news-details
മറ്റുലേഖനങ്ങൾ

പങ്കാളികള്‍ക്കൊരു സംഭാഷണരീതി

കുടുംബങ്ങളോടും പങ്കാളികളോടുമൊപ്പമുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ അനുഭവവേദ്യമായ ഒരു കാര്യം ഏറിയപേരും ഏകപക്ഷീയ സംഭാഷണങ്ങളാണ് നടത്താറുള്ളത് എന്നതത്രേ. തങ്ങളുടെ വീക്ഷണത്തിന് നേര്‍ വിപരീതമായതൊന്ന് ഒരാള്‍ക്കും സ്വീകരിക്കാനോ ഗ്രഹിക്കാനോ അംഗീകരിക്കാനോ കഴിയുന്നില്ല. ഇരുകൂട്ടരും തങ്ങളുടേതായ ചിന്തകളും ബോധ്യങ്ങളും കൊണ്ട് നിറഞ്ഞിരിക്കുമ്പോള്‍ മറ്റൊന്നിനും ഇടമുണ്ടാകില്ല.

നാം പിന്‍തുടര്‍ന്നുവരുന്ന ഒരു സംസ്കാരം എല്ലാക്കാര്യത്തിലും ഒന്നുകില്‍ വിജയം/ പരാജയം അല്ലെങ്കില്‍ ശരി/തെറ്റ് എന്ന രീതിയിലുള്ളതാണ്. ചെറുപ്പക്കാരും കൗമാരക്കാരും മാതാപിതാക്കളും ആരുമായിക്കൊള്ളട്ടെ തങ്ങളുടേതില്‍നിന്നു വ്യത്യസ്തമായ ഏതു വിക്ഷണത്തേയും പരിഹാസം കൊണ്ടോ പ്രതിരോധിച്ചോ ശബ്ദമുയര്‍ത്തിയോ നിശബ്ദത പാലിച്ചോ ഒക്കെ ഞെരിച്ചുകളയാറാണ് പതിവ്. 'നിനക്ക് എന്നോട് സ്നേഹമുണ്ടെങ്കില്‍ മാത്രം ഞാന്‍ ഒത്തുതീര്‍പ്പിലെത്താം' എന്ന ധാരണ നമ്മില്‍ രൂഢമൂലമായിരിക്കുകയാണ്. രാഷ്ട്രീയത്തിലും ഇതുതന്നെയത്രേ സംഭവിക്കുന്നത്. ആവശ്യം വേണ്ട കാര്യങ്ങള്‍പോലും നിര്‍വ്വഹിക്കാനാവാത്ത വിധം നമ്മള്‍ ധ്രുവീകരിക്കപ്പെട്ടുപോകുന്നു.

എല്ലാ വീക്ഷണങ്ങളിലും മേന്മകളുണ്ടെന്ന് നമുക്ക് അംഗീകരിക്കാനാവാത്തതെന്തുകൊണ്ടാണ്? ഒരേയൊരു വീക്ഷണത്തിനുള്ള ഇടമേ നമ്മില്‍ അനുവദിക്കപ്പെടുന്നുള്ളൂ എന്നതല്ലേ ഇതിനു കാരണം? ഇങ്ങനെ ശ്രേണീവത്കൃതമായ ഒരു ചിന്താഗതിയില്‍ ഒരാള്‍ വിജയിക്കുകയും അപരന്‍ പരാജയപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു.

ദമ്പതികളുടെ കാര്യത്തില്‍ വ്യത്യസ്തകള്‍ തീര്‍ച്ചയായും ഉണ്ടാവുമല്ലോ. എന്നാല്‍ ഇവ ഒരുമിച്ചു ചേരേണ്ടിയും വരുന്നു. നീണ്ടുനില്‍ക്കുന്നതും ആരോഗ്യകരവുമായ ഒരു ബന്ധത്തിന് ഇവയെ പരസ്പരം മാനിക്കുക എന്ന പോംവഴി മാത്രമേയുള്ളൂ. സംഭാഷണങ്ങള്‍ തീരെ കുറഞ്ഞാല്‍ ഓരോരുത്തരും സ്വന്തം കൂടാരങ്ങളിലേക്കു വലിയപ്പെടുകയും ആരും പരസ്പരം തഴയപ്പെടുന്നു എന്ന ചിന്ത ഉണ്ടാകാതിരിക്കുകയും ചെയ്തേക്കാം. എന്നാല്‍ സംഭാഷണങ്ങള്‍ ഉണ്ടാകുമ്പോഴാണ് പരസ്പരം യോജിപ്പിലെത്തേണ്ട ആവശ്യമുണ്ടാകുന്നത്. സംഭാഷണങ്ങളിലൂടെ തങ്ങളുടെ വ്യത്യസ്തകളെ പങ്കാളികള്‍ക്കു മനസിലാക്കാനുള്ള അവസരം സൃഷ്ടിക്കപ്പെടുന്നു. ഉദാഹരണമായി, ഒരു ബിസിനസ് ഡിസിഷന്‍ എടുക്കാന്‍, തന്നെ സഹായിക്കാന്‍ ഭാര്യയ്ക്കു കഴിയില്ലെന്ന് ഒരാള്‍ കരുതുന്നു. എന്നാല്‍ അവളുടെ ആര്‍ജ്ജവത്വം ഇക്കാര്യത്തില്‍ തന്നെ സഹായിക്കാന്‍ പ്രാപ്തമാണെന്ന് ഒരാള്‍ മനസിലാക്കുമ്പോള്‍ അവളുടെ വീക്ഷണത്തോട് അയാള്‍ക്ക് ബഹുമാനം തോന്നിയേക്കും. സംഭാഷണത്തിലൂടെ സാധിതമാകേണ്ടത് പരസ്പരം മനസിലാക്കാനുള്ള പുതിയ വഴികള്‍ പഠിക്കലാണ്. ഏകപക്ഷീയ ഭാഷണങ്ങളാവട്ടെ എങ്ങുമെത്തിച്ചേരാനാവാതെ വെറുതേ കറങ്ങിക്കൊണ്ടിരിക്കുന്ന ചക്രങ്ങളുള്ള വാഹനത്തിനു സമമത്രെ. സംഭാഷണങ്ങള്‍ പ്രിയപ്പെട്ടവരുമായുള്ള ചില മൂല്യസംഘട്ടനങ്ങള്‍ക്ക് ഇട നല്‍കിയേക്കാം. ഇത് സ്വാഭാവികമാണ്. ഈ വ്യത്യസ്തകകള്‍ പങ്കാളികളെ വലിയ പ്രശ്നങ്ങളിലേയ്ക്കു വലിച്ചിഴച്ചേക്കാം. അതിനാല്‍തന്നെ ചില സമയങ്ങളില്‍ തങ്ങള്‍ വ്യത്യസ്ത ആശയങ്ങളുള്ളവരാണെന്ന് അവര്‍ പരസ്പരം അംഗീകരിക്കേണ്ടതുണ്ട് വ്യത്യസ്തകളെ മാനിക്കാന്‍ പഠിച്ചുവെങ്കില്‍ മാത്രമേ ഒരുമിച്ച് ശരിയാംവിധം ജീവിക്കാനുള്ള കഴിവു ലഭിക്കുകയുള്ളൂ.

ആരോഗ്യകരമായ സംഭാഷണം

ആരോഗ്യകരമായി ജീവിക്കുന്ന ദമ്പതികളുടെ സംഭാഷണം ബഹുമാന പുരസരമുള്ളതും സമാധാനപരമായി പ്രതികരിക്കുന്നതും ഒപ്പം വൈകാരിക അടുപ്പമുള്ളതുമായിരിക്കും. അല്ലാത്തവരില്‍ ഇത് വിമര്‍ശനപരവും പൊരുള്‍ നഷ്ടപ്പെട്ടതുമായിരിക്കും. വിമര്‍ശനപരതയുള്ള ആലങ്കാരിത നിറഞ്ഞ ചോദ്യങ്ങള്‍ക്കു പകരം ലളിതമായ പ്രസ്താവനാരൂപങ്ങള്‍ ഉപയോഗിക്കുന്നത് കൂടുതല്‍  ഉചിതമായിരിക്കും.  "നീ  എന്താണ് വിചാരിച്ചിരുന്നത്?" എന്നത് ഉദാഹരണം.

പരസ്പരഭാഷണത്തില്‍ പ്രത്യേകമായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ കൂടി:
* വിമര്‍ശിക്കാതിരിക്കുക
* ചോദ്യരൂപങ്ങള്‍ക്കു പകരം വാക്യഘടന ഉപയോഗിക്കുക
* താന്‍ ശരിയായിരിക്കുമെന്ന നിര്‍ബന്ധം പിടിക്കാതിരിക്കുക.
* പ്രശ്നപരിഹാരത്തിനു മുതിരും മുന്‍പ് വിവാദവിഷയം ചര്‍ച്ച ചെയ്യുക. കാരണം, ആരോഗ്യകരമായ ഒരു വൈവാഹിക ബന്ധമെന്നത് തുല്യതയുള്ള പരസ്പരബഹുമാനവും ഉത്തരവാദിത്വവുമുള്ള പങ്കാളികള്‍ തമ്മിലുള്ള ബന്ധവുമാണ്.

വിവാഹജീവിതത്തിലെ ദൈനംദിന സംഭാഷണങ്ങള്‍

സംഭാഷണങ്ങളിലൂടെ ഒരുമിച്ച് ഒരു തീരുമാനത്തിലെത്തേണ്ടതുണ്ട് എല്ലാദിവസവും സംഭാഷണം നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍പോലും കഴിയുമ്പോഴൊക്കെ ചെയ്യാനായാല്‍ അത് അത്ഭുതാവഹമായ മാറ്റങ്ങളുളവാക്കും. എന്താണ് ഇതര വ്യക്തിയില്‍ നിങ്ങളെ ആകര്‍ഷിക്കുന്ന  പ്രത്യേകത, നിങ്ങള്‍ ഒരുമിച്ചായിരുന്ന ഏറ്റവും സന്തോഷകരമായ ഒരവസരം, അവധിക്കാലം ചെലവിടാനാഗ്രഹിക്കുന്ന സ്ഥലം, പങ്കാളിയില്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ഗുണം മുതലായ, ബന്ധത്തിന്‍റെ നല്ല വശങ്ങളെ ഊട്ടിയുറപ്പിക്കുന്ന തരത്തിലുള്ള ചോദ്യങ്ങളും സംഭാഷണങ്ങളും നിങ്ങളുടെ ബന്ധത്തെ ദൃഢപ്പെടുത്തും.

പങ്കാളിയുടെ വികാരവിചാരങ്ങളെ മനസ്സിലാക്കുക എന്നതാവണം സംഭാഷണത്തിന്‍റെ ഉദ്ദേശ്യമെന്നോര്‍ക്കുക. പങ്കാളിയില്‍ തനിക്കനുകൂലമായ മാറ്റങ്ങള്‍ വരുത്തുക എന്നത് ഇവിടെ അര്‍ത്ഥമാക്കുന്നേയില്ല. നിങ്ങളിരുവരും എന്താണ് ചിന്തിക്കുന്നത് എന്നതിലല്ല മറിച്ച് എന്താണ് ഒന്നിനെപ്പറ്റി നിങ്ങള്‍ക്കുള്ള മനോഭാവം എന്നതാണ് സംഭാഷണത്തിലൂടെ വ്യക്തമാകേണ്ടത്. നിങ്ങളുടെ നിലപാടുകളോടൊപ്പം പങ്കാളിയുടേതും കൂടി മനസിലാക്കാന്‍ ശ്രമിക്കുക.

ബിസിനസ്സ് യാത്രകളുമായി ബന്ധപ്പെട്ട് ദമ്പതികള്‍ വേര്‍പിരിഞ്ഞു കഴിയേണ്ടി വന്നേക്കാം. സ്ഥിരമായ ചില ചോദ്യങ്ങള്‍ മാത്രമാവും ഒരുപാടു പങ്കാളികളും ഈ ദിവസങ്ങളെക്കുറിച്ച് ചോദിക്കുക. 'തനിക്ക് ഇന്നത്തെ ദിവസം എങ്ങിനെയായിരുന്നെന്നോ' അല്ലെങ്കില്‍ 'ഇന്നെനിക്ക്  തോന്നിയതെന്താണെന്നറിയാമോ' ഇങ്ങനെയൊക്കെ. ഒരുമിച്ചായിരിക്കുമ്പോള്‍ ആ ദിവസങ്ങളില്‍ നിങ്ങളെഴുതിയ കുറിപ്പുകള്‍ വായിക്കുകയും നിങ്ങളുടെ വികാരങ്ങളെ പരസ്പരം പങ്കുവയ്ക്കുകയും ചെയ്യുക. ഇ-മെയിലായും ചാറ്റിംഗിലൂടെയും ഫോണ്‍ മുഖേനയും ദിവസേന സംസാരിക്കുന്നവരുമുണ്ട്.

* നല്ല ചോദ്യങ്ങളും സംഭാഷണരീതികളും സ്വായത്തമാക്കുക.

* ചിന്തകളും വികാരവിചാരങ്ങളും പരസ്പരം പങ്കുവയ്ക്കാനാവുന്ന ഒരു വലിയദാനം തന്നെയാണ് സംഭാഷണം. നല്ല സംഭാഷണം ആരുടെയിടയിലും കടമോ കടപ്പാടുകളോ അവശേഷിപ്പിക്കുന്നുമില്ല. എപ്പോള്‍ വേണമെങ്കിലും പങ്കുവയ്ക്കാവുന്നതുമാണ്.

You can share this post!

തിരുത്ത്

സഖേര്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts