അധര്‍മ്മത്തിന്‍റെ പേരില്‍ ദൈവം സോദോം നഗരത്തെ നശിപ്പിക്കുന്നതിനു മുന്‍പ് അതില്‍ വസിച്ചിരുന്ന ലോത്തിനോടും കുടുംബത്തോടും പറഞ്ഞു: "ജീവന്‍ വേണമെങ്കില്‍ ഓടി രക്ഷപെടുക. പിന്‍തിരിഞ്ഞു നോക്കരുത്." ലോത്തിന്‍റെ ഭാര്യ അവന്‍റെ പിന്നാലെ വരികയായിരുന്നു. അവള്‍ പിന്‍തിരിഞ്ഞു നോക്കിയതുകൊണ്ട് ഒരു ഉപ്പുതൂണായി രൂപാന്തരപ്പെട്ടു." (ഉല്പ. 19:17,26). ഉപ്പുതൂണിന്‍റെ ഇക്കഥക്ക് പല വ്യാഖ്യാനങ്ങളുണ്ട്.
"ഇന്നില്‍ ആദര്‍ശരൂപം കണ്ടവര്‍ ലോത്തിന്‍റെ ഭാര്യയെപ്പോലെ ഉപ്പുതൂണായി മാറിയവരാണ്... ലോകത്തെ ജീവത്തായി കാത്തു സൂക്ഷിക്കുന്നവര്‍ വേദനിന്ദകരാണ്. വേദനിന്ദകനായ ക്രിസ്തു, പാഷണ്ഡനായ കോപ്പര്‍നിക്കസ്, വേദവിരോധിയായ ടോള്‍സ്റ്റോയി. നമ്മുടെ വിശ്വാസപ്രമാണം പാഷണ്ഡതയാണ്... നാം ആഹ്വാനം ചെയ്യുന്നത് ഇന്നലയിലേക്കു പിന്‍തിരിയാന്‍വേണ്ടി ഇന്നിനെ നിഷേധിക്കുന്നവരോടല്ല. നാം ആഹ്വാനം ചെയ്യുന്നത് അകലങ്ങളില്‍ ഭാവി കാണുന്നവരോടാണ്; മനുഷ്യന്‍റെ പേരില്‍ ഇന്നിനെ നാളെക്കുവേണ്ടി വിധിക്കുന്നവരോടാണ്."
ഇതെഴുതിയ യിവ്ജെനി സെമിയാറ്റിന്‍ (Yevgeny Zamyatin) (1884-1937) സോവ്യറ്റ് യൂണിയനിലെ കമ്മ്യൂണിസത്തിന്‍റെ "വേദവിരോധി"യും പറുദീസ നിഷേധിയുമായി നാട് കടത്തപ്പെട്ടു മരിച്ചവനാണ്. അദ്ദേഹം സ്വന്തം മസ്തിഷ്കം ഉപ്പിലിട്ടു വയ്ക്കാതെ ഉപയോഗിച്ചു. അദ്ദേഹം എഴുതി: "യഥാര്‍ത്ഥ സാഹിത്യം ഉണ്ടാക്കുന്നതു പരിശ്രമശാലികളും വിശ്വസ്തരുമായ ഉദ്യോഗസ്ഥരല്ല. അതു സൃഷ്ടിക്കുന്നത് ഭ്രാന്തന്മാരും വനവാസികളും വേദവിരോധികളും എതിര്‍പ്പുകാരും സംശയിക്കുന്നവരുമാണ്."
കമ്മ്യൂണിസ്റ്റ് പറുദീസ സൃഷ്ടിച്ച് അതിനെ വിശ്വസ്തപൂര്‍വ്വം കാത്ത ഉദ്യോഗസ്ഥരുടെ സമൂഹത്തെക്കുറിച്ചു രചിച്ച അദ്ദേഹത്തിന്‍റെ "ഞങ്ങളി"ല്‍ "മനുഷ്യരില്ല, മനുഷ്യരൂപത്തിലുള്ള ട്രാക്ടറുകള്‍ മാത്രം." അവര്‍ക്ക് പറുദീസ "അജ്ഞതയുടെ പരമാനന്ദമാണ്." അവിടത്തെ ആളുകള്‍ സന്തോഷത്തിനു നിര്‍വചനം ഉണ്ടാക്കിക്കിട്ടാന്‍ ആഗ്രഹിക്കുന്നു. "എന്നിട്ട് അവരെ അതില്‍ കെട്ടിയിടാന്‍ ആഗ്രഹിച്ചു." "ഈ പറുദീസയില്‍ അവര്‍ക്ക് എല്ലാ ആഗ്രഹങ്ങളും മരിച്ചിരുന്നു; എല്ലാ കരുണയും സ്നേഹവും മരിച്ചു. അവര്‍ ഭാഗ്യവാന്മാരായി. കാരണം അവരില്‍ നിന്നു ഭാവന ശസ്ത്രക്രിയ ചെയ്തു മാറ്റിയിരുന്നു. അവിടെ അവര്‍ ശുദ്ധവും ശൂന്യവുമായ ആകാശത്തെ സ്നേഹിച്ചു. അവരുടെ ചക്രവാളത്തില്‍ സങ്കടത്തിന്‍റെ കാര്‍മേഘങ്ങള്‍ ഉണ്ടായില്ല. അവര്‍ക്ക് പറുദീസയുണ്ടായത് ഒരു ഓപ്പറേഷന്‍റെ ഫലമായാണ്. - ഭാവന വളരുന്ന ബുദ്ധിയുടെ ഭാഗം മുറിച്ചുനീക്കി.
ഇതിനു വിസമ്മതിക്കുന്നവര്‍ക്ക് അജ്ഞതയും പരമാനന്ദവുമില്ല, അവര്‍ക്ക് പറുദീസയുടെ അധികാരാ വകാശങ്ങളില്ല. അവര്‍ നിഷേധികളായി മുദ്ര കുത്തപ്പെടും - മതനിന്ദകര്‍. അവരോട് മറ്റുള്ളവര്‍ പറഞ്ഞു: "നീ പ്രശ്നത്തിലാണ്. നിനക്ക് ആത്മാവ് ഉണ്ടാകുന്നതായി തോന്നുന്നു; ചികിത്സിക്കാനാകാത്ത ആത്മാവ്. നീ എന്താ പറഞ്ഞത്? ആത്മാവോ? എന്തു നരകം! ഇനി എന്താ സംഭവിക്കാന്‍ പോകുന്നത്? ഞങ്ങള്‍ക്കിനിയും കോളറ പിടിക്കും"
സ്വാതന്ത്ര്യവും വിമര്‍ശനബുദ്ധിയും വിറ്റു കിട്ടിയ പറുദീസയില്‍ പശുക്കളെപ്പോലെ കഴിയുന്നവര്‍ക്ക് പറുദീസ നിഷേധി കോളറ വരുത്തുന്നു. ഇവര്‍ ബെര്‍ലിന്‍ മതില്‍ കാത്ത പട്ടികളെപ്പോലെ ചാട്ടയടിയോ എല്ലിന്‍ മുട്ടിയോ കാത്തവരാണ്. അവര്‍ക്ക് മറ്റൊന്നും വരാനില്ല - കാരണം അവര്‍ കാലത്തോടു പുറംതിരിഞ്ഞു കഴിയുന്നു; ഭാവിയെ വന്ധീകരിച്ചുകളഞ്ഞിരിക്കുന്നു. ഭാവനയുള്ളവന്‍ ഇന്നിന്‍റെ വേദത്തില്‍ നിന്നു നാളെയുടെ വേദവിരോധത്തിലേക്ക് കടന്നിരിക്കുന്നു. അവന്‍ ഭാവികള്‍ കല്പിച്ചു വര്‍ത്തമാനത്തോട് ഇടയുന്നു. ഇടയുന്നവന്‍ ഇടതനും ഇടങ്കോലുമാണ്.
യഹൂദമതത്തില്‍ ക്രിസ്തു വേദവിരോധിയായിരുന്നു. "മരത്തില്‍ തൂക്കപ്പെട്ടവന്‍ ദൈവത്താല്‍ ശപിക്കപ്പെട്ടവനാണ്" (ആവര്‍ത്തനം 21:23). ഈ വേദവാക്യത്തിന്‍റെ വിരോധിയെ കുരിശ്ശില്‍ തൂക്കി.
പറയാനുള്ളതൊക്കെ പറഞ്ഞു കഴിഞ്ഞു എന്നു വാശിപിടിക്കുന്നവര്‍ പഴമയില്‍ പൂട്ടപ്പെട്ട് സ്വന്തം ഭാവനയെ വന്ധീകരിച്ച് ഭാവിയില്ലാത്തവരായി ജീവിക്കുന്നു. അവര്‍ക്കൊന്നും പറയാനില്ല എന്നതല്ല അവര്‍ പുതിയതായി ഒന്നും പറയാന്‍ അനുവദിച്ചില്ല എന്നതാണ് പ്രശ്നം. പുതിയതായി പറയുന്നതൊക്കെ വേദവിരോധമാക്കി ഇന്നലെകളെ ആവര്‍ത്തിക്കുന്നു. അവര്‍ക്കിനി പുതിയ പൂക്കള്‍ വിടരാനില്ല, പുതിയ പ്രഭാതം പ്രതീക്ഷിക്കാനില്ല, പുതിയ കുഞ്ഞിന്‍റെ പിറവി കാണാനുമില്ല. അവര്‍ ഉപ്പിലിട്ടതുമാത്രം കഴിക്കുന്നു; അവസാനം അവര്‍ തന്നെ ഉപ്പിലിട്ടതാകുന്നു: ഉപ്പുതൂണുകള്‍.