ഏഴു ദിവസം ഗുരുവിനോടൊത്ത് ആ കൊവേന്തയില്‍ പാര്‍ത്തതാണ്. തീ പിടിച്ചപ്പോള്‍ പുറത്തു ചാടി. അകത്തുള്ളവര്‍ വച്ച തീയില്‍ കൊവേന്ത കത്തിച്ചാമ്പലായി.വയസ്സ് കാലത്തു സന്ന്യാസി ആ കഥ എഴുതി ഇങ്ങനെ അവസാനിപ്പിച്ചു."തണുത്ത ഈ എഴുത്തുമുറിയില്‍ വിരലുകള്‍ മരവിക്കുന്നു. ഞാന്‍ ഈ കയ്യെഴുത്തു പ്രതി ഇവിടെ അവസാനിപ്പിക്കുന്നു.ആര്‍ക്കുവേണ്ടി എന്നറിയില്ല. ഇത് എന്തിനെക്കുറിച്ചാണെന്നതും എനിക്കിപ്പോള്‍ വ്യക്തമല്ല. "അവസാനവാചകം സന്ന്യാസിയുടെ മധ്യകാല ലത്തീന്‍ഭാഷയില്‍ കുറിച്ചു. "Stat rosa pristina nomine, nomina nuda tenemus (ഇന്നലത്തെ റോസാപ്പൂവ് അതിന്‍റെ പേരില്‍ നിലകൊള്ളുന്നു, നാം ശൂന്യമായ പേരുകളെ പുല്‍കുന്നു) (The Name of the Rose -Umberto Eco). അപൂര്‍ണ്ണതയുടെ ലോകത്തില്‍ നശിക്കാത്തത് പേരുകളും ആശയങ്ങളും മാത്രം. റോസാപ്പൂവിന്‍റെ പേര് നിലനില്ക്കുന്നു.പക്ഷേ, പേരിലെന്തുണ്ട്? അതു കടന്നുപോകുന്നു.
കൊവേന്ത മരിക്കുമ്പോഴും പേര് നിലനില്ക്കും. പേരിന്‍റെ സത്ത ഊര്‍ന്നുപോയിക്കൊണ്ടിരിക്കുന്നു. ഹെര്‍മന്‍ ഹെസ്സേ സത്ത ചോര്‍ന്ന സന്ന്യാസിയുടെ കഥ പറഞ്ഞു. മലമുകളിലെ തപശ്ചര്യകളുടെ അഭ്യാസം കഴിഞ്ഞു താഴെ വന്ന സിദ്ധാര്‍ത്ഥന്‍ കാമസ്വാമിയെ തേടി. ആ കച്ചവടക്കാരന്‍ ചോദിച്ചു: "നിനക്ക് എന്തു മുതല്‍ മുടക്കാനുണ്ട്"? നോവിഷ്യേറ്റൊക്കെ കഴിഞ്ഞവന്‍ പറഞ്ഞു: "എനിക്കു ചിന്തിക്കാനും വ്രതം അനുഷ്ഠിക്കാനും കാത്തിരിക്കാനും കഴിയും". കാമസ്വാമിമാര്‍ക്കും കമ്പോളത്തിനും സിദ്ധാര്‍ത്ഥന്മാരെ വേണം.ചന്തക്കും കമ്പനിക്കുംവേണ്ടി ചിന്തിക്കാനും വ്രതമെടുക്കാനും കാത്തിരിക്കാനും. കൊക്കൊകോള കമ്പനി തേടുന്നത് സന്ന്യാസിമാരെയാണ്.വാക്കുകളുടെ സത്ത ചോരുന്നു. നടിമാര്‍ നിത്യാനന്ദരെ തേടുന്നു.
യേശുവിനെയും സ്നാപകനെയും ജനങ്ങള്‍ ഏലിയായുടെ രണ്ടാമൂഴമായി കണ്ടു. ഏലിയായുടെ കാര്‍മ്മല്‍മല സന്ന്യാസത്തിന്‍റെ ഗിരിയാണ്. അവിടെ ജലത്തിന്‍റെ ദൗര്‍ലഭ്യം ലിംഗാരാധനയും ദേവീദേവസംഗമത്തിന്‍റെ അനുഷ്ഠാനവുമായി ധാര്‍മ്മികദൈവത്തെ വെല്ലുവിളിച്ചു. ബാല്‍ദേവപൂജാരികളുമായി ഏലിയ ഏറ്റുമുട്ടി. ബാല്‍ദേവന്‍റെ ദേവദാസി സമ്പ്രദായം ഏലിയ നാടുകടത്തി. ആ പ്രവാചകന്‍ മരിക്കുന്നില്ല. പിന്നെയും വരുമെന്നു പ്രതീക്ഷിക്കപ്പെട്ടു.
ഈ കഥക്കുമുണ്ട് ഒരു രണ്ടാമൂഴം. ആധുനിക കഥക്ക് ഒരു മാറ്റം. ആദ്യം ബലിയര്‍പ്പിക്കേണ്ടത് ഏലിയയാണ്. കുറി അങ്ങനെയും വീണു. വെള്ളത്തിനായുള്ള മുറവിളിയുമായി ജനം താഴ്വാരത്തില്‍.ഏലിയ ബലിപീഠമുണ്ടാക്കി, കണ്ഠമിടറി പ്രാര്‍ത്ഥിച്ചു. ആകാശം വന്ധ്യമായി നിന്നു പൊള്ളി. ദൈവം മലയില്‍നിന്നു കുടിയിറങ്ങി എന്നു പൂജാരികള്‍ പരിഹസിച്ചു. ബലിപീഠത്തില്‍ തീയിറങ്ങിയില്ല. നിരാശനായി ഏലിയ ബലിപീഠത്തില്‍ കുഴഞ്ഞുവീണു.
ബാലിന്‍റെ പൂജാരികള്‍ കൈകളുയര്‍ത്തി. ജസബലിന്‍റെ പോര്‍വിമാനം മിസൈലയച്ചു. അഗ്നിയില്‍ ബലിപീഠം കത്തി. ജനം ആര്‍പ്പുവിളിച്ചു. ഏലിയ ബലിപീഠത്തില്‍ നിന്നോടാന്‍ ശ്രമിച്ചു. ഏലിയായുടെ ശവപ്പെട്ടിക്ക് അവര്‍ ആണി വച്ചു. പിന്നെ അച്ചിമാരുടെ കൂത്തുണ്ടായി; ദേവദാസിമാരുടെ പരേഡും. രാജാവും രാജ്ഞിയും ഇണചേര്‍ന്നു - വെള്ളമുണ്ടായി. ലിംഗപൂജയുടെ സംസ്കൃതി കാര്‍മ്മലില്‍ അധിനിവേശം നടത്തി. നാബോത്തിന്‍റെ മുന്തിരിത്തോട്ടം സൂപ്പര്‍മാര്‍ക്കറ്റായി വികസിച്ചു.പഴയ പള്ളികളില്‍ പുതിയ പൂജകള്‍ വന്നു. ഭാഷാഭവനങ്ങള്‍ മാറി. പുതിയ മഡോണമാരുമുണ്ടായി. പക്ഷേ, അതു കന്യകയല്ല, ഏതു കാമദേവനും വിലയ്ക്ക് എടുക്കാവുന്ന സൈറന്‍. കല്യാണവും കുട്ടികളും ശല്യമായ പുതിയ ദേവദാസിമാര്‍. ദൈവശാസ്ത്രം ക്രയവിക്രയത്തിന്‍റെ കമ്പോളഗണിതത്തിലും വൈശികതന്ത്രത്തിലും എഴുതപ്പെട്ടു. പരിശുദ്ധാത്മാവിനെതിരായ പാപങ്ങളായി നഷ്ടവും കെടുകാര്യസ്ഥതയും. പെരുന്നാളുകളും ധ്യാനങ്ങളും ലാഭകരമായി; തോറ്റ കഥകളില്ലാതായി. എവിടെയും ഉത്ഥാനഗീതികള്‍.
വിശപ്പില്ലാത്ത സമ്പന്നകാലമാണിത്. പക്ഷേ, ഭാവിക്കും അപരനുംവേണ്ടി വിശക്കുന്നില്ല. ഞാന്‍, എന്നെ ഒളിപ്പിച്ചു സുഖിപ്പിക്കുന്നിടത്തു സുഖമില്ലെന്നു പറയുന്ന കൊവേന്തകള്‍ക്ക് വെളിച്ചപ്പാടുകളില്ലാതായി. കൊവേന്തയുടെ താഴ്വാരങ്ങളില്‍ അനുദിനവ്യാപാരം നടത്തുന്ന ഇരുകാലികള്‍ക്ക് ഉന്നതങ്ങളില്‍നിന്നുള്ള മണിനാദവും കുന്തിരിക്കത്തിന്‍റെ ധൂപഗന്ധവും ഇല്ലാതായി.ചില കൊവേന്തക്കാര്‍ തങ്ങള്‍ നീലക്കുറുക്കന്മാരാണെന്ന ബോധ്യമുള്ളവര്‍. പക്ഷേ കാലഹരണപ്പെട്ടു എന്നു തോന്നുന്ന ഏതോ ആത്മനിന്ദയുടെ പീഡനരോഗത്താല്‍ അവര്‍ ഊമരായിപ്പോകന്നു. സൂര്യനേയും ചന്ദ്രനെയും കിട്ടിയാല്‍ ആധാരം ചെയ്യാം എന്നുറച്ചു നടക്കുന്ന ദാരിദ്ര്യവ്രതക്കാരായ കൂടപ്പിറപ്പുമാരെ അവര്‍ ഭയപ്പെടുന്നു. ജീവിതംകൊണ്ടാശ്ലേഷിച്ചത് ഏതോ മായയായിപ്പോയി എന്നു ശങ്കിച്ചു വിരമിച്ചു ജീവിക്കുന്നു. ചവിട്ടിയ കമ്പും പിടിച്ച കൊമ്പും പോയാല്‍ എന്തു ചെയ്യും? അതുപോലൊരവസ്ഥയിലായ സന്ന്യസ്തരുണ്ട്.
ഭ്രാന്തന്മാരുടെ കഥയായാണ് സന്ന്യാസം തുടങ്ങിയത്. അതുകൊണ്ടു തന്നെ അതു കാടു കയറി. നാട്ടില്‍ വസിച്ചപ്പോഴും വൈരാഗ്യത്തിന്‍റെ വേലി കെട്ടി ആരണ്യം കാത്തു. കാമത്തിന്‍റെ പഞ്ചമുഖങ്ങളെയും കണ്ണുരുട്ടിക്കാട്ടി പേടിപ്പിച്ച് വിരാഗികള്‍ വിശുദ്ധന്മാരും വിപ്ലവകാരികളും നടക്കുന്ന നൂല്‍പ്പാലത്തില്‍ ബാലന്‍സിന്‍റെ മുദ്രകള്‍ പഠിപ്പിച്ചു. അന്ധവിശ്വാസിയായ നിരീശ്വരന്‍റെയും സത്യസന്ധനായ കള്ളന്‍റെയും ദയാലുവായ കൊലയാളിയുടെയും ഹൃദയരഹസ്യങ്ങള്‍ അവര്‍ പറഞ്ഞു. കാലത്തോട് സ്ഥിരം കലഹിച്ച അവര്‍ കാലം പണിതു.അടി കാണാത്ത ഗര്‍ത്തത്തിനു മുകളില്‍ നിന്നവന്‍റെ തലകറക്കത്തില്‍ ഇവര്‍ ആര്‍ത്തു ചിരിച്ചു. അഭിവന്ദ്യരുടെ ഗൗരവമോ ബഹുമാനപ്പെട്ടവരുടെ കാര്യസ്ഥതയൊ ഇവര്‍ കാര്യമായി എടുത്തില്ല. എല്ലായിടത്തും നൃത്തവും പാട്ടും കൊണ്ട് അവര്‍ ഭയമില്ലാത്തവരായി. ഗര്‍ത്തങ്ങളില്‍ നിന്നു ചാടിയും ഗര്‍ത്തങ്ങളിലേക്കു ചാടിയും അവര്‍ വീഴാതെ നടന്നു. എല്ലായിടത്തും ഇവര്‍ വിഡ്ഢികളാകാന്‍ കനിഞ്ഞു. ഒരിടത്തും അവര്‍ വീണില്ല, കാരണം അവര്‍ വീണവരായിരുന്നു, ഭ്രാന്തില്‍ വീണവര്‍. ഭ്രാന്തുകൊണ്ട് അനുഗ്രഹീതര്‍.
'ചിന്തിക്കുന്നു അതുകൊണ്ട് ഞാനുണ്ട്' എന്ന് ആധുനികദര്‍ശനം. പക്ഷേ, ചിന്തയുടെ അടിയില്‍ തട്ടിപ്പാണോ, ഡെക്കാര്‍ട്ട് അന്വേഷിച്ചു. തലച്ചോറു കുഴഞ്ഞുമറിഞ്ഞതാണോ? തുണിയില്ലാത്തപ്പോഴും പട്ടുടുത്തു എന്ന മര്‍ക്കടമുഷ്ടി പിടിക്കുകയാണോ? ചിന്തയുടെ അടിസ്ഥാനം സത്യനിഷ്ഠമാണോ? അന്വേഷണം ദൈവത്തില്‍ ഉറച്ചു. ദൈവമാണ് ചിന്തയുടെ അടിസ്ഥാനം. അപ്പോള്‍ ചിന്തയില്‍ ഭ്രാന്തും ദൈവം അയക്കില്ലേ? അതോ ചിന്തയുടെ പുറത്തുനിന്നു ഭ്രാന്ത് രോഗമായി കടക്കുന്നതോ? ഭ്രാന്ത് രോഗമാണോ ദൈവനിവേശിതമാണോ? ഒരു രീതി ശാസ്ത്രത്തില്‍നിന്ന് മറ്റൊന്നിലേക്കു ഭ്രാന്തു മാറ്റുകയാണോ? ചിന്ത ഭ്രാന്തിന്‍റെ മണ്ഡലത്തെ സ്പര്‍ശിക്കുന്നു. ഭ്രാന്തായാലും അല്ലെങ്കിലും ചിന്തിക്കുന്നു - അതുകൊണ്ട് ഞാനുണ്ട് -ഡെറീഡ എഴുതി.
ഭ്രാന്തിന് പ്ലേറ്റോ തത്വചിന്തയില്‍ ഇടം കൊടുത്തു. ആത്മാവ് ആദിദര്‍ശനത്തില്‍ ആമഗ്നമാകുമ്പോള്‍ ഭ്രാന്ത് സംജാതമാകും - എല്ലാവരും പറയുന്നതില്‍നിന്നു ഭിന്നമായി പറയുകയും ചിന്തിക്കുകയും ചെയ്യുന്ന ന്യൂനപക്ഷമാണ് ഭ്രാന്തര്‍.ആദിദേവഭാഷ മറക്കാത്ത ആത്മാവ് അത് മറന്നവരുടെ ഇടയില്‍ ഭ്രാന്തനാണ്. "ചിറകുവച്ച കുതിരകളും തേരാളിയുമായി" ആത്മാവ് സ്വാഭാവികമായ ഐക്യത്തിലെത്തുമ്പോള്‍ നിഴലുകളുടെ ലോകത്തിലുള്ളവര്‍ക്ക് അജ്ഞാതമായ ഭാഷയും ദര്‍ശനവും അതിന് ഉണ്ടാകുന്നു. അതില്‍നിന്ന് പ്രവാചകനും മിസ്റ്റിക്കും കവിയും പ്രേമഗായകനും ജനിക്കും - ദൈവസ്പര്‍ശനത്തിന്‍റെ നാല് ഭ്രാന്തമുഖങ്ങള്‍. ഈ മുഖങ്ങള്‍ മാംസത്തില്‍ കുടുങ്ങിപ്പോയവര്‍ക്ക് അന്യമായ മണ്ടത്തരവും ചന്ദ്രസ്പര്‍ശവുമാണ്.
സ്വര്‍ഗ്ഗസ്പര്‍ശത്തിന്‍റെ ദര്‍ശനവും ഭാഷയും കാവ്യവും പാട്ടുമാണ് ലോകത്തില്‍ പുതുമ സൃഷ്ടിക്കുന്നത്. കണ്ടിട്ടില്ലാത്തതും കേട്ടിട്ടില്ലാത്തതും ആസ്വദിച്ചിട്ടില്ലാത്തതുമായവയെ അവര്‍ ചക്രവാളങ്ങളില്‍ നിന്നു വിളിച്ചു വരുത്തുന്നു. കേള്‍ക്കാത്ത വചനങ്ങളുടെ വെളിപാടും പാടാത്ത പാട്ടുകളുടെ ഈണവും കാണാത്ത പൂരങ്ങളുടെ കഥനവും ലോകത്തില്‍ ഭ്രാന്തായി അവതരിച്ച് ആളുകളിലേക്ക് പടരുന്നു. ഒറിജനല്‍ ഭ്രാന്തിന്‍റെ അവതാരകരും അവരുടെ ഭ്രാന്തിന്‍റെ പ്രേതം കൂടിയവരും അതു ഭാഗികമായി പടര്‍ന്നവരുമൊക്കെ പുതിയ ലോകത്തിന്‍റെ കാഹളവും വ്യാകരണവും പ്രജനനവും സൃഷ്ടിക്കും. എന്നാല്‍ ചരിത്രത്തില്‍ ഇനി വെളിപാടിനു പുരോഗതിയില്ല, വെളിച്ചപ്പാടുകള്‍ക്കു പുതുമുഖങ്ങളില്ല, പഴയതിന്‍റെ ഔദ്യോഗിക ആവര്‍ത്തനങ്ങളും യാന്ത്രിക ഓര്‍മ്മകളുമേയുള്ളൂ എന്ന വാശിയുടെ ആധിപത്യം ഭ്രാന്തിന് ഇടം കൊടുക്കില്ല. പുതുമ അഹങ്കാരസര്‍പ്പത്തിന്‍റെ വളയങ്ങള്‍ മാത്രമാകുന്ന കൊവേന്തയിലേക്ക് പുതുമുഖങ്ങള്‍ കടക്കില്ല. അവിടെ സത്യത്തിനു മരണത്തിന്‍റെ മണമുണ്ടാകും, യുവത്വത്തിന്‍റെ ചിരിയുണ്ടാകില്ല.
ദൈവനിവേശിതമായ ഈ ഭ്രാന്തിന് ആരും വേലി കെട്ടണമെന്നില്ല. അത് ഇടിമിന്നല്‍പോലെ ആരെയും ബാധിക്കും. ഒരു സംസ്കാരവും മതവും അതിനു കൂടു പണിയണ്ട. അതുകൊണ്ടാണ് മൈക്കിള്‍ ആഞ്ചലൊ പഴയ പേഗന്‍ യവനസംസ്കാരത്തിലെ അഞ്ച് പ്രവാചികമാരായ സിബില്‍മാരെ സിസ്റ്റൈന്‍ കപ്പേളയില്‍ ക്രൈസ്തവ പിതാമഹരൊടൊപ്പം വരച്ചു ചേര്‍ത്തത്. ഫ്രാന്‍സിസ് അസ്സീസിയുടെ ശിഷ്യനായ തോമസ് സെലാനൊ രചിച്ചത് എന്നു കരുതപ്പെടുന്നതും 1970 വരെ ലത്തീന്‍ റീത്തിലെ മരിച്ചവരുടെ കുര്‍ബാനയില്‍ ഉപയോഗിച്ചിരുന്നതും ഇപ്പോള്‍ ലത്തീന്‍ കനോനനമസ്കാരത്തില്‍ സ്ഥാനം പിടിച്ചിട്ടുള്ളതുമായ കാവ്യത്തില്‍ സിബില്‍മാരെക്കുറിച്ച് പറയുന്നത്.
Dies irae dies illa
solvet saeculum in flavilla
Teste David cum sibylla
(കോപത്തിന്‍റെ ദിനം, ലോകം ചാരമായി മാറുന്ന ദിനം, ദാവീദും സിബിലും പ്രവചിച്ചതുപോലെ). പുരാതന ഗ്രീക്കു സംസ്കാരത്തിന്‍റെ വെളിച്ചപ്പാടിനെ സ്വാംശീകരിച്ച ചരിത്രമാണിത്.
ദൈവിക സ്പര്‍ശനത്തിന്‍റെ യാതൊരു തീണ്ടലുമില്ലാത്ത വെറും ലൗകികര്‍ ഈ വേഷങ്ങള്‍ ധരിച്ചു. തപസ്സിനും പ്രവാചകര്‍ക്കും വെളിച്ചപ്പാടുകള്‍ക്കും വേണ്ട ദേവസ്പര്‍ശമില്ലാത്തവര്‍ ഭ്രാന്തിന്‍റെ ആശ്രമങ്ങളില്‍ വന്നു. അവര്‍ സന്ന്യാസികളായി ജീവിച്ചില്ല - അവര്‍ സന്ന്യാസസ്ഥാപനത്തിന്‍റെ ഉദ്യോഗസ്ഥരായി. സാധാരണ മനുഷ്യരെപ്പോലെ ആ പ്രസ്ഥാനത്തിന്‍റെ വര്‍ത്തമാനവ്യാപാരത്തിനും ഭാവിസുരക്ഷക്കുംവേണ്ടി അവര്‍ അധ്വാനിച്ചു. അതിനിടയില്‍ വേഷംകെട്ടും നാട്യവും കടന്നു. ബോധ്യങ്ങളുടെ ഭാഷാവരം പൊള്ളയായ വാചോടപമായി; വെളിച്ചമില്ലാത്ത വെളിച്ചപ്പാടുകളും കാര്യം നേടുന്ന കാക്കാലരും പുളു പറയുന്ന പുള്ളുവരുമായി. കൊവേന്തകളുടെ വേലികള്‍ പൊളിഞ്ഞു; ആവൃതികള്‍ മരിച്ചു. മറിയത്തിനു മംഗലവാര്‍ത്തയറിയിക്കാന്‍ വന്ന മാലാഖയെപ്പോലെ കാമദേവന്മാരും അപ്സരസ്സുകളും ആകാശയാത്രയിലായി വായുവിലൂടെ കെട്ടിയിറങ്ങുന്നു. വ്രതങ്ങളുടെ കെട്ടുകള്‍ ആരും കാണാതെ പൊട്ടി. ആവൃതിയുടെ നഗ്നത ചന്തയില്‍ പാട്ടായി. അധികാരത്തിന്‍റെ ചതുരംഗങ്ങളും മാമ്മോന്‍റെ അര്‍ത്ഥശാസ്ത്രങ്ങളും കൊവേന്തയുടെ അസ്ഥിവാരങ്ങളെ കാര്‍ന്നുകൊണ്ടിരുന്നു. വോട്ടിന്‍റെ എണ്ണത്തില്‍ എല്ലാം തുടങ്ങുകയും ഒടുങ്ങുകയും ചെയ്തപ്പോള്‍ ഭൂരിപക്ഷാഭിപ്രായം ശരാശരി മനുഷ്യന്‍റെ ചന്തയിലെ സുബോധമായി. ശരാശരിയുടെ തുലാസില്‍ എല്ലാം തൂങ്ങുമ്പോള്‍ ഭ്രാന്തിനെ പിണ്ഡം വച്ച് പുറത്താക്കി. ദേവപ്രീതിയേക്കാള്‍ അണികളുടെ പ്രീതി പ്രധാനമാകുന്നു. ഭ്രാന്തിന് ചാപ്റ്ററുകളില്‍ പ്രവേശനം കിട്ടാതെ സ്ഥാപകരുടെ പ്രേതബാധയുടെ ആ അധ്യായങ്ങള്‍പോലും വായിക്കാതെ സംസ്കാരാനുരൂപണം നടത്തി. സന്ന്യാസസമൂഹങ്ങളുടെ തനിമ വേഷത്തില്‍ കര്‍ശനമായി. പക്ഷേ, അതിന്‍റെ കാരിസം ചെത്തിച്ചെത്തി എല്ലാവരുടേയും ഒന്നുപോലെയുമായി.
എല്ലാ സന്ന്യാസികളും ഇന്നു സാമൂഹികരാണ്. സന്ന്യാസത്തിന്‍റെ ദുഃഖം ഏകാന്തതയായിരിക്കുന്നു. നിശ്ശബ്ദരാകാന്‍ കഴിയാത്തവരുടെ എണ്ണം വര്‍ദ്ധിച്ചു. സാമൂഹികതയുടെ പ്രലോഭനം ചെറുതല്ല. പ്രവര്‍ത്തനജ്വരം വിഷമായി. ഒറ്റയ്ക്കിരിക്കാന്‍ പറ്റാത്ത സന്ന്യാസി കൂട്ടന്വേഷിച്ചു. ആരും കേള്‍ക്കാനില്ലെങ്കിലും ആവലാതികളുടെ ആത്മഗതം നിറുത്താതെ നീളുന്നു. ധാരാളം പേര്‍ നാടുനീളെ കൊക്കിക്കൊണ്ടു നടക്കുന്നു. നിശ്ശബ്ദമായിരുന്നു മുട്ടയിടുന്നവര്‍ കുറഞ്ഞതുപോലെ. കമ്പോളം നോക്കിയും അയല്‍ക്കാരെ നോക്കിയും അസൂയ കൊള്ളുന്നു. അസൂയക്ക് ദാരിദ്ര്യമില്ലായിരുന്നു. വായിക്കാന്‍ പഠിച്ചിട്ടും വായിക്കാനറിയാത്തവര്‍. എല്ലാവരും തന്നെ നല്ലവരാണ്. പക്ഷേ, ആ നന്മ നീരുവച്ചുവച്ച് വീര്‍ത്തിരിക്കുന്നു. പണ്ഡിതര്‍ക്കു കുറവില്ല. ചിലരൊക്കെ ഭൂമിക്കടിയിലെ സകല മാലിന്യങ്ങളും പുറത്തിട്ട് ശ്വാസതടസ്സവും മൂക്കൊലിപ്പും പടര്‍ത്തുന്നു. പ്രാര്‍ത്ഥനകള്‍ക്കും പ്രാര്‍ത്ഥനാഭവനങ്ങള്‍ക്കും ധ്യാനകേന്ദ്രങ്ങള്‍ക്കും ഒരു കുറവുമില്ല. പക്ഷേ, പ്രാര്‍ത്ഥനയിലും ചന്ത കയറിയോ എന്ന ആശങ്ക. ചന്തയിലേക്ക് ഇറങ്ങുന്നവന്‍റെ ആവശ്യങ്ങളുടെ വിവരപ്പട്ടികപോലെ പ്രാര്‍ത്ഥനയും. വീട്ടിലല്ലെങ്കിലും ധാരാളം പേര്‍ വീടിനെക്കുറിച്ചു വ്യാകുലപ്പെട്ടു. കന്യാവ്രതത്തിലും കല്യാണം (സന്തോഷം) വേണമല്ലൊ- അതില്ലാത്തവരുടെ കണ്ണീരുകള്‍. ഭൂരിപക്ഷവും നല്ല വേലി കെട്ടി വികാരങ്ങളും മോഹങ്ങളും അടക്കുന്നു. വേലി കെട്ടു കഴിഞ്ഞിട്ട് തോട്ടത്തില്‍ പണിയാന്‍ നേരമില്ലാതായോ? ആവസിക്കാന്‍ വരുന്ന പ്രേതങ്ങളെ പന്നികളിലേക്ക് അയയ്ക്കാന്‍ കഴിയാതെ പന്നികളായി മാറിയവര്‍ വിരളം.
ഇതൊരു പ്രളയകഥയാണ്. പ്രളയത്തെ വിളിച്ചു വരുത്താനല്ല. വരുന്നു എന്നു പറഞ്ഞ് ഉണര്‍ത്താന്‍. യൂറോപ്പില്‍ തെങ്ങു വളരില്ല. അവിടെ ബ്രഹ്മചര്യം വളരാതായി. ആ കാറ്റും കാലാവസ്ഥയും ഇങ്ങോട്ടൂതുന്നു. ഇതൊരു ദുരന്തപ്രവചനമല്ല, വെറും വായനക്കാരന്‍റെ അശാന്തമായ ആത്മഗതം.നാളെയുടെ ഭാഷയറിയില്ല. ഇന്നലെയുടെ ഭാഷ അതിനു പറ്റില്ല. അതുകൊണ്ട് അവ്യക്തമായ വിഹ്വല വചനങ്ങള്‍.
രക്ഷയുടെ യാനപാത്രത്തില്‍ വിശ്വാസം ക്ഷയിച്ചിട്ടില്ല. പക്ഷേ, നോഹയുടെ പിന്‍മുറക്കാര്‍ പെട്ടകത്തിനു മുമ്പില്‍ "മൃഗപ്രദര്‍ശനം" എന്ന ബോര്‍ഡു വച്ച് നശിക്കാന്‍ പോകുന്നവരുടെ ചെമ്പുതുട്ടുകള്‍ അടിച്ചെടുക്കുന്ന മിടുക്കു കാണിക്കുന്നുണ്ടോ എന്ന സംശയം. ഇതൊരു പഴയ സാഹിത്യകാരന്‍റെ നുണക്കഥയാണ്. ഏതു കഥയാണ് നുണക്കഥകളല്ലാത്തത്, സ്വര്‍ഗരാജ്യത്തില്‍ കുഞ്ഞാടും പുലിയും ഒന്നിച്ചിരിക്കുമെന്നത് ഭ്രാന്തന്മാരുടെ കഥയല്ലേ? ഭ്രാന്തൊഴിഞ്ഞ കൊവേന്തകള്‍ക്ക് ഭാവിയെക്കുറിച്ച് ആകുലതയില്ല. അല്ലെങ്കില്‍ പലര്‍ക്കുമുണ്ട്. അവര്‍ വിവേകമതികളാണ് - അതൊക്കെ പുറത്തുപറഞ്ഞ് പേടി ഉണ്ടാക്കുന്നില്ല. എല്ലാവരും പ്രാര്‍ത്ഥിക്കുന്നു. വഞ്ചിയില്‍ അവന്‍ ഉറങ്ങുന്നു എന്നറിയാം, ഉണര്‍ത്തുന്ന പ്രാര്‍ത്ഥനകള്‍. ചിലര്‍ക്ക് പ്രാര്‍ത്ഥന എല്ലാം ദൈവത്തെ ഏല്പിച്ച് കൈയും കെട്ടിയിരിക്കലാണ്. വിധിയോട് രാജി; വിധിയെ ചെറുത്തുനില്ക്കുന്ന പ്രാര്‍ത്ഥനയില്ല. ദുരന്തത്തിനു മുമ്പില്‍ തല മണലില്‍ പൂഴ്ത്തി ദൈവം നോക്കുമെന്ന രാജി. ജറുസലം-ജെറീക്കോ പാതയില്‍ തല്ലുകൊണ്ടവനെ കടന്നുപോയ പുരോഹിതരും ലേവായനും ഇങ്ങനെ തന്നെ. അവനെ ദൈവം നോക്കട്ടെ എന്നു പ്രാര്‍ത്ഥിച്ചു കടന്നുപോയി, അവരുടെ കാര്യവുമായി. ദൈവം വരില്ല. പുരാതന ഗ്രീക്കുനാടകത്തില്‍ ദുരന്തമകറ്റാന്‍ ഞാണിന്മേല്‍ യാന്ത്രികമായി സ്റ്റേജിലിറങ്ങുന്ന ദൈവം മായാമോഹത്തിന്‍റെ ബാക്കിയാണ്. ദുരന്തത്തിന്‍റെ മുഖത്തു തുറിച്ചുനോക്കി അകത്തേക്ക് ദുരന്തം ആവഹിച്ചെടുക്കുമ്പോള്‍ അകത്തുനിന്ന് ദൈവം കര്‍മ്മത്തിന്‍റെ വെളിപാടയയ്ക്കും. അതിനെ പേടിയുള്ളവര്‍ പ്രാര്‍ത്ഥിക്കുന്നില്ല. ചരിത്രം നയിച്ച സന്ന്യാസപ്രവാചകര്‍ അങ്ങനെ പ്രാര്‍ത്ഥിച്ചു, തലയില്‍ ദൈവത്തിന്‍റെ മുട്ടു കിട്ടിയവരാണ്. ഈ മുട്ട് ഔദ്യോഗികതലങ്ങളില്‍ നിന്നു വരണമെന്നില്ല. അഭിവന്ദ്യരായവര്‍ അനുദിനത്തിന്‍റെ നടത്തിപ്പില്‍ വേവാലാതി പൂണ്ടു കഴിയുമ്പോള്‍ ഭ്രാന്തിന്‍റെ നൂലാമാലകള്‍ എന്ന സമയം കൊല്ലി പരിപാടി അലോസരമാണ്.അഗാധമായ തപസ്സിന്‍റെ ആന്തരികതയില്‍ നിന്നു വരമായി ഈ ഭ്രാന്തു ലഭിക്കുന്നു. തപസ്സ് അന്യമായ ലോകത്തില്‍ ആകാശം അടഞ്ഞുകിടക്കും. അങ്ങനെയൊരു കലികാലത്തിലാണു നാം എന്നു തോന്നിപ്പോകുന്നു. അവിടെ കൊവേന്തയ്ക്കു ഭാവിയില്ല. കൊവേന്തയുടെ മിമിക്രി രൂപങ്ങള്‍ കാണാനുണ്ടാകും. പ്രളയം കഴിഞ്ഞ് പുതിയ ലോകം പിറന്നേക്കും.
രണ്ടാം ലോകമഹായുദ്ധത്തില്‍ 1940-ല്‍ ലണ്ടനില്‍ ബോംബിട്ടതിനുശേഷമുള്ള ഒരു ചിത്രമുണ്ട്. തകര്‍ന്ന കെട്ടിടവും പൊളിഞ്ഞ ഭിത്തികളുമുള്ള ഒരു പുസ്തകശാല. എല്ലാം തകര്‍ന്ന ചിത്രത്തില്‍ പുസ്തകങ്ങളുടെ അലമാരകള്‍ കേടു കൂടാതെ നില്ക്കുന്നു. മൂന്നു മാന്യന്മാര്‍, ഒരാള്‍ അലമാരയിലെ ഒരു പുസ്തകം തുറന്നുവായിക്കുന്നു; മറ്റൊരുവന്‍ മറ്റൊരലമാര തുറന്നു പുസ്തകമെടുക്കുന്നു; മൂന്നാമത്തെ ആള്‍ പുസ്തകം പരതുന്നു. ബോംബു വീണ ചുറ്റുപാടുകളറിയാത്ത വിഡ്ഢികള്‍. അവര്‍ വര്‍ത്തമാനദുരന്തത്തില്‍നിന്ന് ഏതോ മറ്റൊരു ലോകത്തിലേക്ക് കടന്നു പരിസരബോധം പോയി വിഡ്ഢികളായവര്‍.
സന്ന്യാസാശ്രമങ്ങള്‍ പുസ്തകങ്ങളുടെ ഈടുവയ്പുകളുമായിരുന്നു. വര്‍ത്തമാനകാലത്തില്‍നിന്ന് പുരാണപ്രതിഭകളുടെ പ്രേതലോകത്തു കടന്നുനിന്നു സംവദിച്ചവര്‍. അവരാണ് വര്‍ത്തമാനത്തെ മാച്ചെഴുതിയത്. 1494-ലെ കാര്‍ണിവലിനു സെബാസ്റ്റ്യന്‍ ബ്രാന്‍റ് ഒരു പുസ്തകമെഴുതി പ്രസിദ്ധീകരിച്ചു - Das Narrenschiff - വിഡ്ഢികളുടെ കപ്പല്‍. വര്‍ത്തമാനകാലത്തിന്‍റെ വിഡ്ഢിത്തങ്ങള്‍, പൊങ്ങച്ചങ്ങള്‍, വൈകൃതങ്ങള്‍, വ്യഭിചാരങ്ങള്‍, ചൂഷണങ്ങള്‍ എല്ലാറ്റിനേയും മാന്തിപ്പൊളിച്ചു പരിഹസിക്കുന്ന പുസ്തകം. കൊവേന്തകള്‍ കത്തിയേക്കും, അതിന്‍റെ ചാരത്തില്‍നിന്ന് മറ്റൊന്ന് ഉണരാം. കൊവേന്തക്കാര്‍ വിഡ്ഢികളുടെ പുസ്തകം എഴുതുന്നവരും വിഡ്ഢികളുടെ ഉത്സവം നടുത്തുന്നവരും ആകുമ്പോള്‍ ആ കപ്പലില്‍ കേറാന്‍ ആളുകളുണ്ടാകും. കൊവേന്തയ്ക്കു കാലഹരണം വരാം, കാലം ശവപ്പെട്ടി പണിയുന്നു; പക്ഷേ കാലത്തില്‍ കാലം ചെയ്യാത്തവനുണ്ട്. കാലത്തിന്‍റെ ശവപ്പെട്ടികള്‍ പൊളിച്ച് വെളിച്ചപ്പാടുകള്‍ പുറത്തുവരും.