news-details
മറ്റുലേഖനങ്ങൾ

മതങ്ങളും വ്യക്തികളും പലപ്പോഴും മദ്യത്തെ തിന്മയായും മദ്യപാനത്തെ പാപമായും പരിഗണിച്ച് അതിന്‍റെ ഉപയോഗത്തില്‍നിന്നും  മനുഷ്യനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ചരിത്രം പരിശോധിച്ചാല്‍ മദ്യം പുരാതന സഭകളിലും സമൂഹങ്ങളിലും അയിത്തം കല്പിക്കപ്പെട്ടിരുന്ന വസ്തുവായിരുന്നില്ലെന്നു മനസ്സിലാക്കാം. പലപ്പോഴും സാധാരണ ഭക്ഷണത്തിന്‍റെ ഭാഗമായും ചില സന്ദര്‍ഭങ്ങളില്‍ വിശുദ്ധ ഭക്ഷണം ആയും മദ്യം പരിഗണിക്കപ്പെട്ടിരുന്നു. പക്ഷേ, മദ്യത്തിന്‍റെ അമിതോപയോഗം മനുഷ്യരെ രോഗികളാക്കുകയും കുടുംബങ്ങളെയും സമൂഹങ്ങളെയും നശിപ്പിക്കുന്നതലത്തിലേയ്ക്ക് മാറുകയും ചെയ്തപ്പോള്‍ മതങ്ങള്‍ മദ്യത്തെ തിരസ്ക്കരിക്കുകയും ക്രമേണ അതിനെ തിന്മയും പാപവുമായി പരിഗണിക്കുകയും ചെയ്തു.

പക്ഷേ, ഇത്തരത്തിലുള്ള നിലപാടുകളൊന്നും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ സമൂഹത്തില്‍നിന്ന് ഒഴിവാക്കുന്നതില്‍ വിജയം കണ്ടില്ല. മറ്റു ലഹരിവസ്തുക്കളില്‍നിന്നു വ്യത്യസ്തമായി സമൂഹത്തില്‍ മാനവും സ്ഥാനവും ഇപ്പോള്‍ ലഭിക്കുന്നുണ്ട്. എന്താണിതിനു കാരണം? ഉപഭോക്താക്കളില്‍ ഒരു ചെറിയ വിഭാഗത്തിനു മാത്രമേ മദ്യം ഉപദ്രവകരമായിത്തീരുന്നുള്ളൂ എന്നതാണു സത്യം. ഇതുതന്നെയാണ് മദ്യത്തെ ജനപ്രിയമാക്കുന്നതും. അതുകൊണ്ടുതന്നെ ശാസ്ത്രീയമായി വേണം മദ്യത്തെയും അനുബന്ധ പ്രശ്നങ്ങളെയും വിശകലനം ചെയ്യേണ്ടതും പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കേണ്ടതും എന്നെനിക്കു തോന്നുന്നു.

നമ്മുടെ സമൂഹത്തില്‍ മദ്യം കഴിക്കുന്നവരില്‍ 20-25% ആളുകള്‍ മാത്രമേ അതിന് അടിമകളായിത്തീരുന്നുള്ളൂ. (ബാക്കിയുള്ളവര്‍ എത്ര ശ്രമിച്ചാലും അവര്‍ മദ്യത്തിനടിമപ്പെടില്ല എന്നതാണു സത്യം) വെളുത്ത വര്‍ഗ്ഗക്കാരിലും കറുത്തവര്‍ഗ്ഗക്കാരിലും 90%ത്തോളം പേരും ഒരിക്കലും മദ്യത്തിനടിമയാകുന്നില്ല. അവരുടെ ഇടയില്‍ മദ്യാസക്തി ഒരു വലിയ പ്രശ്നമല്ല, മദ്യം ഒരു 'പ്രശ്ന'ക്കരാനുമല്ല. ഇന്ത്യക്കാരില്‍ കാണുന്ന വര്‍ദ്ധിതമായ മദ്യാസക്തിയെ Brown Flesh Theory എന്ന പേരില്‍ പഠനവിഷയമാക്കിയിട്ടുണ്ട്. ഈ തിയറി അനുസരിച്ച് മദ്യത്തിന് അടിമപ്പെടാനുള്ള തലച്ചോറിന്‍റെ പ്രവണത മറ്റു വംശത്തിലുള്ളവരെക്കാള്‍ ഏഷ്യക്കാരില്‍, പ്രത്യേകിച്ച് ഇന്ത്യാക്കാരില്‍ കൂടുതലാണ്.
 
എന്താണു മദ്യാസക്തി? ചിലരെങ്കിലും വിശ്വസിക്കുന്നത് അടിച്ചു ഫിറ്റായി വഴിയില്‍ കിടക്കുന്നവരാണ് മദ്യാസക്തര്‍ എന്നാണ്. ചിലര്‍ മദ്യത്തിന് അടിമയല്ല താന്‍ എന്നു സ്ഥാപിക്കുന്നത് "എന്നും ഞാന്‍ മദ്യപിക്കുന്നില്ല" എന്നു പറഞ്ഞാണ്. ഈ രണ്ടു വാദഗതികളും പൂര്‍ണ്ണമായും ശരിയല്ല. മദ്യാസക്തനായ ഒരാള്‍ക്ക് ഒരിക്കല്‍ മദ്യം രുചിക്കേണ്ടി വന്നാല്‍ അയാള്‍ മൂന്നിലധികം പെഗ് അകത്താക്കി (15-20 വരെ)  തന്‍റെ ക്വോട്ട പൂര്‍ത്തിയാക്കിയാല്‍ മാത്രമേ തൃപ്തനാകൂ. ഇവരെല്ലാം എന്നും കുടിക്കണമെന്നില്ല. കുടിച്ചാല്‍ അവര്‍ ഈ അവസ്ഥയിലെത്തും. തന്മൂലം അയാളുടെ ആരോഗ്യത്തിലും കുടുംബജീവിതത്തിലും ആധ്യാത്മിക ജീവിതത്തിലും സാമൂഹ്യജീവിതത്തിലും തൊഴിലിലും പ്രശ്നങ്ങള്‍ ഉണ്ടാകുകയും ചെയ്യും.
 
മസ്തിഷ്കത്തിലെ അപാകതയാണ് മദ്യാസക്തിയുടെ അടിസ്ഥാനം. ചിലരുടെ തലച്ചോറില്‍ മാത്രം കാണുന്ന ചില പ്രത്യേക കെമിക്കലുകളുടെ സാന്നിധ്യമോ മദ്യോപഭോഗം മൂലം ചിലരുടെ തലച്ചോറില്‍ ഉണ്ടാകുന്ന ചില പ്രത്യേകതരം ക്ഷതമോ ആണ് മദ്യം നിയന്ത്രിച്ചുപയോഗിക്കുന്നതിനുള്ള കഴിവ് നഷ്ടപ്പെടുത്തുന്നത്. ഇതൊരു പാരമ്പര്യ രോഗമാണ്. പിതാവു വഴിയോ മാതാവു വഴിയോ ജനിതകപരമായി കൈമാറ്റം ചെയ്യുന്ന തലച്ചോറിന്‍റെ പ്രത്യേകതയാണ് മദ്യാസക്തിയുടെ അടിസ്ഥാനം. ഇത്തരം തലച്ചോറുള്ളവര്‍ മദ്യം ഉപയോഗിച്ചാല്‍ നിശ്ചയമായും ക്രമേണ മദ്യത്തിനടിമയായിത്തീരും. എല്ലാ മദ്യാസക്തരും മദ്യം ഉപയോഗിച്ചു തുടങ്ങുന്നത് അതിന്‍റെ അടിമയാകണം എന്നുള്ള താല്പര്യത്തിലേ അല്ല; പ്രത്യുത ഒരു രസത്തിനുവേണ്ടി മാത്രം അല്പം കഴിക്കണമെന്ന ആഗ്രഹത്തിലാണ്. പക്ഷേ മദ്യം നിയന്ത്രിക്കാനുള്ള സംവിധാനം നഷ്ടപ്പെടുന്ന തലച്ചോര്‍ സ്വയം അതിനു കീഴടങ്ങുന്നു. അതായത് സ്വന്തം അറിവോ സമ്മതമോ ഇല്ലാതെയാണ് ഓരോ മദ്യാസക്തനും രോഗിയായി മാറുന്നത്. സ്വയം നിയന്ത്രിക്കാന്‍ കഴിയുമെന്ന മിഥ്യാധാരണയില്‍ ഒരോ തവണയും അവര്‍ മദ്യം കഴിക്കാന്‍ ആരംഭിക്കും. പക്ഷേ എപ്പോഴും അവര്‍ പരാജയപ്പെടുകയും ചെയ്യും. ക്രമേണ നിരവധി ശാരീരിക മാനസിക രോഗങ്ങള്‍ അവരെ കീഴടക്കുന്നു.
 
പലരും വിശ്വസിക്കുന്നതുപോലെ കരള്‍ വീക്കമല്ല മദ്യാസക്തിയുടെ പ്രധാനകുഴപ്പം. നൂറില്‍ 20 മദ്യാസക്തര്‍ കരള്‍ രോഗങ്ങള്‍ക്ക് അടിമയാകുമ്പോള്‍ 50 പേര്‍ തലച്ചോറും മനസ്സുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്ക് അടിമയാകുന്നു എന്നതാണ് വസ്തുത. മസ്തിഷ്ക ശോഷണം, സംശയരോഗം, വിഷാദരോഗം, ആത്മഹത്യപ്രവണത എല്ലാം മദ്യാസക്തരില്‍ സാധാരണമാണ്. കാമിലാരി പോലുള്ള കരള്‍ സംരക്ഷക മരുന്നുകളിലാശ്രയിച്ച് മദ്യം കഴിക്കുന്ന ആസക്തര്‍ മൂഢസ്വര്‍ഗ്ഗത്തിലാണെന്നു സാരം.

മദ്യാസക്തിയെ ചികിത്സിച്ചു സുഖപ്പെടുത്തുക സാധ്യമല്ല! എന്നു പറഞ്ഞാല്‍ ഒരിക്കല്‍ മദ്യത്തിനടിമയായാല്‍ ചികിത്സിച്ചാലും മരണംവരെ അയാള്‍ മദ്യാസക്തനായി തുടരും. ലോകത്തെവിടെപ്പോയി ചികിത്സിച്ചാലും മദ്യാസക്തി മാറുകയില്ല. അതായത് ഒരിക്കല്‍ മദ്യാസക്തനായി തീര്‍ന്നയാള്‍ എത്രവട്ടം ചികിത്സയ്ക്ക് വിധേയനായാലും മദ്യം നിയന്ത്രിച്ച് ഉപയോഗിക്കാന്‍ ശേഷിയുള്ള സോഷ്യല്‍ ഡ്രിങ്കര്‍ ആയി തീരുക അസാധ്യമാണ്.

ഒരാളിലെ മദ്യാസക്തി ഇല്ലാതാക്കാനാവില്ലെങ്കിലും   ചികിത്സയിലൂടെ, മദ്യം ഉപേക്ഷിച്ചു ജീവിക്കാന്‍ അയാളെ  പ്രാപ്തനാക്കാനാവും. അത്തരം ചികിത്സയാണ് മദ്യവിമോചന ചികിത്സ. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ മദ്യാസ്കതരില്‍നിന്ന് മദ്യം വിട്ടൊഴിയുമ്പോഴുണ്ടാകുന്ന ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളെ മരുന്നുകൊണ്ട് നിയന്ത്രിക്കുകയും, സന്തുലിതാവസ്ഥ നേടിക്കഴിഞ്ഞാല്‍ മദ്യാസക്തിയെപ്പറ്റി അയാളെ ബോധവത്കരിക്കുകയും, മദ്യം ഉപേക്ഷിച്ച് ജീവിക്കാനാവശ്യമായ ജീവിതചര്യ പരിശീലിപ്പിക്കുകയും  ചെയ്യുന്ന ചികിത്സയാണ് മദ്യവിമോചന ചികിത്സ. ഈ ചികിത്സയില്‍ രോഗിമാത്രമല്ല,  രോഗികളുടെ കുടുംബാംഗങ്ങളും ചികിത്സിക്കപ്പെടുന്നു.

പലരും വിചാരിക്കുന്നതുപോലെ മദ്യപാനം സ്വയം നിര്‍ത്തുക മിക്കപ്പോഴും സാധ്യമല്ല. അതുപോലെ മദ്യവിമോചന ചികിത്സ മൂലം മനോരോഗികളായിത്തീരുകയോ സ്വന്തം ശേഷി നഷ്ടപ്പെട്ട് മരപ്പാവകളായിത്തീരുകയോ ചെയ്യുമെന്ന ധാരണയും ശരിയല്ല. മദ്യവിമോചന ചികിത്സയില്‍ മരുന്നുകളെക്കാള്‍ പ്രധാന്യം കൗണ്‍സലിംഗിനും  മനഃശാസ്ത്ര ചികിത്സകള്‍ക്കും ആണ്. അതുകൊണ്ടുതന്നെ ഗൗരവമായ പാര്‍ശ്വഫലങ്ങളൊന്നും ഈ ചികിത്സക്കില്ല.  കരുതലോടെയും സ്നേഹത്തോടെയുമുള്ള ശുശ്രൂഷക്കാണ് മദ്യവിമോചന ചികിത്സ ഊന്നല്‍ നല്കുന്നത്.

You can share this post!

മുഖമൊഴി

റോണി കിഴക്കേടത്ത്
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts