ഒരു കാലത്ത് ജാതിപ്പേരുകള്‍ വിളിക്കുന്നതും അതിന്‍റെ പേരില്‍ അറിയപ്പെടുന്നതും അപമാനകരമായി കരുതിയിരുന്ന ഇന്ത്യയിലെ അവശ-ദളിതു വിഭാഗങ്ങള്‍ ഇന്നത് അഭിമാനത്തിന്‍റെയും ശാക്തീകരണത്തിന്‍റെയും ഉപാധിയായി കാണുന്നു എന്നതാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി സര്‍ക്കാര്‍ പിന്തുടരുന്ന സംവരണ നയങ്ങള്‍ ഈ വിഭാഗങ്ങള്‍ക്കു വരുത്തിയ മുഖ്യ സാമൂഹിക മാറ്റങ്ങളിലൊന്ന്. 'ഞാനും എന്‍റെ കുടുംബവും' എന്ന പരമ്പരാഗത സ്വാര്‍ത്ഥതയുടെ സ്ഥാനത്തേക്ക് 'എന്‍റെ ജാതിയും സമുദായവും' എന്ന 'വിശാല' കാഴ്ചപ്പാട്കൂടി കടന്നുവന്നു എന്നതാണ് ഇതിന്‍റെ മറ്റൊരു സാമൂഹിക അനന്തരഫലം. തങ്ങളുടെ അതേ നേര്‍രേഖയിലൂടെ സഞ്ചരിക്കുകയും ഒരേ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയ പ്രശ്നങ്ങള്‍ അനുഭവിക്കുകയും ചെയ്യുന്ന ഇതര ജാതി-സമുദായങ്ങളുടെ വേദനകള്‍ കാണുവാനോ അവരോട് സഹാനുഭൂതി പ്രകടിപ്പിക്കുവാനോ കഴിയാത്ത വിധം കാഴ്ചകളെ മന്ദീഭവിപ്പിക്കുന്നു എന്നതാണ് ഈ പുതിയ ജാതി സത്താബോധത്തിന്‍റെ വേദനാജനകമായ മറ്റൊരു വശം.
ഇന്ത്യയിലെ ദളിത് ക്രിസ്ത്യാനികളെയും മുസ്ലീമുകളെയും പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി അവര്‍ക്കു സംവരണവും മറ്റ് ആനുകൂല്യങ്ങളും നല്‍കണമെന്നു നിര്‍ദ്ദേശിച്ചുകൊണ്ടുള്ള ജസ്റ്റിസ് രംഗനാഥമിശ്രാ കമ്മീഷന്‍റെ റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷം അതിനെതിരെ ഉയര്‍ന്നുവന്ന ശക്തമായ പ്രതിഷേധങ്ങള്‍ മേല്‍പ്രസ്താവിച്ച വസ്തുതകളെ ഒന്നുകൂടി സാധൂകരിക്കുകയാണ് ചെയ്യുന്നത്. ഇവിടെ എടുത്തുപറയേണ്ട വേദനാജനകമായ മറ്റൊരു വസ്തുത ഈ പ്രതിഷേധ കൂട്ടായ്മകളിലേയ്ക്ക് ഒരുപാട് ദളിത് സംഘടനകളും അവരുടെ നേതാക്കന്മാരും പ്രസിദ്ധീകരണങ്ങളും കടന്നുവരുന്നു എന്നതാണ്. തങ്ങളുടെ അതേ ചരിത്ര പശ്ചാത്തലവും അവശതകളും ആണ് ഈ ദളിത് ക്രിസ്ത്യാനികളും മുസ്ലീമുകളും അനുഭവിക്കുന്നത് എന്ന് ഇവര്‍ക്ക് അറിയാഞ്ഞിട്ടല്ല, പിന്നെയോ തങ്ങളുടെ പാനപാത്രത്തില്‍നിന്നും കുടിക്കുവാന്‍ പുതിയ അവകാശികള്‍ ഉണ്ടാകുന്നതോടുകൂടി തങ്ങളുടെ ഓഹരികള്‍ കുറയും എന്നുള്ള ഭയാശങ്കകള്‍ തന്നെയാണ്. ഇവരുടെ ഈ ആശങ്കകള്‍ പൂര്‍ണ്ണമായും അസ്ഥാനത്താണ് എന്നു പറയുവാനുമാകില്ല. കാരണം സംവരണതോത് 50% കവിയരുത് എന്ന് ഇന്ദിരാസാഹ്നി കേസില്‍ സുപ്രീം കോടതിയുടെ വിധിയുണ്ടല്ലോ. എന്നാല്‍ ഈ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കേണ്ടത് ഭരണകര്‍ത്താക്കളും ഉന്നത നീതിപീഠവുമാണ്. എന്നാല്‍ മിശ്രാകമ്മീഷന്‍റെ നിര്‍ദ്ദേശങ്ങളെ എതിര്‍ക്കാന്‍വേണ്ടി ഉന്നയിക്കപ്പെടുന്ന ഒട്ടുമിക്ക ആരോപണങ്ങളും ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളുമായി ഒത്തുപോകാത്തതും, അയുക്തികള്‍ നിറഞ്ഞതും, ഭരണഘടനാ വിരുദ്ധവും, വസ്തുതാപരമായിത്തന്നെ തെറ്റുമാണ്. അതിനാല്‍ ഇത്തരം ചില ആരോപണങ്ങളെ തുറന്നുകാണിക്കുകയാണ് ഇവിടെ.
കമ്മീഷന്‍റെയും അതിലെ അംഗങ്ങളുടെ നിഷ്പക്ഷത തന്നെയും ചോദ്യം ചെയ്തുകൊണ്ടാണ് പല വിമര്‍ശനങ്ങളും ആരംഭിക്കുന്നത്. അതിനുള്ള കാരണം വളരെ വ്യക്തമാണ്. കമ്മീഷന്‍ അതിന്‍റെ പത്ത് അധ്യായങ്ങള്‍ നീളുന്ന ബൃഹത്തായ റിപ്പോര്‍ട്ടില്‍ ഇന്ത്യയിലെ മത-ഭാഷാ ന്യൂനപക്ഷങ്ങളുടെ യഥാര്‍ത്ഥ ചിത്രം വരച്ചുകാണിക്കുന്നു. ഈ വിഭാഗങ്ങള്‍ നേരിടുന്ന അവഗണനകളിലേയ്ക്കും വിവേചനങ്ങളിലേക്കും വെളിച്ചംവീശുന്ന കമ്മീഷന്‍ ഈ കണ്ടെത്തലുകളുടെ വെളിച്ചത്തില്‍ പട്ടികജാതി പദവി, അതുവഴി സംവരണവും മറ്റാനുകൂല്യങ്ങളും, ഭരണഘടനാപരമായ പരിരക്ഷ തുടങ്ങിയ ഈ വിഭാഗങ്ങളുടെ കാലങ്ങളായുള്ള ആവശ്യങ്ങളെ ശക്തമായി പിന്തുണക്കുകയും ചെയ്യുന്നു. അങ്ങനെ തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തത് പറയുന്നവരെ അധിക്ഷേപിക്കുക എന്ന സമീപകാല ഇന്ത്യന്‍ മനസ്സാണ് ഇവിടെ പുറത്തുവരുന്നത്.
ഒരു 'അയിത്തജാതിക്കാരന്‍' ഹിന്ദുമതത്തില്‍നിന്നും 'ജാതിരഹിതമായ' ക്രിസ്തുമതത്തിലേക്കോ, ഇസ്ലാം മതത്തിലേക്കോ പരിവര്‍ത്തനം ചെയ്യുന്നതിലൂടെ പൊടുന്നനെ അവന്‍റെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളില്‍ ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാകുന്നു എന്ന സിദ്ധാന്തം മിശ്രാ കമ്മീഷന്‍ റിപ്പോര്‍ട്ടിലൂടെ ഒരിക്കല്‍ക്കൂടി വെല്ലുവിളിക്കപ്പെട്ടിരിക്കുന്നു. ജാതി സഹസ്രാബ്ദങ്ങളായി ഇന്ത്യന്‍ മനസ്സിന്‍റെ ഒരു ഭാഗമാണ്. ഇന്ത്യയില്‍ ഒരാള്‍ മതത്തിലോ രാഷ്ട്രത്തില്‍ തന്നെയോ ജനിക്കുന്നതിനു മുന്‍പ് ജാതിയിലാണ് ജനിക്കുന്നത് എന്നു പറയാം. ഈ ജാതി അവരുടെ മരണത്തോളം മാത്രമല്ല അടുത്ത തലമുറകളിലേയ്ക്കും പൊട്ടാത്ത ചരടുപോലെ നീണ്ടു നീണ്ടു പോകുന്നു. ഈ കേവല യാഥാര്‍ത്ഥ്യം നിലനില്‍ക്കേ മതപരിവര്‍ത്തനത്തിലൂടെ ജാതിയും അതു പ്രദാനം ചെയ്യുന്ന ഉച്ചനീചത്വങ്ങളും ഇല്ലാതാകില്ല, എന്ന സത്യം ഇതിനുമുന്‍പും ധിഷണാശാലികളായ പലരും ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. 1936 ഡിസംബര്‍ 26-ലെ 'ഹരിജനി'ല്‍ ഗാന്ധിജി ഇങ്ങനെ എഴുതുകയുണ്ടായി: "ഹരിജന്‍ ക്രിസ്ത്യാനിയായാലും മുസ്ലീമായാലും ഹിന്ദുവായാലും, സിക്കുകാരനായാലും അയാള്‍ ഹരിജന്‍ തന്നെ. ഹിന്ദുമതത്തില്‍നിന്ന് തലമുറയായി കിട്ടിയ ജാതീയ അടയാളങ്ങള്‍ നീക്കാനാവില്ല. അയാള്‍ കത്തോലിക്കാ ഹരിജന്‍, മുസ്ലീം ഹരിജന്‍ എന്നൊക്കെ അറിയപ്പെടും." 1956-ല്‍ ലക്ഷക്കണക്കിന് ദളിത് ജനങ്ങളുമായി ബുദ്ധമതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്ത അവസരത്തില്‍ ഡോ. അംബേദ്ക്കറും ഈ യാഥാര്‍ത്ഥ്യം ഉറക്കെ പ്രഖ്യാപിക്കുകയുണ്ടായി. നെഹ്റുവും ഏതാണ്ട് ഇതേ അഭിപ്രായം വച്ചുപുലര്‍ത്തിയിരുന്നതായി കാണാവുന്നതാണ്. ഗോവയിലെ പോര്‍ച്ചുഗീസ് പള്ളികളില്‍ ബ്രാഹ്മണ ക്രിസ്ത്യാനിക്കും അബ്രാഹ്മണ ക്രിസ്ത്യാനിക്കും പ്രത്യേകം വാതിലുകള്‍പോലും ഉണ്ടായിരുന്നു എന്ന് സൂചിപ്പിക്കുന്ന ശശിതരൂരും (ഇന്ത്യ അര്‍ദ്ധരാത്രി മുതല്‍ അര നൂറ്റാണ്ട്), ദളിതു ക്രിസ്ത്യാനികളുടെ അവസ്ഥ ഒ.ബി.സി കളെക്കാള്‍ മോശമാണ് എന്നു ചൂണ്ടിക്കാണിക്കുന്ന ഡോ. നൈനാന്‍ കോശിയും (ദളിത് സ്വത്വവും അധികാരത്തിന്‍റെ പ്രശ്നവും) എല്ലാം ഇതേ ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങള്‍ തന്നെയാണ് തുറന്നു കാണിക്കുന്നത്. ഇവിടെ ചില ചരിത്രവസ്തുകള്‍കൂടി സൂചിപ്പിക്കുന്നത് ഉചിതമായിരിക്കും എന്ന് കരുതുന്നു. കഴിഞ്ഞ നൂറ്റാണ്ടില്‍ പല ഘട്ടങ്ങളിലായി ദളിത് ക്രിസ്ത്യാനികളുടെ ഭാഗത്തുനിന്നും ക്രിസ്തുമതത്തില്‍ അവര്‍ നേരിടുന്ന അവഗണനകള്‍ക്കും വിവേചനങ്ങള്‍ക്കുമെതിരേ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നതായി കാണാവുന്നതാണ്. പി. ആര്‍. ഡി. എസ്- ന്‍റെ രൂപവത്ക്കരണവും പാമ്പാടി ജോണ്‍ ജോസഫിന്‍റെ നേതൃത്വത്തിലുള്ള പുറത്തു പോകലും, 1960-കളില്‍ CSI സഭയ്ക്കുള്ളിലുണ്ടായ Separate administration പ്രസ്ഥാനങ്ങളും, പെന്തക്കോസ്ത വ്യക്തിസഭകളിലേക്കുള്ള പലായനവുമെല്ലാം ഈ ഘട്ടത്തില്‍ പരിഗണിക്കാവുന്നതാണ്.
ആരെല്ലാമാണ് പട്ടികജാതിക്കാരായി പരിഗണിക്കപ്പെടേണ്ടത്? ഇവിടെ ഉന്നയിക്കപ്പെടുന്ന മറ്റൊരു പ്രശ്നമിതാണ്. 1931-ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഇന്ത്യയില്‍ നടത്തിയ കാനേഷുമാരിയില്‍ പട്ടികജാതികളെ കണ്ടെത്തുവാന്‍ സ്വീകരിച്ച അതേ മാനദണ്ഡംതന്നെ ഇന്നും പിന്തുടരണമെന്നാണ് ചില ദളിതുപക്ഷ ചിന്തകര്‍ ആവശ്യപ്പെടുന്നത്. മേല്‍പ്രസ്താവിച്ച കാനേഷുമാരിയില്‍ ഇന്ത്യയിലെ അധഃകൃതരെ കണ്ടെത്താന്‍ സ്വീകരിച്ച ചില മാനദണ്ഡങ്ങള്‍ ശ്രദ്ധിക്കുക.
- ഒരു സവര്‍ണഹിന്ദുവിനെപ്പോലെ ക്ഷുരകന്‍റെയോ, വെള്ളം കോരുന്നവന്‍റെയോ തയ്യല്‍ക്കാരന്‍റെയോ സേവനം ലഭിക്കുന്നുണ്ടോ?
- ഒരു സവര്‍ണഹിന്ദു ഇവരുടെ കയ്യില്‍നിന്നും വെള്ളംവാങ്ങി കുടിക്കുമോ?
- ഹിന്ദു ക്ഷേത്രങ്ങളില്‍ പ്രവേശനമുണ്ടോ?
-പൊതുകക്കൂസുകള്‍, കുളങ്ങള്‍, കടത്തുവഞ്ചികള്‍, റോഡുകള്‍ തുടങ്ങിയവയില്‍ പ്രവേശനമുണ്ടോ?
ഈ മാനദണ്ഡങ്ങളാണ് ഇന്നും സ്വീകരിക്കുന്നതെങ്കില്‍ കുറഞ്ഞപക്ഷം കേരളംപോലുള്ള സംസ്ഥാനങ്ങളിലെങ്കിലും പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ എത്രപേര്‍ ഉണ്ടാകും എന്നത് ഇക്കൂട്ടര്‍ ശ്രദ്ധിക്കേണ്ടതായിരുന്നു.
ഹിന്ദുമതത്തിലെ അധഃകൃതരെ മാത്രമേ പട്ടികജാതിയായി പരിഗണിക്കാവൂ എന്നതാണ് മറ്റൊരു വാദമുഖം. ഇന്ത്യയിലെ അവശ ദളിത് ജനവിഭാഗങ്ങള്‍ എന്നെങ്കിലും ഹിന്ദുമതത്തിലെ മുഖ്യധാരയുടെ ഭാഗമായിരുന്നുവോ എന്ന വസ്തുത ഈ വാദം മുന്നോട്ടുവയ്ക്കുന്നവര്‍ ഒന്നന്വേഷിക്കുന്നത് നന്നായിരിക്കും. ഹിന്ദുമതത്തിലെ ചാതുര്‍വര്‍ണ്യ വ്യവസ്ഥയ്ക്ക് പുറത്തായിരുന്നു പഞ്ചമര്‍ എന്നറിയപ്പെട്ടിരുന്ന ഈ വിഭാഗങ്ങള്‍. ഹിന്ദുമതത്തില്‍ നിന്നും വ്യത്യസ്തമായ ജീവിതരീതികളും (മാംസഭോജനമുള്‍പ്പെടെ) ആചാരാനുഷ്ഠാനങ്ങളും ഈശ്വര സങ്കല്പങ്ങളും ഒക്കെയാണ് ഈ വിഭാഗങ്ങള്‍ക്ക് ഉണ്ടായിരുന്നത്. ഇന്ത്യന്‍ ജാതിസംവിധാനത്തിന്‍റെ ഉള്ളറകളിലേയ്ക്ക് കടന്നുചെന്ന അംബേദ്ക്കറെപ്പോലുള്ള ധാരാളം ചിന്തകര്‍ ഈ വസ്തുതകള്‍ വെളിപ്പെടുത്തിയിട്ടുള്ളതാണ്. "പട്ടിയോടും പൂച്ചയോടും പെരുമാറുന്നതിനേക്കാള്‍ മോശമായി ഞങ്ങളോട് പെരുമാറുകയും ഞങ്ങള്‍ക്ക് കുടിവെള്ളംപോലും നിഷേധിക്കുകയും ചെയ്യുന്ന ഈ മതം ഏങ്ങനെ ഞങ്ങളുടെ മതമാകും?" എന്ന ഗാന്ധിജിയോടുള്ള അംബേദ്ക്കറുടെ ചോദ്യം ഇവിടെ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കുന്നു. തങ്ങള്‍ക്ക് ഹൈന്ദവവല്‍ക്കരണമല്ല ദളിതുവത്ക്കരണമാണ് ആവശ്യം എന്ന് കാഞ്ചാ ഐലയ്യായെപ്പോലുള്ളവര്‍ പറയുന്നതും ഇതേ കാരണങ്ങള്‍ കൊണ്ടുതന്നെയാണ്.
ഭരണഘടനയിലെ 341(2) വകുപ്പ് ഭേദഗതി ചെയ്ത് 1956-ല്‍ സിക്ക് മതക്കാര്‍ക്കും 1990-ല്‍ ബുദ്ധമതക്കാര്‍ക്കും പട്ടികജാതി പദവി നല്കുകയുണ്ടായി. ഈ പരിഗണന ദലിത് ക്രിസ്ത്യാനിക്കും മുസ്ലീമിനും നിഷേധിക്കുന്നതിനെ ന്യായീകരിച്ചുകൊണ്ട് മുന്നോട്ടുവയ്ക്കപ്പെടുന്ന വാദമുഖങ്ങളില്‍ മിക്കതും ബാലിശങ്ങളാണ്. ഹിന്ദുമതവുമായി ഇഴുകിച്ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവയാണത്രേ ബുദ്ധമതവും സിക്കുമതവും. അങ്ങനെയായിരുന്നുവെങ്കില്‍ "ഞാനൊരു ഹിന്ദുവായി ജനിച്ചു. എന്നാല്‍ ഹിന്ദുവായി മരിക്കില്ല" എന്നു പറഞ്ഞുകൊണ്ട് അംബേദ്കര്‍ ബുദ്ധമതത്തിലേക്കു പോകുമായിരുന്നോ? ബുദ്ധ-സിക്ക് മതങ്ങളിലെ ദളിതര്‍ ഒരുകാലത്ത് ഹിന്ദുക്കളായിരുന്നു എന്നതാണ് അടുത്ത ന്യായം. അപ്പോള്‍ ക്രിസ്തുമതത്തിലെയും ഇസ്ലാം മതത്തിലെയും ദളിതരോ? മതത്തിന്‍റെയുംമറ്റും പേരില്‍ ഒരു പൗരനെയും വിവേചിച്ചു കാണുവാന്‍ പാടില്ല എന്നു പ്രഖ്യാപിക്കുന്ന നമ്മുടെ ഭരണഘടനയിലെ മൗലിക അവകാശങ്ങള്‍ ഇവിടെ നോക്കുകുത്തിയാക്കപ്പെടുന്നു.