news-details
മറ്റുലേഖനങ്ങൾ

പ്രകൃതിയുടെ രീതി

"നിങ്ങള്‍ സര്‍പ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെപ്പോലെ നിഷ്കളങ്കരുമായിരിക്കുവിന്‍" മത്താ. 10:16

പ്രാവിലും മരത്തിലും പൂവിലും മുഴുവന്‍ പ്രകൃതിയിലും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആ ജ്ഞാനത്തെ ഒന്നു നിരീക്ഷിക്കുക. അതേ ജ്ഞാനം നമ്മിലും പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. അതു നമ്മിലെ രക്തചംക്രമണം ഉറപ്പുവരുത്തുന്നു, ഭക്ഷണം ദഹിപ്പിക്കുന്നു, ഹൃദയത്തിന്‍റെ താളക്രമം സൂക്ഷിക്കുന്നു, ശ്വാസകോശത്തെ പ്രവര്‍ത്തനനിരതമാക്കുന്നു, ശരീരത്തെ രോഗപ്രതിരോധ സജ്ജമാക്കുന്നു, മുറിവുകള്‍ ഉണക്കുന്നു... ഇത്തരം കാര്യങ്ങളിലൊന്നും നമ്മുടെ തലയ്ക്കു വലിയ പങ്കില്ല. അതു മറ്റു പല കാര്യങ്ങളിലും വ്യാപൃതമാണ്. പ്രകൃതിയില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്ന ഈ ജ്ഞാനത്തെ ഇന്നു നാം തിരിച്ചറിയുന്നുണ്ട്. പ്രാവുകളെപ്പോലെ നിഷ്കളങ്കരും ജ്ഞാനികളുമായ ഗോത്ര മനുഷ്യരില്‍.

'പരിഷ്കൃതര്‍' എന്നാണു നാം നമുക്കുതന്നെ പേരിട്ടിരിക്കുന്നത്. നാം വികസിപ്പിച്ചെടുത്തിരിക്കുന്നത് മറ്റൊരു തരം ജ്ഞാനമാണ്- തലയുടെ വക്രബുദ്ധി. അതുപയോഗിച്ച് നാം പ്രകൃതിയില്‍നിന്നു സുരക്ഷിതരായിരിക്കാനും ജീവിതത്തിന്‍റെ ദൈര്‍ഘ്യം കൂട്ടാനും ആര്‍ക്കുമില്ലാത്ത വേഗതയും സുഖവും സ്വന്തമാക്കാനും ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇന്നു നമ്മുടെ മുന്നിലുള്ള വെല്ലുവിളി നമുക്കു സ്വന്തമായ സര്‍പ്പത്തിന്‍റെ ബുദ്ധിയെ നിലനിര്‍ത്തിക്കൊണ്ടു തന്നെ പ്രാവിന്‍റെ ലാളിത്യത്തെ എങ്ങനെ വീണ്ടെടുക്കാം എന്നതാണ്.

എങ്ങനെയാണ് ഇതു സാധ്യമാകുക? അതിന് വളരെ പ്രധാനപ്പെട്ട ഒരു അവബോധം നാം സ്വന്തമാക്കേണ്ടതുണ്ട്. അത് ഇതാണ്: പ്രകൃതിയെ പരിഷ്കരിക്കാനുള്ള ശ്രമത്തില്‍ നീ പ്രകൃതിക്കു വിരുദ്ധമായി പോകുമ്പോഴൊക്കെ നീ നിനക്കുതന്നെ ക്ഷതമേല്പിക്കുകയാണ്; കാരണം പ്രകൃതി നിന്‍റെ അസ്തിത്വത്തിന്‍റെ ഭാഗം തന്നെയാണ്.

നിന്‍റെ വലതുകരം ഇടതുകരവുമായി യുദ്ധം ചെയ്യുന്നത് ഒന്നു സങ്കല്‍പിച്ചു നോക്കു. അല്ലെങ്കില്‍ ഇടതു കാല്‍ വലതുകാലിനെ ചവിട്ടുന്നത് സങ്കല്പിക്കുക. ഇടതും വലതും ഒരുപോലെ തോല്‍ക്കുന്നു എന്നതാണ് ഇതിന്‍റെ അനന്തരഫലം. ഇതുപോലെയാണ് നീ പ്രകൃതിക്കെതിരെ യുദ്ധം ചെയ്താല്‍. സര്‍ഗാത്മകവും സജീവവുമാകുന്നതിനുപകരം നീ എന്നും സംഘര്‍ഷത്തില്‍പെട്ട് ഉഴലേണ്ടി വരുന്നു. ഒട്ടുമിക്ക മനുഷ്യരുടെയും സ്ഥിതിവിശേഷം ഇതാണ്. അവരെ ഒന്നു നിരീക്ഷിക്കുക. അവരൊക്കെയും ജീവനില്ലാത്തവരും സൃഷ്ടിപരത നഷ്ടപ്പെട്ടവരും എവിടെയോ കുടുങ്ങിക്കിടക്കുന്നവരുമാണ്. അതിന് കാരണം പ്രകൃതിയുടെ ആവശ്യങ്ങളോട് മല്ലിട്ടുകൊണ്ട്, പ്രകൃതിയോട് യുദ്ധം ചെയ്തുകൊണ്ട് അവര്‍ അവരെത്തന്നെ മെച്ചപ്പെടുത്താന്‍ ശ്രമിച്ചു എന്നതാണ്.

പ്രകൃതിയും നിന്‍റെ ശിരസ്സും തമ്മിലുള്ള യുദ്ധത്തില്‍ എപ്പോഴും പ്രകൃതിക്കൊപ്പം നില്ക്കുക. നീ അവള്‍ക്കെതിരേ പോരാടിയാല്‍ അവള്‍ നിന്നെ തകര്‍ത്തു കളയും. ഏറ്റവും കരണീയമായത്, പ്രകൃതിയോട് ചേര്‍ന്നുനിന്ന്, അതിന്‍റെ താളക്രമത്തെ അലോസരപ്പെടുത്താതെ, പ്രകൃതിയെ പരിഷ്കരിക്കുക എന്നതാണ്. എങ്ങനെയാണ് ഒരുവള്‍ പ്രകൃതിയോട് ചേര്‍ന്നുനില്ക്കുക?

1. നിങ്ങളുടെ പെരുമാറ്റത്തിലോ, വ്യക്തിത്വത്തിലോ ജീവിതത്തിലോ കൊണ്ടുവരണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന ഒരു മാറ്റത്തെക്കുറിച്ച് ഒന്നാലോചിക്കുക. എന്തുകൊണ്ടാണ് ആ പ്രത്യേകമാറ്റം വേണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നത്? കാരണം നിങ്ങളിലെ അഹങ്കാരം നിങ്ങളെ അതിനു നിര്‍ബന്ധിക്കുന്നു. അതുകൊണ്ട് നിരന്തര പരിശ്രമത്തിലൂടെ ആ മാറ്റം നിങ്ങളില്‍ അടിച്ചേല്പിക്കാന്‍ നിങ്ങള്‍ അദ്ധ്വാനിക്കുന്നു. ആ അദ്ധ്വാനമെന്നത് നിങ്ങളിലെ സര്‍പ്പം നിങ്ങളിലെ  പ്രാവിനോടു ചെയ്യുന്ന യുദ്ധമാണ്.

ഇതില്‍നിന്നു വ്യത്യസ്തമായ മറ്റൊരു മാര്‍ഗ്ഗമുണ്ട്. നിങ്ങളിലെ അഹങ്കാരം ആഗ്രഹിക്കുന്നവ നിങ്ങളില്‍ അടിച്ചേല്പിക്കാതെ, വെറുതെ നിങ്ങളെത്തന്നെ പഠിക്കുക, നിരീക്ഷിക്കുക, മനസ്സിലാക്കുക, നിങ്ങള്‍ ഇപ്പോള്‍ എന്താണെന്നും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെന്തെന്നും ബോധ്യമുണ്ടാകുക. പ്രകൃതിയുടെ നിയമങ്ങള്‍ക്കനുസരിച്ച് അപ്പോള്‍ നിങ്ങളില്‍ സ്വതവേ ചില മാറ്റങ്ങളുണ്ടാകും. അതാണ് സര്‍പ്പവും പ്രാവും ഒരുമിക്കുന്ന സ്ഥിതി വിശേഷം.

നിങ്ങളുടെയും മറ്റുള്ളവരുടെയും പ്രശ്നങ്ങള്‍ക്ക് പരിഹാരമെന്ന് നിങ്ങള്‍ കരുതുന്ന മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഇന്നു നിങ്ങള്‍ എന്താണു ചെയ്തുകൊണ്ടിരിക്കുന്നത്? ശിക്ഷയും പ്രോത്സാഹനവും, അച്ചടക്കവും നിയന്ത്രണവും, ഉപദേശങ്ങളും കുറ്റബോധമുണ്ടാക്കലും, അത്യാഗ്രഹവും അഹങ്കാരവും, വലിയ മോഹങ്ങളും പൊങ്ങച്ചവും തുടങ്ങിയ ഒട്ടനേകം മാര്‍ഗ്ഗങ്ങളിലൂടെ മാറ്റങ്ങള്‍ അടിച്ചേല്പിക്കുകയാണ്. അവയ്ക്കുപകരം ക്ഷമയും അംഗീകാരവും, നിരന്തരമായ ആത്മനിരീക്ഷണവും, ജാഗ്രതയുള്ള അവബോധവും ഒന്നു പരീക്ഷിച്ചു നോക്കൂ.

2. നിങ്ങളുടെ ശരീരവും വനത്തില്‍ കഴിയുന്ന ഒരു മൃഗത്തിന്‍റെ ശരീരവും തമ്മിലുള്ള വ്യത്യാസം ശ്രദ്ധിക്കുക. ഒരു വന്യമൃഗവും പൊണ്ണത്തടിയന്മാരല്ല. ആക്രമിക്കുന്ന വേളയിലോ ഭയന്നോടുന്ന വേളയിലോ അല്ലാതെ അതിന്‍റെ ശരീരത്തില്‍ പിരിമുറുക്കത്തിന്‍റെ അടയാളങ്ങളൊന്നുമുണ്ടാകില്ല. അതിനു നല്ലതല്ലാത്ത ഒന്നും തിന്നുകയോ കുടിക്കുകയോ ഇല്ല. അതിന് ആവശ്യമുള്ളത്രയും അദ്ധ്വാനവും വിശ്രമവുമുണ്ട്. അതിനു അനുയോജ്യമായ വിധത്തില്‍  മഞ്ഞും കാറ്റും മഴയും വെയിലും അതിനു ലഭിക്കുന്നുമുണ്ട്. ഇവയൊക്കെ സാധ്യമാകുന്നത് അവ അവയുടെ ശരീരത്തെ ശ്രവിക്കുന്നതുകൊണ്ടും ശരീരത്തിന്‍റെ ജ്ഞാനമനുസരിച്ച് ജീവിക്കുന്നതുകൊണ്ടുമാണ്.

ഇനി നിങ്ങള്‍ നിങ്ങളുടെ വിഡ്ഢിത്തം തന്നെയായ വക്രബുദ്ധിയുമായി മുന്‍ പറഞ്ഞതിനെ ഒന്നു താരതമ്യം ചെയ്യുക. നിങ്ങളുടെ ശരീരത്തിന് സംസാരിക്കാന്‍ കഴിവുണ്ടായിരുന്നെങ്കില്‍ എന്തായിരിക്കും അതിനു നിങ്ങളോട് പറയാനുണ്ടാകുക? മറ്റുള്ളവരെ കാണിക്കാനും മറ്റുള്ളവരെ സന്തോഷിപ്പിക്കാനുമുള്ള നിങ്ങളുടെ അത്യാര്‍ത്തിയും  അത്യാഗ്രഹവും പൊങ്ങച്ചവും സ്വയംമൊന്നു കാണുക. നിങ്ങളുടെ ശരീരത്തിന്‍റെ സ്വരങ്ങളെ ശ്രവിക്കുന്നതില്‍നിന്നു നിങ്ങളെ തടയുന്ന കുറ്റബോധത്തെ ഒന്നു മനസ്സിലാക്കുക. നിങ്ങള്‍ ആകെ ചെയ്തുകൊണ്ടിരിക്കുന്നത് നിങ്ങളുടെ അഹങ്കാരം കൊണ്ട് നിങ്ങളുടേത് എന്നു പറയുന്ന ലക്ഷ്യത്തിനായി അദ്ധ്വാനിച്ചുകൊണ്ടേയിരിക്കുന്നു എന്നതാണ്. അതുവഴി നിങ്ങള്‍ക്ക് നഷ്ടപ്പെടുന്നത് പ്രാവിന്‍റെ നിഷ്കളങ്കതയാണ്.

3. നിങ്ങള്‍ക്കു പ്രകൃതിയുമായി എത്രമാത്രം അടുപ്പമുണ്ടെന്നു സ്വയം ചോദിക്കുക. മരങ്ങളും മണ്ണുമായി, പുല്‍നാമ്പും ആകാശവുമായി, കാറ്റും മഴയുമായി, സൂര്യനും പുഷ്പങ്ങളുമായി, കിളികളും മൃഗങ്ങളുമായി നിങ്ങള്‍ക്ക് എത്രമാത്രം അടുപ്പമുണ്ട്? അവ നിങ്ങളെ സ്വാധീനിക്കാന്‍ നിങ്ങള്‍ അനുവദിക്കാറുണ്ടോ? അവയുമായി ഒന്നിച്ചിരിക്കാനും നിരീക്ഷിക്കാനും അത്ഭുതമൂറുന്ന മിഴികളോടെ ധ്യാനിക്കാനും, പ്രകൃതിയുമായി താദാത്മ്യപ്പെടാനും നിങ്ങള്‍ക്ക്  ആകുന്നുണ്ടോ?

ഏറെക്കാലം നിങ്ങളുടെ ശരീരം പഞ്ചഭൂതങ്ങളില്‍നിന്ന് അധികം അകന്നിരുന്നാല്‍ അതിനു വല്ലാതെ വണ്ണം വയ്ക്കും. അതു തളര്‍ന്നുപോകും. നിങ്ങള്‍ പ്രകൃതിയില്‍നിന്ന് അകലും തോറും നിങ്ങളിലെ ശക്തിയും ചൈതന്യവും ക്ഷയിച്ചുകൊണ്ടേയിരിക്കും. മൂലത്തില്‍നിന്നു പറിച്ചു മാറ്റപ്പെട്ടതുകൊണ്ട് അതു വിളറിവെളുത്തു മരിച്ചുപോകും.

You can share this post!

മുഖമൊഴി

റോണി കിഴക്കേടത്ത്
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts