news-details
മറ്റുലേഖനങ്ങൾ

ഒരുവട്ടം കൂടിയെന്‍...

'ഒരുവട്ടം കൂടിയെന്നോര്‍മകള്‍ മേയുന്ന
തിരുമുറ്റത്തെത്തുവാന്‍ മോഹം" എന്നാണ് വിദ്യാലയത്തെക്കുറിച്ചെഴുതുമ്പോള്‍ കവി കുറിക്കുന്നത്. ജൂണ്‍മാസം കടന്നുവരുമ്പോള്‍ നമ്മുടെ മനസ്സിലേയ്ക്ക് അനേകം ഓര്‍മകള്‍ പെരുമഴപോലെ ഒഴുകിയെത്തുന്നു. മുമ്പ് ജൂണ്‍ ഒന്നിനു തന്നെ മഴക്കാലം എത്തും. കുടയും ബാഗും പുതിയ ഉടുപ്പും എല്ലാമായി ഒരു കൂട്ടര്‍ ആഹ്ലാദത്തോടെ സ്കൂളിലേയ്ക്ക്, നിറം മങ്ങിയ ഉടുപ്പുകളും പഴയകുടയും ഒക്കെയായി കുറെപ്പേര്‍.  എങ്കിലും എല്ലാവരും ഒത്തുചേരുമ്പോള്‍ കലര്‍പ്പില്ലാത്ത സന്തോഷത്തിന്‍റെ മുഹൂര്‍ത്തങ്ങള്‍! പ്രകൃതിയും ആ സന്തോഷത്തോടൊത്തു ചേര്‍ന്നിരുന്നു. മഴവെള്ളം തെറിപ്പിച്ച്, മഴ നനഞ്ഞ്, പുസ്തകങ്ങള്‍ മാറോടുചേര്‍ത്ത് വീട്ടിലെത്തുമ്പോള്‍ നാളേയ്ക്കുവേണ്ടി ചിലതെല്ലാം നാം കരുതിവെച്ചിരുന്നു.

ഇപ്പോഴും ജൂണ്‍ മാസത്തില്‍ തന്നെ അധ്യയന വര്‍ഷം ആരംഭിക്കുന്നു. എന്നാല്‍ മഴക്കാലം പലപ്പോഴും സമയം തെറ്റി മാത്രമേ എത്തുന്നുള്ളൂ. മനുഷ്യജീവിതം മാറിയതുപോലെ പ്രകൃതിയും കാലാവസ്ഥയും മാറി. വിദ്യാഭ്യാസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും മാറി. പണ്ടത്തേതിനെക്കാള്‍ ഭൗതികമായ വളര്‍ച്ചയിലാണ് നാം എന്നു നിസ്സംശയം പറയാം. വറുതിയിലൂടെ കടന്നുപോയ കുട്ടിക്കാലമാണ് ഇന്നത്തെ ഭൂരിഭാഗം മുതിര്‍ന്നവരുടേതും എന്നു പറയാം. എന്നാല്‍ എല്ലാ പോരായ്മകളെയും മറികടക്കുന്ന കൂട്ടായ്മയുടെ ആഘോഷം വിദ്യാലയ ജീവിതത്തെ വസന്തകാലമാക്കി മാറ്റിയിരുന്നു. വേനലവധിക്കാലത്തെ സംഭവബഹുലമായ സ്മരണകള്‍ പങ്കുവയ്ക്കുമ്പോള്‍ പരസ്പരം കൂട്ടിയിണക്കുന്ന അനേകം കണ്ണികള്‍ രൂപപ്പെടുന്നത് നാം കണ്ടിരുന്നു.

ഇതെല്ലാം കാല്പനികമായ ഗൃഹാതുര സ്മരണകളാണെന്ന് വിചാരിക്കുന്നവരുണ്ടാവാം. എന്നാല്‍ ഓര്‍മകളിലും കൂടിയാണല്ലോ നാം ജീവിക്കുന്നത്. 'എന്തുണ്ട് മര്‍ത്യായുസ്സില്‍ സാരമായത്, ചില മുന്തിയ സന്ദര്‍ഭങ്ങള്‍, അല്ല മാത്രകള്‍ മാത്രം' എന്നു കവി പാടിയത് നാം മനസ്സില്‍ കുറിച്ചിട്ടിരിക്കുന്നു. മര്‍ത്യജീവിതത്തില്‍ മുന്തിയ സന്ദര്‍ഭങ്ങള്‍ ഏറെയില്ല. കുറേ നിമിഷങ്ങള്‍ മാത്രം. അതില്‍ ഏറെയും കുട്ടിക്കാലവുമായും സ്കൂള്‍ ജീവിതവുമായും ബന്ധപ്പെട്ടതായിരിക്കുമെന്നു തീര്‍ച്ച.

കച്ചവടവല്ക്കരിക്കപ്പെട്ട ലോകത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. എല്ലാറ്റിനും വ്യാപാരമൂല്യമാണ് ഇന്നുള്ളത്. സ്കൂള്‍ തുറക്കാറാകുമ്പോള്‍ ടി. വി. യില്‍ കാണുന്ന പരസ്യങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടല്ലോ. കുട, ബാഗ്, വാട്ടര്‍ബോട്ടില്‍, യൂണിഫോം, ചെരുപ്പ് എന്നിങ്ങനെ എല്ലാറ്റിന്‍റെയും നിറപ്പകിട്ടുള്ള പരസ്യങ്ങള്‍ കുട്ടികളെ മാടിവിളിക്കുന്നു! പുതിയ പുതിയ ഉല്പന്നങ്ങളും കാഴ്ചകളും അവരെ കീഴടക്കാന്‍ കടന്നുവരുന്നു.

'ചെറുതായിരിക്കുമ്പോള്‍തന്നെ പിടികൂടുക' എന്ന തന്ത്രമാണിത് സമൃദ്ധിയും നിറപ്പകിട്ടുമുള്ള ഒരു ലോകം വാഗ്ദാനം ചെയ്തുകൊണ്ട് വിപണിയിതാ മുന്നില്‍ നില്‍ക്കുന്നു. തിരിച്ചറിവില്ലാത്ത കുട്ടികള്‍ അവിടെ ആഹ്ലാദമുണ്ടെന്നു കരുതി ലളിതമായതു പലതും കാണാതെ പോകുന്നു, അല്ലെങ്കില്‍ അതെല്ലാം നിസ്സാരമാണെന്ന സന്ദേശമാണ് ലഭിക്കുന്നത്.

വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യവും വല്ലാതെ മാറിപ്പോയിരിക്കുന്നു. അറിവുനേടുക, സംസ്കാരം കൈവരിക്കുക, നന്മയിലേക്കു വളരുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങള്‍ ഇപ്പോള്‍ ആരും ഗൗരവമായി കാണുന്നില്ല. എത്രയും വേഗം കുട്ടികള്‍ വളര്‍ന്ന് 'പണം കായ്ക്കുന്ന മരങ്ങളാകുക' എന്നാണ് മുതിര്‍ന്നവരും സമൂഹവും ആഗ്രഹിക്കുന്നത്. അതിനായിട്ടുള്ള ഓട്ടപ്പന്തയത്തിനു തയ്യാറെടുക്കുകയാണ് കുട്ടികള്‍. മദ്ധ്യവേനല്‍ അവധിയില്ല, കളികളില്ല, (ഉണ്ടെങ്കിലും അതിന്‍റെ രൂപഭാവങ്ങള്‍ മാറിയിരിക്കുന്നു). വെറുതെ സമയം കളയാതെ ഗൗരവമുള്ളതു ചെയ്യുക, എന്നതാണ് ഇന്നത്തെ രീതി. കുട്ടിക്കാലത്തുതന്നെ വലിയ ഭാരം ചുമക്കേണ്ടിവരുന്ന അവസ്ഥ. വലിയ ലക്ഷ്യങ്ങള്‍ കെട്ടിയേല്പിക്കപ്പെടുമ്പോള്‍, മറ്റാര്‍ക്കോവേണ്ടിയാണ് അവന്‍റെ/ അവളുടെ സഞ്ചാരം. സ്വഭാവികമായ യാത്രകള്‍ അവള്‍/ അവന്‍ മറക്കുന്നു. കടുത്ത മത്സരത്തിന്‍റെ അതിസമ്മര്‍ദ്ദം അവന്‍റെചുവടുകളെ നിയന്ത്രിക്കുന്നു. നേഴ്സറി ക്ലാസ്സുമുതല്‍ പരസ്പരം തോല്പിക്കാനുള്ള തൃഷ്ണ വളര്‍ത്തുമ്പോള്‍ ഒത്തുചേരലിന്‍റെ ചൈതന്യം നഷ്ടപ്പെടുന്നു. പരസ്പരം അവിശ്വസിച്ച് മറ്റവന്‍ തന്നെ തോല്പിക്കുമോ എന്നു ഭയന്ന് എങ്ങനെ സന്തോഷിക്കാന്‍ കഴിയും!

ഒത്തുചേരലിനുള്ള അവസരങ്ങളെ നിയന്ത്രിക്കുക ഇന്നത്തെ രീതിയാണ്. ആരും ആര്‍ക്കും മുന്നില്‍ സ്വയം വെളിപ്പെടുത്താന്‍, പങ്കുവയ്ക്കാന്‍ ആഗ്രഹിക്കാത്തവിധം 'സ്വകാര്യ സ്ഥലങ്ങള്‍' വര്‍ധിച്ചു വരുന്നു. 'നീ നിന്‍റെ കാര്യം നോക്ക്', 'അവനെ കണ്ടു പഠിക്ക്,' എന്നിങ്ങനെ എന്തെല്ലാം ഉപദേശങ്ങള്‍! മാതാപിതാക്കളുടെ, മുതിര്‍ന്നവരുടെ ദുരഭിമാനത്തിനു മുമ്പില്‍ സ്വന്തം പ്രതിഭ നഷ്ടപ്പെടുത്തേണ്ടി വരുന്നവരാണ് കൂടുതല്‍ കുട്ടികളും. അങ്ങനെ നമ്മുടെ സമൂഹത്തിന് എത്രയോ കതിരുകള്‍ നഷ്ടമായിരിക്കുന്നു!

പുതിയ അന്വേഷണങ്ങള്‍, ചിന്തകള്‍, വഴികള്‍ എല്ലാം കുട്ടിക്കാലം പ്രതീക്ഷിക്കുന്നതാണ്. കുട്ടികളുടെ ചിറകില്‍ കയറി നിന്നിട്ട് പറക്കാന്‍ പഠിപ്പിക്കുകയാണ് സമൂഹം. പുതുതായൊന്നും ചോദിക്കാതെ, കണ്ടെത്താതെ, എന്തെല്ലാമോ തലയില്‍ കുത്തിനിറച്ച് ഓടിക്കൊണ്ടിരിക്കുന്നവര്‍ എന്താണ് സൃഷ്ടിക്കുന്നത്? പഠിക്കുന്നത് ജീവിതത്തില്‍ പ്രയോഗിക്കാനാവാതെ വിഷമിക്കുന്നവര്‍ മൂകരാകുന്നു. പ്രായോഗിക ജീവിതത്തിന്‍റെ സമ്മര്‍ദ്ദങ്ങളില്‍പെട്ട് ജീവിതം ഉന്തിയും തള്ളിയും നീക്കുന്നവരായിത്തീരുമ്പോള്‍ തന്നില്‍ ഉറങ്ങുന്ന സിദ്ധികളെക്കുറിച്ച് നഷ്ടബോധത്തോടെ ഓരോ വ്യക്തിയും ഓര്‍ക്കുന്നു. എങ്കിലും തിരിഞ്ഞു നോക്കുമ്പോള്‍ ചില മുഹൂര്‍ത്തങ്ങള്‍, മുഖങ്ങള്‍, പുഞ്ചിരികള്‍, പ്രണയങ്ങള്‍, ഒത്തുചേരലുകള്‍ ഇപ്പോഴും നമ്മെ തൊട്ടുണര്‍ത്തുന്നു. 'തിരിഞ്ഞുനോക്കിപ്പോകുന്നു ചവിട്ടിപ്പോന്ന പാതയെ' എന്നു പാടുമ്പോള്‍ കവി ഈ ഭൂതകാല സഞ്ചാരമാണ് ഉദ്ദേശിച്ചത്. കടന്നുപോന്ന വഴികളില്‍ ചിതറിക്കിടക്കുന്ന നന്മയുടെ, സന്തോഷത്തിന്‍റെ നിമിഷങ്ങളെ ഇന്നിലേയ്ക്ക് പകര്‍ത്തിയെടുക്കാന്‍ ആഗ്രഹിക്കാറുണ്ട്.

താരതമ്യം ചെയ്ത് ഇന്നത്തെക്കാലമാണോ പഴയകാലമാണോ നല്ലത് എന്ന് പറയാനാവില്ല. ഓരോ കാലത്തിനും ഓരോരോ സന്തോഷങ്ങളും ആകുലതകളുമുണ്ട്. എങ്കിലും ചില മാറ്റങ്ങള്‍ അഭികാമ്യമാണോ എന്ന സംശയം മാത്രം! നമ്മുടെ കുട്ടികള്‍ വിദ്യയുടെ വിശാലലോകത്തേക്കു കടക്കുമ്പോള്‍ അശുഭങ്ങള്‍ വിചാരിക്കാതിരിക്കാം. അവരെക്കാത്ത് നമ്മുടെ ലോകം മുന്നിലുണ്ട് എന്നു വിശ്വസിക്കാം. മത്സരത്തിന്‍റെ നിഷ്ഠൂരതയിലേക്ക് അവരെ എറിഞ്ഞുകൊടുക്കാതിരിക്കാം. പ്രകൃതിയിലേക്കും മനുഷ്യരിലേക്കും സഹജീവികളിലേക്കും നോട്ടമെത്തുന്ന മനസ്സുകളുടെ വളര്‍ച്ച ഇന്നിന്‍റെയും നാളെയുടെയും ആവശ്യമാണ്. നാളത്തെ ലോകം അവരുടെതാണ്. ലോകത്തിന്‍റെ ഭാവി രൂപപ്പെടുന്നത് വിദ്യാലയങ്ങളിലാണെന്ന് ഓര്‍ക്കുക. അവര്‍ക്ക് വഴിയൊരുക്കുക. നന്മയുടെ പ്രകാശത്തിലേക്കുള്ള വഴി. ചെറിയ ചുവടുവയ്പുകള്‍ അവരെ വലിയ ലക്ഷ്യങ്ങളിലെത്തിക്കട്ടെ...

You can share this post!

തിരുത്ത്

സഖേര്‍
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts