നേരിടേണ്ട ഒന്നല്ല; കുറച്ചു കൂടി ആഴത്തിലുള്ളതും ഗൗരവമേറിയതുമാണ്. സ്ത്രീശരീരത്തെ ഉപഭോഗവസ്തുവായി കാണുകയും സ്ത്രീയ്ക്ക് പുരുഷനോളം നിലയും വിലയുമുള്ളവരായി കാണാതിരിക്കുകയും ചെയ്യുന്ന പുരുഷമേല്ക്കോയ്മയുടെ മനസ്സ് നമ്മുടെ സംസ്കാരത്തില്‍ ആഴത്തില്‍ വേരുപിടിച്ച് കിടപ്പുണ്ട്. അതിന്‍റെ ബഹിര്‍സ്ഫുരണങ്ങളാണ് ഇവയെല്ലാം. സ്ത്രീ ഒരു ശരീരം മാത്രമാണെന്ന് തെറ്റിദ്ധരിക്കാതിരിക്കുക.