news-details
മറ്റുലേഖനങ്ങൾ

സെന്‍റ് ഡാമിയാനോയിലെ യുവതികള്‍ക്കായുള്ള ഉദ്ബോധനകീര്‍ത്തനം

ഫ്രാന്‍സിസ് തന്‍റെ ജീവിതകാലത്ത് ഒരു വിശുദ്ധ വ്യക്തിത്വത്തിന്‍റെ ഉടമയായിട്ടാണ് അറിയപ്പെട്ടിരുന്നത്. അതും അദ്ദേഹത്തെ മനസ്സിലാക്കിയിരുന്നവര്‍ക്കു മാത്രം. ഫ്രാന്‍സിസ് തന്നെത്തന്നെ കരുതിപ്പോന്നിരുന്നത് Simplex et idiotus(വില്‍പ്പത്രത്തില്‍), Simplex et Ignoramus (സഹോദരസംഘത്തിന് ഒന്നാകെയുള്ള കത്ത്), ഇതിനെല്ലാം അര്‍ത്ഥം ഒരു പമ്പരവിഡ്ഢിയായി അദ്ദേഹം തന്നെത്തന്നെ കണക്കാക്കിയിരുന്നു എന്നതാണ്. എന്നാല്‍ ഫ്രാന്‍സിസ്കന്‍ ചരിത്രകാരന്മാര്‍ അദ്ദേഹത്തെ ഒട്ടുംതന്നെ അറിവില്ലാത്തവന്‍ ആയിട്ടല്ല കരുതിയിരുന്നത്. മറിച്ച് സെന്‍റ് ജോര്‍ജ് ദൈവാലയത്തോടനുബന്ധിച്ചുള്ള സ്കൂളില്‍നിന്നു പ്രാഥമിക വിദ്യാഭ്യാസം നേടിയിരുന്നുവെന്നു സാക്ഷ്യപ്പെടുത്തിയിരുന്നു. എന്നാല്‍ തുടര്‍പഠനങ്ങള്‍ ഒന്നുംതന്നെ ഫ്രാന്‍സിസ് നടത്തിയിരുന്നില്ല. ഫ്രാന്‍സിസിന്‍റെ രചനകളെല്ലാം അദ്ദേഹത്തിന്‍റെ സെക്രട്ടറിമാരായിരുന്ന ലിയോ, ആഞ്ചലോ, ജോണ്‍ എന്നിവര്‍ ലത്തീന്‍ ഭാഷയിലാണ് എഴുതിയിരുന്നത്. (ലത്തീന്‍ ഭാഷയിലുള്ള പരിജ്ഞാനം ഫ്രാന്‍സിസിന് താരതമ്യേന കുറവായിരുന്നു). എന്നാല്‍ തന്‍റെ വാസസ്ഥലമായ ഉംമ്പ്രിയായിലെ പ്രാദേശിക ഭാഷയില്‍ ഫ്രാന്‍സിസ് രചിച്ചിട്ടുള്ള രണ്ട് രചനകളാണ് നമുക്ക് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. അവ പ്രശസ്തമായ സൂര്യകീര്‍ത്തനവും അതിനൊപ്പംതന്നെ പ്രചാരം നേടാത്തതും അത്രതന്നെ പഠന വിഷയമാക്കാത്തതുമായ സെന്‍റ് ഡാമിയാനോയിലെ യുവതികള്‍ക്കായുള്ള ഉദ്ബോധന കീര്‍ത്തനവും (The Canticle of Exhortatoin for the Ladies of San Damiano) ആണ്.
1976ല്‍ ജിയോവനി എന്ന ഫ്രാന്‍സിസ്ക്കന്‍ പണ്ഡിതന്‍ ഈ അനുശാസനത്തിന്‍റെ രണ്ടു കൈയെഴുത്ത് പ്രതികള്‍ കണ്ടെത്തി. Novagile-ലെ ദരിദ്രരായ ക്ലാരസഹോദരിമാരുടെ മഠത്തില്‍നിന്നാണ് ഇവ കണ്ടെത്തിയത്. 1224നോട് അടുത്തായിരിക്കാം ഇവയുടെ രചനകള്‍ എന്നു കരുതിപ്പോരുന്നു. ഇവയിലെ പല വരികളും "Assisi Compilation'' എന്ന ഫ്രാന്‍സിസ്കന്‍ ഗ്രന്ഥത്തിലെ ഭാഗങ്ങളുമായി വളരെ സാമ്യമുണ്ട്.

ഫ്രാന്‍സിസിന്‍റെ അസുഖത്തെപ്രതി മാനസികമായി തളര്‍ന്നിരുന്ന, വിശുദ്ധിയില്‍ ജീവിച്ചിരുന്ന യുവതികള്‍ക്കായി ഫ്രാന്‍സിസ് രചിച്ചതാണ് ഈ കീര്‍ത്തനം. ഫ്രാന്‍സിസിനെ എത്രയും പെട്ടെന്നു ഭൂമിയില്‍ നിന്നു ദൈവം വിളിച്ചുകൊണ്ടുപോകുമോ എന്ന് ആ സഹോദരിമാര്‍ സംശയിച്ചിരുന്നേക്കാം. ആരോഗ്യം തടസ്സമായതിനാല്‍ അവരെ പോയി കാണാനോ ആശ്വസിപ്പിക്കാനോ അദ്ദേഹത്തിനു കഴിയുമായിരുന്നില്ല. സൂര്യകീര്‍ത്തനത്തിന്‍റെ രചനയുടെ കാലഘട്ടമെന്നപോലെ ഈ കൃതിയുടെ കീര്‍ത്തനസമയത്തും ഫ്രാന്‍സിസിന്‍റെ കാഴ്ചശക്തി വളരെ കുറഞ്ഞിരുന്നു. എന്നുമാത്രമല്ല തീര്‍ത്തും രോഗിയായിരുന്നു. സെന്‍റ് ഡാമിയാനോയില്‍ ജീവിച്ചിരുന്ന സഹോദരിമാര്‍ക്ക് നല്കുന്ന ഈ അനുശാസനം പ്രത്യേകമായി ആറു ഭാഗങ്ങളായി തിരിക്കാം.

1. ഫ്രാന്‍സിസ് തന്‍റെ ഉദ്ബോധനം അവര്‍ ശ്രവിക്കണമെന്നും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണമെന്നും അറിയിക്കുന്നു. കാരണം അതു ദൈവത്തില്‍ നിന്നുള്ള വിളിയായി ഫ്രാന്‍സിസ് കരുതിപ്പോന്നു. (ഈ കാലഘട്ടത്തില്‍ ഏകദേശം അമ്പതോളം സഹോദരിമാര്‍ താമസിച്ചിരുന്നതായി ചരിത്രം പറയുന്നു).

2. ജീവനെയും സത്യത്തെയും മരണത്തെയും അനുസരണത്തെയും ഇടകലര്‍ത്തിയാണ് ഫ്രാന്‍സിസ് തന്‍റെ കാവ്യസൃഷ്ടി നടത്തിയിട്ടുള്ളത്. സത്യത്തില്‍ അധിഷ്ഠിതമായി ജീവിക്കുക എന്നത് അനുസരണത്തോടെ മരിക്കുന്നതിനു തുല്യമത്രേ.

3. ആത്മീയതയെ പുറംലോകത്തേക്കാള്‍ കൂടുതലായി സ്വീകരിക്കണമെന്നതു സഹോദരിമാരെ ഉദ്ബോധിപ്പിക്കുന്നു.

4. ആത്മീയത ദാരിദ്ര്യത്തിനു പ്രതിഫലമായി ലഭിക്കുന്ന ദാനധര്‍മ്മങ്ങളെ കൂടുതല്‍ ശുഷ്ക്കാന്തിയോടെ ഉപയോഗിക്കാന്‍ പഠിപ്പിക്കുന്നു.

5. രോഗീപരിചരണവും രോഗാവസ്ഥയിലെ സഹനവും ദൈവതിരുമനസ്സിന് ഉതകുംവിധം ഉപയോഗപ്പെടുത്താന്‍ സഹോദരിമാരെ ആശംസിക്കുന്നു.

6. ഫ്രാന്‍സിസിന് ക്ലാരയും സഹോദരിമാരും നല്കിയിരുന്ന സേവനങ്ങള്‍ക്ക്, സഹായങ്ങള്‍ക്ക്, കരുതലിന് പ്രത്യുപകാരം ചെയ്യാന്‍ സാധ്യമല്ലാതിരിക്കേ ദൈവം അവര്‍ക്കായി അവരുടെ പ്രവൃത്തികള്‍ക്ക് സ്വര്‍ഗീയകിരീടം വാഗ്ദാനം ചെയ്യുന്നു.
ഈ കീര്‍ത്തനത്തിന്‍റെ തര്‍ജ്ജമ ചുവടെ ചേര്‍ക്കുന്നു:

 

1 പല പ്രദേശങ്ങളില്‍ നിന്നും പ്രവിശ്യകളില്‍ നിന്നും കര്‍ത്താവു വിളിച്ചുകൂട്ടിയ ദരിദ്രരായ സഹോദരിമാരെ ശ്രവിച്ചാലും...
2. അനുസരണത്തില്‍ മരിക്കാന്‍ ഇടയാകുന്നതിന് എപ്പോഴും സത്യത്തില്‍ ജീവിച്ചുകൊള്ളുവിന്‍.
3. ബാഹ്യലോകത്തെ ജീവിതത്തെ നോക്കരുത്, എന്തെന്നാല്‍ ആത്മാവിന്‍റെ ജീവിതമാണ് ശ്രേഷ്ഠം.
4. നിങ്ങള്‍ക്കായി കര്‍ത്താവു നല്കുന്ന ദാനധര്‍മ്മത്തെ മിതമായി ഉപയോഗിക്കണമെന്നു ഞാന്‍ സ്നേഹത്തോടെ യാചിക്കുന്നു.
5. രോഗത്താല്‍ തളര്‍ന്നവരും രോഗികളെ ശുശ്രൂഷിച്ചവരുമായ നിങ്ങള്‍ ഈ സഹനങ്ങളെ സമാധാനത്തില്‍ സ്വീകരിക്കുവിന്‍.
6. ഇത്തരം സഹനങ്ങള്‍ അതീവ വിലയുടേതാണ്. നിങ്ങളോരോരുത്തരും പരിശുദ്ധാത്മാവിനാല്‍ രാജ്ഞിയായി കിരീടം ധരിപ്പിക്കപ്പെടും.
സഹിക്കുന്നതിലും സഹനം അനുഭവിക്കുന്നവരെ സമാശ്വസിപ്പിക്കുന്നതിലും നമ്മള്‍ എത്ര കണ്ട് ആത്മീയത ദര്‍ശിക്കുന്നുവോ അതിനനുസൃതമായി നമ്മള്‍ സ്വര്‍ഗ്ഗരാജ്യത്തിന് അര്‍ഹരാകുന്നു. ഈ സത്യം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ നമുക്കു കഴിയുമെങ്കില്‍ ദൈവസന്നിധിയില്‍ നിന്നു നാം വിദൂരത്തല്ല. 

You can share this post!

തിരുത്ത്

സഖേര്‍
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts