news-details
മറ്റുലേഖനങ്ങൾ

പ്രവാചകനിലേക്കുള്ള ദൂരം

ഈശ്വരോന്മുഖമായ ഏതൊരു ആത്മീയ അനുഭവത്തിലും പ്രവാചകനിയോഗത്തിലേക്കുള്ള തിരഞ്ഞെടുപ്പിന്‍റെ ഒരംശമുണ്ട്. എങ്കിലും, സമര്‍പ്പണത്തിലൂന്നിയ ഭക്തിയുടെയും അനുഷ്ഠാനകേന്ദ്രീകൃതമായ പൗരോഹിത്യത്തിന്‍റെയും സകലപരിമിതികളെയും ലംഘിക്കുന്ന തീക്ഷ്ണവ്യക്തിത്വങ്ങള്‍ മാത്രമേ പ്രവാചകദൗത്യത്തിലേക്ക് പൂര്‍ണ്ണമായും വിളിക്കപ്പെടുന്നുള്ളൂ. അധികാരത്തിന്‍റെ ചിഹ്നങ്ങളെ അവഗണിക്കുകയും സിംഹാസനങ്ങള്‍ക്കു നേരെ തീക്ഷ്ണമായി വിരല്‍ചൂണ്ടുകയും ചെയ്തവര്‍, ലോകനന്മയ്ക്കായി പ്രപഞ്ചനിയന്താവായ പരമാത്മാവിനോടു പോലും കലഹിക്കുകയും കയര്‍ക്കുകയും ചെയ്യാന്‍ കഴിയുന്നത്രയും സ്വതന്ത്രരാക്കപ്പെട്ടവര്‍, കാലാതീതമായ പ്രപഞ്ചനിയമങ്ങളുടെ അഗ്നിജ്വാലകളില്‍ സ്ഫുടം ചെയ്ത് ഒരുക്കപ്പെട്ടവരാണവര്‍.

ഈശ്വരാനുഭവത്തിലേക്കുള്ള ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പിന്‍റെ സമയസൂചനകള്‍ നമുക്ക് പലപ്പോഴും ദുര്‍ഗ്രഹമാണ്. വയലില്‍ ഒരുമിച്ച് ജോലിചെയ്തുകൊണ്ടിരുന്ന രണ്ടു പേരില്‍ ഒരാള്‍ തിരഞ്ഞെടുക്കപ്പെടുകയും മറ്റെയാള്‍ തിരസ്ക്കരിക്കപ്പെടുകയും ചെയ്യുന്നതുപോലെ, ആട്ടുകല്ലില്‍ ഒരുമിച്ച് ധാന്യം പൊടിച്ചുകൊണ്ടിരുന്ന രണ്ടു സ്ത്രീകളില്‍ ഒരുവള്‍ സ്വീകരിക്കപ്പെടുകയും മറ്റവള്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്നതുപോലെ 'യുക്തിസഹമല്ലാത്ത' ഒരു യുക്തി ഈ തിരഞ്ഞെടുപ്പുകള്‍ക്കു പിന്നിലുണ്ടാകാം. സുഖകാമനകളുടെ രാജകീയമഞ്ചത്തില്‍നിന്നും ധര്‍മ്മപത്നിക്കും പ്രിയപുത്രനും അനാഥത്വം നല്‍കി, സിദ്ധാര്‍ത്ഥന്‍ നടന്നുപോയത് സംസാരസാഗരത്തിന്‍റെ നടുക്കങ്ങളിലേക്കാണ് - അല്പജ്ഞാനികളുടെ യുക്തിയില്‍ തീര്‍ത്തും 'ബുദ്ധമല്ലാത്ത' ഒരു തിരഞ്ഞെടുപ്പ്. സാത്വികനും തികച്ചും സാധാരണക്കാരനുമായ ഒരു യുവാവുമായി വിവാഹനിശ്ചയം ചെയ്യപ്പെട്ട്, ഒലിവുമരങ്ങളുടെ ഇലച്ചാര്‍ത്തുകള്‍ക്കപ്പുറത്ത് സന്ധ്യ ചായുന്നതും നോക്കി തീര്‍ത്തും സാധാരണവും നിസ്സാരവുമായ സ്വപ്നങ്ങള്‍ കണ്ട് ലളിതമായി ജീവിച്ചിരുന്ന ഒരു പെണ്‍കുട്ടി "ഞാന്‍ കര്‍ത്താവിന്‍റെ ദാസി, നിന്‍റെ വാക്കുകള്‍ എന്നില്‍ സംഭവിക്കട്ടെ" എന്ന കാലാതിവര്‍ത്തിയായ തിരഞ്ഞെടുപ്പിലൂടെ സ്വയം ചോദിച്ചു വാങ്ങിയത് 'ഭാഗ്യപ്പെട്ടവള്‍' എന്ന വിശേഷണം മാത്രമല്ല, ഹൃദയം പിളര്‍ക്കുന്ന വാള്‍ത്തലകള്‍കൂടിയായിരുന്നു. ഭൗതികതയുടെ ഹ്രസ്വക്കാഴ്ചയില്‍ ലാഭകരമല്ലാത്ത മറ്റൊരു തിരഞ്ഞെടുപ്പ്. മുതലാളിത്തത്തിന്‍റെ ആടയാഭരണങ്ങളെ അര്‍ദ്ധനഗ്നതകൊണ്ട് പരിഹസിച്ച ഒരു ഫക്കീര്‍, ബൊളീവിയന്‍ കാടുകളില്‍ വേട്ടക്കാരന്‍റെ വെടിയൊച്ചക്കും വേട്ടനായ്ക്കളുടെ ഗര്‍ജ്ജനത്തിനുമിടയില്‍, ജീവിതത്തിനും മരണത്തിനുമിടയിലെ നിമിഷാര്‍ദ്ധങ്ങളില്‍ സാമ്രാജ്യത്വഭീകരതക്കെതിരെ അധഃസ്ഥിതന്‍റെ പക്ഷംചേര്‍ന്നു പൊരുതിയ ലോകം കണ്ട ഏറ്റവും വലിയ കലാപകാരി, തോല്‍പ്പിക്കപ്പെട്ടവര്‍ക്കും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി മാത്രമല്ല, ഉരഗങ്ങള്‍ക്കും ഉറുമ്പുകള്‍ക്കുംവേണ്ടിക്കൂടി ഒരു നേരത്തെ അപ്പമന്വേഷിച്ച് അസ്സീസിയിലെ തെരുവോരങ്ങളിലൂടെ അലഞ്ഞ അവധൂതനെപ്പോലൊരു മനുഷ്യന്‍. ഇവരിലാരൊക്കെയായിരുന്നു പ്രവാചകര്‍? ഇവരിലാരൊക്കെയായിരുന്നു ലാഭകരമായ തിരഞ്ഞെടുപ്പുകള്‍ നടത്തിയവര്‍?

മനുഷ്യവംശത്തിന്‍റെ നിലനില്‍പ്പിനും തുടര്‍ച്ചയ്ക്കും വേണ്ട ചൂടും വെളിച്ചവും ജീവശ്വാസവുമായി മാറിയ ഇത്തരം ഒട്ടേറെ തിരഞ്ഞെടുപ്പുകള്‍ മനുഷ്യചരിത്രത്തിലുടനീളമുണ്ട്. ചരിത്രത്തെ മാറ്റിയെഴുതുകയും സ്വയം ചരിത്രമായി മാറുകയും ചെയ്ത കാലാതിവര്‍ത്തിയായ നിയോഗങ്ങള്‍. ഇവരൊന്നും സ്വയം തിരഞ്ഞെടുക്കുകയായിരുന്നില്ല, തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. എങ്കിലും "നിനക്കു സമ്മതമോ" എന്ന ചോദ്യത്തിന് "അതെ" അല്ലെങ്കില്‍ "അല്ല" എന്ന രണ്ട് ഒറ്റവാക്കുത്തരങ്ങളില്‍ ഒന്നാവാനുള്ള സ്വാതന്ത്ര്യം ഇവര്‍ക്കു നല്‍കപ്പെട്ടിരുന്നു.

പ്രവാചകനിയോഗത്തിലേക്കുള്ള മനുഷ്യന്‍റെ തിരഞ്ഞെടുപ്പുകളുടെ ഒരു നൈരന്തര്യം ബൈബിളിലുടനീളമുണ്ട്. പ്രവാസത്തിന്‍റെ പര്യായമായി മാറിയ ഗര്‍ഷോമിന്‍റെ പിതാവ്, മിദിയാനിലെ പുരോഹിതന്‍റെ ഭവനത്തിലെ സ്വഛതയില്‍നിന്നും വിളിക്കപ്പെട്ടത് ജീവിതം പകരമായി നല്‍കിയ ഒരു യാത്രയുടെയവസാനം ജനതകളുടെ വിമോചകനാവാനാണ്. ഹോറെബിലെ കത്തിയെരിയുന്ന മുള്‍പ്പടര്‍പ്പില്‍നിന്നും "നിന്‍റെ പേരെന്താണ്" എന്ന ചോദ്യത്തിന് "ഞാന്‍ ഞാന്‍തന്നെ, ഞാനാകുന്നവന്‍ നിന്നെ അയയ്ക്കുന്നു" എന്ന ഉത്തരം മാത്രമേ അവന് നല്‍കപ്പെട്ടുള്ളു. ദുര്‍ബ്ബലമെന്ന് തോന്നാവുന്ന ആ ഉത്തരത്തിന്‍റെ ഉറപ്പിലേക്കാണ് പ്രവാചകനും വിമോചകനുമാവാനുള്ള നിയോഗവുമായി അയാള്‍ കടന്നുപോയത്. ചരിത്രത്തെ അതിജീവിച്ച ഒരു തിരഞ്ഞെടുപ്പ് അവിടെ പൂര്‍ത്തിയാവുകയായിരുന്നു.

പിന്നീട് നിരവധി ധന്യമുഹൂര്‍ത്തങ്ങളില്‍ ഈശ്വരേച്ഛയുടെ നടത്തിപ്പുകാരനാവാനുള്ള പ്രവാചകദൗത്യം വിളിയായി, വെളിപാടായി, സ്വപ്നദര്‍ശനമായി, തിരഞ്ഞെടുപ്പും നിയോഗവുമായി അനേകം തീക്ഷ്ണവ്യക്തിത്വങ്ങള്‍ക്ക് നല്‍കപ്പെടുന്നതിന് ചരിത്രം സാക്ഷി. അമ്മയുടെ ഉദരത്തില്‍വച്ച് വിളിക്കപ്പെട്ട്, അതിനിശിതമായ ജീവിതക്രമങ്ങളുടെ പരുക്കന്‍ മൂശയില്‍ ഉരുക്കിവാര്‍ക്കപ്പെട്ട് "മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്‍റെ" ഇടിമുഴക്കംപോലുള്ള ശബ്ദമായി മാറിയ എക്കാലത്തെയും മഹത്തായ ആ തിരഞ്ഞെടുപ്പ്, പ്രവാചകനാവാനുള്ള വിളിക്ക് പകരമായി നല്‍കേണ്ടത് വെള്ളിത്താലത്തില്‍ രക്താലംകൃതമായ ഒരു ശിരസ്സുപോലുമാകാമെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തി, ഓര്‍മ്മപ്പെടുത്തുന്നു. ചരിത്രത്തിന്‍റെ തുടര്‍ച്ചയില്‍, പിന്നീട്, മുക്കുവനും ചുങ്കം പിരിക്കുന്നവനും പുരോഹിതനും വിപ്ലവകാരിക്കും പട്ടാളക്കാരനും രാജാവിനും വ്യഭിചാരിണിക്കും പ്രവാചകത്വത്തിലേക്കുള്ള വിശുദ്ധനിയോഗങ്ങള്‍ നല്‍കപ്പെടുന്നു, നല്‍കപ്പെട്ടുകൊണ്ടേയിരിക്കുന്നു.

പ്രവാചകദൗത്യത്തിലേക്കുള്ള ഏതൊരു നിയോഗത്തിലും, വിളിയെപ്പോലെയോ അതിനെക്കാളുമേറെയോ പ്രധാനപ്പെട്ടതായിരുന്നു ദൗത്യനിര്‍വ്വഹണത്തിനായുള്ള ഒരുക്കവും ദൗത്യനിര്‍വ്വഹണത്തില്‍ നേരിടേണ്ടിവരുന്ന വെല്ലുവിളികളെ അതിജീവിക്കാനുള്ള തീക്ഷ്ണതയും. പ്രലോഭനങ്ങളും വേദനകളും പരാജയങ്ങളും കഷ്ടതകളുംകൊണ്ട് ഊട്ടിവളര്‍ത്തപ്പെട്ടവര്‍ മാത്രമേ പ്രവാചകദൗത്യത്തിന് പൂര്‍ണ്ണത നല്‍കിയിട്ടുള്ളു. ദുരാരോപണങ്ങളും വാളും വിശപ്പും അധികാരത്തിന്‍റെ അരമനകളിലെ അക്വേറിയങ്ങളില്‍ സ്വര്‍ണ്ണമത്സ്യമാവാനുള്ള പ്രലോഭനങ്ങളും അതിജീവിച്ചവര്‍ മാത്രമേ സാക്ഷ്യത്തിന്‍റെ തീക്ഷ്ണാക്ഷരങ്ങളായി സ്വയം മാറിയിട്ടുള്ളു. അവര്‍ മാത്രമേ ചരിത്രത്താളുകള്‍ക്കു പുറത്തേക്കു തൂലിക നീട്ടി ചരിത്രത്തിന് പാഠഭേദങ്ങളെഴുതിയിട്ടുള്ളു. അവരില്‍ നിഷ്കാസിതരും പ്രവാസികളുമാക്കപ്പെട്ടവരുണ്ട്, വിശപ്പും വേദനയും കുടിച്ച് വയര്‍ നിറച്ചവരുണ്ട്. അന്തിമലക്ഷ്യം ഒരു നോക്ക് മാത്രം കണ്ട് മരിച്ചുവീണവരുണ്ട്, വേട്ടയാടപ്പെട്ടവരുണ്ട്, ഒറ്റിക്കൊടുക്കപ്പെട്ടവരുണ്ട്, തുറുങ്കിലടക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തവരുണ്ട്. പക്ഷെ അന്തിമമായി പരാജയപ്പെടുത്തപ്പെട്ടവരില്ല, തളര്‍ന്നവരുണ്ടെങ്കിലും തകര്‍ക്കപ്പെട്ടവരുമില്ല. ഇതാണ് ചരിത്രത്തിലുടനീളവും ചരിത്രത്തിനുപുറത്തും നാം കണ്ടുശീലിച്ച തുടര്‍ച്ച.

ഈ തുടര്‍ച്ചയുടെ ഇങ്ങേയറ്റത്ത് പാകമാകാതെ 'പഴുത്തുവശായ'വരുടെ 'ഫലസമൃദ്ധി' കണ്ട് നാം അമ്പരക്കുന്നു, ചകിതരും സന്ദേഹികളുമായി മാറുന്നു. തിരഞ്ഞെടുപ്പിന്‍റെയും ഒരുക്കിയെടുക്കലിന്‍റെയും സാമാന്യ ഗണിതവഴികളെ ലംഘിച്ച് എളുപ്പവഴിയില്‍ ഉത്തരം തേടുന്നവരുടെ എണ്ണം പെരുകുന്നു. തിരഞ്ഞെടുപ്പിന്‍റെ കഠിനപരീക്ഷണങ്ങളില്ല, സംശയിച്ച് സംസാരശേഷി നഷ്ടപ്പെട്ട് ഊമയായി മാറാന്‍ ഒരു സംശയം പോലുമില്ല, പാതിവഴിയില്‍ പിന്തിരിഞ്ഞോടുന്നവര്‍ക്ക് സമുദ്രാന്തര്‍ഭാഗത്തെ മല്‍സ്യഗര്‍ഭത്തില്‍ മൂന്നു രാവും മൂന്നു പകലും വിധിക്കപ്പെടുന്ന ഏകാന്തതയില്ല, കെറീത്ത് അരുവിയുടെ സമീപം കാട്ടില്‍ ആഹാബിന്‍റെ വാള്‍മുനയെ പേടിച്ച്, വിശപ്പകറ്റാന്‍ കാക്കകളുടെ ചുണ്ടിലെ ഭക്ഷണത്തുണ്ടുകള്‍ക്കായി കാത്തിരുന്ന മഹാപ്രവാചകന്‍റെ ദൈന്യതയെന്തെന്ന് അറിയേണ്ടതില്ല, ഒരു ദേശത്തിന്‍റെ തീരാവ്യഥകള്‍ ഹൃദയംകൊണ്ട് തൊട്ടറിയാന്‍ അര്‍ദ്ധനഗ്നയായി അലയേണ്ടതില്ല, തിരസ്കൃതരോടും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടും പക്ഷം ചേര്‍ന്നതിന്‍റെ പേരില്‍ തുറുങ്കിലും കഴുമരത്തിലും ഒടുങ്ങേണ്ടതുമില്ല. പുലര്‍ച്ചെ ആറുമണിക്ക് ഒരു സ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്ന്, ഏഴു മണിക്ക് കുളിച്ചൊരുങ്ങി എട്ടുമണിക്ക് പ്രവാചകദൗത്യം തുടങ്ങി ഒമ്പതുമണിക്കിവര്‍ ഉപഗ്രഹചാനലുകളില്‍ നിറയുന്നു. വചനപ്രഘോഷണ പന്തലുകളിലെ ജനക്കൂട്ടത്തെ നോക്കി "നിങ്ങളില്‍ 42 പേരുടെ തലവേദന നീങ്ങി, 8 പേരുടെ ഉദരരോഗങ്ങള്‍ക്കു ശമനമുണ്ടായി, 15 പേരില്‍നിന്ന് പിശാച് ഒഴിഞ്ഞുപോയി" എന്ന മട്ടിലുള്ള ലളിതവത്ക്കരിക്കപ്പെട്ടതും അതിലേറെ 'സുരക്ഷിത'വുമായ പ്രവചനങ്ങള്‍ കേട്ട് നാം പുളകിതരാകുന്നു. ചിലര്‍, സന്ദേഹികള്‍, അപ്പോഴും സന്ദേഹികളായി തുടരുന്നു. ശരിയില്ലായ്മകളെ എതിര്‍ക്കാത്ത സന്ദേഹികള്‍ക്ക് 'ഭീരുക്കള്‍' എന്നുകൂടി അര്‍ത്ഥമുണ്ടെന്ന് നാമറിയുക.

തിരഞ്ഞെടുപ്പിന്‍റെ നിശിതപരീക്ഷണങ്ങളും ഒരുക്കത്തിന്‍റെ തീവ്രവേദനകളുമില്ലാതെ "എനിക്ക് വരം ലഭിച്ചു", "എനിക്കു ദര്‍ശനമുണ്ടായി", "എന്നെ തിരഞ്ഞെടുത്തു" എന്നൊക്കെ അവകാശപ്പെടുന്ന 'ദൈവമനുഷ്യര്‍ക്ക്' വേണ്ടത്ര സ്പേസ് നല്‍കുന്ന ഒരു മതാന്തരീക്ഷം ഇന്നു നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നുവോ എന്നു ഭയക്കണം. മനുഷ്യരെ ദൈവോന്മുഖരാക്കുക എന്ന ദൗത്യമാണ് മതങ്ങളെല്ലാം - വ്യത്യസ്തരീതിയിലാണെങ്കിലും - നിര്‍വ്വഹിക്കുന്നത്, നിര്‍വ്വഹിക്കേണ്ടത്. ഭൗതികതയുടെ വഴിവാണിഭക്കാര്‍ നിരത്തുന്ന ഒറ്റമൂലികളല്ല, ഹൃദയത്തെ തണുപ്പിച്ച് ആത്മാവിലേക്കു പെയ്തിറങ്ങുന്ന ദിവ്യ ഔഷധധാരയാണ് വിശ്വാസി മത-ആത്മീയ പാഠശാലകളില്‍ തിരയുന്നത്. അവിടെയും അവന് വഴിവാണിഭത്തിന്‍റെ പൂരക്കാഴ്ചകളാണ് കാണേണ്ടി വരുന്നതെങ്കില്‍ അവന്‍റെ മനസ്സിലെ വിഗ്രഹങ്ങളുടയും. ഭൗതികതയുടെ മുന്‍ഗണനാക്രമത്തില്‍ ഒന്നാമത്തെയും രണ്ടാമത്തെയും നൂറാമത്തെയും സ്ഥാനങ്ങള്‍ ശരീരത്തിന്‍റെ ആസക്തികള്‍ക്കാണ്-ആത്മാവിന്‍റെ വേദനകള്‍ക്കല്ല. അമിതമായി സ്ഥാപനവല്‍ക്കരിക്കപ്പെടുകയോ ഭൗതികത മുന്‍ഗണനയായി മാറുകയോ ചെയ്യുന്ന ഒരു പ്രത്യയശാസ്ത്രത്തിനും-അത് മതമാകട്ടെ, രാഷ്ട്രീയമാകട്ടെ-കാലത്തെ അതിജീവിക്കാനാവില്ലെന്നതിന് കാലംതന്നെ സാക്ഷി.

വിളിക്കപ്പെട്ടും ഒരുക്കപ്പെട്ടും പ്രവാചകത്വത്തിന്‍റെ നിശിതവഴികളിലൂടെ നടക്കുന്നവര്‍ ഒടുവില്‍ ചെന്നെത്തേണ്ടത് അധികാരസ്ഥാപനങ്ങളുടെ ഇരുമ്പുദണ്ഡുകള്‍ക്കു മുന്നിലാണ്. സ്ഥാപനവല്‍ക്കരിക്കപ്പെട്ട എന്തിന്‍റെയും നേരെ അവര്‍ വിരല്‍ ചൂണ്ടേണ്ടതുണ്ട്. ദൈവോന്മുഖവും മനുഷ്യോന്മുഖവുമല്ലാത്ത എന്തിനെയും അവര്‍ എതിര്‍ക്കേണ്ടതുണ്ട്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ പക്ഷം ചേരേണ്ടതുണ്ട്. മര്‍ദ്ദിതരുടെയും തകര്‍ക്കപ്പെട്ടവരുടെയും കണ്ണുനീരിന് കണക്കുചോദിക്കേണ്ടതുണ്ട്. തീവ്രമായ സത്യസന്ധതയാവശ്യപ്പെടുന്ന പ്രവാചകസാക്ഷ്യത്തിന് പകരം നല്‍കേണ്ടത് സ്വാതന്ത്ര്യമാകാം, ഭൗതികസുഖങ്ങളും സുരക്ഷിതത്വവുമാകാം, ചിലപ്പോള്‍ ജീവിതവും ജീവന്‍ തന്നെയുമാകാം. യഥാര്‍ത്ഥ പ്രവാചകന്‍ ഭൗതികമായി സുരക്ഷിതനല്ല. വിശ്വാസി അവന്‍റെ സമര്‍പ്പണത്തിലും പുരോഹിതന്‍ അനുഷ്ഠാനങ്ങളിലൂന്നിയ സാധനയിലും സുരക്ഷിതത്വം തേടുമ്പോള്‍ പരിവ്രാജകന്‍റെ പാതകളില്‍ ഭരണകൂടങ്ങളുടെ ചാരക്കണ്ണുകളും പലായനം ചെയ്യുമ്പോഴും അവനെ പിന്തുടരുന്ന വാള്‍ത്തലകളുമുണ്ട്. എങ്കിലും ഈ നിശിതസാക്ഷ്യങ്ങളും തീക്ഷ്ണവ്യക്തിത്വങ്ങളുമാണ് മനുഷ്യചരിത്രത്തെ മുമ്പോട്ടുനയിച്ചതും നയിച്ചുകൊണ്ടിരിക്കുന്നതും. അവിടെ സന്ധിചെയ്യലുകള്‍ക്കും "നിഷ്പക്ഷ" സാക്ഷ്യങ്ങള്‍ക്കും അര്‍ത്ഥമില്ല. സന്ധിചെയ്യലുകളിലൂടെ അധികാരസ്ഥാപനങ്ങളോട് ചേര്‍ന്ന് ഇരിപ്പിടം കണ്ടെത്തുന്നവര്‍ക്കു മുകളിലൂടെ കാലത്തിന്‍റെ മഹാപ്രവാഹം അടയാളങ്ങളവശേഷിപ്പിക്കാതെ കടന്നുപോകും.

മനസ്സിനോടും ഹൃദയത്തോടും സൗമ്യമായി സംസാരിക്കുന്ന മത-ആത്മീയ പ്രത്യയശാസ്ത്രങ്ങളുടെ അഭാവം തീര്‍ക്കുന്ന തരിശിടങ്ങളില്‍ വിളിക്കപ്പെടാത്തതും ഒരുക്കപ്പെടാത്തതുമായവയൊക്കെ തഴച്ചുവളരും, വളരുന്നുണ്ട്. "ഇതാ അവന്‍ അവിടെയുണ്ട്" "ഇതാ അവന്‍ ഇവിടെയുണ്ട്" എന്നു പറയുന്നവര്‍ക്കു പിന്നാലെ സാധാരണ ജനം ആശ്രയമറ്റ് ഓടും, ഓടുന്നുണ്ട്. മോചനദ്രവ്യമായി നേടിയ വെള്ളിനാണയങ്ങള്‍ വിലയിട്ട രക്തത്തിന്‍റെ പറമ്പുകളില്‍ വ്യാജപ്രവാചകന്‍മാര്‍ കൂണുപോലെ മുളച്ചുപൊങ്ങും. ആഴമുള്ള ആത്മീയ അനുഭവങ്ങളേക്കാള്‍ അടയാളങ്ങളും അത്ഭുതങ്ങളുമാണ് പാറമേല്‍ വീണ വിത്തുകള്‍ സമൃദ്ധമായി വിളയിക്കുന്നതെന്ന് തിരിച്ചറിഞ്ഞ് നല്ല നിലങ്ങളിലേക്ക് നമ്മെ ആര് തിരികെ കൊണ്ടുപോകും......?

".....അവന്‍ മറുപടി പറഞ്ഞു: ദുഷിച്ചതും അവിശ്വസ്തവുമായ ഈ തലമുറ അടയാളം അന്വേഷിക്കുന്നു. യോനാ പ്രവാചകന്‍റെ അടയാളമല്ലാതെ മറ്റൊരടയാളവും അതിന് നല്കപ്പെടുകയില്ല" (മത്തായി 12:39).

You can share this post!

മുഖമൊഴി

റോണി കിഴക്കേടത്ത്
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts