news-details
മറ്റുലേഖനങ്ങൾ

സെന്‍ ദര്‍ശനം

കാരുണ്യവതിയായ ഒരു കന്യാസ്ത്രീ കുഷ്ഠംബാധിച്ച ഒരു കുട്ടിയെ ഹൃദയപൂര്‍വ്വം ശുശ്രൂഷിച്ചു. ദുര്‍ഗന്ധം വമിക്കുന്ന മുറിവുകള്‍ കാരുണ്യത്തോടെയും സ്നേഹത്തോടെയും അവള്‍ കഴുകി വൃത്തിയാക്കി മരുന്നുവച്ചു. ഒരമ്മ സ്വന്തം കുഞ്ഞിനോടു കാണിക്കുന്നതിനേക്കാള്‍ വാത്സല്യത്തോടെയാണ് അവര്‍ ആ കുഞ്ഞിനെ ശുശ്രൂഷിച്ചത്. സ്നേഹനിര്‍ഭരമായ ശുശ്രൂഷ ആ കുഞ്ഞിനെ രോഗവിമുക്തയാക്കി. ക്രിസ്തുവിന്‍റെ നേരിട്ടുള്ള ദര്‍ശനം ലഭിച്ചതുപോലെയാണ് അവര്‍ക്ക് തോന്നിയത്. യാത്രപറയാനായി കൃതജ്ഞതയോടെ അടുത്തുചെന്ന കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് കന്യാസ്ത്രീ പറഞ്ഞു: 'മകളെ നിന്നില്‍ ക്രിസ്തുവിനെകണ്ട് ക്രിസ്തുവിനെയെന്നപോലെയാണ് ഞാന്‍ നിന്നെ ശുശ്രൂഷിച്ചത്'.

അതു പറയുമ്പോള്‍ അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. കന്യാസ്ത്രീയുടെ വാക്കുകള്‍ കേട്ടപ്പോള്‍ ആ കുഞ്ഞിന്‍റെ ഹൃദയം മുറിവേറ്റ മാന്‍പേടയെപ്പോലെയായി. കന്യാസ്ത്രീയെ തള്ളിമാറ്റി ആ കുട്ടി തിരിഞ്ഞു നടന്നു. കുഞ്ഞിന്‍റെ എല്ലാ സന്തോഷവും പോയ്മറഞ്ഞു. നിരാശയാല്‍ ഹൃദയം കലുഷമായി.

കന്യാസ്ത്രീക്ക് ഒന്നും മനസ്സിലായില്ല. അവര്‍ കുഞ്ഞിനെ പിടിച്ചു നിറുത്തി. "എന്തുപറ്റി മകളേ?" എന്ന് വേദനയോടെ ചോദിച്ചു.

"നിങ്ങള്‍ അപ്പോള്‍ എന്നെയല്ല സ്നേഹിച്ചത് അല്ലേ?" കന്യാസ്ത്രീയുടെ കണ്ണിലേക്ക് ഉറ്റുനോക്കി അവള്‍ ചോദിച്ചു.

ആ കണ്ണുകളെ അഭിമുഖീകരിക്കാനാവാതെ അവര്‍ മുഖം തിരിച്ചു. നിശ്ചലയായി അവര്‍ നിന്നു. കാലങ്ങളായി പേറി നടന്നിരുന്ന ഏതൊക്കെയോ ധാരണകള്‍ അഴിഞ്ഞു വീഴുന്നതായി അവര്‍ക്കു തോന്നി. ശരീരം മുഴുവന്‍ ഒരുണര്‍വ്വ് പരക്കുന്നതുപോലെ. എല്ലാ തരത്തിലുള്ള സങ്കല്പവികല്പങ്ങളില്‍ നിന്നും നിവര്‍ത്തിക്കപ്പെട്ടപോലെ. വലിഞ്ഞുമുറുകി നിന്നിരുന്ന ഏതൊക്കെയോ ഇടങ്ങള്‍ അഴിഞ്ഞുവീണു. അനായാസമായ ഒരു ധ്യാനപ്രവാഹം അവരിലൂടെ സംഭവിക്കുന്നതായി അവരറിഞ്ഞു.

അവര്‍ ആ കുഞ്ഞിനെ നോക്കി. ആദ്യമായി അവര്‍ ആ കുഞ്ഞിനെ കണ്ടു. ഹൃദയം വാത്സല്യം കൊണ്ടു നിറഞ്ഞു. എല്ലാ അതിശയോക്തികളില്‍നിന്നും മുക്തമായ വാത്സല്യമായിരുന്നു അത്. അവള്‍ വെറും ഒരു മനുഷ്യസ്ത്രീയായി. എല്ലാ വസ്ത്രങ്ങളും അഴിഞ്ഞുവീണു. എവിടെയോ വായിച്ചു മറന്ന ഒരു സൂഫിവചനം അവളില്‍ നിറഞ്ഞു. "അകത്തേക്കു പ്രവേശിക്കുന്നതിനുമുമ്പ് ചെരിപ്പഴിച്ചു വെയ്ക്കുക; നിങ്ങളെയും.." ആദ്യമായി ആ വചനത്തിന്‍റെ രഹസ്യം അവളറിഞ്ഞു. അവര്‍ ചുറ്റും നോക്കി. ആകാശവും മലനിരകളും പൂന്തോട്ടവും പക്ഷികളും അവളെ നോക്കി പുഞ്ചിരിച്ചു. അന്നാദ്യമായി അവള്‍ പൂവിനെ കണ്ടു. മലകളെ കണ്ടു. ആകാശത്തെ കണ്ടു. ഇടനിലക്കാരനില്ലാതെ, സങ്കല്പങ്ങളില്ലാതെ, നേരിട്ടുള്ള ആ കാഴ്ച ജീവിതത്തിന്‍റെ സത്തയിലേക്ക് അവളെ കൊണ്ടുപോയി.  see things as it is എന്നു പറയുന്നതെന്താണെന്ന് മനസ്സിലായി. ആദ്യമായി ദൈവത്തെയറിഞ്ഞു. എല്ലാറ്റിലും ദൈവത്തെ ദര്‍ശിക്കാന്‍ ശ്രമിക്കുകയല്ല വേണ്ടതെന്നും പൂവിനെ പൂവായും കുഞ്ഞിനെ കുഞ്ഞായും മലകളെ മലകളായും അനുഭവിക്കുമ്പോള്‍ ഉള്ളിലുണരുന്ന വെളിച്ചമാണ് ദൈവമെന്നും അവളനുഭവിച്ചു.

ഇതാണ് സെന്‍ അല്ലെങ്കില്‍ ധ്യാനം. അത് ഒരു ലക്ഷ്യത്തെ മുമ്പില്‍വെച്ചുകൊണ്ട് ഏതെങ്കിലും തരത്തിലുള്ള വിശ്വാസങ്ങളിലൂടെ സഞ്ചരിച്ചെത്തേണ്ട ഇടമല്ല. ഇവിടെ, ഇപ്പോള്‍ സത്യമായിരിക്കുന്ന ജീവിതത്തെ അനുഭവിക്കലാണത്. കാര്യങ്ങളെ അതിന്‍റെ യാഥാര്‍ത്ഥ്യബോധത്തോടെ അനുഭവിക്കലാണത്. സാക്ഷാത്ക്കാരത്തില്‍നിന്നാണ് ആ യാത്ര ആരംഭിക്കുന്നത്. വഴിയും ലക്ഷ്യവും ഒന്നായിരിക്കുന്ന നിത്യവര്‍ത്തമാനമാണത്. ജീവിതത്തിന്‍റെ നിഗൂഢതയറിഞ്ഞവരുടെ ജീവിതമെല്ലാം അങ്ങനെയായിരുന്നു. ഇന്നില്‍ നിറഞ്ഞു ജീവിച്ചവരായിരുന്നു അവരെല്ലാം. കണ്‍മുമ്പിലുള്ളതിനെ അംഗീകരിക്കുക, അപ്പോള്‍ മറഞ്ഞിരിക്കുന്നതെല്ലാം വെളിപ്പെട്ടുവരും എന്ന് യേശുക്രിസ്തു പറയുമ്പോള്‍ അതൊരു സെന്‍ദര്‍ശനമായാണ് നാം മനസ്സിലാക്കേണ്ടത്. കണ്‍മുമ്പിലുള്ള യാഥാര്‍ത്ഥ്യത്തെ അവഗണിച്ചുള്ള യാത്രകളെല്ലാം അന്ധത്വത്തിലേക്കേ നയിക്കുവെന്ന് അവര്‍ക്കെല്ലാമറിയാമായിരുന്നു.

ധ്യാനമെന്ന വാക്കു കേള്‍ക്കുമ്പോഴെല്ലാം നമ്മുടെ കണ്‍മുന്നില്‍ പ്രത്യക്ഷപ്പെടുന്ന ആദ്യരൂപം ബുദ്ധന്‍റെയാണ്. ബുദ്ധശില്പങ്ങളിലേക്ക് വെറുതെ നോക്കിനില്ക്കുമ്പോള്‍ തന്നെ എല്ലാ കാലുഷ്യങ്ങളുമടങ്ങി ഹൃദയം ധ്യാനാത്മകമാകുന്നത് നാമെല്ലാം അനുഭവിച്ചിട്ടുള്ളതുമാണ്. അന്ധവിശ്വാസങ്ങളില്‍നിന്നും അനാചാരങ്ങളില്‍നിന്നും മനുഷ്യമേധയെ മുക്തമാക്കാന്‍ അദ്ദേഹം സ്വജീവിതത്തെത്തന്നെ ഉഴിഞ്ഞുവെച്ചു. രണ്ടായിരത്തിയഞ്ഞൂറ് വര്‍ഷങ്ങള്‍ക്കു മുമ്പ് അദ്ദേഹം പറയുകയും ജീവിക്കുകയും ചെയ്ത ദര്‍ശനം ഇന്നും ഏറ്റവും നവീനമായി നിലകൊള്ളുന്നു. ജീവിതത്തെ സമഗ്രമായി അറിയുവാനുള്ള ധ്യാനാത്മകതയാണ് അദ്ദേഹം വെളിപ്പെടുത്തിയത്. പ്രാകൃതമായ വാസനകളില്‍നിന്നും മുക്തമാക്കപ്പെടേണ്ടതാണ് ബോധമെന്നും അത് അവനവനില്‍നിന്നുള്ള ഒളിച്ചോട്ടത്തിലൂടെയല്ല സംഭവിക്കേണ്ടതെന്നും അദ്ദേഹം ഉണര്‍ത്തിച്ചു.

മരിച്ചുപോയ കുഞ്ഞിന് ജീവന്‍ നല്കണമെന്നഭ്യര്‍ത്ഥിച്ച് തളര്‍ന്ന മനസ്സോടെ തന്‍റെ അരികിലെത്തിയ അമ്മയോട് ആരും മരിച്ചിട്ടില്ലാത്ത വീട്ടില്‍നിന്നും കുറച്ചു കടുകുമണികളുമായി വരിക, ഞാന്‍ നിന്‍റെ കുഞ്ഞിന്‍റെ ജീവന്‍ തിരിച്ചുനല്കാമെന്ന് ബുദ്ധന്‍ പറയുന്നു. സന്തോഷത്തോടെ അവള്‍ കടുകുമണിക്കായി എല്ലാ വീടുകളിലും കയറിയിറങ്ങി. കുഞ്ഞിന്‍റെ ജീവന്‍ തിരിച്ചുകിട്ടുമെങ്കില്‍ ഒരു പിടിയല്ല, ഒരു ചാക്കു കടുകു നല്കാന്‍ എല്ലാവരും തയ്യാറായിരുന്നു. എന്നാല്‍ ഞങ്ങളുടെ വീട്ടില്‍ മരണം നടന്നിട്ടുണ്ടെന്ന് അവരെല്ലാം നിസ്സഹായതയോടെ പറഞ്ഞു. അത് ആ അമ്മയുടെ കണ്ണു തുറപ്പിച്ചു. മരണമെന്ന യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളാനുള്ള വിശാലത അവള്‍ക്കു ലഭിച്ചു. ബുദ്ധനില്‍ സ്വയം സമര്‍പ്പിച്ച ശിഷ്യയായാണ് പിന്നീട് നാം ആ അമ്മയെ കാണുന്നത്.

എല്ലാ തരത്തിലുള്ള അനാരോഗ്യകരമായ വൈകാരിതകളില്‍നിന്നും ബോധത്തെ നിവര്‍ത്തിപ്പിച്ച് സ്വച്ഛവും ശാന്തവുമായ ഉണര്‍വ്വിലേക്ക് നയിക്കുകയാണ് ബുദ്ധന്‍ ചെയ്തത്. ജീവിതയാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് ബോധവാന്മാരായി ജീവിക്കാനുള്ള മാര്‍ഗ്ഗദര്‍ശനങ്ങളാണ് അദ്ദേഹത്തില്‍നിന്നും ഒഴുകിയെത്തിയത്. ചിന്തയിലും വാക്കിലും പ്രവൃത്തിയിലുമെല്ലാം നിറഞ്ഞുനിന്നിരുന്നത് കാരുണ്യംനിറഞ്ഞ ധ്യാനാത്മകതയായിരുന്നു. ഉള്ളിന്‍റെയുള്ളില്‍നിന്നും പ്രസരിച്ചുവരുന്ന ധ്യാനപ്രവാഹമായിരുന്നു അദ്ദേഹത്തിലൂടെ കര്‍മ്മമായി വിരിഞ്ഞത്. ആ കര്‍മ്മങ്ങളിലെല്ലാം മൗനത്തിന്‍റെ സാന്നിദ്ധ്യമുണ്ടായിരുന്നു. ഒന്നും ചെയ്യാതെ എല്ലാം ചെയ്യുന്നതുപോലുള്ള ഒരനായാസത അദ്ദേഹത്തെ വലയംചെയ്തു നിന്നിരുന്നു.

മൗനാത്മകമായ ആന്തരികലോകത്തിലേക്ക് ധ്യാനനിമീലിതമാകാന്‍ ഉള്ളുണര്‍വ്വിന്‍റെ ലോകത്തെ അറിയേണ്ടതുണ്ട്. മൗനമാണ് അതിനുള്ള വഴി. നാവടക്കലല്ല മൗനം. മനസ്സിനെയും ബുദ്ധിയെയും ഇന്ദ്രിയങ്ങളെയുമെല്ലാം ധ്യാനാത്മകമായി അതതിന്‍റെ ലോകങ്ങളില്‍ വ്യാപരിപ്പിക്കലാണ് മൗനം. എല്ലാ ചലനങ്ങളും മൗനമാണെന്ന് അവിടെയാണ് നാം അറിയുക. മൗനത്തില്‍നിന്നും വിടരുന്ന മൗനങ്ങളായി ജീവിതത്തെ അറിയുവാനുള്ള ആ വഴി ബുദ്ധനില്‍നിന്നും പകര്‍ന്നുകിട്ടിയത് മഹാകശ്യപനായിരുന്നു. ധ്യാനത്തെ, മൗനത്തെ സാധനയായി സ്വീകരിച്ചുകൊണ്ടുള്ള മഹത്തായ പരമ്പരയിലേക്ക് ബുദ്ധനിലൂടെ ഒഴുകിയെത്തിയ കണ്ണിയായിരുന്നു മഹാകശ്യപന്‍. ധ്യാനത്തിന്‍റെ, സെന്നിന്‍റെ ഒരു പുതിയ തുടക്കമായിരുന്നു അത്.

പതിവുപോലെ ധര്‍മ്മോപദേശം ശ്രവിക്കാനായി ഭിക്ഷുക്കളെല്ലാം ബുദ്ധനുചുറ്റും ഇരുന്നു. പതിവിനു വിപരീതമായി അന്നു ബുദ്ധന്‍ ഒന്നും സംസാരിച്ചില്ല. അദ്ദേഹത്തിന്‍റെ കൈയില്‍ പൂര്‍ണ്ണമായും വിരിഞ്ഞ ഒരു പൂവുണ്ടായിരുന്നു. ബുദ്ധന്‍റെ വാക്കുകള്‍ക്കു ചെവിയോര്‍ത്തിരുന്ന ഭിക്ഷുക്കളുടെ ശ്രദ്ധ അതിലേക്കു തിരിഞ്ഞു. പലരും അവരവരുടെ ധാരണയ്ക്കനുസരിച്ച് അതിനെ വ്യാഖ്യാനിച്ചു. എന്നാല്‍ അക്കൂട്ടത്തില്‍ ഒരാള്‍ മൗനമന്ദഹാസത്തോടെ എല്ലാം കണ്ടുകൊണ്ടിരുന്നു. ബുദ്ധന്‍റെ നയനങ്ങള്‍ അദ്ദേഹത്തിലുടക്കി. അവര്‍ പരസ്പരം മന്ദഹസിച്ചു. ബുദ്ധനില്‍നിന്നും ഒഴുകിയെത്തിയ ജ്ഞാനധാര ഒരു തടസ്സവുമില്ലാതെ അദ്ദേഹത്തിലേക്കു പ്രവഹിച്ചു. എല്ലാ ധാരണകളുമകന്ന് തുറന്നിരിക്കുകയായിരുന്നു അദ്ദേഹം. ഗുരുശിഷ്യപാരസ്പര്യത്തിന്‍റെ പരിപൂര്‍ണ്ണത അനുഗ്രഹം വര്‍ഷിച്ച നിമിഷമായിരുന്നു അത്. ബുദ്ധന്‍റെ ധര്‍മ്മോപദേശത്തെക്കാള്‍, പ്രവൃത്തികളെക്കാള്‍ ബുദ്ധനെ ശ്രവിച്ചതിന്‍റെ ഫലമായിരുന്നു ആ പാരസ്പര്യം. ശ്രദ്ധിക്കേണ്ടത് ബാഹ്യവൃത്തികളെയല്ലെന്നും യാതൊരു മൗനത്തില്‍ നിന്നാണോ എല്ലാം ഉണര്‍ന്നുവരുന്നത് അതിലേക്കായിരിക്കണമെന്നും മഹാകശ്യപനിലൂടെയാണ് നാം വീണ്ടും അറിഞ്ഞത്. ബുദ്ധന്‍റെ ആന്തരിക മൗനത്തെ തൊട്ടറിഞ്ഞ മഹാകശ്യപനാണ് ബുദ്ധനിലൂടെ സംഭവിച്ച സെന്നിനെ ഏറ്റുവാങ്ങി അടുത്ത തലമുറയിലേക്ക് ഒഴുക്കിവിട്ടത്.

ചിന്തയും വാക്കും പ്രവൃത്തിയുമെല്ലാം ഒന്നായിത്തീരുന്ന അവസ്ഥയാണ് സെന്‍. എല്ലാ ദ്വൈതങ്ങളുമകന്ന് പൂര്‍ണ്ണാവബോധത്തിന്‍റെ മഹാമൗനത്തില്‍ ഉണര്‍ന്നിരിക്കുന്ന അവസ്ഥയാണത്. അവിടെ എല്ലാം സാധാരണമാണ്. അവിടെ അകവും പുറവുമില്ല. അതും ഇതുമില്ല. വലിപ്പചെറുപ്പമില്ല. സ്വര്‍ഗ്ഗനരകങ്ങളില്ല. അടിമുടിയറ്റ് മൗലിയന്തം സ്ഫുടമറിയുന്ന തുര്യബോധമെന്ന് നാരായണഗുരു ആത്മോപദേശശതകത്തില്‍ പറയുന്ന അവസ്ഥയാണ് മഹാകശ്യപനില്‍ സംഭവിച്ചത്. രമണമഹര്‍ഷിയെ സന്ദര്‍ശിച്ച ഗുരുനിത്യചൈതന്യയതിയുടെ അനുഭവമാണ് ഓര്‍മ്മയില്‍ തെളിയുന്നത്.

മൂന്നു ദിവസം അദ്ദേഹം രമണസന്നിധിയില്‍ ഇരുന്നു. പ്രതീക്ഷിച്ച മാതിരിയുള്ള കനപ്പെട്ട അറിവുകളൊന്നും അദ്ദേഹത്തില്‍നിന്നും കേള്‍ക്കാനിടയായില്ല. കൗപീനധാരിയായ ഈ മനുഷ്യന്‍റെ അടുത്തിരുന്ന് ഇനിയും ദിവസങ്ങള്‍ നഷ്ടപ്പെടുത്തേണ്ടതില്ലെന്ന് ഗുരുവിന് തോന്നി. ലോകത്തു സംഭവിച്ചിട്ടുള്ള അറിവുകളെല്ലാം സ്വായത്തമാക്കാനുള്ള വ്യഗ്രതയില്‍ കഴിയുന്ന കാലമായിരുന്നു അത്. ഇവിടെ അങ്ങനെയുള്ള അറിവുകളൊന്നും ഒഴുകി വരുന്നുമില്ല. പലരും മൗനമായി അദ്ദേഹത്തിനടുത്തിരിക്കുന്നു. ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ കുറച്ചു വാക്കുകളില്‍ മറുപടി. വീണ്ടും ദീര്‍ഘമായി തുടരുന്നു മൗനം. ക്ഷമ അതിന്‍റെ നെല്ലിപ്പടിയിലെത്തിയപ്പോള്‍ ഗുരു സ്ഥലം വിടാന്‍ തന്നെ തീരുമാനിച്ചു. അപ്പോഴാണ് രമണ മഹര്‍ഷിയുടെ കണ്ണുകള്‍ ഗുരുവിന്‍റെ കണ്ണുകളിലേക്ക് ആഴ്ന്നു പതിച്ചത്. പിന്നെ ഒന്നും ഓര്‍മ്മയില്ല. മണിക്കൂറുകളോളം ഏതോ മൗനത്തില്‍ അകപ്പെട്ടുപോയി. ഉണരുമ്പോള്‍ വസ്ത്രം മുഴുവന്‍ കണ്ണുനീര്‍വീണ് നനഞ്ഞു കുതിര്‍ന്നിരുന്നു. അതുവരെ താലോലിച്ചു കൊണ്ടു നടന്നിരുന്ന അറിവുകളെല്ലാം നിഷ്പ്രഭമാണെന്നറിഞ്ഞു. എല്ലാ അറിവുകളും അറ്റുവീഴുമ്പോള്‍ നിറയുന്നതാണ് യഥാര്‍ത്ഥത്തിലുള്ള അറിവെന്ന് അന്നാണ് ഗുരു അനുഭവിച്ചതത്രെ. അതൊരു സെന്‍ അനുഭവമായിരുന്നു.

ഏതു ഗുരുശിഷ്യപരമ്പരയിലും ഇങ്ങനെയുള്ള പാരസ്പര്യത്തിന്‍റെ അനുഭവസാക്ഷ്യങ്ങള്‍ കാണാം. അതെല്ലാം സെന്‍ തന്നെയാണ്. അല്ലാതെ ഏതെങ്കിലും ഒരു മതദര്‍ശനമല്ല സെന്‍. അതൊരു ഇസവുമല്ല.. സഹജാവബോധത്തോടെ ജീവിക്കുന്നവര്‍ എവിടെയുണ്ടോ അവിടെയെല്ലാം സന്നിഹിതമായിരിക്കുന്ന ഉണര്‍വ്വാണ് സെന്‍. അല്ലാതെ ബുദ്ധിസത്തിന്‍റെ മറ്റൊരു ധാരയല്ല. ബുദ്ധനിലും അദ്ദേഹത്തിന്‍റെ ശിഷ്യപരമ്പരയിലും അതു സംഭവിച്ചുവെന്നു മാത്രം.

ഉത്തരേന്ത്യയിലെ കാഞ്ചീപുരത്തുള്ള പല്ലവരാജകുമാരനായ ബോധിധര്‍മ്മനിലൂടെയാണ് സെന്‍ദര്‍ശനം ഒരു പരമ്പരയായി യാഥാര്‍ത്ഥ്യമായിത്തുടങ്ങിയത്. ഗൗതമബുദ്ധന്‍റെ ദര്‍ശനങ്ങളെ പിന്‍പറ്റി സ്വജീവിതത്തെ ധ്യാനാത്മകമാക്കിയ ബോധിധര്‍മ്മന്‍റെ വഴി മഹാകശ്യപന്‍റേതു തന്നെയായിരുന്നു. പരമ്പരാഗത സമ്പ്രദായങ്ങളെ പിന്‍പറ്റുക എന്നതിലുപരി ഉള്ളുണര്‍വ്വിനനുസരിച്ച് ഒഴുകുകയെന്നതായിരുന്നു അദ്ദേഹത്തിന്‍റെ രീതി. അതിസാഹസികമായ യാത്രകളിലൂടെ ചൈനയിലേക്ക് അദ്ദേഹത്തെ എത്തിച്ചതും ഈ ഉള്‍ത്തള്ളലിനനുസരിച്ചുള്ള സഞ്ചാരമായിരുന്നിരിക്കണം. സംസ്കൃതത്തില്‍ ധ്യാനം എന്നു പറയുന്നത് ചൈനയിലെത്തിയപ്പോള്‍ ചാന്‍ ആയി. ജപ്പാനിലത് സെന്‍ എന്നു വിളിച്ചു. എ. ഡി 517 ല്‍ ഇന്ത്യയില്‍ നിന്നും തിരിച്ച് എ.ഡി 520 ലാണ് അദ്ദേഹം ചൈനയിലെത്തിച്ചേര്‍ന്നത്. ഇന്ത്യന്‍ ധ്യാനപരമ്പരയിലെ ഇരുപത്തിയേഴാമത്തെ കണ്ണിയായ അദ്ദേഹം ചൈനയിലെ സെന്നിന്‍റെ ആദ്യഗുരുവായിത്തീര്‍ന്നു.

ബുദ്ധദര്‍ശനങ്ങളുടെ പ്രചാരകനായിരുന്ന വൂ ചക്രവര്‍ത്തിയുമായുണ്ടായ ബോധിധര്‍മ്മന്‍റെ കൂടിക്കാഴ്ച  സെന്‍ ദര്‍ശനത്തെ അറിയാന്‍ ഏറെ സഹായിക്കും. രാജാവ് ബോധിധര്‍മ്മനോടു ചോദിച്ചു: "ഞാന്‍ ഒരുപാടു നന്മകള്‍ ചെയ്യുന്നുണ്ട്. ധാരാളം ബുദ്ധവിഹാരങ്ങള്‍ പണിതു. ബുദ്ധദാര്‍ശനികഗ്രന്ഥങ്ങളുടെ പകര്‍പ്പുകള്‍ എല്ലായിടത്തും എത്തിക്കുന്നുണ്ട്. ബുദ്ധശില്പങ്ങള്‍ എല്ലായിടത്തും സ്ഥാപിക്കുന്നുണ്ട്. ബുദ്ധഭിക്ഷുക്കളെ പോറ്റുന്നുണ്ട്. ഇതെല്ലാം എന്തു നന്മയാണ് എനിക്കു നല്കുക?"

ബോധിധര്‍മ്മന്‍ പറഞ്ഞു: ഒരു നന്മയും നല്കില്ല.

ചക്രവര്‍ത്തിയ്ക്ക് താങ്ങാന്‍ കഴിയുന്നതിനുമപ്പുറമായിരുന്നു ആ മറുപടി. മതപ്രബോധനവും പ്രചരണവും മഹത്തായ നന്മയായി കാണുകയും അതിലൂടെ ഏതെങ്കിലും തരത്തിലുള്ള നന്മ ലഭിക്കുമെന്ന് കൊതിക്കുകയും ചെയ്യുന്നവരാണ് അന്നും ഇന്നും നാം. ബോധിധര്‍മ്മനെപ്പോലുള്ള ഗുരുക്കന്മാരുടെ മുന്‍പില്‍ അകപ്പെട്ടുപോയാല്‍ നമ്മുടെ വിശുദ്ധകര്‍മ്മങ്ങള്‍ക്കു പിന്നിലുള്ള അവിശുദ്ധലക്ഷ്യങ്ങളെല്ലാം സ്വയം നഗ്നമാകും. അഹന്തയുടെ സാക്ഷാത്ക്കാരത്തിനായുള്ള പ്രയത്നം മാത്രമാണ് നമ്മുടെ കര്‍മ്മങ്ങളെന്നും ആഗ്രഹസഫലീകരണത്തിനായി ചെയ്യുന്ന കര്‍മ്മങ്ങള്‍ അതെത്ര വിശുദ്ധമായാലും കാലുഷ്യത്തെ മാത്രമെ സമ്മാനിക്കുവെന്നും ഇവര്‍ക്കറിയാം. നന്മകള്‍ ചെയ്ത് പ്രതീക്ഷിച്ച ഫലം കിട്ടാതെ നിരാശരാകുന്ന സത്കര്‍മ്മികളാണ് നമ്മിലധികവും. ജ്ഞാനത്തിലധിഷ്ഠിതമല്ലാത്ത എല്ലാ കര്‍മ്മവും കാലുഷ്യത്തിലേക്കേ നയിക്കൂവെന്ന് ചക്രവര്‍ത്തിയെ ഉണര്‍ത്തിക്കുകയായിരുന്നു ബോധിധര്‍മ്മന്‍.

ഉള്ളുണര്‍ന്നവനില്‍ നിന്നും സ്വാഭാവികമായി പ്രവഹിക്കുന്ന ചലനമാണ് സത്കര്‍മ്മം. അത് ഏവര്‍ക്കും ഹിതകരമായിത്തീരുമെന്നത് ആ കര്‍മ്മത്തിന്‍റെ തന്നെ ഗുണമാണ്. എല്ലാവര്‍ക്കും നന്മ ഭവിക്കണം എന്ന ചിന്തയോടെയോ ലക്ഷ്യത്തോടെയോ അല്ല ഉണര്‍ന്നവന്‍ കര്‍മ്മനിരതനാകുന്നത്.  യാതൊരു ഉദ്ദേശലക്ഷ്യങ്ങളും ആ കര്‍മ്മത്തിനു പിന്നിലില്ലാത്തതിനാല്‍ അതിന്‍റെ ഫലത്തെക്കുറിച്ച് അവന്‍ ചിന്തിക്കുന്നേയില്ല. ഉള്ളുണര്‍വ്വിനെ മുറിയാതെ നിലനിറുത്തുകയെന്നതില്‍ മാത്രമാണ് അവന്‍റെ ശ്രദ്ധ. ചക്രവര്‍ത്തി തുടര്‍ന്നു ചോദിച്ചു: "ബുദ്ധഭഗവാന്‍റെ വിശുദ്ധമായ ധര്‍മ്മോപദേശങ്ങളെക്കുറിച്ച് എന്തു പറയുന്നു?"

ബോധിധര്‍മ്മന്‍ പറഞ്ഞു: "വിശുദ്ധമായി ഒന്നുമില്ല. അതിരുകളില്ലാത്ത ശൂന്യതമാത്രം!"

താന്‍ വിശ്വസിക്കുന്ന, പിന്തുടരുന്ന, മഹത്തായി കരുതുന്ന ദര്‍ശനങ്ങളുടെ പ്രചാരകരും പ്രഭാഷകരുമായി കഴിയുന്നവര്‍ അതിശയോക്തി നിറഞ്ഞ സങ്കല്പങ്ങളോടെ ആ ദര്‍ശനങ്ങളെ ഘോരഘോരം വാഴ്ത്തിക്കൊണ്ടിരിക്കുകയെന്നത് എന്നത്തെയും പ്രവണതയാണ്. ഒരിക്കല്‍പോലും അതിന്‍റെ ഉണ്മയിലേക്കു പ്രവേശിച്ച് കേന്ദ്രബിന്ദുവായിരിക്കുന്ന ധ്യാനാത്മകതയെ അനുഭവിക്കാന്‍ ആരും തയ്യാറാവുന്നില്ല. വിശുദ്ധമായും അവിശുദ്ധമായും ഒന്നുമില്ലായെന്നും എല്ലാം മഹാശൂന്യതയുടെ, മഹാപ്രകാശത്തിന്‍റെ അലയൊലികള്‍ മാത്രമാണെന്നും വെളിപ്പെടുത്തുകയാണ് ബോധിധര്‍മ്മന്‍.

ക്ഷമകെട്ട് ചക്രവര്‍ത്തി തുടര്‍ന്നു ചോദിച്ചു: "നിങ്ങള്‍ പിന്നെ ആരാണ്?" മൗനമന്ദഹാസത്തോടെ ബോധിധര്‍മ്മന്‍ പറഞ്ഞു: "അറിയില്ല ചക്രവര്‍ത്തി".

ഉള്ളിലെരിയുന്ന ജ്ഞാനത്തെ വാക്കിലൂടെ ആവിഷ്ക്കരിക്കാനോ പകര്‍ന്നു കൊടുക്കാനോ കഴിയില്ലെന്നറിഞ്ഞ ബോധിധര്‍മ്മന്‍ തിരിച്ചു നടന്നു. ഒരു ഗുഹയില്‍ ഒന്‍പതു വര്‍ഷത്തോളം അദ്ദേഹം മൗനത്തിലായിരുന്നു.തന്‍റെ മൗനത്തെ സ്വീകരിക്കാന്‍തക്ക ഹൃദയത്തോടെ ഗുഹയിലെത്തിയ ശിഷ്യനിലൂടെ ആ മൗനപരമ്പര തുടര്‍ന്നു. ചൈന, ജപ്പാന്‍, കൊറിയ, വിയറ്റ്നാം, നോര്‍ത്ത് അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്കു വ്യാപിച്ച ആ ധ്യാനധാര ഇന്നും ലോകത്തിന്‍റെ പലഭാഗങ്ങളിലും ജീവിതത്തിന്‍റെ ഉണ്മയനുഭവിക്കാന്‍ കൊതിക്കുന്നവരുടെ പ്രകാശകേന്ദ്രമായി നിലകൊള്ളുന്നു. എല്ലാ വിഭാഗീയതകളില്‍ നിന്നുമകന്ന് വിശ്വവിശാലമായ ഏകലോകദര്‍ശനത്തിന്‍റെ വെളിച്ചമാണ് സെന്‍ പ്രസരിപ്പിക്കുന്നത്. അവിടെ വിശ്വാസ അവിശ്വാസങ്ങളില്ല. നന്മ തിന്മകളില്ല. ധ്യാനനിരതമായ ജീവിതം മാത്രം.

സെന്‍ ദര്‍ശനങ്ങളെ മനസ്സിലാക്കാന്‍ സെന്‍കഥകള്‍ ഏറെ സഹായിക്കും. പറയേണ്ടതെല്ലാം പറയാതെ പറയുന്ന രീതിയാണ് സെന്നിന്‍റേത്. മൂന്നു കഥകള്‍  (ഗുരു നിത്യചെതന്യയതി വിവര്‍ത്തനം ചെയ്തത്) കൂടി കേട്ട് നമുക്ക് സെന്നിലേക്കു പ്രവേശിക്കാം.

1. ഒരു കപ്പു ചായ

ജപ്പാനിലെ മെജി ഭരണകാലത്ത് താന്‍ ഇന്‍ എന്നു പേരായ ഒരുധ്യാനഗുരു ജീവിച്ചിരുന്നു. അദ്ദേഹത്തിന്‍റെ ഉപദേശം സ്വീകരിക്കുവാന്‍ ധാരാളംപേര്‍ സന്ദര്‍ശിക്കുക പതിവായിരുന്നു. ഒരിക്കല്‍ ഒരു സര്‍വ്വകലാശാല പ്രൊഫസര്‍ അദ്ദേഹത്തെ കാണാന്‍ വന്നു.

താന്‍ ഇന്‍ പ്രൊഫസറെ സ്നേഹപൂര്‍വ്വം സ്വീകരിച്ച് ചായ കുടിക്കുവാന്‍ ക്ഷണിച്ചു. താന്‍ ഇന്‍ തന്നെയാണ് കപ്പില്‍ ചായ പകര്‍ന്നു കൊടുത്തത്. കപ്പു നിറഞ്ഞൊഴുകിയിട്ടും അദ്ദേഹം പിന്നെയും അതില്‍ ചായ ഒഴിച്ചുകൊണ്ടിരുന്നു. കുറെനേരം പ്രൊഫസര്‍ ഇതു നോക്കിക്കൊണ്ടിരുന്നു. അവസാനം അദ്ദേഹം അസഹ്യതയോടെ പറഞ്ഞു: സ്നേഹിതാ, ഈ നിറഞ്ഞ കപ്പുപോലെ നിങ്ങളുടെ മനസ്സും സ്വന്തം അഭിപ്രായങ്ങളാലും നിഗമനങ്ങളാലും നിറഞ്ഞിരിക്കയാണ്. അതില്‍ ധ്യാനരഹസ്യം പകര്‍ന്നു തരുവാന്‍ ഇടമില്ലല്ലോ.

2. സ്വര്‍ഗ്ഗവാതില്‍

ഒരിക്കല്‍ നബുഷിഗെ എന്നു പേരായ ഒരു പട്ടാളക്കാരന്‍ ഹാക്കുയീന്‍ ഗുരുവിനെ സന്ദര്‍ശിച്ചു. അയാള്‍ ഹാക്കുയീനോടു ചോദിച്ചു: "ഗുരോ, യഥാര്‍ത്ഥത്തില്‍ സ്വര്‍ഗ്ഗവും നരകവുമുണ്ടോ?"

ഹാക്കുയീന്‍: "നീ ആരാണ്?"

നബുഷിഗെ: "ഞാന്‍ ഒരു യോദ്ധാവ്"

ഹാക്കുയീന്‍: "നീ ഒരു യോദ്ധാവോ? നിന്നെ പട്ടാളത്തിലെടുത്ത രാജാവാര്? നിന്‍റെ മുഖം കണ്ടിട്ട് ഒരു തെണ്ടിയുടേതു പോലുണ്ട്".

നബുഷിഗെയ്ക്ക് കലശലായ കോപമുണ്ടായി. അയാള്‍ വാള്‍ ഉറയില്‍ നിന്നും പുറത്തെടുത്തു. അതുകണ്ടിട്ട് ഹാക്കുയീന്‍ പറഞ്ഞു: "ഓഹോ നിനക്ക് ഒരു വാളുണ്ടല്ലോ? അതു പുല്ലരിയാനെങ്കിലും കൊള്ളാമോ?"

ഈ പരിഹാസം സഹിക്കാനാവാതെ പട്ടാളക്കാരന്‍റെ വാള്‍ ഹാക്കുയീന്‍റെ നേര്‍ക്കോങ്ങി.
"ഇതാ നീ നരകത്തിന്‍റെ വാതില്‍ തുറക്കുന്നു;" ഹാക്കുയീന്‍ പറഞ്ഞു. ഗുരുവിന്‍റെ ധൈര്യവും ശാന്തമായ വാക്കും കേട്ട് നബുഷിഗെ തന്‍റെ വാള്‍ ഉറയിലിട്ടു. അപ്പോള്‍ ഹാക്കൂയീന്‍ പറഞ്ഞു: "ഇപ്പോള്‍ നീ സ്വര്‍ഗ്ഗത്തിന്‍റെ വാതില്‍ തുറന്നിരിക്കുന്നു."

3. മൗനികള്‍

ടെന്‍ഡായി സ്കൂളിലെ നാലു വിദ്യാര്‍ത്ഥികള്‍ ഒരിക്കല്‍ ഒരാഴ്ച മൗനമാചരിക്കാന്‍ തീരുമാനിച്ചു. ഒന്നാമത്തെ ദിവസം പകല്‍ എല്ലാം മംഗളമായി കഴിഞ്ഞു. രാത്രിയായപ്പോള്‍ വിളക്കിലെണ്ണയില്ലാതെ ഓരോന്നായി കെടാന്‍ തുടങ്ങി. അതുകൊണ്ട് നാലു മൗനികളില്‍ ഒരുവന്‍ ശബ്ദമടക്കി പതുക്കെ ഭൃത്യനെ വിളിച്ചു. അതുകേട്ടുകൊണ്ടിരുന്ന രണ്ടാമത്തെ മൗനി പറഞ്ഞു: "ഇതെന്തസംബന്ധമാണ്?"

ഒരാഴ്ച മൗനമായിരിക്കുന്നവര്‍ യാതൊന്നും പറയാന്‍ പാടില്ല. രണ്ടുപേരും സംസാരിക്കുന്നതു കേട്ട് മൂന്നാമത്തവന്‍ പറഞ്ഞു: "വിഡ്ഢികളേ, മിണ്ടാതിരിക്കുവിന്‍".
അവസാനം നാലാമത്തെ മൗനി പറഞ്ഞു: "ഞാനേയുള്ളൂ ഒന്നും സംസാരിക്കാതിരുന്നത്".

You can share this post!

മുഖമൊഴി

റോണി കിഴക്കേടത്ത്
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts