news-details
മറ്റുലേഖനങ്ങൾ

തുറിച്ചുനോക്കുന്ന മനുഷ്യന്‍

മനുഷ്യബന്ധങ്ങളെ പൊതുവെ മൂന്നായി തരം തിരിക്കാമെന്നു കഴിഞ്ഞ തവണ നാം കണ്ടു: സ്നേഹം, വെറുപ്പ്, നിസ്സംഗത. ഇത്തവണ വെറുപ്പിനെക്കുറിച്ച് ചിന്തിക്കാം. ഈ വികാരം മനുഷ്യത്വഹീനമെന്നു മിക്കവരും കരുതുന്നതുകൊണ്ട് അതിനെക്കുറിച്ച് ഉറക്കെ ചിന്തിക്കാതെയും എഴുതാതെയും ഒഴിവാക്കാറാണു പതിവ്. പക്ഷേ, ഫ്രഞ്ചു തത്ത്വചിന്തകനായ സാര്‍ത്ര് ഈ പതിവു ലംഘിക്കാന്‍ ധൈര്യം കാണിച്ചു. വെറുപ്പിനെ ആധാരമാക്കി അദ്ദേഹം സത്യസന്ധതയോടെ ചിന്തിച്ചു.

എനിക്ക് നിങ്ങളോട് വലിയ വെറുപ്പ് ഉണ്ടെങ്കില്‍ സാര്‍ത്രിന്‍റെ ഭാഷയില്‍ നിങ്ങള്‍ എനിക്ക് ഒരു 'തുറിച്ചു നോട്ടക്കാരന്‍' ആയിരിക്കും. നിങ്ങളുടെ തുറിച്ചുനോട്ടത്തിലൂടെ നിങ്ങള്‍ എന്‍റെ വ്യക്തിത്വത്തിനുതന്നെ ക്ഷതമേല്പിക്കുന്നു. നിങ്ങളെ ഞാന്‍ അറിയുന്നതും അനുഭവിക്കുന്നതും നിങ്ങള്‍ നിങ്ങളെ സ്വയം വെളിപ്പെടുത്തുന്നതും നിങ്ങളുടെ തുറിച്ചുനോട്ടത്തിലൂടെയാണ്. നിങ്ങളുടെ സാന്നിധ്യം എന്നെ വെറുമൊരു വസ്തുവാക്കിത്തീര്‍ക്കുന്നു;چ എനിക്ക് എന്നെയോര്‍ത്ത് ലജ്ജിക്കേണ്ടിവരുന്നു. കാര്യം വ്യക്തമാക്കാന്‍ സാര്‍ത്ര് പറയുന്ന ഒരു ഉദാഹരണമുണ്ട്: ഒരു മുറിയുടെ അടഞ്ഞ വാതിലിന്‍റെ താക്കോല്‍ദ്വാരത്തിലൂടെ ഞാന്‍ അകത്തേയ്ക്ക് ഒളിഞ്ഞു നോക്കുകയാണെന്നു സങ്കല്പിക്കുക. ഈ ഒളിഞ്ഞുനോട്ടം വരാന്തയിലൂടെ വന്ന ഒരാള്‍ കണ്ടുപിടിച്ചു എന്നു കരുതുക. അതോടെ ഞാന്‍ ആണികൊണ്ടു തറയ്ക്കപ്പെട്ടതുപോലെയായിത്തീരുന്നു. എനിക്ക് അവിടെനിന്നൊന്ന് അനങ്ങാന്‍ പോലുമാകുന്നില്ല. ഞാന്‍ തണുത്തു മരച്ച്  ഉറച്ചുപോകുന്നു. അയാള്‍ എന്നെ എന്തുതന്നെ ചെയ്താലും - വലിച്ചിഴയ്ക്കുകയോ, അടിക്കുകയോ, ദേഷ്യപ്പെടുകയോ, അങ്ങനെ എന്തും - എനിക്ക് പ്രതികരിക്കാനാകാതെ വരുന്നു. എന്‍റെ സകല വ്യക്തിത്വവും എന്നില്‍നിന്നു ചോര്‍ന്നുപോയി ഞാന്‍ വെറുമൊരു വസ്തുവായിത്തീരുന്നു. മുഖംമൂടി അഴിഞ്ഞുപോയി, എനിക്ക് ലജ്ജിച്ചു തലതാഴ്ത്തേണ്ടി വരുന്നു. അയാള്‍ എന്നെക്കുറിച്ച് എന്തു കരുതുന്നുവോ അതുമാത്രമാണ് ഞാനെന്ന തോന്നലാണ് ലജ്ജ. അയാള്‍ക്കുവേണ്ടി മാത്രമുള്ളതായിത്തീരുന്നു ഞാന്‍. വെറുമൊരു സാധനം! അയാളുടെ സാന്നിധ്യത്തില്‍ എന്‍റെ വ്യക്തിത്വം മരിക്കുന്നു. എന്നെ കൊല്ലുന്ന ഒരാളായി, എന്നെ വസ്തുവാക്കിത്തീര്‍ക്കുന്ന ഒരാളായി അയാള്‍ എനിക്ക് അനുഭവപ്പെടുന്നു.

ഇനി എന്‍റെ വ്യക്തിത്വം വീണ്ടെടുക്കാന്‍ ഒരൊറ്റ മാര്‍ഗ്ഗമേയുള്ളൂ. അയാളെ ഞാന്‍ തിരിച്ച് തുറിച്ചു നോക്കുക. വസ്തുവെന്ന കണക്കേ അയാളെ തുറിച്ചുനോക്കി, അയാളുടെ വ്യക്തിത്വത്തെ ഇല്ലാതാക്കി, എനിക്ക് എന്നെത്തന്നെ സ്വയം സ്ഥാപിച്ചെടുക്കാനാകും. ഈ ബന്ധമാണ് വെറുപ്പ്. രണ്ടു വ്യക്തികള്‍ പരസ്പരം അപരന്‍റെ വ്യക്തിത്വത്തെ ഇല്ലാതാക്കാനുള്ള സംഘര്‍ഷത്തില്‍ നിരന്തരം ഏര്‍പ്പെടുന്നു.

സാര്‍ത്ര് വെറുപ്പിനെ മാനദണ്ഡമാക്കിയാണു സ്നേഹത്തെക്കുറിച്ചുപോലും ചിന്തിക്കുക. പരസ്പരം പോരടിക്കുന്ന നമ്മള്‍ രണ്ടുപേരെ മൂന്നാമതൊരാള്‍ തുറിച്ചു നോക്കുന്നു എന്നിരിക്കട്ടെ. അയാളുടെ തുറിച്ചുനോട്ടം നമ്മെ ലജ്ജിതരാക്കുന്നു. അങ്ങനെ വരുമ്പോള്‍ ആ പൊതു ശത്രുവിനെ തോല്പിക്കേണ്ടത് നമ്മുടെ രണ്ടുപേരുടെയും ആവശ്യമായി വരുന്നു. അതിനായി നമ്മള്‍ പരസ്പരം പോരാടുന്നത് അവസാനിപ്പിച്ച് ഒരുമിക്കുന്നു. അതുകൊണ്ടാണ് സാര്‍ത്ര് പറയുന്നത് "പൊതു ശത്രുവിനെ ഒരുമിച്ചു വെറുക്കുന്നതാണ് സ്നേഹം." സാര്‍ത്രിന്‍റെ കാഴ്ചപ്പാടില്‍ മനുഷ്യര്‍ എപ്പോഴും പരസ്പര സംഘര്‍ഷത്തിലാണ്. അപരനെ ഇല്ലാതാക്കുന്ന വെറുപ്പ് അവരുടെ ബന്ധങ്ങളെ നിയന്ത്രിക്കുന്നു. കൊലപാതകം ഈ വെറുപ്പിന്‍റെ അങ്ങേയറ്റമാണ്. അപരനെ കൊലപ്പെടുത്തുമ്പോള്‍ അയാളുടെ വ്യക്തിത്വം ഒരിക്കലും വീണ്ടെടുക്കാനാവാത്തവിധം ഞാന്‍ അയാളെ ഒരു വസ്തുവാക്കിത്തീര്‍ക്കുന്നു.

സാര്‍ത്രിന്‍റെ ചിന്ത വളരെ അയഥാര്‍ത്ഥമാണെന്നോ, നെഗറ്റീവാണെന്നോ ചിലര്‍ വിധിച്ചേക്കാം. പക്ഷേ ഒരുപാട് സത്യമുണ്ട് ഈ ചിന്തയില്‍. 'വെറുപ്പു നിറഞ്ഞ തുറിച്ചുനോട്ടം' പരിഷ്കൃതമായ രീതിയില്‍ കൊണ്ടു നടക്കുന്നവരാണ് നമ്മളെല്ലാം. ഏതൊരു മത്സരവും ആത്യന്തികമായും ഈ തുറിച്ചുനോട്ടത്തിന്‍റെ മറ്റൊരു പതിപ്പാണ്. വ്യക്തികളും സ്ഥാപനങ്ങളും മതങ്ങളും രാഷ്ട്രങ്ങളും അപരന്‍റെ വ്യക്തിത്വത്തെ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ്. കളിക്കളത്തിലും കച്ചവടസ്ഥലത്തും അന്താരാഷ്ട്ര ചര്‍ച്ചകളിലും വിദ്യാലയങ്ങളിലും അപരനെ ചെറുതാക്കാനുള്ള ശ്രമങ്ങള്‍ അരങ്ങേറിക്കൊണ്ടേയിരിക്കുന്നു. പരസ്പരം വെറുപ്പോടെ തുറിച്ചുനോക്കുന്ന യുദ്ധക്കളമാണ് ഇന്ന് ലോകം. അപരന്‍റെമേല്‍ ആധിപത്യം സ്ഥാപിക്കാനുള്ള അദ്ധ്വാനത്തിലാണ് എല്ലാവരും. അപരന്‍ എന്‍റെ എതിരാളിയായതുകൊണ്ട് എനിക്ക് എപ്പോഴും അയാളെ സംശയമാണ്. എനിക്ക് എന്‍റെ വ്യക്തിത്വം പൂര്‍ണ്ണമായും തിരികെ ലഭിക്കാന്‍ അയാളെ കൊല്ലുകയേ നിവര്‍ത്തിയുള്ളൂ എന്നതായിരിക്കുന്നു സ്ഥിതി. അധികാരമോഹങ്ങള്‍ വ്യക്തികളെയും രാഷ്ട്രങ്ങളെയും യുദ്ധങ്ങളില്‍ കൊണ്ടെത്തിക്കുന്നു. ഭ്രാന്തമായ ആവേശം മനുഷ്യത്വത്തിന്‍റെ നാശത്തില്‍ ചെന്നവസാനിക്കുന്നു. വെറുപ്പില്‍ നിന്നുയരുന്ന കിടമത്സരങ്ങള്‍ വല്ലപ്പോഴുമുണ്ടാകാവുന്ന ഒന്നല്ല, മിക്കപ്പോഴും സംഭവിക്കുന്ന കാര്യമാണ്.

അപരനെ എതിരാളിയായും തന്‍റെ വളര്‍ച്ചയ്ക്ക്  വിലങ്ങുതടിയായും കാണുന്നത് മനുഷ്യന്‍റെ ഒരു അടിസ്ഥാന പ്രവണതയാണ്. ഇതിനു ബദലായി ആത്മീയ ആചാര്യന്മാര്‍ മുമ്പോട്ടുവയ്ക്കുന്ന നിസ്വാര്‍ത്ഥ സ്നേഹം ജീവിക്കുക എന്നത് വലിയ വെല്ലുവിളിയാണ്.

You can share this post!

മുഖമൊഴി

റോണി കിഴക്കേടത്ത്
അടുത്ത രചന

ദര്‍ശനം

സഖേര്‍
Related Posts